” ആകെ രണ്ടു മുട്ടയേ ഇവിടെ ഉണ്ടായിരുന്നുള്ളു…. അതു രണ്ടും അവനു തന്നെ വേണമെന്ന വാശി ഉണ്ണിക്കുട്ടനും….. അച്ചുമോൾക്ക് കൊടുക്കാൻ മുട്ടയില്ലാത്ത കൊണ്ട് അവളോടു കാര്യം പറഞ്ഞു മനസ്സിലാക്കിച്ചു ഞാൻ… കാര്യം ഉണ്ണിക്കുട്ടനെക്കാൾ പ്രായത്തിൽ ചെറുതാണെങ്കിലും കാര്യങ്ങൾ വേഗം മനസ്സിലാക്കിയെടുക്കാൻ മിടുക്കി അച്ചു മോളല്ലേ… അല്ലാതെ ഞാനെന്തു ചെയ്യും ഗോപൂ…”
അമ്മയുടെ സംസാരത്തിന് മറുപടി ഒന്നും പറയാതെ വെറുതെ ഉപ്പുമാവിൽ കയ്യിട്ടിളക്കി കൊണ്ടിരുന്ന ഗോപികയുടെ നോട്ടം തന്റെ അടുത്തിരിയ്ക്കുന്ന നാലു വയസ്സുക്കാരി അച്ചുമോളിലേക്ക് നീണ്ടു…
കട്ടൻ ചായയും കൂട്ടി ഉപ്പുമാവ് വാരി കഴിക്കുന്ന കുഞ്ഞിന്റെ നിറക്കണ്ണോടെയുള്ള നോട്ടം ഇടയ്ക്കൊക്കെ തൊട്ടടുത്തിരുന്ന് ഭക്ഷണം കഴിക്കുന്ന പത്തു വയസുക്കാരൻ ഉണ്ണിക്കുട്ടനിലേയ്ക്ക് ചെല്ലുന്നുണ്ട്…
ഹോർലിക്സും കോഴിമുട്ടയും പുഴുങ്ങിയ പഴവുമെല്ലാമായ് നിറഞ്ഞിരുപ്പുണ്ട് ഭക്ഷണ സാധനങ്ങൾ ഉണ്ണിക്കുട്ടന്റെ മുന്നിൽ…
കഴിഞ്ഞ കുറച്ചു ദിവസങ്ങളായ് തന്നോടിവർ കാണിയ്ക്കുന്ന തരംതിരിവിന്ന് ഭക്ഷണത്തിന്റെ രൂപത്തിൽ തന്റെ പിഞ്ചു കുഞ്ഞിനോടും കാണിച്ചു തുടങ്ങിയിരിക്കുന്നു….
ഒരു നീറ്റൽ കണ്ണിലും നെഞ്ചിലും പടർന്നു തുടങ്ങുന്നത് അറിയുന്നുണ്ട് ഗോപിക….
എത്ര ഒതുക്കിയിട്ടും ഒതുങ്ങാൻ കൂട്ടാക്കാതെ ഒരു കരച്ചിൽ അവളുടെ തൊണ്ടയിൽ തടഞ്ഞു നിന്നന്നേരം അവർക്കു മുന്നിൽ കരയില്ലെന്ന വാശിയോടെ…
“ഉണ്ണിക്കുട്ടന്റെ വാശി നിനക്കും അറിയില്ലേ ഗോപൂ… ഇവൻ പറയുന്നത് അതേ പോലെ നമ്മളനുസരിച്ചില്ലെങ്കിൽ ഈ ചെക്കനീ തറവാട് തന്നെ തലകീഴാക്കി വെയ്ക്കും… വയസ്സ് പത്താണെങ്കിലും ചില നേരത്തിവന്റെ ദേഷ്യവും സ്വഭാവവുമെല്ലാം മുതിർന്ന ചെക്കന്മാരുടെ കൂട്ടാണെന്നേ…. അമ്മയും ഞാനും ഒന്നും പറഞ്ഞാലിവൻ കേൾക്കില്ല… അത്ര വാശിയാ….
അമ്മയെ സപ്പോർട്ടു ചെയ്തു സംസാരിച്ച് ഏടത്തി അമ്മ കൂടി ഡൈനിംങ് ഹാളിലേക്ക് വന്നതും കഴിക്കാനെടുത്ത ഉപ്പുമാവ് തിരികെ പാത്രത്തിലേക്ക് തന്നെയിട്ട് അവരെ രണ്ടാളെയും ഒന്നിരുത്തി നോക്കി ഗോപിക…. അവളുടെ നോട്ടം ഏടത്തിഅമ്മയിൽ നിന്ന് മാറി അമ്മയിൽ തങ്ങി നിന്നു….
“ഏടത്തി അമ്മയോട് എനിയ്ക്കൊന്നും പറയാനില്ല ഏടത്തിയമ്മേ.. കാരണം എന്റേട്ടന്റെ ഭാര്യയായ് ഇവിടേയ്ക്ക് വന്നു കയറിയവളാണ് നിങ്ങൾ… എന്നെയോ എന്റെ മകളെയോ സംരക്ഷിക്കേണ്ടയോ സ്നേഹിക്കേണ്ടയോ ആവശ്യം നിങ്ങൾക്കില്ല.. പക്ഷെ അമ്മ അങ്ങനെയല്ല എന്നെ പ്രസവിച്ചു വളർത്തിയ സ്ത്രീയാണ് നിങ്ങൾ…. എന്റെ ഏതവസ്ഥയിലും എനിയ്ക്കൊപ്പം നിൽക്കേണ്ട ആൾ… കൂടെ നിന്നില്ലെങ്കിലും ആകെ തകർന്നു നിൽക്കുന്ന എന്നെ കൂട്ടത്തിൽ ചേർന്ന് കുത്താതെയിരുന്നൂടെ അമ്മയ്ക്ക്… ഞാനും എന്റെ മോളും നിങ്ങൾക്ക് ഒരുപദ്രവത്തിനും വരുന്നില്ലല്ലോ…?
എത്ര വേണ്ടെന്നു വെച്ചിട്ടും ചോദിച്ചു പോയവൾ…
വെട്ടിത്തുറന്നുള്ള ഗോപികയുടെ ചോദ്യത്തിൽ ഒന്നു വിളറി അവളുടെ അമ്മയുടെ മുഖമെങ്കിലും വളരെ വേഗം തന്നെയത് മറച്ച് തന്റെ സ്ഥായീഭാവത്തിലേക്ക് ചേക്കേറിയവരും…
“അതെന്തു വർത്തമാനം ആണെടീ ഗോപികേ നീയ്യി പറയുന്നത്….?
നിന്നെ സ്നേഹിക്കേണ്ട പ്രായത്തിൽ ഞാൻ സ്നേഹിച്ചിട്ടും ഉണ്ട് സംരക്ഷിക്കേണ്ട പ്രായത്തിൽ സംരക്ഷിച്ചിട്ടും ഉണ്ട്….. അതു മാത്രമല്ല കല്യാണപ്രായം എത്തിയപ്പോൾ നിന്നെ കെട്ടിച്ചയക്കുക കൂടി ചെയ്തില്ലേടി ഞാനും നിന്റെ ഏട്ടനും…
ഇത്രയൊക്കെ നിനക്കായ് ഞങ്ങൾ ചെയ്തിട്ടും ഇനിയും ഞങ്ങൾക്ക് നിന്നോട് സ്നേഹം ഇല്ലാന്ന് പറയാൻ പറ്റ്വോ നിനക്ക്….?
അമ്മയുടെ ആ സംസാരത്തിൽ ഇത്തവണ മിഴിഞ്ഞത് ഗോപികയുടെ ഏടത്തിയമ്മയുടെ കണ്ണുകളാണ്…
അവരെ നോക്കിയ ഗോപികയും വ്യക്തമായ് കണ്ടത്…
ഒരു പുച്ഛം തെളിഞ്ഞവളിലും തന്റെ അമ്മയോട്…
” എന്നെ സ്നേഹിക്കാനും സംരക്ഷിക്കാനുമൊക്കെ എന്റെ വിവാഹം എന്നൊരു കാലയളവ് നിങ്ങൾ വെച്ചത് ഞാനറിഞ്ഞില്ല അമ്മേ…”
ഉള്ളിലെ വിങ്ങലൊതുക്കി ഗോപിക പറഞ്ഞതും അമ്മയുടെ ശബ്ദമിടറിയതറിഞ്ഞെന്ന പോലെ അവളുടെ കയ്യിലൊന്നു തൊട്ടു അമ്മു മോൾ…. അതോടെ കൂടുതലൊരു വാക്ക് തർക്കത്തിന് നിൽക്കാതെ മോളെയും കൂട്ടി മുറിയ്ക്കുള്ളിലേക്ക് കയറി വാതിലടച്ചു ഗോപിക…
“അമ്മ ഇതൊന്നും കാര്യമാക്കണ്ട… ഇങ്ങനെ തന്നെ മതി അവളോടുള്ള അമ്മയുടെ പെരുമാറ്റവും സംസാരവുമെല്ലാം… എന്നാലെ നമ്മൾ വിചാരിച്ചിടത്ത് കാര്യങ്ങളെത്തുകയുള്ളു…. ”
അമ്മയെ നോക്കിയൊന്ന് പുഞ്ചിരിച്ച് മിനി പറഞ്ഞതും മരുമകളെ അനുസരിച്ച് തലയാട്ടി അമ്മയും….
“അവള് മോളെയും കൊണ്ട് തിരികെ ബൈജുവിനടുത്തേയ്ക്ക് പോവാനുള്ളതെല്ലാം നമ്മൾ ചെയ്യണം അമ്മേ…അവളെയും മോളെയും അത്രയ്ക്ക് സ്നേഹിയ്ക്കുന്നുണ്ട് ബൈജു…. അവന്റെ സ്നേഹവും സങ്കടവും കണ്ടില്ലെന്ന് നടിച്ചാൽ ദൈവം പൊറുക്കില്ല നമ്മളോട്….. അത്ര നല്ല ചെക്കനാണ് അവൻ… അമ്മയോടു തന്നെയവൻ എന്തു സ്നേഹമായിട്ടാണ് ഇവിടെ വരുമ്പോൾ പെരുമാറ്റാറും സംസാരിക്കാറും ഉള്ളത്…. അവനെന്തിഷ്ടമാണമ്മയെ…. എന്തൊക്കെ അവൻ വാങ്ങിത്തന്നിരിയ്ക്കുന്നു അമ്മയ്ക്ക്.. അമ്മയ്ക്ക് അന്നൊന്നും തോന്നിയിട്ടില്ലല്ലോ അവൻ മോശാണെന്ന്….. ഇതിവള് ചുമ്മാ നുണ പറയുന്നതാണ് ഇവിടെ വന്ന് ഉണ്ടുറങ്ങി സുഖിക്കാൻ വേണ്ടി… അതു നമ്മള് സമ്മതിക്കരുതമ്മേ.. ഇതു പോലെ ഓരോ വേർതിരിവ് കാട്ടി കാട്ടി എത്രയും വേഗം പറഞ്ഞയക്കണം അവളെ നമുക്ക് അവന്റെ അടുത്തേയ്ക്ക് തന്നെ…. ”
സ്വന്തം സുഖവും സന്തോഷവും മാത്രം നോക്കി ജീവിയ്ക്കുന്ന അമ്മായി അമ്മയെ
എങ്ങനെ എന്തു പറഞ്ഞ്
തന്റെ വരുതിയിലാക്കാമെന്ന് കൃത്യമായറിയാം മിനിക്ക്…
“ബൈജു നല്ലവനാണെന്നും ഇവള് കള്ളത്തരം കാണിക്കുന്നതാണെന്നും നീ പറയുന്നതൊക്കെ ശരിയാണെന്നും എനിയ്ക്കറിയാം മിനീ… ”
“സ്വന്തം മകളെ അവിശ്വസിച്ച് മരുമകളെ വിശ്വസിയ്ക്കുന്ന നല്ല ബെസ്റ്റ് തള്ള…. ”
തന്നോടുള്ള അമ്മയുടെ വിശ്വാസം കണ്ടപ്പോൾ മിനി പുച്ഛത്തോടെ ഓർത്തത് അതാണ്…
“കെട്ടിച്ചയച്ച പെങ്ങള് കെട്ടും കഴിഞ്ഞ് കുട്ടി ഒന്നായി അതിന് നാലു വയസ്സും കഴിഞ്ഞപ്പോഴാണ്
കെട്ടിയവൻ ആള് പിഴയാണെന്നറിയുന്നതെന്ന് വന്നു പറഞ്ഞപ്പോൾ അതും വിശ്വസിച്ച് നമ്മളെയൊന്നുമറിയിക്കാതെ അവളെ അവിടെ ചെന്ന് ഇങ്ങോട്ടു വിളിച്ചോണ്ടു വന്ന അമ്മയുടെ മോനെ എന്റെ പുന്നാര ഭർത്താവിനെ പറഞ്ഞാൽ മതി ഇതിനെല്ലാം… കാര്യം ബൈജു ഇത്തിരി കുടിയ്ക്കും അതിപ്പോ ഏതാണുങ്ങളാണ് കുടിക്കാത്തത്…. അതൊക്കെ നമ്മള് പെണ്ണുങ്ങള് കുറെ കണ്ടില്ലാന്ന് നടിച്ചാൽ തീരാവുന്നതേയുള്ളുവെന്ന് അമ്മയവളെയൊന്ന് പറഞ്ഞു മനസ്സിലാക്കിച്ച് കൊടുക്ക്…ഇതിപ്പോ അവള് വന്ന് മാസം ഒന്നായപ്പോഴേയ്ക്കും ഓരോരുത്തര് ഓരോന്നും ചോദിച്ചു തുടങ്ങിയിട്ടുണ്ട്… നാണക്കേട്…. ”
ഏടത്തിയമ്മ അമ്മയോട് ഓരോന്നും പറഞ്ഞ് കൊടുക്കുന്നതും അതനുസരിച്ച് തന്റെയമ്മ തലയിളക്കുന്നതുമെല്ലാം റൂമിലിരുന്നും അറിയുന്നുണ്ട് ഗോപിക….
സ്വന്തം മകളുടെ സത്യം നിറഞ്ഞ വാക്കിനെക്കാൾ മരുമകളുടെ ഏഷണികളും നുണകളും വിശ്വസിയ്ക്കുന്ന തന്റെ
അമ്മയെയോർത്തതും വല്ലാത്തൊരു നോവു നിറഞ്ഞു അവൾക്കുള്ളിൽ….
ബൈജുവൊരു മദ്യപാനി മാത്രമായിരുന്നെങ്കിൽ അതെന്നേ ക്ഷമിച്ചേനെ ഗോപിക… ഇതു പക്ഷെ മദ്യപിച്ചാൽ അമ്മയേം പെങ്ങളേം മാത്രമല്ല ജനിപ്പിച്ച മകളെ കൂടിക്കയറി പിടിയ്ക്കുന്നത്ര വൃത്തികെട്ടവനെയാണ് ഇവരമ്മയും മരുമകളും ഇത്ര നല്ലവനാക്കി തീർക്കുന്നത്….
ഒരു ഭാര്യയും കാണാൻ പാടില്ലാത്ത പലതും ഇക്കഴിഞ്ഞ അഞ്ചു വർഷങ്ങൾ കൊണ്ട് കണ്ടും അനുഭവിച്ചും മടുത്തു പോയവളുടെ അവസാന ആശ്രയമാണ് ജനിച്ചു വളർന്ന ഈ വീടും അവളെ വിശ്വസിക്കുന്ന കൂടപ്പിറപ്പും… അതു രണ്ടും അവൾക്ക് ഇല്ലാതാക്കാനാണ് അമ്മയുടെയും നാത്തൂന്റെയും ശ്രമമത്രയും
“പൊന്നു ഗോപൂ… നിനക്ക് തരാനുള്ളതൊക്കെ തന്ന് നിന്നെ കെട്ടിച്ചയതാണ്… പിന്നെയും നീ ഇങ്ങനെ ഇവിടെ വന്നു നിൽക്കുന്നത് ശരിയാണോ… നിന്റെ ഏട്ടനൊരു കുടുംബം ഉണ്ട് അതിന്റെ ഒപ്പം അവനെന്നെയും നോക്കുന്നുണ്ട് അതിന്റെ കൂടെ നിന്നെയും കുഞ്ഞിനെയും കൂടി അവൻ നോക്കണമെന്ന് പറയുന്നത് ശരിയാണേ… നീ ഇങ്ങനെ ഇവിടെ വന്നു നിന്നാൽ നിന്റെ ഏടത്തിയമ്മ ആ ദേഷ്യം എന്നോടും കാണിച്ചു തുടങ്ങും അതൊക്കെ എനിയ്ക്ക് പിന്നീട് ബുദ്ധിമുട്ടാണ് അതുകൊണ്ട് ഞാൻ ബൈജുവിനെ ഇപ്പോഴിങ്ങോട്ട് വരാൻ പറഞ്ഞ് വിളിച്ചിട്ടുണ്ട് … പാവമാണവൻ… നിന്നെ ജീവനാണ്….നീയും കുഞ്ഞും അവന്റെ കൂടെ പോണം… പോണംന്ന് അല്ല പോയേ പറ്റൂ.. എന്റേം മിനീടേം തിരുമാനമാണത്… നീ ഇവിടെ നിൽക്കുന്നത് എനിയ്ക്ക് ചീത്ത പേരാണ്…”
ദേഷ്യം നിറഞ്ഞ അമ്മയുടെ സംസാരത്തെക്കാൾ ഗോപികയെ ഞെട്ടിച്ചത് അവരിങ്ങോട്ട് ബൈജുവിനെ വിളിച്ചു വരുത്തുന്നു എന്നതാണ്…
“അമ്മയും ഏടത്തി അമ്മയും ഇതെന്തു പണിയാണ് കാണിച്ചത്… പിശാച്ചാണവൻ… നേരും നെറിയും ഇല്ലാത്തവൻ… പറഞ്ഞതല്ലേ ഞാനയാളുടെ സ്വഭാവത്തെ പറ്റിയെല്ലാം
അയ്യോ… അമ്മേ….
ഭയത്തോടെ ഗോപിക പറഞ്ഞു തുടങ്ങിയതും അടുക്കളയിൽ നിന്ന് മിനിയുടെ
ഉറക്കെയുള്ള അലറി കരച്ചിൽ മുഴങ്ങിയതും ഒരുമിച്ചാണ്….
അയ്യോ.. എന്റെ മോളെ….
ഒരു നിലവിളിയോടെ അടുക്കളയിലേക്കോടിയ അമ്മ അവിടുത്തെ കാഴ്ച കണ്ടതും കരയാൻ പോലും കഴിയാതെ സ്തംഭിച്ചു നിന്നു പോയി…
അടുക്കളയുടെ നിലത്ത് വീണു കിടക്കുന്ന മിനിയും അവളിൽ ആതിപത്യം സ്ഥാപിച്ചവളുടെ ശരീരം കീഴടക്കാൻ ശ്രമിയ്ക്കുന്ന ബൈജുവും….
കീറി പറിഞ്ഞ വസ്ത്രങ്ങളോടെ നിലത്തു കിടന്നു പിടയുന്ന മിനിയുടെ നെറ്റി പൊട്ടി രക്തം മുഖമാക്കെ പടർന്നിട്ടുണ്ട്….
എന്റെ കൊച്ചിനെ വിടെ ടാ..
ആദ്യത്തെ ഞെട്ടലൊഴിഞ്ഞതും അലറി ബൈജുവിനു നേരെ കുതിച്ചു അമ്മയും എങ്കിലും ഒരു പൂച്ച കുഞ്ഞിനെ തട്ടിയെറിയുന്ന ലാഘവത്തോടെ തന്റെ വലം കാലുയർത്തി അമ്മയെ പിന്നിലേക്ക് ചവിട്ടി തെറിപ്പിച്ചു ബൈജു….
പാതിയിൽ മുറിഞ്ഞുപോയൊരു നിലവിളിയോടെ ബോധം മറഞ്ഞ് തൂണിലടിച്ച് അമ്മ വീഴുന്നതും കണ്ടു കൊണ്ടുവന്ന ഗോപിക കയ്യിൽ കിട്ടിയ നോൺ സ്റ്റിക് പാൻ കൊണ്ട് ബൈജുവിന്റെ തലയ്ക്ക് പിന്നിൽ ആഞ്ഞടിച്ചു …. അതും ഒന്നിലേറെ തവണ….
ആളുകൾ ഓടി കൂടുന്നതും പോലീസ് വരുന്നതുമെല്ലാം മങ്ങിയ കാഴ്ചയിലെന്ന പോലെ നോക്കി കണ്ടു ഗോപിക….
ദിവസങ്ങൾക്കു ശേഷം പതിനഞ്ചിലേറെ തുന്നികെട്ടലുള്ള തലയുമായ് ബൈജു ഹോസ്പ്പിറ്റലിൽ നിന്നിറങ്ങി പോലീസ് വാഹനത്തിലേക്ക് കൈ വിലങ്ങോടെ കയറുന്നത് വിടർന്ന മിഴികളോടെ നോക്കി നിന്ന ഗോപികയുടെ നോട്ടം ഒടുവിൽ ചെന്നെത്തിയത് അപ്പോഴും പരിക്കുകകൾ പൂർണ്ണമായ് മാറാത്ത ശരീരവുമായ് തനിയ്ക്ക് അടുത്ത് നിൽക്കുന്ന അമ്മയിലേക്കും നാത്തൂനിലേക്കും ആണ്…
“ചില കാര്യങ്ങൾക്കൊന്നും നമ്മളായിട്ട് ആർക്കും ഒന്നിനും മറുപടിയൊന്നും കൊടുക്കേണ്ടി വരാറില്ല ഏടത്തിയമ്മേ… കാരണം അവർക്ക് വേണ്ടത് എന്താണെന്ന് കണ്ടറിഞ്ഞ് അനുഭവത്തിലങ്ങ് കൊടുക്കും ദൈവം… ദേ ഇപ്പോ നിങ്ങൾ അമ്മയ്ക്കും മകൾക്കും തന്നതു പോലെ…. കഴിഞ്ഞ അഞ്ചു വർഷം ഞാനനുഭവിച്ചതെന്താണ് എന്ന് ഈ കുറഞ്ഞ സമയം കൊണ്ട് നിങ്ങറിഞ്ഞില്ലേ…. ഇത്ര മതി …..”
മുഖത്തെ ചിരി മായാതെ പറഞ്ഞവൾ ഒന്നു മുന്നോട്ടു നടന്നെങ്കിലും വേഗത്തിൽ തന്നെ തിരിഞ്ഞ് അമ്മയ്ക്ക് മുന്നിലായി വന്നു നിന്നു…
“വിവാഹം കഴിഞ്ഞെങ്കിലും എന്റെ അച്ഛൻ എനിയ്ക്കും എന്റേട്ടനും ആയിട്ട് ഉണ്ടാക്കിയിട്ട വീട്ടിൽ എനിയ്ക്ക് തോന്നുന്ന അത്രയും കാലം ഞാനും എന്റെ മോളും ഉണ്ടാവും… എല്ലാ അവകാശത്തോടെയും തന്നെ… അതു കാണാൻ ബുദ്ധിമുട്ടുള്ള ഒരാളും ഇനിയങ്ങോട്ടു തിരികെ വരണമെന്നില്ല എന്ന് പറയാൻ പറഞ്ഞു അമ്മയോട് എന്റെ ഏട്ടൻ….”
ഗോപികയുടെ സംസാരത്തിൽ ശബ്ദം നഷ്ടപ്പെട്ട് അമ്മയും മിനിയും നിൽക്കേ ഗോപികയെ തന്നോടു ചേർത്തൊന്ന് പുണർന്നു അവളുടെ ഏട്ടൻ
“എന്റെ പെങ്ങളുടെ ഏതവസ്ഥയിലും കൂടെ നിൽക്കാൻ ഞാനുണ്ടാവും എന്റെ മരണം വരെ… അത് കാണാൻ പറ്റാത്തവരിനി ഞങ്ങളുടെ ജീവിതത്തിലേക്ക് തിരികെ വരണമെന്നില്ല… അതിനി അമ്മയായാലും ഭാര്യയായാലും ശരി…. ”
മിനിയെ നോക്കി ശക്തമായ താക്കീതോടെ പറഞ്ഞ് ഏട്ടൻ നടന്നതും ഏട്ടന്റെ കൈ പിടിച്ച് അവനൊപ്പം മുന്നോട്ടു നടന്നു ഗോപിക… തനിയ്ക്കൊപ്പം തന്റെ ഏട്ടൻ തന്റെ ഏതവസ്ഥയിലും കൂടെയുണ്ടാവുമെന്ന ഉറപ്പോടെ…
✍️രജിത ജയൻ
