നിന്റെ അമ്മായി അമ്മ മിക്കവാറും നിനക്കൊരു പണിയായ് തീരും മോളൂ…. ഞാൻ കണ്ടറിഞ്ഞിടത്തോളം മറ്റുള്ളവരുമായ് വലിയ അടുപ്പമോ സൗഹൃദമോ ഇല്ലവർക്ക്…..

“പെൺക്കുട്ടിയായി ജനിച്ചു പോയെന്ന ഒറ്റക്കാരണത്താൽ വീടിനുള്ളിലെ അടച്ചിട്ട മുറിയ്ക്കുള്ളിലല്ല ഞാനെന്റെ മോളെ വളർത്തിയത്… അച്ഛനില്ലാത്ത കുറവും വരുത്തിയിട്ടില്ല…..
മറിച്ച്
എല്ലാ സ്വാതന്ത്ര്യവും നൽകി വേണ്ടതെല്ലാം കൊടുത്തു തന്നെയാണ് വളർത്തിയത്… ശരിയെന്നു തോന്നുന്നത് ചെയ്യാനും തെറ്റു കണ്ടാൽ പ്രതികരിക്കാനും ആരിൽ നിന്നെങ്കിലും അപമര്യാദ നേരിട്ടാൽ അത്
ചെയ്തത് ആരാണെങ്കിലും അയാളുടെ
കരണം പുകയ്ക്കാനും എന്റെ മകൾക്ക് ആരും പറഞ്ഞു കൊടുക്കണ്ട കാര്യമില്ല…”

തികഞ്ഞ അഭിമാനത്തോടെ സംഗീത തനിയ്ക്ക് മുമ്പിലിരിക്കുന്നവരെ ചിരിയോടെ നോക്കി പറഞ്ഞു നിർത്തുമ്പോൾ അവിടെ ഇരിയ്ക്കുന്നവരുടെയെല്ലാം കണ്ണുകൾ തേടി ചെന്നത് സംഗീതയ്ക്ക് അരികിൽ ചിരിയോടെ തങ്ങളെ നോക്കി ഇരിക്കുന്നവളിലേക്കാണ്…

വർണ്ണ…..

പേരുപോലെ വർണ്ണങ്ങൾ ഏഴും ചേർത്ത് ചാലിച്ച് ഈശ്വരൻ കരവിരുതോടെ സൃഷ്ടിച്ചെടുത്തൊരു സുന്ദരി പെണ്ണ്….

അവളെ മോഹിച്ചതിനോ ആഗ്രഹിച്ചതിനോ തങ്ങളുടെ ചെക്കനെ കുറ്റം പറയാൻ
പറ്റില്ലെന്നവരെല്ലാം മനസ്സിലോർത്തൊരു പോലെ…..

ശ്രീജയുടെ നോട്ടം പക്ഷെ തങ്ങി നിന്നത് തന്റെ മകൻ അഭിറാമിലാണ്…. അവനാണ് വർണ്ണയെ പെണ്ണു ചോദിക്കാൻ വേണ്ടി അവരെയെല്ലാം കൂട്ടിക്കൊണ്ടിങ്ങോട്ടു വന്നത്….

വർണ്ണയെ ഒന്നുകണ്ടമാത്രയിൽ തന്നെ ഇതാണെന്റെ പെണ്ണെന്നവന്റെ ഹൃദയം വിളിച്ചലറിയെന്ന് അഭിമാനത്തോടെയും അഹങ്കാരത്തോടെയും അവൻ അവന്റെ അച്ഛനെ കെട്ടിപ്പിടിച്ച് വിളിച്ചു പറഞ്ഞ രംഗമോർമ്മയിൽ വന്നവർക്കപ്പോൾ….

അതോടെ അവരിലത്ര നേരം ഉണ്ടായിരുന്ന നിസ്സംഗഭാവം ഒന്നേറുകയും മുഖം കൂടുതൽ ഗൗരവത്തിലേക്ക് മാറുകയും ചെയ്തു….

“ഇവരു രണ്ടു പേരും പരസ്പരം അറിയുന്നവരല്ലേ… അവർക്കൊരുമ്മിച്ചവരുടെ ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ താൽപര്യവും ഇഷ്ടവുമുണ്ടെങ്കിൽ ഈ വിവാഹത്തിനെനിയ്ക്ക് സമ്മതമാണ്… നിങ്ങൾക്കും ഓക്കെയാണോ….?

ഇരുത്തം വന്നൊരു കുടുംബിനിയായ് തീരുമാനമെടുക്കുന്ന സംഗീതയിലും അവിടെ കൂടിയിരിക്കുന്ന മറ്റുള്ളവരിലേക്കുമെല്ലാം അലസം സഞ്ചരിച്ചു ശ്രീജയുടെ മിഴികൾ… അവരുടെ അലസ ഭാവത്തിലും മിണ്ടാതെയുള്ള ഇരുത്തതിലുമെല്ലാം സംഗീതയുടെ ശ്രദ്ധയും പതിയുന്നുണ്ട്….

“നിന്റെ അമ്മായി അമ്മ മിക്കവാറും നിനക്കൊരു പണിയായ് തീരും മോളൂ…. ഞാൻ കണ്ടറിഞ്ഞിടത്തോളം മറ്റുള്ളവരുമായ് വലിയ അടുപ്പമോ സൗഹൃദമോ ഇല്ലവർക്ക്… നീയൊന്ന് മനസ്സിൽ കരുതണമത്….. ”

അഭിറാമിന്റെ ഭാര്യയായ് ശ്രീജയുടെ മരുമകളായ് ആ വലിയ വീടിന്റെ പടിക്കയറുമ്പോൾ വർണ്ണയുടെ മനസ്സിലേക്കെത്തിയത് വിവാഹത്തിന് മുമ്പ് അമ്മ തന്നോടു പറഞ്ഞ ശ്രീജയെ പറ്റിയുള്ള വാക്കുകളാണ്… അതക്ഷരം പ്രതി ശരിവെയ്ക്കും പോലെയാണ് തന്നോടുള്ള ഇന്നത്തെ ശ്രീജയുടെ പെരുമാറ്റവുമെന്നോർത്തവൾ…

“അഭീ….. എന്നെ അഭിയുടെ ഭാര്യയാക്കാൻ
ഇവിടുത്തെ അമ്മയ്ക്ക് ഇഷ്ടകുറവൊന്നും ഉണ്ടായിരുന്നില്ലല്ലോ…?
അമ്മയുടെ പൂർണ്ണ സമ്മതത്തോടെയല്ലേ നമ്മുടെ കല്യാണം നടന്നത്…?

ദിവസങ്ങൾ ചെന്നതും ഒരു നാൾ
അഭിയുടെ നെഞ്ചിൽ തല ചായ്ച്ചിരിയ്ക്കുമ്പോൾ
അവനോടു കാര്യമായ് തന്നെ തിരക്കിയവൾ….കാരണം ഈ കുറഞ്ഞ ദിവസങ്ങൾ കൊണ്ടവൾക്കത്രയും ശ്രീജയുടെ പെരുമാറ്റം വിഷമമേകിയിട്ടുണ്ട്.

അഭിയുടെ ഭാര്യയായ് താൻ വന്നിട്ടിത്ര നാളായിട്ടും ഇന്നേ വരെ തന്നോടൊന്ന് നേരാവണ്ണം സംസാരിക്കുകയോ എന്തിനൊന്ന് ഉള്ളുതുറന്ന് ചിരിക്കുകയോ പോലും ചെയ്യാത്ത ശ്രീജയുടെ മുഖമാണവളുടെ ഉള്ളിൽ തെളിഞ്ഞു നിന്നന്നേരമെങ്കിൽ
വർണ്ണയുടെ ചോദ്യത്തിന് എന്ത് മറുപടി ഉത്തരമായ് നൽകണമെന്നറിയാതെ ഉഴറി നിന്നു പോയ് അഭി…

തനിയ്ക്കൊരു പെൺകുട്ടിയെ ഇഷ്ടമാണെന്നും അവളെ വിവാഹം കഴിച്ചാൽ കൊള്ളാമെന്നും പറഞ്ഞപ്പോഴുള്ള അമ്മയുടെ മുഖഭാവം ഓർത്തവൻ…. വളരെ സാധാരണയൊരു കാര്യം കേൾക്കുന്നൊരു ഭാവം മാത്രമേ അമ്മയുടെ മുഖത്തന്നും ഉണ്ടായിരുന്നുള്ളു… അതിലപ്പുറം പെൺക്കുട്ടിയെ പറ്റിയോ അവളുടെ വീട്ടുകാരെ പറ്റിയോ പോലും ഒരു ചോദ്യം ഉണ്ടായില്ല അമ്മയിൽ നിന്ന്… ബന്ധുക്കൾ വിവാഹത്തിൽ പങ്കെടുക്കും പോലെ എല്ലാ കാര്യത്തിലും കൃത്യമായൊരകൽച്ചയോടെയാണമ്മ തങ്ങളുടെ വിവാഹത്തിൽ പങ്കെടുത്തത് പോലും….

മനസ്സ് നിറയ്ക്കുന്നൊരു ചിരി പോലും ഇന്നേ വരെ തനിയ്ക്കായ് തരാത്ത തന്റെ അമ്മ….
ആ ഒരോർമ്മയിൽ പോലുമൊരു വേദന തിങ്ങിയവനിൽ…

തന്റെ ചോദ്യത്തിന് മറുപടിയൊന്നും നൽകാതെ നിശബ്ദനായിരിക്കുന്ന അഭിയെ കണ്ടതും വർണ്ണയ്ക്ക് തന്റെ ചോദ്യത്തിനുള്ള ഉത്തരം ലഭിച്ചിരുന്നു…

“അഭീ… ആ ചോദ്യം വിട്ടേക്ക്… ഞാൻ വെറുതെ ചോദിച്ചതാണ്….”

തന്റെ ചോദ്യം അവനെ വിഷമിപ്പിച്ചു എന്ന തിരിച്ചറിവോടെ മെല്ലെ പറഞ്ഞവൾ..

” അമ്മയ്ക്കങ്ങനെ പ്രത്യേക ഇഷ്ടമോ ഇഷ്ടക്കേടോ ഒന്നുമില്ലെടോ.. ആരുടെയും ഒരു കാര്യത്തിലും പ്രത്യേക
സന്തോഷമോ സങ്കടമോ ഒന്നുമില്ലാതെ ആര് എന്തു വേണമെങ്കിലും ചെയ്തോ എന്നൊരു തരം നിസംഗതയാണ്
അമ്മയിലെപ്പോഴും…. ആരും… ഒന്നും.. അമ്മയെ ബാധിക്കാത്തത് പോലെ…
എന്റെ കാര്യത്തിൽ മാത്രമല്ല അച്ഛന്റെ കാര്യത്തിലും അമ്മ അങ്ങനെ തന്നെയാണ്….. ഞങ്ങൾക്കാവശ്യമുള്ളതെല്ലാം ഞങ്ങൾ പറയാതെ തന്നെ കണ്ടറിഞ്ഞു ചെയ്തു തരും അമ്മ…. ഞങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് അമ്മ ഭക്ഷണവും മറ്റും ഉണ്ടാക്കും… എന്നാലത് ഞങ്ങൾക്ക് വിളമ്പി തരുകയോ ഞങ്ങൾക്കൊപ്പമിരുന്നമ്മ ഭക്ഷണം കഴിക്കുകയോ ചെയ്യാറില്ല…..
അമ്മയുടെ ജോലികളാണെങ്കിലും ശീലങ്ങളാണെങ്കിലും എല്ലാം അമ്മ തനിച്ച് തന്നെയാണ്… ഞാനും അച്ഛനുമൊന്നും അമ്മയുടെ പരിസരത്തു പോലും ഉണ്ടാവില്ല… ഈ വന്ന ദിവസങ്ങൾക്കൊണ്ടത് നിനക്കും മനസ്സിലായതല്ലേ….?

ഇനിയും പറയാനേറെയുള്ളൊരു ഭാവത്തോടെ അഭിറാം ചോദിച്ചതിന് വെറുതെയൊന്ന് മൂളുമ്പോൾ ഉത്തരം കിട്ടാത്ത അനേകം ചോദ്യങ്ങൾക്കുള്ളിൽ വട്ടം കറങ്ങുകയായിരുന്നു വർണ്ണയുടെ മനസ്സ്….

“ഇന്ന് എന്താ അമ്മേ ബ്രേക്ക് ഫാസ്റ്റിന്…ഇടിയപ്പമാണോ….?

പിറ്റേ ദിവസം പതിവിനും വിപരീതമായ് നേരത്തെ എഴുന്നേറ്റ് അടുക്കളയിലേക്ക് ചെന്ന വർണ്ണ അരി പൊടിക്കുഴച്ചു കൊണ്ടിരുന്ന ശ്രീജയോട് നിറഞ്ഞ ചിരിയോടെ തിരക്കിയതും ചെയ്തു കൊണ്ടിരുന്ന പ്രവർത്തി നിർത്തിവെച്ചവളെ നോക്കി ശ്രീജ…

അതറിഞ്ഞിട്ടും ആ നോട്ടമേറ്റിട്ടും അവരെ പിന്നെ നോക്കിയില്ല വർണ്ണ…

‘കുട്ടിയ്ക്കിഷ്ടമില്ലേ ഇടിയപ്പം….? ഇല്ലെങ്കിൽ ഇഷ്ടം എന്താണെന്ന് പറഞ്ഞാൽ മതി, ഉണ്ടാക്കി തരാം… ഇവിടെ അവരച്ഛനും മോനും ഇടിയപ്പം നല്ല ഇഷ്ടമാണ്… അതാണ് ഞാനിത് ഉണ്ടാക്കിയത്…”

ഇടിയപ്പം ഇഷ്ടമല്ല വർണ്ണയ്ക്ക് എന്ന തോന്നലിൽ തന്റെ ഭാഗം ശ്രീജ വ്യക്തമാക്കുമ്പോൾ കണ്ണടുക്കാതെയവരെ നോക്കി വർണ്ണ…

താനിവിടെ വന്നതിൽ പിന്നെ ആദ്യമായാണ് ഇത്രയും വാക്കുകൾ കൂട്ടിച്ചേർത്തവർ തന്നോടു സംസാരിക്കുന്നത് എന്നതിശമാണ് വർണ്ണയിൽ…

”എനിയ്ക്കങ്ങനെ ഭക്ഷണത്തിൽ പ്രത്യേക ഇഷ്ടമോ അനിഷ്ടമോ ഒന്നുമില്ല അമ്മേ… എന്തു കിട്ടിയാലും കഴിയ്ക്കും…. എപ്പോ കിട്ടിയാലും കഴിയ്ക്കും… കിട്ടുമ്പോൾ ചൂട് ഉണ്ടാവണമെന്ന് മാത്രം… ”

അവരെ തന്നെ കണ്ണെടുക്കാതെ നോക്കി വർണ്ണവിശദീകരിക്കുമ്പോൾ ഒട്ടൊരു അതിശയത്തോടെ അവളെ നോക്കി ശ്രീജ…
താനും ഇങ്ങനെ തന്നെയല്ലേന്നവർ മനസ്സിലൊന്നു ചിന്തിച്ചന്നേരം….

“അമ്മയ്ക്ക് രാവിലെ ഏതു ഫുഡാ ഏറ്റോം ഇഷ്ടം…?

തികച്ചും സാധാരണയൊരു ചോദ്യമായിരുന്നു വർണ്ണയ്ക്കതെങ്കിൽ ആ ചോദ്യം കേട്ട
ശ്രീജയിൽ സ്വയം പുച്ഛിക്കുന്നൊരു ചിരിയാണ് തെളിഞ്ഞത്…

“അമ്മയ്ക്കിഷ്ടം… അമ്മയുടെ ഇഷ്ടം… അങ്ങനെ ഒന്നുണ്ടോ തനിയ്ക്ക്…?

സ്വയമോർത്തവർ… പിന്നെ അങ്ങനൊരു ചോദ്യമേ കേട്ടില്ലെന്ന് നടിച്ച് താൻ ചെയ്തു കൊണ്ടിരുന്ന ജോലിയവർ വേഗത്തിൽ തുടർന്നു…. ഇതിനിടയിൽ പലവട്ടം അവരുടെ കണ്ണുകൾ നിറയുന്നതും കണ്ണുനീർ താഴേയ്ക്ക് വീഴാൻ അനുവദിക്കാതെ ശ്രദ്ധാപൂർവ്വമവർ അതൊളിപ്പിയ്ക്കുന്നതുമെല്ലാം വർണ്ണ അവരറിയാതെ നോക്കി കാണുന്നുണ്ടായിരുന്നു…

“നീയെന്തിനാ വർണ്ണേ ഇപ്പോൾ ലോംങ് ലീവെടുത്തത്…?
അതിനു മാത്രം എന്താണിപ്പോൾ അത്യാവശ്യം…?

കിച്ചണിൽ ശ്രീജയ്ക്കടുത്ത് വെറുതെ അവരെ നോക്കി നിൽക്കുകയായിരുന്ന വർണ്ണയുടെ അടുത്തെത്തി ലീവിന്റെ കാര്യം അഭി തിരക്കുമ്പോൾ അതെന്തിനെന്ന പോലെ അവളെ നോക്കി ശ്രീജയും…

കഴിഞ്ഞ രണ്ടു മൂന്നു ദിവസമായുള്ള വർണ്ണയുടെ ശീലമാണ് ശ്രീജയ്ക്കൊപ്പം ഒന്നും രണ്ടും പറഞ്ഞ് പിന്നാലെ കൂടുകയെന്നത്… ശ്രീജ തിരികെയൊന്നും പറഞ്ഞില്ലെങ്കിലും എല്ലാ വിശേഷങ്ങളും അവളങ്ങനെ പറഞ്ഞു കൊണ്ടേയിരിക്കും… അപ്പോൾ പോലും പറഞ്ഞിട്ടില്ല ഇങ്ങനൊരു ലീവിന്റെ കാര്യം… അതാണ് ശ്രീജയുടെ നോട്ടത്തിന്റെ അർത്ഥവും…

“ഞാൻ കുറച്ചു ദിവസം വെറുതെ വീട്ടിലിരിക്കാൻ തീരുമാനിച്ചഭീ….

ഭാവഭേതങ്ങളില്ലാതെ പറയുന്നവളെ അമ്പരന്നു നോക്കി അഭി… എന്നാൽ പിറ്റേന്നു വൈകുന്നേരം ഓഫീസ് വിട്ട് വീട്ടിലെത്തിയ അഭിയേയും അച്ഛനെയും വരവേറ്റത് നിറഞ്ഞ പൊട്ടിചിരിയോടെ വർണ്ണയോടെന്തോ കാര്യമായ് സംസാരിയ്ക്കുന്ന ശ്രീജയാണ്…

അതൊരു തുടക്കം മാത്രമായിരുന്നു… ആ വീടിന്റെ നാലു ചുവരുകൾക്കുള്ളിൽ ചിരിക്കാൻ മറന്നു ജീവിച്ചിരുന്ന ശ്രീജയെ പുറം ലോകത്തെ സന്തോഷങ്ങളെന്തെന്നറിയിച്ചു വർണ്ണ… ഈ ലോകത്തിന്റെ മാറ്റങ്ങളെ അടുത്തു നിർത്തി കാണിച്ചു കൊടുത്തവൾ….

വർണ്ണയുടെ ലോകം ശ്രീജയിലേക്ക് ചുരുങ്ങുംതോറും അഭിയും അച്ഛനും തിരിച്ചറിഞ്ഞൊരു സത്യമുണ്ടായിരുന്നു, അവരുടെ തിരക്കുകളിൽ അവർ അമ്മയെ മറന്നു തുടങ്ങിയതു മുതലാണ് അമ്മയ്ക്കും മാറ്റങ്ങൾ ഉണ്ടായതെന്ന്…

ശ്രീജയ്ക്കായ് മാറ്റിവെക്കാനവർക്ക് സമയം ഉണ്ടായിരുന്നില്ല എന്ന ചിന്ത ഉള്ളിൽ വന്നതും തീക്കൊള്ളികൊണ്ട് കുത്തേറ്റ പോലെ പിടഞ്ഞു അഭി….

വർഷങ്ങളായ് ഒരുമ്മിച്ചുള്ള തങ്ങൾ അമ്മയെ മനസ്സിലാക്കിയില്ല… പക്ഷെ ദിവസങ്ങൾക്ക് മുമ്പിവിടെ വന്ന വർണ്ണയ്ക്ക് അമ്മയുടെ മാറ്റത്തിന്റെ കാരണം എളുപ്പം മനസ്സിലായ്….

ഒരു മകനെന്ന നിലയിൽ താനും ഭർത്താവെന്ന നിലയിൽ അച്ഛനും പരാജയപ്പെട്ടിടത്ത് വിജയിയായ് നിൽക്കുന്ന വർണ്ണ ശ്രീജയുടെ ജീവിതത്തിൽ നിറങ്ങൾ ചാലിച്ച് മുന്നേറുമ്പോൾ ഇനിയെങ്കിലും തങ്ങളുടെ തെറ്റ് തിരുത്തണമെന്ന തിരിച്ചറിവിൽവർണ്ണയ്ക്കൊപ്പം കൂടി അവരച്ചനും മകനും….

ഒരു പെണ്ണിനെ അവളോളം മനസ്സിലാക്കാൻ പറ്റുന്നത് മറ്റൊരു പെണ്ണിനാണ്…. വർണ്ണ, വർണ്ണങ്ങൾ നിറയ്ക്കട്ടെ അവിടെ എല്ലാവരിലും…

✍️രജിത ജയൻ

Leave a Reply

Your email address will not be published. Required fields are marked *