എടാ നിന്റെ ഭാര്യ എന്തൊക്കെയാ ഈ കാട്ടിക്കൂട്ടുന്നത്?? നീയും കൂടി അറിഞ്ഞുകൊണ്ടാണോ?? എന്ത്??അമ്മ കാര്യം പറ. ….

രാവിലെ പല്ലുതേച്ചുകൊണ്ട് നിന്നപ്പോഴാണ് അമ്മായിയമ്മ എന്റെയരികിലേക്ക്
ഇരച്ചു വന്നത്

ഇതൊന്നും ഇവിടെ നടക്കില്ല അമ്മ ഉറഞ്ഞുതുള്ളി.

എന്താമ്മേ കാര്യം…..??

അതൊക്കെ ഞാൻ എന്റെ മകനോട് പറഞ്ഞോളാം. എടാ ജോസൂട്ടി…
നീ ഇങ്ങോട്ടൊന്ന് വന്നേ…

എന്താ അമ്മേ??
അവൻ അടുത്തേക്ക് വന്നു.

എടാ നിന്റെ ഭാര്യ എന്തൊക്കെയാ ഈ കാട്ടിക്കൂട്ടുന്നത്?? നീയും കൂടി അറിഞ്ഞുകൊണ്ടാണോ??

എന്ത്??അമ്മ കാര്യം പറ.

എന്താ നീയീവീട്ടിലൊന്നുമല്ലേ താമസം??

എന്റെയമ്മേ..
അമ്മ കാര്യം പറ. എന്നാലല്ലേ എനിക്ക് മനസ്സിലാകൂ…

നിന്റെ മോന് എത്ര വയസ്സായെടാ..??

അതെന്താ അമ്മയ്ക്കറിയില്ലേ അവന്റെ പ്രായം ??

അറിയാം, എന്നാലും പറ എത്ര വയസ്സായി ??

അവന് പതിമൂന്ന് വയസ്സ്.

അതെ,അത്രയേ ഉള്ളൂ കൊച്ചിന് പ്രായം,
എന്നിട്ട് ആ കൊച്ചിനെക്കൊണ്ടവൾ തുണികളൊക്കെ അലക്കിക്കും.
സ്കൂളിൽ പോയി വന്നിട്ട് അത് തുണിയൊക്കെ അലക്കിയിടുന്നത് കണ്ടാൽ പാവം തോന്നും .

അവന്റെ തുണി അവൻ അലക്കുന്നതിൽ എന്താമ്മേ പ്രശ്നം…??

എടാ ജോസുകുട്ടി… ആ ഇച്ചിരി ഇല്ലാത്ത ചെറുക്കൻ വേണോ അതൊക്കെ ചെയ്യാൻ?? ഇന്ന് തന്നെ നോക്ക്, ആ കൊച്ച് രാവിലെ അടുക്കളയിൽ കയറി ഉപ്പുമാവ് ഉണ്ടാക്കുന്നു.
നിന്റെ ഭാര്യക്ക് ചെയ്യാവുന്ന പണിയല്ലേ ഈ വീട്ടിലുള്ളൂ..

അതിന് ചെറിയ ജോലികളല്ലേ അമ്മേ ഞാൻ മോനെ കൊണ്ട് ചെയ്യിക്കുന്നുള്ളൂ…
ഞാൻ ചോദിച്ചു..

അവനൊരു ആൺകുട്ടിയാണ്.
എന്റെ കൊച്ചു മകനെ കൊണ്ട് അടുക്കള പണിയെടുപ്പിക്കാൻ ഞാൻ സമ്മതിക്കില്ല. അവൻ പഠിക്കുന്ന പ്രായമാ,അത് മാത്രം അവൻ ചെയ്താൽ മതി.

എങ്കിൽ അമ്മയ്ക്ക് പറ്റുന്ന ചെറിയ ജോലിയൊക്കെ ചെയ്തമ്മയെന്നെ അടുക്കളയിൽ സഹായിക്ക്. ഞാൻ പറഞ്ഞു.

കേട്ടോടാ നിന്റെ ഭാര്യ പറയുന്നത്.
എടീ പെണ്ണേ..നീ വരുന്നതിനു മുൻപ് ഞാനാ ഈ വീട്ടിലെ സകല പണികളും ചെയ്തത്. എനിക്കിനി വിശ്രമിക്കണം.

ശരി അമ്മ ശ്രമിച്ചോളൂ, അല്ലെങ്കിലും
അമ്മയെന്നെ ഒന്നിനും സഹായിക്കാറില്ലല്ലോ.
ഞാൻ അമ്മയോട് ഒന്നും ചെയ്യാനും പറയാറില്ല.
ചെറിയ എന്തെങ്കിലും കാര്യങ്ങളിൽ എന്റെ മകൻ എന്നെ സഹായിക്കുന്നതിന്
എനിക്കല്പമാശ്വാസം തന്നെയാണ്.

ചിരിയോടെ ഞാൻ അടുക്കളയിലേക്ക് നടന്നു.

എടാ…അവൾ പറഞ്ഞത് നീ കേട്ടോ.
ഹും! ഇന്ന് രാവിലെ കൊച്ച്‌ തന്നെ അടുക്കളയിൽ വന്നുപ്പുമാവ് ഉണ്ടാക്കി കഴിക്കുന്നു.

നിന്റെ അമ്മയ്ക്ക് ഒന്നും ഉണ്ടാക്കാൻ പറ്റില്ലേ എന്ന് ചോദിച്ചപ്പോൾ കൊച്ച് പറയുവാ അമ്മക്ക് പീരിയഡ് ആയിരിക്കുവാ, അമ്മ കിടന്നോട്ടെ എന്ന്.

ഒരു കൊച്ചു ചെറുക്കനോട് അവൾക്കിത് പറയാൻ നാണമില്ലേ, കേട്ടിട്ട് എന്റെ തൊലിയുരിഞ്ഞുപോയി.

അതിനിപ്പോൾ എന്താമ്മേ..
എവിടെ നിന്നെങ്കിലും അരയും മുറിയുമായി കാര്യങ്ങൾ മനസ്സിലാക്കുന്നതിലും നല്ലതല്ലേ അവൾ പറഞ്ഞു കൊടുക്കുന്നത്.

അതൊക്കെ പ്രായമാകുമ്പോൾ അവൻ സ്വയം മനസ്സിലാക്കിക്കൊള്ളും. ഇപ്പോഴേ പറഞ്ഞു കൊടുക്കേണ്ട കാര്യമൊന്നുമില്ല അത് കൊച്ചല്ലേ..

അമ്മ എപ്പോഴുമവളെയിങ്ങനെ കുറ്റപ്പെടുത്തരുത്. ഒരു വീടാകുമ്പോൾ എന്തൊക്കെ ജോലികളാണുള്ളത്
അവൾ ഒരു പരാതിയും പറയാതെ എല്ലാം ചെയ്യുന്നില്ലേ, അമ്മയുടെ കാര്യങ്ങളെല്ലാം അവളല്ലേ ചെയ്തു തരുന്നത്.
സ്വന്തം വസ്ത്രങ്ങൾ പോലും അമ്മ കഴുകി ഇടാറില്ലല്ലോ

ഓഹോ….. അതിനെല്ലാം കണക്ക് സൂക്ഷിക്കുന്നുണ്ടല്ലേ.അമ്മ കണ്ണുമിഴിപ്പിച്ചു

എന്റെ ജോലിത്തിരക്കമ്മയ്ക്കറിയാവുന്നതല്ലേ എനിക്കൊന്നിനുമവളെ സഹായിക്കാൻ പറ്റിയിട്ടില്ല

ഓഹ്…നീ ഒരു പെൺകോന്തനാണല്ലോ
ഞാനത് ഓർത്തില്ല.

അയാൾ ചിരിയോടെ അമ്മയുടെ തോളിൽ പിടിച്ചു . അമ്മേ…അച്ഛൻ വയ്യാതെ മൂന്നുവർഷം കിടപ്പിലായിരുന്നപ്പോൾ
അവളെങ്ങനെയാ അച്ഛനെ നോക്കിയത്..

അത് അവളുടെ കടമയല്ലേടാ..?? ഭർത്താവിന്റെ അച്ഛനെയും അമ്മയെയും അവളല്ലേ നോക്കേണ്ടത്.??

മകനായ എനിക്കില്ലാത്തഎന്ത് കടമയാണമ്മേ അവൾക്കുള്ളത്.
എന്നിട്ടും അച്ഛന്റെ മരണംവരെ അവൾ അച്ഛനെ പൊന്നുപോലെയല്ലേ നോക്കിയത്…??

അതൊക്കെ ശരിയാണ്.

ഇപ്പോൾ മോൻ, അവളെ സഹായിക്കുന്നത് അവന്റെ മനസ്സിൽ നന്മയുള്ളതുകൊണ്ടല്ലേ..

എടാ… എന്നാലും…..

ഒരെന്നാലുമില്ല. പണ്ടത്തെ കുട്ടികളൊന്നുമല്ല ഇപ്പോൾ. അവർക്കെല്ലാ കാര്യങ്ങളും പറഞ്ഞുകൊടുത്തു വളർത്തണം.

ഞാൻ ജോലി കഴിഞ്ഞു മനസമാധാനത്തോടെ കയറി വരുന്നതും, ടെൻഷൻ ഇല്ലാതെ കിടന്നുറങ്ങുന്നതും അവൾ ഇവിടെയുള്ളതുകൊണ്ടാണ്.
എന്റെ ഭാഗ്യമാണവൾ.

അമ്മയ്ക്ക് അറിയില്ലേ, ഹൗസിംഗ് ലോൺ വണ്ടിയുടെ c c ഒക്കെ അടഞ്ഞു പോകണം.
എല്ലാം നടന്നുപോകുന്നത് എനിക്കൊപ്പം അവളും കൂടി കഷ്ടപ്പെട്ടിട്ടാണ്..
ഓഫീസിൽ എന്റെ ജോലിയുടെ ടെൻഷൻ എന്തുമാത്രമുണ്ടെന്ന് അമ്മയ്ക്ക് പറഞ്ഞാൽ മനസ്സിലാവില്ല.
ജോലി കഴിഞ്ഞു വന്നിട്ട് ഞാൻ ടൗണിൽ ഓട്ടോ ഓടിക്കാൻ പോകുന്നത് അമ്മ കാണുന്നതല്ലേ.
ഒരു സാധാരണക്കാരൻ കുടുംബം മുന്നോട്ട് കൊണ്ടുപോകുന്നത് എത്രമാത്രം കഷ്ടപ്പെട്ടിട്ടാണ്, അതിനിടയിൽ മോനെ ശ്രദ്ധിക്കാനോ അവനായി സമയം മാറ്റിവയ്ക്കാൻ പോലും എനിക്ക് പറ്റാറില്ല. സ്വരം അയാളുടെ സ്വരം ഇടറി

അവൾ താങ്ങി നിർത്തുന്നതാണ് എന്നെ. അല്ലെങ്കിൽ എത്രയോ പണ്ടേ ഞാൻ വീണു പോകുമായിരുന്നു.

അമ്മ മിണ്ടിയില്ല.

നോക്ക്…എനിക്കെന്റെ അമ്മയോളം തന്നെ വലുതാണ് അവളും.

അവൾ ശരിയാണ്. അവൾ വളർത്തുന്ന കുഞ്ഞും നന്മയുടെ പാതയിലേ വളരൂ…

ഉം…
ഇത്തവണ അമ്മയുടെ മുഖത്ത് മരുമകളോടുള്ള സ്നേഹം നിറഞ്ഞ നിന്നിരുന്നു

കാലം ഒന്നിനുവേണ്ടിയും കാത്തു നിൽക്കാറില്ലല്ലോ അതങ്ങനെ പാഞ്ഞു പോവുകയാണ്.

ജോസുകുട്ടി കാലിൽ കുഴമ്പ് പുരട്ടി
പതിയെ തിരുമ്മി.

അപ്പാ… അലന്റെ വിളി കേട്ട് അയാൾ തലയുയർത്തി.

അപ്പാ…വേദന കുറവുണ്ടോ ??
ഞാൻ കുഴമ്പ് പുരട്ടി തരുമായിരുന്നല്ലോ.

അവൻ അപ്പായുടെ കാലുകൾ തിരുമ്മി കൊടുത്തു.

വെള്ളം ചൂടായി വരൂ കുളിക്കാം .
അലൻ പതിയെ അപ്പായേ പിടിച്ചെഴുന്നേൽപ്പിച്ചു കുളിമുറിയിലേക്ക് നടത്തി.

ആ എൺപത്തിയൊൻപത് കാരൻ മകന്റെ കൈകളിൽ പിടിച്ചു പതിയെ നടന്നു.

എടിയേ….നമ്മുടെ മകൻ എന്നെ നന്നായി നോക്കുന്നുണ്ട് കേട്ടോ,
ഏതോ ഒരു ലോകത്തിൽ നീ എന്നെ കാത്തിരിപ്പുണ്ടെന്നെനിക്കറിയാം.

എനിക്ക് നിന്നോട് ഇനിയുമിനിയും നന്ദി പറയണം. ഇങ്ങനെ ഒരു മകനെ തന്നതിൽ, അവനെ നന്മയുള്ളവനായി വളർത്തിയതിൽ…

കൂടെയുണ്ടായിരുന്ന സമയത്തും ഞാനത് നിന്നോട് ഒരുപാട് വട്ടം പറഞ്ഞിട്ടുണ്ട്.
എങ്കിലും ഇനിയും പറയണമെനിക്ക്.
അത്ര നന്നായി ഒരു കുഞ്ഞിനെ പോലെ അവൻ എന്നെ പരിപാലിക്കുന്നുണ്ട്

പല്ലില്ലാത്ത മോണ കാട്ടി അയാൾ തന്റെ മകനെ നോക്കി പുഞ്ചിരിച്ചു….

ലോകത്തിലെ ഏറ്റവും സുന്ദരമായ പുഞ്ചിരി അത് മക്കൾ നന്നായി പരിപാലിക്കുന്ന മാതാപിതാക്കളുടെ ഹൃദയത്തിൽ നിന്നും ഉരുത്തിരിയുന്ന പുഞ്ചിരിയാണ്

ജനിച്ചു വീണ കുഞ്ഞിന്റെപിഞ്ചിളം ചുണ്ടിൽ വിരിയുന്ന നറുപുഞ്ചിരിയോളം മനോഹരമാണത്…

✍️Anju Thankachan

Leave a Reply

Your email address will not be published. Required fields are marked *