എന്തിനാടാ നീയവളെ വീണ്ടും കൂടെ കൂട്ടിയത്… നീ കൂടെയുള്ളപ്പോൾ മറ്റൊരുവനെ തേടി പോയവളാണവൾ… അതറിഞ്ഞിട്ടും നീ എന്തിനാടാ മോനെ അവളെ തിരികെ….

“വല്ലവന്റേം കൂടെ രാത്രി തോന്നും പടി നീ ഇറങ്ങി പോയിട്ടും തിരിച്ചു നിന്നെ ഞങ്ങളീ വീടിന്റെ പടി കയറ്റിയത് നീ ഞങ്ങൾക്ക് അത്രയ്ക്കും വേണ്ടപ്പെട്ടവളായിട്ടോ നീയ്യില്ലാതെ ഞങ്ങൾക്ക് ജീവിക്കാൻ വയ്യാഞ്ഞിട്ടോ ഒന്നുമല്ല പ്രീതി… നീ പ്രസവിച്ച ഈ പൊടിക്കുഞ്ഞിനെ ഓർത്തിട്ടു മാത്രമാണ്…. ഇതിന് നീയാണല്ലോ തള്ള…

“നിനക്കും എന്റെ മകനുമിടയിൽ ഇത്തിരിയില്ലാത്ത ഈ കുഞ്ഞില്ലായിരുന്നെങ്കിൽ നീയെന്നൊരുവളെ ഈ വീടിന്റെ പടി പോയിട്ട് ഞങ്ങളുടെ ഒന്നും മുന്നിൽ തന്നെ വന്നു നിൽക്കാൻ സമ്മതിക്കില്ലായിരുന്നു ഞാൻ… അത്രയ്ക്ക് അറപ്പാണെനിയ്ക്ക് നിന്നോട്…വെറുപ്പാണ് നിന്നോട്…”

പ്രീതിയുടെ നേരെ വിരൽ ചൂണ്ടി അലറി ലളിത പറമ്പോഴും അവളെ വെറുതെ പോലും നോക്കിയില്ല വിപിൻ… അവന്റെ നോട്ടം മുഴുവൻ പ്രീതിയെ കണ്ടതു മുതൽ അവളോടൊട്ടി നിൽക്കുന്ന തന്റെ രണ്ടര വയസ്സുക്കാരി മകളിലാണ്… കഴിഞ്ഞ ഒരാഴ്ച രാത്രിയെന്നോ പകലെന്നോ ദേതമില്ലാതെ താൻ നെഞ്ചിൽ കൊണ്ടു നടന്നിട്ടും കരച്ചിൽ നിർത്താതെയിരുന്ന കുഞ്ഞ് അവളെ കണ്ടതു മുതൽ അവളിലേക്കൊട്ടി ചേർന്നിരുപ്പാണ്… ഇനിയും അമ്മ തന്നെ തനിച്ചാക്കി പോകുമോയെന്ന് ആ കുരുന്ന് ഭയക്കുന്നുണ്ട്… അതിന്റെയാണ് ഈ ഒട്ടിപിടുത്തമെന്ന് എളുപ്പത്തിൽ തിരിച്ചറിഞ്ഞവൻ….

ഒരു തെറ്റവൾക്ക് പറ്റി പോയ് ലളിതാമ്മേ… ഇനിയവളത് ആവർത്തിക്കില്ല… ആ വൃത്തികെട്ടവൻ എന്തോ പറഞ്ഞു മയക്കിയതാണവളെ…. അല്ലെങ്കിൽ വിപിയേട്ടൻ എന്നു പറഞ്ഞാൽ ജീവൻ കളയുന്ന ഇവളവനെ പോലൊരുത്തന്റെ വാക്കിൽ മയങ്ങി രാത്രി വീട്ടിൽ നിന്നിറങ്ങി പോവില്ലല്ലോ… എന്റെ കുഞ്ഞിനോടു ചെയ്തതിന് അവനുഭവിയ്ക്കും… ഈശ്വരൻ കൊടുക്കും അവനുള്ളത്….”

പ്രീതിയുടെ അമ്മ ലത എല്ലാക്കുറ്റവും പ്രീതിയ്ക്കൊപ്പമുണ്ടായിരുന്നവന്റെ തലയിലിട്ട് മകളെ നല്ലവളാക്കാൻ വേണ്ടതെല്ലാം തന്നാലാവും വിധം പറയുകയും ചെയ്യുകയും ചെയ്തു കൊണ്ടിരുന്നു….

‘താലിക്കെട്ടിയ ഭർത്താവിനോട് ഉള്ളിൽ തട്ടിയ സ്നേഹമുള്ള ഒരു പെണ്ണും മറ്റൊരുത്തന്റെ പഞ്ചാര വാക്കിൽ വീഴുകയോ അവൻ വിളിയ്ക്കുമ്പോൾ രാത്രി ഉറങ്ങിക്കിടക്കുന്ന കെട്ടിയവനരികിൽ നിന്ന് എഴുന്നേറ്റ് അവനടുത്തേയ്ക്ക് ചെല്ലുകയോ ചെയ്യില്ല ലതേ….”

വിപിനെയൊന്ന് നോക്കി ലളിത എടുത്തടിച്ചതു പോലെ ലതയോട് പറഞ്ഞതും മുഖത്തടിയേറ്റതു പോലെ വിളറി വെളുത്തു പോയ് പ്രീതി….

ചുറ്റും നിൽക്കുന്ന ഒരാളെയും ഒന്നു നോക്കാൻ പോലും സാധിക്കാത്ത വിധം താഴ്ന്നുപോയ് അവളുടെ മുഖം…

‘അന്നൊരു രാത്രി മാത്രമേ ഇവള് ഇറങ്ങി ചെന്നിട്ടുള്ളു ലളിതാമ്മേ…. അതിനു മുമ്പൊന്നും അങ്ങനൊന്ന് ഉണ്ടായിട്ടില്ല…”

പതറിയ ശബ്ദത്തിൽ പ്രീതിയെ ന്യായീകരിച്ചുള്ള ലതയുടെ വിശദീകരണം വിപിന്റെ ചുണ്ടിൽ വേദനയോടെ, സ്വയം പരിഹസിക്കും വിധത്തിലൊരു ചിരി തെളിയിച്ചു…

‘അന്നിവൾ ഇറങ്ങി പോയത് ഞങ്ങൾ കണ്ടതുകൊണ്ട് നിങ്ങൾക്കങ്ങനെ പറയാം.. അതല്ലാതെ അതന്നു മാത്രം സംഭവിച്ച ഒന്നാണെന്ന് ഞങ്ങൾ വിശ്വസിക്കില്ല ലതേ…. പിന്നെ സ്വന്തം മകളെ ന്യായീകരിച്ച് ലത ഇനിയും ബുദ്ധിമുട്ടണമെന്നില്ല… അവൾ ഞങ്ങളോടും ഞങ്ങളുടെ മകനോടും ചെയ്ത ചതി പൊറുത്തുകൊണ്ട് അവളെ വീണ്ടും ഞങ്ങൾ ഇവിടേയ്ക്ക് സ്വീകരിച്ചില്ലേ… ഇനി ലത സ്വന്തം കുടുംബത്തിലേക്ക് ചെല്ലാൻ നോക്ക്… കെട്ടിച്ചയക്കാത്ത പെണ്ണൊരുവൾ മകളായിട്ട് വീട്ടിൽ ഒന്നുകൂടി ഇല്ലേ… ചെല്ല് ചെന്നവളെ ശ്രദ്ധിയ്ക്ക്… അതിനെയെങ്കിലും ചൊല്ല് വിളിയ്ക്ക് ശ്രദ്ധിച്ച് വളർത്ത്…”

ഇനിയും ഇവിടെ നിൽക്കണ്ട എന്ന് ലതയോട് പറയാതെ പറയും പോലെ ലളിത പറഞ്ഞതും അവരെയെല്ലാം നോക്കി വേഗത്തിൽ അവിടെ നിന്നിറങ്ങി നടന്നു ലത…

കുറച്ചു നാൾ മുമ്പുവരെ എല്ലാ സ്വാതന്ത്ര്യത്തോടെയും കയറിയിറങ്ങി നടന്നയിടത്തു നിന്ന് സ്വന്തം മകളുടെ സ്വഭാവദൂഷ്യം കൊണ്ട് നാണംകെട്ട് തലക്കുനിച്ചിറങ്ങേണ്ടി വരുന്ന അവസ്ഥ ഭൂമിയിൽ ഒരു മാതാപിതാക്കൾക്കും വരുത്തരുതേയെന്ന് ആ നിമിഷം ദൈവത്തിനോട് മനമുരുക്കി പ്രാർത്ഥിച്ചു പോയവർ….

” വിപിനേ….നീയെന്തു പണിയാണെടാ ഈ കാണിച്ചത്…. ?
എന്തിനാടാ നീയവളെ വീണ്ടും കൂടെ കൂട്ടിയത്… നീ കൂടെയുള്ളപ്പോൾ മറ്റൊരുവനെ തേടി പോയവളാണവൾ… അതറിഞ്ഞിട്ടും നീ എന്തിനാടാ മോനെ അവളെ തിരികെ വിളിച്ചത്….?

വീട്ടിലെ ശ്വാസം മുട്ടിയ്ക്കുന്ന അന്തരീക്ഷത്തിൽ നിന്ന് രക്ഷതേടി വിപിൻ പുറത്തേക്കിറങ്ങിയതും ഹാരിസ് അവനെ സങ്കടത്തിൽ നോക്കി ചോദിച്ചു പോയ്…

പ്രീതിയെ വിപിൻ എത്ര മാത്രം സ്നേഹിച്ചിരുന്നുവെന്നതിന്റെ ആഴവും അവളുടെ ചതിയിൽ തകർന്നു നിലവിളിച്ചവന്റെ നോവും അടുത്ത് നിന്ന് കണ്ടറിഞ്ഞവനാണ് ഹാരീസ്… വിപിന്റെ ആത്മാർത്ഥ സുഹൃത്ത്…

“എന്റെ പൊന്നുമോൾക്ക് വേണ്ടിയാണെടാ… ഞാൻ ജീവിച്ചിരിക്കെ എന്റെ കുഞ്ഞ് മറ്റൊരുവനെ അച്ഛാന്ന് വിളിക്കുന്നത് കേൾക്കാതിരിക്കാൻ…. മറ്റൊരുവന്റെ ദയയിൽ എന്റെ കുഞ്ഞ് കഷ്ടപ്പെടാതിരിക്കാൻ… അതിനൊക്കെ വേണ്ടി ചെയ്തതാണ് ഇത്….”

നിർവികാരതയാണ് സംസാരിക്കുമ്പോൾ വിപിനിൽ നിറഞ്ഞു നിൽക്കുന്നത്

‘അവളുടെ സ്വഭാവം ദുഷ്യം കോടതിയിൽ നമ്മൾ തെളിയിച്ചാൽ ഏതു കോടതിയും മോളെ നിനക്ക് തന്നെ വിട്ടു തന്നേനെ ടാ… അതു ചെയ്യാതെ കൂടെ കിടന്ന് ചതിച്ചവളെ അവൻ വീണ്ടും കൂടെ കൂട്ടി വന്നിരിയ്ക്കുന്നു… ഇത്രയ്ക്കെ ഉണ്ടായിരുന്നുള്ളു നീ…. നാട്ടുകാർ പരിഹസിച്ച് കൊല്ലും നിന്നെ… ”

ഹാരിസിന്റെ സംസാരത്തിന് മറുപടി പറയണോ വേണ്ടയോ എന്നൊന്നു ചിന്തിച്ചു വിപിൻ… ആരെയും ഒന്നും പറഞ്ഞ് മനസ്സിലാക്കി കൊടുക്കാൻ വയ്യാത്ത വിധം തളർന്നു പോയിട്ടുണ്ട് മനസ്സിപ്പോൾ… ആരെന്തു വേണമെങ്കിലും പറഞ്ഞോട്ടെ എന്നൊരവസ്ഥ… ശരിയ്ക്കുമൊരു വല്ലാത്ത ദയനീയ അവസ്ഥ…

“ഹാരിസ് നീ പറഞ്ഞതുപോലെ എല്ലാം തെളിയിച്ചാൽ കോടതി മോളെ എനിയ്ക്ക് തന്നെ തരും… പക്ഷെ ഒന്നുണ്ട് അവളൊരു പെൺക്കുട്ടിയാണ്… അവൾക്കൊരു അമ്മ കൂടിയേ തീരൂ… ഞാൻ വീണ്ടുമൊരു വിവാഹം കഴിക്കേണ്ടി വരും… അതെന്തായാലും ഒരു രണ്ടാം കെട്ടുക്കാരി തന്നെയാവും.. ആ വരുന്നവൾക്ക് എന്റെ മകളോട് സ്നേഹം ഉണ്ടോ അവൾ എന്റെ കുഞ്ഞിനോട് പോരെടുക്കുമോ എന്നെല്ലാം ചിന്തിച്ച് ചിന്തിച്ച് ഓരോ ദിവസവും ആ പെണ്ണിനെ സംശയിച്ച് ഒരു ജീവിതം ജീവിക്കാൻ സാധിക്കാതെ ഉരുകി തീരണം ഞാൻ… ഇതാവുമ്പോ എനിയ്ക്കൊരു ജീവിതം ഉണ്ടായില്ലെങ്കിലും എന്റെ കുഞ്ഞിനെ ഉപദ്രവിക്കില്ല എന്ന ആശ്വാസമെങ്കിലും എനിയ്ക്ക് ഉണ്ടാവൂലോ… അത്രയേ ഞാൻ കരുതിയുള്ളു.. ഇത്തിരി സമാധാനം… അതെങ്കിലും വേണ്ടേ ടാ ഒരു മനുഷ്യന്…?

നിറഞ്ഞ കണ്ണുകളോടെ ചോദിയ്ക്കുന്നവനോട് എന്തു മറുപടി പറയുമെന്നറിയാതെ നിശബ്ദനായ ഹാരിസ്…

രാത്രി ഏറെ വൈകിയാണ് വിപിനന്ന് വീട്ടിലെത്തിയത്…..

എന്നും ഏറെ ഇഷ്ടത്തോടെയും ആഗ്രഹത്തോടെയും താൻ വന്ന കയറിയിരുന്നിടത്തേക്ക് ഇന്ന് താൻ വരുന്നത് വല്ലാത്തൊരു മടുപ്പോടെയാണെന്ന് ഓർത്തവൻ…

കഴിക്കാനൊന്നും വേണ്ടെന്ന് അമ്മയോടു പറഞ്ഞവൻ മുറിയ്ക്കുള്ളിലേക്ക് കയറിയതും കണ്ടു മോളെ കെട്ടിപ്പിടിച്ച് യാതൊന്നും സംഭവിക്കാത്ത പോലെ ബെഡ്ഡിൽ കണ്ണടച്ചു കിടക്കുന്ന പ്രീതിയെ…
തന്നെ ചതിച്ചിട്ടും യാതൊരു കുറ്റബോധവും ഇല്ലാതെ ഇവൾക്കെങ്ങനെയിവിടെ സ്വസ്ഥമായ് ഉറങ്ങാൻ കഴിയുന്നു…. ചിന്തിച്ചു പോയവൻ..

പ്രാണനായ് താൻ സ്നേഹിച്ചിട്ടും ഏതോ ഒരുത്തന്റെ പഞ്ചാര വാക്കിൽ മയങ്ങി ഇറങ്ങി പോയവൾ… താൻ കണ്ടതുകൊണ്ടു മാത്രം അവനൊപ്പം ജീവിക്കാൻ പറ്റാത്തവൾ…. തന്റെ വീട്ടുകാരുടെ നിർബന്ധം കൊണ്ടു മാത്രം തിരികെ വന്നവൾ….. നാളെയും ഒരു പക്ഷെ അവനൊപ്പമോ അതുമല്ലെങ്കിൽ മറ്റൊരുവനൊപ്പമോ അവസരം കിട്ടിയാൽ പോവും എന്നു കരുതാൻ മാത്രം വിശ്വാസ്യതയുള്ളവൾ… ഇവൾക്കൊപ്പം എന്ത് സുരക്ഷിതത്വമാണ് തന്റെ മകളുടെ ജീവിതത്തിനുള്ളത്…. ?
സ്വന്തം സുഖത്തിനു വേണ്ടി ഇറങ്ങി പോയപ്പോൾ തനിയ്ക്കൊപ്പം നൊന്തു പ്രസവിച്ച മകളെ കൂടി വേണ്ടാന്നു വെച്ച ഇവൾ നാളെയൊരു പക്ഷെ തന്റെ സ്വൈര്യ വിഹാരത്തിന് തടസ്സം മോളാണ് എന്ന തോന്നലിൽ അതിന്റെ ജീവനെടുത്താൻ….അതുമല്ലെങ്കിൽ തന്നെ കൊന്നാൽ….

ഒരു നിമിഷം കൊണ്ട് ഒരായിരം ചിന്തകൾ ഒരുമിച്ച് കയറി മദിച്ചു വിപിന്റെ ഉള്ളം…

പ്രീതിയെ തിരികെ ജീവിതത്തിലേക്ക് കൂട്ടിയത് താൻ കാട്ടിയ വലിയൊരബന്ധമായവന് തോന്നിയത് അപ്പോൾ മാത്രമാണ്…

പിന്നൊരു നിമിഷം വൈകാതെ ഉറങ്ങി കിടക്കുന്ന പ്രീതിയെ തട്ടിയുണർത്തിയവൻ…

“നീ നിന്റെ വീട്ടിൽ പൊക്കോ… ഞാൻ നിന്റെ അമ്മയെ വിളിച്ചിട്ടുണ്ട്… അവരുടെ ഒപ്പം പൊക്കോ… വേണോങ്കിൽ കുഞ്ഞിനെയും കൊണ്ടു പൊയ്ക്കോ… എന്തായാലും ഇവിടെ വേണ്ട…. എനിയ്ക്കൊപ്പം വേണ്ട… എന്റെ വീട്ടിൽ വേണ്ട…. നിന്നെ വിശ്വസിക്കാൻ വയ്യെനിക്ക്… സ്വന്തം നേട്ടങ്ങൾക്കു വേണ്ടി എന്തും ചെയ്യുന്ന നിന്നെ പേടിയാണ് എനിയ്ക്കിപ്പോ സത്യത്തിൽ…
നീ വേഗം പോകാൻ നോക്ക്…”

തിടുക്കപ്പെട്ട് പറയുന്നതിനൊപ്പം പ്രീതിയെ മുറിയിൽ നിന്ന് പുറത്തേക്ക് തള്ളിയിറക്കി അവൻ….

അകത്തു നടന്ന അവന്റെ സംസാരാമത്രയും കേട്ടുകൊണ്ട് മുറിയ്ക്ക് പുറത്തു നിന്നിരുന്ന അവന്റെ അമ്മ അവനെയൊന്ന് തടയുക പോലും ചെയ്തില്ല…. എന്തോ അവനാ ചെയ്യുന്നതാണ് ശരിയെന്നൊരു തോന്നൽ…

വിപിന്റെ വിളിയിൽ വീട്ടിലെത്തിയ ലത
വീടിനുമറത്ത് തലക്കുമ്പിട്ട് നിൽക്കുന്ന മകളെ ആകെയൊന്ന് നോക്കി…

‘എനിയ്ക്ക് വേണ്ട… പറ്റില്ല… സത്യമായിട്ടും പറ്റുന്നില്ല…”

കൂടുതലൊന്നും പറയാതെ വിപിൻ വീടിനകത്തേക്ക് നടന്നതും അവനെയൊന്ന് നോക്കി പ്രീതിയുടെ കൈപിടിച്ച് മുറ്റത്തേക്കിറങ്ങി നടന്നു ലതയും….

എന്തോ അന്നേരം അവരുടെ ഉള്ളിലും വല്ലാത്തൊരു ശാന്തത നിറഞ്ഞു നിന്നിരുന്നു… തന്റെ മകൾ വീണ്ടും അവനെ ചതിയ്ക്കും എന്നാ അമ്മയും ഉള്ളു കൊണ്ട് വിശ്വസിച്ചിരുന്നു….

‘ഇതിങ്ങനെ തീരട്ടേ അമ്മേ… ബാക്കിയൊക്കെ വിധിപോലെ വരട്ടെ…. ”

പ്രീതി പോയതും വിപിൻ ആശ്വാസത്തോടെ പറഞ്ഞതിന് ലളിതാമ്മയും സന്തോഷത്തോടെയൊന്ന് തലയിളക്കി…

അതേ വിധിപോലെ വരട്ടെ…..

✍️രജിത ജയൻ

Leave a Reply

Your email address will not be published. Required fields are marked *