എന്റെ ചെറുപ്പകാലത്ത് വീട്ടിൽ മുത്തശ്ശിയെ കാണാൻ ഇടയ്ക്കിടെ വന്നിരുന്ന ഒരു സ്ത്രീയുണ്ടായിരുന്നു. സ്നേഹത്തോടെ ഞങ്ങൾ അവരെ ‘രുക്കു അക്കൻ’ എന്നാണ് വിളിച്ചിരുന്നത്. രുക്മിണി അമ്മാൾ എന്നായിരുന്നു മുഴുവൻ പേര്. ഭർത്താവ് അറുമുഖൻ ചേട്ടിയാർ.
വസൂരിക്കലകൾ പടർന്ന, രൗദ്രഭാവമുള്ള മുഖമായിരുന്നു ചേട്ടിയാരുടേത്. തമിഴ് സിനിമകളിലെ വില്ലന്മാരെപ്പോലെ വലിയ കൊമ്പൻ മീശയും ഗാംഭീര്യമുള്ള രൂപവും. ഇന്നും ആ മുഖം ചെറിയൊരു ഓർമ്മയായി മനസ്സിലുണ്ട്.
അവരുടെ വീടിന്റെ തെക്കുവശത്ത് ഒരു വലിയ മഞ്ചാടിമരമുണ്ടായിരുന്നു. ഞങ്ങളുടെ നാട്ടിൽ അത്തരം മരങ്ങൾ വളരെ അപൂർവമായിരുന്നതിനാൽ കുട്ടികളായ ഞങ്ങൾ ഇടയ്ക്കിടെ അവിടെ മഞ്ചാടി പെറുക്കാൻ പോകുമായിരുന്നു.
സ്കൂൾ വിട്ടു വരുമന്ന അവരുടെ പറമ്പ്. അവിടെ നിറച്ചും കായ്ച്ചു നിൽക്കുന്ന ഒരു പറങ്കിമാവുണ്ടായിരുന്നു.. അതിന്റെ ശാഖകൾ റോഡിലേക്ക് ചാഞ്ഞു കിടക്കുന്നുണ്ടാവും,നിറയെ പറങ്കി മാമ്പഴങ്ങളുമായി..കുറെയൊക്കെ താഴെ വീണു കിടക്കുകയും ചെയ്യും.
ചില കുസൃതി പയ്യന്മാർ അതിൽ നിന്ന് ആരും കാണാതെ ഒന്നോ രണ്ടോ പറങ്കി മാമ്പഴം എടുക്കും. ചിലപ്പോൾ താഴെ കിടക്കുന്നതും അവർ പെറുക്കി എടുക്കും. ചെട്ടിയാർ അവിടെയെങ്ങാനും നിൽപ്പുണ്ടെങ്കിൽ ഒരു വലിയ വടിയും കൊണ്ട് ഓടി വരും. “ആരാടാ എന്റെ പറമ്പിൽ…”എന്ന അട്ടഹസിച്ചു കൊണ്ടാണ് വരവ്.
ഞാനടക്കമുള്ള എല്ലാ കുട്ടികൾക്കും അയാളെ കാണുന്നതുതന്നെ പേടിയായിരുന്നു
എന്റെ ചെറുപ്പം മുതലേ രുക്കുഅക്കൻ മുത്തശ്ശിയുടെ അടുത്ത കൂട്ടുകാരിയായിരുന്നു. മുത്തശ്ശി ഇടയ്ക്കിടെ അവരുടെ വീട്ടിൽ പോകുന്നതും തിരികെ വരുമ്പോൾ എനിക്കായി കുന്നിക്കുരുവും മഞ്ചാടിക്കുരുവുമൊക്കെ കൊണ്ടുവരുന്നതും ഓർക്കുന്നു.
ചിലപ്പോഴൊക്കെ വീട്ടിൽനിന്ന് പച്ചമാങ്ങയും മൈലാഞ്ചിയും കമ്പിളിനാരകവുമൊക്കെ രുക്കു അക്കന്റെ മകൾക്കായി കൊടുത്തയക്കും.
ആ പെൺകുട്ടി അധികമൊന്നും വീടിന് പുറത്തേക്ക് ഇറങ്ങുന്നത് ഞാൻ കണ്ടിട്ടേയില്ല. അതിന്റെ പ്രായമുള്ള കുട്ടികളൊക്കെ ചുറ്റുവട്ടത്ത് കളിച്ചു നടക്കുമ്പോൾ അതുമാത്രം വീടിനുള്ളിൽ ഒറ്റയ്ക്കെങ്ങനെ ഇരിക്കുമെന്നോർന്ന് ഞാൻ അത്ഭുതപ്പെട്ടിട്ടുണ്ട്.
സ്കൂളിൽ പോകുന്നതുപോലും കൂട്ടുകാരൊന്നുമില്ലാതെ ഒറ്റയ്ക്കായിരുന്നു. ചെറിയ പ്രായത്തിൽ തന്നെ അവളുടെ മൂക്കിൽ കല്ലുവെച്ച മനോഹരമായ ഒരു മൂക്കുത്തിയുണ്ടായിരുന്നത് ഞാനോർക്കുന്നു..നിറയെ മുത്തുകളുള്ള വെള്ളി പാദസരവും കിലുക്കി പട്ടുപാവാടയും, ബ്ലൗസുമിട്ട് മുടിയിൽ കനകാംബര പൂക്കളും ചൂടി ആ കുട്ടി നടന്നുവരുന്നത് കാണാൻ ഒരുശേലു ണ്ടായിരുന്നു
പത്താം ക്ലാസ് കഴിഞ്ഞതോടെ ചേട്ടിയാർ അവളെ വിവാഹം കഴിപ്പിച്ചയച്ചു. അതോടെ തന്റെ കുടുംബഭാരങ്ങളിൽ ഒന്നു കുറഞ്ഞപോലെ അയാൾക്ക് തോന്നിയിരിക്കാം. രുക്കു അക്കന് അവളെ തുടർന്ന് പഠിപ്പിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു പക്ഷേ ആ വീട്ടിൽഅവർക്കു യാതൊരു വിലയുമില്ലായിരുന്നു എന്നതാണ് സത്യം.
രുക്കു അക്കനെ ചേട്ടിയാർ ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നും വഴക്കുണ്ടാക്കാറുണ്ടായിരുന്നുവെന്നും പലപ്പോഴും കേട്ടിട്ടുണ്ട്. ഇടയ്ക്കിടെ സ്വന്തം നാടായ തമിഴ്നാട്ടിലേക്ക് പോകും.
അവിടെയൊരു ചിന്ന വീട് സെറ്റപ്പോക്കെ ഉണ്ടായിരുന്നുവെന്നത് പരസ്യമായ രഹസ്യമാണ്. അല്ല അയാൾക്ക് വേറെ ഒരുപാട് ബന്ധങ്ങൾ ഉണ്ടായിരുന്നു.
പാവം രുക്കു അക്കൻ ഇതെല്ലാം സഹിച്ച അയാളുടെ അടിയും തൊഴിയും കൊണ്ട് ആരോടും പരാതി പറയാതെ ആ വീട്ടിൽ കഴിഞ്ഞുവന്നു.
അതിനെക്കുറിച്ച് എന്തെങ്കിലും ചോദിച്ചാൽ അന്നത്തെ ദിവസം വീട്ടിൽ വഴക്കും ബഹളവുമായിരിക്കും. അയാളുടെ സ്വഭാവവും രൂപവും അധികാരഭാവവുമൊക്കെ കാരണംരുക്കു അക്കന്റെ ബന്ധുക്കൾ പോലും ഒന്നും ചോദിക്കാൻ ധൈര്യപ്പെടാറിമില്ലായരുന്നു.
ആയകാലത്ത് രാജാവിനെപ്പോലെയായിരുന്നു അയാളുടെ ജീവിതം. വീടിനു മുന്നിലെ ചാരുകസേരയിൽ നീണ്ടുനിവർന്ന് കിടക്കുന്ന ചേട്ടിയാരെ കണ്ടാൽത്തന്നെ ആജാനുബാഹുവായ ഒരു മനുഷ്യന്റെ അധികാരപ്രതാപം തോന്നും.
സ്വന്തം മകളെ വിവാഹം കഴിപ്പിച്ചയച്ചതിനുശേഷം അവൾ എങ്ങനെയുണ്ട്, സുഖമായിരിക്കുന്നുണ്ടോ എന്നുപോലും അയാൾ അന്വേഷിക്കാറില്ലായിരുന്നത്രേ. നാടുനീളെ ബന്ധങ്ങളുണ്ടെന്നൊക്കെയായിരുന്നു കേട്ടിരുന്നത്.
പത്തറുപത്തഞ്ഞു വയസ്സു കഴിഞ്ഞപ്പോൾ ചേട്ടിയാർക്കൊരു സ്ട്രോക്ക് വന്നു. ശരീരംകുറെയൊക്കെ തളർന്ന് കിടപ്പിലായി. ഒരിക്കൽ മറ്റുള്ളവരുടെ മുന്നിൽ രാജാവിനെപ്പോലെ ജീവിച്ചിരുന്ന മനുഷ്യൻ ഒടുവിൽ പരസഹായമില്ലാതെ ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയിലെത്തി.
നാട് നീളമുള്ള അയാളുടെ മറ്റു ബന്ധങ്ങളിലുള്ളവരോ തമിഴ്നാട്ടിലെ ചിന്ന വീട് സെറ്റപ്പക്കാരിയോ തിരിഞ്ഞുനോക്കിയില്ല. ഒടുവിൽ അയാളെ പരിചരിക്കാൻ രുക്കു അക്കൻ മാത്രം.
ഒരിക്കൽ മുത്തശ്ശി അവരുടെ വീട്ടിൽ പോയപ്പോൾ കണ്ട കാഴ്ച പിന്നീട് എന്നോട് പറഞ്ഞിട്ടുണ്ട്.
രാവിലെ ചൂടുവെള്ളത്തിൽ തുണി മുക്കിപ്പിഴിഞ്ഞ് ചേട്ടിയാരുടെ ശരീരം മുഴുവൻ തുടച്ചുകൊടുക്കുന്നു അക്കൻ.. അയാൾക്ക് ഇഷ്ടമുള്ള വിഭവങ്ങൾ കണ്ടറിഞ്ഞ് ഉണ്ടാക്കിക്കൊടുക്കുന്നു. ഭക്ഷണം നൽകുന്നു. ഓരോ കാര്യവും വളരെ ശ്രദ്ധയോടെ ചെയ്യുന്നു.
അതൊക്കെ കണ്ടപ്പോൾ മുത്തശ്ശിക്ക് വലിയ അതിശയമായത്രേ.
ഒരുകാലത്ത് ഇത്രയധികം ഉപദ്രവിക്കുകയും അവഗണിക്കുകയും ചെയ്ത മനുഷ്യനോട് ഇപ്പോഴും ഇത്രയധികം സ്നേഹത്തോടെ പെരുമാറാൻ ഈ സ്ത്രീക്ക് എങ്ങനെ കഴിയുന്നു?
ഒടുവിൽ മുത്തശ്ശി ചോദിച്ചു.
“എന്റെ രുഗ്മിണീ, നീയെന്താ ഇങ്ങനെ? നിന്നെ ഇത്രയൊക്കെ ഉപദ്രവിച്ച മനുഷ്യനല്ലേ ഇയാൾ? എന്നിട്ടും ഒരു പരാതിയുമില്ലാതെ ഇത്രയും സ്നേഹത്തോടെ നോക്കാൻ നിനക്കെങ്ങനെ കഴിയുന്നു?”
രുക്കു അക്കൻ നൽകിയ മറുപടിയാണ് ഈ കഥയിലെ ഏറ്റവും വലിയ അത്ഭുതം.
“ഇതൊക്കെ സ്നേഹമാണെന്ന് ആരാ പറഞ്ഞത്?”
മുത്തശ്ശി അമ്പരന്നു.
“പിന്നെ?”
അക്കൻ തുടർന്നു.
“ഇത് ഞാൻ അയാൾക്ക് കൊടുക്കുന്ന ശിക്ഷയാണ്. എനിക്ക് ഇത്രയൊക്കെ സ്നേഹത്തോടെ അയാളെ നോക്കാൻ കഴിയുമായിരുന്നുവെന്ന് അയാൾ ഇപ്പോഴെങ്കിലും മനസ്സിലാക്കട്ടെ. ആയകാലത്ത് എന്റെ സ്നേഹം കണ്ടില്ലെന്ന് നടിച്ചിട്ടല്ലേ അയാൾ മറ്റിടങ്ങളിൽ സ്നേഹം തേടിപ്പോയത്..
ഇപ്പോൾ അയാൾക്ക് മനസ്സിലാകുന്നുണ്ടാകും. ഒന്നും വേണ്ടായിരുന്നുവെന്ന്. അവരൊന്നും ഇപ്പോൾ തിരിഞ്ഞുനോക്കുന്നില്ലല്ലോ. ഒടുവിൽ ഞാൻ മാത്രമല്ലേ അയാളുടെ കൂടെയുള്ളൂ എന്ന് അയാൾ തിരിച്ചറിഞ്ഞിട്ടുണ്ട്.
അയാൾക്ക് കൊടുക്കാൻ കഴിയുന്ന ഏറ്റവും വലിയ ശിക്ഷ ഇതാണ്.”
മുത്തശ്ശി പിന്നെ ഒന്നും പറഞ്ഞില്ലത്രേ.
ഈ കഥ കേട്ടപ്പോൾ അന്നെനിക്ക് അത്രയൊന്നും മനസ്സിലായില്ല. പക്ഷേ കാലം കഴിയുന്തോറും ആ വാക്കുകൾക്ക് കൂടുതൽ അർത്ഥങ്ങളുണ്ടെന്ന് തോന്നുന്നു.
നമ്മൾ ചുറ്റുപാടും കാണുന്ന പല കുടുംബങ്ങളിലും ആയുസ്സിന്റെ നല്ലൊരു ഭാഗം മുഴുവൻ പരസ്പരം വഴക്കിട്ടും കുറ്റപ്പെടുത്തിയും അവഗണിച്ചും ജീവിക്കുന്ന ദമ്പതികളുണ്ടാകും.
ഒരാൾ മറ്റൊരാളുടെ സ്നേഹം തിരിച്ചറിയാതെ പോകുന്നു. ചിലർക്ക് പങ്കാളിയുടെ സ്നേഹം ഒരു അവകാശം മാത്രമാണ്. ചിലർക്ക് അവരുടെ സാന്നിധ്യത്തിന്റെ വില മനസ്സിലാകുന്നത് അവർ ഇല്ലാതാകുമ്പോഴോ, അല്ലെങ്കിൽ തങ്ങൾ മറ്റൊരാളെ ആശ്രയിക്കേണ്ടിവരുമ്പോഴോ മാത്രമാണ്.
പ്രായമാകുമ്പോൾ അവരിലൊരാൾക്ക് അസുഖം വരുന്നു. കിടപ്പിലാകുന്നു. അപ്പോൾ ഇത്രയും കാലം വഴക്കിട്ടിരുന്ന അതേ പങ്കാളി എല്ലാം മറന്ന് ശുശ്രൂഷിക്കുന്നു. കുളിപ്പിക്കുന്നു, ഭക്ഷണം നൽകുന്നു, മരുന്നുകൾ കൊടുക്കുന്നു, ഉറക്കമില്ലാത്ത രാത്രികളിൽ കൂടെയിരിക്കുന്നു.
അപ്പോൾ നമുക്ക് തോന്നും, എത്ര മനോഹരമായ സ്നേഹബന്ധം..
പക്ഷേ അപ്പോഴെങ്കിലും ഒരു ചോദ്യം മനസ്സിൽ വരാറില്ലേ..
ഇത് യഥാർത്ഥ സ്നേഹമാണോ? അതോ ഇത്രയും കാലം താൻ അനുഭവിച്ച അവഗണനയ്ക്കും വേദനയ്ക്കുമുള്ള മറുപടിയാണോ?
ഒരുപക്ഷേ രണ്ടും കൂടിയായിരിക്കാം.
ആയകാലത്ത് കൊടുക്കാൻ കഴിയാതെ പോയ സ്നേഹം അവസാനകാലത്ത് കൊടുത്തുതീർക്കുന്നതാകാം. അല്ലെങ്കിൽ, താനില്ലാതെ ഈ മനുഷ്യന് ഒരു ജീവിതമില്ലെന്ന് അയാളെ ബോധ്യപ്പെടുത്താനുള്ള അവസരമായി ആ പരിചരണത്തെ കാണുന്നതാകാം.
ഒരുപക്ഷേ, അയാളുടെ മുന്നിൽ തോറ്റുകൊടുക്കാൻ തയ്യാറാകാത്ത ഒരു സ്ത്രീയുടെ ഏറ്റവും നിശ്ശബ്ദമായ വിജയമായിരിക്കാം അത്.
രുക്കു അക്കന്റെ വാക്കുകൾ ഓർക്കുമ്പോൾ എനിക്കിപ്പോഴും ഒരു സംശയമുണ്ട്.
അവർ ചേട്ടിയാരെ സ്നേഹിക്കുകയായിരുന്നോ, അതോ അയാൾക്ക് തന്റെ സ്നേഹത്തിന്റെ വില മനസ്സിലാക്കിക്കൊടുക്കുകയായിരുന്നോ?
ഒരുപാട് നരകിച്ചാണ് ചെട്ടിയാർ മരിച്ചത്. അയാളുടെ അവസാനം വരെയും അക്കൻ അയാളെ നന്നായി നോക്കുകയും ചെയ്തിരുന്നു ഒരുപക്ഷേ അയാൾക്കുമത് മനസ്സിലായിട്ടുണ്ടാകും
എന്തായാലും ഒരു കാര്യംസത്യമാണ്..
നല്ല സമയത്ത് ഒരാൾക്ക് കൊടുക്കാതെ പോയ സ്നേഹം, അവസാനകാലത്ത് എത്രയൊക്കെ പരിചരണമായി തിരികെ നൽകിയാലും അതിന് പകരമാകുമോ..
അതോ, ജീവിതകാലം മുഴുവൻ അവഗണിച്ച ഒരാളുടെ മുന്നിൽ അവസാനകാലത്ത് അയാൾക്കുവേണ്ടി മാത്രം ജീവിച്ചുകൊണ്ട്, ‘നിങ്ങൾക്ക് നഷ്ടമായതെന്താണെന്ന് ഇപ്പോഴെങ്കിലും മനസ്സിലായോ…’ എന്ന് നിശ്ശബ്ദമായി ചോദിക്കുകയാണോ രുക്കു അക്കനെപ്പോലെയുള്ളവർ…
✍️Vineetha Sekhar
