(രചന: ശ്രീജിത്ത് ഇരവിൽ)
ആകെയുള്ള മകൾ ആരുടെയോ കൂടെ പൊറുതി തുടങ്ങിയെന്ന് ഒരു രാത്രിയിലാണ് ഞാൻ അറിയുന്നത്. കമ്പ്യൂട്ടർ പഠിക്കാൻ പോയ അവൾ ഒരു ബസ് ക്ലീനറുടെ വിസിലടിയിൽ വീണുപോയി.
വീണുപോയ അവളേയും എടുത്ത്k അവൻ നാടുകടന്നു. പെണ്ണിന് വയറുവീർത്തപ്പോൾ കിട്ടിയ ബസ്സിൽ കയറി ആ ക്ലീനർ മറ്റെങ്ങോട്ടോ പോയി. എന്റെ മകൾ പെരുവഴിയിലുമായി.
മലയാളം ശരിക്കും അറിയാത്ത ഏതോയൊരു മുറുക്കാൻ കടക്കാരിയാണ് നിങ്ങളുടെ മകൾ തന്റെ കൂടെയുണ്ടെന്ന് പറഞ്ഞ് എന്നെ ഫോണിൽ വിളിച്ചത്. ഗതികെട്ടുപോയ ജീവിതവുമായി റെയിൽവേ പാളത്തിൽ തീവണ്ടിയേയും നോക്കി നടന്ന അവളുടെ കഥ കേട്ടപ്പോൾ എനിക്ക് വീണ്ടും പേറ്റുനോവ് അനുഭവപ്പെട്ടു.
അയലത്തെ കൃഷ്ണേട്ടന്റെ മകനേയും കൂട്ടി കിട്ടിയ വണ്ടിയിൽ ഞാൻ പോയി മകളെ വിളിച്ചുകൊണ്ട് വന്നു. ആദ്യമൊന്നും അവൾ വരാൻ കൂട്ടാക്കിയിട്ടുണ്ടായിരുന്നില്ല. നീയിപ്പോൾ ഒന്നെല്ലെന്നും രണ്ടാണെന്നും പറഞ്ഞ് ഞാൻ അവളെ നിർബന്ധിക്കുകയായിരുന്നു..
വീട്ടിലെത്തിയ അവൾ എന്റെ മുഖത്തേക്ക് നോക്കാൻ തന്നെ വല്ലാതെ പ്രയാസപ്പെട്ടു. എന്നെ തനിച്ചാക്കി പോയതിന്റെ എല്ലാ കുറ്റബോധവും അവളെ പിടിമുറുക്കിയിട്ടുണ്ടാകും. എത്രയോ രാത്രികളിൽ ഒച്ചയുണ്ടാക്കാതെ അവൾ കരയുകയും എന്നോട് മാപ്പ് പറയുകയും ചെയ്തു.
എന്റെ മോളല്ലേ… എന്റെ ചോരയല്ലേ.. എനിക്ക് ഈ ലോകത്തിൽ എന്റേതെന്ന് പറയാനുള്ള ഏക ജീവനല്ലേ… പാകതയില്ലാത്ത പ്രായത്തിന്റെ പിശകായിരുന്നുവെന്ന് ഓർത്ത് ഞാൻ അവളോട് ക്ഷമിച്ചു.
ഒന്നുപറഞ്ഞാൽ എനിക്കും എന്റെ മകൾക്കും ഒരേ കഥയാണ്. വീട്ടുകാരെ ധിക്കരിച്ച് ഇഷ്ട്ടപെട്ട പുരുഷന്റെ കൈയ്യും പിടിച്ച് ഞാൻ ഇറങ്ങിയപ്പോൾ എനിക്കും ഉണ്ടായിരുന്നു ഏറെ സ്വപ്നങ്ങൾ. എന്റെ മോൾക്ക് മൂന്ന് വയസാകുമ്പോൾ മീൻ വാങ്ങാൻ പോയതായിരുന്നു എന്റെ ഭർത്താവ്.
വർഷം ഇരുപത് കഴിഞ്ഞിട്ടും അങ്ങേർക്ക് മീൻ കിട്ടിയില്ലെന്ന് തോന്നുന്നു.. അതുകൊണ്ട് തന്നെ എന്റെ മോൾക്ക് അവളുടെ അച്ഛനെ കാണാൻ പോലുമുള്ള യോഗമുണ്ടായില്ല.
അന്ന് മരിക്കാൻ എനിക്കും തോന്നിയിരുന്നു. പക്ഷേ, ഒന്നുമറിയാതെ മുല നുണയുന്ന എന്റെ മോളെയോർത്തപ്പോൾ അതിനും കഴിഞ്ഞില്ല. പുകഞ്ഞ കൊള്ളി പുറത്തെന്ന കടുംപിടുത്തത്തിൽ നിന്നിരുന്ന എന്റെ വീട്ടിലേക്ക് പോകാൻ എനിക്ക് സാധിക്കുമായിരുന്നില്ല. പലയിടത്തും വീട്ടുജോലി ചെയ്തും ബീഡി തെറുത്തും ഞാൻ മകളെ ജീവിപ്പിച്ചു. തന്നോളം വളർന്നപ്പോൾ അവൾ ഇങ്ങനെ പോകുകയും ചെയ്തു.
കാര്യം മകളുടെ ജീവിതം സങ്കടത്തിൽ മുങ്ങിയെങ്കിലും അവൾ തിരിച്ചെത്തിയതിന്റെ ആശ്വാസം എനിക്കുണ്ടായിരുന്നു.. ലാളിക്കാൻ വൈകാതെയൊരു പിഞ്ചുകൂടി വരുമല്ലോയെന്ന് ഓർക്കുമ്പോൾ തന്നെ ഉള്ളിലൊരു കുളിര്.
അങ്ങനെയൊരു ഉച്ചക്ക് മകളുടെ സുഖപ്രസവം നടന്നു. എന്റെ കൈത്തണ്ടയിലേക്ക് നേഴ്സ് എടുത്തുവെച്ച ആ പെൺ പൈതലിനെ ഞാൻ തുമ്പേയെന്ന് വിളിച്ചു. അതുകേട്ടത് പോലെ തുറക്കാത്ത കണ്ണുകൾ ചുളിച്ച് അവളെന്റെ വിരലിലൊന്ന് മുറുക്കെ പിടിച്ചു.
നര കയറുന്ന പ്രായത്തിൽ വീണ്ടും ഞാൻ അമ്മയായി. രണ്ട് പെണ്ണുങ്ങളുടെ വിങ്ങലുകൾ തളം കെട്ടിക്കിടന്ന ആ വീട്ടിൽ അവളുടെ വളർച്ചയുടെ ബഹളമുയർന്നു. പാലിന് മാത്രം മതിയായിരുന്നു തുമ്പക്ക് അവളുടെ അമ്മയെ. ഉണർവ്വിലും ഉറക്കത്തിലും എന്റെ മണമില്ലാതെ അവൾക്ക് പറ്റില്ലെന്നായി. എനിക്കും അങ്ങനെ തന്നെയായിരുന്നു…
ഒരുനാൾ തൊട്ടടുത്തുള്ള വീട്ടിലെ ജോലിയും കഴിഞ്ഞ് ഞാൻ കുടുംബത്തെത്തിയപ്പോൾ പുരുഷന്റേതെന്ന് തോന്നുന്ന രണ്ട് ചെരുപ്പുകൾ പടിയിൽ കിടക്കുന്നത് കണ്ടു. എന്റെ മകൾ അതീവ സന്തോഷത്തിലായിരുന്നു. കളിപ്പാട്ടങ്ങളുമായി തുമ്പയുടെ അച്ഛനെന്ന് പറയുന്ന ആ ബസ് ക്ലീനർ വന്നിരിക്കുന്നു..
‘അമ്മേ… ന്റെ സുനിയേട്ടന് അപകടം പറ്റിയതാണത്രെ… എന്നെ വിട്ടുപോയതല്ല…’
ജീവിതം തിരിച്ചുകിട്ടിയ സന്തോഷമുണ്ടായിരുന്നു മകളുടെ മുഖത്ത്. കുഞ്ഞിനേയും എടുത്ത് നിൽക്കുന്ന അവളുടെ സുനിയെ ഞാൻ നോക്കി.. അങ്ങനെയൊരു ഭീകരമായ അപകടം പറ്റിയതിന്റെ യാതൊരു ലക്ഷണവുമില്ല.
‘ഇപ്പോഴെന്തിനാണ് വന്നത്…?’
അവന്റെ കൈയ്യിൽ നിന്ന് കുഞ്ഞിന്റെ എടുത്തുകൊണ്ട് ഇത്തിരി ദേഷ്യം ചാലിച്ചാണ് മോളോട് ഞാൻ അത് ചോദിച്ചത്…
“എന്നേം മോളേം കൊണ്ടുപോകാൻ… ”
എന്റെ നെഞ്ച് പൊട്ടിപ്പോകുന്നത് പോലെ എനിക്ക് തോന്നി.. ഇന്ന് തന്നെ പോകണമെന്ന് പറഞ്ഞ് തുമ്പയുടെ അച്ഛൻ എന്റെ മകളോട് തയ്യാറാകാൻ പറഞ്ഞു.
‘അമ്മ വരാൻ കാത്തിരിക്കുകയായിരുന്നു… ഞാനും മോളും കൂടെ പോകട്ടെ…’
എനിക്ക് ഒന്നും പറയാനുണ്ടായിരുന്നില്ല. നിന്റെ ഇഷ്ടമെന്ന് പറഞ്ഞ് ഞാൻ മുറിയിൽ കയറി കതകടച്ചു. എന്റെ നെഞ്ചിടിപ്പ് മകൾക്ക് മനസ്സിലായിട്ടുണ്ടാകില്ല. മനസ്സിലാക്കാനുള്ള പ്രായം തുമ്പക്കും ആയിട്ടില്ല. സുന്ദരമായ തുടർജീവിതം സ്വപ്നം കണ്ട് വീണ്ടും ഇറങ്ങിപ്പോകാൻ ഒരുങ്ങുന്ന എന്റെ മകളോട് ഞാൻ എന്ത് പറയാനാണ്.. ഒച്ച പുറത്ത് വരാതെ വിങ്ങി വിങ്ങി ഞാൻ കരഞ്ഞു..
അവർ ഇറങ്ങാൻ പോകുന്നു. മകൾ തുടരെ തുടരെ മുട്ടിയപ്പോൾ ഞാൻ കതക് തുറന്നു. തുമ്പ അവളുടെ അച്ഛന്റെ തോളിൽ നല്ല ഉറക്കമാണ്. നന്നായി… വേർപിരിയലിന്റെ ആഴം കൂട്ടാൻ അവൾ കരയില്ലല്ലോ.. ഉണരുമ്പോൾ അന്വേഷിക്കുമായിരിക്കും.. എന്നെ കാണണമെന്ന് വാശി പിടിക്കുമായിരിക്കും. പതിയെ പതിയെ എന്നെ മറക്കുമായിരിക്കും…
‘എന്നോട് ദേഷ്യമൊന്നും തോന്നല്ലേ അമ്മേ…’
എന്നും പറഞ്ഞ് മകൾ എന്റെ മാറിലേക്ക് വീണു.. എവിടേക്കാണ് നിങ്ങൾ പോകുന്നതെന്ന് ഞാൻ അവളോട് ചോദിച്ചില്ല. എവിടേക്കായാലും, പറ്റില്ലെന്ന് തോന്നിയാൽ ഇങ്ങ് വന്നേക്കണമെന്ന് പറഞ്ഞ് മകളുടെ നെറ്റിയിൽ ഞാൻ ചുംബിച്ചു. ഉറങ്ങുന്ന തുമ്പയുടെ കവിളിലും ഉമ്മ വെച്ചു. അതിന്റെ പൊള്ളൽ ഇന്നുമുണ്ട് എന്റെ ഓർമ്മയുടെ ചുണ്ടിൽ….
എന്തുകൊണ്ടാണെന്ന് ചോദിച്ചാൽ, വർഷം ആറായി എന്റെ തുമ്പപ്പെണ്ണിനെ ഞാൻ കണ്ടിട്ട്. അങ്ങോട്ട് പോയാലോയെന്ന് ചിന്തിച്ചാൽ കേട്ടുകേൾവി പോലുമില്ലാത്ത ഏതോ നാട്ടിലായിരുന്നു അവർ… എന്റെ മാലാഖയുമായി എന്നെങ്കിലും എന്നെ തേടി മകൾ വരുമെന്ന പ്രതീക്ഷ ഇപ്പോൾ പാടേ ഇല്ലാതായിരിക്കുന്നു.
ഓർമ്മയുറക്കാത്ത പ്രായത്തിലെയൊരു ഉറക്കത്തിൽ നിന്ന് ഇറങ്ങിപ്പോയ എന്റെ തുമ്പ എന്നെ പാടേ മറന്നുപോയി… ആകെയുള്ള മോളാണെങ്കിൽ സുഖമാണോയെന്ന ചോദ്യവുമായി വല്ലപ്പോഴും വിളിക്കുന്ന ആരോ ആയിമാറി..സാരമില്ല… എന്റെ മക്കളല്ലേ… എന്റെ ചോരയല്ലേ.. എവിടെയായാലും സുഖമായി ജീവിക്കട്ടെ….!