സന്ധ്യ വളരെ സുന്ദരിയായിരുന്നു.അഴകാർന്ന ഉടലും വലിയ മാറിടങ്ങളുമുള്ള അവളെയൊന്ന് പ്രാപിക്കാൻ വേണ്ടി ആണുങ്ങളെല്ലാം തക്കം പാർത്തിരുന്നു.
നാട്ടിലെ യുവാക്കൾ പ്രണയാഭ്യർത്ഥനകളുമായി അവളുടെ പിന്നാലെ നടന്നു.
രാത്രിയിൽ ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങി വരുന്ന സന്ധ്യയെ കാത്ത് ഇടവഴികളിൽ ആണുങ്ങൾ പതുങ്ങിയിരുന്നു.തക്കം കിട്ടിയാൽ അവളുടെ മാറിടത്തിലൊന്നു പിടിക്കുക ബലമായി അവളെയൊന്നു ചുംബിക്കുക ഇതൊക്കെയായിരുന്നു അവരുടെ ഉദ്ദേശം.ഒന്ന് രണ്ടു പേർ അതിൽ വിജയം കണ്ടതിനാൽ വീട്ടിലേക്കുള്ള സന്ധ്യയുടെ സന്ധ്യാ സമയത്തെ സഞ്ചാരം ഓട്ടോറിക്ഷയിലാക്കി.
ചെറുപ്പത്തിലേ തന്നെ ഭർത്താവ് നഷ്ടപ്പെട്ടു വിധവയായ ആ പെൺകുട്ടി ആർക്കും പിടി കൊടുക്കാതെ അഭിമാനത്തോടെ തലയുയർത്തി ജീവിച്ചു പോന്നു,പക്ഷെ അതുകൊണ്ടൊന്നും നാട്ടിലെ ആണുങ്ങൾ വെറുതെയിരുന്നില്ല.
ഓ!ടൗണിലെ ബെൻഹർ ഹോട്ടലിൽ വെച്ചവളെ ഞാൻ സ്ഥിരം കാണാറുണ്ടെന്നേ.
രാത്രി സമയങ്ങളിൽ ആരൊക്കെയോ അവളുടെ വീട്ടിൽ വന്നു പോകാറുണ്ടന്നെ, ദേ!ഇന്നലെ രാത്രി കൂടി അവളുടെ വീട്ടു മുറ്റത്തൊരു ബൈക്ക് ഞാൻ കണ്ടതാണ്.
അവളത്ര വെടിപ്പല്ല എന്ന് തുടങ്ങി,പട്ടിണി ഇല്ലാതെ ജീവിക്കാൻ വേണ്ടി മാന്യമായി ജോലിക്ക് പോയിരുന്ന ഒരു പെണ്ണിനെ പറ്റിയവർ അപവാദങ്ങൾ പറഞ്ഞുണ്ടാക്കി.
ആദ്യം ഈ കഥകളൊന്നും വിശ്വസിക്കാതെ ഇരുന്ന നാട്ടുകാർ പോലും പോകെ പോകെയാ കള്ളങ്ങൾ വിശ്വസിച്ചു തുടങ്ങി.
ആരോരും ഇല്ലാത്ത തനിക്ക് വേണ്ടിയൊന്നു ശബ്ദമുയർത്താൻ പോലും ഒരാളെങ്കിലും ഇല്ലല്ലോ എന്ന ദുഖത്തോടെയവൾ നീറി നീറി ജീവിച്ചു കൊണ്ടിരുന്നു.അതെ സമയം എന്നെങ്കിലും ഒരിക്കൽ തങ്ങളുടെ ഇഷ്ടത്തിനവൾ വഴങ്ങി തരുമെന്ന് നാട്ടിലെ ആണുങ്ങളെല്ലാം സ്വപ്നം കണ്ടു നടന്നു.
അങ്ങനെയിരിക്കെ പെട്ടെന്നൊരു ദിവസം അവളങ്ങപ്രത്യക്ഷയായി.അന്നാണ് നാട്ടിലെ പുരുഷ കേസരികളുടെ നാവുകൾക്ക് മുഴുവൻ സ്വാതന്ത്ര്യം കിട്ടിയത്.സന്ധ്യയെ പറ്റിയുള്ള ഊഹങ്ങളും ആരോപണങ്ങളും കവലകളിൽ കൂമ്പാരമായി.
അവൾക്ക് ഗർഭമുണ്ട് അതലസിപ്പിക്കാൻ പോയതാണന്നെ…
ആരുടെയെങ്കിലും കൂടെയവൾ ഒളിച്ചോടി കാണുമോ?
രണ്ടു ദിവസം കഴിഞ്ഞാ പെണ്ണിനെ വല്ല കടലിലോ കായലിലോ കാണാം,എന്ന് തുടങ്ങിയ പല പല ഊഹാപോഹങ്ങളും അവളെ പറ്റി കവലയിൽ പരന്നതിനൊപ്പം അവളെയൊന്നു പ്രാപിക്കാൻ പറ്റാത്ത നിരാശയും കൂടി പുരുഷ കേസരികളുടെ മുഖങ്ങളിൽ പ്രകടമായി.
രണ്ടാഴ്ചക്ക് ശേഷമുള്ള ഒരു സന്ധ്യാ നേരം കറുത്ത നിറമുള്ള ഒരു കാറിലിരുന്നു വർഗീസ് മാപ്ലയുടെ കടയുടെ മുന്നിലൂടെ പോകുന്ന സന്ധ്യയെ ഒരു മിന്നായം പോലെ ആണുങ്ങൾ കാണാനിടയായി…
ദേ! ആ ഒരുമ്പെട്ടവൾ തിരിച്ചു വന്നിട്ടുണ്ട്.
പെണ്ണൊന്നുടഞ്ഞിട്ടുണ്ടല്ലോ,കൊണ്ടു പോയവൻ എന്തായാലും കാറിൽ കയറ്റി തിരിച്ചു കൊണ്ടു വിട്ടിട്ടുണ്ട് എന്ന് തുടങ്ങി അവളെപ്പറ്റിയുള്ള പല പല നുണ പ്രചാരണങ്ങളും കവലയിൽ കൂണ് പോലെ മുളച്ചു പൊന്തി.
പിന്നീടൊരു ദിവസം വൈകിട്ട് കവലയിൽ വന്നവൾ ബസ്സിറങ്ങി.പ്രതീക്ഷിച്ച പോലെ ഓട്ടോ കിട്ടാത്തതിനാൽ നടന്നായിരുന്നു വീട്ടിലേക്കുള്ള മടക്കം. കുമാരേട്ടന്റെ ചായപ്പീടിക കഴിഞ്ഞുള്ള ഇടവഴിയിലൂടെ വേഗത്തിൽ വീട്ടിലേക്ക് നടക്കുന്നതിനിടയിലാണ് ഒന്നുരണ്ടുപേർ ഇരുട്ടിലവളുടെ വഴി തടഞ്ഞത്.
അരണ്ട വെളിച്ചത്തിലും മുന്നിൽ നിൽക്കുന്ന ഒരു രൂപത്തെയവൾ തിരിച്ചറിഞ്ഞിരുന്നു
തന്നെ പണ്ട് കണക്ക് പഠിപ്പിച്ചിരുന്ന സേവ്യർ മാഷ്.
എന്താ മാഷേ?അവൾ ബഹുമാനപൂർവ്വം അയാളോട് ചോദിച്ചു.
വളരെ കാലത്തെ എന്റെയൊരാഗ്രഹമാണ് സന്ധ്യെ എന്ന് പറഞ്ഞുകൊണ്ടായാൾ ചുറ്റിലും കണ്ണോടിച്ചു,ആരും വരുന്നില്ല എന്ന് ഉറപ്പിച്ച ശേഷം ദൃതിപ്പെട്ടയാളവളെ കയറി പിടിക്കുകയും അവളുടെ മാറിടത്തിൽ കൈ അമർത്തുകയും ചെയ്തു.
അമർത്തിയ കരങ്ങൾ അതെ വേഗത്തിൽ തന്നെയയാൾ പിന്നോട്ട് വലിച്ചു.
എന്താ മാഷേ കൈയ്യിലൊന്നും തടഞ്ഞില്ലേ?
അവൾ വിറയാർന്ന ചിരിയോടെ ചോദിച്ചു.
അയാൾ ഞെട്ടുന്ന കാഴ്ച കണ്ടവൾ വർഷങ്ങൾക്ക് ശേഷം ഉറക്കെയുറക്കെ പൊട്ടിച്ചിരിച്ചു.
ആ ചിരിക്കു പിറകിൽ സ്വന്തം ജീവൻ രക്ഷിക്കാൻ,സ്വന്തം സ്വാതന്ത്ര്യം തിരിച്ചു പിടിക്കാൻ വേണ്ടി അവളെടുത്ത ഒരു തീരുമാനമുണ്ടായിരുന്നു.
ഇനിയവളെ പ്രാപിക്കാൻ വേണ്ടിയാരും കിനാവ് കാണില്ല..
അവളുടെ വഴികളിൽ കാമമൊലിപ്പിക്കുന്ന
കണ്ണുകളോടെ ആരും കാത്തു നിൽക്കില്ല…
കാരണം ഇനിയൊരിക്കൽ കൂടിയൊരാൾക്ക് പിടിച്ചു ഞെരിച്ചു വേദനിപ്പിക്കാൻ കഴിയാത്ത വിധത്തിൽ അവളിൽ നിന്നുമാ രണ്ടു മാംസ പിണ്ഡങ്ങൾ എന്നെന്നേക്കുമായി മുറിച്ചു മാറ്റപ്പെട്ടിരുന്നു.
കഥ:സന്ധ്യയുടെ പുലരികൾ
രചന : അച്ചു വിപിൻ
