തന്റെ ഭാര്യ രേണുക രാത്രി രണ്ട് വീട്ടിൽ പുതുതായി ജോലിക്ക് വന്ന പയ്യന്റെ റൂമിൽ നിന്നിറങ്ങി വരുന്നത് കണ്ട് അശോക് ഞെട്ടി. ഭർത്താവായ താൻ ജീവിച്ചിരിക്കുമ്പോ ഒരു അന്യ പുരുഷന്റെ അതും മകന്റെ പ്രായമുള്ള ഒരു കിളുന്തു ചെക്കന്റെ അരികിൽ ഭാര്യ സുഖം തേടി പോയത് അശോകിനെ അടിമുടി തളർത്തി.
************
“അച്ഛനെ നോക്കാൻ ഒരു ഹോം നഴ്സിനെ വേണമെന്ന് നിങ്ങൾ ആ എജൻസിക്കാരോട് പറഞ്ഞിരുന്നില്ലേ. അവർ നാളെ ഒരു പയ്യനെ ഇങ്ങോട്ട് അയക്കാന്ന് പറഞ്ഞിട്ടുണ്ട്.
കിടക്കാൻ നേരം രേണുക അശോകിനോട് പറഞ്ഞു.
“ഇതിപ്പോ എത്രാമത്തെ ആളാ വരുന്നത്. അച്ഛന്റെ ദേഷ്യം കാരണം വരുന്നവരൊക്കെ ഒരു മാസം കഴിയുമ്പോ തിരിച്ചു പോവാ. നാളെ വരുന്ന പയ്യനെങ്കിലും ഇവിടെ സ്ഥിരം നിന്നിരുന്നെങ്കിൽ അച്ഛനെ ഓർത്തുള്ള ടെൻഷൻ കുറഞ്ഞു കിട്ടിയേനെ.
അശോക് നെടുവീർപ്പിട്ടു.
“നമുക്ക് നോക്കാം…”
രേണുക അയാളെ സമാധാനിപ്പിച്ചു.
******
സ്ട്രോക്ക് വന്ന് ഒരു വശം തളർന്ന് കിടക്കുകയാണ് അശോകിന്റെ അച്ഛൻ. ഒരു വർഷം ആയി ഈ കിടപ്പ് തുടങ്ങിയിട്ട്.
അശോക് ഒരു ഹാർട്ട് പേഷ്യന്റ് ആയത് കൊണ്ട് അയാൾക്ക് അച്ഛന്റെ കാര്യങ്ങൾ നോക്കുന്നതിനു പരിമിതികൾ ഉണ്ട്. രേണുകയ്ക്കും ഉണ്ട് പരിമിതികൾ. അവർക്കും ശാരീരിക അസ്വസ്ഥതകളും മറ്റും ഉണ്ട്.
അത് കാരണമാണ് അശോക് ഒരു ഹോം നഴ്സിനെ വച്ചത്. പക്ഷേ അച്ഛന്റെ മുൻകോപവും ദേഷ്യം വന്നാൽ കണ്ണ് പൊട്ടുന്ന ചീത്ത പറയുന്നതിനാലും ആരും ഒരു മാസം തികച്ചും അവിടെ ജോലിക്ക് നിൽക്കില്ല.
******
പിറ്റേ ദിവസം രാവിലെ വെളുത്തു മെലിഞ്ഞ ഒരു പയ്യൻ ഹോം നേഴ്സ് ആയിട്ട് അവിടേക്ക് വന്നു. അവന്റെ പേര് രാഹുൽ എന്നായിരുന്നു.
അശോക് അവന് കാര്യങ്ങളെല്ലാം വിശദീകരിച്ചു കൊടുത്തു. രാഹുൽ എല്ലാം ശ്രദ്ധയോടെ കേൾക്കുകയും നല്ല രീതിയിൽ അശോകിന്റെ അച്ഛനെ നോക്കുകയും ചെയ്ത് പോന്നു.
തുടക്കത്തിൽ അശോകിന്റെ അച്ഛൻ രാഹുലിനെ കണ്ണ് പൊട്ടുന്ന ചീത്ത പറയുകയും അവനോട് തീരെ സഹകരിക്കാതെ ദേഷ്യവും വെറുപ്പുമൊക്കെ കാണിക്കുകയും ചെയ്തിരുന്നു.
ഇതൊക്കെ സഹിക്കാൻ വയ്യാതെ അവൻ ഓടി പോകുമോന്ന് അശോക് പേടിച്ചെങ്കിലും അതുണ്ടായില്ല.
എന്നും എഴുന്നേറ്റ് ഓടി നടന്നിരുന്ന ആൾ പെട്ടെന്ന് ഒരു ദിവസം ഒരു വശം തളർന്ന് വീണ് പോയപ്പോ ഉണ്ടായ ദേഷ്യവും സങ്കടവുമാണ് ഇങ്ങനെയൊക്കെ പ്രകടിപ്പിക്കുന്നതെന്ന് മനസ്സിലാക്കി രാഹുൽ ക്ഷമയോടെ തന്റെ അച്ഛന്റെ പരിപാലിക്കുന്നത് കണ്ട് മനസ്സ് നിറഞ്ഞ അശോക് പറഞ്ഞതിലും കൂടുതൽ ശമ്പളം അവന് നൽകി പോന്നു.
രാഹുൽ ക്ഷമയോടെ തന്നെ പരിചരിക്കുന്നത് കണ്ട് അശോകിന്റെ അച്ഛന്റെ മനസ്സിലെ ദേഷ്യമൊക്കെ പോയി നല്ല രീതിയിൽ അവനോട് പെരുമാറാൻ തുടങ്ങിയിരുന്നു.
അശോകിനും അത് കണ്ട് സന്തോഷവും സംതൃപ്തിയും തോന്നി. അയാൾക്ക് മക്കളില്ലാത്തത് കൊണ്ട് രാഹുലിനെ അയാൾ ഒരു മോനെ പോലെയാണ് കണ്ടതും.
അങ്ങനെ ഇരിക്കവേയാണ് ഇന്നിപ്പോ അശോക് തന്റെ ഭാര്യ പാതി രാത്രി രാഹുലിന്റെ മുറിയിൽ നിന്നും ഇറങ്ങി വരുന്നത് കാണുന്നത്.
രാത്രി ഉറക്കത്തിനിടയ്ക്ക് തൊണ്ട വരണ്ട് ഉണങ്ങിയപ്പോ വെള്ളം കുടിക്കാനായി എഴുന്നേറ്റാതാണ് അശോക്. അപ്പോഴാണ് അടുത്ത് ഭാര്യ ഇല്ലെന്ന് അയാൾ കണ്ടത്. ഈ രാത്രി അവളിത് എവിടെ പോയി എന്ന് ചിന്തിച്ചു കൊണ്ട് അയാൾ എഴുന്നേറ്റ് മുറിക്ക് പുറത്തേക്ക് വരുമ്പോ ആണ് രേണുക രാഹുലിന്റെ മുറിയിൽ നിന്നിറങ്ങി അടുക്കളയിലേക്ക് പോകുന്നതും പിന്നെയും അതിനകത്തേക്ക് തന്നെ കയറി പോകുന്നതും കണ്ടത്.
ആ കാഴ്ചയിൽ ആകെ തകർന്ന് പോയ അശോക് തളർച്ചയോടെ കട്ടിലിൽ വന്ന് കിടന്നു.
സമയം അപ്പോൾ രാത്രി 1 മണി കഴിഞ്ഞിരുന്നു.
രാഹുൽ ആ വീട്ടിൽ വന്നിട്ടിപ്പോ ഒരു വർഷം കഴിഞ്ഞിട്ടുണ്ട്. ഈ ഒരു വർഷത്തിനിടയ്ക്ക് ഒരിക്കൽ പോലും രേണുക മോശം രീതിയിൽ അവനുമായി ഇടപഴകുന്നതോ അവനോട് എന്തെങ്കിലും ജോലി സംബന്ധമായി അല്ലാതെ ലോഹ്യം പറയുന്നതോ സംസാരിക്കുന്നതോ ഒന്നും അശോക് കണ്ടിട്ടില്ല.
അതുകൊണ്ട് ഈ ബന്ധം എത്ര നാളായി തുടങ്ങിയിട്ട് എന്നറിയാൻ അയാൾ അപ്പോൾ പ്രതികരിക്കാതെ കാത്തിരിക്കാൻ തീരുമാനിച്ചു.
വെളുപ്പിന് നാല് മണി കഴിഞ്ഞാണ് രേണുക തിരികെ റൂമിലെത്തിയത്.
അടുത്ത മൂന്ന് ദിവസവും ഇത് തന്നെ ആവർത്തിച്ചു. ഈ മൂന്ന് ദിവസവും അശോക് ക്ഷമയോടെ കാത്തിരുന്നു.
രണ്ട് പേരെയും കൊന്നിട്ട് ജയിലിൽ പോയാലോ എന്നൊക്കെ അശോക് ഈ ദിവസങ്ങളിൽ ചിന്തിച്ചിരുന്നു. പക്ഷേ അങ്ങനെ ചെയ്താൽ വയസ് കാലത്ത് താൻ പോയി ജയിലിൽ കിടന്ന് കഷ്ടപ്പെടണമല്ലോ എന്നോർത്തപ്പോ അയാളത് വേണ്ടെന്ന് വച്ചു.
പക്ഷേ അവരെ കൈയ്യോടെ പിടികൂടി വീട്ടിൽ നിന്നും അടിച്ചു പുറത്താക്കാൻ തന്നെ അശോക് തീരുമാനിച്ചു.
പിറ്റേ ദിവസം രാത്രി ആകാൻ അയാൾ കാത്തിരുന്നു.
എന്നത്തേയും പോലെ പത്ത് മണിക്ക് ടീവി ഓഫ് ചെയ്ത് അശോക് മുറിയിൽ പോയി കിടന്നു.
സമയം 12 മണി ആകാറായപ്പോ അയാൾ ഉറങ്ങിയെന്ന് ഉറപ്പ് വരുത്തിയിട്ട് രേണുക രാഹുലിന്റെ മുറിയിലേക്ക് പോയി. ഉറക്കം നടിച്ചു കിടന്ന അശോക് എല്ലാം അറിയുന്നുണ്ടായിരുന്നു.
രേണുക മുറിയിൽ നിന്നിറങ്ങി പോയതിന്റെ പിന്നാലെ അശോക് എഴുന്നേറ്റ് രാഹുലിന്റെ മുറിക്ക് നേരെ നടന്നു.
അടഞ്ഞു കിടന്ന വാതിലിൽ തട്ടി വിളിക്കാൻ ഒരുങ്ങുമ്പോ ആണ് അകത്ത് നിന്നും ഇരുവരുടെയും സംസാരം അയാൾ കേട്ടത്.
“അമ്മേ… അങ്കിൾ എങ്ങാനും ഇടയ്ക്ക് ഉണരുമോ? ഉണരുമ്പോൾ അമ്മയെ കണ്ടില്ലെങ്കിൽ തിരക്കില്ലേ?
വീട്ടിൽ ജോലിക്ക് വന്ന ഹോം നഴ്സ് പയ്യൻ തന്റെ ഭാര്യയെ അമ്മേ എന്ന് വിളിക്കുന്നത് കേട്ട് അശോക് ഞെട്ടി.
“അമ്മയോ… ഇവനെങ്ങനെ രേണുക അമ്മയായി…” അശോക് ചിന്തിച്ചു നിൽക്കവേ അയാളുടെ മനസ്സിൽ വർഷങ്ങൾക്ക് മുൻപുള്ള കാര്യങ്ങൾ തെളിഞ്ഞു.
പിന്നെ ഒരു നിമിഷം പോലും വൈകിപ്പിക്കാതെ അശോക് വാതിലിൽ തട്ടി.
പെട്ടെന്ന് അകത്തെ ശബ്ദം നിലച്ചു.
നിമിഷങ്ങൾക്കുള്ളിൽ രാഹുൽ വാതിൽ തുറന്നു. പുറത്ത് അശോകിനെ കണ്ടതും അവൻ മുഖത്തെ ഞെട്ടൽ മറച്ചു എന്താ അങ്കിൾ ഈ രാത്രി എന്ന് ചോദിച്ചു.
“എന്റെ ഭാര്യ എവിടെ? അവൾ ഇങ്ങോട്ട് വരുന്നത് കണ്ടാ ഞാൻ പുറകെ വന്നത്.
അശോക് അത് പറഞ്ഞതും വാതിലിന് പിന്നിൽ മറഞ്ഞു നിന്ന രേണുക കരഞ്ഞു കൊണ്ട് അയാളുടെ കാലിലേക്ക് വീണു.
“ഞങ്ങളെ തെറ്റിദ്ധരിക്കല്ലേ അശോകേട്ടാ… ഇതെന്റെ മോനാ. അവനെ കൂടെ നിർത്താനുള്ള ആഗ്രഹം കൊണ്ടാ ഇങ്ങനെ ചെയ്തത്.”
രേണുക കരഞ്ഞു കൊണ്ട് പറഞ്ഞു.
“ഇവൻ കുട്ടന്റെ മോനാണോ?”
അശോക് ചോദിച്ചു.
“അതേ… അയാളുടെ മോനാണെന്ന് അറിഞ്ഞാൽ അശോകേട്ടൻ ഇവനെ വീട്ടിൽ കേറ്റിയില്ലെങ്കിലോ എന്ന് പേടിച്ച ഞാൻ സത്യം പറയാതിരുന്നത്.”
രേണുകയുടെ ആദ്യ കല്യാണത്തിൽ ഉണ്ടായ മോനാണ് രാഹുൽ. ആദ്യത്തെ ഭർത്താവിന്റെ പേര് കുട്ടൻ എന്നായിരുന്നു. രേണുകയെക്കാൾ 15 വയസ് മൂപ്പുള്ള ആളായിരുന്നു കുട്ടൻ. ബിസിനസ് ആയിരുന്നു.
പക്ഷേ ഭയങ്കര സംശയ രോഗി കൂടി ആയിരുന്നു അയാൾ. ഒരിക്കൽ അയാൾ പണം എടുക്കാൻ വീട്ടിൽ വരുമ്പോ കാണുന്നത് ഷോക്കടിച്ചു ബോധം കെട്ട് കിടന്ന രേണുകയെ രക്ഷിക്കാൻ ശ്രമിക്കുന്ന അശോകിനെ ആയിരുന്നു.
അശോക് രേണുകയുടെ മുറച്ചെറുക്കൻ ആയിരുന്നു. അതുകൊണ്ട് കൃത്രിമ ശ്വാസം നൽകുന്ന അശോകിനെ കണ്ട് തെറ്റിദ്ധരിച്ച കുട്ടൻ ആ പേര് ചൊല്ലി രേണുകയെ ഒഴിവാക്കി. പക്ഷേ കുഞ്ഞിനെ അവൾക്ക് കൊടുത്തില്ല.
സത്യങ്ങൾ ബോധിപ്പിക്കാൻ അശോകും രേണുകയും ശ്രമിച്ചെങ്കിലും കുട്ടന് അവരുടെ ബന്ധത്തിൽ സംശയം തന്നെയായിരുന്നു. ഈ പേരിൽ അശോകിനു ഉറപ്പിച്ചു വച്ചിരുന്ന കല്യാണം മുടങ്ങി.
നാട്ടിൽ മുഴുവനും കുട്ടൻ രേണുകയെയും അശോകിനെയും കുറിച്ച് മോശം പറഞ്ഞു നടന്നു.
അങ്ങനെ നാട്ടിൽ നിൽക്കാൻ പറ്റാത്ത അവസ്ഥ ആയപ്പോ അശോക് നാട്ടിലുള്ള വസ്തു വിറ്റ് അച്ഛനേം അമ്മേം കൂട്ടി ഈ നാട്ടിൽ വന്നു. പോരുമ്പോ രേണുകയെയും അശോക് കൂടെ കൂട്ടി.
കാരണം അവളുടെ ജീവിതം ഇനി ഇരുട്ടിലായി പോകുമെന്ന് അയാൾക്ക് അന്ന് തോന്നിയിരുന്നു.
ഇരുവരും ജീവിച്ചു തുടങ്ങിയ ശേഷം രേണുക ഒരുപാട് തവണ മകനെ കാണണമെന്ന് ആഗ്രഹം പറഞ്ഞതിനാൽ ഒരു ദിവസം അശോക് അവരെയും കൂട്ടി മോനെ കാണിക്കാൻ കൊണ്ട് പോയി.
അവരന്ന് രാഹുലിനെ കാണാൻ പോകുമ്പോ അവന് 10 വയസ് ആയിരുന്നു. രാഹുലിന് 9 വയസ്സ് ഉള്ളപ്പോ ആണ് കുട്ടൻ രേണുകയെ ഉപേക്ഷിച്ചത്.
അന്ന് അച്ഛനോട് സ്നേഹ കൂടുതൽ ഉള്ള കുട്ടി ആയതിനാൽ രാഹുൽ അമ്മയ്ക്കൊപ്പം പോയില്ല. രേണുക അശോകൻനൊപ്പം കാണാൻ പോയപ്പോഴും രാഹുൽ അമ്മയെ കാണാൻ നിക്കാതെ വീട്ടിലേക്ക് ഓടി കളഞ്ഞു.
ഇനി മോനെ കാണാൻ ആ വഴി വന്നേക്കരുതെന്ന് പറഞ്ഞ് കുട്ടൻ അവരെ അസഭ്യം ചൊരിഞ്ഞു.
അങ്ങനെ അശോകിനു കുട്ടനോട് തീർത്താൽ തീരാത്ത ദേഷ്യമായി.
പിന്നീട് രാഹുൽ 18 വയസ് ആയ ശേഷമാണ് തന്റെ അമ്മയെ തേടി വരുന്നത്. അമ്മയുടെ ഭാഗത്ത് അല്ല തെറ്റെന്നു മനസ്സിലാക്കി ഉള്ള വരവായിരുന്നു അത്.
പിന്നീട് ഇടയ്ക്കിടെ അവൻ അശോക് അറിയാതെ രേണുകയെ വന്ന് കണ്ട് പോയി. കുട്ടൻ രണ്ടാമത് കല്യാണം കഴിച്ചു അതിൽ 2 മക്കളുമായി ജീവിക്കുന്നുണ്ട്.
രാഹുൽ പ്ലസ് 2 കഴിഞ്ഞ് നഴ്സിംഗ് പഠിക്കാൻ ചേർന്നതിന്റെ മൂന്നാം വർഷം കുട്ടൻ അറ്റാക്ക് വന്ന് മരിച്ചു. അതോടെ സ്വത്തുക്കൾ കൈക്കലാക്കി രണ്ടാനമ്മ രാഹുലിനെ വീട്ടീന്ന് പുറത്താക്കി.
പിന്നീട് കോഴ്സ് പൂർത്തിയാക്കൻ രേണുക അശോക് അറിയാതെ പൈസ നൽകി അവനെ സഹായിച്ചു.
പഠിപ്പ് കഴിഞ്ഞു ഒരു ഹോസ്പിറ്റലിൽ രാഹുൽ കുറേ നാൾ ജോലി ചെയ്തു വന്നു. അപ്പോഴെല്ലാം അമ്മയുടെ കൂടെ നിൽക്കാൻ അവന് നല്ല ആഗ്രഹം ഉണ്ടായിരുന്നു. ഹോസ്റ്റലിൽ നിന്ന് ജോലിക്ക് പോയി മകൻ നന്നേ ക്ഷീണിച്ച് പോകുന്നത് കണ്ടപ്പോ രേണുകയ്ക്കും സങ്കടം വന്നു.
പെറ്റ വയറിനല്ലേ മകനെ പിരിഞ്ഞിരിക്കുന്ന വിഷമം മനസ്സിലാകു. കുഞ്ഞിലേ മകനെ നോക്കാൻ പറ്റാത്ത വിഷമം ഇനി എങ്കിലും മാറ്റണം എന്ന് കരുതിയാണ് മകനോട് ഹോസ്പിറ്റൽ ജോലി വിട്ട് അശോകിന്റെ അച്ഛനെ നോക്കാൻ വരാൻ രേണുക പറഞ്ഞത്. രാഹുലിനും അത് സമ്മതമായിരുന്നു.
രേണുകയിൽ നിന്ന് എല്ലാം അറിഞ്ഞപ്പോ അശോകിനു ആശ്വാസമാണ് തോന്നിയത്. താൻ വിചാരിച്ച പോലെ ഒന്നുമല്ലല്ലോ എന്നോർത്തയിരുന്നു ആ ആശ്വാസം.
മകനെ മടിയിൽ കിടത്തി തലോടി ഉറക്കാനും അവന്റെ കൂടെ കുറച്ചു നേരമെങ്കിലും ചിലവഴിക്കണം എന്ന് ആഗ്രഹിച്ചുമാണ് രേണുക രാത്രിയിൽ മകന്റെ മുറിയിൽ പോയിരുന്നത്.
പകൽ സമയം മകനോട് സ്നേഹത്തോടെ ഇടപഴകിയ അശോക് സത്യങ്ങൾ കണ്ട് പിടിച്ചാലോ എന്ന് വിചാരിച്ചാണ് രേണുക ആ സമയം രാഹുലിനോട് അധികം മിണ്ടാത്തത്.
കുട്ടനെ ഇഷ്ടമില്ലാത്തോണ്ട് തന്റെ മോനെ പുറത്താക്കിയാലോ എന്ന പേടി ആയിരുന്നു അതിന് കാരണം.
എന്തായാലും അവർ പേടിച്ചത് പോലെ സംഭവിച്ചില്ല.. രാഹുലിന്റെ നല്ല പെരുമാറ്റം കൊണ്ട് അവനെ മോനെ പോലെ കണ്ടിരുന്ന അശോക് അവനെ സ്വന്തം മോനായി കണ്ട് കൂടുതൽ സ്നേഹിച്ചു.
✍️ഹേര
