ക്ഷമ നശിച്ചതും അവൾ മുൻകൈയെടുത്ത് തന്റെ സാരി ദേഹത്ത് നിന്ന് അഴിച്ചു മാറ്റാൻ ഒരുങ്ങി. “ഹേയ് നോ.. പ്ലീസ്..” അവൻ അവളെ…..

കണ്ണാടിയുടെ മുന്നിൽ നിന്ന് അവൾ തന്റെ വാടി തളർന്ന മുഖത്തേക്ക് തന്നെ നോക്കി നിന്നു .കാമം തീർക്കുന്നതിനിടയിൽ ആരോ ഒരാൾ കടിച്ചു പൊട്ടിച്ച ചുണ്ടിൽ കിനിഞ്ഞിറങ്ങിയ ചോരത്തുള്ളികൾ അവൾ ഒപ്പിയെടുത്തു. എന്തൊരു നീറ്റലാണ്.. അവൾ സ്വയം പരാതി പറഞ്ഞു. അല്ലെങ്കിലും ഒരു വേശ്യയായ താൻ മറ്റാരോട് പരാതി പറയാനാണ്?.

അന്നൊരു മഞ്ഞുള്ളൊരു രാത്രിയായിരുന്നു. സമയം ഏകദേശം രാത്രി പന്ത്രണ്ട് മണിയായിരിക്കുന്നു. നല്ല തണുത്ത കാറ്റ് ജനൽ വഴി അവളുടെ മുഖത്തും മുടിയിഴകളിലും തട്ടി തടഞ്ഞു പോയി.ഈ തണുപ്പിൽ ഏറെ പ്രിയമുള്ള ഒരാളുടെ നെഞ്ചിൽ മുഖം അമർത്തി അയാളുടെ തലോടലേറ്റ് ചേർന്ന് കിടന്നുറങ്ങുവാൻ അവളുടെ ഉള്ള് കൊതിച്ചു.

അന്നേരമാണ് വാതിലിൽ മുട്ടുന്ന ശബ്ദം കേട്ടത്.

” സാക്ഷി.. ക്ലയിന്റ് വെയിറ്റിംഗ് ആണ്. ” മാഡം ആണ്.

” അഞ്ചു മിനിറ്റ് മാഡം.. ” അവൾ ധൃതിയിൽ മറുപടി പറഞ്ഞു.

റൂം നമ്പർ സിക്സിന്റെ പുറത്തുള്ള വെളിച്ചം വീണ്ടും പ്രകാശിച്ചു. അവിടെ ആരോ അവളുടെ ശരീരത്തിനായി ദാഹിച്ചു നിന്നു. അവൾ വേഗം മുഖത്ത് മിനുക്കു പണികൾ ചെയ്തു. കണ്മഷി എഴുതി, പൊട്ടുവെച്ചു, ചുണ്ടിലെ മുറിവ് അറിയാതിരിക്കാൻ ലിപ്സ്റ്റിക് ഇട്ടു പക്ഷേ അപ്പോഴും അവൾ അത്രമേൽ ക്ഷീണിതയായിരുന്നു.

പതിനെട്ടാം വയസ്സിൽ വിവാഹം കഴിക്കുമ്പോൾ ജീവിതം ഇനി സന്തോഷം നിറഞ്ഞതായിരിക്കുമെന്നാണ് കരുതിയിരുന്നത്. മൂന്നുവർഷം മാത്രമേ അയാളുടെ കൂടെ ജീവിച്ചുള്ളൂ.മരണം മുന്നിൽ കണ്ടാണ് അന്ന് ആ രാത്രി പടിയിറങ്ങിയത്. ദേഹം മുഴുവൻ സിഗരറ്റ് വെച്ച് കുത്തി പൊള്ളിച്ച വേദനയും, അടിച്ച പാടുകളും ആയി വഴിയിൽ ഏതെങ്കിലും വണ്ടിയുടെ മുന്നിൽ തീരാമെന്ന് ഉറപ്പിച്ചു നിന്നപ്പോഴാണ് രക്ഷകയായി മാഡം മുന്നിൽ അവതരിച്ചത്. വയറു നിറയെ ഭക്ഷണവും ചികിത്സയും തന്നു..

പക്ഷെ അതെല്ലാം തന്റെ ശരീരം കണ്ട് കൊണ്ടായിരുന്നു എന്ന് പിന്നീടാണ് മനസിലായത്.. അറക്കാൻ നിർത്തുന്ന മൃഗങ്ങളോട് ഉള്ള സ്നേഹ പ്രകടനം മാത്രം.അന്ന് മരണപ്പെടുന്നതായിരുന്നു ഇതിലും ഭേദം എന്ന് പല കുറി തോന്നിയിട്ടുണ്ട്. അവൾ വേഗം കണ്ണുനീർ തുടച്ചു.

കാരണം ഇവിടെ ആർക്കും അത് കാണേണ്ടതില്ല.തന്റെ ജീവിതവും അറിയേണ്ടതില്ല. ആകെ കേൾക്കാറുള്ളത് എത്ര രൂപ..? എത്ര സമയം..? ഇതുമാത്രമാണ്. ചിലർക്ക് പെർഫ്യൂമിന്റെ മണം ആണെങ്കിൽ ചിലർക്ക് മദ്യത്തിന്റെ മണം ആയിരിക്കും പക്ഷേ ഏതു മണം ആണെങ്കിലും അവരുടെ ഇഷ്ടങ്ങൾക്ക് നിന്ന് കൊടുത്തേ പറ്റൂ…

അവൾ റെഡിയായി വാതിൽ തുറക്കുമ്പോൾ പുറത്തൊരു ചെറുപ്പക്കാരൻ കാത്തുനിൽപ്പ് ഉണ്ടായിരുന്നു. ഏകദേശം മുപ്പതു വയസിനടുത്ത് പ്രായം തോന്നും. അതൊന്നും ഇവിടെ വിഷയം അല്ലല്ലോ.. അവൾ പുഞ്ചിരിയോടെ അവനെ അകത്തേക്ക് ക്ഷണിച്ചു

“ഞാൻ നീരവ്” അവൻ സ്വയം പരിചയപ്പെടുത്തി.

” ഇയാൾക്ക് എന്താ വട്ടുണ്ടോ എന്ന മുഖഭാവത്തിൽ അവൾ അവനെ നോക്കി.

” കിടന്നോളൂ.. ” സമയമില്ലാത്ത മട്ടിൽ അവൾ കട്ടിലിലേക്ക് ചൂണ്ടിക്കാണിച്ചു. ഇത് കൂടി കഴിഞ്ഞിട്ട് വേണം ഭക്ഷണം കഴിക്കാൻ അവൾ ആകെ ക്ഷീണതയായിരുന്നു.

നീരവ് തന്റെ കയ്യിൽ കരുതിയിരുന്ന പൊതി മുറിയിൽ ഉണ്ടായിരുന്ന ചെറിയ ടേബിളിലേക്ക് വച്ചു. ഒച്ച് ഇഴയുന്ന പോലത്തെ അവന്റെ പെരുമാറ്റം കണ്ട് ക്ഷമ നശിച്ചതും അവൾ മുൻകൈയെടുത്ത് തന്റെ സാരി ദേഹത്ത് നിന്ന് അഴിച്ചു മാറ്റാൻ ഒരുങ്ങി.

“ഹേയ് നോ.. പ്ലീസ്..” അവൻ അവളെ തടഞ്ഞു.

ഇയാൾ ഇതെന്താ പൊട്ടൻ കളിക്കുവാണോ എന്ന മട്ടിൽ അവൾ അവനെ നോക്കി.

“നീ ഭക്ഷണം കഴിച്ചോ?”

” എന്താ നിങ്ങൾ സമയം മെനക്കെടുത്താനാണോ വന്നത്? ആകെ ഒരു മണിക്കൂറെ നിങ്ങൾക്ക് അനുവദിച്ചിട്ടുള്ളൂ ഓർത്തോളൂ.. ” സാക്ഷി നീരസത്തോടെ പറഞ്ഞു.

” ഒരു മണിക്കൂർ ഉണ്ടല്ലോ.. നീ വിശന്നിരിക്കുകയാണ് എന്ന് എനിക്കറിയാം. അല്ലേ? “അവൾ മറുപടി പറഞ്ഞില്ല.

” ദാ ഈ ബിരിയാണി ഞാൻ നിനക്കായി വാങ്ങിയതാണ് ഒരു മണിക്കൂർ ഇനി ആരുടെയും ശല്യം ഉണ്ടാകില്ലല്ലോ സമാധാനമായി കഴിച്ചോളൂ.. ”

” സിംപതി ആണോ.? കഥയിലും സിനിമകളിലും ഒക്കെ കണ്ടിട്ടുണ്ട് വേശ്യയായ സ്ത്രീയോട് സിംപതി തോന്നി അവളെ നേർവഴിക്ക് നയിക്കുന്ന നായകനെ.. അതുപോലെ വല്ലതും ആണേൽ സമയം കളയേണ്ടതില്ല. “അവൾ ഒരല്പം പരിഹാസത്തോടെ പറഞ്ഞു.

” നിന്നെ കണ്ടാൽ ഒരു നായികയുടെ ലുക്ക് ഒക്കെ ഉണ്ട്.. പക്ഷേ എന്നെ കണ്ടാൽ അങ്ങനെയുണ്ടോ? ആ ചോദ്യം കേട്ടതും അവൾക്ക് ചിരി വന്നു.അവൻ ഒരിക്കൽ കൂടി അവൾക്ക് നേരെ ആ പൊതി നീട്ടിയപ്പോൾ അവൾ അത് നിരസിച്ചില്ല.

“ഏത് വേശ്യാലയത്തിൽ പോയാലും ഇങ്ങനെ ബിരിയാണിയും കൊണ്ട് പോകാറുണ്ടോ?”അവൾ അവനെ കളിയാക്കി

“ഞാൻ അങ്ങനെ സ്ഥിരം ഇവിടം സന്ദർശിക്കുന്ന ആളല്ല..നിന്റെ മുന്നിൽ നല്ല പിള്ള ചമയാനൊന്നും പറയുന്നതല്ല ഇതെന്റെ ഫസ്റ്റ് ടൈം ആണ്. ഈ മുറിയിൽ ആരായിരുന്നാലും ഞാനിത് അവർക്ക് നൽകുമായിരുന്നു.നീ പറഞ്ഞപോലെ ഒരു സ്ത്രീയെ വേശ്യ എന്ന് വിശേഷിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല കാരണം അവൾ തനിച്ചല്ലല്ലോ വ്യഭിചരിക്കുന്നത്.. വേശ്യയുടെ മകൻ എന്ന വിശേഷണം ഒരുപാട് കേട്ട് വളർന്നവൻ ആണ് ഞാൻ. സാഹചര്യം കൊണ്ട് എന്റെ അമ്മയ്ക്ക് ഈ തൊഴിൽ സ്വീകരിക്കേണ്ടി വന്നതാണ്..കുഞ്ഞായിരിക്കുമ്പോൾ ഒരു പിടി ആഹാരം കഴിക്കുന്ന നേരത്ത് ആയിരിക്കും അമ്മയെ ആരെങ്കിലും തേടി വരിക അന്ന് രാത്രി അമ്മ പട്ടിണി കിടക്കും. അന്നൊക്കെ ഞാൻ ശപിച്ചത് അമ്മയെ തേടി വരുന്നവരെയായിരുന്നു.. എന്റെ അമ്മയെ ആഹാരം കഴിക്കാൻ അനുവദിക്കാത്തവരെയായിരുന്നു..ആ എനിക്ക് ഇതിനുള്ളിലെ നിങ്ങളുടെ അവസ്ഥയും ഊഹിക്കാവുന്നതല്ലേ ഉള്ളൂ?”

അവൻ പറഞ്ഞു നിർത്തിയതും തൊണ്ടയിൽ നിന്നും ആഹാരം ഇറങ്ങാത്തത് പോലെ അവൾക്ക് തോന്നി. കണ്ണുകൾ എന്തിനോ തുളുമ്പി കൊണ്ടിരുന്നു.

“എന്താ പേര്?”

“സാക്ഷി.” അവൾ ഭക്ഷണത്തിലേക്ക് നോക്കിക്കൊണ്ട് തന്നെ പറഞ്ഞു.

അന്ന് അവർ ആ ഒരു മണിക്കൂർ എന്തൊക്കെയോ സംസാരിച്ചുകൊണ്ടിരുന്നു.ജീവിതത്തിൽ ആദ്യമായാണ് സമയം തീരല്ലേ എന്ന് അവൾ പ്രാർത്ഥിച്ചത്. പോകുമ്പോൾ അവൻ അവളെ നോക്കി പുഞ്ചിരിച്ചു.

” ഗുഡ് നൈറ്റ് സാക്ഷി. ”

അത് കേട്ടതും അവൾക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി. പൊതുവേ എല്ലാവരും ചരക്ക്, ബേബി, ചേച്ചി എന്നിങ്ങനെയൊക്കെയാണ് വിളിക്കാറ് ആദ്യമായാണ് ഒരാൾ തന്നെ പേരെടുത്തു വിളിക്കുന്നത്. നീരവ് യാത്ര പറഞ്ഞിറങ്ങിയതും അവൾക്ക് ഒരു ഏകാന്തത അനുഭവപ്പെട്ടു.. ആ മുറിയിൽ പെട്ടെന്ന് തനിച്ചായതുപോലെ…

പിന്നീട് ഇടയ്ക്കിടയ്ക്ക് നീരവ് അവളെ തേടി വരാറുണ്ട് അവൾക്ക് ഇഷ്ടമുള്ള ആഹാരസാധനങ്ങളുമായി. അവളുടെ മുഖത്ത് ചുണ്ടിലോ മുറിവുകൾ ഉണ്ടെങ്കിൽ അവനത് തുടച്ചു കൊടുക്കും അവൾക്ക് അതെല്ലാം ഏറെ ആശ്വാസകരമായിരുന്നു.

” സാക്ഷി നിനക്ക് ഇതിൽ നിന്ന് പുറത്തേക്ക് പോകണം എന്ന് തോന്നിയിട്ടില്ലേ? “ഒരിക്കൽ അവൾക്ക് ചൂട് ചായ പകർന്നു നൽകുന്നതിനിടയിൽ അവൻ ചോദിച്ചു.

“എവിടേക്ക് പോകാൻ?”

” പുതിയൊരു ജീവിതം. ”

” എന്നെപ്പോലെ ഉള്ളവർക്കോ? “അവൾ ചിരിച്ചു.

” സാക്ഷി നീയൊരു മനുഷ്യസ്ത്രീയാണ് അല്ലാതെ മറ്റുള്ളവരുടെ ഇഷ്ടത്തിന് ചലിക്കേണ്ട പാവയല്ല.. അന്ന് നീ പറഞ്ഞപോലെ സിനിമയിലെ നായകനെ പോലെ നിന്നെ രക്ഷിക്കാൻ ഒന്നുമല്ല എങ്കിലും പറയുകയാണ് ഇതിൽ നിന്ന് പുറത്തേക്ക് വരാൻ കഴിയുമെങ്കിൽ ശ്രമിക്കുക, നല്ല രീതിയിൽ അധ്വാനിച്ച് തന്നെ ജീവിക്കുക ആദ്യമൊക്കെ പ്രയാസം തോന്നിയേക്കും പക്ഷേ പിന്നീട് തിരിഞ്ഞുനോക്കുമ്പോൾ നിനക്ക് നിന്നെ തന്നെ സ്നേഹിക്കാൻ കഴിയും.ഉപദേശമായി കാണേണ്ട സ്നേഹം കൊണ്ട് പറയുന്നതാണെന്ന് കരുതിയാൽ മതി”.

ആദ്യമായി ഒരാൾ തന്നെ മനുഷ്യനായി പരിഗണിച്ചിരിക്കുന്നു. അവൾക്ക് കണ്ണുനീർ അടക്കി നിർത്താൻ ആയില്ല. ആ നിമിഷം നീരവ് തന്നെയൊന്ന് ചേർത്തുപിടിച്ചെങ്കിൽ എന്ന് അവൾ ഏറെ കൊതിച്ചു പോയി. ആ രാത്രി യാത്ര പറഞ്ഞിറങ്ങുമ്പോൾ അവൻ അവളുടെ കൈകോരിയെടുത്ത് കൈക്കുമ്പിളിൽ ഒന്ന് ചുംബിച്ചു അവളുടെ ഹൃദയം തുടിച്ചു. ചുംബനത്തിന് ഇത്രയും മാധുര്യമോ? അവൾ അത്ഭുതപ്പെട്ടു.

പിറ്റേന്ന് അവൾ നീരവിനെ കാത്തിരുന്നെങ്കിലും അവൻ വന്നില്ല. അതിനടുത്ത ദിവസവും വന്നില്ല. ആഴ്ചകൾ കടന്നുപോയി വാതിലിൽ ഓരോ മുട്ടലുകൾ കേൾക്കുമ്പോഴും അവൾ കൊതിച്ചു അത് അവനായിരുന്നുവെങ്കിൽ എന്ന് പക്ഷേ അവൻ വന്നില്ല. അവൾക്ക് എന്തെന്നില്ലാത്ത നിരാശ തോന്നി ഹൃദയം നുറുങ്ങുന്നതുപോലെ..

സാക്ഷി അവനെപ്പറ്റി കുറെ അന്വേഷിക്കാൻ ശ്രമിച്ചെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. അന്ന് ഒരിക്കൽ നീരവ് പറഞ്ഞയച്ച സുഹൃത്ത് വഴിയാണ് അവൾ ആ അപ്രതീക്ഷിത വാർത്ത അറിഞ്ഞത്.നീരവിന്റെ എൻഗേജ്മെന്റ് കഴിഞ്ഞെന്നും അവൻ വിദേശത്ത് പോകുകയാണെന്നും.. അവൾ മറുപടി ഒന്നും പറഞ്ഞില്ല ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു. പതിവുപോലെ മറ്റാർക്കോ വഴങ്ങി കൊടുക്കാൻ തയ്യാറെടുപ്പ് എന്ന പോലെ കണ്ണാടിയുടെ മുന്നിൽ ഇരിക്കുമ്പോൾ അവൾക്ക് തന്റെ മുഖം മൂടി മോടി കഴിഞ്ഞില്ല. അന്നവൾ തിരിച്ചറിഞ്ഞു തനിക്ക് സെക്സ് അല്ല സ്നേഹമാണ് ആവശ്യമെന്ന്.. നീരവിനെ ഓർത്ത് അന്നവൾ ഒരുപാട് നേരം കരഞ്ഞു.

ആറുമാസങ്ങൾ പിന്നിടുമ്പോൾ സാക്ഷി ആ വേശ്യാലയം വിട്ടിരുന്നു.അവിടെ നിന്നും കുറെ അകലെ ഒരു ചെറിയ വീട് വാടകയ്ക്ക് എടുത്ത് അതിനോട് ചേർന്ന് തന്നെ ഒരു ചെറിയ ചായക്കട നടത്തി ജീവിച്ചു. അന്ന് അവസാനമായി നീരവ് അവൾക്ക് സമ്മാനിച്ചതും ഒരു ഗ്ലാസ് ചായയായിരുന്നു. അവൻ പറഞ്ഞതുപോലെ തന്നെ അവിടെനിന്നും താൻ രക്ഷപ്പെട്ടുപോന്നു പക്ഷേ അത് കാണാൻ ആഗ്രഹിച്ച ആൾ ഇല്ലെന്ന് മാത്രം.. റോഡരികിൽ ആയതുകൊണ്ട് തന്നെ അത്യാവശ്യം തിരക്കുണ്ടായിരുന്നു. ഇവിടെ കിടന്നുറങ്ങാൻ ഒരു സമാധാനമുണ്ട് ആരുടെയും തട്ടലും മുട്ടലും പേടിക്കേണ്ടതില്ല.

അന്ന് ഒരു മഴയുള്ള വൈകുന്നേരം ആയിരുന്നു.ചായകുടിക്കാൻ അത്യാവശ്യം ആളുകളും കടയിൽ ഉണ്ടായിരുന്നു. റോഡ് അരികിൽ കാർ നിർത്തി ഒരു കപ്പിൾ കടയിലേക്ക് കടന്നു വന്നു അവിടെ ഇട്ടിരുന്ന ബെഞ്ചിൽ ഇരുന്നു..

“രണ്ട് ചായ “പുരുഷ ശബ്ദം ഉയർന്നു.

തിരക്കിനിടയിലും ആ പരിചയമുള്ള ശബ്ദം കേട്ട സ്ഥലത്തേക്ക് അവൾ എത്തിനോക്കി.

” നീരവ്!. ”

കയ്യിൽ വെഡിങ് റിങ്. അരികിൽ ഗർഭിണിയായ ഭാര്യ.. ആ കാഴ്ച കണ്ടതും അവളുടെ മുഖം വിളറി. സാക്ഷിയെ കണ്ടതും നീരവും ഒരു നിമിഷം ഷോക്കായി. എങ്കിലും ഉടനെ അവൻ അവളെ നോക്കി നോർമലായി പുഞ്ചിരിച്ചു.

“ചായ ഒരെണ്ണം കടുപ്പത്തിൽ തരണേ..” സാക്ഷി തലയാട്ടി

ചായ ഇടുമ്പോഴും അവളുടെ കൈ വിറക്കുന്നുണ്ടായിരുന്നു.ഓടിപ്പോയി ഒന്ന് കെട്ടിപ്പിടിച്ചാലോ…വേണ്ട. അവൾക്ക് എന്ത് ചെയ്യണം എന്ന് അറിയാതെയായി.

നീരവിന്റെ ഭാര്യ പുഞ്ചിരിച്ചുകൊണ്ട് സംസാരിക്കുന്നുണ്ട്. നീരവ് ശ്രദ്ധയോടെയാണ് അവളെ നോക്കുന്നത് അടുത്തിരിക്കുന്ന വെള്ളം എടുത്ത് അവൻ തന്റെ ഭാര്യക്ക് കൊടുക്കുന്നത് സാക്ഷി ഇടം കണ്ണിട്ട് നോക്കുന്നുണ്ടായിരുന്നു.

അവന്റെ സ്നേഹം കാണുമ്പോൾ സാക്ഷിയുടെ ഹൃദയം വേദനിച്ചു കാരണം നടക്കില്ലെന്ന് അറിഞ്ഞിട്ടും അവൾ കൊതിച്ച മുഹൂർത്തമായിരുന്നു അത്. തിരക്കൊഴിഞ്ഞതും നീരവിന്റെ ഭാര്യ തൊട്ടടുത്ത ബിൽഡിങ്ങിലെ വാഷ് റൂമിലേക്ക് പോയി അന്നേരമാണ് ചായയുമായി സാക്ഷി വന്നത്.

“ഇതാണ് സ്ട്രോങ്ങ് ചായ.” ഗ്ലാസിൽ ഒരെണ്ണം സാക്ഷി അവന് നേരെ നീട്ടി.

” സുഖമാണോ? ”

” സുഖം. ”
സാക്ഷി പുഞ്ചിരിക്കാൻ ശ്രമിച്ചു. ശേഷം അവിടെ തികഞ്ഞ മൗനം നിറഞ്ഞുനിന്നു. നീരവും ഭാര്യയും ചായ കുടിച്ചു. ചായകുടിച്ചതിന് പിന്നാലെ അവൻ ഭാര്യയെ സുരക്ഷിതമായി കാറിൽ കയറ്റി. ശേഷം തിരികെ വന്നു പോക്കറ്റിൽ നിന്നും പൈസ എടുത്തു അവൾക്ക് നേരെ നീട്ടി. അവളത് വാങ്ങി.

” നിന്നെ ഇങ്ങനെ കാണാൻ കഴിഞ്ഞതിൽ സന്തോഷം.നീ സന്തോഷത്തോടെ ജീവിക്കുന്നു എന്ന് കരുതുന്നു. ദൈവം അനുഗ്രഹിക്കട്ടെ.. ”

“നിന്നെയും..” അവൾ തിരിച്ചു പറഞ്ഞു.

പിന്നീട് ഒന്നും മിണ്ടാൻ നിൽക്കാതെ അവൻ തിരികെ ചെന്ന് കാറിൽ കയറി. കോരിച്ചൊരിയുന്ന മഴയിലൂടെ ആ കാർ അദൃശ്യമായി. സാക്ഷി ആ കാർ കണ്ണിൽ നിന്നും മായുന്നതുവരെ നോക്കി നിന്നു. അവൾ കരഞ്ഞില്ല.

ചില ആളുകൾ ജീവിതത്തിലേക്ക് കടന്നു വരുന്നത് വളരെ കുറച്ച് സമയത്തേക്ക് മാത്രമാണെന്ന് അവൾ തിരിച്ചറിഞ്ഞു.. സ്നേഹം എന്താണെന്ന് പഠിപ്പിച്ചുകൊണ്ട് അവർ എന്നെന്നേക്കുമായി നമ്മുടെ ജീവിതത്തിൽ നിന്ന് ഓടി അകലും.

ഒന്നും സംഭവിച്ചിട്ടില്ല എന്ന് മനസ്സിനെ പാകപ്പെടുത്തി അവൾ ടേബിൾ ക്ലീൻ ചെയ്തു. ചായ ഗ്ലാസ് എടുത്തു. അപ്പോഴും പുറമേ പേമാരി ചൊരിഞ്ഞു കൊണ്ടിരുന്നു

✍️അംബിക ശിവശങ്കരൻ

Leave a Reply

Your email address will not be published. Required fields are marked *