ഏട്ടന്റെ ഭാര്യയ്ക്ക് എന്നെ കാണുന്നതേ അലർജിയാണ്. സ്വന്തമായി ഒരു വീടില്ലാത്ത ഞാൻ അവരുടെ വീട്…

✍️ ശാലിനി മുരളി

അമ്മ അത് ആരും കാണാതെ കയ്യ് വെള്ളയിലേക്ക് വെച്ചു തരുമ്പോൾ അരുണ ഒന്നമ്പരന്നു.
അത്ഭുതത്തോടെയും അതിലേറെ അമ്പരപ്പോടെയും കൈയിൽ ഇരുന്ന പിങ്ക് നിറത്തിലുള്ള ആ ചെറിയ പൊതി അവൾ തുറന്നു നോക്കി.

ഒരു കുഞ്ഞ് സ്വർണ്ണ താലി !!
നെഞ്ചിൽ ഒരു ഇടിമുഴങ്ങിയത് പോലെ..
കണ്ണിലൂടെ പെയ്തിറങ്ങിയത് ഒരു പേമാരി തന്നെയായിരുന്നു.
കുലം കുത്തിയൊഴുകിയ ആ പെയ്ത്തിൽ അവൾ നനഞ്ഞൊലിച്ചു നിന്നു.

ശബ്ദം നഷ്ടപ്പെട്ടവളെ പോലെ, കണ്ണീരൊലിപ്പിച്ചു നില്ക്കുന്ന മകളെ നോക്കി അമ്മ ഇടറിയ സ്വരത്തോടെ പറഞ്ഞു.

“ഇനിയും ഈ ഒഴിഞ്ഞ
കഴുത്തുമായി എന്റെ മുന്നിൽ നീ മേലാൽ വരരുത്..
അമ്മയ്ക്ക് അത് കാണാനുള്ള ശക്തിയില്ല..”

അപ്പോഴും തുറന്നു വെച്ച പാടെ
കൈ വെള്ളയിലിരുന്ന് തിളങ്ങുന്ന
ആ സ്വർണ്ണ താലി അവൾ ഒരു നിധി പോലെ സ്വന്തം നെഞ്ചോട് ചേർത്ത് പിടിച്ചു..

മനസ്സുണ്ടായിട്ടല്ല അന്ന് കഴുത്തിൽ
കിടന്ന അവസാനത്തെ
സ്വർണ്ണത്തിന്റെ പൊട്ടും ഊരിയെടുത്തു കൊടുത്തത്..!

ഒരു ജോലിയ്ക്കും പോകാതെ കള്ളും കുടിച്ച് വന്ന് നിത്യവും വഴക്കുണ്ടാക്കുന്ന ഭർത്താവിന്റെയും,
രണ്ട് പൊടിക്കുഞ്ഞുങ്ങളുടെയും ഒപ്പമുള്ള ഒരു വാടക വീട്ടിലെ  ജീവിതം അവളെക്കൊണ്ട് ആ കടുംകൈ ചെയ്യിപ്പിച്ചതാണ്.

അടുക്കളയിലെ മെലിഞ്ഞു പോയ അരിപ്പാത്രവും,
അലമാരകളിലെ കാലിയായ
ടിന്നുകളിൽ നിന്ന് എത്ര കുടഞ്ഞിട്ടും വീഴാത്ത പലവ്യഞ്ജനങ്ങളും ഓരോ ദിവസവും അവളെ ഭയപ്പെടുത്തിക്കൊണ്ടിരുന്നു!

കൂടാതെ അടുപ്പിച്ച് ഉള്ള സിസേറിയൻ കാരണം ഒരു ജോലിക്ക് പോകാനുള്ള ആരോഗ്യം തീരെയുമില്ലായിരുന്നു..
മുല കുടി മാറാത്ത ഇളയ കുഞ്ഞിനെ വിശ്വസിച്ച് ഏൽപ്പിക്കാൻ പറ്റിയ ആരുമില്ലായിരുന്നു..

രണ്ട് ദിവസം എവിടെ എങ്കിലും കൂലിപ്പണിക്ക് പോയി കിട്ടുന്ന കാശ മുഴുവനും കള്ള് ഷാപ്പിൽ കൊണ്ട് കൊടുത്തു ബോധം മറയുന്നത് വരെ കുടിച്ചിട്ട് ആടിയാടി ഏതെങ്കിലും ഒരു നേരത്താണ് അയാൾ വീട്ടിൽ വന്നു കേറുന്നത്. പിന്നെ തുടങ്ങും ആ വീട്ടിൽ അടിയും പിടിയും..
കഴിക്കാൻ കൊടുക്കാത്തതിന്റെ പേരിലായിരിക്കും തുടക്കം. എന്തെങ്കിലും മിച്ചം ഉണ്ടായിട്ട് വേണ്ടേ കൊടുക്കാൻ..!

കാലിയായ ചോറും കലം കാണുമ്പോൾ അയാൾക്ക് കലി കേറും.എടുത്ത് നിലത്ത് ആഞ്ഞടിക്കും. പിന്നെ അവളുടെ വീട്ടുകാരെ തെറി വിളിക്കാൻ തുടങ്ങും. എന്നിട്ടും അരിശം തീരാതെ അവളുടെ മുടിക്കുത്തിനു പിടിച്ചു വലിച്ചു ഉപദ്രവിക്കും.
കുഞ്ഞുങ്ങൾ പേടിച്ചരണ്ട കണ്ണുകളോടെ ഏതെങ്കിലും മുറിയുടെ വാതിലിനു പിന്നിൽ മറഞ്ഞു നിൽപ്പുണ്ടാവും.

“നിനക്ക് ഇങ്ങേരുടെ അടിയും, തൊഴിയും കൊണ്ട് ഇവിടെ കഴിയേണ്ട കാര്യം വല്ലതുമുണ്ടോ. കുഞ്ഞുങ്ങളെയും എടുത്തോണ്ട് എങ്ങോട്ടെങ്കിലും പോയി രക്ഷപ്പെടരുതോ..”

അടുത്ത വീട്ടിലെ സുമചേച്ചി അയാളില്ലാത്ത നേരത്ത് മുറ്റത്തെ പേരച്ചുവട്ടിൽ തുണി കഴുകുന്ന അരുണയോട് ചോദിക്കും.

അപ്പോൾ വല്ലാത്തൊരു ദൈന്യതയോടെ അവൾ കണ്ണുകളിൽ ആശങ്കകൾ നിറച്ചു കൊണ്ട് തിരിച്ചു ചോദിക്കും.

“എങ്ങോട്ട് പോകും ചേച്ചി ഞാൻ..
എന്റെ സ്വന്തം വീട്ടിൽ കേറി ചെന്നാൽ എനിക്ക് അവിടെ എത്ര ദിവസം നിൽക്കാൻ പറ്റും.എന്റെ അമ്മ ഒന്നും പറയില്ലായിരിക്കും.എങ്കിലും മറ്റുള്ളവരെ പേടിച്ച് അമ്മയും മുറുമുറുക്കാൻ തുടങ്ങില്ലേ. പിന്നെ, ഏട്ടന്റെ ഭാര്യയ്ക്ക് എന്നെ കാണുന്നതേ അലർജിയാണ്. സ്വന്തമായി ഒരു വീടില്ലാത്ത ഞാൻ അവരുടെ വീട് തട്ടിയെടുക്കുമോന്നുള്ള പേടിയാണ് ഏട്ടത്തിക്ക്.അങ്ങനെ ഉള്ളപ്പോൾ വെറും കയ്യോടെ ഞാൻ എന്റെ കുഞ്ഞുങ്ങളെയും കൊണ്ട് കേറി ചെന്നാൽ എന്നെ ആട്ടിയെറക്കില്ലേ.. എനിക്ക് സ്വസ്ഥതയാണ് വേണ്ടത്.സന്തോഷമാണ് ആശിക്കുന്നത്. ഇവിടെ ഇത് രണ്ടും ഇല്ലെങ്കിലും എനിക്കും എന്റെ കുഞ്ഞുങ്ങൾക്കും സ്വാതന്ത്ര്യം ഉണ്ട്.. നോക്കട്ടെ, തീരെ സഹിക്കാൻ പറ്റാതെ വരുമ്പോൾ എന്താ ചെയ്യേണ്ടതെന്ന് എനിക്കറിയാം..”

ഓരോ ദിവസം ചെല്ലുതോറും വീട്ടിലെ ദാരിദ്ര്യം കൂടി വന്നു.

വിശക്കുന്ന വയറുമായി എല്ലായിടവും പരതുന്ന കുഞ്ഞുങ്ങളുടെ മുഖങ്ങൾ കണ്ടപ്പോൾ, കണ്ണീരൊഴുകിയ കവിളുകൾ തുടച്ചു കൊണ്ട്  ഇനിയും ഒരുപാടൊന്നും ആലോചിക്കുന്നതിൽ കഴമ്പില്ല എന്ന തിരിച്ചറിവോടെ,
തന്റെ ശരീരത്തിൽ അവശേഷിച്ച ഇത്തിരി പൊന്നിൽ അവൾ
വിങ്ങലോടെ കൈ വെച്ചു !

കഴുത്തിൽ നിന്ന്,
ആ വലിയ താലി ഊരിയെടുത്തു വിഷണ്ണനായി നിന്ന ഭർത്താവിന്റെ കയ്യിൽ വെച്ച് കൊടുക്കുമ്പോൾ
അയാളുടെ ദൈന്യതയാർന്ന നോട്ടം അവൾ അവഗണിച്ചു.
ഈയൊരു സാധനം തന്റെ കഴുത്തിൽ കെട്ടിയ ആൾക്ക് തന്റെ കുടുംബത്തെ പോറ്റാനുള്ള ഉത്തരവാദിത്തം കൂടിയുണ്ട്. കുറെ സന്തതികളെ ജനിപ്പിക്കുന്നത് മാത്രമല്ല അയാളുടെ ചുമതല!

ഒരിക്കലയാൾ തീരെ നിവൃത്തി കെട്ട ഒരവസരത്തിൽ അവളോട് താലി പണയം വെയ്ക്കാൻ ചോദിച്ചതാണ്!

“ഇല്ല ഞാൻ തരില്ല..നിങ്ങൾക്ക് കുടിച്ച് കൂത്താടി നടക്കണമെങ്കിൽ വല്ല പണിക്കും പോകണം. ആകെയുള്ള ഇത്തിരി പൊന്ന് കണ്ടിട്ട് പനിക്കണ്ട. ഇത് ഞാൻ തരില്ല..
ഇതെങ്കിലും എനിക്ക് സ്വന്തമായി വേണം”

കഴുത്തിൽ കിടന്ന താലിയിൽ മുറുകെ
പിടിച്ചവൾ നിന്ന് കരഞ്ഞു.

“ഇത് എന്റെ കാശിനു ഞാൻ ഉണ്ടാക്കിയതാണ്. അതിന് കണക്ക് പറയാൻ നീയാരാടീ..നിന്നോട് ഒന്നും ചോദിക്കാതെ തന്നെ അത് പൊട്ടിച്ചോണ്ട് പോകാനുള്ള അധികാരമെനിക്കുണ്ട് കാണണോ നിനക്ക്..”

അന്ന് അയാൾ പക്ഷെ താലി പൊട്ടിച്ചു കൊണ്ട് പോകുമെന്ന് ഭയന്നെങ്കിലും ഒന്നും സംഭവിച്ചില്ല.

അന്ന് ഒരു ചീറ്റപ്പുലിയെ പോലെ തന്റെ നേരെ വന്നവളാണ്
ഇന്ന്, ഗതികെട്ട് അതെ താലി തന്റെ കയ്യിൽ വെച്ചു തരുന്നതെന്ന് വല്ലായ്മയോടെ ഇപ്പോഴയാൾ ഓർത്തു !

നിശ്ചയം കഴിഞ്ഞ ഒരു നാൾ അവൾ
ആരും കാണാതെ തന്റെ ഭാവി വരനെ വിളിച്ചു പറഞ്ഞത് ആകെ ഒരേയൊരു ആഗ്രഹം മാത്രമായിരുന്നു..!

ആ താലിയുടെ പ്രത്യേകത..
സ്വർണ്ണം കുറച്ചു കൂടുതൽ വേണ്ടിവരും.
പക്ഷേ, കുഞ്ഞ് നാൾമുതൽക്കെ തന്റെ അമ്മയുടെ കഴുത്തിലെ താലി കണ്ടു മോഹിച്ചു പോയിരുന്നു.
എം എന്ന ഇംഗ്ലീഷ് അക്ഷരത്തിന്റെ ആകൃതിയിൽ ഉള്ള സ്വർണ്ണതാലി !
അതിൽ
ചന്ദ്രക്കലയും തുളസിത്തറയും !

ഭാവി വധു ആദ്യമായി പറഞ്ഞ ആഗ്രഹം സാധിച്ചു കൊടുക്കുന്ന ത്രില്ലിലായിരുന്നു അന്ന് അയാളും.

പക്ഷെ ബന്ധുക്കൾക്കിടയിൽ മുറുമുറുപ്പ് ഉണ്ടായി. ഇവന് ഇത് എന്തിന്റെ കേടാണ്. പെണ്ണ് പറയുന്നത് സാധിച്ചു കൊടുക്കുന്ന ഏർപ്പാട് കല്യാണം കഴിഞ്ഞു പോരായോ..?
ഇതിന് ഒക്കെ എന്ത് മാത്രം സ്വർണ്ണം വേണ്ടി വരും. ഇവന് അതിനും മാത്രം സ്ത്രീധനം വല്ലതും കിട്ടിയോ അതുമില്ല..!

ഇരുണ്ട മുഖങ്ങൾ വക വെയ്ക്കാതെ അയാൾ പരിചയക്കാരനായ സ്വർണ്ണപ്പണിക്കാരനെ കൊണ്ട്  ആഗ്രഹം പോലെ പണിയിപ്പിച്ചെടുത്ത താലിയാണ്. അന്നവൾ ഭർത്താവിന്റെ കയ്യിൽ വിങ്ങലോടെ  ഊരിക്കൊടുത്തത്..!

“നിങ്ങൾക്ക് വേണ്ടി ഞാനിത് കഴുത്തിലണിഞ്ഞു നടക്കുന്നതിൽ ഒരർത്ഥവുമില്ല. ഈയൊരു പൊന്നിലല്ല, അത് കെട്ടിത്തന്ന ആളിന്റെ കരുതലിലും, സ്നേഹത്തിലും, സുരക്ഷിതത്വത്തിലുമാണ് വിലയുണ്ടാകേണ്ടത്..
അത് നിങ്ങളായിട്ട് തന്നെ ഇല്ലാതാക്കിയ സ്ഥിതിക്ക് ഇനി ഇതും ഇട്ടോണ്ട് എന്റെ കുഞ്ഞുങ്ങളെ പട്ടിണി കിടത്താൻ എനിക്ക് മനസ്സില്ല.. കൊണ്ട് പോയി വിൽക്കുകയോ, പണയം വെയ്ക്കുകയോ ചെയ്യ്. പക്ഷെ, ഇതിൽ നിന്ന് കിട്ടുന്ന പൈസയും നിങ്ങള് വയറു നിറയെ കുടിച്ചു തീർക്കും.. എപ്പോഴെങ്കിലും നിങ്ങളുടെ കുഞ്ഞുങ്ങൾ ഇവിടെ പട്ടിണി കിടന്നു ചാകാറായെന്ന് ഒന്ന് ഓർത്താൽ കൊള്ളാം..”

അവളുടെ മുഖം കല്ലിച്ചിരുന്നു.

മക്കളുടെ വിശപ്പിനെക്കാൾ വലുതായി തോന്നിയില്ല ഒന്നും തന്നെ..
സ്വർണ്ണം ഇനിയും ഉണ്ടാകും.
അല്ലെങ്കിലും ആവശ്യത്തിന് ഉപകരിക്കാനാണല്ലോ ഈ സ്വർണ്ണമൊക്കെ സൂക്ഷിക്കുന്നത്.

പക്ഷെ, ജീവിതം എന്നും ഒരുപോലെ ആയിരിക്കില്ല. ഒരു താഴ്ച്ചയ്ക്ക് ഒരു ഉയർച്ച ഉണ്ടാവാതിരിക്കില്ല..
വാ കീറിയ ദൈവം ഇരയും തരും !
സമാധാനിക്കാൻ അന്നൊരുപാട് കാരണങ്ങൾ സ്വയം കണ്ടെത്തി..

അമ്മയുടെ കഴുത്തിലെയും,
കയ്യിലെയും മഞ്ഞത്തിളക്കങ്ങൾ കാണുമ്പോഴൊക്കെ, സ്വന്തം വിധിയുടെ വിളറിയ മുഖത്തേക്ക് നോക്കി അവൾ ആരും കാണാതെ നെടുവീർപ്പിടും.

വല്ലാത്തൊരു ദുർവിധി തന്നെ തന്റേത് !!

പക്ഷെ,
താലിയില്ലാത്ത കഴുത്തുമായി മകൾ  മുന്നിൽ എത്തുമ്പോഴൊക്കെ
അമ്മയുടെ നെഞ്ചു വല്ലാതെ നീറുന്നുണ്ടായിരുന്നു.
താൻ താലിയിട്ട് നടക്കവെ ,
ഭർത്താവ് ഉണ്ടായിട്ടും, താലിയില്ലാത്ത കഴുത്തുമായി തന്റെ മകൾ ജീവിക്കുന്നത് അവരെ ഓരോ നിമിഷവും പൊള്ളിച്ചു കൊണ്ടിരുന്നു..

ഒരുപാട് സ്വർണ്ണം കൊടുത്തു കെട്ടിച്ചു വിട്ട മകളാണ് ഇന്ന്, ഒഴിഞ്ഞ ദേഹവുമായി ജീവിക്കുന്നത്!
ഒരമ്മയ്ക്കല്ലാതെ മാറ്റാർക്കാണ് വേദന തോന്നുക..?

എങ്കിലും, ഒരു താലിയിൽ
എന്തിരിക്കുന്നു എന്ന് തോന്നിയിട്ടുണ്ട് അവരുടെ ജീവിതം കാണുമ്പോഴൊക്കെയും.!

അമ്മയുടെ മുന്നിൽ എത്തുമ്പോൾ
പഴയ ചിണുക്കമുള്ള കുട്ടിയായി മാറുന്ന അവൾക്ക് പക്ഷെ, നൊമ്പരങ്ങൾ മറച്ചു വെക്കാൻ ഒരുപാട് അഭിനയിക്കേണ്ടി വന്നു.

വിവാഹിതയായ ഏതൊരു സ്ത്രീയുടെയും അടയാളം ആണ് താലി എന്ന് കരുതുന്ന ഒരു സമൂഹത്തിൽ താലിയില്ലാതെ നടന്ന അവളെ പഴിക്കാനും ഒരുപാട് പേരുണ്ടായി.
പരിഷ്ക്കാരി എന്നൊരു പേരും ബന്ധുക്കളിൽ നിന്ന് അവൾക്ക് പതിച്ചു കിട്ടി..
സ്വന്തം ജീവിതം മറ്റുള്ളവർക്ക് മുന്നിൽ തുറന്നു കാട്ടേണ്ട ആവശ്യം തീരെയില്ല. ആരൊക്കെ എന്തൊക്കെ വേണമെങ്കിലും പറഞ്ഞോട്ടെ. കുല സ്ത്രീകളുടെ കൂട്ടത്തിൽ പെടുത്താതിരുന്നോട്ടെ..
അവരവർ അറിയുന്നതാണ് ജീവിതം. അത് പലർക്കും പല രീതിയിൽ ആണെന്ന് മാത്രം..!

പക്ഷെ, പിന്നീടൊക്കെയും
കയ്യിൽ കാശു കിട്ടുമ്പോഴെല്ലാം
അയാൾ ഒരു താലി വാങ്ങാൻ  അപ്പോഴും മറന്നു പോയി..

കുട്ടികൾ വലുതായതോടെ
അയാൾ കള്ള് കുടി കുറച്ചു. പണിക്ക് പോയി തുടങ്ങി. ജീവിതം കുറച്ചു ഭേദമായി.
കളിയും ചിരിയും അവർക്കിടയിലേയ്ക്ക് തിരിച്ചു വന്നു.

പുതിയ ഒരു താലി വാങ്ങി പൂജിച്ചു, നല്ലൊരു മുഹൂർത്തം നോക്കി കെട്ടി തരാം എന്ന്  ഇടയ്ക്കിടെ അയാൾ പറയുമ്പോൾ അവൾ ഉള്ളിൽ ചിരിക്കും.!
ആ ഒരു ഓർമ്മ എന്നും തന്നെ പൊള്ളിക്കുന്നതാണ്.

ഒരിക്കലും തീരാത്ത ദുരിതങ്ങൾക്കിടയിൽ നിന്ന് ഒരുപക്ഷെ ആ താലിയെങ്കിലും രക്ഷപെട്ടു പോയതായിക്കൂടെന്നില്ലല്ലോ..!!

അല്ലെങ്കിലും ഇനിയെന്തിനാണ്
ഒരു താലി..?
അതില്ലെങ്കിലും സ്നേഹവും
വിശ്വാസവും തങ്ങൾക്കിടയിൽ ആവോളം ഉണ്ട്. ഇനി ഇങ്ങനെ
ഒക്കെ അങ്ങ് പോകട്ടെ..
അത് മതി.

ഒരു ദീർഘ നിശ്വാസത്തോടെ അവൾ ഓർക്കും. അതിലും അത്യാവശ്യങ്ങൾ എന്തെല്ലാം ഉണ്ട്..
വാങ്ങണം.. എപ്പോഴെങ്കിലും ഒരിക്കൽ.

“ഇത് നീ അവന്റെ കയ്യിൽ കൊടുത്ത് ഏതെങ്കിലും അമ്പലത്തിൽ കൊണ്ട് പോയി പൂജിച്ച്, അവനെ കൊണ്ട്
തന്നെ കഴുത്തിൽ കെട്ടിക്കണം
കേട്ടല്ലോ..”

ചിതറിത്തെറിച്ച ചിന്തകളിലേക്ക് പലായനം ചെയ്ത അവളെ മടക്കി കൊണ്ട് വന്നത് അമ്മയുടെ ഉറച്ച ശബ്ദമായിരുന്നു..

“താലി ഇട്ടാൽ എല്ലാമായി എന്ന് കരുതിയിട്ടല്ല. പക്ഷെ,
ഒരു സുമംഗലിയുടെ കഴുത്തിൽ നിന്ന് ഇത് ഒരിക്കലും ഒഴിയരുത്..
ഇതൊരു ഐശ്വര്യമാണ്. ദൈവ സന്നിധിയിൽ വെച്ച് പുരുഷൻ അവളുടെ കഴുത്തിൽ ചാർത്തിതരുന്ന ഇത്തിരി പൊന്നാണെങ്കിലും
അത് കെട്ടി തരുന്ന ആളിന്റെ ആയുസ്സിന്റെ വിലയുണ്ട് അതിന്.
ഇനിയത് ഒരിക്കലും അഴിച്ചെടുക്കരുത് കേട്ടല്ലോ..”

അവൾ അനുസരണയോടെ തലയാട്ടി.
സന്തോഷം കൊണ്ട് ഹൃദയം നിറഞ്ഞിരിക്കുന്നു. ഇനിയൊരിക്കലും തനിക്ക് താലി ഇടാൻ ഭാഗ്യമുണ്ടാവുമെന്ന് കരുതിയതല്ല..!

അമ്മയുടെ ആ സമ്മാനത്തിന് അവളുടെ ആയുഷ്ക്കാലം മുഴുവനുമുള്ള സ്നേഹം മാത്രമേ പകരം നൽകാനുള്ളൂ..
സ്നേഹം മാത്രം!!
അവൾ കയ്യിലിരുന്ന ആ ചെറിയ പൊതി വീണ്ടും വീണ്ടും ഹൃദയത്തോട് ചേർത്ത് പിടിച്ചു.

 

– ശാലിനി മുരളി ✍️

Leave a Reply

Your email address will not be published. Required fields are marked *