എനിക്ക് പതിനെട്ടു വയസ്സുള്ളപ്പോഴാണ് മുപ്പത്തിമൂന്ന് വയസുള്ള ഒരാളുമായെന്റെ വിവാഹം ഉറപ്പിക്കുന്നത്.വയ്യാതെ കിടക്കുന്ന അച്ചന്റെ അവസാനത്ത ആഗ്രഹമായിരുന്നു എന്റെ കല്യാണം കാണണം എന്നുള്ളത്.അത്കൊണ്ട് തന്നെ കൂടുതൽ എതിർക്കാൻ ഒന്നും നിൽക്കാതെ ഞാൻ വിവാഹത്തിനു സമ്മതം മൂളുകയായിരുന്നു.
കല്യാണ തലേന്ന് എല്ലാ പെൺകുട്ടികളും വിവാഹ ജീവിതത്തിനെ കുറിച്ച് സ്വപ്നം കാണുമ്പോൾ പഠിച്ചു കൊണ്ടിരുന്ന പുസ്തകങ്ങൾ ഒക്കെ അലമാരയിൽ അടുക്കി വെക്കുന്നതിന്റെ തിരക്കിൽ ആയിരുന്നു ഞാൻ.എല്ലാം ഭദ്രമായി വെച്ച ശേഷം അലമാരയിരുടെ വാതിൽ അടയ്ക്കുമ്പോൾ മുന്നേ കണ്ട സ്വപ്നങ്ങൾ എല്ലാം പാതി വഴിയിൽ ഉപേക്ഷിക്കുന്നതിന്റെ വേദനയായിരുന്നു എന്റെ മനസ്സ് നിറയെ.
സമയം ഏറെ വൈകി…എല്ലാവരും ഇപ്പോൾ ഉറക്കമായിട്ടുണ്ടാവും എന്ന് കരുതി ഇച്ചിരി വെള്ളം കുടിക്കാൻ വേണ്ടി ഞാൻ അടുക്കളയിലേക്ക് പോകുമ്പോളാണ് തെക്കേ മുറിയിൽ നിന്ന് ചെറിയമ്മയുടെയും അമ്മായിയുടെയും അടക്കിപിടിച്ചുള്ള വർത്താനം കേട്ടത്
എന്തായാലും എനിക്ക് സന്തോഷമായി ഡ്
ഏടത്തീ.പ്ലസ്ടുവിനു റാങ്ക് കിട്ടിയ പെങ്കൊച്ചിനിനി വല്ലവന്റെയും അടുക്കളയിൽ പോയി കിടക്കാൻ ആണ് യോഗം.മൂദേവി…അവളു നന്നായി പഠിക്കുന്ന കാരണം എന്റെ മോളെ അവളുടെ ക്ലാസ് ടീച്ചർ എന്ത് മാത്രം വഴക്ക് പറഞ്ഞിട്ടുണ്ടെന്നറിയോ ?ദേവിയെ കണ്ടു പഠിക്ക്, ദേവിയെ പോലെ പെരുമാറ് എന്നൊക്കെ പറഞ്ഞെന്റെ മോളെ എന്ത് മാത്രം തളർത്തിയിട്ടുണ്ടവർ.
എന്തായാലും പെണ്ണിന്റെ തലക്കനം ഇച്ചിരി കുറഞ്ഞു കാണും.നല്ല പയ്യന്മാരെ ഒന്നും കിട്ടാഞ്ഞിട്ടല്ല മനപ്പൂർവം ആണ് ഞാനീ ആലോചന കൊണ്ടു വന്നത്.വയസിനു മൂത്ത ആളെയും കെട്ടി അവന്റെ പിള്ളേരേം നോക്കി ഇനിയുള്ള കാലം അവിടെ ഇരിക്കട്ടെ അവൾ.അങ്ങനിപ്പോ നമ്മടെ പിള്ളേരെ താഴ്ത്തി കെട്ടിയിട്ട് അവളങ്ങനെ സുഖിക്കണ്ട.
തന്തേം തള്ളേമൊന്നും ഇല്ലെങ്കിലും ചെറുക്കന്റെ വീട്ടിൽ അത്യാവശ്യം ജീവിക്കാൻ ഉള്ള ചുറ്റുപാടുണ്ട്. അതുകൊണ്ട് തന്നെ അവളെ പണിക്ക് വിടാനും പഠിപ്പിക്കാൻ ഒന്നും ആ ചെക്കൻ മെനക്കെടില്ല.എന്തായാലും ഏട്ടന്റെ ചികിത്സക്ക് വേണ്ടി ഒരുപാട് കാശ് ചിലവായ കൊണ്ട് പണ്ടമൊന്നും ഇല്ലാതെയാണ് പെണ്ണിനെ കെട്ടിച്ചു വിടുന്നതെന്നാ കേട്ടത്, അങ്ങനെ ആണെങ്കിൽ അതിന്റെ ചൊരുക്ക് ചെന്ന് കേറുമ്പോ അവൻ കൊടുത്തോളും.
അവരുടെ സംസാരം കേട്ടന്റെ ദേഹം തളരുന്നത് പോലെ തോന്നിയെനിക്ക്. അവരെ ഞാൻ അമ്മായി ആയിട്ടല്ല അമ്മയായി തന്നെയാണ് കണ്ടിട്ടുള്ളത്, അങ്ങനെയുള്ള ഒരു സ്ത്രീക്ക് ഇങ്ങനെ ഒരാളോട് ദ്രോഹം ചെയ്യാൻ കഴിയുമോ?
ഇനി പ്രതികരിച്ചിട്ടു കാര്യമില്ല.എന്റെ വിധിയെ ഞാൻ സ്വീകരിക്കുന്നു.അച്ഛന്റെ സമാധാനവും, സന്തോഷവും അതാണിപ്പോ എനിക്ക് പ്രധാനം.അയാള് തല്ലുന്നെങ്കിൽ തല്ലട്ടെ കൊല്ലുന്നെങ്കിൽ കൊല്ലട്ടെ….
ഭാരപ്പെട്ട മനസുമായി ഞാൻ അടുക്കളയിലേക്ക് നടന്നു.
തൊണ്ട നനച്ച വെള്ളത്തിന്റെ തണുപ്പ് പോലും ആ വാക്കുകളുടെ ചൂട് കെടുത്തിയില്ല.കിടക്കയിൽ തിരിഞ്ഞുമറിഞ്ഞും കിടക്കുമ്പോഴും കണ്ണുകൾ അടയുമ്പോഴും ഒക്കെ എന്റെ “വിധി” എന്ന് മനസ്സിനെ പറഞ്ഞു സമാധാനിപ്പിച്ചാണ് ഞാൻ ഉറങ്ങിയത്.
കല്യാണ ദിവസം എത്തിയപ്പോൾ എല്ലാം ഒരു സ്വപ്നം പോലെ തോന്നിയെനിക്ക്.വിലകുറഞ്ഞ ചുവന്ന പട്ടുപുടവ,മൂന്നാല് പവന്റെ ആഭരണം കയ്യിൽ മൈലാഞ്ചി, മുഖത്ത് പുഞ്ചിരി തുടങ്ങിയവയെല്ലാം ഉണ്ടായിരുന്നു പക്ഷേ അതെല്ലാം എന്റെതല്ലാത്ത ഒരാളുടെ ശരീരത്തിൽ ഒട്ടിച്ചുവച്ചതുപോലെ ഉണ്ടായിരുന്നു.കെട്ടി മേളം മുഴങ്ങി, പെണ്ണുങ്ങൾ കുരവയിട്ടു അതിനോടൊപ്പം എന്റെ കഴുത്തിൽ താലി കെട്ടിയ ആ മനുഷ്യനെ മാത്രം ഞാൻ ഭർത്താവായി കണ്ടില്ല.വിധി എനിക്ക് വേണ്ടി തിരഞ്ഞെടുത്ത ഒരാൾ,അത്രയെ ഉള്ളു.
കല്യാണം കഴിഞ്ഞ് അമ്മയോടും അച്ഛനോടും യാത്ര പറഞ്ഞ ശേഷം അയാളുടെ വീട്ടിലേക്ക് പോവുമ്പോൾ മനസ്സിൽ ഒരേ ഒരു ചോദ്യം മാത്രം മുഴങ്ങി
“അവിടെ എന്റെ സ്വപ്നങ്ങൾക്ക് എന്ത് മാത്രം ഇടമുണ്ടാവും?”
അത്യാവശ്യം വലിയ ഒരു വീടായിരുന്നു അയാളുടേത്. ബന്ധുവന്ന് പറയാൻ പ്രായമായ ഒരു സ്ത്രീ മാത്രം അവിടെ ഉണ്ടായിരുന്നു. അവരെന്റെ കയ്യിൽ സ്നേഹപൂർവ്വം വിളക്കെടുത്തു തരികയും ഞാനത് കൊണ്ട് മനസ്സില്ല മനസ്സോടെ അകത്തേക്ക് കയറുകയും ചെയ്തു.
ഞങ്ങളുടെ ആദ്യ ദിവസങ്ങളിൽ ഒന്നും ഞാൻ അയാളോട് സംസാരിച്ചില്ലെങ്കിൽ പോലും അയാൾ എന്നോട് എന്തൊക്കെയോ സംസാരിക്കാൻ വേണ്ടി വന്നു. അതിൽ അധികാരത്തിന്റെ ശബ്ദമില്ലായിരുന്നു,നിർദ്ദേശങ്ങൾ ഇല്ലായിരുന്നു,സ്നേഹത്തോടെയുള്ള ചില ചോദ്യങ്ങൾ മാത്രം…
തനിക്ക് രാവിലേ ചായ വല്ലതും കുടിക്കുന്ന ശീലമുണ്ടോ?
എന്തൊക്കെയാണ് കഴിക്കാൻ ഇഷ്ടമുള്ളത്?
എന്താണെങ്കിലും മടിക്കാതെ തുറന്നു പറഞ്ഞോളൂ കേട്ടോ കേൾക്കാൻ ഇവിടെ ഞാൻ മാത്രമേ ഉള്ളു
എന്താ വേണ്ടതെന്നു പറഞ്ഞാൽ ഞാൻ ഏർപ്പാടാക്കാം…….
ഇവിടെ എന്താണ് ഉള്ളതെന്ന് വെച്ചാൽ അത് മതിയെനിക്ക്. എനിക്കായി ഒന്നും വേണമെന്നില്ല…പക്ഷെ…..ഒരു കാര്യം മാത്രം എനിക്ക് പറയാനുണ്ട് ഈ വിവാഹത്തിന് മാനസികമായി ഞാൻ ഒട്ടും തയ്യാറല്ലായിരുന്നു എനിക്കൊന്ന് പൊരുത്തപ്പെടാൻ ഇച്ചിരി സമയം തരാമോ? ഞാൻ അത് മാത്രം അയാളോട് ചോദിച്ചു.
അത് കേട്ടെന്ന വണ്ണം അയാളുടെ താമസം വേറെയൊരു മുറിയിലേക്കാക്കി.
ഒന്നിന് വേണ്ടിയും അയാൾ എന്നെ നിർബന്ധിച്ചില്ല.എന്നെ ഒരുപാടു സ്നേഹിക്കുകയും പരിഗണിക്കുകയും ചെയ്തിരുന്ന അയാളോട് പതിയെ പതിയെ എനിക്കുണ്ടായിരുന്ന അകലം കുറഞ്ഞു വന്നു.
വൈകുന്നേരങ്ങളിൽ അയാളെന്നെ സിനിമക്ക് കൊണ്ടുപോയി,ഞാൻ കണ്ടിട്ട് പോലും ഇല്ലാത്ത തരത്തിലുള്ള വലിയ
ഹോട്ടലുകളിൽ നിന്നുമെനിക്ക് ഭക്ഷണം മേടിച്ചു തന്നു.
ഒരിക്കൽ ജോലി കഴിഞ്ഞയാൾ വീട്ടിലേക്ക് തിരിച്ചു വരുമ്പോൾ കയ്യിൽ ഒരു വലിയ ബോക്സ് കൂടി ഉണ്ടായിരുന്നു.
അകത്തേക്ക് കയറി വന്ന ശേഷം ഇത് തനിക്കുളളതാണ് എന്ന് പറഞ്ഞയാൾ എന്റെ നേരെ നീട്ടി…
മനസ്സില്ല മനസ്സോടെ ഞാനത് തുറന്ന് നോക്കി….എന്റെ കണ്ണുകൾ വിടർന്നു.
ഞാൻ വീട്ടിൽ ആരുമറിയാതെ ഒളിപ്പിച്ചുവെച്ചിരുന്ന എന്റെ പുസ്തകങ്ങൾ.
എന്റെ നിയന്ത്രണം നഷ്ടപ്പെട്ടു…ഞാൻ ഉറക്കെ കരഞ്ഞു…
അയാൾ എന്റെ അടുത്ത് വന്നിരുന്ന ശേഷം
ചോദിച്ചു…
എന്തിനാ ദേവൂട്ടി കരയുന്നത്?
ഇങ്ങനെയിരുന്നു കരയാതെ….
അവധിയൊക്കെ തീർന്നു… തനിക്ക് കോളേജിൽ പോകണ്ടേ?
താനിങ്ങോട്ട് പോന്നപ്പോൾ എന്താ പഠിക്കാൻ ഉള്ള ബുക്സൊക്കെ അവിടെ മറന്നു വെച്ചത്?
ആദ്യം ഇതല്ലായിരുന്നോ താൻ കൊണ്ടു വരേണ്ടിയിരുന്നത്.
അയാളാ പുസ്തകം എടുത്ത് തലോടിക്കൊണ്ട് പറഞ്ഞു:
“ഇതൊക്കെയാണ് ദേവി ഒരു പെണ്ണിന്റെ ശക്തി, ഇതെല്ലാം അടച്ചു പൂട്ടി വെക്കാൻ ഉള്ളതല്ല.താൻ നന്നായി പഠിക്കുന്ന കുട്ടിയല്ലേ ഒരിക്കലും തന്റെ പഠിപ്പ് മുടക്കരുത്.
ആ ദിവസം ഞാൻ ആദ്യമായയാളെ മുഖമുയർത്തിയൊന്നു നോക്കി.അയാളെ ഒരു ഭർത്താവായി ഞാൻ അംഗീകരിച്ചില്ല എങ്കിൽ പോലും ഒരു നല്ല മനുഷ്യനായി ഞാൻ മനസ്സിൽ കണ്ടു.
അതിനുശേഷം എല്ലാം പതുക്കെ മാറി.
അയാൾ എനിക്ക് വില കൂടിയ വസ്ത്രങ്ങൾ വാങ്ങിച്ചു തന്നു,വേണ്ടാ എന്ന് പറഞ്ഞിട്ടും അയാളെനിക്ക് ആഭരണങ്ങൾ വാങ്ങിച്ചു തന്നു.എന്നെ വീണ്ടും പഠിക്കാൻ പ്രേരിപ്പിച്ചു.എന്റെ എഞ്ചിനീയറിങ് പരീക്ഷയുടെ സമയങ്ങളിൽ എനിക്കൊപ്പം കൂട്ടിരുന്നു.
രാവിലെ എഴുന്നേറ്റ് ഞാൻ പുസ്തകത്തിന് മുന്നിൽ ഇരിക്കുമ്പോൾ,അടുക്കളയിൽ നിന്ന് ചായയുമായി വരുന്നയാ മുപ്പത്തി മൂന്നു വയസ്സുകാരനെ കണ്ടപ്പോൾ
എന്നെ അടുക്കളയിലേക്കു മാത്രം ചുരുക്കാനായിരുന്നില്ല അയാളെന്റെ കൈകോർത്തുപിടിച്ചതെന്ന സത്യം ഞാൻ മനസ്സിലാക്കുകയായിരുന്നു.
ഞാൻ അയാളെ സ്നേഹിച്ചു തുടങ്ങിയിരുന്നു..ഒരു ദിവസം രാത്രി ഞാൻ എന്റെ മുറിയിൽ നിന്നു സാധനങ്ങളൊക്കെ എടുത്തുകൊണ്ടയാളുടെ മുറിയിലേക്ക് ചെന്നു.
അയാൾ എന്നോട് എന്തെങ്കിലും ചോദിക്കും മുന്നേ ഞാൻ കട്ടിലിൽ കയറി ഇരിക്കുകയും സ്നേഹത്തോടെ അയാളെ കെട്ടി പിടിക്കുകയും ചെയ്തു.
ആ മനുഷ്യൻ ഒന്നും മനസ്സിലാകാത്ത പോലെയിരുന്നു.
ഒറ്റക്കുള്ള ജീവിതം അവസാനിപ്പിച്ച് ഒരുമിച്ചുള്ള ഒരു ജീവിതം തുടങ്ങണ്ടേ നമുക്ക്???
ഞാനാ മനുഷ്യനോട് ചോദിച്ചു.
വേണം!!!!!….
അയാളെന്നെ സന്തോഷത്തോടെ ചേർത്തു പിടിച്ചു.
ജീവിതമെന്തെന്നു ഞാൻ
തിരിച്ചറിയുകയായിരുന്നു.
കുറച്ചു വർഷങ്ങൾക്ക് ശേഷം ഒരു ചടങ്ങിന് വേണ്ടി ഞങ്ങൾ അമ്മായിയുടെ വീട്ടിലെത്തി.എന്നെ കണ്ടപ്പോൾ തന്നെ അവരുടെ കണ്ണുകൾ ഞാൻ ഉടുത്തിരുന്ന സാരിയിലേക്കും ആഭരണങ്ങളിലേക്കും നീണ്ടു..
ഇതൊക്കെ സ്വർണാ കുട്ട്യേ?
ചോദ്യം ചെറിയമ്മയുടെ ആയിരുന്നു….
അതേയെന്ന് ഞാൻ തലയാട്ടി…
അവരെന്റെ വീർത്ത വയറിൽ സ്നേഹത്തോടെ തലോടിയ ശേഷം പറഞ്ഞു.ഒക്കെ നിന്റെ ഭാഗ്യാണ് കുട്ടി….
അമ്മായി എന്റെ നേരെ നോക്കാൻ പോലും ബുദ്ധിമുട്ടി.അവരോടെനിക്ക് ദേഷ്യമൊന്നും തോന്നിയില്ല കാരണം തഞ്ചത്തിൽ നിന്നു വീടും പറമ്പും എഴുതി മേടിച്ച ശേഷം സ്വന്തം അമ്മായി അമ്മയെ വേലക്കാരിയെ പോലെ പണിയെടുപ്പിക്കുന്ന മരുമകന്റെ രൂപത്തിൽ എന്നേ അവർക്കുള്ള ശിക്ഷ കിട്ടിയിരുന്നു.
ആരോടും എനിക്കൊരു പരിഭവവും ഇല്ലായിരുന്നു.
എന്റെ ഭർത്താവിനെ ഞാൻ സ്നേഹിച്ചു തുടങ്ങിയതിൽ പിന്നെ ഞാൻ മനസ്സിലാക്കിയ ഒരു കാര്യമുണ്ട്,പ്രായ വ്യത്യാസമൊന്നും സന്തോഷകരമായ ജീവിതത്തിന് ഒരു തടസ്സമേയല്ല,അത് പ്രതീക്ഷ, സ്‌നേഹം, വിശ്വാസം എന്നിവയാൽ മറികടക്കാവുന്നതാണ്.
ഞങ്ങൾ ഒരുമിച്ച് കൈകൾ ചേർത്തു, തമാശകൾ പറഞ്ഞു ചിരിച്ചു, ഒരുപാട് സംസാരിച്ചു, ചായ കുടിച്ചു, സിനിമകൾ കണ്ടു.അങ്ങനെ ജീവിതത്തിന്റെ ചെറിയ ആനന്ദങ്ങൾ, സന്തോഷങ്ങൾ പരിഗണനകൾ എല്ലാം ഒരുമിച്ചനുഭവിച്ചു.ഈ സ്നേഹവും പരിഗണനയും ഇത് മാത്രമാണ് എനിക്ക് വേണ്ടിയിരുന്നത്—എന്റെ സ്വതന്ത്രത, എന്റെ സ്നേഹം,എന്റെ ജീവിതം,എന്റെ ഇടം………
ഫോളോ ചെയ്യണമെന്നില്ല പക്ഷെ എന്റെ എഴുത്ത് നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ എന്തേലും രണ്ടു വരി കുറിച്ചിട്ടു പോണേ
സ്നേഹപൂർവ്വം
✍️ അച്ചു വിപിൻ
