“പേടിക്കേണ്ട ദിവ്യ.. എന്റെ ഭാര്യ എന്ന് പറയുന്ന ശവം നല്ല ഉറക്കമാ.. ഇനിയെങ്കിലും ഒന്ന് വീഡിയോ കോൾ ചെയ്യു പൊന്നേ..നിന്നെ എത്ര കണ്ടാലും മതി വരില്ല.”
അടുക്കള ഭാഗത്ത് നിന്ന് ഭർത്താവ് സുധീറിന്റെ സംസാരം മായ ശ്വാസം അടയ്ക്കി പിടിച്ചു കേട്ടു നിന്നു. കുറച്ചു നാളുകളായി സുധീറിന്റെ പെരുമാറ്റത്തിൽ എന്തൊക്കെയോ കള്ളത്തരങ്ങൾ മണത്തറിഞ്ഞത് കൊണ്ട് തന്നെ കാര്യങ്ങൾ ഏറെക്കുറെ അവൾ ഊഹിച്ചിരുന്നു. അതുകൊണ്ടാവാം ആ വലിയ ഞെട്ടലിൽ നിന്നും മോചനം നേടാൻ കഴിഞ്ഞത്.എങ്കിലും കാര്യങ്ങൾക്ക് ഒരു വ്യക്തത വരാനാണ് ഉറക്കം നടിച്ചു കിടന്നത്. മനസ്സിനെ ശാന്തമാക്കി അവൾ തിരികെ ബഡിൽ വന്നു കിടന്നു. “താൻ വഞ്ചിക്കപ്പെട്ടിരിക്കുന്നു.” നിയന്ത്രിക്കാൻ ശ്രമിച്ചെങ്കിലും അവളുടെ മിഴി നിറഞ്ഞു. കുറെ കഴിഞ്ഞ് സുധീർ വന്ന് കിടന്നപ്പോഴും അവൾ ഉറക്കം നടിച്ചു കിടന്നു.അപ്പോഴും കണ്ണുനീർ തികട്ടി കൊണ്ടിരുന്നു.
“സുധി ഫോൺ ഒന്ന് തരാമോ..?”
രാവിലെ ചായ കുടിച്ചു കൊണ്ടിരിക്കെ മായ ചോദിച്ചു. സുധീർ ഒരു നിമിഷം പരുങ്ങി..ഫോൺ പിടിച്ചു എന്ത് ചെയ്യണം എന്നറിയാതെ ഇരുന്നു.
“എന്താ പാസ്‌വേഡ് മറന്നുവോ സുധി…? എന്റെ ഫോണിൽ ചാർജില്ല എനിക്കൊരു കോൾ ചെയ്യാനായിരുന്നു.” മായ ഭാവ വ്യത്യാസമില്ലാതെ ചിരിച്ചുകൊണ്ട് പറഞ്ഞു.
“ഇതാ..”
ഫോൺ കൊടുത്ത നിമിഷം തന്നെ മായ അവന്റെ കണ്ണുകളിലേക്ക് ആണ് നോക്കിയത്. കുറ്റം ചെയ്തവരുടെ കണ്ണുകൾ പരുങ്ങുന്നതുപോലെ അവന്റെ കണ്ണും എന്തിനെയോ ഭയക്കുന്നത് അവൾക്ക് കാണാമായിരുന്നു. ഫോൺ വാങ്ങിയെങ്കിലും അവൾ അത് തുറന്നില്ല കോൾ ചെയ്യുന്നതുപോലെ അഭിനയിച്ചു തിരികെ നൽകി.
“താങ്ക്സ് സുധി..”
സുധീർ ഒരു നെടുവീർപ്പ് ഇട്ടു.അത് അവൾ കണ്ടെങ്കിലും ഒന്നും പറഞ്ഞില്ല.
മായ ഒരു സ്വകാര്യ ബാങ്കിലെ ബ്രാഞ്ച് മാനേജർ ആണ്. ഉറച്ചു തീരുമാനങ്ങളുള്ള, സ്വന്തം കാലിൽ നിൽക്കുന്ന സ്ത്രീ. വീട്ടിലെ എല്ലാ ചെലവുകളും അവൾ സുധീറിനൊപ്പം പങ്കിട്ടാണ് ചെയ്തിരുന്നത്. സുധീര്‍ ഒരു സ്വകാര്യ കമ്പനിയിലെ സെയിൽസ് എക്സിക്യൂട്ടീവ് ആയി ജോലി ചെയ്യുന്നു.വിവാഹം കഴിഞ്ഞ് എട്ടു വർഷമായെങ്കിലും ഇരുവർക്കും കുട്ടികളില്ല. പുറമേ നിന്ന് നോക്കുന്നവർക്ക് സന്തുഷ്ടമായ കുടുംബം. പക്ഷേ ഏതാനും മാസങ്ങളായുള്ള സുധീറിന്റെ മാറ്റങ്ങൾ നാല് ചുവരുകൾക്കുള്ളിൽ മാത്രം ഒതുങ്ങി നിന്നു. ഫോണിന് പുതിയ പാസ്സ്‌വേർഡ്, ബാത്റൂമിലും ഫോൺ കൊണ്ടുപോയി ഒരുപാട് നേരം ചെലവഴിക്കുക, രാത്രി ബാൽക്കണിയിൽ പോലുള്ള മണിക്കൂറുകളോളം ഉള്ള സംസാരം അതിനെല്ലാം ഓഫീസ് കോൾ എന്ന സ്ഥിരം മറുപടിയും..
ഇവിടെ നിന്നെല്ലാം മായയുടെ സംശയം ആരംഭിച്ചു എങ്കിലും അവൾ വഴക്കുണ്ടാക്കിയില്ല കാരണം അവളുടെ പക്കൽ മതിയായ തെളിവുണ്ടായിരുന്നില്ല.
അന്ന് ബാങ്കിൽ നല്ല തിരക്കുള്ള ദിവസമായിരുന്നു മനസ്സ് വല്ലാതെ അസ്വസ്ഥമായിരുന്നതുകൊണ്ടുതന്നെ കാറെടുത്ത് മായ കുറച്ചു സമയം എങ്ങോട്ടെന്നില്ലാതെ ഡ്രൈവ് ചെയ്തു. നല്ല തലവേദന തോന്നിയതുകൊണ്ടാണ് മുന്നിൽ കണ്ട വലിയൊരു കോഫി ഷോപ്പിനോട് ചേർന്ന് കാർ നിർത്തിയത്.
കാർ പാർക്ക് ചെയ്ത് മായ ഷോപ്പിലേക്ക് കയറി. അത്യാവശ്യം തിരക്കുള്ള ഒരു ഷോപ്പ് ആയിരുന്നു അത്. എന്നാൽ അവിടെ മായ കണ്ട കാഴ്ച അവളുടെ ഉള്ളം ഒന്ന് വിറപ്പിച്ചു.
സുധീർ…കൂടെ ഒരു യുവതിയും!.
ചിരിച്ചും കയ്യിൽ കൈ ചേർത്തും ഇരുവരും സംസാരിക്കുന്നു. മായ അവരെ കണ്ടെങ്കിലും അവർ മായയെ കണ്ടിരുന്നില്ല. ഉള്ളിൽ തികട്ടി വന്ന വികാരങ്ങളെ ശാന്തമാക്കി അവൾ ആരും അറിയാതെ തന്നെ ആ ദൃശ്യം ഫോണിൽ റെക്കോർഡ് ചെയ്തു. ശേഷം ശാന്തയായി തിരികെ നടന്നു.
അന്ന് രാത്രി പതിവിലും വൈകിയാണ് സുധീർ വീട്ടിലെത്തിയത്. വൈകിയതിന് എന്ത് കാരണം പറയും എന്ന് ആലോചിച്ച് തലപുകഞ്ഞാണ് വന്നത്. എന്നാൽ അവൾ അതേ പറ്റി ഒരു വാക്കുപോലും ചോദിച്ചില്ല.
” കഴിക്കാൻ എന്താ വേണ്ടത്? ”
സുധീർ അതിശയിച്ചു.
” ഇന്ന് ഓഫീസിൽ നല്ല തിരക്കായിരുന്നു അതാണ് വൈകിയത്. ” അവൻ മടിച്ചുമടിച്ചു പറഞ്ഞു.
” ആണോ? ”
” അതെ. ”
” ശരി. ” അത്രമാത്രം പറഞ്ഞു അവൾ കിച്ചണിലേക്ക് പോയി. മായക്ക് എന്തുപറ്റിയെന്ന് സുധീർ അതിശയിച്ചു.
പിന്നീടുള്ള ദിവസങ്ങളിൽ ചോദ്യം ചെയ്യലുകളോ വഴക്കുകളോ പിണക്കമോ ഇല്ലാതെ മായ സുധീറിനെ നിരീക്ഷിക്കാൻ തുടങ്ങി. എപ്പോൾ പുറപ്പെടുന്നു, എവിടെ പോകുന്നു,ആരെ കാണുന്നു എല്ലാം.. അതിനായി തന്റെ വിശ്വസ്തരായ രണ്ട് സുഹൃത്തുക്കളേ കൂടി മായ ഏർപ്പാടാക്കി. അന്വേഷണങ്ങൾക്കൊടുവിൽ അവൾക്ക് കാര്യങ്ങൾ പിടികിട്ടി. ആ യുവതി സുധീറിന്റെ ഓഫീസിലെ സഹപ്രവർത്തകയായിരുന്നു. അവർക്കിടയിലെ ബന്ധം മാസങ്ങളായി തുടരുകയായിരുന്നു..
താൻ വളരെ വിദഗ്ധമായി വഞ്ചിക്കപ്പെട്ടു എന്ന യാഥാർത്ഥ്യം അവളെ ആഴത്തിൽ മുറിവേൽപ്പിച്ചു. സുധീറിന്റെ മുഖത്തുനോക്കി തെളിവുകൾ നിരത്തി രണ്ടെണ്ണം പറഞ്ഞ് ഡിവോഴ്സ് ചെയ്യാം എന്നായിരുന്നു അവൾ ആദ്യം തീരുമാനിച്ചത്. പക്ഷേ കുറെയേറെ സമയമെടുത്ത് ആലോചിച്ച് അവൾ മറ്റൊരു തീരുമാനത്തിലെത്തി. താൻ പറഞ്ഞല്ല ഇത് മറ്റുള്ളവർ അറിയേണ്ടത്.. സത്യം എന്താണെന്ന് സുധി തന്നെ എല്ലാവരുടെയും മുന്നിൽ വച്ച് സമ്മതിക്കണം. അവൾ മനസ്സിൽ ഉറപ്പിച്ചു.
രണ്ടാഴ്ചയ്ക്കുശേഷം അവരുടെ വിവാഹ വാർഷികം ആയിരുന്നു. മായ വലിയ ആഘോഷങ്ങൾ ഒരുക്കി എല്ലാവരെയും ക്ഷണിച്ചു. രണ്ടു കുടുംബങ്ങളും, ഇരുവരുടെയും സുഹൃത്തുക്കളും, സുധീറിന്റെ ഓഫീസ് പ്രവർത്തകരും കൂടെ ആ യുവതിയും ക്ഷണിക്കപ്പെട്ടു, അതുതന്നെയായിരുന്നു മായയുടെ മെയിൻ ലക്ഷ്യവും,
“ഇത്ര വലിയ പാർട്ടി എന്തിനാണ് മായ.. ഇത് വെറുമൊരു വെഡിങ് ആനിവേഴ്സറി അല്ലേ?” അവളുടെ ആവേശം കണ്ട് സുധീർ അതൃപ്തി പ്രകടിപ്പിച്ചു.
“വെറുമൊരു വെഡിങ് ആനിവേഴ്സറിയൊ…?എന്താ സുധി ഈ പറയുന്നത്? ഒരുമിച്ചു ജീവിക്കാൻ തുടങ്ങിയിട്ട് എട്ടുവർഷം തികഞ്ഞിരിക്കുന്നു അത് നമുക്ക് ആഘോഷിക്കേണ്ടേ?എത്രയോ പേര് ഒരു വർഷം തികയും മുന്നേ തന്നെ തന്റെ പങ്കാളികളെ വഞ്ചിച്ചു വേറെ റിലേഷൻഷിപ്പ് തേടിപ്പോകുന്നു. ഇക്കാലത്ത് പരസ്പരം ചതിക്കാതെ സ്നേഹിച്ചും മനസ്സിലാക്കിയും നമ്മൾ എട്ടു വർഷം പൂർത്തിയാക്കുന്നത് ചെറിയ കാര്യമാണോ? നമ്മുടെ ബന്ധത്തിന്റെ പവിത്രത എല്ലാവരും അറിയട്ടേന്നേ….സുധി പേടിക്കേണ്ട എത്ര ഗ്രാൻഡ് ആക്കിയാലും ഒരു രൂപ പോലും സുധി ഷെയർ ഇടേണ്ട. ഈ ഫംഗ്ഷൻ മുഴുവനായി സ്പോൺസർ ചെയ്തിരിക്കുന്നത് ഞാനാണ്.” മായ അത് പറഞ്ഞു ചിരിക്കുമ്പോൾ സുധീറും മനസ്സിൽ അവളെ പരിഹസിച്ചു ചിരിച്ചു.
ആനിവേഴ്സറി ദിവസം ക്ഷണിക്കപ്പെട്ടവരെല്ലാം കൃത്യസമയത്ത് തന്നെ എത്തിച്ചേർന്നിരുന്നു. സുധീറിന്റെ സഹപ്രവർത്തക ആ തിരക്കിനിടയിലും അവനെ മാത്രം ചുറ്റിപ്പറ്റി നിൽക്കുന്നത് മായ ശ്രദ്ധിച്ചു. അന്നേരം രണ്ടിന്റെയും മുഖം നോക്കി ഒരെണ്ണം പൊട്ടിക്കാൻ തോന്നിയെങ്കിലും അവൾ ക്ഷമ കൈവെടിഞ്ഞില്ല.
സുധീറിനൊപ്പം കേക്ക് മുറിച്ച ശേഷം അവൾ എല്ലാവരെയും നോക്കി പുഞ്ചിരിച്ചു. ഒരു നിമിഷത്തേക്ക് അവൾ എല്ലാവരുടെ അറ്റൻഷൻ പിടിച്ചു വാങ്ങി.
“ഇന്ന് ഞങ്ങളുടെ ദാമ്പത്യ യാത്ര എട്ടാം വർഷത്തിലേക്ക് എത്തിനിൽക്കുകയാണ്. ഞങ്ങളുടെ ക്ഷണം സ്വീകരിച്ച് ഇവിടെ വന്ന് ഞങ്ങൾക്ക് വിഷസ് അറിയിച്ച എല്ലാവർക്കും നന്ദി. വെഡിങ് ആനിവേഴ്സറി ആയതുകൊണ്ട് തന്നെ സുധിക്ക് ഒരു സർപ്രൈസ് നൽകാൻ ഞാൻ ആഗ്രഹിക്കുന്നു. ഇത് സുധിക്കു ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു ഗിഫ്റ്റ് ആകട്ടെ എന്ന് ഞാൻ ആശംസിക്കുന്നു മാത്രമല്ല ഇവിടെ കൂടിയിരിക്കുന്ന നിങ്ങൾ ഓരോരുത്തർക്കും ഇതൊരു സർപ്രൈസ് തന്നെയായിരിക്കും. ഞാനിവിടെ ഒരു ചെറിയ വീഡിയോ കാണിക്കാൻ പോകുകയാണ്…”
സുധീർ ചിരിച്ചു കല്യാണ ഫോട്ടോസോ വീഡിയോസോ ആയിരിക്കുമല്ലോ..
ലൈറ്റുകൾ ഓഫ് ആയി. സ്ക്രീനിൽ ആദ്യം തെളിഞ്ഞത് അവരുടെ വിവാഹ ചിത്രങ്ങൾ തന്നെയായിരുന്നു. ഓരോ ചിത്രങ്ങൾ സ്ക്രീനിൽ മാറി വരുമ്പോഴും കൂടിയിരുന്നവർ ആവേശത്തോടെ കയ്യടിച്ചു.പത്ത് സെക്കൻഡ് കഴിഞ്ഞപ്പോൾ ഒരു വീഡിയോ പ്ലേ ആയി. കോഫി ഷോപ്പിൽ കൈകോർത്ത് പ്രണയഭരിതരായി ഇരിക്കുന്ന സുധീറും ആ യുവതിയും!.അതിനു പിന്നാലെ ഷോപ്പിംഗ് മാളിലെ ചിത്രങ്ങളും റസ്റ്റോറന്റിലെ വീഡിയോയും കൂടി വന്നതോടെ ഹാളിൽ തികഞ്ഞ നിശബ്ദത തളം കെട്ടിനിന്നു.എല്ലാവരും പരസ്പരം നോക്കി. സുധീറിന്റെ മുഖം വിളറി ആ യുവതി തലതാഴ്ത്തി നിന്നു.വീഡിയോ അവസാനിച്ചതും മായ വീണ്ടും മൈക്കെടുത്തു.
“ഇനി പ്രത്യേകിച്ച് ഞാൻ ഒന്നും വിശദീകരിക്കേണ്ടതില്ലല്ലോ..ഈ വീഡിയോ ഞാൻ ആരെയും അപമാനിക്കാൻ ഉണ്ടാക്കിയതല്ല.” അവൾ സുധീറിനെ നോക്കി.
” എന്നെ വഞ്ചിച്ചു എന്നോട് കള്ളം പറഞ്ഞതുകൊണ്ടാണ് ഇത് ഇവിടെ കാണിക്കേണ്ടി വന്നത്.. ”
“മായ പ്ലീസ്..” സുധീർ എഴുന്നേറ്റ് മൈക്ക് പിടിക്കാൻ ശ്രമിച്ചു.
“ഇല്ല…ഇന്ന് എനിക്ക് സംസാരിക്കണം മിസ്റ്റർ സുധി..ഇത്രയും നാൾ എല്ലാം അറിഞ്ഞിട്ടും ഒരു വിഡ്ഢിയെ പോലെ ഞാൻ മൗനം പാലിച്ചത് ഈ ഒരു നിമിഷത്തിനായിരുന്നു.”അവളുടെ ശബ്ദം ഉറച്ചതായിരുന്നു.
” ഒരു ബന്ധം തകർന്നത് അവിഹിതം കൊണ്ട് മാത്രമല്ല സത്യത്തെ കൊല്ലുന്ന കള്ളങ്ങൾ കൊണ്ട് കൂടിയാണ്.എനിക്ക് വേണമെങ്കിൽ വഴക്കിടാം ആയിരുന്നു, എല്ലാം വലിച്ചെറിഞ്ഞ് പോകാമായിരുന്നു. പക്ഷേ ഞാൻ കാത്തിരുന്നു. ഒരിക്കലെങ്കിലും സുധി എന്നോട് സത്യം പറയുമെന്ന് കരുതി പക്ഷേ പറഞ്ഞില്ല.. നിങ്ങൾക്ക് ഞാൻ നല്ലൊരു ഭാര്യ അല്ലായിരുന്നെങ്കിൽ അത് എന്നോട് തുറന്നു പറഞ്ഞു അന്തസായി ഡിവോഴ്സ് വാങ്ങാമായിരുന്നു. ഒരിക്കൽ പോലും നിങ്ങളുടെ കാലു പിടിക്കാനോ കരയാനോ ഞാൻ വരില്ലായിരുന്നു. ഇതിപ്പോൾ എന്നെ വെറും വിഡ്ഢി ആക്കി കളഞ്ഞില്ലേ..? ഇവിടെ എനിക്ക് ഒന്നും നഷ്ടപ്പെടുന്നില്ല സുധി.. കാരണം എന്നെ വിലയില്ലാത്ത ഒരാളെ നഷ്ടപ്പെടുന്നത് എനിക്ക് ഒരിക്കലും ഒരു നഷ്ടമല്ല…ഈ വിവാഹദിനത്തിൽ തന്നെ എല്ലാവരെയും സാക്ഷിയാക്കി നമ്മൾ വേർപിരിയുകയാണ് എന്നെന്നേക്കുമായി.. ”
മായ തന്റെ താലിമാലയും വിവാഹ മോതിരവും അഴിച്ച് ടേബിളിലേക്ക് വെച്ചു.. ഹാളിൽ ഇരുന്നവർ ആരും ഒന്നും പറഞ്ഞില്ല.
” ഇത് ഞാൻ ഒരു നിമിഷത്തെ വാശി പുറത്ത് എടുത്ത തീരുമാനമല്ല മാസങ്ങളായി ആലോചിച്ച ഡിസിഷൻ ആണ്.ഇത് ആരെയും ശിക്ഷിക്കാൻ അല്ല എനിക്ക് ഞാൻ നൽകുന്ന സെൽഫ് റെസ്‌പെക്ട് ആണ്. ” അവൾ ബാഗ് എടുത്ത് പുറത്തേക്ക് നടന്നു. ഒന്നും പറയാൻ കഴിയാതെ സുധി തലതാഴ്ത്തി നിന്നു.
മൂന്നുമാസത്തിനകം മായ പുതിയ നഗരത്തിലേക്ക് ട്രാൻസ്ഫർ വാങ്ങി പോയി.. അതിനിടയിൽ പലവട്ടം സുധി കാണാൻ ശ്രമിച്ചെങ്കിലും മായ സമ്മതിച്ചില്ല.എല്ലാം മറന്ന് പുതിയ ജീവിതം തുടങ്ങാൻ തന്നെ അവൾ തീരുമാനിച്ചു.
ഒരു ദിവസം പുതിയ അക്കൗണ്ട് തുറക്കാൻ വന്ന ക്ഷീണിച്ചനായ യുവാവിനെ അവൾ കണ്ടു.
‘സുധീർ’. തന്നെ തേടിപ്പിടിച്ചു വന്നതാണെന്ന് മായക്ക് മനസ്സിലായി. അവളെ കണ്ടതും അവൻ തല താഴ്ത്തി.
“സുഖമാണോ?” അവൻ തളർന്ന ശബ്ദത്തിൽ ചോദിച്ചു.
” നന്നായിരിക്കുന്നു. ”
“എന്നോട് ക്ഷമിക്കുമോ?” സുധീർ കെഞ്ചി. മായ കുറച്ച് നിമിഷം അവനെ നോക്കി ശേഷം ശാന്തയായി പറഞ്ഞു.
“ക്ഷമിക്കാം.. ക്ഷമിക്കാതിരുന്നാൽ ആ ഭാരം ഞാൻ തന്നെയാണ് ചുമക്കേണ്ടത്.” സുധീറിന്റെ കണ്ണിൽ പ്രതീക്ഷ തെളിഞ്ഞു.
“അപ്പോൾ നമുക്ക് വീണ്ടും…” മായ അവന്റെ വാക്ക് പൂർത്തിയാക്കാൻ അനുവദിച്ചില്ല.
“ക്ഷമിക്കുന്നതും മറക്കുന്നതും രണ്ടും രണ്ടാണ്. ക്ഷമിച്ചെന്നു കരുതി എന്നോട് കാണിച്ച വഞ്ചന ഒന്നും ഞാൻ മറക്കുമെന്ന് അർത്ഥമില്ല. എനിക്ക് നിങ്ങളോട് യാതൊരുവിധ പകയോ വിധ്വേഷമോ ഇല്ല.. പക്ഷേ എന്റെ ആത്മാഭിമാനം നഷ്ടപ്പെടുത്തിയ ഒരിടത്തേക്ക് ഒരിക്കലും ഞാൻ ഇനി മടങ്ങില്ല..” അവൾ എഴുന്നേറ്റു.
“സാർ നിങ്ങളുടെ അക്കൗണ്ട് തുറക്കാനുള്ള രേഖകൾ റെഡിയാണ്.” അതൊരു ബാങ്ക് മാനേജറുടെ ഔദ്യോഗിക വാക്കുകളായിരുന്നു ഭാര്യയുടേത് ആയിരുന്നില്ല.
ചില തെറ്റുകൾക്ക് മാപ്പ് കിട്ടിയേക്കും പക്ഷേ ഒരിക്കൽ വിശ്വാസം നഷ്ടമായാൽ അത് പിന്നെ ഒരിക്കലും തിരിച്ചുപിടിക്കാൻ കഴിയില്ലെന്ന് അവൻ തിരിച്ചറിഞ്ഞു. പ്രതീക്ഷ നഷ്ടപ്പെട്ടു പുറത്തേക്ക് നടക്കുമ്പോൾ മായ ജനാലയിലൂടെ പുറത്തേക്കു നോക്കി ചെറുതായി പുഞ്ചിരിച്ചു.
✍️അംബിക ശിവശങ്കരൻ.
