ഭാര്യയേയും മക്കളെയും അറിയിക്കാതെയാണ് ഇത്തവണ ഞാൻ ഗൾഫിൽ നിന്നും നാട്ടിലേക്ക് ചെല്ലുന്നത്.പഴയത് പോലെ വീട്ടുകാരെയും…

ഭാര്യയേയും മക്കളെയും അറിയിക്കാതെയാണ് ഇത്തവണ ഞാൻ ഗൾഫിൽ നിന്നും നാട്ടിലേക്ക് ചെല്ലുന്നത്.പഴയത് പോലെ വീട്ടുകാരെയും ബന്ധുക്കളെയും സന്തോഷിപ്പിക്കാനുള്ള വില കൂടിയ അത്തറുകളോ, ബദാമോ, മിട്ടായികളോ ഒന്നും തന്നെ കൊണ്ടുപോകാനായി ഞാൻ പാക്ക് ചെയ്തു വെച്ച പെട്ടിയിൽ ഉണ്ടായിരുന്നില്ല.

എന്നന്നേക്കുമായി പ്രവാസം നിർത്തി പോകുന്നത് കൊണ്ട് വീട്ടിലേക്ക് വേണ്ട കുറച്ചത്യാവശ്യ സാധനങ്ങൾ മാത്രം കരുതി. പഴയ പോലുള്ള ആരോഗ്യമിപ്പോൾ ഇല്ലാതയായിട്ടുണ്ട് ഇടയ്ക്കിടെ വരുന്ന നെഞ്ച് വേദനയും ശാരീരിക അസ്വസ്ഥതകളും ചെറുതായൊന്നുമല്ല മനസ്സിനെ അലട്ടുന്നത്.

അങ്ങനെ ദിവസങ്ങൾക്ക് ശേഷം ഞാൻ നാട്ടിലേക്ക് ഫ്ലൈറ്റ് കയറി.ആരോടും പറയാതെ ചെല്ലുന്നതിനാൽ തന്നെ എയർപോർട്ടിൽ പഴയപോലുള്ള സ്വീകരണമൊന്നും ഉണ്ടായില്ല.മക്കളെയും ഭാര്യയെയും കാണാനുള്ള അതിയായ ആഗ്രഹം വീടിനടുത്തുള്ള ഇടവഴി എത്തുമ്പോഴേക്കും ഇരട്ടിച്ചുകൊണ്ടിരുന്നു.

ഒടുക്കം വീട്ടിലെത്തി കാളിങ് ബെൽ അടിക്കുമ്പോൾ പ്രതീക്ഷിച്ച പോലെ തന്നെ ഭാര്യയാണ് വാതിൽ തുറന്നത്.

അയ്യോ!നിങ്ങളോ,ഇതെന്താ പതിവില്ലാതെ വിളിക്കാതെ വന്നത്?
അവൾ അത്ഭുതത്തോടെ എന്നെ നോക്കി.

നിങ്ങൾക്കൊക്കെ ഒരു സർപ്രൈസ് ആയിക്കോട്ടെ എന്ന് ഞാൻ കരുതി.

ആഹാ നല്ല ആളാ,അവിടെ തന്നെ നിക്കാതെ കയറി അകത്തേക്ക് വാ.

ഞാൻ നിങ്ങൾക്ക് കഴിക്കാൻ എന്തേലും ഉണ്ടാക്കട്ടെ?….

ഓ!ഒന്നും വേണ്ടടി, പോരുന്ന വഴിക്ക് ഞാൻ ഒരു കാലിച്ചായ കുടിച്ചാരുന്നു,അത് മതി,വല്ലാത്ത ക്ഷീണം, എനിക്കൊന്നു കിടക്കണം ഭക്ഷണമൊക്കെ ഇനി നാളെയാവാം.മക്കളൊക്കെ ഉറങ്ങിയോടീ?

ആ,പിന്നെ ഇത്രേം നേരമായില്ലേ അവരുറങ്ങാതെ ഇരിക്കോ?

എന്തായാലും നിങ്ങളു പോയൊന്നു കുളിച്ചിട്ടു കിടന്നുറങ്ങിയാ മതി, ഇത്രേം ദൂരം യാത്ര ചെയ്ത് വന്നതല്ലേ…

Mമ് ആവാം..ഞാൻ അവളുടെ നേരെ നോക്കിയൊന്നു ചിരിച്ച ശേഷം കുളിക്കാനായി പോയി.

കുളിയൊക്കെ കഴിഞ്ഞു കട്ടിലിൽ വന്നു കിടന്നതേ എനിക്കോർമ്മയുള്ളൂ പിന്നീട് രാവിലേ ഭാര്യ വന്നു തട്ടി വിളിക്കുമ്പോളാണ് ഞാൻ ഉണരുന്നത്. കണ്ണു തുറക്കുമ്പോൾ മൂത്ത മകൻ എന്റെ നേരെ തന്നെ നോക്കി ചിരിച്ചോണ്ട് നിൽക്കുന്നുണ്ട്.

ഞാൻ അവന്റെ നേരെ നോക്കിയൊന്നു ചിരിച്ചു.ഞാനിനി തിരിച്ചു പോകുന്നില്ല എന്ന് പറയുമ്പോൾ അവന്റെ മറുപടി എന്താകുമെന്നോർത്തെനിക്ക് നല്ല പേടി തോന്നി.

അച്ഛാ എനിക്കിന്നൊരു ഇന്റർവ്യൂ ഉണ്ട്‌. അച്ഛനെന്നെ അനുഗ്രഹിക്കണം.അവൻ എന്റെ കാലിൽ കൈ കൊണ്ട് സ്പർശിച്ചു.

അച്ഛന്റെ അനുഗ്രഹം എപ്പഴും കൂടെ ഉണ്ടല്ലോ മോനെ.നീ പോയിട്ട് വാ.

അവനെന്നോട് യാത്ര പറഞ്ഞ ശേഷം പുറത്തേക്ക് പോയി.

ഞാൻ പല്ല് തേച്ച ശേഷം ഉമ്മറത്തു വന്നിരുന്നു.അൽപ സമയം കഴിഞ്ഞപ്പോൾ ഭാര്യ എനിക്കുള്ള ചായയും പത്രവുമായി വന്നു.

അവളെന്നോട് വാ തോരാതെ സംസാരിച്ചുകൊണ്ടിരുന്നു.തിരിച്ചു പോകുന്നില്ല എന്ന് ഞാൻ പറയുമ്പോൾ ഈ സംസാരമൊക്കെ നിക്കുമെന്നോർത്ത് ഞാൻ ഭയപ്പെട്ടു.റൂമിൽ കൂടെയുണ്ടായിരുന്ന ഒരു സുഹൃത്ത് പ്രവാസം നിർത്തി വയസ്സ് കാലത്ത് നാട്ടിലേക്ക് വന്ന ശേഷം അത്ര നല്ല സ്വീകരണം ആയിരുന്നില്ല വീട്ടിൽ കിട്ടിയത്.പാവം,അയാളിപ്പോ വൃദ്ധസദനത്തിലാണ്.തന്റെ ഗതി ഇനി എന്താകുമെന്ന് കണ്ടറിയാം.

നിങ്ങളെന്താ ഏട്ടാ,ഇരുന്നീ ആലോചിക്കുന്നത്. വേഗം ആ ചായ കുടിച്ചിട്ടകത്തേക്ക് വാ ഞാൻ നിങ്ങൾക്കിഷ്ടമുള്ള അപ്പവും മുട്ടക്കറിയും ഉണ്ടാക്കിയിട്ടുണ്ട്.

ഞാൻ അകത്തേക്ക് ചെന്ന ശേഷം അവളുടെ കൈ കൊണ്ടുണ്ടാക്കിയ ഭക്ഷണം ആസ്വദിച്ചു കഴിച്ചു.ഒന്ന് രണ്ടാഴ്ച അങ്ങനെ സന്തോഷകരമായി കടന്നു പോയി.ഭാര്യയോടും മക്കളോടും ഇനി ഞാൻ തിരിച്ചു പോകുന്നില്ല എന്ന് എങ്ങനെ പറയുമെന്നോർത്തു ഞാൻ വേവലാതിപ്പെട്ടുകൊണ്ടിരുന്നു അതിനിടയിൽ ഭാര്യയും മക്കളും ഞാൻ കാണാതെ അടുക്കള വശത്തും വരാന്തയിലും നിന്ന് കുശു കുശുക്കുന്നതും കാണാനിടയായി.

ഇനിയിവർ ഞാൻ നിർത്തി പോന്നതാണെന്നറിഞ്ഞു കാണുമോ?എന്നെ കൊണ്ടുപോയി വൃദ്ധ സദനത്തിൽ ആക്കുന്നതിനെ പറ്റിയാകുമോ അവർ ചർച്ച ചെയ്യുന്നത്.ദൈവമേ എന്നെ പരീക്ഷിക്കരുതേ.

എന്റെ ചിന്തകൾ കാട് കയറി.

ഒടുക്കം കാര്യമെന്താണെന്നു ഞാനവരോട് ചോദിക്കാൻ തന്നെ തീരുമാനിച്ചു.

എന്താ എല്ലാരും കൂടി ചർച്ച ചെയ്യുന്നത്?

ഉള്ളിൽ പേടിയുണ്ടായിരുന്നെങ്കിലും ഞാനല്പം ഗൗരവത്തോട് കൂടി തന്നെ ചോദിച്ചു.

അമ്മ തന്നെ അച്ഛനോട് പറയു, മൂത്ത മകൻ എന്റെ ഭാര്യയെ നോക്കിയ ശേഷം പറഞ്ഞു.

അതേയ് നമ്മടെ മോന് സൗത്ത് ഇന്ത്യൻ ബാങ്കിൽ ഒരു ജോലി ശരിയായി ഏട്ടാ..

ആഹാ! നല്ല കാര്യം.ഇതിനാണോ എല്ലാരും കൂടി മാറി നിന്ന് സ്വകാര്യം പറഞ്ഞത്.

അതല്ല ഏട്ടാ,അത് പിന്നെ…..

എന്താടി, നീ വളച്ചു കെട്ടില്ലാതെ കാര്യം പറ. എന്റെ നെഞ്ച് പടപടേന്ന് മിടിച്ചു കൊണ്ടിരുന്നു.

നിങ്ങള് കുറെയായില്ലേ ഗൾഫിൽ കിടന്നു കഷ്ടപ്പെടുന്നു.നമുക്ക് വീടായി, കാറ്‌ മേടിച്ചു,മക്കളുടെ പഠിപ്പു കഴിഞ്ഞു മൂത്തവന് ദേയിപ്പോ ജോലിയായി,വീടിന്റെ ബാക്കിയുള്ള ലോണവൻ അടച്ചോളാം എന്നാണ് പറയുന്നത്.

നീയെന്തൊക്കെയാ ഈ പറയുന്നത്?

മനുഷ്യാ,നിങ്ങളിനി അങ്ങോട്ട് തിരിച്ചു വരുന്നില്ല എന്ന് നിങ്ങടെ അറബിയെ വിളിച്ചൊന്നു പറ.ആയുസ്സിന്റെ നല്ലൊരു ശതമാനവും നിങ്ങളവിടെ കിടന്നു കഷ്ടപ്പെട്ടില്ലേ, ഇനി മതിയെന്നാണ് നിങ്ങടെ മക്കൾ പറയുന്നത്.

ഞാൻ മക്കളുടെ നേരെ നോക്കി.

ഇനി പോകണ്ടച്ചാ,വീട്ടുകാര്യമൊക്കെ ഇനി ഞങ്ങളു നോക്കിക്കോളാം.വയസ്സ് കാലത്തച്ഛനവിടെ കിടന്നു കഷ്ടപ്പെടണ്ട.അച്ഛനിനി വേണ്ടത് വിശ്രമമാണ്.ഇത്രേം നാളും ഞങ്ങൾക്ക് വേണ്ടി കഷ്ടപ്പെട്ടില്ലേ, ഇനി മതി.

വീട്ടിലിരിക്കാൻ അച്ഛന് ബുദ്ധിമുട്ടാണെങ്കിൽ നമുക്കിവിടെ ഉമ്മറത്തൊരു ചെറിയ പെട്ടിക്കടയിടാം. അമ്മ അച്ഛനയച്ച കാശിൽ നിന്നും മിച്ചം വെച്ചു ഫിക്സഡ് ഡെപ്പോസിറ്റ് ഇട്ടിട്ടുണ്ട് ആവശ്യം വന്നാൽ നമുക്കതെടുക്കാം.മീശ പോലും മുളയ്ക്കാത്ത ഇളയമകൻ എന്റെ നേരെ നോക്കി ലേശം ഗൗരവത്തോടെ പറഞ്ഞു.

മക്കളൊക്കെ തന്നോളം വലുതായിരിക്കുന്നു, തീരുമാനം എടുക്കാൻ പ്രാപ്തരായിരിക്കുന്നു.ഞാൻ ഭാര്യയുടെയും മക്കളുടെയും നേരെ നിറ കണ്ണുകളോടെ നോക്കി. ഇനിയെനിക്ക് മരിച്ചാലും വേണ്ടില്ലയെന്ന് ഞാൻ മനസ്സിൽ പറഞ്ഞു. വീട്ടുകാർ ഇറക്കി വിടുമെന്ന് ഭയപ്പെട്ടിരുന്ന എനിക്ക്‌ വിപരീതമായ ഫലമാണ് കിട്ടിയിരിക്കുന്നത് .

ഞാൻ കുറച്ചു നേരം അവിടെ തന്നെ മിണ്ടാതെ നിന്നു.വാക്കുകൾ തൊണ്ടയിൽ കുരുങ്ങി.കണ്ണുകളിൽ നിന്നു ചൂടുള്ള എന്തോ കവിഞ്ഞിറങ്ങുന്നത് ഞാൻ മറയ്ക്കാൻ ശ്രമിച്ചെങ്കിലും എനിക്കതിനു സാധിച്ചില്ല.

ഭാര്യ പതുക്കെ അടുത്തേക്ക് വന്ന ശേഷം എന്റെ കൈകൾ ചേർത്ത് പിടിച്ചു.

“നിങ്ങളിനി എങ്ങോട്ടും പോകുന്നില്ലന്നെ,ഉള്ളത് കൊണ്ട് സന്തോഷമായി നമുക്കിവിടെ കഴിയാം.നിങ്ങളില്ലാത്ത ഈ വീടൊരു വീടാണോ ഏട്ടാ.എല്ലാ സൗകര്യവും ഞങ്ങൾക്ക് മാത്രം തന്നിട്ട് നിങ്ങളിനിയും കഷ്ടപ്പെടാൻ പോകുന്നത് കാണാൻ വയ്യെനിക്ക്.

ആ വാക്കുകളെന്റെ നെഞ്ചിൽ തട്ടി.
ഗൾഫിലെ ചൂടുള്ള മുറികളും
ഒറ്റക്കിരുന്ന രാത്രികളും
ആരോടും പറയാതെ ഉള്ളിൽ ഒതുക്കിയ വേദനകളും ഒരൊറ്റ നിമിഷം കൊണ്ട് കണ്ണീരായി പുറത്തേക്കൊഴുകി.

മൂത്ത മകൻ എന്റെ മുന്നിലേക്ക് കടന്നു വന്ന ശേഷം പറഞ്ഞു,

അച്ഛൻ ഞങ്ങൾക്ക് എല്ലാമായിരുന്നു.ഇത്രയും നാൾ അച്ഛൻ ഞങ്ങൾക്ക് വേണ്ടി ജീവിച്ചില്ലേ
ഇനി അച്ഛന് വേണ്ടി ജീവിക്കാൻ ഞങ്ങൾക്കൊരവസരം തരണം.

അവന്റെ വാക്കുകൾ കേട്ടപ്പോൾ,ജീവിതത്തിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നാണ് മകന്റെ രൂപത്തിൽ എനിക്ക് മുന്നിൽ നിൽക്കുന്നതെന്നെനിക്ക് തോന്നി.

വലിയ വീടോ, കാറോ, കുറെ പണമോ അല്ല,
ഇങ്ങനെ ചിന്തിക്കാൻ കഴിയുന്ന മക്കളെ വളർത്തിയതാണ് എന്റെ വിജയം.അതിനവരെ പ്രാപ്തരാക്കിയ അവരുടെ അമ്മയെ ഞാൻ നന്ദിയോടെ നോക്കി.ആ നിമിഷം ഞാൻ അനുഭവിച്ച സമാധാനവും സന്തോഷവും അറബി നാട്ടിലെ ഒരു ശമ്പളത്തിനും ഇന്നേവരെ എനിക്ക് തരാൻ കഴിഞ്ഞിട്ടില്ല.

ഇനിയെന്റെ ദിവസങ്ങൾ
വിമാന ടിക്കറ്റുകളുടെ തീയതികളല്ല മറിച്ച്
മക്കളുടെ നേട്ടങ്ങളും
ഭാര്യയുടെ പുഞ്ചിരിയും
സന്ധ്യകളിലെ സൂര്യാസ്തമയവുമാണ് എണ്ണുക.

നെഞ്ച് വേദനയില്ലാതെ, ആവലാതികളില്ലാതെ അന്ന് രാത്രി ഞാൻ സമാധാനമായുറങ്ങി.

NB:രചന ഇഷ്ടമായെങ്കിൽ എന്തേലും രണ്ടു വരി കുറിച്ചിട്ടു പോണേ, വേറൊന്നിനും അല്ല എന്റെ ഒരു സന്തോഷത്തിന്

കഥ:തുടക്കം
രചന : അച്ചു വിപിൻ

Leave a Reply

Your email address will not be published. Required fields are marked *