✍️ RJ
“തീരുമാനം നിന്റെയാണ് ,നീ പറ ആരെ വേണം…?
ഗേറ്റിനടുത്ത് തന്നെ കൊണ്ടു നിർത്തി ചുറ്റും കൂടിയ കുടുംബക്കാർക്കിടയിൽ നിന്നമ്മ ചോദിച്ചതും പകപ്പു നിറഞ്ഞ മുഖത്തോടെ അമ്മയെ നോക്കി അമ്മു..
അമ്മാ…..
കണ്ണീരുപ്പു കലർന്നിരുന്നു അമ്മുവിന്റെ വിളിയിൽ…
നിനക്ക് തീരുമാനിക്കാം അമ്മൂ ഞങ്ങളിലാരെയാണ് നിനക്കിനി കൂടെ വേണ്ടതെന്ന്… നീ തീരുമാനിക്കുന്ന ആ ആള് മാത്രമേ ഉണ്ടാവുള്ളു നിനക്കൊപ്പമിനി നിന്റെ മുന്നോട്ടുള്ള ജീവിതത്തിൽ…
ദയവും മയവുമൊട്ടുമില്ലാത്ത അമ്മയുടെ വാക്കുകളിൽ അതിരുദ്രം മിടിച്ചു പോയമ്മുവിന്റെ നെഞ്ചകം
കാഴ്ച കാണാൻ ചുറ്റും കൂടി നിൽക്കുന്ന കുടുംബക്കാരുടെ പുറകിലായ് നിന്ന് നിറക്കണ്ണോടെ തന്നെ നോക്കുന്ന അനിയത്തി മാളുവിനെ ആ കണ്ണുനീരിനിടയിലും കണ്ടു അമ്മു… അവളുടെ മുഖത്തെ ദയനീയത…ഒരു കരച്ചിലാർത്തു അമ്മുവിന്റെ ഉള്ളിൽ…
സമയം പോവുന്നമ്മൂ… തീരുമാനം വേഗമാവട്ടെ … ആർക്കൊപ്പമാണ് നീയിനി മുന്നോട്ടു ജീവിക്കുന്നത് …?
അമ്മാവനാണ് ….അമ്മയുടെ മൂത്ത ഏട്ടൻ… അമ്മയ്ക്കേറെ ഇഷ്ടവും പേടിയും ഒരു പോലെയുള്ള അമ്മയുടെ പ്രിയപ്പെട്ട ഏട്ടൻ…
തന്റെ അമ്മയെ ഏറെ ഇഷ്ടമാണ് അമ്മാവന്… തങ്ങളെയും…
അതു കൊണ്ടാണല്ലോ പെട്ടന്നുള്ള തങ്ങളുടെ അച്ഛന്റെ മരണത്തിൽ തകർന്നു പോയ തങ്ങളെയും അമ്മയെയും അമ്മാവൻ ആരുടെയും അനുവാദം കാക്കാതെ കൂടെ കൂട്ടിയത്…
ഞങ്ങൾക്കൊപ്പമാണ് നീയിനിയും ഉള്ളതെങ്കിൽ നിന്റെ അമ്മയേയും അനിയത്തിയേയും ചേർത്തു പിടിച്ച് നീ വീടിനകത്തേക്ക് തന്നെ നടന്നോ… അങ്ങനെയാവുമ്പോൾ ഞാൻ നേരത്തെ തീരുമാനിച്ചതു പോലെ തന്നെ നിന്റെ കല്യാണം ഞാൻ പറഞ്ഞ സമയത്ത് എന്റെ മൂത്ത മകനുമായ് നടക്കും… നേരെ മറിച്ചാണ് നിന്റെ തീരുമാനമെങ്കിൽ ഈ ഗേറ്റിനു പുറത്തേക്കിറങ്ങാം നിനക്ക്…
എന്നിട്ടു നീ കഷ്ടപ്പെട്ടു കണ്ടെത്തിയ ഇവനൊപ്പം ഇവന്റെയാ ചേരി കോളനിയിൽ പോയ് താമസിക്കാം നിനക്ക്…
അമ്മാവന്റെ കടുപ്പവും അതിനൊപ്പം പുച്ഛവും നിറഞ്ഞ സംസാരം കേട്ടു ഞെട്ടിയ അമ്മുവിന്റെ കണ്ണുകൾ ഗേറ്റിനു പുറത്തേക്ക് പാഞ്ഞതും കണ്ടു തന്നെ നോക്കി നിറമിഴികളോടെ നിൽക്കുന്ന ആദിയെ…
അവന്റെ ദയനീയമായ മുഖവും നിറഞ്ഞ കണ്ണുകളും വിളിച്ചോതുന്നുണ്ട് ഇവിടെ ഇത്ര നേരം നടന്ന സംസാരം മുഴുവനവനും കേട്ടിട്ടുണ്ടെന്ന്…
തന്റെ തീരുമാനമെന്താവുമെന്നോർത്തുള്ള ഭയമുണ്ടവന്റെ ഉള്ളിലെന്ന് ആ മുഖം വിളിച്ചോതുന്നുണ്ട്…
പേടിയായിരുന്നവനെന്നും തന്റെ കുടുംബക്കാരെ… തനിക്കത്രയും പ്രിയപ്പെട്ടവരാണ് തന്റെ അമ്മയും അനിയത്തിയും… തങ്ങളുടെ ഈ ബന്ധം അമ്മാവനടക്കമുള്ള തന്റെ കുടുംബക്കാർ എതിർക്കുമെന്ന് ആദ്യമേ പറഞ്ഞിരുന്നവൻ… അങ്ങനെ സംഭവിച്ചാൽ
അവരെ ഉപേക്ഷിച്ച് താനവന്റെ ഒപ്പം ചെല്ലുമോയെന്ന ഭയമുണ്ടവന്റെ ഉള്ളിലെന്നും….
അമ്മൂ…..
ആദിയുടെ ആ വിളിയിലുണ്ട് അവന്റെ മനസ്സിലെ ഭയം
ജീവിതത്തിൽ സ്വന്തമെന്നു പറയാനാരുമില്ലാത്ത ഒറ്റയ്ക്ക് പോരാടി ജീവിതം കണ്ടെത്താൻ ശ്രമിക്കുന്ന ആദിയുടെ ജീവനും ജീവിതവുമെല്ലാം അമ്മുവെന്നൊരുവളാണ്… അവന്റെ ജീവിതത്തിൽ നിറങ്ങൾ ചാർത്തിയതും അവനെ വർണ്ണസ്വപ്നങ്ങൾ കാണാൻ പടിപ്പിച്ചതുമെല്ലാം അമ്മുവാണ്.. അവളില്ലാത്തൊരു ജീവിതം മരണ തുല്യമാണവന്….
അമ്മുവിന്റെ തീരുമാനം വേഗമാവട്ടെ… തിരക്കുണ്ടെനിയ്ക്ക്…
ആദിയേയും അമ്മയേയും നിറമിഴികളോടെ നോക്കി നിൽക്കുന്ന അമ്മുവിനെ നോക്കി അമ്മാവൻ പറഞ്ഞതും അയാൾക്ക് മുമ്പിലെത്തി ആദി
അമ്മു പാവമാണ്… എന്നെ സ്നേഹിച്ചതിന്റെ പേരിൽ അവളെ, അവളുടെ പ്രിയപ്പെട്ടവരിൽ നിന്നകറ്റരുത്, ഞാൻ കാലു പിടിക്കാം…
യാചനയോടെ ആദി അമ്മാവനോടു പറയുന്നതു കേട്ടപ്പോൾ പിടഞ്ഞത് അമ്മുവിന്റെ ഉള്ളമാണ്…
അവളെ വിഷമിപ്പിക്കുന്നത് നിനക്കത്രയും സങ്കടമാണെങ്കിൽ നീ അവളെ വേണ്ടാന്നു വെച്ചിട്ടിറങ്ങി പോടാ… അപ്പോഴവൾക്കാരെയും നഷ്ടപ്പെടില്ല… നിനക്കവളെ വേണ്ടാന്നു നീ പറയേണ്ട താമസമേയുള്ളു ഇവിടുത്തെ പ്രശ്നങ്ങൾ തീരും.. പറയെടാ.. അവളെ വേണ്ടാന്ന് പറയെടാ…
മുമ്പിൽ നിൽക്കുന്ന ആദിയുടെ നെഞ്ചിൽ ഊക്കോടെ തള്ളി അമ്മാവൻ…
നിശബ്ദനായവന്റെ ദീനമായ നോട്ടം അമ്മുവിലെത്തി… അവളില്ലായ്മയെ പറ്റി ചിന്തിക്കാൻ പോലും പറ്റാത്തവനെങ്ങനെ അവളെ തള്ളി പറയും….
എനിക്കറിയാടാ നീ ഇവളെ വേണ്ടാന്നു വെയ്ക്കില്ലാന്ന്…. നിനക്കിവളോടുള്ള സ്നേഹം അതവളുടെ പണം കണ്ടിട്ടാണെന്നെനിയ്ക്ക് എന്നേ അറിയാം… ചേരിയിലെ ചെളിയിൽ കിടന്നു പുളയ്ക്കുന്നവൻ പെട്ടന്നു സമ്പന്നനാവാൻ കണ്ട മാർഗ്ഗം കൊള്ളാം …പക്ഷെ അതിവിടെ നടക്കില്ല…
അമ്മാവന്റെ പരിഹാസങ്ങൾക്കു മുമ്പിൽ നിശബ്ദനായ ആദിയുടെ നോട്ടം അമ്മുവിലേക്കെത്തും മുമ്പുതന്നെ ഗേറ്റിനു പുറത്തേക്ക് നടക്കാനൊരുങ്ങി അമ്മു
തന്നെ സ്നേഹിച്ചതിന്റെ പേരിൽ അമ്മാവന്റെ ജല്പനങ്ങൾക്കവനെ എറിഞ്ഞു കൊടുക്കാൻ പറ്റില്ലായിരുന്നവൾക്ക്…..
തങ്ങളെ ഉപേക്ഷിച്ച് അമ്മു ആദിയ്ക്കൊപ്പം പോവുകയാണെന്ന് കണ്ടതും ഒന്നു കുറുകി അമ്മാവന്റെ മിഴികൾ…. അയാളുടെ നോട്ടം അവളുടെ ശരീരത്തിലവൾ ധരിച്ചിരുന്ന ആഭരണങ്ങളിലെത്തി…
ചേരിക്കാരിയാവാൻ തീരുമാനിച്ചാണ് ഈ ഇറങ്ങി പോക്കെങ്കിൽ ആ ശരീരത്തിലുള്ള ആഭരണങ്ങൾ ഇവിടെ അഴിച്ചു വെച്ചിട്ടു പോകണം.. ഇന്നത്തെ വിലക്കെങ്ങനെ കൂട്ടിയാലും ഒരാറേഴു ലക്ഷത്തിനുള്ളതുണ്ടത്… അഭിമാനം ഉള്ളവരാണെങ്കിൽ അതിപ്പോഴിവിടെ ഊരിവെക്കണം….
പറയുമ്പോൾ അമ്മാവന്റെ കണ്ണിലെ കുടിലത വ്യക്തമായ് കണ്ടു അമ്മു….
ഒരു പുച്ഛ ചിരി അന്നേരം മാത്രം തെളിഞ്ഞു അമ്മുവിന്റെ മുഖത്ത്
എന്താണമ്മാവാ എന്റെ അച്ഛൻ സമ്പാദിച്ചതിൽ ഇത്ര പോലും ഞാൻ കൊണ്ടു പോവുന്നത് അമ്മാവന് സഹിക്കാൻ പറ്റുന്നില്ലേ….?
എനിയ്ക്ക് ആദിയെ ഇഷ്ടമാണെന്ന് അറിഞ്ഞതുകൊണ്ടല്ലേ അമ്മാവൻ എന്റെ കല്യാണം അമ്മാവന്റെ മകനുമായിട്ടുറപ്പിച്ചത്…
അമ്മു ചോദിച്ചതും അമ്മാവന്റെ മുഖത്തൊരു പരിഭ്രമം നിറയുന്നത് ആദി നോക്കി നിന്നെങ്കിൽ അമ്മുവിന്റെ അമ്മയിൽ ഞെട്ടലാണ്…
ആദിയ്ക്കൊപ്പം ഞാനിറങ്ങി പോവുമെന്ന് അമ്മാവനറിയാം… അങ്ങനെ ഞാനിറങ്ങി പോയാൽ നാണക്കേട് തീർക്കാനെന്ന പേരിൽ എന്റെ അനിയത്തി മാളുവിനെ അമ്മാവൻ മകനെ കൊണ്ട് വിവാഹം കഴിപ്പിയ്ക്കും… എന്റെ അച്ഛന്റെ സ്വത്തും സമ്പാദ്യവുമെല്ലാം മാളുവിലൂടെ അമ്മാവന് ലഭിയ്ക്കും…. ഇതല്ലേ അമ്മാവാ ശരിയ്ക്കും നിങ്ങളുടെ ഉദ്ദേശം…?
വെട്ടിത്തുറന്നുള്ള അമ്മുവിന്റെ ചോദ്യത്തിൽ നിശബ്ദനായ് തീർന്നമ്മാവനെങ്കിൽ പകപ്പൊഴിഞ്ഞില്ല അമ്മുവിന്റെ അമ്മയിൽ….
എന്റെ ശരീരത്തിലുള്ളത് എന്റെ അച്ഛൻ എനിക്കായ് വാങ്ങി തന്നതാണ്… ഇതു മാത്രമല്ല അച്ഛന്റെ സമ്പാദ്യങ്ങളെന്തെല്ലാം ആണോ അതിലെല്ലാം ഒരു മകളെന്ന നിലയിൽ എനിയ്ക്കവകാശമുണ്ട്… അതൊന്നും ഞാനൊരിക്കലും ആർക്കുവേണ്ടിയും വേണ്ടാന്നു വെയ്ക്കില്ല…. ഒന്നും വേണ്ടെന്നു വെച്ചീ പടി ഞാനിറങ്ങി പോയാലും
നാളെ നിങ്ങൾ പറഞ്ഞുണ്ടാക്കും ആദിയെന്റെ സമ്പത്തു കണ്ടാണെന്നെ കെട്ടിയതെന്ന്… തെറ്റു ചെയ്തിട്ട് കുറ്റമേറ്റാൽ കുറ്റബോധം കുറയുമെന്നല്ലേ….?
അമ്മയാണ് എന്നെ വേണ്ടെന്നു വെച്ചത്… ഞാനൊരിക്കലും അമ്മയെ വേണ്ടാന്നു വെയ്ക്കില്ല… എന്നെങ്കിലും ഒരു മകളായ് അമ്മയ്ക്കെന്റെ ആവശ്യമുണ്ടെന്ന് അമ്മ ചിന്തിക്കുമ്പോൾ ഞാനുണ്ടാവും അമ്മയുടെ അടുത്ത്…. വരട്ടെ….
അമ്മുവിന്റെ സംസാരത്തിനൊന്നും മറുപടിയില്ലാതെ അമ്മയുൾപ്പെടെയുള്ളവർ നിൽക്കെ അമ്മയോട് യാത്ര പറഞ്ഞ് മാളുവിനെ ഒന്നു നോക്കി
അമ്മു ഗേറ്റിനു പുറത്തേക്ക് കാലെടുത്തു വച്ചതും അവളുടെ കൈകളിൽ ആദിയുടെ പിടുത്തം വീണു…
നടക്കുന്നത് എന്താണെന്ന് മറ്റുള്ളവർ മനസ്സിലാക്കി വരുമ്പോഴേക്കും കയ്യിൽ കരുതി വെച്ചിരുന്ന താലി ചരട്ടെടുത്ത് അമ്മുവിന്റെ കഴുത്തിൽ കെട്ടിയിരുന്നു ആദി…
ഇറക്കികൊണ്ടു പോവുമ്പോൾ കാമുകിയായിട്ടല്ല ഭാര്യയായിട്ടാവണമെന്ന് പണ്ടേ മനസ്സിലുറപ്പിച്ചതാണ്…. പോട്ടെ….
തെളിഞ്ഞൊരു ചിരിയോടെ എല്ലാവരോടും പറഞ്ഞ് ആദി അമ്മുവിനെ കൂട്ടിയാ പടിയിറങ്ങി പോവുമ്പോൾ പിഴച്ച തന്റെ കണക്കുകൂട്ടലുകളിലെ പാകപ്പിഴകളാലോജിച്ചവിടെ തറഞ്ഞു നിന്നു അമ്മാവൻ….
കൂടെപ്പിറപ്പിനു വേണ്ടി മകളെ തള്ളി പറയേണ്ടി വന്ന അമ്മയും അന്നേരമവരുടെ നന്മക്കായ് ഈശ്വരനോട് കേണുക്കൊണ്ടിരുന്നു ,ആരാരും അറിയാതെ….
RJ….
