നിനക്ക് നിന്റെ അമ്മായിയമ്മ ആണല്ലോ വലുത്.. ഏട്ടൻ ഫോൺ വിളിച്ചപ്പോൾ ചോദിച്ചതോർത്തു വിഷമിച്ചിരിക്കുമ്പോൾ ആണ് മോളുടെ ചോദ്യം
അമ്മ വരണില്ലേ എന്ന്
“ഞാൻ വരുന്നില്ല… നിങ്ങൾ പോയിട്ട് വാ.”
പ്രിയയുടെ വാക്കുകൾ കേട്ട് മക്കൾ പരസ്പരം നോക്കി. അമ്മയുടെ മുഖത്ത് പതിവില്ലാത്തൊരു സങ്കടം നിഴലിച്ചിരുന്നു. കല്യാണത്തിന് പോകാനുള്ള ഒരുക്കങ്ങൾക്കിടയിലാണ് അമ്മയുടെ ഈ തീരുമാനം അവരെ വിഷമിപ്പിച്ചത്.
“അമ്മയില്ലാതെ ഞങ്ങൾ പോകുന്നില്ല.”
മകൾ അമ്മയുടെ അടുത്തേക്ക് നീങ്ങിയിരുന്നു.
“ഏയ്, നിങ്ങൾ പോകാതിരുന്നാൽ മാമന് സങ്കടമാകും…”
“അമ്മേ, ഇന്ന് ആരുടെ കല്യാണമാണെന്ന് അമ്മയ്ക്ക് വല്ല ഓർമ്മയുമുണ്ടോ?”
മകളുടെ ചോദ്യം കേട്ട് പ്രിയ അവളെ നോക്കി.
“അതെന്താ നീ അങ്ങനെ ചോദിച്ചത്? ഇന്ന് എന്റെ ഒരേയൊരു ആങ്ങളയുടെ മോളുടെ കല്യാണം.”
“ആ കല്യാണം കൂടാൻ അമ്മയ്ക്ക് ആഗ്രഹമില്ലേ?”
“ഉണ്ടോന്ന് ചോദിച്ചാൽ… ഉണ്ട്, ഒത്തിരി ആഗ്രഹമുണ്ട്. ഞാൻ എടുത്തുവളർത്തിയ കുഞ്ഞാണ് അവൾ. അവൾ മംഗല്യവതിയായി ഞങ്ങളുടെ തറവാടിന്റെ പടിയിറങ്ങിപ്പോകുന്നത് കൺകുളിർക്കെ കാണാൻ എനിക്ക് വലിയ ആഗ്രഹമുണ്ട്…”
പറഞ്ഞുതീർന്നപ്പോൾ പ്രിയയുടെ കണ്ണുകൾ നിറഞ്ഞു. വർഷങ്ങളായി കാണാതിരുന്ന സഹോദരനെയും ബന്ധുക്കളെയുമൊക്കെ മനസ്സിൽ ഓർത്തപ്പോൾ അവളുടെ ഉള്ളിൽ അടക്കിവെച്ചിരുന്ന ആഗ്രഹങ്ങൾ വീണ്ടും തലപൊക്കി.
“എന്നിട്ടാണോ അമ്മ പോകുന്നില്ലെന്ന് പറഞ്ഞത്? അമ്മയ്ക്ക് എത്ര സങ്കടമുണ്ടോ, അതിലും കൂടുതൽ സങ്കടം മാമന് ഉണ്ടാകില്ലേ? ഒരേയൊരു കൂടപ്പിറപ്പ് തന്റെ മകളുടെ കല്യാണത്തിന് ചെന്നില്ലെങ്കിൽ…”
“അതൊക്കെ ശരിയാ മോളേ… പക്ഷേ, ഇത്രയും ദൂരം കല്യാണത്തിന് പോകാനുള്ള എന്റെ സാഹചര്യം…”
പ്രിയയുടെ വാക്കുകൾ പാതിയിൽ മുറിഞ്ഞു. മുറിയുടെ മൂലയിലെ കട്ടിലിൽ കിടക്കുന്ന അമ്മായിയമ്മയെ അവൾ ഒന്ന് തിരിഞ്ഞുനോക്കി. കണ്ണുകൾ അടച്ച് ശാന്തമായി കിടക്കുന്ന അമ്മയെ കണ്ടപ്പോൾ അവളുടെ മനസ്സിൽ വീണ്ടും ആശങ്ക നിറഞ്ഞു.
“എന്ത് സാഹചര്യം? ഇപ്പോൾ അമ്മയുടെ സാഹചര്യത്തിന് എന്താ കുഴപ്പം? പണ്ട് ആയിരുന്നെങ്കിൽ നല്ലൊരു സാരി ഇല്ല, കഴുത്തിലും കാതിലും ഒന്നുമില്ല എന്നൊക്കെ പറയാമായിരുന്നു. എന്നാൽ ഇന്ന് അമ്മയ്ക്ക് നാലാളുടെ മുന്നിൽ ഇറങ്ങാൻ പറ്റുന്ന എല്ലാം ഉണ്ടല്ലോ…”
മകളുടെ വാക്കുകൾ കേട്ട് പ്രിയ ഒന്നും മിണ്ടിയില്ല. ശരിയാണ്, ഒരിക്കൽ ഒന്നുമില്ലാതിരുന്ന തനിക്ക് ഇന്ന് എല്ലാമുണ്ട്. മക്കൾ നല്ല ജോലികളിൽ എത്തി. കടങ്ങളൊക്കെ വീട്ടി. സ്വന്തമായി വീടും സമ്പാദ്യവുമുണ്ട്. പക്ഷേ, തന്നെ ഇത്രയും ഉയരത്തിലെത്താൻ സഹായിച്ച ആ അമ്മയെ തനിച്ചാക്കി പോകാൻ മാത്രം മനസ്സ് അനുവദിക്കുന്നില്ല.
“ശരിയാ മോളേ, നീ പറഞ്ഞത്… ഇന്ന് നാലാളുടെ മുന്നിൽ ഇറങ്ങാനുള്ള എല്ലാം ഉണ്ട്.”
പ്രിയയുടെ വാക്കുകൾക്കൊപ്പം അവളുടെ മനസ്സ് അറിയാതെ കഴിഞ്ഞുപോയ കാലത്തിലേക്ക് സഞ്ചരിച്ചു.
അച്ഛനും ആങ്ങളയും അവർക്ക് ആകുന്ന വിധത്തിൽ സ്ത്രീധനം തന്നാണ് തന്നെ കെട്ടിച്ചുവിട്ടത്. വിവാഹം കഴിഞ്ഞ് ഭർത്താവിന്റെ വീട്ടിലെത്തിയപ്പോൾ അവിടെയും സന്തോഷകരമായ ജീവിതമായിരുന്നു. ദേവേട്ടൻ ബിസിനസുകാരനായിരുന്നു. ബിസിനസ്സ് ആവശ്യങ്ങൾക്കായി സ്വർണം ഓരോന്നായി ഊരിക്കൊടുത്തു തുടങ്ങിയപ്പോൾ പ്രിയയ്ക്ക് അതിൽ യാതൊരു വിഷമവും തോന്നിയിരുന്നില്ല. ഭർത്താവിന്റെ ആവശ്യത്തിന് സഹായിക്കുകയല്ലേ എന്നൊരു ചിന്ത മാത്രമായിരുന്നു അവൾക്ക്.
അത് ശ്രദ്ധയിൽപ്പെട്ട അമ്മായിയമ്മ ഒരിക്കൽ അവളെ അടുത്തു വിളിച്ചു. പ്രിയയുടെ കൈയിൽനിന്ന് ഊരിവെച്ച വളകൾ വാങ്ങി നോക്കിയശേഷം അമ്മ അവളെ സ്നേഹത്തോടെ ഉപദേശിച്ചു.
“മോളേ, അത് നിന്റെ അച്ഛൻ നിനക്ക് തന്നതാണ്. അവന്റെ ആവശ്യങ്ങൾക്കായി വിൽക്കാനുള്ളതല്ല. അതുകൊണ്ട് നീ എല്ലാം അവന് ഊരിക്കൊടുക്കരുത്.”
അമ്മയുടെ വാക്കുകൾ കേട്ട് പ്രിയ ചിരിച്ചു.
“ബിസിനസ്സ് ആവശ്യത്തിനല്ലേ അമ്മേ… ഈ സ്വർണം ഇവിടെ അലമാരയിൽ വെച്ചിട്ട് എന്തിനാ? ദേവേട്ടന് ഒരു ആവശ്യം വരുമ്പോൾ ഞാൻ അല്ലേ സഹായിക്കേണ്ടത്?”
പ്രിയയുടെ മറുപടി കേട്ടപ്പോൾ അമ്മായിയമ്മയുടെ മുഖത്ത് പഴയകാലത്തിന്റെ വേദന തെളിഞ്ഞു. കുറച്ചുനേരം മിണ്ടാതിരുന്ന അവർ ഒരു ദീർഘനിശ്വാസത്തോടെ തന്റെ ജീവിതത്തിൽ സംഭവിച്ചതെല്ലാം അവളോട് പറഞ്ഞു.
“മോളേ, ഒരു കാലത്ത് ഞാനും ഇങ്ങനെ ചിന്തിച്ച് ഇവന്റെ അച്ഛന് എല്ലാം ഊരിക്കൊടുത്തു. പിന്നെയല്ലേ അറിഞ്ഞത് എന്റെ സ്വർണം വിറ്റ പൈസയെല്ലാം കള്ളുഷാപ്പിലും ചീട്ടുകളി സങ്കേതത്തിലുമാണ് തീർന്നതെന്ന്. അപ്പോഴേക്കും ഒരു തരി സ്വർണം പോലും എന്റെ ദേഹത്തില്ലായിരുന്നു.
പിന്നെ അടിയായി, വഴക്കായി… എന്റെ വീട്ടുകാർ എന്നെ വിളിച്ചുകൊണ്ടുപോകാൻ വന്നതാ. ഞാൻ പോയില്ല. അങ്ങേര് നന്നാകുമെന്ന് കരുതി അവിടെത്തന്നെ നിന്നു. പക്ഷേ, അങ്ങേര് നന്നായില്ലെന്ന് മാത്രമല്ല, കള്ളുഷാപ്പിൽ വെച്ചുണ്ടായ കത്തിക്കുത്തിൽ അങ്ങേര് അങ്ങ് പോയി.
വഴക്കാളിയായിരുന്നെങ്കിലും എന്നോട് വലിയ സ്നേഹമായിരുന്നു. നിന്റെ കെട്ടിയോനെ ആറേഴു മാസം വയറ്റിൽ ഉള്ളപ്പോഴാണ് അങ്ങേര് പോയത്. കൈയിൽ ഒരു കുഞ്ഞും വയറ്റിൽ വേറെ ഒന്നും എന്ത് ചെയ്യണം എന്നറിയാതെ പകച്ചു നിന്നു. പിന്നെ ജീവിക്കാനുള്ള നെട്ടോട്ടമായിരുന്നു.
ആങ്ങള പെണ്ണുകെട്ടിയതോടെ സ്വന്തം വീട്ടിലും അധികപ്പറ്റായി. അങ്ങനെ ഒരു വിധം മക്കളെ രണ്ടുപേരെയും വളർത്തി പഠിപ്പിച്ചു… മൂത്ത മോളെ കെട്ടിച്ചും വിട്ടു. അവളുടെ രണ്ടു പ്രസവവും നോക്കി വിട്ടു…
അപ്പന്റെ സ്വഭാവം കുറച്ചൊക്കെ ഇവനും കിട്ടിയിട്ടുണ്ട്. പഠിക്കാൻ വിട്ടപ്പോൾ പഠിക്കാതെ കൂട്ടുകൂടി നടന്നു. ജീവിക്കാനുള്ള വക കണ്ടെത്താനാണ് കച്ചവടത്തിന് ഇറങ്ങിയത്. കിട്ടുന്നതിൽ പാതി അവൻ കുടിക്കും. അതുകൊണ്ടാ അവൻ രക്ഷപ്പെടാത്തത്….
ഞാൻ കഷ്ടപ്പെട്ടതുപോലെ നീ നാളെ കഷ്ടപ്പെടരുത്. അതുകൊണ്ടാ അമ്മ പറയുന്നത്…”
അമ്മയുടെ ജീവിതകഥ കേട്ടപ്പോൾ പ്രിയയ്ക്ക് എന്തോ ഒരു വല്ലായ്മ തോന്നി. അമ്മയുടെ മുഖത്തേക്ക് നോക്കിയിരിക്കുമ്പോൾ ആ വാക്കുകളിൽ ഒളിഞ്ഞിരിക്കുന്ന വേദന അവൾക്ക് മനസ്സിലാകുന്നുണ്ടായിരുന്നു.
“ഇനി കൊടുക്കില്ലമ്മേ…”
“കൊടുക്കാതിരുന്നാൽ നിനക്ക് കൊള്ളാം.”
അമ്മ ഒരു താക്കീത് പോലെ പറഞ്ഞു.
പക്ഷേ, ദേവേട്ടന്റെ സ്നേഹത്തിനു മുന്നിൽ അമ്മ പറഞ്ഞതൊന്നും ഓർക്കാതെ ബാക്കിയുണ്ടായിരുന്ന സ്വർണവും പ്രിയ ഊരിക്കൊടുത്തു.
ഒടുവിൽ കടം കയറി ദേവേട്ടൻ ആത്മഹത്യ ചെയ്യുമ്പോൾ പറക്കമുറ്റാത്ത രണ്ടു പെൺമക്കളും കുറെ കടങ്ങളും മാത്രമായിരുന്നു തന്റെ സമ്പാദ്യം.
ആ ദിവസത്തെ ഓർമ്മയിൽ പ്രിയയുടെ നെഞ്ചിലൊരു വിങ്ങൽ അനുഭവപ്പെട്ടു. ജീവിതം പെട്ടെന്ന് ഇരുട്ടിലായതുപോലെയായിരുന്നു. എന്ത് ചെയ്യണമെന്നറിയാതെ പകച്ചുനിന്ന ആ നാളുകളിൽ അവൾക്ക് താങ്ങും തണലുമായി നിന്നത് അമ്മായിയമ്മ മാത്രമായിരുന്നു.
കടം വീട്ടാനായി മക്കളെ അമ്മയെ ഏൽപ്പിച്ച് കുട്ടികളെ നോക്കാനും കിടപ്പുരോഗികളെ പരിചരിക്കാനും ഹോം നഴ്സായും പോയപ്പോൾ, സ്വന്തം കുഞ്ഞുങ്ങളെപ്പോലെ അവരെ നോക്കിയത് അമ്മയാണ്. രാവിലെ ജോലിക്ക് പോകുമ്പോൾ കുഞ്ഞുങ്ങളെ അമ്മയുടെ കൈയിൽ ഏൽപ്പിച്ചാണ് അവൾ ഇറങ്ങിയിരുന്നത്. ജോലി കഴിഞ്ഞ് വൈകുന്നേരം തളർന്നുവന്ന് വീട്ടിലെത്തുമ്പോൾ മക്കൾക്ക് ഭക്ഷണം കൊടുത്ത് ഉറക്കിയിട്ടുണ്ടാകും. ചില ദിവസങ്ങളിൽ അമ്മയുടെ മടിയിൽ തലവെച്ച് കിടന്നുറങ്ങുന്ന കുഞ്ഞുങ്ങളെ കാണുമ്പോൾ പ്രിയയുടെ കണ്ണുകൾ നിറയും.
മക്കളെ സ്കൂളിൽ വിട്ടുകഴിഞ്ഞാൽ അമ്മ തൊഴിലുറപ്പിന് പോകുമായിരുന്നു. വെയിലത്ത് പണിയെടുത്ത് കിട്ടുന്ന കൂലി വീട്ടിലെത്തിയാൽ പ്രിയയുടെ കൈയിൽ കൊടുക്കും. വീട്ടുചെലവുകൾക്കും കുട്ടികളുടെ ആവശ്യങ്ങൾക്കും ആ പണം ഉപയോഗിക്കുമ്പോഴും അമ്മ ഒരിക്കലും കണക്കുപറഞ്ഞില്ല. തനിക്ക് കിട്ടുന്ന ചെറിയ വരുമാനം പോലും മക്കളുടെയും മരുമകളുടെയും ജീവിതം മെച്ചപ്പെടുത്താൻ മാറ്റിവെച്ച ആ അമ്മയുടെ മനസ്സ് പ്രിയയ്ക്ക് നന്നായി അറിയാമായിരുന്നു.
എന്നാൽ അമ്മ തന്നെയും മക്കളെയും ചേർത്തുപിടിച്ച് കൂടെ നിന്നത് ദേവേട്ടന്റെ പെങ്ങൾക്ക് ഒട്ടും ഇഷ്ടമായിരുന്നില്ല. സ്വന്തം സഹോദരന്റെ മരണശേഷം അമ്മ വിധവയായ മരുമകൾക്കും അവളുടെ മക്കൾക്കും വേണ്ടി ജീവിക്കുന്നത് അവൾക്ക് അംഗീകരിക്കാൻ കഴിഞ്ഞില്ല.
പലപ്പോഴും അതിന്റെ പേരിൽ അമ്മയും മകളും തമ്മിൽ വാക്കുതർക്കങ്ങളുണ്ടായി. സ്വന്തം അമ്മയെ കാണാൻ വരുമ്പോഴെല്ലാം പ്രിയയെയും കുട്ടികളെയും കുറിച്ചുള്ള കുറ്റപ്പെടുത്തലുകൾ പറഞ്ഞു കേൾപ്പിച്ചിട്ടാണ് അവൾ മടങ്ങാറുള്ളത്.
“അമ്മയ്ക്ക് സ്വന്തം മക്കളെക്കാൾ വലുതാണോ ഈ മരുമകളും അവളുടെ കുട്ടികളും?”
“അവൾക്ക് ആരുമില്ലാത്തതുകൊണ്ടല്ലേ മോളേ, നമ്മളല്ലാതെ വേറെ ആരാ അവൾക്കുള്ളത്?”
“അതിന് അമ്മ എന്തിനാ എല്ലാം ഏറ്റെടുത്ത് ചെയ്യുന്നത്? അവൾക്ക് ജോലിക്ക് പോകാൻ പറ്റുന്നില്ലേ? അവളുടെ മക്കളെ നോക്കാൻ അമ്മയെന്തിനാ ഇത്ര കഷ്ടപ്പെടുന്നത്?”
ഇങ്ങനെയുള്ള ചോദ്യങ്ങൾക്ക് അമ്മയ്ക്ക് മറുപടി പറയാൻ വാക്കുകളുണ്ടായിരുന്നില്ല. പ്രിയയും കുട്ടികളും അവിടെനിന്ന് മാറിപ്പോകണമെന്ന് അവൾ ആഗ്രഹിച്ചിരുന്നെങ്കിലും അമ്മ അതിന് തയ്യാറായില്ല. പതുക്കെ അമ്മയുമായുള്ള ബന്ധവും അകന്നു. അമ്മയെ കാണാനോ പരിചരിക്കാനോ അവൾ പിന്നെ വരാതെയായി.
അവരുടെ മകൻ കാരണം ജീവിതം ദുരിതത്തിലായ ഒരു പെണ്ണിനോടുള്ള കടമയാണോ, സഹതാപമാണോ, അതോ തന്നോടുള്ള സ്നേഹമാണോ, അതുമല്ല ജീവിതത്തിൽ തനിച്ചായ ഒരു സ്ത്രീയുടെ അനുഭവം നേരിട്ട് അനുഭവിച്ചതുകൊണ്ടാണോ എന്നൊന്നും തനിക്ക് അറിയില്ല. പക്ഷേ, അമ്മ മാത്രമാണ് അന്ന് കൂടെ നിന്നത്.
ചെറുപ്പത്തിൽ വിധവയായ മരുമകൾ, ചെറിയ രണ്ട് പെൺകുട്ടികൾ… അവരുടെ നേർക്ക് ഒരു നോട്ടം കൊണ്ടുപോലും സമൂഹം സംശയത്തിന്റെ നിഴൽ വീഴ്ത്താതിരിക്കാൻ അമ്മ എന്നും കരുതലോടെ നിന്നു. പ്രിയ എവിടെയെങ്കിലും ജോലിക്ക് പോകുമ്പോൾ കുട്ടികളെ അമ്മയുടെ അടുത്ത് സുരക്ഷിതമായി ഏൽപ്പിക്കാമായിരുന്നു. നാട്ടുകാരുടെ വാക്കുകൾക്കും പരിഹാസങ്ങൾക്കും ഇടയിലും അമ്മ അവളെ ചേർത്തുപിടിച്ചു.
അമ്മയുടെ സ്നേഹവും കരുതലും വെറുതെയായില്ല. പ്രിയ രണ്ടു മക്കളെയും നന്നായി പഠിപ്പിച്ച് ജോലിക്കാരാക്കി. കടങ്ങളെല്ലാം വീട്ടി. ഇന്ന് മക്കൾ നല്ലൊരു വീട് വെച്ചു. ഒരിക്കൽ തകർന്നുപോയ ജീവിതം പതുക്കെ കരകയറി.
പക്ഷേ, അപ്പോഴേക്കും അമ്മയുടെ ഓർമ്മ നഷ്ടമായിരുന്നു.
പഴയ കാര്യങ്ങളൊന്നും അമ്മയ്ക്ക് ഓർമ്മയില്ല. ചിലപ്പോൾ വീട്ടിൽ ആരൊക്കെയുണ്ടെന്ന് പോലും തിരിച്ചറിയില്ല. വിസർജ്യങ്ങൾ കൈകൊണ്ട് വാരും. കൊച്ചുകുട്ടികളെപ്പോലെയാണ് പെരുമാറ്റം. ചിലപ്പോൾ കാരണമില്ലാതെ കരയും, ചിലപ്പോൾ എന്തൊക്കെയോ പറഞ്ഞ് ദേഷ്യപ്പെടും. ഒരിക്കൽ തങ്ങളെ ചേർത്തുപിടിച്ച ആ കൈകൾക്ക് ഇന്ന് സ്വന്തം കാര്യങ്ങൾ പോലും ചെയ്യാൻ കഴിയാത്ത അവസ്ഥയായിരുന്നു.
അമ്മയെ തനിച്ചാക്കി ഒരിടത്തും പോകാറില്ല പ്രിയ. വേറെ ആരെങ്കിലും അമ്മയെ പരിചരിക്കുന്നതും അവൾക്ക് ഇഷ്ടമല്ല. സ്വന്തം കൈകൊണ്ട് തന്നെ എല്ലാം ചെയ്തുകൊടുക്കണം എന്നൊരു നിർബന്ധം അവൾക്കുണ്ടായിരുന്നു. അമ്മയുടെ വസ്ത്രങ്ങൾ മാറ്റുന്നതും ഭക്ഷണം കൊടുക്കുന്നതും കുളിപ്പിക്കുന്നതുമെല്ലാം അവൾ തന്നെ ചെയ്യും. അമ്മയ്ക്ക് എന്തെങ്കിലും അസ്വസ്ഥതയുണ്ടായാൽ രാത്രിയിൽ ഉറക്കം പോലും ഉപേക്ഷിച്ച് അടുത്തിരുന്ന് നോക്കും.
അമ്മയ്ക്ക് താൻ ആരാണെന്നുപോലും അറിയില്ല. പഴയ കാര്യങ്ങളൊന്നും ഓർമ്മയില്ല. പക്ഷേ, പ്രിയയ്ക്ക് അറിയാമല്ലോ ഇത് തന്റെ അമ്മയാണെന്ന്. ഈ അമ്മ തനിക്കും തന്റെ മക്കൾക്കും വേണ്ടി എത്രമാത്രം കഷ്ടപ്പെട്ടിട്ടുണ്ട് എന്ന്. ആ അമ്മ ഒരിക്കൽ ഒരു മോളെപ്പോലെ കരുതി സംരക്ഷിച്ചതുകൊണ്ടാണ് താൻ ഇന്ന് ഈ നിലയിലെങ്കിലും എത്തിയത്.
അതിനിടയിലാണ് സഹോദരന്റെ മകളുടെ കല്യാണത്തിന് ക്ഷണിച്ചുകൊണ്ട് പ്രിയയുടെ ആങ്ങള വിളിച്ചത്. വർഷങ്ങളായി ബന്ധുക്കളെയെല്ലാം കണ്ടിട്ട്. കല്യാണം കൂടാൻ പോകണമെന്ന് അവൾക്ക് വലിയ ആഗ്രഹമുണ്ടായിരുന്നു. സഹോദരന്റെ മകളെ അണിയിച്ചൊരുക്കി വിവാഹവേദിയിൽ കാണുന്നതും അവളുടെ മനസ്സിൽ ഒരുപാട് സന്തോഷം നിറച്ചിരുന്നു.
പക്ഷേ, കല്യാണത്തിന് പോകണമെങ്കിൽ അമ്മയെ ആരെങ്കിലും നോക്കണമല്ലോ.
രണ്ടു ദിവസം അമ്മയെ നോക്കാൻ ദേവേട്ടന്റെ സഹോദരിയെ വിളിച്ചുപറയാമെന്ന് പ്രിയ തീരുമാനിച്ചു. ഒരുപക്ഷേ സ്വന്തം അമ്മയെ പരിചരിക്കാനുള്ള അവസരമായി അവളെങ്കിലും ഇതിനെ കാണുമെന്ന പ്രതീക്ഷയും മനസ്സിലുണ്ടായിരുന്നു.
ഫോണെടുത്ത് നമ്പർ തിരഞ്ഞ് അവൾ വിളിച്ചു.
“ഹലോ…”
“ചേച്ചീ, ഞാനൊരു കാര്യം പറയാനാ വിളിച്ചത്. ചേട്ടന്റെ മോളുടെ കല്യാണമാണ്. എനിക്ക് രണ്ടു ദിവസം അവിടെ പോകേണ്ടതുണ്ട്. ചേച്ചിക്ക് വന്ന് അമ്മയെ രണ്ടു ദിവസം നോക്കാൻ പറ്റുമോ?”
പ്രിയയുടെ ചോദ്യം കേട്ടതും മറുവശത്ത് ഒരു നിമിഷത്തെ നിശ്ശബ്ദത.
“അയ്യോ പ്രിയേ, അന്ന് എനിക്കും ഉണ്ട് ഒരു കല്യാണം. ഗിരിയേട്ടന്റെ ബന്ധു വീട്ടിൽ. എനിക്ക് ആ കല്യാണത്തിന് പോകണം. അത് മാത്രമല്ല, എനിക്ക് അമ്മയെ നോക്കാനൊന്നും അറിയില്ല. അതിന് പ്രിയ തന്നെ വേണം…”
അവളുടെ മറുപടി കേട്ട് പ്രിയയ്ക്ക് ഒന്നും പറയാൻ തോന്നിയില്ല. സ്വന്തം അമ്മയെ പരിചരിക്കാൻ ഇത്രയും കാലം വരാതിരുന്ന അവൾ, ഇപ്പോൾ വരുമെന്ന പ്രതീക്ഷ വെച്ചത് തന്റെ തെറ്റാണെന്ന് അവൾക്ക് തോന്നി.
ഫോൺ താഴെവെച്ചപ്പോൾ മനസ്സിൽ ഉണ്ടായിരുന്ന അവസാന പ്രതീക്ഷയും അസ്തമിച്ചിരുന്നു. അതുകൊണ്ടാണ് കല്യാണത്തിന് പോകുന്നില്ലെന്ന് അവൾ തീരുമാനിച്ചത്.
“അമ്മ എന്ത് ഓർത്തിരിക്കുവാ?”
മകളുടെ ചോദ്യം കേട്ട് പ്രിയ ചിന്തകളിൽനിന്ന് ഉണർന്നു. ഇത്രയും നേരം കഴിഞ്ഞുപോയ ജീവിതത്തെക്കുറിച്ച് ഓർത്തിരിക്കുകയായിരുന്നു അവൾ.
“ഒന്നുമില്ല മോളേ… നിങ്ങൾ പോയിട്ട് വാ.”
“അമ്മ വരുന്നില്ലെന്ന് ഉറപ്പിച്ചോ?”
“ഞാൻ വരുന്നില്ല മക്കളേ…”
പ്രിയയുടെ ശബ്ദത്തിൽ ഉറച്ച തീരുമാനമുണ്ടായിരുന്നു. മകൾക്ക് അതൊട്ടും ഇഷ്ടമായില്ല.
“ജയ ആന്റിയോട് വന്ന് രണ്ടു ദിവസം അച്ഛമ്മയെ നോക്കാൻ പറയാൻ പാടില്ലായിരുന്നോ?”
അമ്മയുടെ മുഖത്തേക്ക് നോക്കിയാണ് മകൾ ചോദിച്ചത്.
“അവർക്കൊന്നും സമയമില്ല മക്കളേ…”
പ്രിയയുടെ നോട്ടം വീണ്ടും കട്ടിലിൽ കിടക്കുന്ന അമ്മയിലേക്ക് നീണ്ടു. അമ്മയുടെ കണ്ണുകൾ അടഞ്ഞുകിടക്കുകയായിരുന്നു. ലോകത്ത് നടക്കുന്ന കാര്യങ്ങളൊന്നും അറിയാതെ അവർ ശാന്തമായി കിടക്കുന്നു.
“ആർക്കൊക്കെ സമയം ഇല്ലെങ്കിലും എനിക്ക് ഉപേക്ഷിച്ചു കളയാൻ പറ്റില്ല. ഒരു കാലത്ത് ജീവിക്കാൻ വേണ്ടി നെട്ടോട്ടമോടിയപ്പോൾ ഈ പറയുന്ന ആരും ഉണ്ടായിരുന്നില്ല ഒരു കൈ സഹായത്തിന്. അന്ന് അവർക്കെല്ലാം ഞാനും മക്കളും ഒരു ബാധ്യതയാകുമെന്ന് പേടിച്ചു. അന്ന് എന്റെ കൈ മുറുകെ പിടിച്ചത് ഈ അമ്മയാണ്. ഈ അമ്മയെ തനിച്ചാക്കി ഞാൻ ഒരിടത്തേക്കും ഇല്ല…”
പറയുമ്പോൾ പ്രിയയുടെ കണ്ണുകൾ നിറഞ്ഞിരുന്നു. മക്കൾക്ക് മുന്നിൽ കണ്ണുനീർ മറയ്ക്കാൻ അവൾ മുഖം തിരിച്ചു.
“എന്നാലും അമ്മേ… അവരൊക്കെ എന്താ കരുതുക?”
മകളുടെ ചോദ്യത്തിന് പ്രിയ ഇത്തവണ പെട്ടെന്ന് മറുപടി നൽകി.
“അവർ എന്ത് കരുതിയാൽ എനിക്കെന്താ? ഞാൻ വരുന്നില്ലെന്ന് പറഞ്ഞാൽ വരുന്നില്ല.”
പ്രിയയുടെ ഉറച്ച വാക്കുകൾക്ക് മുന്നിൽ പിന്നെ അവർക്ക് ഒന്നും പറയാനുണ്ടായിരുന്നില്ല.
✍️Shainy varghese
