രണ്ടുടലുകൾ കെട്ടുപിണഞ്ഞുള്ള, സീൽക്കാരശബ്ദമാണ് എന്നിൽ പരിസരബോധം ഉണ്ടാക്കിയത്.

നഗ്നസത്യം

(രചന: Jolly Varghese)

 

ആ, അരണ്ടവെളിച്ചത്തിൽ നഗ്നമായ രണ്ടുടലുകൾ കെട്ടുപിണഞ്ഞുള്ള, സീൽക്കാരശബ്ദമാണ് എന്നിൽ പരിസരബോധം ഉണ്ടാക്കിയത്.

 

കാലം മായ്ക്കാത്ത മുറിവിനൊപ്പം വലിഞ്ഞു കേറിവരുന്നു അന്നത്തെ ആ കാഴ്ചയും.

 

ഏഴ് വർഷങ്ങൾക്ക് മുൻപ് എനിക്കേറ്റവും പ്രിയപ്പെട്ട ഒരു കുഞ്ഞു മോളുടെ വേർപാടിൽ, (ഒരു ബൈക്ക് ആക്സിഡന്റിൽപ്പെട്ടു നഷ്‌ടമായ കുഞ്ഞിനെപ്പറ്റി കൂടുതൽ എന്തെങ്കിലും പറയാനോ എഴുതാനോ ഇന്നുമെന്റെ മനസ്സ് പാകമായിട്ടില്ല. )

 

സംഭവിച്ചതൊന്നും ഉൾകൊള്ളാൻ കൂട്ടാക്കാതെ മനസ്സുമായി, കരഞ്ഞും തളർന്നും പാതിപോലും ബോധത്തിലല്ലാത്ത അവസ്ഥയിലാണ് ഞങ്ങൾ.

 

കോഴിക്കോട് നിന്നും കുഞ്ഞിനേയും കൊണ്ട് സ്വദേശമായ ഇടുക്കിയിലേയ്ക്ക് ആംബുലൻസ് മുന്നേ പോകുന്നുണ്ട്.

 

പുറകെ ഒരു കാറിൽ അമ്മയും, അമ്മാവനും, ചേച്ചിയും ഞാനും, ആങ്ങളയും. കൂടിയാണ് പോകുന്നത്.

 

രാത്രി ഏറെ വൈകിയിരുന്നു. ഒരുമണിയൊക്കെ കഴിഞ്ഞിട്ടുണ്ടാവും. അടിമാലി ടൗണിൽ എന്തിയപ്പോ എനിക്ക് ശർദ്ദിക്കാൻ തോന്നി.

വണ്ടി ഒരു കടയുടെ ഓരത്തേയ്ക്ക് ചേർത്തു നിർത്തി. ഞാൻ രണ്ട് കടയുടെ ഇടയിലുള്ള വഴിയിലൂടെ കടയുടെ പുറകിലേക്ക് പോയി.

 

നടക്കാൻ ശക്തി ഇല്ലാത്തതിനാൽ കടയുടെ ഭിത്തിയിൽ പിടിച്ചു വേച്ചു വേച്ചാണ് പോകുന്നത്. അമ്മയ്ക്കും ചേച്ചിക്കും ബോധം തന്നെയുണ്ടോ എന്ന് സംശയമാണ്.

 

കടയുടെ മറവിലേയ്ക്ക് മാറിപ്പോയി ഒരു കവിൾ മഞ്ഞ കയ്പു വെള്ളം ശർദ്ദിച്ചു. രണ്ടുമൂന്നു ദിവസമായി കാര്യമായിട്ട് ഭക്ഷണം ഒന്നും കഴിക്കാത്തതിനാൽ വയറ്റിൽ വേറൊന്നും ഇല്ല ശർദ്ദിക്കാൻ.

 

എന്തായാലും ആദ്യത്തെ ഓക്കാനം കഴിഞ്ഞുപ്പോഴാണ് ഞാൻ മുൻപ് പറഞ്ഞ സീൽക്കാരശബ്‌ദം കേട്ടത്.

 

ഞാൻ തല ചെരിച്ചു നോക്കിയപ്പോ ഒരു സ്ത്രീയും പുരുഷനും കൂടി…!

 

ആളനക്കം അറിഞ്ഞിട്ടാവും ആ സ്ത്രീ പെട്ടന്ന് ചാടിയെണീറ്റ് പിറന്ന പടി എന്റെ മുന്നിൽ നിന്നു. സ്ട്രീറ്റ് ലൈറ്റിന്റെ അരണ്ട വെളിച്ചത്തിൽ പാറിപ്പറന്ന അവരുടെ മുടി തിളങ്ങി. ഏതോ നാ ടോടി സ്ത്രീ ആണെന്ന് തോന്നുന്നു.

 

പുരുഷൻ ആരോ.., അയാൾ നിലത്തു കിടന്നുകൊണ്ട് തന്നെ ഉടുതുണി പരതുന്നുണ്ട്.

എന്റെ അടുത്ത ഓക്കാനം തൊണ്ടയിൽ തടഞ്ഞു നിന്നു.

 

പെട്ടന്ന് എനിക്കൽപം പരിസരബോധം വന്നു. തിരിഞ്ഞു നോക്കിയപ്പോൾ ആങ്ങള ഒരു കുപ്പി വെള്ളവുമായി എന്റെ അടുത്തേയ്ക്ക് വരുന്നു. ഇയ്യോ..

 

എന്റെ. ദൈവമേ.. എന്നറിയാതെ വിളിച്ചു പോയി.

ആങ്ങള ഈ കാഴ്ച കാണുമോന്ന് ഉള്ള ഭയത്തിലാണ് ദൈവത്തെ വിളിച്ചത്.

ഞാൻ വേഗം തന്നെ തിരിഞ്ഞു അവന്റെ അരികിലേക്ക് ചെന്നു.

 

അവനെന്റെ തോളിൽ തട്ടി, കുഴപ്പമില്ലല്ലോ എന്ന അർത്ഥത്തിൽ. ഞാൻ തല അനക്കി ഇല്ലന്ന് കാണിച്ചു. ഞാൻ വേഗം വണ്ടിയിലേക്ക് കേറാൻ തിടുക്കം കാണിച്ചു.

 

അപ്പോൾ ആങ്ങള എന്നോട് പറഞ്ഞു ” കുഞ്ഞേച്ചി കേറിയിരുന്നോ ഞാനിപ്പോ വരാം. ”

അവന് മൂത്രമൊഴിക്കാൻ ആണെന്ന് എനിക്ക് മനസ്സിലായി.

 

അവനപ്പോഴേയ്ക്കും ഒരടി മുന്നോട്ട് വച്ചിരുന്നു. ഞാൻ പെട്ടന്ന് അവന്റ കൈയിൽ പിടിച്ചു നിർത്തിയിട്ടു പറഞ്ഞു.

 

“നീ അങ്ങോട്ട് പോകണ്ട അവിടെ ആകെ വൃത്തികേടാണ്. ”

 

അവൻ ഒരു നിമിഷം നിന്നിട്ട് തിരിച്ചു നടന്ന് മറ്റൊരിടത്തേക്ക് പോയി. ഞാൻ കാറിൽ കേറി കണ്ണടച്ചിരുന്നു. ജീവിതത്തിൽ ഇതുപോലൊരവസ്‌ഥ..!

 

ചില സത്യങ്ങൾ, കാഴ്ചകൾ നമുക്ക് ആരോടും പറയാനാവില്ല. പക്ഷേ അത് തരുന്നൊരു നടുക്കവും, ആഘാതവും ഒരിക്കലും മാറില്ല, മറക്കില്ല.

 

ഓർമകളുടെ ഉണങ്ങാത്ത മുറിവിൽ കുപ്പിചില്ലുപോലെ നഗ്നയായ ആ സ്ത്രീയും പുരുഷനും, ഒരു പക്ഷേ അവരുടെ സ്വകാര്യതയിലേയ്ക്ക് ഞാൻ ചെന്നതുമാവാം. എങ്കിലും.. ഹൊ..

 

ജീവിതത്തിൽ പലപ്പോഴും പല അവസ്ഥയിൽ കൂടി പോയിട്ടുണ്ടെങ്കിലും ഈയൊരവസ്ഥ പറഞ്ഞറിയിക്കാനാവില്ല. ഈ ഒരനുഭവം ഒരിക്കലും ആർക്കും സംഭവിക്കാതെ ഇരിക്കട്ടെ..

 

(ഇതൊരു അനുഭവ കഥയല്ല. അനുഭവമാണ്, നഗ്നസത്യം. )

Leave a Reply

Your email address will not be published. Required fields are marked *