കല്യാണം കഴിഞ്ഞാ വീട്ടിൽ വന്ന നാൾ മുതൽ കാരണമില്ലാതെ ദേഷ്യം കാണിക്കാറുണ്ട് ഗീതിക…അവനെ പരിഹസിക്കാനും കളിയാക്കാനുമെല്ലാം അവസരങ്ങൾ സൃഷ്ടിക്കുക കൂടി ചെയ്യും അവൾ….

എനിയ്ക്ക് ജോലി ഉള്ളൊരു പെൺക്കുട്ടിയെ മതി ട്ടോ അമ്മേ കല്യാണം കഴിക്കാൻ … ഇനി ഞാനത് പറഞ്ഞില്ലെന്നു പറഞ്ഞേക്കരുത് പിന്നീട്….

ബ്രോക്കർ വീട്ടിൽ വന്ന് അനിയത്തിയുടെ ഫോട്ടോ വാങ്ങി ഇറങ്ങി പോയതും വിശാൽ അമ്മയ്ക്ക് നേരെ തിരിഞ്ഞു പറഞ്ഞതു കേട്ടവനെ കണ്ണുരുട്ടി നോക്കി ചന്ദ്രിക…

നിന്നെ ഞാനിപ്പോഴൊന്നും പെണ്ണ് കെട്ടിക്കില്ല വിശാലെ… ആദ്യം നീയൊന്ന് എവിടേലും കാലുറപ്പിയ്ക്ക് … എന്നിട്ട് കുറച്ചു കാലത്തേയ്ക്കെങ്കിലും ഈ വീട്ടിലെ കാര്യങ്ങളേറ്റെടുത്ത് ചെയ്യ്…. അതൊക്കെ കഴിഞ്ഞ് നമ്മുക്ക് ആലോചിക്കാം നിനക്ക് ജോലി ഉള്ള പെണ്ണ് വേണോ അതോ നിന്നെ കൊണ്ട് പെണ്ണ് കെട്ടിക്കണോ വേണ്ടയോ എന്നൊക്കെ ….. ”

അമ്മ പറഞ്ഞതിനൊന്ന് അവരെ നോക്കി കണ്ണിറുക്കി മെല്ലെ മുറ്റത്തേയ്ക്കിറങ്ങി വിശാൽ… അമ്മ സംസാരം നിർത്തിയ പുറകെ അതേടത്തി അമ്മ ഏറ്റെടുക്കുമെന്നവന് നന്നായറിയാം…. എന്തിനാ വെറുതെ ഒരവസരം തന്നെ പറയാൻ താനവർക്ക് നൽകുന്നത്….

“പത്തിരുപത്തേഴ് വയസ്സായിട്ടും അവനൊരു രൂപ കുടുംബത്തിലേക്ക് ചിലവാക്കാനില്ല കയ്യിൽ… ആ അവനാണ് ജോലിയുള്ള പെണ്ണിനെ കല്യാണം കഴിക്കാൻ നടക്കുന്നത്… പഠിത്തം കഴിഞ്ഞ് തേരാ പാരാ നടക്കുന്ന നിനക്ക് ഇപ്പോ കിട്ടും ജോലിയുള്ള പെണ്ണിനെ…. നോക്കി ഇരുന്നോ നീ…

മുറ്റത്തേയ്ക്കിറങ്ങിയ വിശാലിന്റെ പിന്നാലെ ഇറങ്ങി ചെന്നവനെ ദേഷ്യം പിടിപ്പിക്കാൻ തുടങ്ങി അവന്റെ ഏട്ടന്റെ ഭാര്യ ഗീതിക

അവരുടെ ശബ്ദത്തിൽ നിറഞ്ഞു നിൽക്കുന്ന തന്നോടുള്ള പുച്ഛവും പരിഹാസവും തിരിച്ചറിഞ്ഞ് അവരെ ചെറഞ്ഞൊന്ന് നോക്കി വിശാലും….

എന്തേ ഒരു ജോലിക്കാരിയെ എനിയ്ക്ക് കെട്ടാൻ കിട്ടില്ലേ… ഒന്നൂല്ലെങ്കിലും ഞാനൊരു എംടെക്ക് ടോപ്പറല്ലേ ഏടത്തി… ? അതു കൂടാതെ വേറെയും ഡിഗ്രികൾ ഉണ്ടെന്റെ കയ്യിൽ….
ഏട്ടനു പോലും ഇല്ല എന്റെയത്ര വിദ്യാഭ്യാസം…. അറിയ്യോ ഏടത്തിയ്ക്ക്….

അവരുടെ തന്നോടുള്ള ദേഷ്യമറിഞ്ഞ് അത് കൂട്ടാനെന്നോണം അവൻ പെട്ടന്ന് തിരിഞ്ഞു നിന്നവരോട് ചോദിച്ചതും ദേഷ്യമിരച്ചു കയറി ചുവന്ന മുഖത്തോടെ അവനെ കണ്ണുരുട്ടി നോക്കി ഗീതിക

കുറെ സർട്ടിഫിക്കറ്റുകൾ പേപ്പറുപോലെ കയ്യിലിരുന്നിട്ടെന്താടാ ചെക്കാ കാര്യം…? വിദ്യാഭ്യാസം നിന്റെ അത്ര ഇല്ലെങ്കിലും എന്റെ കെട്ടിയവനുള്ളതൊരു സർക്കാർ ജോലി ആണെടാ… അങ്ങേർക്ക് ജോലി ഉള്ളതുകൊണ്ട് നിനക്കൊക്കെ ഇങ്ങനെ പണിയൊന്നും ചെയ്യാതെ അങ്ങേരുടെ ചിലവിൽ ജീവിക്കാനായി… ഇല്ലെങ്കിൽ കാണായിരുന്നു…

ഉള്ളിലെ ദേഷ്യമതു പോലെ വിശാലിനു നേരെ ചൊരിഞ്ഞ് ഗീതിക തിരിഞ്ഞതും തനിയ്ക്ക് പുറകിലായ് തങ്ങളുടെ സംസാരമെല്ലാം കേട്ടു നിൽക്കുന്ന ഭർത്താവ് വിവേകിനെയും അമ്മായി അമ്മയേയും കണ്ടതും ഒന്നു പരുങ്ങി….

വിവേകേ നിന്റെ ശമ്പളം നീ ഈ വീടിനു വേണ്ടിയോ
നിന്റെ കൂടപ്പിറപ്പുകൾക്ക് വേണ്ടിയോ ഇന്നുവരെ ചിലവഴിച്ചിട്ടുണ്ടോ….?

ഗീതികയിൽ നിന്ന് കണ്ണുകൾ മാറ്റാതെ അമ്മ മൂത്ത മകനോടു ചോദിച്ചതും ആകെ ചമ്മി നാണംകെട്ടതു പോലെ വിളറി ഗീതികയുടെ മുഖം

എന്റെ അമ്മേ… ഈ വീടിനും ഇവന്മാർക്കും വേണ്ടിയൊന്നും ഞാനെന്റെ ശമ്പളം എടുക്കാറില്ല… എന്തിന് ഞാനെന്റെ കാര്യങ്ങൾക്ക് വേണ്ടി പോലും ഇവളോടതിന്റെ കണക്ക് പറഞ്ഞ് തല്ലുക്കൂടി സ്വൈരം കളയാൻ വയ്യാത്തതു കൊണ്ട് ഒരഞ്ചു പൈസ എടുക്കാറില്ലാന്ന് അമ്മയ്ക്ക് അറിയില്ലേ..?

സ്വയം പരിഹസിയ്ക്കും പോലുള്ളൊരു ചിരിയോടെ വിവേക് പറഞ്ഞതും അവളെ രൂക്ഷമായ് നോക്കി അമ്മ….

“നിന്റെ കെട്ടിയവൻ പറഞ്ഞത് കേട്ടല്ലോ അല്ലേ… ഈ വീടും ഇവിടുത്തെ നിന്റെ ഉൾപ്പെടെയുള്ള ചിലവുകളും നടക്കാൻ വേണ്ടത് ഇവിടെ ഉണ്ട്…അതിപ്പോ എന്റെ മക്കളുടെ കല്യാണത്തിന്റെ
ചിലവിനുള്ളതടക്കം… ഞാനെന്റെ മക്കളോട് തമാശയിലും കാര്യത്തിലും പലതും പറയും… അവരെന്നോടും പറയും… അതു കേട്ട് പക്ഷെ നീ ഇവിടെ വഴക്കുകൾ ഉണ്ടാക്കിയാൽ ഇവിടെ ഉള്ളവരെല്ലാം ഇവിടെ തന്നെ എന്നും ഉണ്ടാവും അതു കാണാൻ പക്ഷെ നീയുണ്ടാവില്ല ഇവിടെ
മനസ്സിലായോ നിനക്ക്….?

കുടുംബത്തിൽ കുത്തിത്തിരിപ്പുണ്ടാക്കാൻ മിനക്കെട്ട് നടക്കുന്ന ഗീതികയെ തിരിച്ചറിഞ്ഞ് അവൾക്കുള്ള നിർദ്ദേശം വളരെ വ്യക്തതയോടെ നൽകുന്ന തങ്ങളുടെ അമ്മയെ ആരാധനയോടെ നോക്കി വിശാലും വിവേകും…

സ്വന്തമായൊരു പ്രൊജക്ടെന്ന സ്വപ്നവും കണ്ട് അതിനായ് പരിശ്രമിയ്ക്കുന്ന വിശാലിനോട് കല്യാണം കഴിഞ്ഞാ വീട്ടിൽ വന്ന നാൾ മുതൽ കാരണമില്ലാതെ ദേഷ്യം കാണിക്കാറുണ്ട് ഗീതിക…അവനെ പരിഹസിക്കാനും കളിയാക്കാനുമെല്ലാം അവസരങ്ങൾ സൃഷ്ടിക്കുക കൂടി ചെയ്യും അവൾ

പലപ്പോഴും അവനുൾപ്പെടെ അവിടെ ആരും അതൊന്നും കണ്ടില്ലെന്നു വെച്ച് നടിയ്ക്കുമ്പോൾ ഗീതികയുടെ ആവേശം കൂടുകയാണ് പതിവ്… അതു കൊണ്ടു തന്നെയാണമ്മ ഇന്നിത്രയും പ്രതികരിച്ചത്…

“അമ്മേ… വൈഷ്ണവിയെ ആലോചിച്ചു വന്നവർക്ക് അവരുടെ പെൺക്കുട്ടിയെ നമ്മുടെ വിശാലിനെ കൊണ്ട് കെട്ടിച്ചാൽ കൊള്ളാമെന്നുണ്ടെന്ന്…. ബ്രോക്കർ വിളിച്ചു പറഞ്ഞതാണ് ഇപ്പോൾ….”

ഒരാഴ്ചയ്ക്ക് ശേഷമൊരു ദിവസം വിവേക് അമ്മയോട് പറയുന്നത് കേട്ടതും വിശാലുൾപ്പെടെ ഞെട്ടി… അന്ന് രാവിലെയാണ് അവരുടെ അനിയത്തി വൈഷ്ണവിയെ പെണ്ണു കാണാനൊരു കൂട്ടർ വന്നു പോയത്

“അതെന്താ പെൺക്കുട്ടി വല്ല മുടക്കാചരക്കുമാണോ… ഇവനെ പോലെ കൂലിയും വേലയും ഒന്നുമില്ലാത്തവന് കെട്ടിച്ചു കൊടുക്കാൻ മാത്രം…..?

വിവേകിന്റെ സംസാരത്തിനു പുറകെ പരിഹാസത്തോടെ ഗീതിക ചോദിച്ചതു കേട്ടവളെ ദേഷ്യത്തിൽ നോക്കി വിവേക്…

“എന്താ വല്ല വൈകല്യവും ഉണ്ട് എന്നതിന്റെ പേരിൽ അത്തരം പെൺക്കുട്ടികൾക്ക് വിവാഹം പാടില്ല എന്നു വല്ല നിയമവും നിന്റെ അറിവിൽ ആരെങ്കിലും ഇവിടെ പാസാക്കിയിട്ടുണ്ടോ…?

ഉള്ളിലെ തിളച്ചുപൊന്തിയ അതേ ദേഷ്യത്തോടെ വിവേകവളോട് തിരിച്ചു ചോദിച്ചതും തിളങ്ങി ഗീതികയുടെ കണ്ണുകൾ…

“കണ്ടോ അപ്പോ ഞാൻ പറഞ്ഞത് ശരിയായില്ലേ… ആ പെണ്ണിനെന്തോ കുറവുണ്ട്… അതാണ് ഇവനെ ഭർത്താവാക്കാൻ അവരു ചോദിച്ചത്… ഇവിടുത്തെ പെണ്ണൊന്ന് അവരുടെ വീട്ടിലാവുമ്പോൾ ഇവിടെ ഉള്ളതിനെ നമ്മളൊന്നും പറയുകയും കാട്ടുകയും ചെയ്യില്ലല്ലോ…. വല്ലാത്ത ബുദ്ധി തന്നെ ആ വീട്ടുകാർക്ക്…. ”

ആശ്ചര്യം കൂറി ഗീതിക പറയുമ്പോൾ അമ്മയുടെയും വിശാലിന്റെയും നോട്ടം വിവേകിലാണ്…. ഗീതിക പറയും പോലെ തന്നെയാണോ കാര്യങ്ങളെന്നൊരു ചോദ്യമുണ്ട് വിവേകിനെ നോക്കുന്ന അവരുടെ കണ്ണുകളിൽ….

“വൈഷ്ണവിയെ കാണാൻ ആ വീട്ടിലെ എല്ലാവരും രാവിലെ വന്നിട്ടും ഈ പറഞ്ഞ പെണ്ണ് മാത്രം വന്നില്ലല്ലോ അമ്മേ…. സാധാരണ ഏട്ടൻമാരുടെ പെണ്ണുകാണലിന് മുമ്പിലുണ്ടാവുക പെങ്ങന്മാരാണ്… എന്നിട്ടും ഈ പെണ്ണ് വന്നില്ലല്ലോ.. അപ്പോ അതിനെന്തോ കുഴപ്പമുണ്ട്…. ഉറപ്പാണ്…”

കണ്ണിലൊരു തിളക്കത്തോടെ പറയുന്നവളെ അലസം നോക്കിയവർ മൂന്നും.. അവളെയൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നൊരു ഭാവമുണ്ട് അവരുടെ എല്ലാം മുഖത്ത്…

“എന്നാലുമെന്റെ വിശാലേ അനിയത്തിയ്ക്കൊരു നല്ല ജീവിതം കിട്ടുമെന്ന് കരുതി നിനക്കിഷ്ടമില്ലാത്തൊരു പെണ്ണിനെ നീയെന്തിനാ കാണാൻ പോവുന്നത്….?
അവരു കനത്തിൽ സ്ത്രീധനം തരുമെന്ന് കരുതീട്ടാണോടാ…. ജോലിയും കൂലിയും ഇല്ലാത്ത നിനക്കവർ സ്ത്രീധനമൊന്നും തരില്ലെടാ…. അതു മോഹിച്ച് വെറുതെ വേഷം കെട്ടണ്ട നീ…..”

പെൺക്കുട്ടിയുടെ വീട്ടുക്കാരുടെ നിർബദ്ധമേറിയതോടെ വിശാൽ പെണ്ണുകണ്ടേക്കാമെന്നൊരു ചിന്തയിൽ എല്ലാവർക്കുമൊത്ത് വീട്ടിൽ നിന്നിറങ്ങിയതും ഒപ്പമിറങ്ങിയ ഗീതിക ഓരോന്നു പറഞ്ഞു പരിഹസിച്ചു വിശാലിനെ…

എന്നാൽ ജ്യൂസുകളടങ്ങിയ ട്രേയും കയ്യിൽ പിടിച്ച് തങ്ങൾക്കരിക്കിലേക്ക് നടന്നു വന്ന പെൺക്കുട്ടിയെ കണ്ട് കണ്ണു തള്ളിയിരുന്നു പോയ് ഗീതിക…

സുന്ദരി എന്നു പറഞ്ഞാൽ കുറഞ്ഞു പോവും വിധം അതിസുന്ദരിയായൊരു പെൺക്കുട്ടി…

”എനിയ്ക്ക് വിശാലേട്ടനെ അറിയാം… വിശാലേട്ടന്റെ ജൂനിയറായാണ് ഞാൻ പഠിച്ചിറങ്ങിയത്….. എന്നെ പഠിപ്പിച്ച മിക്ക അധ്യാപകരും ഞങ്ങൾക്ക് റോൾ മോഡലാക്കാൻ പറ്റിയ ആളെന്നു പറഞ്ഞ് സ്ഥിരം പറയാനുള്ളത് ആ കോളേജിലെ എന്നത്തെയും ടോപ്പറായ വിശാലേട്ടന്റെ പേരാണ്… അന്നു മുതൽ എങ്ങനെ എന്നറിയാത്തൊരിഷ്ടമുണ്ട് എന്റെ ഉള്ളിൽ വിശാലേട്ടനോട്… എന്റെ ഏട്ടന്റെ വിവാഹാലോചന ഒരു ഭാഗ്യമായാണ് ഞാൻ കാണുന്നത്… എന്റെ ഇഷ്ടം എനിയ്ക്ക് നേടാനായാലോ…..”

എല്ലാവർക്കും മുന്നിൽ വെച്ച് ഉള്ള് തുറന്നു സംസാരിയ്ക്കുന്ന മായയെ ഗീതിക അല്ലാത്തവർക്കെല്ലാം വല്ലാതെ ഇഷ്ടപ്പെട്ടു…

കുട്ടിയ്ക്ക് മാത്രം ഇഷ്ടം ഉണ്ടായിട്ട് കാര്യമില്ലല്ലോ ഇവനും കൂടി വേണ്ടേ.. ഇവനിതുവരെ ജോലിയൊന്നുമായില്ല… അവന്റെയൊരു പ്രൊജക്ടിനു വേണ്ടി ജോലി ഉപേക്ഷിച്ചിരിക്കുവാണവൻ… മാത്രമല്ല അവൻ കെട്ടുന്ന കുട്ടിയ്ക്ക് ജോലി വേണമെന്നുള്ളതും അവന് നിർബന്ധമാണ്… അല്ലേ വിശാലേ…?

കല്യാണം മുടക്കണമെന്ന ഉദ്ദേശ്യത്തിൽ ഗീതിക ഇടയിൽ കയറി സംസാരിച്ചതും മായയുടെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു

“വിശാലേട്ടന്റെ സ്വപ്നങ്ങൾക്ക് ചിറകു പകരാൻ ഇഷ്ടമാണെനിയ്ക്ക്… പിന്നെ എനിയ്ക്ക് വിപ്രോയിൽ നല്ല ഉയർന്ന ശമ്പളത്തിൽ ജോലി ഉണ്ട്… വിശാലേട്ടൻ സെറ്റിൽ ആവുന്നതു വരെ ഞാൻ നോക്കിക്കോളാം എല്ലാം… എനിയ്ക്ക് അത്രയ്ക്കിഷ്ടമായതുകൊണ്ടാണ്…. പ്ലീസ്…”

അപ്രതീക്ഷിതമായ് കൈവന്ന പ്രണയത്തെ സ്വന്തമാക്കാൻ എന്തിനും തയ്യാറായ ഒരു പെൺകുട്ടി… ഒരുപാടൊന്നും ആലോചിക്കാനില്ലായിരുന്നു വിശാലിനും വീട്ടുകാർക്കും ആ വിവാഹം ഉറപ്പിയ്ക്കാൻ….

“മനസ്സുനിറയെ അസൂയയും കുശുമ്പും നിറച്ച് എന്റെ ഏട്ടന്റെശമ്പളത്തിന്റെ കണക്കെടുപ്പും നടത്തി ഇങ്ങനെ ഏട്ടനെ ഊറ്റി
ജീവിയ്ക്കാതെ സ്വന്തം കാലിൽ നിൽക്കാൻ നോക്ക് ഏടത്തി അമ്മ ഇനിയെങ്കിലും… അല്ലെങ്കിൽ നാളെയൊരു ദിനം ഏട്ടന് ഭാരമായ് തോന്നും നിങ്ങളെ… അതിനിടവരുത്തണ്ട…”

മടക്കയാത്രയിൽ മറ്റാരും കേൾക്കാതെ വിശാൽ ഗീതികയുടെ ചെവിയിൽ പറഞ്ഞതും നാണക്കേടു കൊണ്ട് തന്റെ മിഴികൾ ഇറുക്കിയടച്ച് മിണ്ടാതെ നിന്നു പോയ് ഗീതിക…. അന്നേരവും പക്ഷെ ഒരു മാറ്റമാഗ്രഹിച്ചില്ല അവൾ… ചിലരങ്ങനെയാണല്ലോ അല്ലേ…

✍️RJ

Leave a Reply

Your email address will not be published. Required fields are marked *