സ്ത്രീശരീരത്തെ പച്ചയായി പിച്ചി ചീന്തുന്ന പദങ്ങൾ.. അവളുടെ നെറ്റിയിൽ നിന്ന് വിയർപ്പുത്തുള്ളിക

അവൾ

(രചന: Sinana Diya Diya)

 

യൂണിവേഴ്സിറ്റി ഒന്നാം വർഷപരീക്ഷക്കുള്ള പാഠഭാഗങ്ങൾ മറിച്ചു നോക്കുന്നതിനിടയിലാണ് സ്വീകരണ മുറിയിൽ വച്ചിട്ടുള്ള ലാൻഡ് ഫോൺ ബെല്ലടിച്ചത്… പെട്ടെന്ന് അനുവിന്റെ നെഞ്ചിലൂടെ കൊള്ളിയാൻ പാഞ്ഞു പോയി..

 

അയാളായിരിക്കും.. ഇന്നിതു എത്രാമത്തെ പ്രാവശ്യമാണ് തന്നെ വിളിച്ചയാൾ അസഭ്യം പറയുന്നത്.. പതിനേഴുകാരിയായ ഒരു പെൺകുട്ടിക്ക് ഒരിക്കലും ഉൾക്കൊള്ളാനാവാത്ത വാക്കുകൾ..

 

സ്ത്രീശരീരത്തെ പച്ചയായി പിച്ചി ചീന്തുന്ന പദങ്ങൾ.. അവളുടെ നെറ്റിയിൽ നിന്ന് വിയർപ്പുത്തുള്ളികൾ സുവോളജി നോട്ടുപുസ്തകത്തിലെ മഷിപടർത്തി…

 

അമ്മ തൊടിയിലെങ്ങോ പോയിരിക്കയാണ്…എത്രയും പെട്ടെന്ന് വന്നെങ്കിൽ…ലാൻഡ് ഫോണിന്റെ റിങ് ടോൺ വലിയൊരു കരിവണ്ടിന്റെ മൂളലായി അവളുടെ കർണ്ണപടം തുളച്ച് തലച്ചോറിലേക്ക് കയറി…

 

ചെവി പൊത്തി പിടിച്ചു കൊണ്ടവൾ സ്റ്റഡി ടേബിളിലേക്ക് മുഖം അമർത്തി…

 

നിർത്താതെ യുള്ള ബെല്ലടി കേട്ടുകൊണ്ടാണ് അമ്മ തൊടിയിൽ നിന്നും ഓടി കിതച്ചു വന്നത്.. കാലിൽ പുരണ്ട തൊടിയിലെ ചെളിമണ്ണ് അടുക്കള പുറത്തെ ചണച്ചാക്കിൽ തുടച്ചു കൊണ്ട് ഫോണിനടുത്തേക്ക് ചെന്നതും അത്‌ നിശബ്ദമായി..

 

“ആ… അത്‌ കട്ടായി.. ആരായിരുന്നോ ആവോ..”

 

അനു നീ ഫോൺ ബെല്ലടിക്കുന്നത് കേട്ടില്ലേ..അച്ഛനോ ഏട്ടനോ ആവും…..എത്ര ദൂരെനിന്നാണ് അവര് വിളിക്കുന്നത് എന്നറിയാമോ… നിനക്ക്‌ ഒന്നെടുത്തൂടെ..

 

“അച്ഛനും ചേട്ടനും ഒന്നും ആവില്ല അമ്മേ … ഇത് ലോക്കൽ കോളാണ്…”

 

“ഏതായാലും നിനക്കൊന്നു എടുത്തുകൂടെ..പെണ്ണിന്റെ പഠിപ്പും വയസ്സും കൂടുന്നതിനനുസരിച്ചു ബുദ്ധി ഇല്ലാതായി വരികയാണല്ലോ എന്റെ ദൈവമേ ”

 

അമ്മയോട് എല്ലാം തുറന്ന് പറയണമെന്നുണ്ട്.. പക്ഷെ പറഞ്ഞാൽ അമ്മ ഒരിക്കലും വിശ്വസിക്കില്ല, അയാളെ അത്രയ്ക്ക് വിശ്വാസവും സ്നേഹവുമാണ് എല്ലാവർക്കും..

 

” ഏതു നേരവും പഠിക്കാനെന്നും പറഞ്ഞു മുറിയിൽ വാതിലും അടച്ചു ഇരിക്കും..എന്നെ ഒന്ന് സഹായിക്കാൻ പോലും നിനക്ക് നേരം ഇല്ല…”

 

വാക്കുകൾ മുഴുമിപ്പിക്കും മുൻപേ വീണ്ടും ഫോൺ റിങ് ചെയ്തു… അമ്മ ഫോൺ എടുത്തു സംസാരിക്കുമ്പോൾ അവൾ കാതുകൾ കൂർപ്പിച്ച് അടുത്തേക്ക് ചെന്നു…

 

മറുതലക്കൽ അപർണ്ണ ചേച്ചിയാണ്…

ചേച്ചിയാണെന്ന് അറിഞ്ഞപ്പോൾ തെല്ല് ആശ്വാസം.. എങ്കിലും മനസ്സ് അറിയാതെ ഒന്ന് വിങ്ങി പൊട്ടി…

 

അപർണ്ണ ചേച്ചി ഒരൂ മകളെ പ്പോലെ തന്നെ സ്നേഹിക്കുന്ന സ്വന്തം ചേച്ചി.. താനും ചേച്ചിയും തമ്മിൽ അഞ്ചു വയസ്സിന്റെ വ്യത്യാസമുണ്ട്… പക്ഷെ ഇപ്പോൾ ചേച്ചിയെ കാണുമ്പോൾ, ഫോൺ വിളിക്കുമ്പോൾ, വീട്ടിലേക്കു വരുമ്പോൾ ഉള്ളിൽ ഭയമാണ്…

 

കൂടെ ആയാളും കാണുമോ എന്നഭയം… കുറുക്കന്റെ കൗശലത്തോട്കൂടി ഇരയെ വീഴ്ത്താൻ നടക്കുന്ന മനുഷ്യമൃഗം… അയാളെ കുറിച്ചു ഓർത്തപ്പോൾ തന്നെ അവൾക്ക് ഓക്കാനം വന്നു…അത്ര നീചനാണയാൾ

 

“ശരി അപർണ്ണ … ജോഷിയും വരുന്നുണ്ടല്ലോ അല്ലേ…”

 

“ജോഷി …” അമ്മയുടെ ഫോൺ സമ്പാഷണത്തിനിടയിൽ കയറി വന്ന ആ പേര് അവളുടെ നെഞ്ചിടിപ്പ് വർദ്ധിപ്പിച്ചു… ഈശ്വരാ നേരം അഞ്ചുമണി ആയല്ലോ ചേച്ചിയും അയാളും വരുന്ന കാര്യം ആണല്ലോ അമ്മ പറയുന്നത്…

 

അമ്മ സംസാരം കഴിഞ്ഞു മുറിയിലേക്ക് വന്നു..ചേച്ചിയാണ് വിളിച്ചത് അവർ കുറച്ചു ദിവസം നിൽക്കാൻ ഇങ്ങോട്ടു വരുന്നൂന്ന്..നിയ്യ്‌ എല്ലാടോം ഒന്ന് വൃത്തിയാക്കിക്കെ…

 

അമ്മ അവർ എപ്പോഴാ പോവാ.. ജോഷ്യേട്ടൻ ഉണ്ടാവോ കൂടെ..

 

ജോഷി ഇല്ലാതെ പിന്നെ അവരെങ്ങിനെ ഒറ്റയ്ക്ക് വരുന്നത്.. പിന്നെ ഞാൻ എങ്ങനെയാ ചോദിക്കാ എന്നാ നിങ്ങൾ പോവാന്നു..ഈ പെണ്ണിന്റെ ഒരു കാര്യം..

 

അവർക്ക് ഇഷ്ടം ഉള്ളപ്പോൾ പൊയ്ക്കോട്ടേ അവർ ഇവടെ അല്ലാതെ വേറെ എവിടെ പോയി നിൽകും…. അവരുടെയും വീട് അല്ലേ പിന്നെ നിന്റെ ഏട്ടൻ അച്ഛന്റെ കമ്പനിയിൽ ജോലി കിട്ടി പോയെ പിന്നെ നമ്മൾ രണ്ടു പേരും തനിച്ചല്ലേ…. ജോഷി പറഞ്ഞത്രേ കുറച്ചു ദിവസം ഇവിടെ വന്നു നിന്നുകൊള്ളാൻ..

 

ചേച്ചിയോട് പറഞ്ഞു വത്രേ ഇങ്ങോട്ട് കാര്യം അമ്മയെ വിളിച്ചു പറയണ്ടാന്ന്…. നമ്മളെ ബുദ്ധിമുട്ടിക്കണ്ടാന്ന് വിചാരിച്ചു കാണും പാവം നിന്റെ ചേച്ചിക്ക് കിട്ടിയ ഭാഗ്യം ആണ് അവൻ…

 

എന്തൊരു കരുതലാണ് നമ്മുടെ കുടുംബത്തിനോട് …നിന്നോടും വല്യ കാര്യം ആണ്… അവനെ പോലത്തെ ഒരു ഭർത്താവിനെ നിനക്കും കിട്ടിയാൽ മതിയായിരുന്നു..

 

അമ്മയുടെ വാക്കുകൾ ചങ്കിൽ കുത്തി കയറുന്നപോലെയും ഭ്രാന്തു പിടിക്കുംപോലെയും അവൾക്ക് തോന്നി

 

നല്ലവൻ… ഹ്മ്മ്..ഭാര്യയുടെ സ്വന്തം അനിയത്തിയെ തിരിച്ചറിയാത്തവൻ ആണോ നല്ലവൻ….അവളുടെ ഓർമ്മകൾ മൂന്നു വർഷങ്ങൾ പിന്നിലേക്ക് പോയി..

 

അതെ പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ ആയിരുന്നു ചേച്ചിയുടെ വീട്ടിൽ അയാളുടെ അനിയന്റെ കല്യാണത്തിന് പോയത്…..

 

അതിനു മുന്നേ തന്നെ ഇയാളുടെ നോട്ടത്തിലും സംസാരത്തിലും എന്തോ പന്തികേട് തോന്നിയിരുന്നു… തിരിച്ചറിവില്ലാത്ത പ്രായത്തിൽ അന്നൊന്നും അത്രയ്ക്ക് കാര്യം ആക്കിയില്ല..തന്റെ വെറും തോന്നലാവുമെന്ന് കരുതി..

 

“അനു വൈകിട്ട് പോയാൽ മതി.. ഈ തിരക്കിനിടയിൽ കുട്ടികളുടെ കാര്യം നോക്കാൻ എനിക്ക് സമയം കിട്ടില്ല..”

 

“അയ്യോ ചേച്ചി എനിക്ക് കുറെ പഠിക്കാന്നുണ്ട് ”

 

“ഞാൻ വൈകിട്ട് കാറിൽ കൊണ്ടാക്കിത്തരാം.. അത് പോരെ അനു.. ജോഷിയേട്ടന്റെ സപ്പോർട്ടും കൂടി ആയപ്പോൾ അമ്മയ്ക്കും സമ്മതം.. കല്യാണം കഴിഞ്ഞു അമ്മയും മറ്റുള്ളവരും വീട്ടിലേക്കു പോന്നു..

 

ചേച്ചിയുടെ നിർബന്ധം കൊണ്ട് അവൾക്ക് അവിടെ നിൽക്കേണ്ടിയും വന്നു വൈകുന്നേരം കൊണ്ടാക്കിത്തരാം എന്ന ഉറപ്പോടെ …

 

അങ്ങനെ കല്യാണം കഴിഞ്ഞു രാത്രിയിൽ തന്നെ അയാളുടെ കൂടെ കാറിൽ വരുമ്പോൾ ആദ്യമായി ഇരയെ കിട്ടിയ സന്തോഷം അയാളുടെ കണ്ണിൽ നിന്നും വായിച്ചെടുക്കാൻ അതിക സമയം വേണ്ടി വന്നില്ല…..

 

“നീ അങ്ങ് വളർന്നു പോയല്ലോ അനു. നിന്നെ ഇപ്പോൾ കണ്ടാൽ ആരും ഒന്നു തൊടാൻ കൊതിക്കും.. നല്ല പച്ച കരിമ്പു പോലെ…”

 

ശരീരത്തിനും മനസ്സിനും വിറയൽ ബാധിച്ചു.. ബോധം മറഞ്ഞു പോകുമോ.. കാറിന്റെ ഡോർ തുറന്നു പുറത്തേക്കു ചാടിയാലോ എന്നൊരു നിമിഷം ചിന്തിച്ചു… കൂട്ടിലടക്കപ്പെട്ട മാൻപേടയെപ്പോലെ അവൾ ആസ്വസ്ഥയായി…

 

മനസ്സിൽ തിങ്ങിനിന്ന ഭയം വെറുപ്പായി മാറി..

 

അത്രക്ക് വെറുപ്പോടെ ദേഷ്യത്തോടെ പച്ചയായി തന്നെ അയാളുടെ ഓരോ വാക്കുകളും വീട് എത്തും വരെയും അവൾ കേട്ടിരുന്നു…

 

“ഒരിക്കലും നിങ്ങൾ ഈ രീതിയിൽ എന്നോട് സംസാരിക്കും എന്നു ചിന്തിച്ചിട്ട് പോലും ഇല്ല.. എന്റെ സ്വന്തം ഏട്ടൻ ആയിട്ടെ ഞാൻ ഇത് വരെയും നിങ്ങളെ കണ്ടിട്ടുള്ളു… എന്നിൽ തെറ്റ് കണ്ടാൽ തിരുത്തി തരേണ്ട ആൾ…. എന്നിട്ടും നിങ്ങൾ ഇന്ന് എന്നോട്…. ഛെ…”

 

നിങ്ങളിൽ നിന്നും ഇതൊന്നും പ്രതീക്ഷിച്ചില്ല… അവൾക്ക് സങ്കടവും ദേഷ്യവും വെറുപ്പും ഒരേ പോലെ വന്നു….വാക്കുകൾ മുഴുവൻ പറയാൻ കൂടി സങ്കടം കൊണ്ട് അവൾക്കായില്ല ചങ്ക് നീറുന്ന പോലെ…

 

“അനു ഒന്ന് നിന്നെ ”

 

വീട്ടുപടിക്കൽ എത്തി അകത്തേക്ക് കയറാൻ നേരം പിന്നിൽ നിന്നയാൾ വിളിച്ചു..

 

“ഞാൻ പറഞ്ഞത് ഒരു തുടക്കം മാത്രം ഇതൊന്നും ആരോടും പറയാൻ നിൽക്കണ്ട അതാ നിനക്ക് നല്ലത്…. ആരെങ്കിലും അറിഞ്ഞാൽ പിന്നെ നിന്റെ ചേച്ചിയും പിള്ളേരും ജീവനോടെ ഉണ്ടാവില്ല ”

 

അന്നത്തെ ആ വാക്കുകൾ പിന്നീട് എത്ര മറക്കാൻ ശ്രമിച്ചിട്ടും മനസ്സിൽ ഒരു വല്ലാത്ത ഭയമായി കയറികൂടി.. നല്ലവണ്ണം പഠിച്ചിരുന്ന അവൾ എല്ലാത്തിലും പുറകിലായി..

 

ടീച്ചേഴ്സ് ഒരുപാട് വഴക്ക് പറഞ്ഞു… പക്ഷെ ആരോടും ഒന്നും പറഞ്ഞില്ല പേടിയായിരുന്നു വല്ലാത്തൊരു നിസ്സഹായാവസ്ഥ ആയിരുന്നു….

 

അന്ന് തുടങ്ങിയതാണ് വാക്ക് കൊണ്ടും നോട്ടം കൊണ്ടും ഉള്ള ശല്യം.. എന്തോ ഭാഗ്യത്തിന് ശരീരത്തിൽ തൊടാനുള്ള ഒരവസരവും അയാൾക്ക് കിട്ടിയിട്ടില്ല.. പക്ഷെ അത് അയാൾക് പിന്നെ വാശിയായി പകയായി…

 

ഒരിക്കൽ കുളിമുറിയിൽ നിന്നിറങ്ങിവന്ന പ്പോൾ അയാൾ പുറകെ കൂടി.. അമ്മയും ചേച്ചിയും ആശുപത്രിയിൽ പോയ ദിവസമായിരുന്നു അന്ന്. മുറിയിലേക്ക് ഓടികയറി വാതിലിന്റെ കുട്ടിയിട്ടു…

 

ഈ ജോഷി ഒരൂ കാര്യം ആഗ്രഹിച്ചാൽ അത് നിറവേറാൻ എന്തും ചെയ്യും… പുറത്ത് നിന്ന് അയാൾ അലറി വിളിക്കുന്നുണ്ടായിരുന്നു..

 

കരഞ്ഞു പോയി അന്ന് ആദ്യമായി… ആരോടെങ്കിലും ഒന്ന് തുറന്നു പറഞ്ഞാലോ എന്നു വിചാരിച്ചു…..

 

മനസ്സിലെ ഭാരം കൂടി കൂടി വരുന്നു…

അങ്ങനെ പ്ലസ് വണ്ണിന് പഠിക്കുമ്പോൾ വീടിന് അടുത്തുള്ളതും എന്റെ മാത്രം സ്വന്തം കൂട്ടുകാരി മുംതാസിനോട് എല്ലാം തുറന്നു പറഞ്ഞു..

 

അത് ഒരു കണക്കിന് വലിയൊരു ആശ്വാസം ആയിരുന്നു അവൾ വഴി അവളുടെ ഉമ്മയും അറിഞ്ഞു ഒരുകണക്കിന്‌ അതൊരു അനുഗ്രഹം ആയിരുന്നു വേണ്ടാത്ത വാക്കുകൾ കൊണ്ട് ഒരു ഭാഗം തളർത്തുമ്പോൾ മറുഭാഗം സ്വന്തം ആയി കണ്ടു സ്നേഹിക്കാനും പിടിച്ച് നിൽക്കുവാനുള്ള ധൈര്യം തന്നു…

 

മുംതാസും ഉമ്മയും പിന്നീട് നിഴലായ് നിലാവായി അയാൾ വരുന്ന ദിവസങ്ങളിലെല്ലാം കൂടെ കാണും… ചെറുപ്പം മുതലേ ഒന്നിച്ചു ഓണവും പെരുന്നാളും ആഘോഷിക്കുന്ന കുടുംബങ്ങളായത് കൊണ്ട് ആർക്കും സംശയമൊന്നും തോന്നിയില്ല…

 

ഡിഗ്രി ആദ്യവർഷം തൊട്ടാണ് മനസ്സിൽ മുല്ലമൊട്ടുകൾ വിരിയാൻ തുടങ്ങിയത്.. മുഖത്ത് എപ്പോഴെങ്കിലും പുഞ്ചിരി വിരിഞ്ഞു തുടങ്ങിയത്..

 

കോളജിലെ തന്നെ സീനിയർ ചേട്ടൻ.. അരുൺ.. മനസ്സിന് അല്പമെങ്കിലും ആശ്വാസം അത്‌ മാത്രമാണ്.. കണ്ടടച്ചാൽ കാണുന്ന ഭയപ്പെടുത്തുന്ന സ്വപ്നങ്ങൾ പതുക്കെ അസ്തമിച്ചു തുടങ്ങിയത് അരുൺ ചേട്ടൻ വന്നതിൽ പിന്നെയാണ്..

 

പല വട്ടം ആലോചിച്ചതാണ് അച്ഛനോടും, ഏട്ടനോടും പറയണം എന്നു ചേച്ചിയെ ആലോചിച്ചപ്പോൾ വേണ്ടാന്ന് തോന്നി എന്തായാലും ഇനി അച്ഛൻ നാട്ടിൽ വരുമ്പോൾ തന്നെ എല്ലാം പറയണം

 

എന്നും ഇങ്ങനെ ഒരു ഇഷ്ടം കൂടെ ഉള്ളത് കൊണ്ടാണ് അയാളിൽ നിന്നും ഇത്രയും നാളും പിടിച്ച് നിന്നത് എന്നും പറഞ്ഞു അവനെ കാണിച്ചു കൊടുക്കണംഎന്നെല്ലാം മനസ്സിൽ കണക്കു കൂട്ടി വച്ചിരുന്നു..

 

“നീ എന്താ ആലോചിക്കുന്നെ അനു….

ഞാൻ പറയുന്നതൊന്നും കേൾക്കുന്നില്ലേ…”

 

“അമ്മേ ഞാൻ രാത്രി തറവാട്ടിൽ പോയി നിന്നോട്ടെ.. അച്ഛമ്മയുടെ അടുത്ത് ”

 

“അതിനു അച്ഛമ്മ അവിടെ ഇല്ലല്ലോ… അമ്മായിടെ വീട്ടിൽ പോയിരിക്കാണ്.. നിന്നോട് പറഞ്ഞതാണല്ലോ പോകുന്ന കാര്യം.”

 

“അച്ഛമ്മ എന്നാ വരിക എന്ന് പറഞ്ഞോ?”

 

“ഓഹോ നിയ്യ് അവര് വരുന്നത് ആണോ ചിന്തിക്കുന്നത്… അവർ അവർക്ക് തോന്നുമ്പോൾ വന്നോളും നീ ഞാൻ പറഞ്ഞത്‌ ചെയ്യൂ വേഗം…. ”

 

“അവൾ നിന്ന് വിയർക്കാൻ തുടങ്ങി…. ഇന്ന് തറവാട്ടിൽ ആരും ഇല്ലാന്നു അറിഞ്ഞിട്ടുള്ള വരവാണ് അവിടെ എല്ലാരും ഉണ്ടെങ്കിൽ ഞാൻ അങ്ങോട്ട് പോവുമല്ലോ അയാൾ മുൻ കൂട്ടി പ്ലാൻ ചെയ്ത വരവാണ്….”

 

“നിന്നെ ഉറക്കി കിടത്തിയായാലും ഞാൻ എന്റെ ആഗ്രഹം നിറവേറ്റും.. അങ്ങനെ നിന്നെയും എന്റെ ഭാര്യയാക്കും ”

 

അയാൾ അവസാനം ഫോൺ വിളിച്ചപ്പോൾ പറഞ്ഞ വാചകങ്ങൾ അവളെ ശ്വാസം മുട്ടിച്ചു.. അമ്മയുടെ ശകാരങ്ങൾ കേട്ട് കൊണ്ട് രാത്രിയിലേക്കുള്ള വിഭവങ്ങൾ ഒരുക്കുന്നതിനിടയിലും മനസ്സ് മുഴുവൻ വീട്ടിൽ നിന്നും രക്ഷപ്പെടുന്നതിനെ കുറിച്ചായിരുന്നു…

 

വീട്ടിലേക്കുള്ള മണ്ണിട്ട വഴിയിലൂടെ കറുത്ത അമ്പാസഡർ കാറ് മെല്ലെ വരുന്നുണ്ടായിരുന്നു… ജനലഴികൾ ക്കിടയിലൂടെ ആ കാഴ്ചകണ്ടവൾ ഓടി മുറിയിലേക്ക് കയറി…

 

ഈശ്വരാ ഞാൻ ഇനി എന്ത് ചെയ്യും ഏട്ടൻ ഗൾഫിൽ പോവുന്നതിനു മുൻപേ അവർ വന്നാൽ ഏട്ടന്റെ മുറിയിലാണ് കിടക്കുന്നതു.. അമ്മയുടെ യുടെ മുറിയിലാണ് ചേച്ചിയുടെ മക്കൾ കിടക്കുന്നതു..

 

ഒരിക്കൽ രാത്രിയിൽ മക്കൾ ഉറങ്ങിയോ എന്ന് നോക്കാനെന്ന വ്യാജേന അയാൾ കയറി വന്നു.. അതിൽ പിന്നെ ഏട്ടന്റെ റൂമിലെ കിടക്കു…ഏട്ടൻ ഇല്ലാത്ത സമയം തറവാട്ടിൽ മുത്തശ്ശിയുടെ അടുത്തേക്ക് മുങ്ങും..അവൾ ആകെ അസ്വസ്ഥത ആയി…

 

ഇനി എന്ത് ചെയ്യും… മുറ്റത്ത്‌ വന്നു നിന്ന കാറിന്റെ ഡോർ തുറക്കുന്ന ശബ്ദം കേട്ടമാത്രയിൽ മുറി തുറന്നു അവൾ അടുക്കള വഴി മുംതാസിന്റെ വീട്ടിലേക്കു ഓടി…

 

“എന്താ.. അനു നീ ഓടിക്കിതച്ചു ഈ നേരത്തു വരുന്നത്… സന്ധ്യ ആയാൽ പുറത്തിറങ്ങാത്ത ആളാണല്ലോ..”

 

“എടീ ഒരൂ പ്രശ്നമുണ്ട്.. ചേച്ചിയും അയാളും വന്നിട്ടുണ്ട്.. കുറച്ച് ദിവസം ഉണ്ടാകും എന്ത് ചെയ്യണമെന്ന് എനിക്ക് ഒരൂ രൂപവുമില്ല..”

 

“നിനക്ക് കുറച്ചു ദിവസം തറവാട്ടിൽ പോയി നിന്നൂടെ..”

 

“മുത്തശ്ശി അവടെ യില്ല.. ഞാൻ എവിടെ പോവും..” അവൾ കരച്ചിലിന്റെ വാക്കോളമെത്തി..

 

“നീ വിഷമിക്കാതെ… ഞാനും ഉമ്മയും കൂടി വീട്ടിലേക്കു വരാം.. എന്നിട്ട് പഠിക്കാനുണ്ട് നിന്നെ കൂടി വീട്ടിലേക്കു വിടുമോയെന്നു അമ്മയോട് ചോദിക്കാം.. വിഷമിക്കേണ്ട നീ ധൈര്യമായി പോയി അവരെ തലകാണിക്കു ”

 

ആശ്വാസത്തോടെ അവൾ വീട്ടിലേക്കു തിരിച്ചു പോയി…വീട്ടിലേക്ക് ചെല്ലുമ്പോൾ ചേച്ചിയും അമ്മയും അടുക്കളയിൽ പണിയിലാണ്..

 

“നീയിതു എവിടെ പോയതാ അനു… ഞങ്ങൾ വന്നിട്ട് കുറേ സമയമായി…”

 

“ചേച്ചി എക്സാം അടുത്ത് വരികയല്ലേ.. കുറേ പഠിക്കാനുണ്ട്.. ഞാനും മുംതാസും കൂടി റെക്കോഡ് ബുക്ക്‌ വരക്കായിരുന്നു.. ഇന്ന് രാത്രി മുഴുവൻ ഇരുന്നാലേ ഈ ആഴ്ചയിൽ തീരുകയുള്ളു.. ഞാൻ രാത്രി അവിടെ കിടക്കാൻ പോകും അമ്മേ ”

 

“പഠിപ്പെന്നു വച്ചാൽ അല്ലെങ്കിലും നിനക്ക് ഭ്രാന്ത് ആണല്ലോ.. നന്നായി പഠിച്ചിട്ട് മുൻവർഷങ്ങളിലെ പോലെ മാർക്ക് കുറവെങ്ങാനും വാങ്ങിയാൽ നിന്നെ പെട്ടെന്ന് കെട്ടിച്ചു വിടണമെന്ന് ജോഷിചേട്ടൻ പറയുന്നത്..”

 

“ചേച്ചീടെ ജോഷിചേട്ടൻ തന്നെയാണ് അതിനു കാരണം എന്ന് പറയണമെന്നുണ്ടായിരുന്നു..ചേച്ചിയുടെ വാത്സല്യവും പുഞ്ചിരിയും കണ്ടപ്പോൾ അവളുടെ കണ്ണ് നിറയുന്നുണ്ടായിരുന്നു..”

 

കുറച്ചു കഴിഞ്ഞപ്പോൾ മുംതാസും ഉമ്മയും കൂട്ടികൊണ്ട് പോകാൻ വന്നു..

 

” ഊണ് കഴിച്ചിട്ട് പോകാം.. മക്കളെ.. ”

 

“വേണ്ടമ്മ അവിടെ നല്ല കോഴി ബിരിയാണി വച്ചിട്ടുണ്ട്..അനുവിനും കൂടി കണക്കാക്കിയാ വച്ചതു ഞങ്ങൾ അവിടെ നിന്നും കഴിചോളാം..”

 

“എന്നാൽ വേഗം പൊയ്ക്കോളൂ… ഇപ്പോൾ തന്നെ നല്ല ഇരുട്ടായി ”

 

“ഇന്ന് ബിരിയാണി ആണോടി.. എന്നിട്ട് നീ പറഞ്ഞില്ലല്ലോ നേരത്തെ..” വീട്ടിൽ നിന്നും ഇറങ്ങിയപ്പോൾ തന്നെ അനു മുംതാസിന്റെ ചെവിയിൽ ചോദിച്ചു..

 

“അല്ലടി…നല്ല പുളിയൻ മാങ്ങയും കിഴക്കൻ മുളകും ചെമ്മീനുംകൂടി ഇട്ടരച്ചചമ്മന്തിയുണ്ട്.. പിന്നെ റേഷനരിടെ ചോറും.. അത് പോരാടീ നിനക്ക്… സമാധാനത്തോടെ കഴിക്കുന്ന ഒരൂ ഉരുള ചോറല്ലേ ബിരിയാണിയേക്കാൾ വലുത്..”

 

അനുവിന്റെ കണ്ണുകൾ സന്തോഷംകൊണ്ടുനിറഞ്ഞു.. നീ ഇല്ലായിരുന്നു എങ്കിൽ ഞാൻ എന്നെ മരിച്ചേനെ.. എനിക്ക് നിന്റെ ചമ്മന്തിയും ചോറും മതി ”

 

“വേഗം നടക്കു പിള്ളേരെ വീടെത്തിയിട്ടു മതി വർത്തമാനം പറച്ചില് “ഉമ്മ പറയുന്നുണ്ടായിരുന്നു..

 

പിന്നീട് അങ്ങോട്ട് അതൊരു ശീലമായി… വല്ലാത്തൊരു അവസ്ഥ ആയിരുന്നു ഒരു നേരത്തെ ആഹാരത്തിനു ബുദ്ധിമുട്ട് അനുഭവിക്കുന്ന അവർകിടയിലേക്ക് ഞാനും കൂടി ആവുമ്പോൾ…

 

ചേച്ചിയും അയാളും വന്നാൽ സ്വന്തം വീട്ടിൽ നിന്നു പോലും വിശ്വസിച്ചു ഭക്ഷണം കഴിക്കാൻ പറ്റിയിരുന്നില്ല…

 

എന്നിരുന്നാലും അവർ കഴിക്കുന്നതിൽ നിന്നും ഒരു പങ്ക് അനുവിനും കൂടി ഉള്ളതായിരുന്നു…

 

ഒരിക്കൽ മുംതാസിന്റെ ഉപ്പ ചോദിക്കുകകൂടി ചെയ്തു…

 

“എന്താ മോളെ വീട്ടിൽ കഴിയും പോത്തും വച്ചിട്ട് ഇവിടെനിന്നു കഞ്ഞിയും പയറും കഴിക്കുന്നേ…

 

ചിലപ്പോഴൊക്കെ മുംതാസിന്റെ ഉമ്മയുടെ കണ്ണ് നിറയുന്നത് കാണാം അവൾ കാണാത്ത പോലെ നടിക്കും അവളുടെ ഉള്ളവും അന്നേരം നീറിപുകയുന്നത് അവൾക്കു മാത്രം അല്ലേ കാണാൻ പറ്റൂ….

 

എല്ലാം ഉണ്ടായിട്ടും ഈ ഒരൊറ്റ കാരണത്താൽ മനസ്സ് കൈവിട്ടു ഒന്നിലും സന്തോഷം കണ്ടത്താനാവാതെ നീറുന്ന ഒരു കൗമാരം…. സ്വന്തം അമ്മ പോലും പറയാതെ മനസ്സിലാക്കിയെങ്കിൽ എന്നു വെറുതെ മോഹിച്ചു…..

 

ആ ഇഷ്ടം കൂടെ ഉള്ളതിനാൽ ആവണം ഒന്നും മിണ്ടാതെ മൗനമായ് എല്ലാം കേട്ട് കരഞ്ഞിരുന്ന അനു പിന്നീട് അങ്ങോട്ടു അയാളുടെ വാക്കുകളെ തിരിച്ചും ധൈര്യത്തോടെ തന്നെ പ്രതികരിക്കാനും തുടങ്ങി….

 

ആ ഒരു മാറ്റം അയാളെ നല്ലോണം അസസ്ഥയാക്കി ആരായിരിക്കും ഇങ്ങനെ ഒരു മാറ്റത്തിനു കാരണം എന്നു അയാൾ ശ്രദ്ധിക്കാൻ തുടങ്ങി….

 

അവൾക്ക് വരുന്ന ഫോൺ കാളിൽ നിന്നും അയാൾ അത് മനസ്സിലാക്കാൻ തുടങി പക്ഷെ എവിടെ ഉള്ള ആളാവും, ആരാവും എന്നത് ചോദ്യം ചിഹ്നം പോലെ കിടന്ന് അയാൾക് കണ്ടത്താനാവാതെ…

 

ഒരിക്കൽ മുംതാസിന്റെ വീട്ടിൽ പോയ ദിവസം ഏകദേശം രാത്രി പത്തു മാണിയോട് കൂടി ജോഷി ചേട്ടൻ അവിടേക്കു കയറി വന്നു..മുംതാസിന്റെ ഉപ്പയാണ് വാതിൽ തുറന്നത്.. നോക്കുമ്പോൾ ജോഷി ചേട്ടൻ..

 

“എന്താണ് ജോഷി ഈ നേരത്തു..”

 

“ഞങ്ങൾ അത്യാവശ്യമായി ഒരൂ മരണവീട്ടിൽ പോവുകയാണ് അബ്ദുക്കാ.. അവിടെ അമ്മ മാത്രെ ഉള്ളു അനുവിനെ കൊണ്ടു പോകാനാ വന്നത്..”

 

“അനു വേഗം ചെല്ലു അവിടെ അമ്മ മാത്രെ ഉള്ളു ചേച്ചിയും ചേട്ടനും ഒരൂ മരണവീട്ടിൽ പോവുകായാണെന്ന്..”

 

അവൾക്കു വിശ്വാസം ഇല്ലായിരുന്നു.. മുംതാസിന്റെ ഉപ്പയുടെ മുന്നിൽ വച്ചു എങ്ങിനെ പോകില്ലെന്ന് പറയും..

 

ഭയത്തോട് കൂടിയാണെങ്കിലും അയാൾക്ക്‌ പുറകെ അവളും നടന്നു.. മുംതാസിന്റെ വീട്ടിൽ നിന്നും രണ്ടു പറമ്പ് അപ്പുറമാണ് തന്റെ വീട്.. വഴിയിൽ ആളോ അനക്കമൊവെളിച്ചമോയില്ല.. അൽപ ദൂരം നടന്നപ്പോഴേക്കും അയാളുടെ തരം മാറിത്തുടങ്ങി…

 

“അനു ഏതവനാണ് നിന്റെ മനസ്സിൽ കൂടിയിരിക്കുന്നത്… ആരായാലും മറന്നേക്കൂ നിങ്ങളെ ഒന്നിക്കാൻ ഞാൻ സമ്മതിക്കില്ല.. എനിക്ക് കിട്ടാത്തത് വേറെ ആരും അനുഭവിക്കേണ്ട… കേട്ടോടി..”

 

അയാൾ അവളുടെ കയ്യിൽ കടന്നു പിടിച്ചത് പെട്ടെന്നായിരുന്നു..അലറി വിളിക്കാൻ പോയ അവളുടെ വായപൊത്തിപിടിച്ചു കാട് പിടിച്ച പറമ്പിലേക്കു വലിച്ചിഴച്ചുകൊണ്ടു പോയി..

 

അനു സർവ്വ ശക്തിയുമെടുത്തു കൂതറി മാറാൻ ശ്രമിച്ചു.. അയാളുടെ കൈക്കരുത്തിനുമുൻപിൽ അവൾ വാടിയ ചെമ്പിൻ തണ്ട് പോലെ തളർന്നു പോയി.. ശ്വാസം ലഭിക്കാതെ കണ്ണുകൾ മേല്പോട്ട് മറഞ്ഞു… അവൾ തളരുന്നത് അറിഞ്ഞയാൾ സന്തോഷിച്ചു…

 

“ഞാനിത് നേരത്തെ ചെയ്യേണ്ടതായിരുന്നു.. ബലപ്രയോഗം വേണ്ടാ എന്ന് വച്ചപ്പോൾ നിനക്ക് വല്ലാത്ത ഗമ…ഇപ്പൊ മനസ്സിലായോടി ഈ ജോഷി ആരാണെന്ന്..”

 

അയാൾ കാട്ടു മൃഗത്തെപ്പോലെ അവളുടെ വസ്ത്രത്തി പിടിച്ചതും പുറകിൽ നിന്നു ശക്തമായ ചവിട്ടേറ്റ് തെറിച്ചു വീണു.. ആരാണ് തന്നെ ചവിട്ടിയത് എന്ന് മനസ്സിലാവാതെ ഭയന്ന് ചുറ്റും നോക്കിയപ്പോൾ തേങ്ങ വെട്ടുന്ന മടവാകത്തി കഴുത്തിൽ വന്നു ചേർന്നിരുന്നു..

 

“അയ്യോ എന്നെ ഒന്നും ചെയ്യല്ലേ.. ഭയന്ന് വിറച്ചയാൾ തിരിഞ്ഞു നോക്കി.. മുംതാസിന്റെ ഉപ്പ അബ്ദു..”

 

“എനിക്ക് നിന്നെ പണ്ടേ സംശയം ഉണ്ടായിരുന്നു.. എന്തെ ഭാര്യയും മകളും എന്നോട് ഒന്നും പറഞ്ഞിരുന്നില്ല.. നേരത്തെ ഞാൻ അറിഞ്ഞിരുന്നു എങ്കിൽ നീ ഈ സാഹസത്തിനു മുതിരില്ലായിരുന്നു..

 

ഞാനും ഇവളുടെ അച്ഛൻ ഗോപിയും ചങ്ങാതിമാരാ.. എന്തിനും ഞങ്ങൾ ഒറ്റകെട്ടാ.. എന്റെ കൂടി മോളാ അവള്… ഞങ്ങളുടെ കുടുംബത്തിലെ ഒന്നിനെ നീ കല്യാണം കഴിച്ചത് കൊണ്ടു മാത്രം നിന്നെ ജീവനോടെ വിടുന്നത്..

 

ഇനി നിന്നെ ഈ നാട്ടിൽ കണ്ടുപോകരുത്.. പറഞ്ഞേക്കാം… നീ വേഗം പൊയ്ക്കോ ഇവളെ ഞാൻ വീട്ടിൽ കൊണ്ടാക്കിക്കൊള്ളാം.. വരുന്ന സമയത്ത് അവിടെ ഉണ്ടാവരുത്.. കേട്ടല്ലോ… ”

 

തളർന്നു അവശയായ അനു എഴുന്നേറ്റു അവളുടെ മുഖം കോപം കൊണ്ടു ജ്വലിക്കുന്നുണ്ടായിരുന്നു… അയാളുടെ മുഖത്തേക്ക് അവൾ കാർക്കിച്ചു തുപ്പി…

പ്രതികരിക്കാനാവാതെ ജോഷി അവിടെ നിന്നും പോയി..ഇരുട്ടിലേക്ക് മറയുന്ന അയാളെ അവൾ കത്തുന്ന കണ്ണുകളോടെ നോക്കി നിന്നു…

 

“അനു മോളിത് തൽക്കാലം ആരോടും പറയാൻ നിൽക്കേണ്ട.. ഒന്നും സംഭവിച്ചിട്ടില്ലഎന്ന് കരുതി സമാധാനിക്കാം..

 

ഞാൻ ഒരൂ വഴി കണ്ടിട്ടിട്ടുണ്ട്. താൽക്കാലതേക്ക് അയാളുടെ ശല്യം ഉണ്ടാവില്ല. ഈ നാട്ടിലിനി അയാൾ കാലുകുത്തില്ല..”അബ്ദു അനുവിനെ ആശ്വസിപ്പിച്ചു കൊണ്ടു പറഞ്ഞു.

 

“എനിക്ക് പേടിയുണ്ടായിട്ടല്ല ബാപ്പ ചേച്ചിയുടെ ജീവിതം നശിച്ചു കാണേണ്ട എന്നുകരുതിയാണ് എല്ലാം ഒളിപ്പിച്ചു വച്ചത്.”

 

“കഴിഞ്ഞത് കഴിഞ്ഞു.. ഇനി എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായാൽ മോളിത് വീട്ടിൽ പറയണം. ചേച്ചിയുടെ വഴി ചേച്ചിതന്നെ തീരുമാനിക്കട്ടെ. അച്ഛനോട് എന്തായാലും ഞാനീ കാര്യം സൂചിപ്പിക്കുന്നുണ്ട്.”

 

“വേണ്ട ബാപ്പ തൽക്കാലം അച്ഛനിതു ഇപ്പോൾ അറിയേണ്ട.. ഗൾഫിൽ കിടന്നു നെഞ്ച് പൊട്ടി മരിച്ചു പോകും.. നാട്ടിൽ വരുമ്പോൾ എനിക്ക് വേറെയും ചിലതു പറയാനുണ്ട്… അച്ഛൻ മാത്രം അറിയേണ്ട ചില സത്യങ്ങൾ..”

 

വീട്ടിലെ എത്തിയ അവൾ അന്ന് സമാധാനമായി കിടന്നുറങ്ങി.. ഇലക്ഷൻ നടക്കുന്നത് കൊണ്ട് കുറച്ചു ദിവസത്തേക്ക് കോളജ് ഉണ്ടായിരുന്നില്ല..

 

കോളജ് തുറന്നു ആദ്യ ദിവസം തന്നെ കൂട്ടുകാരോടൊത്തു ഐസ്ക്രീം പാർലറിൽ കയറി ഐസ്ക്രീം കഴിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ കടയിലേക്ക് അയാൾ കയറി വന്നു..

 

“ആ.. ആരാത് അനുമോളോ.. ഇതൊക്കെ ആരാ കൂട്ടുകാരികളാണോ…?”

 

പെട്ടെന്നുള്ള അയാളുടെ കൂസലില്ലാത്ത കടന്നു വരവും സംസാരവും അവളെ ഞെട്ടിച്ചു കളഞ്ഞു.. അയാൾക്ക് വീണ്ടുമൊരിക്കൽ കൂടി തന്റെ മുന്നിൽ വരാൻ ധൈര്യം ഉണ്ടാവില്ല എന്നാണ് കരുതിയിരുന്നത്.. കൂട്ടുകാരുടെ മുന്നിൽ വച്ചായിരുന്നത് കൊണ്ട് തർക്കിക്കാനും പറ്റിയില്ല…

 

എന്താണ് അനുമോൾ ആലോചിച്ചിരിക്കുന്നത്.. ചേച്ചിയും പിള്ളേരും താഴെ കാറിൽ ഉണ്ട്.. ഞാൻ ഇവിടുത്തെ മാനേജരെ കാണാൻ വന്നതാ.. ഒരൂ ബിസിനസ്സ് ആവശ്യത്തിന്.

 

അനു പാർലറിലെ ചില്ലിട്ട ജാലകത്തിലൂടെ പുറത്തേക്കു നോക്കി.. താഴെ കറുത്ത അമ്പാസഡർ കാർ കിടക്കുന്നുണ്ട്..

 

ടീ ഞാൻ ചേച്ചിയെ കണ്ടിട്ട് വരാം.. അവൾ കൂട്ടുകാരികളോട് പറഞ്ഞു കാറിനടുത്തേക്ക് നടന്നു.. അയാൾ ക്രൂരമായ പുഞ്ചിരിയോടെ അവൾക്കു പുറകെനടന്നു..

 

“എടീ.. നിൽക്കടി അവിടെ… കാറിൽ നിന്റെ ചേച്ചിയും പിള്ളേരുമൊന്നുമില്ല.. നിന്നെ ഒറ്റയ്ക്ക് കിട്ടാൻ ഞാൻ ഇറക്കിയ നമ്പറാണ് അത്..നീ എന്നെ തല്ലിക്കുമല്ലേ..അതൊന്നും എനിക്കൊരു പ്രശ്നമല്ല.. നീ ആരുടെ കൂടെ അഴിഞ്ഞാടാനാണ് ക്ലാസ്സിൽ കയറാതെ ഇവിടെ കറങ്ങി നടക്കുന്നത്.

 

“ഞാൻ ആരുടെ കൂടെയും കറങ്ങി നടക്കുന്നില്ല.. എനിക്കൊരാളെ ഇഷ്ടമാണ്. എന്ന് വച്ച് ഞാൻ എവിടെയും കറങ്ങി നടക്കാറൊന്നുമില്ല. ഞാൻ ഒന്നാന്തരം തറവാട്ടിൽ പിറന്നവളാ..

 

എന്റെ അച്ചന് പറ്റിയ തെറ്റാണ്ചേച്ചിയെ നിങ്ങളെപ്പോലെ ഒരാൾക്ക് വിവാഹം കഴിച്ചു തന്നത്. അതുകൊണ്ട് മാത്രമാണ് നിങ്ങളിപ്പോ ഇവിടെ രണ്ടു കാലിൽ നിൽക്കുന്നത്..”

 

“നീ പോടീ അവിടുന്ന്.. എല്ല് മൂക്കാത്ത വെറും പെണ്ണാണ് നീ… നിന്റെ കൂട്ട് കാരിയുടെ വാപ്പ എനിക്ക് തന്ന സമ്മാനം നേരെ നിന്റെ ചേച്ചിക്ക് കൊടുത്തിട്ടുണ്ട്… രണ്ടു ദിവസം അവൾക്ക് നടുവിന് നീരായിരുന്നു.. അണപ്പല്ല് ഒരെണ്ണം പോയിട്ടുണ്ട്.. അവൾ ഫോൺ വിളിച്ച് ഒന്നും പറഞ്ഞില്ലേ…”അത് കേട്ടതും അനുവിന്റെ നെഞ്ചിൽ തീ ആളി…

 

“നീ ഇവടെ തന്നെ കാണും ഞാനും ഇവടെ തന്നെ കാണും..നിന്നെ ഞാൻ ഒരിക്കൽ എടുക്കുമെടി..നീ കാത്തിരുന്നോ ഇതെന്റെ വാശിയാണ് എന്നു കൂട്ടിക്കോ .

 

നിനക്ക് എവിടുന്ന് വന്നെടി ഇത്രയും തന്റേടം..എനിക്ക് അറിയാം ഏതോ ഒരുത്തൻ ഉണ്ടെന്ന് അവനും വെച്ചിട്ടുണ്ട്.. ഇനി അവനെ കാണുമ്പോൾ പറഞ്ഞെക്ക്…..”

 

“പറഞ്ഞേക്കാം വേറെയും എന്തെങ്കിലും പറയണോ…. എന്തായാലും നിന്റെ ആഗ്രഹം നടക്കൂല എനിക്ക് ജീവനുള്ളിടത്തോളം കാലം….പിന്നെ ഒന്നു പോടെ, അച്ഛൻ എന്നെ അല്ല നിനക്ക് കല്യാണം കഴിച്ചു തന്നത് എന്റെ ചേച്ചിയെ ആണ് അത് എപ്പോഴും ഓർമ ഉള്ളത് നന്നായിരിക്കും.

 

പിന്നെ എന്റെ പിന്നാലെ വാല് പോലെ നടക്കുന്നതിനു പകരം കെട്ടിയോൾടെ പിന്നാലെ നടക്കാൻ നോക്ക്.. അവളെ ഇനി നോവിച്ചു എന്നറിഞ്ഞാൽ നീ രണ്ടു കാലിൽ നടക്കില്ലെടാ…അപ്പൊ പോട്ടെ ”

 

അവൾ തിരിഞ്ഞു നടക്കുമ്പോൾ മുംതാസ് പിറകിൽ നിന്നുഎല്ലാം കേൾക്കുന്നുണ്ടായിരുന്നു…

 

” എടീ..അനു.. നീ തന്നെ ആണോടി ഇത്.. ഇങ്ങനെയൊക്കെ നീ സംസാരിക്കണമെന്ന്, പേടി മാറ്റി ഒരുപാട് മാറണമെന്ന് ഞാനും ആഗ്രഹിച്ചിരുന്നു…

 

എന്തായാലും അത് നടന്നു ഇതിന്റെ ക്രെഡിറ്റ്‌ മുഴുവൻ എന്റെ ഉപ്പക്കും നിന്റെ കാമുകൻ അരുണിനും ആണുട്ടോ.. ഞാൻ മിസ്സാടിക്കട്ടെ അവൻ വിളിക്കും എനിക്ക് ഇപ്പൊ തന്നെ ഇതൊക്കെ അവനോടു പറയണം…

 

ഹേയ് അതൊന്നും വേണ്ട….. പിന്നെ അനുഭവത്തിൽ നിന്ന് അല്ലേടി ഓരോന്നും പഠിക്കുന്നത്…. അവർക്ക് മാത്രം അല്ല ക്രെഡിറ്റ്‌ നിനക്കും ഇല്ലെ…. ഞാൻ നിങ്ങളെ ഒന്നും ഒരിക്കലും മറക്കില്ലടി….

 

പഠിച്ചു ഒരു ജോലി വാങ്ങണം എന്നൊക്കെ ആഗ്രഹം ഉണ്ട് അതൊക്കെ നടക്കുമോ എന്ന് അറിയില്ല . ബുക്ക്‌ എടുത്തു പഠിക്കാൻ ഇരുന്നാൽ മൈൻഡ് മാറി പോവാടി ഉള്ളിന്റെ ഉള്ളിൽ എനിക്ക് നല്ലോണം പേടി ഉണ്ട്…”

 

” ഓഹോ നിയത് വിട്ടേ.. ഇത് തുടങ്ങിയിട്ട് 3 വർഷം ആയില്ലേ ഇതിനിടയിൽ +2 വിനും തരക്കേടില്ലാത്ത മാർക്ക്‌ ഉണ്ടായിരുന്നല്ലോ പിന്നെ എന്താ ഇനി അങ്ങനെ തന്നെ മുന്നോട്ട് പോയി ഡിഗ്രി കംപ്ലീറ്റ് ആക്കാൻ നോക്കു പിന്നെ ഒക്കെ വരുന്നിടത്തു വെച്ച് കാണാംന്നെ….”

 

” അതൊക്കെ ശെരിയാവും നീ വന്നേ നമുക്ക് വിളിക്കാം.. അരുണിന്റെ ക്ലാസ്സ് കഴിഞ്ഞിട്ടുണ്ടാവും.. ”

 

“വേണ്ടടാ ഈ നേരം അവൻ തിരക്കിൽ ആവും.. കോളജ് യൂണിയൻ ചെയർമാൻ അല്ലെ.. വെറുതെ എന്തിനാ ബുദ്ധിമുട്ടിക്കുന്നത്… നമ്മൾ ഒരാളെ സ്നേഹിക്കുന്നു എന്ന് കരുതി അവരുടെ ഇഷ്ടങ്ങളിലും പ്രവർത്തികളിലും ഇടപെട്ട് ബുദ്ധിമുട്ടുണ്ടാകുന്നത് മോശമല്ലേ..”

 

“അതൊക്കെ ശരിതന്നെ ഇവിടെ സീൻ ആവുമെന്ന് കരുതി ജോഷി ചേട്ടൻ വന്ന കാര്യം ഞാൻ അരുണിനെ വിളിച്ച് പറഞ്ഞിരുന്നു..ഇനിയിപ്പോ വരേണ്ടെന്നു പറയാം..”

 

“അയ്യോ വേണ്ട.. വന്നോട്ടെ.. എനിക്ക് കുറച്ചു നേരം കാണാലോ ”

 

“അയ്യടാ പെണ്ണിന്റെ പൂതി കണ്ടില്ലേ…” അനുവിന്റെ നാണം വിരിഞ്ഞ കവിളിൽ മെല്ലെ നുള്ളി കൊണ്ടവൾ പറഞ്ഞു സംസാരിച്ചു നിൽക്കുന്നതിനിടയിൽ കൂട്ടുകാരന്റെ ബൈക്കിൽ അരുൺ പാർളറിന് മുന്നിൽ എത്തി…

 

കുറ്റിത്താടി വച്ച മുഖത്തു വിയർപ്പ് പൊടിഞ്ഞിരുന്നു.. അനുവിന് എന്തെങ്കിലും സംഭവിച്ചുവോ എന്ന ഭയം അവന്റെ മുഖത്ത് കാണാമായിരുന്നു..

 

“പേടിക്കണ്ട സുഹൃത്തേ.. അയാള് പോയി..” മുംതാസ് വിളിച്ചപ്പോൾ ഞാനൊരു മീറ്റിങ്ങിൽ ആയിരുന്നു.. പിന്നെ പെട്ടെന്ന് ശംബുവിന്റെ ബൈക്ക് വേടിച്ചു ഇങ്ങു പോരുകയായിരുന്നു. അയാള് പ്രശ്നം വല്ലതും ഉണ്ടാക്കിയോ.. ”

 

“അയാളെന്നെ ഒരൂ ചുക്കും ചെയ്യില്ല.. പക്ഷെ ചേച്ചിയെ അയാൾ ഉപദ്രവിച്ചു.. അയാൾക്കുള്ള പണി കൊടുക്കണം..”

 

“അതൊക്കെ നമുക്ക് ആലോചിക്കാം.. പ്രശ്നം ഒന്നും ഇല്ലാത്ത സ്ഥിതിക്ക് രണ്ടു പേരും വീട്ടിൽ പോവാൻ നോക്കിയേ.. കുറച്ചു കൂടി കഴിഞ്ഞാൽ ബസ്സിൽ നല്ല തിരക്കാവും..ഞാൻ പോകട്ടെ മീറ്റിംഗ് കഴിയാറായി കാണും..” അരുൺ രണ്ടുപേർക്കും റ്റാറ്റാ കൊടുത്ത് ബൈക്കുമെടുത്തു തിരിച്ചു പോയി..

 

“ഇയാളെന്തു കാമുകനാണ് അനു… ഒട്ടും റൊമാന്റിക് അല്ല… അല്ലെങ്കിൽ ഒരൂ ചായയെങ്കിലും ഒന്നിച്ചിരുന്നു കഴിച്ചൂടെ നിങ്ങൾക്ക്‌..”

 

“ആവുടാ..അത്ര റൊമാൻസ് ഒക്കെ മതി.. ഒരാളുടെ റോമാൻസ് കാരണം ജീവിതം തന്നെ വഴിമുട്ടിയ നിലയിലാണ്.. വന്നേ നാലരെടെ ജയലക്ഷ്മി പോകും.. “അനു മുംതാസിന്റെ കയ്യും പിടിച്ച് ബസ്‌റ്റോപ്പിലേക്ക് നടന്നു..

 

“അമ്മ ഈ അനു എന്താ ഏതു സമയവും മുംതാസിന്റെ വീട്ടിൽ ഇപ്പൊ രാത്രിയിലും അവിടെ തന്നെ ആണല്ലോ..”

 

“അവർ രണ്ടു പേരും നല്ല കൂട്ടാണ് ഒരുമിച്ചല്ലേ പഠിക്കുന്നത് നിനക്ക് അറിഞ്ഞുകൂടാഞ്ഞിട്ടാണ്.. തറവാട്ടിൽ നിന്നും ഇവടെക്ക് താമസം മാറ്റിയതിൽ പിന്നെ അനുവിന് കൂട്ട് അവൾ ആയിരുന്നു. രണ്ടു പേരും വേറെ വേറെ സ്കൂളിൽ അല്ലേ പഠിച്ചത്..

 

പിന്നെ പ്ലസ് വൺ മുതൽ അവർ ഒരേ ക്ലാസ്സിലായി..വന്നാൽ ഗംഭീര ചർച്ച യാവും…. അനു നന്നായി പഠിക്കുന്നത് കൊണ്ട് ഞാൻ ഒന്നും പറയാറില്ല”

 

“എന്നാലും രാത്രിയിൽ ഇവിടെ നിന്നൂടെ എന്തിനാ മറ്റൊരു വീട്ടിൽ പോയി കിടക്കുന്നത്”

 

“നിങ്ങൾ ഇല്ലാത്തപ്പോൾ അവൾ ഇവിടെ ത്തന്നെയാണ് കിടക്കാറ് ഇവടെ നിങ്ങളൊക്കെ ഉണ്ടല്ലോ വിചാരിച്ചിട്ടാണ് ഇപ്പൊ ഇവൾ അങ്ങോട്ടു പോവുന്നത്…”

 

” എന്നാലും അമ്മ അവളൊരു പെൺകുട്ടി അല്ലേ രാത്രിയിൽ ഇങ്ങനെ പോവണോ അച്ഛൻ വിളിക്കുമ്പോൾ ഞാൻ പറഞ്ഞു കൊടുക്കുന്നുണ്ട്.. ജോഷി ഏട്ടനും ഈ കാര്യം സൂചിപ്പിച്ചു…. ഞാൻ ശ്രദ്ധിക്കുന്നില്ല എന്ന് പറഞ്ഞ് എന്നെ ഒരുപാട് വഴക്ക് പറഞ്ഞു.. ”

 

“അതിന് എന്താ എനിക്ക് അതൊരു തെറ്റായ ബന്ധം ആണെന്ന് തോന്നിയിട്ടില്ല… അവർക്ക് കാശിനെ കുറവൊള്ളൂ മോളെ സ്വഭാവം നല്ലതാണ്..”

 

” എന്താ അമ്മ ഇവിടൊരു ചർച്ച ഞാൻ കേട്ടായിരുന്നു….ഞാൻ ആണോ വിഷയം…”

 

“കേട്ടത് നന്നായി ഇനി ഒന്നും പറയേണ്ടല്ലോ… കോളജ് വിട്ട് നീ ഇപ്പോഴാണോ വീട്ടിലേക്കു വരുന്നേ.. ജോഷി ചേട്ടൻ നിന്നെ കൂട്ടുകാരുടെ കൂടെ കണ്ടെന്നു പറഞ്ഞിരുന്നു.. ഞങ്ങൾക്ക് ഇഷ്ടം അല്ല നീ എപ്പോഴും ആ വീട്ടിലേക്ക് പോവുന്നത്..”

 

“അതെന്താ പോയാൽ അവര് പാവങ്ങൾ ആയോണ്ടാണോ…പിന്നെ ആരാ ഈ ഞങൾ അമ്മയ്ക്കും അച്ഛനും ഏട്ടനും അറിയാം ഞാൻ അവിടെ പോവുന്നതും വരുന്നതും എന്നെ ഇത് വരെ ആരും തടഞ്ഞത്തില്ലല്ലോ….”

 

“എനിക്കും എന്റെ ഭർത്താവിനും ഇഷ്ടം അല്ല….”

 

“ഞാൻ എന്തിനാ നിങ്ങടെ ഇഷ്ടം നോക്കുന്നെ.. ചേച്ചി പോയി ആ ഭർത്താവിന്റെ കാര്യം നോക്ക് എന്റെ കാര്യം നോക്കണ്ട…എന്നെ നോക്കാൻ എനിക്ക് അറിയാം…”

 

” അമ്മേ ഇവൾടെ അഹങ്കാരം കണ്ടോ..”

 

“അനു നീയൊന്നു മിണ്ടാതിരിക്കുന്നുണ്ടോ …അപ്പുറത്തേക്ക് പോയെ…അമ്മേടെ ശബ്ദം ഉച്ചത്തിൽ ആയിരുന്നു…”അനു ദേഷ്യവും സങ്കടവും സഹിക്കവയ്യാതെ മുറിയിലേക്ക് കയറി വാതിലടച്ചു..

 

“”അവൾപ്പോയി നിയ്യ് ഇനി ഒന്നും പറയണ്ട…”

 

“അമ്മയ്ക്ക് അറിയോ അവൾ ഏതോ ഒരു ചെക്കനുമായി അടുപ്പത്തിൽ ആണ് ഏട്ടനോട് ആരോ പറഞ്ഞു വത്രേ

അമ്മ ഒന്ന് ശ്രദ്ധിക്കുന്നത് നല്ലത് ആണ്..”

 

” ഹേയ് അച്ഛനെ മറന്നു അവളൊരു അവിവേകവും കാണിക്കില്ല.. ”

 

“അച്ഛൻ ഇപ്പൊൾ പോയതെയുള്ളു ഇനി വരാൻ ഒന്നര വർഷം എടുക്കും ഇതിനുള്ളിൽ അമ്മ അവളെ നല്ലോണം ശ്രദ്ധിച്ചോ ഇപ്പൊ കോളേജിലും അല്ലേ അതിന്റെ ആണ്….. ഇതൊക്കെ ജോഷി ഏട്ടന്റെ കൂടെ വാക്ക് ആണ് അമ്മയോട് പറയാൻ പറഞ്ഞു….”

 

അനു ഇതെല്ലാം കേൾക്കുന്നുണ്ടായിരുന്നു… ഈശ്വര ഇയാൾ എന്തിനുള്ള പുറപ്പാട് ആണ്….

ഈ കാര്യങ്ങൾ അച്ഛനോട് വിളിച്ചു പറഞ്ഞാൽ അതോടെ പഠിപ്പ് നിർത്തും…

 

ഞാൻ അയാളെ പറ്റി പറഞ്ഞാൽ ഇവർ ആരും വിശ്വസിക്കില്ല..അത്രയ്ക്ക് നല്ല മരുമോൻ ആണ് ഇവിടെ…എനിക്ക് അല്ലേ അറിയൂ ആ ദുഷ്ടന്റെ കയ്യിലിരിപ്പ്….

 

ചേച്ചിയുടെ വാക്കുകൾ അമ്മയുടെ മനസ്സിൽ സംശയത്തിന്റെ മുള പൊട്ടിയിരുന്നു…. പിന്നീട് അങ്ങോട്ട് പെരുമാറ്റത്തിൽ നിന്നും അതവൾക്ക്‌ മനസ്സിലായിരുന്നു…

 

ഒരു ദിവസം കോളേജ് വിട്ട് വന്നപ്പോൾ വീട്ടിൽ വലിയ ചർച്ച നടക്കുകയാണ്.. ചേച്ചിയും അയാളും വന്നിട്ടുണ്ട്.. അമ്മയുടെ മുഖം കരഞ്ഞു വീർത്തിട്ട് ഉണ്ട്….

 

“കോളേജ് കഴിഞ്ഞു വന്നോ.. അച്ഛൻ നാളെ വരുന്നുണ്ട് നിന്റെ പഠിപ്പൊക്കെ നിർത്തിക്കോ….”

 

“കണ്ടവൻമാരെ പ്രേമിച്ചു നടക്കാൻ അല്ലേടി നിയ്യ് ഇവടുന്നു ഉടുത്തൊരുങ്ങി പോകുന്നത്…. നിന്നോട് ചോദിക്കാതെ തന്നെ നിന്റെ കല്യാണം ഞങ്ങൾ അങ്ങ് തീരുമാനിച്ചു….”

 

“ചേച്ചിയും അമ്മയും എന്തൊക്കെയാ

പറയുന്നേ എനിക്കൊന്നും മനസ്സിലാവുന്നില്ല….ഞാൻ എന്ത് ചെയ്തൂന്നാ”

 

“നിനക്ക് ഒന്നും മനസ്സിലാവില്ല നിനക്ക് എന്തെങ്കിലും കുറവ് ഞങ്ങൾ വരുത്തിയിട്ടുണ്ടോ ഇത് വരെയും… എന്നിട്ടും നീ ഇന്നലെ കണ്ട ഒരുത്തനു വേണ്ടി ഞങ്ങളെ വിട്ട് പോവൂല്ലേ…. ഇത്രക്ക് വളർന്നോ എന്റെ മോള്…പറയടി ആരാ അവൻ…

 

“അമ്മ ഒരുപാട് അടിച്ചിട്ടും ഒന്നും പറഞ്ഞില്ല അച്ഛൻ വരട്ടെ എന്നിട്ടേ പറയൂ എന്നുള്ള വാശി ആയിരുന്നു….ഇത്രയും കാലം എന്റെ മനസ്സറിയാൻ അമ്മയ്ക്ക് ആയില്ലല്ലോ…”

 

അരങ്ങത്ത്നിന്ന് എല്ലാവരും പോയപ്പോൾ അവളും അയാളും മാത്രം ആയി…

 

“എങ്ങനെ ഉണ്ടെടി എന്റെ പെർഫോമൻസ് ഞാനാടി എല്ലാവരേയും പിരി കേറ്റിപ്പിച്ചത്… നീയും അവനും അങ്ങനെ ഒന്നാവണ്ട എനിക്ക് കിട്ടാത്തത് അവനും കിട്ടണ്ട..നിങ്ങൾ ഒളിച്ചോടിപ്പോവാൻ പ്ലാൻ ചെയ്യുകയാണെന്ന് ഞാൻ എല്ലാരോടും പറഞ്ഞിരിക്കുന്നത്….

 

നിയ്യ് ഇനി എന്ത് പറഞ്ഞാലും ആരും വിശ്വസിക്കൂല വെറുതെ ഒന്നിനും മിനക്കെടേണ്ട…. അവനെ മറന്നേക്കൂ ഇടക്ക് എന്റെ കാര്യം ഓർക്കണേ….”

 

അയാളുടെ പരിഹാസച്ചിരി കാതുകളിൽ അലയടിച്ചു കൊണ്ടിരുന്നു….

 

അവൾ റൂമിൽ കയറി കതകടച്ചു കുറെ നേരം കരഞ്ഞു…. എത്ര പെട്ടന്നാണ് എല്ലാം തകിടം മറിഞ്ഞതു…. ഈ കാര്യങ്ങൾ എല്ലാം എങ്ങനെ അവനെ അറിയിക്കും ഇനി ആര് വിളിച്ചാലും സംസാരിക്കാൻ സമ്മതിക്കില്ല …

 

“മോളേ വാതിലുതുറന്നെ.. അച്ഛമ്മയാണ് വിളിക്കുന്നെ..എന്താ കുട്ടിയെ സന്ധ്യസമയത്തു നിയ്യ് കിടക്കുന്നെ പഠിക്കാൻ പോയി വന്നിട്ട് ഉടുപ്പ് മാറ്റിയില്ലേ കുളിച്ചില്ലേ..?

 

അച്ഛമ്മയുടെ ശബ്ദം കേട്ടപ്പോൾ അവൾക്കു തെല്ല് ആശ്വാസമായി.. എഴുന്നേറ്റു വാതിൽ തുറന്നു..

 

“നിന്റെ അമ്മ പറഞ്ഞതൊക്കെ ശെരിയാണോ…. ന്റെ കുട്ടി അങ്ങനെ ഒന്നും ചെയ്യില്ലാന്നു അച്ഛമ്മക്കറിയാം… വിളക്ക് വെക്കാറായി പോയി കുളിച്ചിട്ട് വായോ ഞാൻ അപ്പോഴേക്കും കഴിക്കാൻ എടുക്കാം”

 

“അച്ഛമ്മയോട് എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്….ഇന്നത്തെ രാത്രി ഇവടെ നിൽക്കാമോ….”

 

“കുളി കഴിഞ്ഞു വരൂ എന്നിട്ട് സംസാരിക്കാം….ഞാൻ ഇനി രണ്ടു ദിവസം കഴിഞ്ഞ പോവുന്നുള്ളു….”

 

തണുത്ത വെള്ളം തലയിൽ കൂടി ഒഴുകുമ്പോഴും മനസ്സിൽ നീറ്റൽ ആയിരുന്നു… ഒരിക്കൽ പോലും അമ്മ ഇങ്ങനെ പെരുമാറിയിട്ടില്ല..ഇന്ന് അയാളുടെ വാക്ക് കേട്ട് നോവിച്ചു… ഇത്രയെ ഉള്ളു അമ്മയ്ക്ക് എന്നോടുള്ള വിശ്വാസം..

 

ഇനി വൈകി കൂടാ ഇല്ലേൽ തെറ്റിദ്ധാരണയുടെ പേരിൽ അവനെയും നഷ്ടപ്പെടും….. ഇത്രയും നാൾ മനസ്സിൽ കൊണ്ട് നടന്നിട്ട് ഇനി വയ്യ ഇന്നെങ്കിലും ഇതിനൊരു അവസാനം ഉണ്ടാവണം….

 

എന്റെ ഇഷ്ടത്തെ മുറുകെ പിടിക്കണം, സ്വന്തം ആക്കണം,….അയാളുടെ മോശം സ്വഭാവം ഇനി എങ്കിലും എല്ലാരും അറിയണം…

 

“മോൾടെ കുളി കഴിഞ്ഞെങ്കിൽ വന്നു കഴിക്കു നിനക്ക് ഇഷ്ടം ഉള്ളത് തന്നെയാ ഉണ്ടാക്കി കൊണ്ടവന്നിരിക്കുന്നത്….”

 

വാഴചുണ്ടും ചെറുപയറും കൂട്ടിവച്ച മെഴുക്കുവരട്ടിയും ചൂടുള്ള പൊടിയരി കഞ്ഞിയും കുടിച്ചു..കിടക്കാൻ നേരംമുത്തശ്ശി നെറ്റിയിൽ തലോടി കൊണ്ടു ചോദിച്ചു..

 

“എന്താ കുട്ടി പറയാൻ ഉണ്ടെന്ന് പറഞ്ഞത്…. അതിന് മുന്നേ നിന്റെ അമ്മ പറയുന്നത് സത്യമാണോ എന്ന് പറയണം ഇല്ല എന്നാണ് അച്ഛമ്മേടെ വിശ്വാസം…”

 

“എനിക്കും അത് തന്നെയാ പറയാൻ ഉള്ളത്… അവൾ 14 വയസ്സ് മുതൽ അനുഭവിക്കുന്ന മാനസിക ശാരീരിക സംഘർഷങ്ങൾ.. ഇത്രയും നാൾ അനുഭവിച്ചതെല്ലാം..

 

ചില രാത്രികളിൽ വിശപ്പിന്റെ വില അറിഞ്ഞതും…അങ്ങനെ ഒരുപാട് കാര്യങ്ങൾ…എല്ലാം കേട്ടു കഴിഞ്ഞപ്പോൾ ആ വൃദ്ധയുടെ മനസ്സ് തേങ്ങുന്നുണ്ടായിരുന്നു…. ഒന്നും വിശ്വസിക്കാൻ ആവാതെ….

 

“ന്റെ കുട്ടി ഒറ്റയ്ക്ക് എത്രനാളും പിടിച്ച് നിന്നൂല്ലേ… എന്നോടെങ്കിലും എല്ലാം തുറന്നു പറയായിരുന്നില്ലേ….”

 

“അച്ഛമ്മ ഇതെല്ലാം അച്ഛനോട് പറയണം പിന്നെ ഇതൊന്നും ചേച്ചി അറിയണ്ട ആ പാവം അങ്ങനെ ജീവിച്ചോട്ടെ….

എന്റെ ഇഷ്ടത്തെ കണ്ടില്ലന്നു നടിച്ചു

ഉപേക്ഷിക്കാൻ മാത്രം പറയരുത് ഒരുപാട് ഇഷ്ടപ്പെട്ടുപ്പോയി പോയി… ഇനി പിരിയാൻ വെയ്യ…”

 

“മോൾ ഉറങ്ങിക്കോ നിന്റെ അച്ഛനോട് ഞാൻ സംസാരിക്കാം..”എന്നിരുന്നാലും അവർക്ക് ഉറങ്ങാൻ കഴിയുമായിരുന്നില്ല…. ഈ കുട്ടി ഇത്രയും നാൾ കളിച്ചുചിരിച്ചു നടന്നത് ഉള്ളിൽ ഇങ്ങനെ ഒരു കാര്യം വെച്ചോണ്ട് ആയിരുന്നോ എന്തായാലും ദൈവം കാത്തു ഒന്നും സംഭവിച്ചില്ലല്ലോ….

 

പിറ്റേന്ന് അച്ഛൻ വന്നപ്പോൾ ജോഷിചേട്ടനും ചേച്ചിയുമാണ് എയർപോർട്ടിലേക്കു കാറുമായി പോയത്.. അയാൾക്ക് പറ്റുന്നത്രയും അച്ഛനെ പിരിക്കേറ്റി കൊണ്ടിരുന്നു… അയ്യാളുടെ വാക്കുകൾ വിശ്വസിച്ചു ചേച്ചിയും ”

 

എല്ലാം കഴിഞ്ഞു അച്ഛൻ സ്വാതന്ത്രനായി വിശ്രമിക്കുന്ന സമയത്ത് മകനെയും മരുമകളെയും വിളിച്ചു ആ അമ്മ….. കാര്യങ്ങൾ എല്ലാം വിശദമായി പറഞ്ഞു കൊടുത്തു….

 

“സ്വന്തം ചേച്ചിയുടെ ജീവിതം തകരരുത് എന്ന് കരുതി മാത്രമാണ് അവളിങ്ങനെ ഒക്കെ ചെയ്തത്..ഇതൊക്കെയാണ് മോനെ സത്യം…

 

അല്ലാതെ ആ തെമ്മാടി പറയുന്നതല്ല ന്റെ കുട്ടി ആരോടും പറയാതെ പോവൊന്നൂല്ല… പേടി കൊണ്ടാണ് ഇതൊന്നും ആരോടും പറയാതിരുന്നത്

കുഞ്ഞു മനസ്സ് അല്ലേ അത്രക്കുള്ള വിവരമേ കാണൂ…

 

പിന്നെ നീയൊരു അമ്മ അല്ലേ ദേവി ഇവൻ ഇവടെ ഇല്ലാത്ത സ്ഥിതിക്ക് നിയെല്ലേ എല്ലാം നോക്കേണ്ടത്…

 

നിന്റെ മോൾ അല്ലേ അവളുടെ മനസ്സ് പറയാതെ തന്നെ നിനക്ക് മനസ്സിലാവണം..നീ മനസ്സിലാക്കണം ഇന്നത്തെ കാലം അത്രക്ക് മോശം ആണ്…പെൺകുട്ടികൾക്ക് മൂന്നു കണ്ണാണ് വേണ്ടത്.. രണ്ടെണ്ണം അവർക്ക് നല്ലതും ചീത്തയും തിരിച്ചറിയാൻ ദൈവം ജന്മനാ കൊടുത്തിട്ടുണ്ട്..

 

മൂന്നാമത്തെ കണ്ണ് അവരുടെ അമ്മമാരുടെയാണ്..എത്ര തിരക്കായാലും അവരുടെ മേൽ അമ്മമാരുടെ ഒരൂ കണ്ണ് വേണം എന്ന് ഞങ്ങൾ പഴമക്കാര് പറയാറുണ്ട്.. നിന്റെ ഭർത്താവ്..

 

എന്റെ മോൻ കുഞ്ഞായിരിക്കുമ്പോൾ ഇവനെയും കൊണ്ടാണ് പാടത്തു ഞാറു നടാനും കളപറിക്കാനും പോവുക.. വരമ്പത്തോ മരച്ചുവട്ടിലോ ഇരുത്തി പണിക്കിറങ്ങിയാലും എപ്പോഴും ഇവന്റെയും അനിയത്തിയുടെയും മേൽ അന്ന് ശ്രദ്ധഉണ്ടായിരുന്നു…”

 

“അമ്മേ എനിക്കൊന്നും അറിയില്ലായിരുന്നു… ഒരു വാക്ക് പോലും എന്നോട് അവൾ ഇത് വരെയും പറഞ്ഞിട്ടില്ല… അറിഞ്ഞാൽ ന്റെ മോളെ ഞാൻ കുറ്റപ്പെടുത്തോ ചേർത്തു നിർത്തില്ലേ…. ഞാൻ എന്തൊരു അമ്മയാണ് ഒന്നും പറയാതെ തന്നെ മനസ്സിലാക്കാൻ എനിക്ക് കഴിഞ്ഞില്ല…

ഇതൊന്നും അറിയാതെ എത്രയോ അടിച്ചു കുറ്റപ്പെടുത്തി ഒറ്റപ്പെടുത്തി….”

 

“അതൊക്കെ മറന്നേക്കു.. ഇനി എന്തായാലും അവളുടെ ഇഷ്ടം നടത്തി കൊടുത്തേക്ക് പിന്നെ അവന്റെ കാര്യത്തിൽ എന്താ നിന്റെ തീരുമാനം ഇത്രയും നാൾ നമ്മളെ എല്ലാവരെയും പറഞ്ഞു പറ്റിച്ചു നടക്കായിരുന്നു…..”

 

അവനെ കാര്യം നിയമത്തിനു വിട്ട് കൊടുക്കാം..ഇങ്ങനെ ഉള്ളവരെ വെറുതെ വിട്ടാൽ അവരൊന്നും നന്നാവാൻ പോണില്ല കുറച്ചു ദിവസം അകത്തു കിടന്നാൽ പഠിക്കുമായിരിക്കും….

 

പിന്നെ ഇതൊക്കെ അബ്ദു എന്നെ വിളിച്ച് പറഞ്ഞിരുന്നു.. അതുകൊണ്ടാണ് ലീവെടുത്തു ഞാൻ പെട്ടന്ന് വന്നത് അല്ലാതെ അവന്റെ വാക്ക് കേട്ടത് കൊണ്ടല്ല….”

 

“ഇങ്ങനെ ഒരാൾ നമ്മുടെ കുടുംബത്തേക്ക് കയറി വന്നല്ലോ ഈശ്വര….”

 

“അച്ഛാ അത് നന്നായി.. ഞാൻ എല്ലാം കേൾക്കുന്നുണ്ടായിരുന്നു.. ഇല്ലാകഥകൾ പറഞ്ഞും സ്നേഹം നടിച്ചും എന്നെ ഒരുപാട് പറ്റിച്ചു അയാൾ. എനിക്ക് വേണ്ട അച്ഛാ അങ്ങനെ ഒരുത്തനെ ഇത്രയും നാൾ ഞാനും അയാളുടെ വാക്ക് വിശ്വസിച്ചു….

 

എന്നെയും മക്കളെയും കൂടി ചതിക്കയല്ലായിരുന്നോ അയാൾ….

 

ജീവന്റെ പാതി ആയി സ്നേഹിച്ച ആൾ അല്ലേ മറക്കാൻ പെട്ടന്ന് കഴിയില്ലായിരിക്കാം എന്നാലും വേണ്ടില്യാ

വെറുത്തു പോയി ഇനി ആദ്യത്തെ പോലെ സ്നേഹിക്കാൻ എനിക്കാവില്ല

ഒരു ജോലി ഉള്ളത് കൊണ്ട് ഞാൻ ആർക്കും ബുദ്ധിമുട്ടാവില്ല….

 

ഇനി ഇതിന്റെ പേരിൽ ആരും എന്റടുക്കൾ വന്ന് സംസാരിക്കണ്ട.. എനിക്ക് അയാളെ വേണ്ട…അച്ഛൻ പെട്ടന്ന് തന്നെ ഇതൊന്നു ഒഴിവാക്കി തരാൻ നോക്കണേ..”

 

“മോളെ നീ നല്ലോണം ആലോചിച്ചിട്ട് തന്നെ ആണോ ഇങ്ങനെ ഒരു തീരുമാനം എടുത്തത്”

 

“അതെ അമ്മ എന്നെ നിർബന്ധിക്കരുത് ഈ ബന്ധം തുടരാൻ…”

 

“അച്ഛമ്മേടെ കുട്ടി എടുത്ത തീരുമാനം ആണ് നല്ലത്…. ന്റെ മോൾക് നല്ലതേ വരൂ….”

 

” അനു ഈ ചേച്ചിക്ക് ഒന്നും അറിയില്ലായിരുന്നു ഞാനും അയാളെ അന്ധമായി വിശ്വസിച്ചു…. ഒരുപാട് വേദനിപ്പിച്ചു നിന്നെ…നീയെന്നോട് ക്ഷമിക്കടി….അച്ഛാ നമുക്ക് അനുവിന്റെ നിശ്ചയം നടത്താം…”

 

“ഞങ്ങൾക്ക് ജോലിയൊക്കെ ആയിട്ട് മതി നിശ്ചയവും കല്യാണവും….. ചേച്ചിയെപ്പോലെ ഞാനും സ്വന്തം കാലിൽ നിൽക്കട്ടെ..

 

തട്ടിട്ട വീടിന്റെ മുകൾ നിലയിൽ ഇതൊന്നും അറിയാതെ.. അനുവിനെ സ്വന്തമാക്കുന്ന സ്വപ്നവും കണ്ട് ഉറങ്ങുകയായിരുന്നു.. ജോഷി… വീടിന് പുറത്ത് പോലീസ് ജീപ്പ് വന്നു നിൽക്കുന്നത് വരെ…

 

(എന്റെ ചെറിയ കഥ വായിച്ചു അഭിപ്രായം പറഞ്ഞ് പ്രോത്സാഹനം നൽകിയ എല്ലാവർക്കും നന്ദി.. നമ്മുടെ സമൂഹത്തിൽ ഏറെയും പീഡനങ്ങൾ നടക്കുന്നത് വീടുകൾക്കുള്ളിൽ വച്ച് തന്നെയാണ്. അതിന് ആൺകുട്ടി എന്നോ പെൺകുട്ടി എന്നോ വ്യത്യാസമില്ല..

 

മാറിയ ജീവിത സാഹചര്യങ്ങളിൽ മാതാപിതാക്കളുടെ ഒരൂ കണ്ണ് എപ്പോഴും മക്കളിൽ ഉണ്ടാവണം. അടുത്ത് ചേർത്തു നിർത്തി അവരോടു മിണ്ടാൻ കുറച്ചു സമയം കണ്ടെത്തണം.. അവർ കാലത്തിനൊത്തു നീന്തുന്നത് മുതുകിൽ ഒരൂ ലൈഫ് ജാക്കറ്റും കൊണ്ടായിരിക്കട്ടെ…)

Leave a Reply

Your email address will not be published. Required fields are marked *