ഇതിനിടയിൽ സിറിലിന്റെ കൈകൾ അവളുടെ വയറിനെയും ഇരു മാറുകളെയും തഴുകി കടന്ന് പോയി. ആ കാഴ്ച കണ്ടതും ഭൂമി…

(രചന: ഹേര)

“സിറിൽ… നമ്മുടെ റിലേഷൻ ഞാൻ എന്റെ അച്ഛനോട് പറയാൻ പോവുകയാണ്. അച്ഛൻ വീട്ടിൽ വിവാഹം നോക്കി തുടങ്ങി. എനിക്കെന്തെങ്കിലും അഭിപ്രായം ഉണ്ടെങ്കിൽ പറയാം എന്നാണ് അച്ഛൻ പറഞ്ഞത്. അതുകൊണ്ട് നിന്നെ കുറിച്ച് വീട്ടുകാരോട് സൂചിപ്പിക്കാം എന്നാണ് ഞാൻ കരുതുന്നത്.”

ഹോസ്പിറ്റലിലെ ഡ്യൂട്ടി കഴിഞ്ഞു കാന്റീൻ ലേക്ക് വന്ന ദുർഗ ലക്ഷ്മി തന്റെ സഹപാഠിയും ഇപ്പോൾ സഹപ്രവർത്തകനുമായ ഡോക്ടർ സിറിലിനോട്‌ പറഞ്ഞു.

“ഇത്ര പെട്ടെന്ന് ഒരു കല്യാണം വേണോ ദുർഗ. നമുക്ക് 27 വയസ്സല്ലേ ആയുള്ളൂ. ഒരു മുപ്പത്തി രണ്ടൊക്കെ കഴിഞ്ഞിട്ട് വിവാഹതിരാകാം എന്നല്ലേ നമ്മൾ പ്ലാൻ ചെയ്തിരുന്നത്. അതുകൊണ്ട് ഉടനെ എന്തിനാ നമ്മുടെ റിലേഷൻ എല്ലാവരെയും അറിയിക്കുന്നത്. നിന്റെ ഇഷ്ടത്തിന് മാത്രമേ നിന്റെ കല്യാണം നടത്തു എന്ന് പറഞ്ഞിരുന്ന നിന്റെ അച്ഛൻ എന്തിനാണ് ഇപ്പോൾ പെട്ടെന്നൊരു ആലോചനയൊക്കെ നോക്കാൻ തുടങ്ങിയത്.”

ഡോക്ടർ സിറിൽ മുഷിച്ചിലോടെ അവളോട് ചോദിച്ചു.

“അച്ചന് കഴിഞ്ഞവർഷം ഒരു നെഞ്ച് വേദന വന്നത് സിറിലിനും അറിയാലോ. അതിനുശേഷം അച്ഛന് ഭയങ്കര പേടിയാണ് സിറിൽ. ഒരേ ഒരു മകളായ എന്റെ കല്യാണം കണ്ടിട്ട് മരിക്കണം എന്നാണ് അച്ഛന്റെ ആഗ്രഹം. അന്ന് എന്നോട് കല്യാണത്തിനെ കുറിച്ച് സംസാരിച്ചപ്പോൾ ഞാൻ പിന്നീട് ആവട്ടെ എന്ന് പറഞ്ഞ് ഒഴിഞ്ഞു മാറിയതാണ്. പക്ഷേ ഇന്നലെ വീണ്ടും ഒരു നെഞ്ച് വേദന വന്നപ്പോൾ അച്ഛനാകെ പേടിച്ചുപോയി. ഉടനെ തന്നെ ആരെയെങ്കിലും കണ്ടുപിടിച്ച് എന്റെ കല്യാണം നടത്തണമെന്നാണ് അച്ഛന്റെ ആഗ്രഹം. അതുകൊണ്ട് എനിക്ക് ആരെയെങ്കിലും ഇഷ്ടമുണ്ടെങ്കിൽ അത് പറയാം എന്ന് കൂടി അച്ഛൻ എന്നോട് പറഞ്ഞിട്ടുണ്ട്.

പിന്നെ നീ നമ്മുടെ വിവാഹം പതുക്കെ മതി എന്ന് പറയുന്നത് ഹയർ സ്റ്റഡീസിനായി നിനക്ക് പുറത്തേക്ക് പോകാൻ ഉദ്ദേശ്യം ഉള്ളതുകൊണ്ട് അല്ലേ. ഇത്രയും നാൾ പുറത്തേക്ക് പോയി കൂടുതൽ പഠിക്കാൻ എനിക്ക് താല്പര്യമൊന്നും ഉണ്ടായിരുന്നില്ല. ഇവിടെ തന്നെ പിജി ചെയ്യാം എന്നൊക്കെയായിരുന്നു ഞാൻ ചിന്തിച്ചത്. പക്ഷേ ഇനിയിപ്പോ നിന്റെ കൂടെ ഞാനും പുറത്തേക്കു വരാം നമുക്ക് ഒരുമിച്ച് പിജി ചെയ്യാം സിറിൽ.”

ദുർഗ്ഗാലക്ഷ്മി അവന്റെ മുഖത്തേക്ക് ഉറ്റുനോക്കി.

“ഇക്കാര്യത്തിൽ എനിക്ക് ഒറ്റയ്ക്ക് ഒരു തീരുമാനമെടുക്കാൻ കഴിയില്ല. എനിക്കും എന്റെ പപ്പായോട് അഭിപ്രായം ചോദിക്കേണ്ടതുണ്ട്. ആറുമാസം കൂടി കഴിഞ്ഞാൽ എനിക്ക് അമേരിക്കയ്ക്ക് പോകാനുള്ള എല്ലാ കാര്യങ്ങളും പപ്പാ റെഡിയാക്കി ഇരിക്കുകയാണ്. ഈ സമയത്ത് ഒരു വിവാഹം എന്നൊക്കെ പറഞ്ഞു പപ്പയുടെ അടുത്തേക്ക് ചെല്ലാൻ തന്നെ എനിക്ക് നാണക്കേട് തോന്നുന്നു. പക്ഷേ നിന്നെ കൈവിടാൻ എനിക്ക് കഴിയില്ലല്ലോ ദുർഗ. നിന്റെ അച്ഛൻ പെട്ടെന്ന് കല്യാണം വേണമെന്ന് വാശി പിടിച്ചാൽ എന്ത് ചെയ്യാൻ കഴിയും.

എന്തായാലും നീ നിന്റെ വീട്ടിൽ സംസാരിക്കുന്നതിന് മുമ്പ് ആദ്യം ഞാൻ എന്റെ പപ്പയോടൊന്ന് പറയട്ടെ. പപ്പയുടെ സമ്മതം വാങ്ങി ഞാൻ എന്റെ വീട്ടുകാരെ നിന്റെ വീട്ടിലേക്ക് അയക്കാം. എന്ന് കല്യാണം വേണം എന്നതിനെക്കുറിച്ച് അവർ തന്നെ സംസാരിച്ചു ഒരു തീരുമാനത്തിൽ എത്തട്ടെ. എന്റെ വീട്ടുകാർക്ക് പെട്ടെന്നൊരു കല്യാണം ഓക്കേ ആണെങ്കിൽ എനിക്ക് പ്രശ്നമൊന്നുമില്ല. പിന്നെ നീ പറഞ്ഞതുപോലെ നിനക്കും ഹയർ സ്റ്റഡീസിന് താല്പര്യമുണ്ടെങ്കിൽ ഞാൻ പോയതിനുശേഷം നിന്റെ വിസയ്ക്കുള്ള കാര്യങ്ങൾ കൂടി ഏർപ്പാട് ചെയ്യാം.”

സിറിൽ അവളുടെ കൈകൾ കവർന്നു.

” ലവ് യു സിറിൽ… എന്തിന്റെ പേരിലായാലും നിന്നെ നഷ്ടപ്പെടുത്താൻ എനിക്ക് വയ്യ. നിന്നെ പിരിഞ്ഞിരിക്കാൻ താല്പര്യമില്ലാത്തതുകൊണ്ടാണ് നിന്റെ കൂടെ ഹയർ സ്റ്റഡിക്ക് അമേരിക്കയ്ക്ക് വരാൻപോലും ഞാൻ തയ്യാറാക്കുന്നത്.”

ദുർഗ്ഗാലക്ഷ്മി പ്രണയത്തോടെ അവന്റെ കണ്ണുകളിലേക്ക് നോക്കി.

എംബിബിഎസിന് പഠിക്കുമ്പോഴാണ് സിറിലും ദുർഗയും പരസ്പരം പരിചയപ്പെടുന്നത്. സിറിൽ തന്നെയാണ് അവളെ അങ്ങോട്ട് പ്രൊപ്പോസ് ചെയ്തത്. അവനൊരു ക്രിസ്ത്യൻ ആയതുകൊണ്ട് ആദ്യമൊക്കെ ദുർഗ അവനെ ഒഴിവാക്കാൻ ശ്രമിച്ചെങ്കിലും സിറിൽ വിടാതെ പിന്നാലെ കൂടുകയായിരുന്നു. പിന്നീട് എപ്പോഴോ ദുർഗയും അവനെ ഗാഡമായി പ്രണയിച്ചു പോയി. എംബിബിഎസിന് ശേഷം പിജിക്ക് വേണ്ടിയുള്ള തയ്യാറെടുപ്പിലായിരുന്നു സിറിൽ. അമേരിക്കയ്ക്ക് പോയി എമർജൻസി മെഡിസിനിൽ എടുക്കാനാണ് അവന്റെ ആഗ്രഹം. അതിന്റെ കാര്യങ്ങൾ റെഡിയാക്കുന്നത് വരെ തൽക്കാലം നാട്ടിലെ ഹോസ്പിറ്റലിൽ വർക്ക് ചെയ്യാമെന്ന് കരുതിയാണ് അവൻ ഒരു പ്രൈവറ്റ് ഹോസ്പിറ്റലിൽ ജോലിക്ക് കയറിയത്. ദുർഗയ്ക്ക് പക്ഷേ പുറത്തുപോയി പിജി ചെയ്യുന്നതിനോടൊന്നും താല്പര്യം ഇല്ലായിരുന്നു. രണ്ടുവർഷം എംബിബിഎസ് മാത്രം വെച്ച് പ്രൈവറ്റ് ഹോസ്പിറ്റലിൽ പ്രാക്ടീസ് ചെയ്തതിനു ശേഷം നാട്ടിൽ തന്നെ എവിടെയെങ്കിലും പിജി ചെയ്യാനായിരുന്നു അവൾ പ്ലാൻ ചെയ്തിരുന്നത്.

അഞ്ചുവർഷത്തെ എംബിബിഎസ് പഠനം അവളെ അത്രത്തോളം മടുപ്പിച്ചത് കൊണ്ടാണ് ഒരു ബ്രേക്ക് എടുത്തതിനു ശേഷം പിജി പഠിക്കാം എന്ന് അവൾ കരുതിയത്. സിറിലിന് അക്കാര്യത്തിൽ അവളോട് വിയോജിപ്പുണ്ടായിരുന്നു. എങ്കിലും ഒരു കാര്യത്തിലും അവൻ ദുർഗയെ നിർബന്ധിച്ചിരുന്നില്ല. അല്ലെങ്കിൽ തന്റെ കൂടെ അമേരിക്കയ്ക്ക് വരാൻ സിറിൽ അവളോട് പറയുമായിരുന്നു. ഇപ്പോൾ പെട്ടെന്ന് കല്യാണമെന്നും ആറുമാസം കഴിഞ്ഞാൽ സിറിൽ അമേരിക്കയ്ക്ക് പോകും എന്നൊക്കെ കേട്ടപ്പോൾ അവനെ പിരിയുന്ന കാര്യം ദുർഗയ്ക്ക് ഓർക്കാൻ തന്നെ സാധിച്ചില്ല. അതുകൊണ്ടാണ് ദുർഗ തന്റെ തീരുമാനങ്ങളൊക്കെ മാറ്റി സിറിലിനൊപ്പം അമേരിക്കയ്ക്ക് പോയി പിജി ചെയ്യാം എന്നൊക്കെ ചിന്തിച്ചത്.
അന്ന് സിറിലിന് നൈറ്റ്‌ ഡ്യൂട്ടി ആയതു കൊണ്ട് ദുർഗ അവനോട് യാത്ര പറഞ്ഞ് തിരികെ വീട്ടിലേക്ക് പോകാനായി ഇറങ്ങി.

കാറിനരികിൽ എത്തിയപ്പോഴാണ് താക്കോൽ എടുത്തില്ലല്ലോന്ന് അവൾ ഓർത്തത്. അങ്ങനെ ദുർഗ തിരികെ തന്റെ റൂമിലേക്ക് നടന്നു.

സിറിൽന്റെ റൂമിന് അപ്പുറമാണ് അവളുടെ റൂം. അവൾ അങ്ങോട്ട്‌ പോകുമ്പോൾ കൊറിഡോറിന്റെ അങ്ങേ അറ്റത്ത് സിറിൽ നൈറ്റ്‌ ഡ്യൂട്ടിയിലുള്ള എമിലിയുടെ തോളിൽ കയ്യിട്ട് പോകുന്നത് കണ്ടു.

ആ കാഴ്ച കണ്ടതും ദുർഗ്ഗാലക്ഷ്മി ഒന്നു ഞെട്ടി. സിറിൽ തന്നെ ചതിക്കുകയാണോ എന്ന് പോലും അവൾക്ക് തോന്നി. ഉടനെ തന്നെ ദുർഗ അവർ അറിയാതെ അവരെ ഫോളോ ചെയ്യാൻ തുടങ്ങി.

സിറിൽ എമിലിയെയും കൊണ്ട് അവന്റെ ഡ്യൂട്ടി റൂമിലേക്കാണ് പോയത്. ദുർഗ കണ്ണീർ അടക്കിയാണ് ആ കാഴ്ച കണ്ട് നിന്നത്. സംയമനം വീണ്ടെടുത്ത് അവൾ അവരുടെ പിന്നാലെ ചെന്നു.

ഡോർ പോലും അടയ്ക്കാൻ മിനക്കെടാതെ സിറിൽ എമിലിയെ ഭിത്തിയോട് ചേർത്ത് നിർത്തി.

“എമിലി…. ക്യാൻ ഐ കിസ്സ് യു… നിന്റെ ഈ ചുവന്ന ചുണ്ടുകൾ കാണുമ്പോൾ കടിച്ചു തിന്നാനാണ് തോന്നുന്നത്.” സിറിൽ അവളുടെ മുഖത്തോട് മുഖം ചേർത്തു.

“ഒന്ന് കിസ് ചെയ്യാൻ പോലും നീ എന്തിനാ പെർമിഷൻ ചോദിക്കുന്നത് സിറിൽ. അങ്ങ് ഉമ്മ തന്നൂടെ. ആ ദുർഗയെ പോലെയല്ല ഞാനെന്ന് നിനക്കറിയില്ലേ?”എമിലി അവനോട് കൊഞ്ചി.

“അതെനിക്ക് അറിഞ്ഞൂടെ.” സിറിൽ മുഖം താഴ്ത്തി അവളുടെ ചുണ്ടിൽ ചുംബിച്ചു. ദീർഘനേരം അവരുടെ ചുംബനം നീണ്ടുനിന്നു.

ഇതിനിടയിൽ സിറിലിന്റെ കൈകൾ അവളുടെ വയറിനെയും ഇരു മാറുകളെയും തഴുകി കടന്ന് പോയി. ആ കാഴ്ച കണ്ടതും ഭൂമി പിളർന്നു താഴേക്ക് പോയെങ്കില്ലെന്ന് ദുർഗയ്ക്ക് തോന്നി. രണ്ടുപേരും കൂടി തന്നെ ചതിക്കുകയായിരുന്നു എന്ന തിരിച്ചറിവിൽ അവൾ തളർന്നു പോയി.

“അതേ… നീ ദുർഗയെ പെണ്ണ് ചോദിക്കാൻ നിന്റെ വീട്ടുകാരെ അവളുടെ വീട്ടിലേക്ക് വിടാൻ പോവുകയാണോ. നിങ്ങൾ കാന്റീനിൽ ഇരുന്ന് സംസാരിച്ചതൊക്കെ ഞാൻ കേട്ടു. പൊന്നു മോനെ ചതിക്കാൻ വല്ല ഭാവവും ഉണ്ടെങ്കിൽ നിന്റെ നെഞ്ചിൽ ഞാൻ കത്രിക കേറ്റും.” എമിലി പാതി തമാശയായും പാതി കാര്യമായും പറഞ്ഞു.

” നിന്നെ ഞാൻ ചതിക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ എമിലി. പപ്പയോട് മുൻപേ തന്നെ ഞാൻ ഞങ്ങളുടെ റിലേഷൻ സൂചിപ്പിച്ചിരുന്നപ്പോൾ പുള്ളിക്ക് ഒരു താൽപര്യവും ഉണ്ടായിരുന്നില്ല. അതിന്റ മെയിൻ കാരണം അവൾ ഹിന്ദുവാണ് എന്നതാണ്. പിന്നെ രണ്ടാമത് എനിക്ക് അവളെ കല്യാണം കഴിക്കാൻ വലിയ താല്പര്യമില്ല എന്നതായിരുന്നു. ഒരു ഡോക്ടർ ആണെങ്കിലും ദുർഗ തീരെ റൊമാന്റിക് അല്ല. അവളുടെ ഒന്ന് ഉമ്മ വയ്ക്കാൻ പോലും അവൾ സമ്മതിക്കില്ലായിരുന്നു. പ്രണയം എന്ന് പറയുന്നത് കാമവും കൂടി ചേർന്നതല്ല. ഇതിനോടൊന്നും താല്പര്യം ഇല്ലാത്തവൾ ഞാനെങ്ങനെയാണ് ജീവിതകാലം മുഴുവൻ ചുമക്കുക. അതുമല്ല വീട്ടുകാർക്ക് താല്പര്യമില്ലാതെ അവളെ ജീവിതത്തിൽ കൂട്ടാൻ എനിക്ക് വലിയ ഇൻട്രസ്റ്റ് ഉണ്ടായിരുന്നില്ല.

നീ ക്രിസ്ത്യൻ ആയതുകൊണ്ട് നിന്റെ കാര്യത്തിൽ പപ്പയും മമ്മിയും ഒക്കെയാണ്. തൽക്കാലം ദുർഗയുടെ വീട്ടിലേക്ക് പപ്പയെയും മമ്മിയെയും അയച്ചിട്ട് അവർക്ക് താല്പര്യമില്ല ഈ ബന്ധത്തിന് എന്ന് പറഞ്ഞു ഒഴിഞ്ഞു മാറാനാണ് ഞാൻ വിചാരിക്കുന്നത്. അതാകുമ്പോൾ ഇലയ്ക്കും മുള്ളിനും കേടില്ലാതെ കാര്യങ്ങൾ പരിഹരിക്കാം. അപ്പോ പിന്നെ അവളുടെ കണ്ണുകൾ ഞാൻ ചതിയൻ ആവില്ല. ആറുമാസം കഴിഞ്ഞാൽ ഞാൻ അമേരിക്കയ്ക്ക് പോകുന്നത് കൊണ്ട് പിന്നെ ഒരിക്കലും എനിക്ക് ദുർഗയെ കാണേണ്ട സാഹചര്യവും ഉണ്ടാവില്ല.”

അവളുടെ കഴുത്തിൽ മുഖം കണ്ടു സിറിൽ ഉന്മാദ ഭാവത്തിൽ പറഞ്ഞു. പിന്നെ പതിയെ അവൻ എമിലിയുടെ മാറിൽ നിന്നും സരിതലപ്പ് മാറ്റി.

“സിറിൽ… ഡോർ അടച്ചിട്ടില്ല.. ആരെങ്കിലും കണ്ടോണ്ട് വന്നാൽ നാണക്കേടാകും.” എമിലി കുറുകി.

“ഇങ്ങോട്ട് ഇപ്പോൾ ആരും വരില്ല എമി.” സിറിൽ അവളെ തന്റെ നെഞ്ചിലേക്ക് ചേർത്തു.

റൂമിന് പുറത്ത് എല്ലാം കേട്ടുകൊണ്ടിരുന്ന ദുർഗക്ക് സങ്കടം സഹിക്കാനായില്ല. സിറിൽ അഭിനയിക്കുകയായിരുന്നു എന്ന തിരിച്ചറിവ് അവളെ തളർത്തി.

പക്ഷേ അതേസമയം അവൾക്ക് ഇരുവരോടും കലശലായ ദേഷ്യം തോന്നി.

അടുത്ത നിമിഷം ദുർഗ വാതിൽ തള്ളി തുറന്ന് അകത്തേക്ക് കയറി. അപ്രതീക്ഷിതമായി അവളെ മുന്നിൽ കണ്ടതും എമിലിയും സിറിലും ഞെട്ടി.

“ദുർഗ… നീ..” ഒരു നിമിഷം സിറിലി ന് വാക്കുകൾ പതറി.

” എന്റെ കാറിന്റെ കീ എടുക്കാൻ മറന്നു വന്നത ഞാൻ. എന്തായാലും കീ മറന്നത് നന്നായി. അതുകൊണ്ട് എനിക്ക് ഇവിടുത്തെ കലാപരിപാടികൾ നേരിട്ട് കാണാൻ പറ്റിയല്ലോ. എന്നാലും ഈ ചതി എന്നോട് വേണ്ടായിരുന്നു സിറിൽ. എമിലി നീയും കൂടെ നിന്ന് എന്നെ ചതിച്ചല്ലോ. ഒന്നൂല്ലേലും നമ്മൾ ഒരുമിച്ച് വർക്ക് ചെയ്യുന്നവരല്ലേ. ” ദുർഗയുടെ ശബ്ദം ഇടറി.

“ദുർഗ… ഞാൻ… എനിക്ക്.” എമിലി എന്തോ പറയാൻ ശ്രമിച്ചു.

” രണ്ടാളും ന്യായീകരിക്കാൻ ശ്രമിക്കേണ്ട. നിന്നോട് എനിക്കൊന്നും പറയാനില്ല എമിലി. പക്ഷേ സിറിൽ നീ എന്നെ ചതിക്കരുതായിരുന്നു. ” അതുപറഞ്ഞു കൊണ്ട് മുന്നോട്ട് വന്ന ദുർഗ സിറിൽ ന്റെ കരണം പുകച്ചു.

“ഇത് നീയെന്നെ ചതിച്ചതിനുള്ള സമ്മാനമാണ്. പിന്നെ നിനക്കുള്ള ശിക്ഷ ദൈവം തന്നോളും. എന്നെ ചതിച്ച ഇവൻ എന്നെങ്കിലും നിന്നേം ചതിക്കും.” അത്രയും പറഞ്ഞുകൊണ്ട് ദുർഗ അവിടെ നിന്നും ഇറങ്ങിപ്പോയി.

ആ സമയം അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു. എങ്കിലും വാശിയോടെ കണ്ണുകൾ തുടച്ചു. ജീവിതത്തിൽ ഇനി ആരുടെയും മുന്നിൽ തോറ്റുകൊടുക്കാൻ പാടില്ലെന്നും അവളപ്പോൾ മനസ്സിലുറപ്പിച്ചു.

ഹേര

Leave a Reply

Your email address will not be published. Required fields are marked *