തുണിയുടുക്കാത്ത ഫോട്ടോ കിട്ടീട്ട് നിനക്കെന്തിനാ… നമ്മുടെ കല്യാണം കഴിയുന്നവരെ നിനക്കൊന്നു കാത്തിരുന്നൂടേ…”

ഫോട്ടോ

(രചന: P Sudhi)

 

” നിനക്ക് എന്നെ വിശ്വാസമുണ്ടെങ്കിൽ മാത്രം മതി… ഞാൻ മാത്രേ അതു കാണൂള്ളൂ…”

 

” വിശ്വാസമില്ലാഞ്ഞിട്ടല്ലടാ… അതിന്റെയൊക്കെ ആവശ്യം ഉണ്ടോ… തുണിയുടുക്കാത്ത ഫോട്ടോ കിട്ടീട്ട് നിനക്കെന്തിനാ… നമ്മുടെ കല്യാണം കഴിയുന്നവരെ നിനക്കൊന്നു കാത്തിരുന്നൂടേ…”

 

” അപ്പൊ അത്രേള്ളു ല്ലേ എന്നോടുള്ള സ്നേഹം… ശെരി ആയിക്കോട്ടെ…” – കാര്യം നടക്കിലെന്നറിഞ്ഞപ്പോൾ അവൻ അവസാനം സെൻറിമെൻസിൽ കയറി പിടിച്ചു.

 

” ശരി… തരാം… ഒരേയൊരു ഫോട്ടോ… നീ കണ്ടാൽ ഉടൻ ഡിലീറ്റ് ചെയ്യണംചെയ്യണംചെയ്യണം. ഇതെന്റെ ജീവിതത്തിന്റെ കാര്യാ… അറ്യാലോ നിനക്ക്..”

 

” എനിക്കറിയാടീ… നീ ഫോട്ടോ എപ്പൊത്തരും?”

 

“നാളെയാകട്ടെ….” – അവൾ മനസ്സില്ലാ മനസ്സോടെ സമ്മതിക്കുമ്പോഴും മനസ്സിൽ അവനോടുള്ള വിശ്വാസം മാത്രമായിരുന്നു.

 

” ശരി ടീ… നീയെന്റെ പൊന്നല്ലേ… ഉമ്മ…. അപ്പൊ ശരി നാളെ കാണാം… ഗുഡ് നൈറ്റ്…”

 

ഫോൺ കട്ട് ചെയതപ്പോൾ അവനു ലോകം പിടിച്ചടക്കിയതുപോലുള്ള സന്തോഷമായിരുന്നു…. കള്ള പ്രണയത്തിനു മുന്നിൽ തുണിയഴിയ്ക്കാൻ ഒരു പെണ്ണും കൂടി…. അവൻ മനസ്സിൽ ഊറി ചിരിച്ചു. ഫോട്ടോ കിട്ടിയാലുടൻ കൂട്ടുകാർക്കൊക്കെ അതയച്ചുകൊടുത്ത് അവരുടെ മുന്നിൽ ആളാവണം- അവൻ മനസ്സിൽ കരുതി.

 

തന്റെ തന്ത്രം വിജയിച്ചതിന്റെ ലഹരിയിൽ അവനന്ന് പതിവിലും നേരത്തേ ഉറങ്ങി….

 

പുലർച്ചെ അമ്മയുടെ വാവിട്ടുള്ള കരച്ചിൽ കേട്ടാണവരുണർന്നത്.കട്ടിലിൽ ചാടിയെഴുന്നേറ്റ് അവൻ കരച്ചിൽ കേട്ട ഭാഗത്തേക്കോടി.. ചെന്നു നോക്കിയ അവൻ നെഞ്ചു പൊട്ടി നിന്നു പോയി.

 

തന്റെ പൊന്നനിയത്തിയുടെ ശരീരം ഫാനിൽ കെട്ടിത്തൂങ്ങിയാടുന്നു. നെഞ്ചിൽ കൈവച്ച് പോയ അവൻ തെന്നിത്തെറിച്ചു പിന്നിലേയ്ക്ക് പോയി ഭിത്തിയിൽ ചെന്നിടിച്ചാണ് നിന്നത്…..

 

ഇടയ്ക്കിടക്കു വഴക്കുകൂടാറുണ്ടെങ്കിലും അനിയത്തിയെ അവനു ജീവനായിരുന്നു. അവളുടെ കാലിൽ ഒരു മുള്ളു കൊള്ളുന്നതു പോലും അവന് സഹിക്കാൻ കഴിയുമായിരുന്നില്ല.

 

എന്താണു സംഭവിച്ചതെന്നും ഇനിയെന്തു ചെയ്യണമെന്നുമറിയാതെ അവൻ തലയിൽ കൈവച്ചു ആ മുറിയുടെ മൂലയ്ക്ക് ഇരുന്നു…

 

ഇതിനിടയിൽ പോറ്റി വളർത്തിയ മകളുടെ ജീവനില്ലാത്ത ശരീരം കണ്ട് നെഞ്ചു തല്ലി കരഞ്ഞുകൊണ്ടിരുന്ന അമ്മ ബോധം പോയി നിലത്തെ ചവിട്ടുപടിയിൽ തലയടിച്ചു വീഴുന്നത് നോക്കി നിൽക്കാനേ അവനായുള്ളൂ.

 

ഒന്നും ചെയ്യാനാകാതെ നിലച്ചുപോയ യന്ത്രം കണക്കെയായിരുന്നു അപ്പോഴവൻ. മുറിക്കു വെളിയിലായി മുറ്റത്തെ വരാന്തയിലൂടെ ഉലാത്തുന്ന അച്ഛനെ അവൻ ജനാലയിലൂടെ കണ്ടു.

 

അച്ഛനാകെ വിയർത്തിട്ടുണ്ട്…കണ്ണുകൾ ചുവന്നിട്ടുണ്ട്.തലയുടെ പിറകിൽ ചൊറിഞ്ഞു കൊണ്ട് അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നുണ്ട്… നടക്കുന്നതിനിടയിൽ ‘എന്റെ മോള്’…… ‘കുടുംബത്തിന്റെ അഭിമാനം ‘…… ‘ചത്തുകളയുന്നതാ നല്ലത് ‘ എന്നൊക്കെ പിറുപിറുക്കുന്നുമുണ്ട്…..അച്ഛനെ ആദ്യമായാണിങ്ങനെയവൻ കാണുന്നത്.

 

അനിയത്തിയുടെ വിവാഹം അച്ഛന്റെ സ്വപനമായിരുന്നു.അതു കാണാനാ ജീവിച്ചിരിക്കുന്നത് എന്നൊക്കെ അച്ഛൻ പറയാറുള്ളത് അവന്റെ മനസിലേക്കെത്തുമ്പോൾ അവനാകെ നീറി.

 

ജീവനില്ലാത്ത അനിയത്തിയെയും നിലത്തു ബോധമില്ലാതെ കിടക്കുന്ന അമ്മയേയും സമനില തെറ്റി എന്തൊക്കെയോ സ്വയം പറഞ്ഞു കൊണ്ടിരിക്കുന്ന അച്ഛനെയും കണ്ടപ്പോൾ അവനു കണ്ണിലാകെ ഇരുട്ടു കയറുന്നതു പോലെ തോന്നി.

 

എല്ലാം കണ്ട് പകച്ചു നിൽക്കുമ്പോഴാണ് നിലത്തു ചുരുണ്ടു കിടന്നിരുന്ന ഒരു വെള്ള പേപ്പർ അവൻ ശ്രദ്ധിച്ചത്. അവനതെടുത്തു ചുളിവുകൾ നിവർത്തി നോക്കിക്കി

 

സ്വന്തം അനിയത്തിയുടെ മരണക്കുറിപ്പുവായിക്കേണ്ടി വന്ന അവന്റെ കൈകൾ വിറയ്ക്കുന്നതിനാലും കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നതിനാലും അവൻ നന്നായി പണിപ്പെട്ടണതു വായിച്ചത്.

 

തന്റെ അനിയത്തി അവളുടെ കാമുകനയച്ചുകൊടുത്ത സ്വകാര്യ ചിത്രങ്ങൾ ഇന്ന് ഫേസ്ബുക്കിലും വാട്ട്സാപ്പിലുമൊക്കെ ചൂടോടെ ഓടുന്നുവെന്നറിഞ്ഞ അവൾക്കതു താങ്ങാനാവുന്നതിനുമപ്പുറമായിരുന്നു.അങ്ങനെയാണ് തന്റെ കുഞ്ഞനിയത്തി ഒരു മുഴം കയറിൽ എല്ലാമവസാനിപ്പിച്ചതെന്നറിഞ്ഞ അവന്റെ ഉള്ളു പൊള്ളി.

 

അവനത്രയും നാൾ സ്നേഹം നടിച്ചു വശത്താക്കിയ പെൺകുട്ടികളുടെ മുഖം അവന്റെയുള്ളിൽ മിന്നി മറഞ്ഞു….തലയിൽ കൈവച്ച് കരഞ്ഞുകൊണ്ടിരുന്ന അവൻ അനിയത്തിയുടെ വിളി കേട്ടാണ് ഞെട്ടി എഴുന്നേറ്റത്.

 

“ഇതെന്തൊരുറക്കാ ചേട്ടാ…. മണി എത്രയീന്നറിയോ കൊണ്ടുവന്നുവച്ച ചായ വരെ തണുത്തുപോയല്ലോ…..”

 

ഉറക്കമുണർന്നപ്പോഴാണ് കണ്ടതൊക്കെ സ്വപ്നമായിരുന്നവനറിഞ്ഞത്. അവന്റെ ഉയർന്നിരുന്ന നെഞ്ചിടിപ്പ് താണു. ആശ്വാസത്തോടെ തന്റെ തൊട്ടടുത്തിരുന്ന അനിയത്തിയെ അവൻ തലോടി.

 

” ഇന്നെന്തു പറ്റി വല്ലാത്തൊരു സ്നേഹം… എന്റെ കൂട്ടുകാരികളുടെ ഫോൺ നമ്പറിനു വല്ലതുമാണെങ്കിൽ നടപ്പുള്ള കാര്യമല്ലാട്ടാ…. ” – അവൾ പറഞ്ഞുചിരിച്ചു കൊണ്ടു അടുക്കളയിലേക്ക് പോയി.

 

അവൻ തന്റെ മുറിയുടെ വെളിയിലേയ്ക്കിറങ്ങി.അമ്മ അടുക്കളയിലെന്തോ തിരക്കിട്ട പണിയിലാണ്.അച്ഛൻ ഉമ്മറത്തിരുന്നു പത്രം വായിക്കുന്നു.

 

സ്വപനമായിരുന്നെങ്കിലും കണ്ടതൊന്നും അവന്റെ ഉളളീന്നു പോയില്ല. താൻ പറഞ്ഞു പറ്റിച്ച പെൺകുട്ടികൾക്കും ഉണ്ടാവില്ലേ അച്ഛനമ്മമാരും കൂടെപ്പിറപ്പുകളുമൊക്കെ…. ഇതൊക്കെ ചിന്തിച്ച് കുറ്റബോധത്തോടെ ഇരിക്കുമ്പോഴാളാഴാണ് അനിയത്തി അവന്റെ ഫോണും കൊണ്ടോടി വന്നത്.

 

“ചേട്ടന്റെ ഫോൺ കുറച്ചു നേരമായി വിടെക്കിടന്ന് ചിലക്കണുണ്ട്… എന്തോ മെസ്സേജ് വന്നതാണെന്ന് തോന്നുന്നു….. ദാ ഫോൺ…” –

 

അവൾ ഫോൺ അവന്റെ കയ്യിൽ കൊടുത്തിട്ട് അകത്തേക്കു കയറിപ്പോയി. ഫോണിൽ നോക്കാതെ അവനതുമെടുത്തു മുറ്റത്തിറങ്ങി

 

പിന്നാമ്പുറത്തെ അലക്കുകല്ലിലേയ്ക്ക് എറിഞ്ഞ തന്റെ ഫോൺ ചിന്നിച്ചിതറുമ്പോൾ അവന്റെ കണ്ണുകൾ പശ്ചാത്താപത്താൽ നിറഞ്ഞിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *