എന്റെ ഭർത്താവിന്റെ കാമുകി അഞ്ച് വർഷത്തിന് ശേഷം വീണ്ടും അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് കടന്ന് വന്നു. അവൾ എന്റെ ഭർത്താവിന്റെ പൂർവ്വ കാമുകി ആയിരുന്നുവെന്ന് ഞാൻ അറിഞ്ഞത്….

എന്റെ ഭർത്താവിന്റെ കാമുകി അഞ്ച് വർഷത്തിന് ശേഷം വീണ്ടും അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് കടന്ന് വന്നു. അവൾ എന്റെ ഭർത്താവിന്റെ പൂർവ്വ കാമുകി ആയിരുന്നുവെന്ന് ഞാൻ അറിഞ്ഞത് വളരെ വൈകിയാണ്. അപ്പോഴേക്കും കാര്യങ്ങൾ കൈവിട്ട് പോയിരുന്നു.

ഇനി ഈ ഞാൻ ആരാണെന്ന് പറയാം.

എന്റെ പേര് സൗമ്യ.

വീടിന്റെ അടുത്തുള്ള ഒരു സൂപ്പർ മാർക്കറ്റിൽ ബില്ലിങ് ജോലിക്ക് പോകുന്നുണ്ട്. ഞാൻ ജോലിക്ക് പോകുന്നത് എന്റെ ഭർത്താവിന് തീരെ ഇഷ്ടമല്ല. പക്ഷേ എന്റെ ആവശ്യങ്ങൾക്ക് പോലും അദ്ദേഹത്തിന്റെ മുന്നിൽ കൈനീട്ടേണ്ട അവസ്ഥ വന്നപ്പോഴാണ് ഞാൻ ഒരു ജോലിക്ക് പോകാൻ തീരുമാനിച്ചത്.

ആദ്യമൊക്കെ അനിലേട്ടൻ അതിന് സമ്മതിച്ചില്ല. അദ്ദേഹം സർക്കാർ ഉദ്യോഗസ്ഥനാണ്. അദ്ദേഹവും ഞാനും 10 വയസ്സിന്റെ വ്യത്യാസമുണ്ട്.

20 വയസ്സിൽ ആണ് ഞാൻ അനിലേട്ടന്റെ ഭാര്യ ആയത്. 5 വർഷം കഴിഞ്ഞു ഞങ്ങളുടെ കല്യാണം കഴിഞ്ഞിട്ട്.

അനിലേട്ടൻ ഒരു കുടിയൻ ആയത് കൊണ്ട് ഞങ്ങൾക്ക് കുട്ടികൾ ഒന്നുമില്ല. കുടി നിർത്തി ട്രീറ്റ്മെന്റ് എടുത്താൽ കുട്ടികൾ ഉണ്ടാകുമെന്ന് ഡോക്ടർ പറഞ്ഞു. പക്ഷേ അനിലേട്ടന് കുട്ടികൾ വേണ്ടെന്നാണ്. എനിക്ക് വേണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ ഞാൻ മാത്രം ആഗ്രഹിച്ചിട്ട് കാര്യമില്ലല്ലോ. അതുകൊണ്ട് ഇപ്പോ ഞാൻ അതേ കുറിച്ച് ഓർക്കാറില്ല.

കിട്ടുന്ന ശമ്പളം മുഴുവനും കുടിച്ച് തീർക്കുന്നത് കൊണ്ട് അനിലേട്ടൻ വീട്ടിലേക്ക് കാര്യമായി ഒന്നും വാങ്ങാറില്ല. ഞാനെന്നൊരാൾ ആ വീട്ടിൽ ഉണ്ടെന്ന് പോലും അദ്ദേഹം ഓർക്കാറില്ല.

മൂഡ് വരുമ്പോ മാത്രം അനിലേട്ടന് എന്നെ വേണം. അതും 5 മിനിറ്റിൽ കാര്യം കഴിഞ്ഞു മാറി കിടക്കും.

അനിലേട്ടൻ രാവിലെയും ഉച്ചയ്ക്കും ഓഫീസിന്റെ അടുത്ത് നിന്ന് ഭക്ഷണം കഴിക്കും. രാത്രി പാർസൽ വാങ്ങി വരും.

വല്ലപ്പോഴും ബോധത്തോടെ ഇരിക്കുന്ന ദിവസം വാങ്ങി കൊണ്ട് വയ്ക്കുന്ന സാധനങ്ങൾ ആണ് ഞാൻ എനിക്ക് കഴിക്കാൻ ഉണ്ടാക്കൻ ഉപയോഗിക്കുന്നത്.

കുടിക്കാൻ പൈസ തികയാതെ വന്നതോടെ അതും നിലച്ചു. എനിക്കൊരു പാഡ് വാങ്ങാൻ 30 രൂപ തരാൻ വരെ അദ്ദേഹത്തിന്റെ കൈയ്യിൽ ഇല്ലാതായി. ഇല്ലാതായി എന്ന് പറയുന്നതിനേക്കാൾ തരുന്നില്ല എന്ന് പറയുന്നതാണ് ശരി..

അങ്ങനെയാണ് ഞാൻ ജോലിക്ക് പോയി തുടങ്ങിയത്. ആദ്യമൊക്കെ അനിലേട്ടൻ നന്നായി എതിർത്തെങ്കിലും ഞാൻ വാശി പിടിച്ചു നിന്നത് കൊണ്ട് പിന്നീട് എതിർപ്പ് ഉണ്ടായില്ല. കയ്യിലെ കാശ് തീരുമ്പോ എന്നോട് വന്ന് കുടിക്കാൻ ചോദിക്കും. ഞാൻ 10 പൈസ തരില്ലെന്ന് പറഞ്ഞപ്പോൾ ആദ്യം കുറേ ചീത്ത വിളി ഒക്കെ ഉണ്ടായി.

ആകെ ഉള്ള സമാധാനം എത്ര കുടിച്ചാലും ചീത്ത വിളിക്കുന്നത് ഒഴിച്ച് അടിയും പിടിയും ഒന്നുമില്ല.

ബെഡ്‌റൂമിൽ 5 മിനിറ്റിൽ കാര്യം കഴിയുന്നത് കൊണ്ട് അവിടേം ഇയാളേ കൊണ്ട് എനിക്ക് വല്യ ബുദ്ധിമുട്ട് ഇല്ല.

പക്ഷേ എനിക്ക് 25 വയസ്സേ ഉള്ളു. ആഗ്രഹവും മോഹവും സ്വപ്നങ്ങളും വികാരങ്ങളും ഉള്ള പെണ്ണാണ് ഞാൻ. അനിലേട്ടൻ എന്നെ കല്യാണം കഴിച്ചു കൊണ്ട് വന്ന അന്ന് മുതൽ ഇങ്ങനെ തന്നെയാണ്.

മൂപ്പർക്ക് എന്നെ കെട്ടുന്നതിനു മുൻപ് മറ്റൊരു പെണ്ണുമായി ബന്ധം ഉണ്ടായിരുന്നു. അവർ സ്കൂൾ മുതൽ കോളേജ് വരെ ഒരുമിച്ച് പഠിച്ചവർ ആയിരുന്നു.

പക്ഷേ ആ പെണ്ണിനെ അവളുടെ വീട്ടുകാർ അനിലേട്ടന് ജോലി ഇല്ലാത്തത് കൊണ്ട് കെട്ടിച്ചു കൊടുത്തില്ല. കാമുകിയുടെ കല്യാണ സമയത്ത് അനിലേട്ടന്റെ പേര് psc ലിസ്റ്റിൽ ഒക്കെ ഉണ്ടായിരുന്നു. പക്ഷേ പെണ്ണ് വീട്ടുകാർക്ക് അത് പോരായിരുന്നു.

അങ്ങനെ കാമുകിയുടെ കല്യാണം കഴിഞ്ഞു അവൾ നാട്ടിൽ നിന്ന് തന്നെ പോയി. മറ്റൊരു ജില്ലയിലേക്കാണ് അവൾ കെട്ടി പോയത്. കാമുകി കെട്ടി പോയതിന്റെ മൂന്നാം മാസം അനിലേട്ടന് psc നിയമനം ലഭിച്ചു കൊണ്ടുള്ള ലെറ്റർ വന്നു.

പക്ഷേ ജീവിതം തന്നെ നഷ്ടപ്പെട്ട് എന്ന തോന്നലിൽ നിരാശയുടെ പടുകുഴിയിൽ കിടന്ന അനിലേട്ടന് അതൊരു സന്തോഷ വാർത്ത ആയിരുന്നില്ല.

കാമുകിയുടെ കല്യാണം കഴിഞ്ഞ അന്ന് മുതൽ തന്റെ ജീവിതം തീർന്നുവെന്ന് ചിന്തിച്ചു ആർക്കോ വേണ്ടി ജീവിക്കും പോലെ നടന്ന അനിലേട്ടൻ ക്രമേണ കുടിയനായി മാറി.

ഒരു കല്യാണം കഴിച്ചാൽ കുടി നിന്നാലോ എന്ന് കരുതി ആണ് അനിലേട്ടന്റെ വീട്ടുകാർ പിടിച്ചു കെട്ടിച്ചത്. മൂപ്പരെ ഭാര്യ ആകാൻ വിധിച്ചത് ഞാനായി പോയി.

ഡിഗ്രി കഴിഞ്ഞു നിന്ന എന്നെ വീട്ടുകാർ ഭാരം ഒഴിവാക്കും പോലെയാണ് കെട്ടിച്ചു വിട്ടത്. അനിലേട്ടൻ കുടിയൻ ആണെങ്കിലും ജോലി ഉണ്ടല്ലോ എന്നാണ് വീട്ടുകാർ പറഞ്ഞത്.

എന്നെങ്കിലും ഈ കുടി മാറും അയാൾ എന്നെ സ്നേഹിക്കും ഞങ്ങൾക്കൊരു കുഞ്ഞ് ജനിക്കും എന്നൊക്കെ സ്വപ്നം കണ്ട് ഈ അഞ്ചു വർഷം ഞാൻ തള്ളി നീക്കി. പക്ഷേ ഫലമുണ്ടായില്ല.

അനിലേട്ടനെ ഉപേക്ഷിച്ചു സ്വന്തം വീട്ടിൽ പോയാൽ വീട്ടുകാർ സ്വീകരിക്കില്ല. അതുകൊണ്ട് മാത്രം ആണ് ഞാൻ ഇവിടെ കടിച്ചു തൂങ്ങി കിടക്കുന്നത്. ഒരു ജോലി ഉള്ളതാണ് ഇപ്പോഴത്തെ ആശ്വാസം.

ജീവിതം ഇങ്ങനെ പോകുമ്പോ ആണ് കുടിക്കാൻ ശമ്പളം തികയാതെ വന്ന അനിലേട്ടൻ ഞങ്ങൾ താമസിക്കുന്ന വീടിന്റെ മുകൾ നില വാടകയ്ക്ക് കൊടുക്കാൻ തീരുമാനിച്ചത്.

ഞാനും അനിലേട്ടനും മാത്രമേ അവിടെ താമസമുള്ളൂ. മൂപ്പരെ അച്ഛനും അമ്മയും നേരത്തെ മരിച്ചു പോയി. ഒരു ചേച്ചി ഉള്ളത് കല്യാണം കഴിഞ്ഞു uk ആണ് താമസം.

വാടകയ്ക്ക് മുകൾ നില കൊടുത്തത് എനിക്കും ആശ്വാസം ആയിരുന്നു. അത്രയും സ്ഥലം കുറച്ചു വൃത്തി ആക്കിയാൽ മതിയല്ലോ.

രണ്ട് വാടകക്കാർ വന്നു പോയി. അവർ ഗവണ്മെന്റ് ജോലിക്കാർ ആയിരുന്നു. സ്ഥല മാറ്റം കിട്ടി രണ്ട് വാടകക്കാർ പോയി മൂന്നാമത് വന്നതാണ് ദിവ്യ.

അനിലേട്ടന്റെ പഴയ കാമുകി. ഭർത്താവ് മരിച്ചു പോയ അവർക്ക് ഭർത്താവിന്റെ ഗവണ്മെന്റ് ജോലി കിട്ടി ഈ നാട്ടിൽ ട്രാൻസ്ഫർ ആയി വന്നതാണ്. ആൾക്കും കുട്ടികൾ ഇല്ല.

അത് അനിലേട്ടന്റെ കാമുകി ആണെന്ന് ഞാൻ അറിയുന്നത് അവർ വാടകയ്ക്ക് വന്ന് മൂന്ന് മാസം കഴിഞ്ഞാണ്.

ഒരു ദിവസം ഞാൻ തലവേദന കാരണം നേരത്തെ സൂപ്പർ മാർക്കറ്റിൽ നിന്ന് വന്നു. അന്ന് അനിലേട്ടന്റെ വണ്ടി മുറ്റത്തു നിൽക്കുന്ന കണ്ട് എനിക്ക് അതിശയമായി. സാധാരണ നേരത്തെ വരാറുള്ളതല്ല.

പക്ഷേ ആളെ താഴെ എങ്ങും കാണാതെ വന്നപ്പോ ആണ് എനിക്ക് സംശയം ആയത്. ഞാൻ മുകളിൽ കയറി നോക്കിയപ്പോ അനിലേട്ടൻ ദിവ്യയുടെ മടിയിൽ തല വച്ച് കിടക്കുന്നതാണ് കണ്ടത്. അവരുടെ സംസാരത്തിൽ നിന്നാണ് ഞാൻ ഇതെല്ലാം മനസ്സിലാക്കിയത്.

അവർ വാടകയ്ക്ക് വന്ന ശേഷം അനിലേട്ടൻ കുടി നിർത്തിയിരുന്നു. അത് ദിവ്യ പറഞ്ഞിട്ട് ആണെന്ന് അന്നാണ് എനിക്ക് മനസ്സിലായത്..

അദ്ദേഹത്തിന്റെ മാറ്റങ്ങൾ നല്ലതിനാണെന്ന് വിശ്വസിച്ച ഞാൻ മണ്ടി ആവുകയായിരുന്നു.

ഇരുവരും പരിധികൾ ലംഖിക്കുന്നത് കണ്ടപ്പോ അത് കാണാനുള്ള ശക്തി ഇല്ലാതെ ഞാൻ താഴേക്ക് പോന്നു.

കുറേ സമയം കഴിഞ്ഞു അനിലേട്ടൻ താഴേക്ക് വന്നപ്പോൾ ഹാളിൽ ഇരിക്കുന്ന എന്നെ കണ്ട് ഞെട്ടി. ആൾ ആദ്യമായി എന്റെ കാലിൽ വീണ് മാപ്പ് ചോദിച്ചു.

ഞാൻ മറുപടിയായി എനിക്ക് ഡിവോഴ്സ് വേണമെന്ന് പറഞ്ഞു. അനിലേട്ടന് അതിനു സമ്മതം ആയിരുന്നു. പക്ഷേ എനിക്ക് ചില ഡിമാൻഡ്കൾ ഉണ്ടായിരുന്നു.

5 വർഷം ഈ മനുഷ്യൻ കാരണം എന്റെ ജീവിതം നരക തുല്യമായിരുന്നു. അതിനുള്ള compensation ഞാൻ ചോദിച്ചു.

10 ലക്ഷം രൂപ. ഒപ്പം ആ വീടിന്റെ മുകൾ നില എനിക്ക് വേണമെന്ന്. അത് ഞാൻ രണ്ടാമതൊരു കല്യാണം കഴിക്കുന്ന വരെ മതിയെന്ന് കൂടെ പറഞ്ഞു. വേറൊരു കൂട്ട് കിട്ടുന്നത് വരെ എനിക്ക് സേഫ് ആയി കഴിയാൻ ഒരിടം വേണമായിരുന്നു.

അങ്ങനെ ഡിവോഴ്സ് നടന്നു. വീട്ടുകാരി ആയി വന്ന ഞാൻ വാടകക്കാരി ആയി മുകൾ നിലയിലേക്ക് മാറി. വാടകക്കാരി ആയി വന്നവൾ അനിലേട്ടന്റെ രണ്ടാം ഭാര്യ ആയി.

ഇനിയെങ്കിലും എനിക്ക് നല്ലൊരു ജീവിതം കിട്ടുമെന്ന പ്രതീക്ഷയിലാണ് ഇപ്പോ എന്റെ ജീവിതം.

 

✍️അഞ്ചു

Leave a Reply

Your email address will not be published. Required fields are marked *