അവളെയും കൊണ്ട് വീട്ടിൽ വന്നപ്പോൾ, അമ്മയെ മാറ്റി നിർത്തി എന്നെ ഉപദ്രവിക്കും പോലെ അവളെ ഒന്നും ചെയ്തേക്കരുത് എന്ന് മാത്രം ഞാൻ ചെവിയിൽ പറഞ്ഞു…

ഉള്ളത് തുറന്ന് പറയാമല്ലോ , തെങ്ങ് കയറ്റമാണ് എന്റെ ജോലി. കേൾക്കുമ്പോൾ ആളുകൾ നെറ്റി ചുളിക്കും.

ഈ കാലഘട്ടത്തിൽ നിന്നെപ്പോലൊരു ചെറുപ്പക്കാരന് പറ്റിയ പണിയാണോ അത്,
ഒന്നുമല്ലെങ്കിലും ഡിഗ്രി വരെ പഠിച്ചയാളല്ലേ, നിനക്ക് എന്തെങ്കിലും നല്ല ജോലി ചെയ്ത് ജീവിച്ചു കൂടെയെന്നൊക്കെ പലരും ചോദിച്ചിട്ടുണ്ട്.

പക്ഷെ എനിക്കീ ജോലി വളരെ ഇഷ്ടമാണ്.
അല്ലെങ്കിലും നമുക്ക് ഇഷ്ടമുള്ള ജോലി ചെയ്ത് ജീവിക്കുമ്പോഴാണ് സന്തോഷം കണ്ടെത്താനാവുന്നത്. സമൂഹം എന്ത് വിചാരിക്കുമെന്ന് കരുതി എനിക്കിഷ്ടമില്ലാത്ത ജോലിക്ക് പോകാൻ എന്നെക്കൊണ്ടാവില്ല…
പിന്നെന്തിനാണ് പഠിക്കാൻ പോയതെന്ന് ചോദിച്ചാൽ പഠിക്കാൻ എനിക്കിഷ്ട്ടമാണ് അത്രേ ഉള്ളൂ..

പിന്നെയ് , എനിക്കൊരു വഴക്കാളി തള്ളയുണ്ട്..
ദേ…ഇന്നും ചൂലിന്റ മുതുതല വച്ച് എനിക്കിട്ട് ത.ല്ലി.

നേർക്ക് നേരെ കണ്ടാൽ ഞങ്ങൾ കീരിയും പാമ്പും പോലെയാണ്.

തള്ളയുടെ വായിലിരിക്കുന്നത് കേട്ടാൽ കുളിക്കേണ്ടി വരും…

ആഹ്… ഞാൻ എന്നെ പരിചയപ്പെടുത്തിയില്ലല്ലോ, എന്റെ പേര് അനന്ദു എനിക്ക് ഇരുപത്തിനാല് വയസ്സുണ്ട്.

തന്ത കുടിച്ച്‌ കുടിച്ച് ഒടുങ്ങിയതാ.
അങ്ങേര് പോയതോടെയാണ് അമ്മയുടെ മുഖത്ത് ചിരി വിടരാൻ തുടങ്ങിയത്,
ആ വെളുത്ത ശരീരത്തിൽ നീലച്ച പാടുകൾ കാണാതായത്, കണ്ണുകളിൽ ഉരുണ്ട കൂടുന്ന നീർമുത്തുകൾ ഒളിച്ചോടിയത്…

കൂലിപ്പണിക്ക് പോകുന്ന അമ്മക്ക് ഇപ്പോൾ ഇഷ്ട്ടം പോലെ കാശുണ്ട്. എല്ലാം ബാങ്കിൽ കൊണ്ട് ഇടും. എന്നേച്ചും വീട്ടിലെ ചിലവുകൾ മുഴുവൻ എന്നെക്കൊണ്ട് ചെയ്യിപ്പിക്കും.

എനിക്കത് ഇഷ്ട്ടമാണ്. നമ്മൾ കഷ്ടപ്പെട്ടുണ്ടാക്കുന്ന പണം കൊണ്ട്
നമ്മുടെ അമ്മയേയും നോക്കി,
നമ്മുടെ കുഞ്ഞുവീട്ടിലെ കാര്യങ്ങളും നടത്തി അങ്ങനെ ജീവിക്കുന്നതിൽ ഒരു വല്ലാത്ത സുഖമാണ്.

എനിക്ക് ആവശ്യത്തിന് പണം ഉണ്ട് കേട്ടോ.. നാട്ടിലുള്ള എല്ലാവരുമായും ഞാൻ നല്ല സൗഹൃദത്തിലാണ്. അതുകൊണ്ടുതന്നെ തേങ്ങയിടാൻ എന്നെയേ എല്ലാരും വിളിക്കൂ…

നമ്മുടെ നാട്ടിലെ ആൾക്കാരൊക്കെ നമ്മുടേതല്ലേ… അവരോട് നമ്മൾ സ്നേഹമുള്ളവരായിരിക്കണം..

ഞാൻ അങ്ങോട്ട് സ്നേഹം കൊടുക്കുന്നതുകൊണ്ടായിരിക്കും എല്ലാവരും എനിക്കും ഇങ്ങോട്ട് സ്നേഹം തരാറുണ്ട്.

പണിയൊക്കെ കഴിഞ്ഞ് വീട്ടിൽ വന്ന് കുളിച്ച് ഞാൻ എന്റെ കൂട്ടുകാരോടൊപ്പം പുറത്തേക്ക് പോകും… നേരം ഇരുട്ടുന്നത് വരെ ഞങ്ങൾ മൈതാനത്ത് ഫുട്ബോൾ കളിക്കും…

ഇന്നലെ ഞാനിച്ചിരി വൈകിയാണ് വീട്ടിൽ വന്നത്, വന്നപ്പോൾ എട്ട് മണിയായി..

കയറി വന്നതും, തള്ള കൈയിലിരുന്ന പാത്രം വച്ച് എനിക്കിട്ട് ഒറ്റ ഏറാണ്… എന്റമ്മോ പുറം പൊളിഞ്ഞു…അമ്മാതിരി ഉന്നമാണ്.

തരാനുള്ളത് തന്നു കഴിഞ്ഞിട്ടേയുള്ളൂ ചോദ്യവും പറച്ചിലുമൊക്കെ.
കൃത്യം ഏഴുമണിക്ക് വീട്ടിൽ കയറി കൊള്ളണമെന്നാണ് തള്ളയുടെ ഉത്തരവ്.

ഹൊ… അടിവാങ്ങിക്കൂട്ടാനാണ്‌ എന്റെ വിധി..
എന്നാലും എനിക്കൊരു വയ്യായ്ക വന്നാൽ കണ്ണും നിറച്ച്, മോനേ കുറഞ്ഞോടാ എന്നൊക്കെ ചോദിച്ച്‌ എന്റെ അരികിൽ ഉറങ്ങാതെ കാവലിരിക്കും.

അസുഖം മാറിയാൽ വീണ്ടും പഴയ പോലെ അ.,ടിയും ഇ. ടിയും തരും…

ഒരു കാര്യം ഞാൻ പറയട്ടെ.. തളളയുടെ കൈയിൽ കൈയിൽ നിന്നും രണ്ടെണ്ണം കിട്ടിയാലേ എനിക്കും ഉറക്കം വരൂ…

എനിക്കൊരു പെണ്ണുണ്ട്. ഉമ.
പഠിക്കാൻ മണ്ടിയാ.. പ്ലസ്ടു തോറ്റ് ടൗണിലെ ടെക്സ്റ്റൈൽ ഷോപ്പിൽ സെയിൽസ് ഗേൾ ആയിട്ട് നിൽക്കുകയാണ്.

ഞങ്ങള് മുടിഞ്ഞ പ്രേമമാണ്…

അവള് നാ.യ.രും, ഞാൻ വിശ്വ.ക.ർമ്മനുമാണ്
അതുകൊണ്ട് അവളുടെ വീട്ടിൽ കല്യാണത്തിന് സമ്മതിക്കില്ല…

എന്റെ അമ്മയ്ക്ക് പിന്നെ അതൊന്നും ഒരു കുഴപ്പവുമില്ല…

ഞങ്ങളുടെ പ്രേമത്തിന്റെയാഴം മനസ്സിലാക്കിയത് കൊണ്ടാവാം അവളുടെ അച്ഛനും അമ്മയും മകളെ രജിസ്റ്റർ ചെയ്തു തരാമെന്ന് പറഞ്ഞു.
അവരുടെ കുടുംബക്കാരാരും പങ്കെടുക്കില്ല എന്നും.

അവളുടെ അച്ഛനും അമ്മയും അവളെ രജിസ്റ്റർ ഓഫീസിൽ കൊണ്ടുവന്ന് രജിസ്റ്റർ ചെയ്തു തന്നു…

അവളെയും കൊണ്ട് വരുമെന്ന് അമ്മയോട് ഞാൻ പറഞ്ഞിരുന്നു. അന്നേരം കൈയിലെ ചൂലിൽ ഒന്ന് മുറുക്കെ പിടിച്ച് എന്നെ നോക്കിയ ഒരു നോട്ടമുണ്ട്…

അവളെയും കൊണ്ട് വീട്ടിൽ വന്നപ്പോൾ, അമ്മയെ മാറ്റി നിർത്തി എന്നെ ഉപദ്രവിക്കും പോലെ അവളെ ഒന്നും ചെയ്തേക്കരുത്
എന്ന് മാത്രം ഞാൻ ചെവിയിൽ പറഞ്ഞു…

പോടാ.. എന്നും പറഞ്ഞ് എന്റെ പുറത്തിന്നിട്ട് ഒറ്റ അ.ടിയാ…

അത് കണ്ട് ചിരിക്കാൻ അവളും..

എങ്ങനെയെന്നറിയില്ല അവളും അമ്മയും അടയും ചക്കരയും പോലെയാണ്…

ഇപ്പോൾ അവളും അമ്മയെ അനുകരിക്കാൻ നോക്കുന്നുണ്ട്… എന്തേലും ഇഷ്ടമില്ലാത്തത് പറഞ്ഞാൽ എന്നെ മുറിയിലേക്ക് കൂട്ടിക്കൊണ്ടു പോയി കടിക്കും, പിച്ചും..
ദേ നിങ്ങൾ കണ്ടോ ഈ കൈയിലെ പാട് ഇന്നലെ രാത്രിയിൽ അവൾ കടിച്ചതാ..

ഈ പെണ്ണുങ്ങളൊക്കെ ഇങ്ങനെയാണോ..??

അതേ അവളെ കൂട്ടികൊണ്ട് വന്നതിന്റെ കൃത്യം പതിനൊന്നാം മാസം എനിക്കൊരു കുഞ്ഞിപ്പെണ്ണിനെ കൂടെ കിട്ടി കേട്ടോ…

അവൾ പിറന്നതോടെ ഞങ്ങളുടെ വീടിന് ബേബി പൗഡറിന്റെയും, അമ്മിഞ്ഞപ്പാലിന്റെയുമൊക്കെ മണമാണ്..

അവൾ പിറന്നതോടെ പണിക്കു പോകാൻ എനിക്ക് വല്ലാത്ത മടിയാണ്.
ആ കുരുന്നു മുഖത്തേക്ക് നോക്കി അങ്ങനെയിരിക്കാൻ എന്ത് രസമാണെന്നോ…

പണിക്ക് പോടാ എന്നും പറഞ്ഞ് ഇന്നലേം അമ്മയുടെ കൈയിൽ നിന്നും എനിക്ക് കിട്ടി.

ഞാനൊരു കുഞ്ഞിന്റെ തന്തയാണ് എന്നെ ഇങ്ങനെ അ.,ടിക്കാൻ നാണമില്ലേ എന്ന് ഞാൻ ചോദിച്ചു..

പണിക്ക് പോയില്ലേൽ ഇനിയും കിട്ടുമെന്ന് മാത്രം, മറുപടിയും കിട്ടി..

നിങ്ങൾക്കറിയാമോ, എന്റെയാ പീക്കിരി പെണ്ണില്ലേ ആറാം മാസത്തിൽ വായിൽ പല്ല് വന്നപ്പോൾ മുതൽ എന്നെ കണ്ടാൽ കടിയാ..
നോക്ക് ഈ മൂക്കിലെ ഈ പാട് അവൾ കടിച്ചതാ…

എന്റെ കുഞ്ഞിപ്പെണ്ണ് ഇന്നലെയെന്നെ ച്ഛാ… എന്ന് വിളിച്ചു.

കുഞ്ഞ് അമ്മേ എന്ന് ആദ്യം വിളിച്ചില്ല
എന്നും പറഞ്ഞ് ഉമ എന്നോട് വഴക്കാ..

എന്റെ കുഞ്ഞിപ്പെണ്ണിന് എന്നെ ജീവനാ..
എന്റെ നെഞ്ചിൽ കിടന്നേ ഉറങ്ങൂ..
ആകെയുള്ള കുഴപ്പം എന്റെ മീശയും താടിയും തലമുടിയുമൊക്കെ പിടിച്ച് വലിച്ച് എന്നെ വേദനിപ്പിക്കുമെന്നുള്ളതാ..
പിന്നെ എവിടെ കിട്ടുന്നോ അവിടെ കടിച്ചും പറിക്കും..

നോക്കണേ എന്റെ വീട്ടിലെ മൂന്ന് പെണ്ണുങ്ങളും എന്നെ ഉപ.ദ്ര.വിക്കും..

അവറ്റോൾടെ അ.ടി കൊള്ളാൻ എന്റെ ജീവിതം ഇനിയും ബാക്കി…

അന്നൊരു ഞായറാഴ്ചയായിരുന്നു.
എന്റെ ഭാര്യയുടെ നിലവിളി കേട്ടാണ് ഉച്ചക്ക് ഉറങ്ങാൻ കിടന്ന ഞാൻ ഓടിച്ചെന്നത്..

അമ്മയ്ക്ക് എന്തോ വയ്യായ്ക..

അമ്മയെ കൈകളിൽ താങ്ങി എടുക്കാൻ തുടങ്ങിയപ്പോൾ അമ്മ എന്റെ കൈക്കിട്ട്
ഒറ്റയ.ടി.

എടാ ചെക്കാ… ഞാൻ ഇല്ലേലും സുഖായിട്ട് ജീവിക്കണം കേട്ടോ, അവളേം കുഞ്ഞിനേം നന്നായി നോക്കണം,
സന്തോഷായി ഇരിക്കണം കേട്ടോ
എന്ന് പറഞ്ഞ് എന്റെ കവിളിൽ തഴുകി.

എന്റെ മടിയിൽ കിടന്ന് അമ്മ എന്നേക്കുമായി കണ്ണടയ്ക്കുമ്പോൾ എനിക്ക് എന്ത് ചെയ്യണമെന്നറിയില്ലായിരുന്നു..

ഒരു രോഗവും ഇല്ലാത്ത ആൾ, അധികം പ്രായമൊന്നും ഇല്ലാത്ത ആൾ, പെട്ടന്നൊരു ദിവസം അങ്ങ് പോകുകയോ…
പിന്നെയവിടെ എന്ത് നടന്നെന്ന് എനിക്കറിയില്ല. ബോധം വരുമ്പോൾ ഞാൻ കട്ടിലിലാണ്.

ഹാളിൽ അമ്മയെ കിടത്തിയിരിക്കുന്നു…
ഒരുപാട് ആളുകൾ അമ്മയെ കാണാൻ വന്നിരിക്കുന്നു….

എന്റെ ഭാര്യയുടെ നിലവിളി കണ്ട്
കുഞ്ഞും നിർത്താതെ കരയുന്നുണ്ട്..

ഞാൻ അമ്മയുടെ അടുത്തിരുന്നു..

നോക്കിക്കോ, ഇനി മുതൽ ഞാൻ രാത്രിയാകാതെ വീട്ടിൽ വരില്ല, ഞാൻ കള്ളും കുടിക്കും, പണിക്കും പോകില്ല..
എന്നെയൊന്ന് തല്ല് അമ്മാ…
ഞാൻ അമ്മയുടെ കൈയിൽ പിടിച്ചു..

തണുത്തു മരവിച്ച കൈയ്..

ഞാൻ ഉറക്കെ അലറി… എനിക്കെന്റെ അമ്മയില്ലാതെ ജീവിക്കാനാവില്ല…

എന്റെയീ കൈകൊണ്ടാണ് അമ്മയുടെ ചിതയ്ക്ക് ഞാനഗ്നി പകർന്നത്…
ഹൊ… ജന്മം നൽകിയ അമ്മയുടെ ഉടൽ അഗ്നിയിൽ അമരുന്നത് കണ്ടുനിൽക്കേണ്ടി വരുന്ന മക്കളുടെ വേദന എത്രവലുതാണെന്നോ.

മക്കൾക്ക് ജന്മം നൽകുന്ന വേളയിൽ അമ്മ അധികഠിനമായ വേദന അനുഭവിക്കുന്നു.

അതേ പെറ്റമ്മയെ അഗ്നിയിൽ സമർപ്പിക്കുമ്പോൾ, അല്ലെങ്കിൽ മണ്ണിലടക്കംചെയ്യുമ്പോൾ മക്കളും
പേറ്റ് നോവ് പോലെ വേദനിക്കട്ടെ എന്ന് ദൈവം എഴുതിവച്ചിരിക്കുകയാണോ…??

നിന്റെ പിറവി അമ്മയെ വേദനിപ്പിച്ചു കൊണ്ടും, അമ്മയുടെ അവസാന യാത്ര നിന്നെ വേദനിപ്പിച്ചു കൊണ്ടുമാകട്ടെയെന്ന് ഓരോ ജനനത്തിനും മുൻപ് തീരുമാനിക്കപ്പെട്ടിരിക്കാം.

അമ്മ പോയതോടെ ഞാൻ ഓരോ നിമിഷവും നോവാൻ തുടങ്ങി..

നിങ്ങൾക്കറിയാമോ, എന്റെ ജീവിതത്തിൽ അവശേഷിക്കുന്ന പെണ്ണുങ്ങൾ എന്നെയിപ്പോൾ തെല്ലും നോവിക്കാറില്ല..
അമ്മയില്ലാത്ത വേദന ഞാൻ അറിയാൻ പാടില്ലെന്ന് കരുതിയാകണം എന്റെ ഉമയും, മോളും എന്നെ സ്നേഹം കൊണ്ട് പൊതിയുകയാണ്‌.

പക്ഷെ അമ്മയുടെ കൈയിൽ നിന്നും
ഒ.ര.ടി കിട്ടാൻ, ഒരു വഴക്ക് കേൾക്കാൻ കൊതിയാകുന്നു..

ഒന്ന് മാത്രം ഞാൻ പറയാം..
നിങ്ങളുടെ ആ അമ്മയില്ലേ, സ്നേഹത്തിൽ നിങ്ങളെ നിറയ്ക്കുന്ന, നിങ്ങൾ പോത്ത് പോലെ വളർന്നിട്ടും നിങ്ങളെ ചീത്ത പറയുന്ന, വേണ്ടിവന്നാൽ ഒരു നാണവുമില്ലാതെ നിങ്ങളെ തല്ലുന്ന ആ അമ്മ..
അതിനെ ചേർത്ത് പിടിച്ചോളണം.

കാരണം അമ്മയില്ലാതാകുമ്പോൾ മുതൽ, നമ്മൾ അമ്മയെ തിരഞ്ഞു കരയുന്ന പിഞ്ചുപൈതലിനെപ്പോലെയാകും….
എന്ത് ചെയ്യണമെന്നറിയാതെ ലോകത്തിന് നേരെ നോക്കി പകച്ചു നിൽക്കും.

അമ്മയില്ലാതായാൽ, അന്ന് മുതൽ നമുക്ക് പ്രായമേറും… നമ്മൾ അതുവരെയുള്ള നമ്മളല്ലാതെയാകും…

നമുക്ക് നമ്മളെത്തന്നെ മനസിലാകാതെയാകും…

കാരണം, അമ്മയില്ലാതാകുകയെന്നാൽ,
കൂടെ,അതുവരെയുള്ള നമ്മളും ഇല്ലാതാകുകയെന്നാണ്

✍️Anju Thankachan

Leave a Reply

Your email address will not be published. Required fields are marked *