” രാവിലെ നേരം വെളുത്തമ്പോൾ ഓഫീസിൽ തിരക്കുണ്ട് അർജന്റായ് തീർത്തു കൊടുക്കേണ്ട വർക്കുണ്ടെന്ന് പറഞ്ഞിറങ്ങി പോയിട്ട് ഈ
പാതിരാത്രി പന്ത്രണ്ടു മണിക്കാണോ കുട്ടാ നീ വീട്ടിൽ തിരിച്ചു കയറുന്നത്…..?
ഇതിനു മാത്രം തിരക്കായിരുന്നോ നിനക്കിന്ന് ഓഫീസിൽ….?
രാത്രി പന്ത്രണ്ടു മണി കഴിഞ്ഞ് കുട്ടൻ
എന്നമ്മ വിളിയ്ക്കുന്ന കിഷോർ ഓഫീസ് കഴിഞ്ഞു വീട്ടിലെത്തിയതും അവനെ കാത്ത് ഉറങ്ങാതെ ഇരുന്നിരുന്ന അമ്മയുടെ ചോദ്യം അവനെ തേടിയത്തി…
“അമ്മ…. അമ്മ എപ്പോഴെത്തി നാട്ടീന്ന്….?
ഈ നേരംവരെ അമ്മ കിടന്നില്ലായിരുന്നോ….?
ആസമയം അമ്മയെ അവിടെ ഒട്ടും പ്രതീക്ഷിക്കാതിരുന്നവനിൽ അതു ചോദിയ്ക്കുമ്പോഴൊരു ഞെട്ടലും പരിഭ്രമവും ഉണ്ടായത് വ്യക്തമായ് തിരിച്ചറിഞ്ഞു അമ്മയെങ്കിലും അങ്ങനെയൊന്നവർ കണ്ടതായ് ഭാവിച്ചതേയില്ല….
“ഞാൻ നാട്ടീന്ന് രാവിലെ പോന്നൂ… ഉച്ചയ്ക്കെത്തി ഇവിടെ… വന്നപ്പോഴാ മോള് പറഞ്ഞത് നീ അർജന്റ്വർക്കായിട്ട് രാവിലെപോയെന്ന്… രാത്രി കുറെനേരം നോക്കിയിരുന്നു ഞാൻ നിന്നെ.. അങ്ങനെ തന്നെ ഉറങ്ങി പോയെടാ.., ഇപ്പോ പിന്നെ ഒരു ഉറക്കം കഴിഞ്ഞ് ഉറങ്ങിയെണീറ്റതാണ്, അതും മോൻ കരഞ്ഞപ്പോൾ… അന്നേരമാണ് നീ ഓഫീസിൽ നിന്ന് ഇത്ര നേരായിട്ടും വന്നിട്ടില്ലെന്ന് പെൺകൊച്ചു പറയുന്നത്… നീ എന്നും ഇത്രയൊക്കെ വൈകാറുണ്ടോ കുട്ടാ…?
സാധാരണ ഒരു കുശലാന്വോഷണം പോലെയാണ് അമ്മയുടെ ആ ചോദ്യങ്ങളൊക്കെയെങ്കിലും അതിനു മറുപടികൾ നൽകുമ്പോൾ അമ്മയുടെ മുഖത്തേക്ക് നോക്കിയില്ല കിഷോർ
“നീ വല്ലതും കഴിച്ചായിരുന്നോ…?
തനിയ്ക്ക് മുമ്പിൽ നിന്ന് രക്ഷപെടാനുള്ള വ്യഗ്രതയോടെ വേഗം മുറിയിലേക്ക് നടക്കുന്നവനോട് പിന്നിൽ നിന്നവർ വിളിച്ചു ചോദിച്ചതും തിരിഞ്ഞു നോക്കാതെ മൂളിയവൻ
ഓടിയൊളിക്കും പോലെ അമ്മയിൽ നിന്ന് രക്ഷപ്പെട്ട് മുറിയിൽ എത്തിയവൻ ശൂന്യമായ കിടപ്പുമുറിയും കട്ടിലും കണ്ടൊന്ന് അമ്പരന്നു ആദ്യമെങ്കിലും അമൃതയും മോനും അമ്മയ്ക്കൊപ്പം അമ്മയുടെ മുറിയിലാവുമെന്ന ചിന്തയിൽ ദീർഘമായൊന്ന് നിശ്വസിച്ച് കിടക്കയിലേക്ക് മലർന്നു വീണു കിടന്ന് ദീർഘശ്വാസമയച്ചു…
ആ കിടപ്പിലാണ് തനിയ്ക്കും തന്റെ ശരീരത്തിലെ വിയർപ്പിനും മറ്റൊരുവളുടെ ഗന്ധം കൂടിയുണ്ടെന്നവൻ തിരിച്ചറിഞ്ഞത്…
ആ മുറിയിലും കിടക്കയിലുമെല്ലാം നിറഞ്ഞു നിൽക്കുന്ന അമൃതയുടെ ഗന്ധത്തെ വെല്ലുന്ന വിദേശ പെർഫ്യൂമിന്റെ മനം മയക്കുന്ന വശ്യഗന്ധം
ലിൻഡയുടെഗന്ധം….
കണ്ണടച്ച് ആ ഗന്ധം ഉള്ളിലേക്ക് ഒന്നു കൂടി ആഞ്ഞു ശ്വസിച്ചെടുത്തവനെങ്കിലും അമൃത എങ്ങാനും ഇപ്പോൾ മുറിയിലേക്ക് വന്നാൽ എന്നൊരു ചിന്ത ഉള്ളിലേക്ക് വന്നതും വേഗത്തിൽ ബെഡിൽ നിന്നെഴുന്നേറ്റ് ബാത്തുറൂമിലേക്ക്
നടന്നവൻ നഗരത്തിലെ പ്രശസ്തമായ ഐ ടി കമ്പനിയിലാണ് കിഷോർ വർക്ക് ചെയ്യുന്നത്..,.. കിഷോറിന്റ ചെറുപ്പത്തിലെ അവന്റെ അച്ഛൻ അവനെയും അമ്മയേയും ഉപേക്ഷിച്ച് മറ്റൊരു സ്ത്രീയ്ക്കൊപ്പം താമസം തുടങ്ങിയതിനാൽ അമ്മയാണവനെ വളർത്തിയതും പഠിപ്പിച്ചതുമെല്ലാം…
വിവാഹപ്രായമെത്തിയപ്പോൾ അവനുചേരുന്ന അവനിഷ്ടപ്പെട്ട അമൃതയെ അവനായികണ്ടെതിയതും അവരുടെവിവാഹം നടത്തി കൊടുത്തതുമെല്ലാം അമ്മയാണ്… സാധു പെൺകുട്ടിയാണ് അമൃത…വയസ്സായ മാതാപിതാക്കളാണ് അവൾക്ക്…
വിവാഹം കഴിഞ്ഞ് അധികം കഴിയും മുമ്പാണ് കിഷോറിന് ഇവിടെ ഓഫീസിലേക്ക് മാറ്റംകിട്ടിയതും അമൃതയുമായവൻ ഇങ്ങോട്ടു പോന്നെങ്കിലും അവർക്കൊപ്പം അമ്മവന്നില്ല…. പിന്നീട് മോനുണ്ടായ ശേഷം ഇടയ്ക്കെല്ലാം ഇതു പോലെ വന്നു നിന്നു പോകും അമ്മ
അതിനിടയിലാണ് കിഷോറിന്റെ ഓഫീസിലേക്ക് ലിൻഡ ജോലിയ്ക്കെത്തു ന്നത്….ഒന്നിച്ചു കോളേജിൽ പഠിച്ചവരാണവർ…. സുഹ്യത്തുക്കൾ… ലിൻഡയുടെ വിവാഹവും കഴിഞ്ഞതാണ്.. ഭർത്താവ് വിദേശത്താണ്..രണ്ടു പെൺക്കുട്ടികളുണ്ടവർക്ക്….
ലിൻഡയുമായുള്ള കിഷോറിന്റെ സൗഹ്യദത്തിന്റെ നിറം മാറി തുടങ്ങിയത് എന്നാണെന്ന് അവനും വ്യക്തതയില്ലെങ്കിലും അതിന് മുൻ കൈ എടുത്തത് ലിൻഡയാണ്….ആദ്യമെല്ലാം കൊച്ചു കൊച്ചു തമാശകളും ചെറിയ നേരം പോക്കുകളുമായ് തുടങ്ങിയ ആ ബന്ധം അതിന്റെ എല്ലാ അതിർവരമ്പും ലംഘിച്ചു മുന്നേറിയത് ഇന്നാണ്….
ലിൻഡയുടെ മക്കൾ സ്ക്കൂളിൽ നിന്ന് ടൂർ പോയ ദിവസമാണിന്ന്… രാവിലെ തന്നെ കിഷോറിനെ വീട്ടിലേക്ക് ക്ഷണിച്ചു ലിൻഡ… ഇന്നത്തെ ഈയൊരു പകലും രാത്രി ഈ നേരം വരെയും അവൾക്കൊപ്പമായിരുന്നു അവൻ.. രതിയുടെ കാണാ തീരങ്ങൾ തേടിയുളള യാത്രയിൽ സ്വന്തം കുടുംബത്തെയും ജീവിതത്തിന്റെ പാതി ആയവരെയുമെല്ലാം മറന്നു കൊണ്ടുള്ള സംഗമങ്ങളിലായിരുന്നു…
ഇന്നത്തെ ഈയൊരു ദിവസം തനിയ്ക്ക് തന്ന മധുരനിറയ്ക്കും ഓർമ്മകളിൽ മുഴുകി ആ രാത്രി സ്വസ്ഥമായ് കിടന്നുറങ്ങി കിഷോർ…. ഉറക്കം നഷ്ടപ്പെട്ടചിലർ തന്നെയോർത്ത് ആവീട്ടിൽ തന്നെ ഉണ്ടെന്നറിയാതെ…
തലേ ദിവസത്തെ ക്ഷീണവും വൈകിയുള്ള കിടപ്പും കാരണം പിറ്റേന്ന് പത്തു മണി കഴിഞ്ഞു കിഷോർ എഴുന്നേൽക്കാൻ
ഇത്രയും സമയമൊന്നും എത്ര അവധിയാണെങ്കിലും കിടന്നുറങ്ങാൻ പറ്റാറില്ല.. അതിനു സമ്മതിക്കില്ല.മോൻ… ഉറങ്ങുന്ന തന്നെ കണ്ടാൽ കരഞ്ഞും ബഹളം വെച്ചും അടിച്ചുമെല്ലാം എഴുന്നേല്പിയ്ക്കും അവൻ…. ഇന്ന് പിന്നെന്തു പറ്റി..?
യാതൊരു ഒച്ചയും കേൾക്കുന്നില്ലല്ലോ അവന്റെ…അവന്റെ മാത്രമല്ല അമൃതയുടെയും…
ചിന്ത അത്രത്തോളം എത്തിയതും ആകെ അസ്വസ്ഥനായ് കിഷോർ….തന്നെ മാത്രം ജീവനിൽ കൊണ്ടു നടക്കുന്നൊരുവളെ താനിന്നലെ ഒരു ദിവസം ഓർത്തില്ലെന്നു മാത്രമല്ല അവളെ വഞ്ചിക്കുക കൂടി ചെയ്തെന്ന ചിന്ത അപ്പോൾ മാത്രമാണവന്റെ ഉള്ളിലുണ്ടായത്….
ഉളളിലൊരു കുറ്റബോധം നുരഞ്ഞു പൊന്തിയതും വേഗം കിടക്ക വിട്ടെഴുന്നേറ്റവൻ…
ആ നീ എഴുന്നേറ്റോ… ഞാൻ നിന്നെ വിളിക്കാൻ തുടങ്ങുവായിരുന്നു…
ഹാളിലേക്ക് കിഷോർ ചെന്നതും അവനരികിലെത്തി അമ്മ
പറയാൻ മറന്നു നിന്റെ ഓഫീസിന്ന് വിളിച്ചിരുന്നു… നീ ഇന്നലെത്തെ പോലെ ഇന്നും ലീവാണോ എന്ന് ചോദിച്ചുകൊണ്ട്…. നീ തിരിച്ചുവിളിച്ചോളുമെന്ന് പറഞ്ഞു ഞാനവരോട്….
വളരെ സാധാരണയെന്ന പോലെ പറഞ്ഞമ്മ അവിടെ നിന്ന് അടുക്കളയിലേക്ക് നടന്നതും നെഞ്ചിലൊരു കൊള്ളിയാൻ മിന്നി തരിച്ചു നിന്നു പോയ് കിഷോർ
ഓഫീസിൽ തിരക്കുണ്ടെന്ന് പറഞ്ഞ് ഇന്നലെ ഒരു ദിവസം മുഴുവൻ താനിവിടെ നിന്ന് മാറിനിന്നത് കള്ളമാണെന്ന് വ്യക്തമായ് അമ്മ മനസ്സിലാക്കിയിരിക്കുന്നു…..
നിന്നിടത്തു നിന്ന് ചലിക്കാൻ കഴിയാതെ തരിച്ചു നിന്നുപോയ് കിഷോർ
അമ്മയോട്, അമൃതയോട് ഒക്കെ ഇനിയെന്തു പറയുമെന്നവൻ ചിന്തിക്കും നേരം തന്നെ മറ്റൊരു കാര്യം കൂടി ഞെട്ടലോടെ തിരിച്ചറിഞ്ഞു…. അമൃതയും മോനും വീട്ടിലില്ല..അവരുള്ളതിന്റെ യാതൊരു ലഷണവും കാണാനില്ല അവിടെ
അമ്മേ….
വിളിയ്ക്കുമ്പോൾ വിറച്ചിരുന്നു അവന്റെ ശബ്ദം..
“എന്താടാ… ചായ വേണാ…..?
പതിവ്നോട്ടവും ചോദ്യവും ആണ് അമ്മയിൽ
“അമ്യതയും മോനും എവിടെ അമ്മേ …?
അമ്മയുടെ നേരെ നോക്കാതെ അമൃതയെ അവിടെയാകെ കണ്ണോടിച്ച് തിരഞ്ഞവൻ ചോദിയ്ക്കും നേരം ചോദ്യഭാവത്തിലവന്റെ മുന്നിൽ വന്നു നിന്നു അമ്മ
“നീ ആരെ പറ്റിയാണെടാ ചോദിയ്ക്കുന്നത്… മനസ്സിലായില്ല എനിയ്ക്….?
അമ്മയുടെ സംസാരത്തിലും ഭാവത്തിലും
ഒരു ഭയം ഇരച്ചു കിഷോറിലെങ്കിലും അമ്മയെ നോക്കി അവൻ
“അമ്മേ എന്റെ ഭാര്യ അമ്യതയും ഞങ്ങളുടെ മോൻ അഭിയുംഎവിടെ എന്നാണ് ഞാ…..”
പറഞ്ഞു മുഴുവനാക്കിയില്ല കിഷോർ അതിനു മുമ്പേ അമ്മയുടെ കൈകൾ അവന്റെ മുഖം അടച്ച് ശക്തിയിൽ വീണു കഴിഞ്ഞിരുന്നു..
“കണ്ട പെണ്ണുങ്ങളുടെ കൂടെ പകലെന്നോ രാത്രിയെന്നാ വ്യത്യാസമില്ലാതെ ശരീരം പങ്കു വെച്ച് ജീവിയ്ക്കുന്ന നിനക്കൊരു ഭാര്യയോ.,..?
അമ്മയുടെ സംസാരത്തിൽ അടി കിട്ടിയതു പോലും മറന്ന് ഞെട്ടി പകച്ചവരെ മിഴിച്ചു നോക്കി കിഷോർ
ലിൻഡയ്ക്കൊപ്പം താൻ കഴിഞ്ഞത് അമ്മ അറിഞ്ഞെന്നവന് ബോധ്യമായ്… അമ്മ അതറിയണമെങ്കിൽ അമ്മയെക്കാൾ മുമ്പേ അത് അമൃത അറിഞ്ഞിരിയ്ക്കും എന്ന അറിവ് തളർത്തിയവനെ…
“താലികെട്ടിയപുരുഷന്റെ ചെറു ചലനം പോലും മനസ്സിലാവും അവനെ മാത്രമോർത്തു ജീവിയ്ക്കുന്നൊരുവൾക്ക്… അമൃതഅങ്ങനെ ഒരുവളാണ്…”
” നിന്റെ മനസ്സിൽ മറ്റൊരുവളുണ്ടെന്ന് ആദ്യം അറിഞ്ഞവളാണ്അവൾ… നിന്റെ അച്ഛന്റെ അതേ ചോര ഗുണമുള്ള നിനക്ക് അച്ഛന്റെ സ്വഭാവും പാതയും പിൻതുടരാൻ ആണ് ഇഷ്ടമെങ്കിൽ അമൃതയ്ക്കിഷ്ടം ഞാനാവാണ്…മറ്റൊരുവൾക്ക് കൂടി ശരീരം പങ്കിട്ടുകൊടുത്ത പുരുഷൻ ഭർത്താവായ് അവൾകും അച്ഛനായ് അവളുടെ മോനും വേണ്ടെന്ന് തീരുമാനിച്ചതും നിന്റെ ജീവിതത്തിൽ നിന്ന് ഇറങ്ങി നടന്നതും അവളാണ്… ഇനിയെത്ര നീ ആഗ്രഹിച്ചാലും അവളാഗ്രഹിക്കാതെ അവളിനി മടങ്ങില്ല നിന്റെ ജീവിതത്തിലേക്ക്..അതിനവൾക്കു വേണ്ട സപ്പോർട്ടും കരുതലും കൊടുക്കാനും അവളാഗ്രഹിച്ചാൽ അവൾക്ക് മറ്റൊരുജീവിതം ഉണ്ടാക്കി കൊടുക്കാനും അവൾക്കമ്മയായിട്ട് ഞാനുണ്ടാവും എന്റെ മരണംവരെ..കാരണം എന്റെ അതേ വിധി നാളെ അവൾക്കും വരരുത് എന്നുണ്ടെനിക്ക്….”
കിഷോറിന്റെ മറുപടിക്ക് കാത്തു നിൽക്കാതെ തനിയ്ക്ക് പറയാനുള്ളതെല്ലാം പറഞ്ഞ് അമ്മയും ആ വീട്ടിൽ നിന്നിറങ്ങിയതും തിരുത്താൻ പറ്റാത്ത തെറ്റിന്റെ ഭാരവും പേറി ഒറ്റപ്പെട്ടാ വീട്ടിൽ ഉത്തരമറിയാ ചോദ്യങ്ങളുമായ് നിന്നു കിഷോർ ഏറെ നേരമെങ്കിലും പെട്ടന്ന് ഡ്രസ് മാറി അമൃതയേയും മോനെയും എങ്ങനെ എങ്കിലും മടക്കി കൊണ്ടു വരണമെന്ന വാശിയിൽ വീട്ടിൽ നിന്നിറങ്ങിയതും അവൻ്റെ ഫോണിലേക്ക് ലിൻഡയുടെ കോളെത്തി…
വാട്സാപ്പ് നോക്കെടാ…
കരഞ്ഞു തൊണ്ടയിടറി ലിൻഡ പറഞ്ഞതും കാര്യമറിയാതെ വാട്സാപ്പ് തുറന്ന കിഷോർ അനങ്ങാൻ പോലും സാധിക്കാതെ തരിച്ചു നിന്നു പോയവിടെ…
കഴിഞ്ഞ ദിവസത്തെ തൻ്റെയും ലിൻഡയുടെയും വീഡിയോ
“അച്ചായൻ കിടപ്പുമുറിയിൽ ക്യാമറ വെച്ചിരുന്നത് ഞാനറിഞ്ഞില്ലെടാ…എന്നെ ഇറക്കി വിട്ടു വീട്ടിൽ നിന്ന് എന്ന ലിൻഡയുടെ നിലവിളി ഉയരുമ്പോൾ ഒരിക്കൽ ചെയ്ത തെറ്റ് തൻ്റെ ജീവിതമൊന്നാകെ വിഴുങ്ങി കഴിഞ്ഞെന്ന ബോധ്യത്തിൽ എല്ലാം നഷ്ടപ്പെട്ടവനായ് തകർന്നവിടെ നിന്നവൻ … ഇനിയൊരു മടക്കമില്ലെന്ന ബോധ്യത്തോടെ…
✍️RJ
