മഹാ ദേവൻ
” നിനക്ക് ഇത് എന്തിന്റെ കേടാ സരോജിനി. ഒന്നുല്ലെങ്കിൽ നിന്റ മോന്റെ ഭാര്യ അല്ലെ അവൾ . ഇങ്ങനെ കഷ്ടപ്പെടുത്തുന്നതിനും ഇല്ലേ ഒരു പരിധി. നമ്മുടെ മോൾക്ക് ഈ അവസ്ഥ വന്നാൽ എങ്ങനെ ഉണ്ടാകും. രണ്ടും രണ്ടായി കാണരുത് നീ. ”
ഭർത്താവിന്റെ ഉപദേശം കേട്ടപ്പോൾ തന്നെ സരോജിനിക്ക് ചൊറിഞ്ഞുകേറുന്നുണ്ടായിരുന്നു.
” അതിന് ന്റെ മോളെ കെട്ടിച്ചു വിട്ടത് അന്തസ്സായിട്ട് ആണ്. അല്ലാതെ ഇവളെപ്പോലെ ഉടുത്തതുംകൊണ്ട് വലിഞ്ഞുകേറിയതല്ല. പറഞ്ഞിട്ട് കാര്യമില്ല, തൊലിവെളുപ്പ് കണ്ട് ചെന്നു ചാടികൊടുത്തല്ലേ നിങ്ങടെ മോന്. അനുഭവിക്കട്ടെ. പക്ഷേ, ഒന്നുണ്ട്. ഞാൻ ഉള്ള കാലം അവൾക്കീ വീട്ടിൽ ന്ത് സ്ഥാനം കൊടുക്കണമെന്ന് എനിക്ക് അറിയാം. അതെന്നെ ആരും പഠിപ്പിക്കണ്ട. അല്ലെങ്കിൽ എങ്ങോട്ടാചാ ഇറങ്ങിപ്പൊക്കോട്ടെ. പെങ്കോന്തന്റ സ്ഥാനം പടിക്ക് പുറത്ത് തന്നെയാ. ”
ഇവളോട് എന്ത് പറഞ്ഞിട്ടും കാര്യമില്ലെന്ന് അയാൾക്ക് അറിയാമായിരുന്നു. വന്ന കേറിയ പെണ്ണിന്റെ മനസ്സ് കാണാൻ കഴിയുന്നില്ലല്ലോ ഇവൾക്ക് എന്നും ചിന്തിച്ചയാൽ ഭാര്യയ്ക്ക് അരികിൽ നിന്നും ഒന്ന് മൂളിക്കൊണ്ട് എഴുനേറ്റ് പോകുമ്പോൾ അയാളെ നോക്കി പുച്ഛത്തോടെ ചിറി കോട്ടി സരോജിനി.
” മോളെ, അച്ഛനൊരു ചായ എടുക്കാമോ ”
അടുക്കളയിൽ ഓരോ പണികളിൽ മുഴുകി നിൽക്കുകയായിരുന്നു രമ്യ അച്ഛന്റെ ചോദ്യം കേട്ട് പുഞ്ചിരിച്ചു.
“ഇപ്പോൾ ഇട്ടു തരാം അച്ഛാ ”
അവൾ വേഗം ചായ വെക്കാനുള്ള പാത്രത്തിൽ കുറച്ചു വെള്ളമെടുത്തു സ്റ്റവിലേക്ക് വെച്ചു.
ആവി പറക്കുന്ന ചായ ഉമ്മറത്തിരിക്കുന്ന അച്ഛന് നേരെ പുഞ്ചിരിയോടെ നീട്ടുമ്പോൾ മുറ്റത്തേക്കൊന്ന് നീട്ടിതുപ്പിക്കൊണ്ട് സരോജിനി ചോദിക്കുന്നുണ്ടായിരുന്നു
” അതെന്താടി, എനിക്കീ ചായ കുടിച്ചാൽ ചങ്കിൽ നിന്ന് ഇറങ്ങില്ലേ. അതോ ഇനി കെട്ടിലമ്മയോട് പ്രത്യേകം പറയണോ ഒരു ചായ ഉണ്ടാക്കാൻ ” എന്ന്.
” അമ്മ ഈ നേരത്ത് ചായ കുടിക്കാറില്ലല്ലോ, അതുകൊണ്ടാ ഞാൻ… ”
അവൾ പറഞ്ഞൊപ്പിക്കുമ്പോൾ സരോജിനി അവളെ രൂക്ഷമായോന്ന് നോക്കി.
” ഓഹ്.. അപ്പൊ ഇനി സമയത്തെ തരൂ എന്ന് സാരം. വലിഞ്ഞുകേറിവന്ന പിച്ചക്കാരിയും ഭരണം തുടങ്ങി. ”
അമ്മയുടെ കളിയാക്കൽ അവളെ വല്ലാതെ സങ്കടപ്പെടുത്തുന്നുണ്ടായിരുന്നു. ഈ വീട്ടിൽ വന്നത് മുതൽ കേൾക്കുന്ന വാക്ക് ആയിരുന്നു വലിഞ്ഞുകേറി വന്ന പിച്ചക്കാരി എന്ന്.
ആരോരുമില്ലാത്ത അവസ്ഥയിൽ സ്നേഹിക്കാൻ ഒരാളെ കിട്ടിയപ്പോൾ സന്തോഷിച്ചു. അയാളിലെ സംരക്ഷണം കൊതിച്ചായിരുന്നു കൂടെ വന്നത്. പക്ഷേ….
രമ്യ നിറഞ്ഞ കണ്ണുകൾ തുടച്ചുകൊണ്ട് അകത്തേക്ക് നടക്കുമ്പോൾ മരുമകൾ കൊണ്ട് തന്ന ചായ സരോജിനിക്ക് മുന്നിലേക്ക് വെച്ചുകൊണ്ട് അയാളും എഴുനേറ്റു.
രാത്രി കിടക്കുമ്പോൾ രമ്യക്ക് ശരത്തിനൊട് പറയാൻ സങ്കടങ്ങൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്.
” അമ്മ അങ്ങനെ ഒക്കെ ആണ്. കണ്ടില്ല കെട്ടില്ലെന്ന് നടിച്ചങ് നിന്നാൽ മതി നീ. നിനക്ക് അറിയാലോ. എത്രയൊക്കെ ആയാലും പെട്ടന്ന് അച്ഛനേം അമ്മേം ഒറ്റയ്ക്ക് ആക്കി ഇവിടെ നിന്ന് മാറിയാൽ…..”
അവൾ നിറഞ്ഞ കണ്ണുകൾ തുടച്ചുകൊണ്ട് ചിരിക്കാൻ ശ്രമിച്ചു.
” ആരേം വേർപിരിക്കാൻ അല്ല ഞാൻ പറഞ്ഞെ . പക്ഷേ…. ”
അവൾ അനുഭവിക്കുന്ന അവഗണയും വേദനയും അതിൽ ഉണ്ടായിരുന്നു.
വേഗം എഴുനേറ്റ് പുറത്തേക്കിറങ്ങാൻ വാതിൽ തുറന്ന അവൾക്ക് മുന്നിൽ മുറിക്കുള്ളിലേക്ക് ചെവിയോർത്തു നിൽക്കുന്ന അമ്മയെ കണ്ടപ്പോൾ പുച്ഛമാണ് തോന്നിയത്. ആ കാഴ്ച ശരത്തും കണ്ടിരുന്നു.
” ഇങ്ങനെ ഒളിഞ്ഞുനിന്ന് കേൾക്കാൻ മാത്രം ഇവിടെ എന്താണാമേ ഉള്ളത്. വല്ലാത്ത കഷ്ട്ടം തന്നെ. ”
” കഷ്ട്ടം തോന്നിയെങ്കിൽ നീയങ്ങു സഹിച്ചോ. മോന് എന്നെ ഉപദേശിക്കാൻ നിൽക്കല്ലേ. നിന്റ അപ്സരസ്സ് നിന്റ ചെവിയിൽ ഓതിതരുന്നത് കേൾക്കാൻ തന്നെയാ ഞാൻ നിന്നത്. പെണ്ണല്ലേ വർഗ്ഗം. ഒന്നിനെ നൂറാക്കി പറയുന്ന എനം. ”
” അങ്ങനെ എങ്കിൽ അമ്മയും പെണ്ണല്ലേ. അമ്മയും ഇങ്ങനെ നൂറാക്കി പറഞ്ഞും കാണിച്ചും ആണോ ഇവിടം വരെ എത്തിയത്? സ്വയം മറ്റുള്ളവരെ കുറ്റം പറഞ്ഞും കുറ്റം കണ്ടുപിടിച്ചും നടക്കുന്നവർക്കാണ് ഇങ്ങനെ ഉള്ള പേടി ഉണ്ടാകൂ, തന്നെ കുറിച് മറ്റുള്ളവർ എന്തൊക്ക കുറ്റം പറയും എന്നുള്ള പേടി. അമ്മയ്ക്കും ഉണ്ടല്ലോ ഒരു മോൾ. അവളെ പോലെ വേണ്ട, എങ്കിലും കുറച്ചെങ്കിലും മനുഷ്യപറ്റ് കാണിച്ചൂടെ ഇവളോട്. ”
മകന്റെ ചോദ്യം അത്ര പിടിക്കുന്നില്ലായിരുന്നു സരോജിനിക്ക്.
” അത്രയ്ക്ക് ദണ്ണം ഉണ്ടേൽ നീ അവളേം വിളിച്ചോണ്ട് എങ്ങോട്ടച്ചാ പോടാ. എന്നെ സഹിച്ചു നിൽക്കാൻ ഞാൻ ആരോടും പറയുന്നില്ല. ഇവിടെ നിൽക്കണേൽ ഞാൻ പറയുന്നത് കേട്ട് നിൽക്കേണ്ടിവരും. അതല്ലെങ്കിൽ ഇറങ്ങിക്കോണം രണ്ടും ”
സരോജിനി തുള്ളി കലി തിരിയുമ്പോൾ ആണ് പിന്നിൽ നിൽക്കുന്ന ഭർത്താവിനെ കണ്ടത്.
അപ്രതീക്ഷിതമായിട്ടായിരുന്നു അയാളുടെ കൈ അവരുടെ കവിളിൽ പതിഞ്ഞതും.
“നീ കുറെ ആയല്ലോ ഇറങ്ങാൻ പറയുന്നു ഇവരോട്. നിനക്ക് പറ്റില്ലെങ്കിൽ നീ ഇറങ്ങിക്കോണം ഈ വീട്ടിൽ നിന്ന്. ഇതെന്റെ വീട് ആണ്. ഇവിടെ ആര് തഖ്‌മസിക്കണം എന്ന് ഞാൻ തീരുമാനിക്കും. താഴ്ന്നു തരുമ്പോൾ തലയിൽ കേറാനുള്ള എളുപ്പവഴി ആയി കാണരുത് അതിനെ. ഒന്നുല്ലെങ്കിൽ നിന്റ നല്ല പ്രായത്തിൽ ഇവളുടെ ഇതേ അവസ്ഥയിൽ കേറി വന്നതല്ലെടി നീയും. അന്ന് നിനക്ക് ഉണ്ടായതൊക്കെ വള്ളിപുള്ളി തെറ്റാതെ മരുമോളോട് കാട്ടി സന്തോഷം കണ്ടെത്തുന്ന നിന്റ ഒക്കെ മനസ്സ് ശരിക്കും വിഷമാണ്. അങ്ങനെ ഒരു വിഷം ഇനി ഈ വീട്ടിൽ വേണ്ട. അതുകൊണ്ട് നിനക്ക് തീരുമാനിക്കാം ഇനി. നല്ല അമ്മയായി ഇവിടെ നിൽക്കണോ അതോ വിഷം തീണ്ടിയ അമ്മായമ്മയായി ഈ വീട്ടിൽ നിന്ന് ഇറങ്ങണോ എന്ന് ”
പ്രതീകഴിക്കാതെയുള്ള കെട്യോന്റെ മാറ്റം കണ്ട് പരിഭ്രമിച്ചു നിൽക്കുകയായിരുന്നു സരോജിനി . ഇതുവരെ കാണാത്തൊരു മുഖമായിരുന്നപ്പോൾ അയാൾക്ക്.
” മോൾ പോയി ഭക്ഷണം എടുത്ത് വെയ്ക്ക് രണ്ട് ആണുങ്ങൾക്ക് അല്ല, രണ്ട് പെണ്ണുങ്ങൾക്കും ചേർത്ത് നാല് പേർക്ക്. അങ്ങനെ കഴിക്കാൻ താല്പര്യം ഉള്ളവർ ഇനി കഴിച്ചാൽ മതി ഇവിടെ. ഇനി ഈ വീട്ടിൽ രണ്ട് പന്തിയിലുള്ള വിളമ്പൽ ഇല്ല. ഒരുമിച്ചിരുന്നു കഴിക്കാൻ കഴിയുന്നവർക്ക് കഴിക്കാം. അല്ലാത്തവർക്ക് പറയാൻ പഴമക്കാർ കണ്ടെത്തിയ ഒരു വാക്ക് ഉണ്ട്. ഉപവാസം ”
അയാൾ പറഞ്ഞ് നിർത്തുമ്പോൾ എല്ലാവരും മൗനമായിരുന്നു.
പല വീട്ടിലും കാണുന്ന പ്രതികരിക്കാത്ത അച്ഛൻമാരുടെ മനസ്സ് തുറക്കാൻ നിന്നാൽ ഇതായിരിക്കും അവസ്ഥ എന്ന ചിന്തയുടെ.
✍️ദേവൻ