“നിധി മോളെ ഒന്ന് ശ്രദ്ധിക്കണേ കണ്ണേട്ടാ… കുറച്ചു ദിവസായിട്ടവൾക്ക് വല്ലാത്തൊരു
മാറ്റമുണ്ട്…. ഓരോരോ ടെൻഷനിലിരിയ്ക്കുന്ന കണ്ണേട്ടനോട് അതും കൂടി പറഞ്ഞിനി ടെൻഷനാക്കണ്ട എന്നു കരുതി പറയാതിരുന്നതാണ് ഞാൻ….”
ഓഫീസിലേക്ക് പോവാനൊരുങ്ങി സാരി ഞൊറിഞ്ഞുടുക്കുന്നതിനിടയിൽ പെട്ടന്നോർമ്മ വന്നൊരു കാര്യം പറയുന്ന ലാഘവത്വത്തോടെ മായ പറഞ്ഞതും ഒരു പിടച്ചിലോടെ മായയെ തുറിച്ചു നോക്കി ബെഡ്ഡിൽ എഴുന്നേറ്റിരുന്നു കണ്ണൻ….
“എന്തു മാറ്റമാണ് നിധി മോൾക്ക്…..?
നീ തെളിച്ചു പറ മായേ…. ”
ധൃതിയിൽ ബെഡ്ഡിൽ നിന്നിറങ്ങി കണ്ണൻ ചോദിയ്ക്കുമ്പോൾ വെപ്രാളം കൂടിയവന്റെ കാലൊന്നു പിടഞ്ഞവൻ വീഴാനാഞ്ഞതും തലയിൽ കൈവെച്ചവനെ തറപ്പിച്ചു നോക്കി മായ
” ഈ സ്വഭാവം കൊണ്ടാണ് ഞാൻ കണ്ണേട്ടനോട് ഒന്നും പറയാത്തത്… എന്തു കാര്യം കേട്ടാലും കണ്ണേട്ടന് ടെൻഷനും വെപ്രാളവുമൊക്കെയാണ്… ക്ഷമ തീരയില്ല… ആദ്യം ഈ വെപ്രാളം കളഞ്ഞവിടെ ബെഡ്ഡിൽ ഇരിക്ക് കണ്ണട്ടൻ… എന്നിട്ട് ഞാൻ പറയുന്നത് കേൾക്ക് സ്വസ്ഥമായ്… ഒന്നൂല്ലെങ്കിലും അവനവന് വയ്യാന്നുള്ളതെങ്കിലും ഓർക്കണ്ടേ സ്വയം…. ”
കണ്ണനെ ബെഡ്ഡിലേക്ക് പിടിച്ചിരുത്തി ശാസിച്ചു മായ പറഞ്ഞതും അവളെ നോക്കി ചമ്മിച്ചിരിച്ചു കണ്ണൻ
” നീ പെട്ടന്ന് നിധി മോളെ നോക്കണമെന്ന് പറഞ്ഞപ്പോ ഞാനോർത്തു കൊച്ചിന് വല്ല അസുഖവും വന്നെന്ന്… ഇടയ്ക്കെല്ലാം വരാറുള്ളതല്ലേ…അതാടീ വേഗം എഴുന്നേറ്റത്… അന്നേരം കാലിന്റെ അവസ്ഥയൊന്നും ഓർത്തില്ല സത്യത്തിൽ…. ”
“ഒരാൾ വല്ലതും പറഞ്ഞു തുടങ്ങുമ്പോൾ ആ പറയുന്നത് മുഴുവൻ കേൾക്കണം ശ്രദ്ധയോടെ മറുവശമുള്ളയാൾ… അല്ലാതെ കേട്ടപാതി കേൾക്കാത്ത പാതി ചാടിയെഴുന്നേൽക്കല്ല വേണ്ടത്…. പല പ്രാവശ്യം പറഞ്ഞിട്ടുണ്ട് കണ്ണേട്ടനോട് ഞാൻ ആ സ്വഭാവം നന്നല്ലാന്ന്…”
തന്നെ ചീത്ത പറയുന്നത് നിർത്താൻ ഭാവമില്ല മായക്കെന്നു കണ്ടതും നിശബ്ദനായവളെ നോക്കി കണ്ണൻ
“കഴിഞ്ഞ രണ്ടു മൂന്നു ദിവസത്തെ യാത്രയും അലച്ചിലും കൊണ്ട് ആകെ അലങ്കോലപ്പെട്ടിട്ടുണ്ട് കണ്ണേട്ടൻ… ഇപ്പം എന്നും ഓരോ തിരക്കും യാത്രയും അല്ലേ ഏട്ടന്, അതു കൊണ്ടാണ് ഞാൻ മോളുടെ കാര്യം പറയാതിരുന്നത്… പിന്നെയത് എനിയ്ക്ക് ഹാൻഡിൽ ചെയ്യാവുന്നതേ ഉള്ളൂന്നും കരുതി… ”
“എന്നിട്ടെന്താ… നിനക്ക് ഹാൻഡിൽ ചെയ്യാൻ പറ്റിയില്ലേ… അതിനു മാത്രം എന്താടി നിധി മോൾക്ക്….?
ചോദിയ്ക്കുന്നതിനൊപ്പം വീണ്ടും പുറത്തേക്ക് പോവാൻ തുടങ്ങിയ കണ്ണനെ ബെഡ്ഡിലേക് പിടിച്ചിരുത്തി അവനൊപ്പം ഇരുന്നു മായ…
“കണ്ണേട്ടാ…നിധി മോള് പന്ത്രണ്ട് വയസ്സ് കഴിഞ്ഞ് പതിമൂന്നു വയസ്സിലേക്ക് കടക്കുകയാണ്… പിരീഡ്സ് സ്റ്റാർട്ട് തുടങ്ങാനായവൾക്ക്… അതിന്റേതായ മാറ്റങ്ങളുണ്ടവളിൽ… അതിനെ പറ്റിയെല്ലാം വ്യക്തമായ് ഞാൻ പറഞ്ഞു കൊടുത്തിട്ടുണ്ട് മോൾക്ക്… കൂടാതെ കൂടെയുള്ള പല കുട്ടികളും നേരത്തെ തന്നെ പിരീഡ്സ് നേരിട്ടതിനാൽ ഇതിനെ പറ്റി അവർ പറഞ്ഞും ധാരാളം അറിയാം മോൾക്ക്….. ഒരു പക്ഷെ അതിന്റെയെല്ലാമൊരു കൺഫ്യൂഷനുണ്ടാവും മോൾക്ക് ഉള്ളിൽ… അതാവും അവളുടെ ചിരി തമാശകൾ കുറഞ്ഞതും… സംസാരം കുറഞ്ഞതുമെല്ലാം… പെട്ടന്നതെല്ലാം ഉൾക്കൊള്ളാൻ പറ്റിയിട്ടുണ്ടാവില്ല അവൾക്ക്…
ഏതു ശരി ഏത് തെറ്റ് എന്നുള്ളൊരു സംശയം… ഇതെല്ലാം പെട്ടന്ന് കണ്ടിട്ട് കണ്ണേട്ടന് ടെൻഷനാവണ്ട എന്ന് കരുതിയാണ് ഞാൻ ഒന്ന് നേരത്തെ സൂച്ചിപ്പിച്ചത്…. ടെൻഷൻ കണ്ടു പിടിച്ചതേ കണ്ണേട്ടനല്ലേ…. അതാണ്….”
അവനെ കളിയാക്കി ഒരൊഴുക്കിൽ മീര പറഞ്ഞു നിർത്തിയിട്ടും ഇനിയും അവശേഷിക്കുന്ന സംശയങ്ങളും മനസ്സിലിട്ട് അവിടെ തന്നെയിരുന്നു കണ്ണൻ…
“ഞാനിറങ്ങി കണ്ണേട്ടാ… ഫുഡെല്ലാം റെഡിയാണ്… സമയത്തിന് കഴിക്കണം… മോളുടെ ബസ്സെത്തിയാൽ അവള് കയറി പോവുന്നതൊന്ന് ശ്രദ്ധിക്കണം… മാക്സിമം നേരത്തെ ഞാൻ വൈകീട്ട് വരാൻ ശ്രമിയ്ക്കാം… ”
പോവാനിറങ്ങി കണ്ണന്റെ നെറ്റിയിൽ ഒന്ന് ചുണ്ടു ചേർത്ത് മായ പറഞ്ഞതിനെല്ലാം ചിരിയോടെ തലയാട്ടി കണ്ണൻ….
“അവളെ പോലൊരു ഭാര്യ നിന്റെ ഭാഗ്യം ആണെടാ… നിന്റെ ബിസിനസ് തിരക്കുകളും യാത്രയുമെല്ലാം അഡ്ജസ്റ്റ് ചെയ്ത് നിന്റെ മോളെയും നോക്കി ഓഫീസും വീടുമെല്ലാം ഒരു പരാതിയും ഇല്ലാതെ മുന്നോട്ടു കൊണ്ടു പോവുന്നില്ലേ അവൾ… നമ്മളുടെയൊക്കെ ഭാര്യമാരെ വെച്ച് നോക്കിയാൽ നൂറിൽ നൂറ്റമ്പത് മാർക്കും കൊടുക്കണം നിന്റെ ഭാര്യയ്ക്ക്…”
തന്നെയും മായയേയും നന്നായി അറിയുന്ന തന്റെ കൂട്ടുകാർ സ്ഥിരം പറയുന്ന ഡയലോഗും ഓർത്ത് മായയ്ക്ക് പിന്നാലെ വയ്യാത്ത കാലും വലിച്ച് സിറ്റൗട്ടിലേക്ക് ചെന്നു കണ്ണൻ…
ബൈ കണ്ണേട്ടാ…..
സ്കൂട്ടർ സ്റ്റാർട്ട് ചെയ്ത് മുന്നോട്ടെടുത്ത് മായ പുഞ്ചിരിയോടെ യാത്ര പറഞ്ഞു പോവുന്നത് നോക്കി നിന്നവൻ….
“അമ്മയൊരു നല്ല ഭാര്യയാണ് അല്ലേ അച്ഛാ….?
തൊട്ടുപുറകിൽ കേട്ട നിധി മോളുടെ ചോദ്യത്തിൽ ഞെട്ടി തിരിഞ്ഞ കണ്ണൻ സ്കൂൾ യൂണിഫോമിൽ റെഡിയായ് നിൽക്കുന്ന മോളെ കണ്ടതും ഒന്നമ്പരന്നു…
മായ പറഞ്ഞത് ശരിയാണ്….വല്ലാത്തൊരു മാറ്റം തോന്നുന്നു മോൾക്ക്… മുഖത്ത് നിന്ന് കുസൃതിയും കുറുമ്പുമെല്ലാം മാഞ്ഞ് വല്ലാത്തൊരു പക്വത വന്നതു പോലെ…. നിന്ന നില്പിൽ ഓർത്തു പോയവൻ….
“മായ നല്ലൊരു ഭാര്യ മാത്രമല്ല മോളെ, വളരെ നല്ലൊരു അമ്മ കൂടിയാണ്… എന്താ ശരിയല്ലേ…?
നിധിയിൽ കണ്ണുറപ്പിച്ചുള്ള കണ്ണന്റെ ചോദ്യം… പിടഞ്ഞടിച്ചു നിധിയുടെ കണ്ണുകൾ…
” അമ്മ…അമ്മ… ഓക്കെയാണ്… പക്ഷെ… അച്ഛാ…
കടുത്ത മാനസീക സമ്മർദ്ദത്തിലകപ്പെട്ട് തന്നോട് എന്താണ് പറയേണ്ടതെന്നറിയാതെ ,പറഞ്ഞു പോയത് തന്നെ അബദ്ധമായോ എന്ന ഭാവത്തിൽ പാതിയിൽ സംസാരം നിർത്തി മുന്നിൽ നിൽക്കുന്നവളെ സൂക്ഷിച്ചു നോക്കി കണ്ണൻ…
മായ പറഞ്ഞതൊന്നുമല്ല മായയാണ് നിധിയുടെ യഥാർത്ഥ പ്രശ്നമെന്ന് എളുപ്പത്തിൽ തിരിച്ചറിഞ്ഞു കണ്ണനിലെ അച്ഛൻ…
നിധീ….
കണ്ണൻ വിളിച്ചതും അവനെ മുഖമുയർത്തി നോക്കാതെ വട്ടം ഉഴറി നിധിയുടെ കണ്ണുകൾ…
വാ… അച്ഛൻ പറയട്ടെ….
നിധിയെ ചേർത്തു പിടിച്ച് കണ്ണൻ വീടിനകത്തേയ്ക്ക് നടന്നതും അകത്ത് ബെഡ് റൂമിൽ കണ്ണന്റെ ഫോണടിച്ചതും ഒരേ സമയത്താണ്
“ഇവിടെയിരിക്ക്… അച്ഛനിപ്പോ വരാം… സ്കൂളിൽ അച്ഛൻ ഡ്രോപ്പ് ചെയ്യാം… ലേറ്റായാൽ…”
ഫോണെടുക്കാൻ റൂമിലേക്ക് മെല്ലെ നടക്കുന്നതിനിടയിൽ നിധിയോട് പറയുന്നുണ്ടവൻ….
” നിധി കുട്ട്യേ… ഇന്നെന്താ സ്കൂളിൽ
പോക്കൊന്നും ഇല്ലേ… ബസ്സിപ്പോ വരും
കണ്ണൻ മുറിയിലേക്ക് കയറിയതും നിധിക്കടുത്തേയ്ക്ക് വന്നു തിരക്കുന്ന തൊട്ടടുത്ത വീട്ടിലെ രേവു രേച്ചിയുടെ ശബ്ദം മുഴങ്ങി ഹാളിൽ…
കണ്ണൻ വീട്ടിലില്ലാത്ത ദിവസങ്ങളിൽ നേരത്തെ ഓഫീസിൽ പോവേണ്ടിയും മറ്റും വരുമ്പോൾ നിധി മോളെ ഒന്ന് ശ്രദ്ധിക്കണേന്ന് പറഞ്ഞ് മായ ഏൽപ്പിക്കുക അയൽവക്കമായ രേവുവിനെയാണ്…
“ഇതെന്താ മാറ്റിയൊരുങ്ങിയിട്ടും വീട് പൂട്ടി ഇറങ്ങാത്തത്…. മായ ഇറങ്ങിയ പുറകെ ഇറങ്ങിയിരുന്നെങ്കിൽ ഇന്ന് മോൾക്ക് നേരിട്ട് കാണായിരുന്നു നിന്റെ അമ്മ ആ ലളിതയുടെ മോനെ സ്കൂട്ടറിൽ ഇരുത്തി കൊണ്ടു പോവുന്നത്… അവരു പോയത് മോളൊന്ന് കാണേണ്ടതായിരുന്നു… അങ്ങനെ കെട്ടിപിടിച്ച് ഒട്ടിചേർന്നാണ് രണ്ടാളും ഇവിടുന്ന് പോയത്…
ആന്റി അന്ന് മോളോട് പറഞ്ഞില്ലായിരുന്നോ മോളുടെ അമ്മ ശരിയല്ലാന്ന്… ആ ചെക്കനും അതുപോലെയുള്ള വേറെ ചെക്കൻമാരും ആയിട്ടൊക്കെയാണ് അവളുടെ കൂട്ട്… അവന്മാരൊന്നും ശരിയല്ല… ഇടയ്ക്കെല്ലാം ആ ചെക്കൻ ഇവിടെയും വരാറുണ്ട് മോളും അച്ഛനുമൊന്നും ഇല്ലാത്തപ്പോൾ… സുന്ദരിയല്ലേ മോളുടെ അമ്മ… മോളെ പോലെ…
മോളൊരിക്കലും ഇതുപോലെ മോശം ആവരുത് ട്ടോ… മാത്രല്ല ആ ചെക്കനെങ്ങാൻ ഇങ്ങോട്ടു വന്നാൽ അന്നേരം മുറിയിൽ കയറി കതക് അടച്ചേരെ… അല്ലെങ്കിൽ അമ്മ പോരാ തോന്നിയവൻ കൊച്ചിനേം ഉപദ്രവിയ്ക്കും… അതാണ് ആന്റി പ…റ….”
പറഞ്ഞു വന്നത് മുഴുവനാക്കാതെ ഞെട്ടലോടെ രേവു മുന്നിലേക്ക് പകച്ചു നോക്കി
ഹാളിനൊരു കോണിൽ റൂമിൽ നിന്നിറങ്ങി വരുംവിധം കൈയ്യും കെട്ടി നിൽക്കുന്നു കണ്ണൻ… കനലെരിയുന്നന്നവന്റെ നോട്ടം തന്നിലാണെന്നു കണ്ടതും നൊടിനേരം കൊണ്ട് വിയർത്തു വിളറിയവർ…
ക..കണ്ണൻ ഇവിടെ…. ഉണ്ടായിരുന്നോ…?
എപ്പഴാ വന്നത്…? രാത്രിയാണോ… ഞാനറിഞ്ഞില്ല… ഞാൻ മോള് സ്കൂളിലേക്ക് പോവുന്നത് കാണാത്തത് കൊണ്ട് തിരക്കി വന്നതാ… എന്നാ ശരി…
അപ്രതീക്ഷിതമായ് മുന്നിൽ കണ്ണനെ കണ്ട് ആദ്യമൊന്ന് പതറി രേവു എങ്കിലും പെട്ടന്നു തന്നെയവർ സമനില വീണ്ടെടുത്ത് സംസാരിച്ചു തുടങ്ങി കണ്ണനോട്….
‘ചേച്ചി എന്താ എന്റെ മോളോട് ഇത്ര നേരം പറഞ്ഞു കൊണ്ടിരുന്നത്… ?
രേവു ചേച്ചിയുടെ അടുത്തേയ്ക്ക് ചെന്ന് അവർ ചോദിച്ചതിനൊന്നും യാതൊരു മറുപടിയും നൽക്കാതെ കണ്ണൻ തിരികെ ചോദിച്ചതും അവന്റെ ചോദ്യത്തിന് എന്തു മറുപടി പറയും എന്നോർത്ത് വിളറി രേവു…
അച്ഛനെ കണ്ടുള്ള ആന്റിയുടെ ഞെട്ടലും അച്ഛന്റെ ചോദ്യത്തിന് മറുപടി പറയാതെയുള്ള അവരുടെ നില്പുമെല്ലാം നിധിമോൾ കണ്ണടുക്കാതെ നോക്കി കണ്ടു…
‘ഞാൻ ചെല്ലട്ടെ…. എനിയ്ക്കിത്തിരി തിരക്കുണ്ട് …. ”
ആരെയും നോക്കാതെ ആരോടെന്നില്ലാതെ പറഞ്ഞ് രേവു വേഗം വീടിനു പുറത്തേക്കിറങ്ങിയതും അവർക്ക് പിന്നാലെ ചെന്നു കണ്ണനും…
“നിങ്ങൾക്കെന്തു തിരക്കുണ്ടെങ്കിലും ഞാൻ ചോദിച്ച ചോദ്യത്തിന് ഉത്തരം പറയാതെ രേവു ചേച്ചി ഈ വീടിന്റെ പടിപ്പുറത്ത് കടക്കില്ല… ഞാനാ പറയുന്നത്….”
പതിവിലും ഏറെ ഉയർന്ന കണ്ണന്റെ ശബ്ദത്തിൽ ആ വില്ലക്ക് ചുറ്റും ഉളളവരുടെ ശ്രദ്ധ അവിടേക്ക് തിരിഞ്ഞു…
“നീയെന്തിനാ കണ്ണാ ഇങ്ങനെ എന്നോട് ശബ്ദമുയർത്തുന്നത്…?
ഞാൻ നിധി മോളോട് ഒന്നു സംസാരിച്ചതിനാണോ നീയിങ്ങനെ…?
ആളുകളുടെ ശ്രദ്ധ ഇങ്ങോട്ട് തിരിയുന്നു എന്ന് കണ്ടതും നല്ല പിള്ള ചമഞ്ഞ് കരച്ചിലിന്റെ വക്കത്തെത്തി രേവു…
“എന്റെ മോളോട് അവളുടെ അമ്മയെ പറ്റി നിങ്ങൾ പറഞ്ഞു കൊടുത്തത് എന്താണെന്നാണ് ഞാൻ നിങ്ങളോടു ചോദിച്ചത്. നിങ്ങൾ അവളുടെ മനസ്സിൽ നിറച്ചു വെച്ച വിഷം അത് എന്താണെന്ന് പറ…?
പറഞ്ഞിട്ട് പോയാൽ മതി…
ആളുകൾ കൂടുന്നതൊന്നും കാര്യമാക്കാതെ താൻ പറഞ്ഞതിൽ കണ്ണൻ ഉറച്ചു നിന്നതും ആകെ പരുങ്ങി തല താഴ്ത്തി രേവു…
തന്റെ അമ്മ മോശക്കാരിയാണെന്ന് തന്നെ പറഞ്ഞു ബോധ്യപ്പെടുത്താൻ ശ്രമിച്ചവരുടെ ആ പരുങ്ങലും വെപ്രാളവും കണ്ടതും നിധിമോൾ കണ്ണനരികിലേക്ക് ചെന്നു…
“അമ്മ ചീത്തയാണെന്ന് ….അച്ഛനെ പറ്റിക്കുകയാണെന്ന് … ഇവിടുത്തെ ആണുങ്ങളെയെല്ലാം അമ്മ മയക്കി വെച്ചിരിക്കുകയാണെന്ന്…. അമ്മയ്ക്ക് സുഖായിട്ട് ജീവിക്കാൻ വേണ്ടിഎന്നെ ചിലപ്പോൾ അമ്മ കൊല്ലുമെന്നൊക്കെ പറഞ്ഞു ആന്റി….”
കണ്ണനിലേക്ക് ചേർന്ന് വിതുമ്പിയും വിറച്ചും നിധി മോൾ പറഞ്ഞത് കേട്ട് ഞെട്ടിയത് അവിടെ കൂടിയവരാണ്… അവരുടെയെല്ലാം നോട്ടം
രേവുവിലെത്തി….
“ഞാൻ…. ഞാനങ്ങനെയൊന്നും പറഞ്ഞില്ല…ഈ പെണ്ണ് നുണ പറയുകയാണ്… ”
ചെറുത്തു നിന്നവർ…
‘പറഞ്ഞച്ഛാ…. ഇപ്പഴുംകൂടി പറഞ്ഞു…..ലളിതാന്റിയുടെ മോന്റൊപ്പം സ്ക്കൂട്ടറിൽ കെട്ടിപ്പിടിച്ചിരുന്നമ്മ പോയെന്ന് പറഞ്ഞു ആന്റി…”
നിധി കരഞ്ഞുറക്കെ പറഞ്ഞതും എതിർക്കാനൊരു പഴുതില്ലാതെ നിന്നുരുകിയവർ…
“ഞാൻ വീണുപോയപ്പോൾ എനിയ്ക്ക് താങ്ങായ് എന്റെ മായക്കൊപ്പം ഉണ്ടായിരുന്നവരാണ് നിങ്ങളെല്ലാം… എന്റെ മായ ഒരു മോശം പെണ്ണാണോ…. നിങ്ങളിലൊരാളോടെങ്കിലും അവളങ്ങനെ പെരുമാറിയിട്ടുണ്ടോ… ഉണ്ടെങ്കിൽ നിങ്ങൾ പറയുന്നതെന്തും ചെയ്യും ഞാൻ…. എന്റെ ഭാര്യയാണ് മായ… ഞാൻ എന്നെക്കാളും ഈ ഭൂമിയിലെ മറ്റെന്തിനെക്കാളുമെല്ലാം വിശ്വസിക്കുന്നവൾ… എന്റെ പ്രാണൻ….”
നിറമിഴിയോടെ പറയുന്നവനെ കാണെ എല്ലാവരുടെയും വെറുപ്പു നുരഞ്ഞ നോട്ടം രേവുവിലെത്തി…
“മായയെ ഞങ്ങൾക്കറിയാം കണ്ണാ… ഇവളെ പോലൊരുവൾ വിളിച്ചു പറയുന്ന അനാവശ്യങ്ങളിൽ ഇല്ലാതെയാവുന്നതല്ല ഞങ്ങൾക്ക് മായയോടുള്ള ഇഷ്ടവും വിശ്വാസവും… അസൂയയും കുശുമ്പും നിറഞ്ഞ ഇവളെ വെറുപ്പാണ് ഞങ്ങൾക്ക്…. അറപ്പാണ്…”
ഒരു കോളനിയൊന്നാകെ രേവുവിനെതിരെ തിരിയുമ്പോൾ നിധിയെ ഒന്നു നോക്കി കണ്ണൻ… അവൻ പറഞ്ഞു കൊടുക്കാതെ തന്നെ അവൾ തിരിച്ചറിഞ്ഞിരുന്നു അവൾക്ക് പറ്റിയ തെറ്റ്….
“ഇനി മേലാൽ നിങ്ങളീ വീടിന്റെ പടി കയറരുത്…”
ശക്തമായൊരു താക്കീത് രേവുവിന് നൽകി നിധിയുമൊത്ത് കണ്ണൻ സ്ക്കൂളിലേക്ക് പുറപ്പെടുമ്പോൾ അവന്റെ കയ്യിലെ ഫോണിൽ അത്ര നേരം അവിടെ നടന്നതെല്ലാം കേട്ടുകൊണ്ട് മായ നിറകണ്ണുകളോടെ ഇരിപ്പുണ്ടായിരുന്നു…
അവളുടെ ആ കണ്ണുനീരിൽ സങ്കടവും സന്തോഷവും ഒരു പോലെ ഇടക്കലർന്നിരുന്നു… മനുഷ്യ ജീവിതം പോലെ തന്നെ….
✍️രജിത ജയൻ…
