(രചന: വരുണിക വരുണി)
“”ഞാൻ പറയുന്നത് ഒന്ന് വിശ്വസിക്കു അമ്മേ.. അല്ലെങ്കിൽ തന്നെ എന്ത് കാര്യത്തിനാണ് ഞാൻ കള്ളം പറയേണ്ടത്??? കല്യാണം ഉറപ്പിച്ചു എന്നത് ശരിയാണ്, എന്നാൽ അത് ഒരിക്കലും എന്റെ സമ്മതമില്ലാതെ ശരീരത്തിൽ തൊടാനുള്ള അനുവാദം അല്ല. മഹിയേട്ടൻ ശരിക്കും എന്നെ ആ നേരത്ത് ഉപയോഗപ്പെടുത്താൻ അല്ലേ ശ്രമിച്ചത്???
ആരുമില്ലാത്ത സ്ഥലത്ത് വെച്ച് എന്നെ കയറി തൊടാൻ നോക്കിയപ്പോഴാണ് ഞാൻ അടിച്ചത്. അതിൽ എനിക്ക് ഇപ്പോഴും ഒരു കുറ്റബോധവും ഇല്ല.
അയാൾ ഇവിടെ എന്തൊക്കെയാണ് അതിനെക്കുറിച്ച് പറഞ്ഞതെന്ന് എനിക്ക് അറിയില്ല പക്ഷേ എന്റെ അച്ഛനും അമ്മയും എന്നെ മനസ്സിലാക്കാതിരിക്കുമോ?? അതോ അമ്മയ്ക്കും അച്ഛനും എന്നെക്കാൾ വിശ്വാസം ഇന്നലെ കണ്ട മഹിയേട്ടനെ ആണോ???””
അമ്മയുടെ കയ്യിൽ നിന്നും അടി കിട്ടിയ വിഷമത്തിൽ ആതിര ചോദിച്ചതും അവളോടുള്ള ദേഷ്യത്തിൽ വീണ്ടും അവരുടെ കൈ ഉയർന്നു.
“”പ്ഫാ അസത്തെ. നല്ല കുടുംബത്തിൽ ജനിച്ച ചെറുക്കനെ കുറിച്ച് അപവാദം പറയുന്നോ നീ?? ഈ കല്യാണത്തിന് സമ്മതമല്ലെന്ന് നീ ആദ്യം മുതൽ പറയുന്നല്ലോ എന്റെ ആരെയെങ്കിലും എവിടെയെങ്കിലും കണ്ടുവെച്ചിട്ടുണ്ടോ???
ഉണ്ടെങ്കിൽ അത് വാ തുറന്നു പറ, അല്ലാതെ വെറുതെ ആ പാവം ചെക്കനെ ഇങ്ങനെ ഓരോ വാക്കുകൾ പറഞ്ഞു വിഷമിപ്പിക്കാതെ. നിന്നെ കല്യാണം കഴിക്കാൻ പോകുന്നു എന്ന അവകാശത്തിൽ ആയിരിക്കുമല്ലോ അവൻ നിന്നെ തൊടാൻ നോക്കിയത് അതിനെ നീ എന്തിനാണ് ഇങ്ങനെ ആവശ്യമില്ലാത്ത ഓരോ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്???
നല്ല രീതിയിൽ പോകുന്ന കുടുംബത്തിൽ വിള്ളൽ വീഴുകയല്ലേ നീ കാരണം… എന്തേ നീ അതിനെക്കുറിച്ച് ഒന്നും ചിന്തിക്കാത്തത്??? അല്ലെങ്കിൽ തന്നെ അവൻ നിന്നെ ഒന്ന് തൊട്ട് എന്തു പറ്റാനാണ് ഇതൊക്കെ പ്രായത്തിന്റെ കുറെ എടുത്തുചാട്ടം മാത്രമാണ്.
, മാങ്ങ എന്നൊക്കെ ഓരോന്ന് പറഞ്ഞു നടക്കാൻ. ഇനി നീ എന്തൊക്കെ പറഞ്ഞാലും ശരി നിന്റെ കല്യാണം മഹേഷുമായി തന്നെ നടക്കും. നിശ്ചയം വരെ കഴിഞ്ഞ പെണ്ണാണ് വെറുതെ ഇങ്ങനെ ഓരോ ചെറിയ കാര്യം പറഞ്ഞ് വേണ്ട എന്ന് വെക്കാൻ പറ്റുന്ന ഒന്നല്ല കല്യാണം.
നിന്റെ വാശികൾക്ക് നിന്റെ അച്ഛനും ചേട്ടനും കൂട്ട് നിൽക്കുമായിരിക്കും പക്ഷേ എന്തായാലും എന്നെ അതിന് കിട്ടില്ല. അവർ വന്നിട്ട് ഇന്ന് ഇതിന് രണ്ടിലൊന്ന് തീരുമാനം ആക്കണം. ഇങ്ങനെ വിട്ടാൽ പറ്റില്ലല്ലോ ദേഷ്യത്തോടെ അമ്മ പറഞ്ഞതും ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല എന്ന് മനസ്സിലാക്കി ആതിര അവളുടെ മുറിയിലേക്ക് കയറിപ്പോയി.
അല്ലെങ്കിൽ തന്നെ വിവരമുണ്ടെന്ന് പറഞ്ഞിട്ട് കാര്യമില്ല അത് വേണ്ടിടത്തു പ്രയോഗിക്കാനും ഇവർക്കൊക്കെ അറിയണ്ടേ സ്വന്തം അവളുടെ കാര്യം വരുമ്പോൾ മാത്രം ഇങ്ങനെ പറയുന്ന അമ്മയാണ് തന്റെ ഏറ്റവും വലിയ സങ്കടം എന്ന് അവൾക്ക് തോന്നി.
രാത്രിയിൽ എല്ലാവരും ആഹാരം കഴിക്കാൻ ഇരുന്നപ്പോൾ അവിടെ ആതിരേ കാണാഞ്ഞപ്പോൾ ആണ് അപ്പു അവൾ എവിടെയെന്ന് തിരക്കിയത്. അമ്മയുടെ വീർത്തിരിക്കുന്ന മുഖം അവന് മനസ്സിലാക്കി കൊടുത്തു ഇന്നും അമ്മയും മകളും തമ്മിൽ എന്താ വഴക്ക് നടന്നതെന്ന് അത് പക്ഷേ വീട്ടിലെ സ്ഥിരം കാര്യമായത് കൊണ്ട് തന്നെ അവൻ വലിയ കാര്യമായി എടുത്തില്ല.
“” ആദിമോൾ എവിടെ അമ്മേ അവൾ എന്തെ ആഹാരം കഴിക്കാൻ വരാത്തത്?? ഇന്ന് നിങ്ങൾ രണ്ടും തമ്മില്‍ അടി ഇട്ടോ??? ഇങ്ങനെ ഓരോ കാരണം ഉണ്ടാക്കി അടിക്കാൻ വേണ്ടി എന്താ അമ്മ ഈ വീട്ടിലെ പ്രശ്നം???””
ഒരല്പം ശബ്ദം കടിപ്പിച്ച് തന്നെ അപ്പു ചോദിച്ചതും അമ്മയുടെ മുഖം ഒന്നു കൂടി വീർത്തു.
“” നീ ഇങ്ങനെ എന്നോട് ബഹളം ഉണ്ടാക്കേണ്ട കാര്യമൊന്നുമില്ല അപ്പു. നിന്റെ അനിയത്തിക്ക് അഹങ്കാരമാണ്. ഇന്ന് മഹിമോൻ വിളിച്ച് ഓരോ കാര്യം പറഞ്ഞപ്പോൾ എന്റെ തൊലി ഉരിഞ്ഞു പോയി. ഇവൾക്ക് എന്താ അവനോട് ഇത്ര ദേഷ്യം? അതിനു വേണ്ടി ആ പാവം ചെക്കൻ എന്ത് തെറ്റാണ് അവളോട് ചെയ്തത്???
ഇന്ന് കോച്ചിംഗ് കഴിഞ്ഞ് വരുന്നവളെ കാണാൻ അവനവിടെ കവലയിൽ എവിടെയോ നിന്നുപോലും. എന്നിട്ട് അവളുടെ കയ്യിൽ സ്നേഹത്തോടെ പിടിച്ചപ്പോൾ ഇവൾ ഒന്ന് ആലോചിക്കാതെ അവന്റെ മുഖത്തേക്ക് അടിച്ചെന്ന് പോലും. അതൊക്കെ ആ ചെക്കൻ പറഞ്ഞപ്പോൾ എനിക്ക് എന്ത് സങ്കടം വന്നെന്നറിയുമോ???
അവളെ കാണാൻ അത്രയ്ക്ക് ആഗ്രഹം ഉണ്ടായിട്ടായിരിക്കില്ലേ അവൻ അവിടെ ചെന്നത് അപ്പോൾ അവൾ അങ്ങനെയാണോ അവനോട് പെരുമാറേണ്ടത്?? അല്ലെങ്കിൽ തന്നെ ഇനി മൂന്നുമാസം കൂടി കഴിഞ്ഞാൽ അവന്റെ അടുത്തേക്ക് തന്നെയല്ലേ കല്യാണം കഴിഞ്ഞ് അവൾ പോകേണ്ടത്??
എന്താ ആതിര അതൊന്നു ചിന്തിക്കാത്തത്?? ഇങ്ങനെ എന്നും ഓരോ പ്രശ്നങ്ങൾ ഉണ്ടാക്കാനും വേണ്ടി നടക്കുകയാണ് അവൾ. എനിക്ക് മടുത്തു മോനെ ഇത്. ഇളയ കുഞ്ഞാണെന്ന് കരുതി നിങ്ങളാണ് അവളെ കൊഞ്ചിച്ച് വഷളാക്കിയത്. എന്നിട്ട് അതിന്റെ പേരിൽ കരയാൻ ഞാനും… “”
കണ്ണീരോടെ അമ്മ പറഞ്ഞതും എന്തു പറയണമെന്ന് അറിയാതെ അപ്പു അച്ഛനെ നോക്കി. അച്ഛൻ മുകളിലേക്ക് കണ്ണു കാണിച്ചതും അമ്മയോട് ഒന്നും തർക്കിക്കാതെ അവൻ ആതിരയുടെ മുറിയിലേക്ക് പോയി. കാരണം എന്താണെന്ന് അറിയേണ്ടത് ഒരു ചേട്ടൻ എന്ന നിലയിൽ അവന്റെ കടമയാണല്ലോ.
റൂമിലേക്ക് കയറിയപ്പോഴേ കണ്ടു കട്ടിലിന്റെ ഒരു അരിയിൽ ചേർന്നു നിശബ്ദമായി കരയുന്നവളെ. എന്തോ ആ കണ്ണീർ കാണാൻ അവനെ കൊണ്ട് കഴിയുമായിരുന്നില്ല.
“” അപ്പേട്ടന്റെ മോൾ എന്തിനാ ഇങ്ങനെ കരയുന്നത് അതിനു വേണ്ടി ഇപ്പോൾ ഇവിടെ എന്താ ഉണ്ടായേ??? “”
സമാധാനത്തിന്റെ വെള്ളരിപ്രാവ് പോലെ അപ്പു ആതിരയോട് ചോദിച്ചതും അവൾ അവന്റെ നെഞ്ചിലേക്ക് ഒതുങ്ങി കൂടി.
“”എനിക്ക് ഈ കല്യാണം വേണ്ട അപ്പേട്ടാ…””
ഒരു പൊട്ടികരച്ചിലോടെ ആതിര പറഞ്ഞതും, കേട്ടത് വിശ്വസിക്കാൻ കഴിയാതെ തറഞ്ഞിരുന്നു പോയി അവൻ. എൻഗേജ്മെന്റ് ദിവസം ഒരു പുഞ്ചിരിയോടെ സ്റ്റേജിൽ നിന്ന അനിയത്തിയുടെ മുഖമായിരുന്നു അവന്റെ മനസിൽ. ആ മോൾ ഇന്ന് ഇങ്ങനെ പറയണമെങ്കിൽ അതിനു അതിന്റേതായ കാരണം കാണുമെന്നു അവന്റെയുള്ളിരിരുന്നു ആരോ പറഞ്ഞു.
“”അപ്പെട്ടന്റെ മോൾ പറ. എന്താ നിന്റെ പ്രശ്നം?? ഈ കല്യാണം വേണ്ടെന്ന് പറയാനും വേണ്ടി?? മോളുടെ സമ്മതോടെയല്ലേ ഈ കല്യാണം നമ്മൾ ഉറപ്പിച്ചത്?? പിന്നെ എന്തെ ഇപ്പോൾ ഇത്ര സങ്കടം?? എന്തുണ്ടെങ്കിലും ഈ അപ്പേട്ടനോട് പറ എന്റെ മോൾ. അമ്മ പറയുന്നതൊക്കെ കാര്യമായി എടുക്കേണ്ട…””
അപ്പു പറഞ്ഞതും, ആതിര അവന്റെ തോളിലേക്ക് ചാഞ്ഞു.
“”എനിക്ക് ഈ കല്യാണം വേണ്ട അപ്പേട്ടാ. അത് പക്ഷെ അമ്മ പറയുന്നത് പോലെ എനിക്ക് ഏതെങ്കിലും ചെക്കനെ ഇഷ്ടമായത് കൊണ്ടൊന്നുമല്ല. ഞാൻ വിചാരിച്ചത് പോലെയല്ല മഹിയേട്ടൻ. എന്നും വിളിക്കുമ്പോഴൊക്കെ നല്ല സംസാരമായിരുന്നു ആദ്യമൊക്കെ. പക്ഷെ പിന്നീട് ആ രീതി മാറി. ആദ്യം ഞാൻ കരുതി എന്നെ കല്യാണം കഴിക്കാൻ പോകുന്ന ആളല്ലേ…
അപ്പോൾ അതൊക്കെ നോർമൽ ആയിരിക്കുമെന്ന്. പക്ഷെ ഒരിക്കൽ വിളിച്ചിട്ട് പറഞ്ഞു നമുക്ക് ഏതെങ്കിലും ഹോട്ടലിൽ റൂം എടുക്കാം പോലും. കല്യാണത്തിന് മുൻപ് അങ്ങനെയൊക്കെ ചെയ്യുന്നത് നോർമൽ ആണ്, അതിനെ മറ്റൊരു രീതിയിൽ കാണണ്ട എന്ന്.
പറ്റില്ലെന്ന് പറഞ്ഞു കണ്ണ് നിറച്ചപ്പോൾ ആ ദിവസം കുറെ സോറി ഒക്കെ പറഞ്ഞെങ്കിലും പിന്നീട് ഭീഷണിയായി. ഞാൻ വീട്ടിൽ പറഞ്ഞാലും ആരും വിശ്വസിക്കില്ലെന്ന്. പിന്നീട് അയാൾ എനിക്ക് ഒട്ടും അംഗീകരിക്കാൻ പറ്റാത്ത പല കാര്യങ്ങളും ചെയ്യാനും പറയാനും തുടങ്ങി.
അതിന്റെയെല്ലാം അവസാനമായിരുന്നു ഇന്ന് നടന്നത്. അപ്പേട്ടനും ഉണ്ടെല്ലോ സ്നേഹ ചേച്ചി. തക്കം കിട്ടുമ്പോൾ ചേച്ചിയെ ഉപയോഗിക്കാൻ ആണോ ചേട്ടന് തോന്നുന്നത്?? അല്ലല്ലോ?? പക്ഷെ അയാൾക്ക് ഞാൻ അങ്ങനെയല്ല. സ്നേഹമെന്ന വാക്കിന്റെ അർത്ഥം അറിയുമോ എന്ന് പോലും സംശയമാണ്.
ഇന്ന് അയാൾ എന്റെ കൈയിലാണ് പിടിച്ചതെങ്കിൽ ഞാൻ ഇത്രയും പ്രശ്നം ആക്കില്ലായിരുന്നു. പക്ഷെ ഇത് അങ്ങനെയല്ല അപ്പേട്ടാ. ആരുമില്ലാത്ത സ്ഥലത്ത് വന്നപ്പോൾ അയാൾ എന്നെ…. എനിക്ക് പറ്റുന്നില്ല അപ്പേട്ട… ശെരിക്കും പറ്റുന്നില്ല… മനസ് മടുത്തു. എന്തും ക്ഷമിക്കുന്നതിനും സഹിക്കുന്നതിനും ഒരു പരിധിയില്ലേ…
എനിക്കറിയാം, ഞാൻ എന്തൊക്കെ പറഞ്ഞാലും പറഞ്ഞോറപ്പിച്ച കല്യാണത്തിൽ നിന്നും പിന്മാരാൻ പറ്റില്ലെന്ന്. ഇതൊക്കെ എന്റെ വിധിയായിരിക്കും. പക്ഷെ ഒരു കാര്യം ഉറപ്പ് പറയാം ഞാൻ… ഒട്ടും സഹിക്കാൻ പറ്റിയില്ലെങ്കിൽ തിരിച്ചു ഇവിടെക്ക് വരില്ല ഞാൻ. ഒരു മുഴം കയറിൽ തീർക്കും എന്റെ ജീവൻ. ഇവിടെ വന്നാൽ അമ്മ സമാധാനം തരില്ലെന്നത് ഉറപ്പല്ലേ…. “”
ബാക്കി പറയാതെ ആതിര ഇരുന്നപ്പോഴേക്കും അപ്പു അവളെ ഒന്നൂടി ചേർത്തു പിടിച്ചിരുന്നു
“”നീ പറയാതെ അപ്പേട്ടൻ എങ്ങനെയാ മോളെ ഇതൊക്കെ അറിയുന്നത്?? അങ്ങനെ എല്ലാം സഹിക്കാൻ വേണ്ടി നിന്നെ വിട്ടു കൊടുക്കുമെന്ന് തോന്നുന്നുണ്ടോ?? നീ അവനെ കുറിച്ച് മറന്നേക്ക്. ഇനി ഇങ്ങനെയൊരു ബന്ധം നമുക്ക് വേണ്ട. അച്ഛനോട് ഞാൻ പറഞ്ഞോളാം….””
കുറഞ്ഞ വാക്കുകളിൽ പറയാനുള്ളതെല്ലാം അവസാന വാക്ക് പോലെ അപ്പു പറഞ്ഞതും, ആതിര വിശ്വാസം വരാതെ അപ്പുവിനെ നോക്കി. ഒരു ചിരിയായിരുന്നു അവന്റെ മറുപടി. അനിയത്തോയോളം വലുതല്ലല്ലോ കുടുംബ മഹിമ. അമ്മയെ പറഞ്ഞു മനസിലാക്കണം. അല്ലാതെ സ്വന്തം അനിയത്തിയുടെ ജീവിതം വെച്ചു കളിക്കാൻ അവൻ തയാർ അല്ലായിരുന്നു എന്നതായിരുന്നു സത്യം.!