എന്റെ അനുമതിയില്ലാതെ എന്റെ പ്രൈവറ്റ് പാർട്സിൽ കൈ വച്ചതിനാണ്. ” ആ വാക്കുകൾ കേൾക്കെ അരവിന്ദിന്റെ മിഴികൾ കുറുകി. മരിയ സിസ്റ്ററും നെറ്റി ചുളിച്ചു. അത് കണ്ടിട്ട് തുടർന്നു രേവതി….

“അവനെന്റെ മു…… നെഞ്ചിൽ കയറി പിടിച്ചു സിസ്റ്റർ… അതുകൊണ്ടാണ് ഞാൻ അടിച്ചത് ”

പറഞ്ഞു നിർത്തുമ്പോൾ അടങ്ങാത്ത കലിയിൽ പല്ലിറുമ്മി സിതാര.

” ഓ പിന്നെ… പുതിയ ന്യായം.. ഏത് പെണ്ണിനും രക്ഷപ്പെടാനുള്ള അവസാനത്തെ അടവ്…
ഒരു പ്രായം കഴിഞ്ഞാൽ ഏവന്റെയെങ്കിലും കിടക്കയിൽ അവന്റെ ആഗ്രഹങ്ങൾക്ക് വഴങ്ങി കൊടുത്ത് അവന്റെ തന്നെ കാലും നക്കി ജീവിക്കേണ്ടവളാണ് ഇവളൊക്കെ… അങ്ങനുള്ളവള് മാർക്ക് ഇത്രേം അഹങ്കാരം നല്ലതല്ല.. അത് മറക്കാതിരുന്നാൽ നല്ലത്.. ”

കേട്ടാൽ അറയ്ക്കുന്ന ആ വാക്കുകൾക്ക് മുന്നിൽ രോഷം അടക്കി മിഴികൾ പൂട്ടി മൗനമായി നിന്നു അവൾ.

“മിസ്റ്റർ ആന്റണി.. നിങ്ങടെ സംസാരം അല്പം മാന്യമായാൽ നല്ലത്. ഇത് നിങ്ങളുടെ ഓഫീസോ വീടോ അല്ല.. ഇതൊരു സ്കൂളാണ് ഞാൻ ഇവിടുത്തെ പ്രിൻസിപ്പലും ഈ പെൺകുട്ടി ഇവിടുത്തെ സ്റ്റുഡന്റുമാണ്. ”

സിസ്റ്റർ മരിയയ്ക്ക് ആ വാക്കുകൾ കേട്ട് മിണ്ടാതിരിക്കുവാൻ കഴിഞ്ഞില്ല എന്നാൽ പുച്ഛമായിരുന്നു ആന്റണിയുടെ മുഖത്ത്.

” പിന്നേ.. ഒരു സ്കൂള്… ഒരു പ്രിൻസിപ്പൽ… ഒരു സ്റ്റുഡന്റ്.. കൂടെ പഠിക്കണ ചെക്കന്റെ മൂക്കിന്റെ പാലം ഇടിച്ചു പൊട്ടിച്ചിട്ട് നിൽക്കുന്ന ഈ ക്രിമിനൽ ആണോ നിങ്ങളുടെ സ്റ്റുഡന്റ്.. എന്റെ ചെക്കനെ ഹോസ്പിറ്റലിൽ നിന്ന് വീട്ടിൽ കൊണ്ടാക്കിയിട്ടാ ഞാൻ ഈ വന്നേക്കുന്നേ നിങ്ങളൊരു പ്രിൻസിപ്പൽ ആണേൽ ആക്ഷൻ എടുക്ക് അല്ലെങ്കിൽ ഞാൻ പോലീസിനെ വിളിക്കാം… ഇവളൊക്കെ അകത്ത് കിടന്നാലേ പഠിക്കു.. ”

കലിയടങ്ങാതെ പല്ലിറുമ്മി അയാൾ. അതോടെ സിതാരയ്ക്ക് നേരെ തിരിഞ്ഞു സിസ്റ്റർ മരിയ.

” നോക്ക് സിതാരാ… ഇതൊരു ചെറിയ പ്രശ്നമല്ല.. നീ പറഞ്ഞത് പ്രൂവ് ചെയ്യാൻ പറ്റുമോ.. നീ കാരണം ഒരു സ്റ്റുഡന്റ് ഇപ്പോൾ ഹോസ്പിറ്റലിൽ ആണ്… ഇത്രയും മോശമായി ബിഹേവ് ചെയ്യുന്നൊരു സ്റ്റുഡന്റ് ഈ സ്കൂളിനും നാണക്കേട് ആണ്. സൊ പ്ലീസ്‌ ഗിവ് മീ ആൻ എക്സ്പ്ലനേഷൻ എബൌട്ട്‌ ദിസ്‌ ഇഷ്യൂ.. ഓർ യൂ നീഡ് ടു പ്രൂവ് യുവർ സ്റ്റേറ്റ്മെന്റ് എഗൈൻസ്റ്റ് അലൻ.. ”

സിസ്റ്ററുടെ ചോദ്യം കേൾക്കെ പതിയെ മുഖമുയർത്തി അവൾ. പക്ഷെ വീണ്ടും ഇടയിലേക്ക് കയറി ആന്റണി.

” പിന്നേ.. ഇനി എന്തോന്ന് എക്സ്പ്ലനേഷൻ… ഈ കരാട്ടെക്കാരി പെങ്കൊച്ചിനെ കാരണം ഇപ്പൊ പിള്ളേരെ സ്കൂളിൽ വിടാൻ പറ്റാത്ത അവസ്ഥയാണ്.. മുന്നേയും ഈ കൊച്ച് പലരെയും ഇടിച്ചിട്ടുണ്ടെന്ന് ഞാൻ അറിഞ്ഞു..ഇതിനൊരു തീരുമാനം ഉടനെ വേണം.. ഇവളെ പുറത്താക്കണം… അല്ലെങ്കിൽ പിന്നേ നമുക്ക് കേസാക്കാം.. പോലീസ് വരട്ടെ.. രണ്ടെണ്ണം കിട്ടിയാലേ ഇവരുടെയൊക്കെ തണ്ട് അടങ്ങു”

വിട്ടു കൊടുക്കുവാൻ തയ്യാറായില്ല അയാൾ. പോലീസ് എന്ന് കേട്ടപ്പോൾ ഉള്ളിൽ ഒരു ഭയം തോന്നാത്തിരുന്നില്ല സിതാരയ്ക്കും. ഇത്തവണ പ്രശ്‌നം ചെറുതല്ലായിരുന്നു. അപ്പോഴേക്കും സ്കൂളിൽ നിന്നും അറിയിച്ച പ്രകാരം സിതാരയുടെ അച്ഛൻ അരവിന്ദും അവിടെയെത്തി. അച്ഛനെ കണ്ട പാടെ ആശ്വാസത്തിൽ ഒന്ന് നോക്കി അവൾ.

” എന്താ മോളെ എന്താ പ്രശ്നം… എന്താ സിസ്റ്റർ ഇഷ്യൂ.. ”

സംശയത്തോടെ തന്നെ അയാൾ സിസ്റ്റർ മരിയയുടെ മുന്നിലേക്ക് ചെന്നു.

” മിസ്റ്റർ അരവിന്ദ് . സീ.. നിങ്ങളുടെ മകളുടെ പേരിൽ ഇപ്പോൾ വന്നേക്കുന്നത് വലിയൊരു കംപ്ലയിന്റ് ആണ്. ദേ ഈ നിൽക്കുന്ന ആന്റണിയുടെ മകൻ അലൻ സിതാരയുടെ ക്ലാസ്സ്മേറ്റ് ആണ്. ലഞ്ച് ബ്രേക്ക് ടൈമിൽ പ്രൊപ്പോസ് ചെയ്തെന്ന് പറഞ്ഞിട്ട് ആ കുട്ടിയെ സിതാര അറ്റാക്ക് ചെയ്തു. കുട്ടിക്ക് നല്ല പരിക്ക് ഉണ്ട്.. സൊ ഈ ഇഷ്യൂ കണ്ടില്ല എന്ന് നടിക്കാൻ മാനേജ്മെന്റിനു പറ്റില്ല.. ”

സിസ്റ്റർ പറഞ്ഞു നിർത്തുമ്പോൾ സിതാരയെ ഒന്ന് നോക്കി അരവിന്ദ് .

” വെറുതേ അറ്റാക്ക് ചെയ്തെന്നോ.. അങ്ങിനെ വരാൻ വഴിയില്ല… മോളെ എന്താ ഉണ്ടായെ.. എന്താ പ്രശ്നം… അവൻ എന്തേലും ചെയ്‌തോ നിന്നെ..”

പ്രശ്നം ഇത്രയുമായിട്ടും ഇതുവരെയും ആരും ചോദിക്കാത്ത… സിതാര
കേൾക്കാൻ ആഗ്രഹിച്ച ചോദ്യമായിരുന്നു അത്..

“അയ്യോ.. ഇതിപ്പോ കഥ മാറുകയാണല്ലോ… എന്റെ മോൻ ഇവളെ എന്തേലും ചെയ്തെന്നോ ….. ഹേ മിസ്റ്റർ.. മോളെ കരാട്ടെ പഠിപ്പിച്ചിട്ടു നാട്ടുകാരെ തല്ലിക്കാൻ വിട്ടേക്കുവാണോ നിങ്ങൾ.. ഇനി കെട്ടിച്ചു വിട്ടിട്ട് ഫസ്റ്റ് നൈറ്റ് ബെഡ്‌റൂമിലും മോള് കരാട്ടെ കാണിച്ചാൽ പിറ്റേന്ന് നിങ്ങൾ പോയി ചോദിക്കോ മോളെ അവൻ എന്താ നിന്നെ ചെയ്തത് എന്ന്.. ”

ഇത്തവണ ആന്റണിയുടെ വാക്കുകൾ വല്ലാതെ അതിരു കടന്നിരുന്നു. അതുകൊണ്ട് തന്നെ മൗനമായി കേട്ട് നിൽക്കുവാൻ കഴിഞ്ഞില്ല അരവിന്ദിന്

” മിസ്റ്റർ.. ആന്റണി… സംസാരം മര്യാദയ്ക്ക് ആയാൽ നല്ലത്… എന്റെ മകളുടെ കരാട്ടെ മാസ്റ്റർ ഞാൻ തന്നെയാണ്.
.. അത് അറിയില്ലേൽ ഇപ്പോൾ ഒന്ന് അറിഞ്ഞു വയ്ക്കുന്നത് നല്ലതാണ് തന്റെ ആരോഗ്യത്തിന്..”

വളരെ ശാന്തമായൊരു ഭീക്ഷണിയായിരുന്നു ആ വാക്കുകൾ. അതോടെ ഒന്ന് പരുങ്ങി ആന്റണി.

” നോക്ക് മിസ്റ്റർ അരവിന്ദ്. ഇതൊരു തർക്കത്തിനുള്ള സമയമല്ല.. സിതാര അലനോട് ചെയ്തതിനു വിറ്റ്നെസ്സ് ഉണ്ട്. സൊ ആക്ഷൻ എടുത്തേ മതിയാകുള്ളൂ.. ആന്റണി ഒരു ഒത്തുതീർപ്പിന് തയ്യാറാണെങ്കിൽ ഒരു ക്ഷമാപണത്തിൽ നമുക്ക് ഈ പ്രശ്നം അവസാനിപ്പിക്കാം അല്ലെങ്കിൽ..”

വാക്കുകൾ മുഴുവിപ്പിച്ചില്ല സിസ്റ്റർ മരിയ.

” സിസ്റ്റർ.. ആക്ഷൻ എടുക്കാം പക്ഷെ എന്താണ് സംഭവിച്ചത് എങ്ങിനെയാണ് സംഭവിച്ചത് എന്നതിനെ പറ്റി വ്യക്തമായൊരു എൻക്വയറി നടത്തണം. വന്ന് കേറി ഇപ്പോൾ വരേയ്ക്കും വ്യക്തമായി കാര്യങ്ങൾ മനസിലാക്കുവാൻ പറ്റിയിട്ടില്ല.. സൊ സിതാരയെ ആദ്യമൊന്ന് കേൾക്കണം… തെറ്റ് അവളുടെ ഭാഗത്താണെങ്കിൽ ഉറപ്പായും ശിക്ഷിക്കണം അതിനു ഞാനും ഒപ്പമുണ്ട് ”

അത്രയും പറഞ്ഞു കൊണ്ട് സിതാരയുടെ നേരെ തിരിഞ്ഞു അരവിന്ദ്

” എന്താണ് മോളെ ഉണ്ടായത്.. നീ പറയ്… ”

അവൾ കേൾക്കാൻ ആഗ്രഹിച്ച ചോദ്യം തന്നെയായിരുന്നു അത്

” എന്നെ പ്രൊപ്പോസ് ചെയ്തതിനല്ല ഞാൻ അലനെ തല്ലിയത്. എന്റെ അനുമതിയില്ലാതെ എന്റെ പ്രൈവറ്റ് പാർട്സിൽ കൈ വച്ചതിനാണ്. ”

ആ വാക്കുകൾ കേൾക്കെ അരവിന്ദിന്റെ മിഴികൾ കുറുകി. മരിയ സിസ്റ്ററും നെറ്റി ചുളിച്ചു. അത് കണ്ടിട്ട് തുടർന്നു രേവതി

“കുറച്ചധികം നാളുകളായി അലൻ പലർക്കും ശല്യമാണ്. സ്കൂളിൽ മൊബൈൽ ഫോൺസ് അലോഡ് അല്ല പക്ഷെ അലന്റെ കൈയിൽ ഫോണുണ്ട്. പല പെൺകുട്ടികളെയും അവൻ ശല്യം ചെയ്തിട്ടുണ്ട് കുറച്ചു നാളുകളായി എന്റെ പിന്നാലെയും വരുന്നുണ്ടായിരുന്നു. ഫുഡ്‌ കഴിച്ചു കൈ കഴുകി വന്ന സമയം എന്റെ ഒന്ന് രണ്ട് ഫോട്ടോസ് പെർമിഷൻ ഇല്ലാതെ അവൻ എടുത്തു. അത് ചോദ്യം ചെയ്തപ്പോൾ ബലമായി എന്നെ ബാഡ് ടച്ച്‌ ചെയ്തു. അതിനാണ് ഞാൻ അവനെ തല്ലിയത് ”
സിതാര പറഞ്ഞു നിർത്തവേ മരിയ സിസ്റ്ററുടെയും അരവിന്ദിന്റെയും നോട്ടം ഒരുപോലെ ആന്റണിയുടെ മേൽ പതിഞ്ഞു..

“കള്ളം പച്ചക്കള്ളം തോന്ന്യവാസം കാണിച്ചിട്ട് അവസാനം രക്ഷപ്പെടാൻ എന്ത് വൃത്തികേടും പറയാം എന്നാണോ.. എന്റെ മോൻ അത്തരക്കാരൻ അല്ല.. ഇനി സംസാരം ഇല്ല ഞാൻ പോലീസിനെ വിളിക്കാൻ പോവുകയാണ്.. കാര്യങ്ങൾ നിയമപരമായി തന്നെ പോട്ടെ ”

രോഷത്തോടെ ഫോൺ കയ്യിലെക്കെടുത്തു അയാൾ.

” സിസ്റ്റർ ഹാൻഡ് വാഷ് ഏരിയ കഴിഞ്ഞുള്ള കോറിഡോറിലെ ക്യാമറ ചെക്ക് ചെയ്താൽ ഞാൻ പറഞ്ഞത് സത്യമാണെന്ന് തെളിയിക്കുവാനുള്ള പ്രൂഫ് കിട്ടും ”

അത് കൂടി കൂട്ടിച്ചേർത്തു സിതാര. ആ നിമിഷം ഒന്ന് പരുങ്ങി ആന്റണി.

” ആഹാ.. എന്നാൽ പിന്നെ അത് നോക്കണം ആദ്യം.”

അരവിന്ദ് ആവേശത്തിൽ മുന്നിലേക്ക് കയറവേ ഓഫീസ് സ്റ്റാഫിനോട്‌ കണ്ണ് കൊണ്ട് ആംഗ്യം കാട്ടി സിസ്റ്റർ.

ഏറെ നേരം വൈകിയില്ല.

” സിസ്റ്റർ..ഈ കുട്ടി പറഞ്ഞത് ശെരിയാണ് വിഷ്വൽസ് കിട്ടിയിട്ടുണ്ട് ”

ഓഫീസ് സ്റ്റാഫ്‌ വച്ചു നീട്ടിയ പെൻഡ്രൈവ് ഓഫീസ് മുറിയിലെ വലിയ സ്‌ക്രീനിൽ കണക്ട് ചെയ്‌തു മരിയ സിസ്റ്റർ. സിതാര പറഞ്ഞ പ്രകാരമുള്ള കാര്യങ്ങൾ വളരെ വ്യക്തമായി ക്യാമെറയിൽ പതിഞ്ഞിരുന്നു. അത് കണ്ടതോടെ വല്ലാതെ നടുങ്ങി പോയി ആന്റണി.

” മിസ്റ്റർ ആന്റണി.. കണ്ടില്ലേ നിങ്ങളുടെ മകൻ കാട്ടിയ തോന്ന്യവാസം.. ഇപ്പോൾ എന്താണ് നിങ്ങൾക്ക് പറയുവാനുള്ളത്. ഈ കുട്ടിയുടെ മേൽ കുതിര കേറുകയായിരുന്നല്ലോ നിങ്ങൾ ഇത് വരെയും ”

സിസ്റ്റർ മരിയയുടെ മിഴികൾ ദേഷ്യത്താൽ ജ്വലിച്ചു. ആ സമയം പതിയെ സിതാരയെ ചേർത്തു പിടിച്ചു അരവിന്ദ്.

” സിസ്റ്ററെ… ഇനി പോലീസിനെ വിളിക്ക് കളി മാറുന്നത് ഞാൻ കാണിച്ചു തരാം.. ഇപ്പൊ വകുപ്പ് വേറെയാണ്. മോൻ കുറച്ചു നാള് അകത്ത് കിടക്കുമ്പോൾ തന്തയും പഠിക്കും.. പഠിക്കണം…”

ആന്റണിയെ നോക്കികൊണ്ടാണ് അരവിന്ദ് അത് പറഞ്ഞത്. അത് കൂടി കേൾക്കെ വല്ലാതെ വിയർത്തു തുടങ്ങി ആന്റണി.

” ഏ.. അത് വേണ്ട.. ഞാൻ പ്രശ്നത്തിനില്ല.. എന്നോട് ക്ഷമിക്കണം തെറ്റ് എന്റെ മോന്റെയാണ്. ഇനി പോലീസ് കേസൊന്നും വേണ്ട.. പ്ലീസ് ”

ആകെ പരുങ്ങി അയാൾ

” ഇങ്ങനല്ലല്ലോ താൻ കുറച്ചു മുന്നേ പറഞ്ഞത്. എടോ എന്റെ മോളെ കരാട്ടെ പഠിപ്പിച്ചപ്പോൾ എനിക്ക് ഒരൊറ്റ ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളു.. സെൽഫ് ഡിഫെൻസ്. അതിനു അവൾക്ക് കഴിയണം.. പെൺപിള്ളേരോട് തോന്ന്യവാസം കാട്ടാൻ നടന്നാൽ തന്റെ മോന്റെ അവസ്ഥ ഇനിയും കൂടുതൽ മോശമായേക്കും… മോന്റെ മാത്രമല്ല തന്റെയും.. വായിലെ നാക്കാണ് തന്നെ ചതിക്കുന്നത്.”

അരവിന്ദിന്റെ ആ വാക്കുകൾക്ക് മുന്നിൽ ഇളിഭ്യനായി തലകുമ്പിട്ടു ആന്റണി.

” നോക്കു അരവിന്ദ്… നിങ്ങൾക്ക് കംപ്ലയിന്റ് ഉണ്ടെങ്കിൽ അലന് എതിരെ ഞാൻ ആക്ഷൻ എടുക്കാം.. ”

സിസ്റ്റർ മരിയയുടെ വാക്കുകൾ കേട്ട് ഒന്ന് ഒന്ന് പുഞ്ചിരിച്ച ശേഷം സിതാരയെ നോക്കി അരവിന്ദ്. ആ നോട്ടത്തിന്റെ അർത്ഥം മാനസിലാക്കവേ പതിയെ സിസ്റ്റർക്ക് നേരെ തിരിഞ്ഞു സിതാര

” വേണ്ട സിസ്റ്റർ.. എനിക്ക് പരാതിയില്ല.. എന്നോട് അവൻ ചെയ്തതിനു ഞാൻ തിരികെ കൊടുത്തിട്ടുണ്ട്. അത് അവനെന്നല്ല ആരായാലും ഞാൻ വെറുതേ വിടില്ല.. ഇനിയും കൊടുക്കും… അതിനുള്ളത് എന്റെ അച്ഛൻ എനിക്ക് പഠിപ്പിച്ചു തന്നിട്ടുണ്ട്… ”

ആ വാക്കുകളിലെ ആത്മവിശ്വാസം കാൺകെ സംതൃപ്തിയിൽ ഒന്ന് പുഞ്ചിരിച്ചു മരിയ സിസ്റ്റർ.

” അപ്പോ ശെരി ആന്റണി സാറേ… ഞാൻ എന്റെ കൊച്ചിനേം കൊണ്ട് പോയേക്കുവാണേ… ”

പരിഹാസത്തോടെ ആന്റണിയെ ഒന്ന് നോക്കി സിതാരയേയും കൂട്ടി പുറത്തേക്ക് നടന്നു അരവിന്ദ്. മറുപടി പറയാതെ തല കുമ്പിട്ടു നിന്നു ആന്റണി.

” മിസ്റ്റർ ആന്റണി.. പ്രശ്നങ്ങൾ തീർന്നില്ലേ ഇനി നിൽക്കേണ്ട കാര്യമില്ല നിങ്ങൾക്കും പോകാം..”

മരിയ സിസ്റ്ററുടെ പുച്ഛത്തോടെയുള്ള വാക്കുകൾ കേട്ട് പതിയെ തല കുമ്പിട്ടു കൊണ്ട് പുറത്തേക്ക് നടന്നു ആന്റണിയും.

പുറത്തിറങ്ങിയ അരവിന്ദും സിതാരയും കാറിലേക്ക് കയറി.

” എടാ.. എന്നാലും ക്വിക്കിനു നീ അവന്റെ മൂക്ക് ഇടിച്ചു പരത്തിയാ… ”

അതിശയത്തോടെ അരവിന്ദ് ചോദിക്കുമ്പോൾ ഒന്ന് കണ്ണിറുക്കി സിതാര.. അത് കണ്ടിട്ട് പൊട്ടിച്ചിരിച്ചു കൊണ്ട് മകളെ തന്നോട് ചേർത്തു പിടിച്ചു ആ അച്ഛൻ…

(ശുഭം )

✍️പ്രജിത്ത് സുരേന്ദ്രബാബു

Leave a Reply

Your email address will not be published. Required fields are marked *