(രചന: ഞാൻ ആമി)
“ദേ ഒരു കാര്യം പറഞ്ഞേക്കാം… ശ്രീക്കുട്ടിയെ മണ്ഡപത്തിലെക്ക് കൊണ്ടുപോകുമ്പോൾ താലമായി ആനയിക്കാനും മറ്റും അമ്മുക്കുട്ടി ചേച്ചിയെ വിളിക്കരുത് കേട്ടോ…
ഒന്നാമത് ചേച്ചിക്ക് മക്കളില്ല… ശുഭ കാര്യത്തിന് ചേച്ചിയെ വിളിക്കേണ്ട. സ്ഥാനം വെച്ച് ചേച്ചിക്ക് ആണ് അവകാശം… എന്നാലും വേണ്ട അത് ”
സുമതി കുഞ്ഞമ്മ അത് പറഞ്ഞപ്പോൾ ശ്രീക്കുട്ടി എന്നെ നോക്കി. അമ്മുക്കുട്ടി ചേച്ചിയെ അവൾക്കു അത്ര പ്രിയപ്പെട്ടത് ആണെന്ന് എനിക്ക് അറിയാമായിരുന്നു.
“ചേച്ചി…. എന്നെ കതിർമണ്ഡപത്തിൽ വിളക്ക് കത്തിച്ചു കയറ്റാൻ മറ്റാരും വേണ്ട അമ്മുക്കുട്ടി അമ്മായി മാത്രം മതി ”
എന്ന് പറഞ്ഞു ശ്രീക്കുട്ടി എന്നെ നോക്കിയതും. സുമതി ചേച്ചി പിറുപിറുത്തു മുറിയിൽ നിന്നും ഇറങ്ങി പോയി.
“ശ്രീക്കുട്ടി ”
“ചേച്ചി… അമ്മായിയെ വിളിച്ചു കൊണ്ടു വാ “എന്ന് അവൾ പറഞ്ഞതും ഞാൻ മുറിയിൽ നിന്നും പുറത്തേക്കു നടന്നു.
അടുക്കളയിൽ അമ്മുക്കുട്ടി ചേച്ചി നിൽക്കുന്നത് കണ്ടു ഞാൻ അവിടേക്കു ചെന്നു.
“ചേച്ചി വാ… അവളെ കതിർമണ്ഡപത്തിലേക്ക് കയറ്റേണ്ടത് ചേച്ചി അല്ലേ എന്നിട്ട് ഇവിടെ നിൽക്കുവാണോ ”
എന്ന് പറഞ്ഞു ഞാൻ ചേച്ചിയുടെ കൈയിൽ പിടിച്ചതും ചേച്ചി പറഞ്ഞു.
“ആമി… വേണ്ട… എനിക്ക് കുട്ടികൾ ഇല്ലാത്തത് അല്ലേ… അത് വേണ്ട… ശകുനം ശരിയാവില്ല “എന്ന് അമ്മുക്കുട്ടി ചേച്ചി പറഞ്ഞപ്പോൾ ആ കണ്ണുകൾ നിറഞ്ഞു.
ആ കൈകളിൽ പിടിച്ചു കൊണ്ടു ഞാൻ ശ്രീക്കുട്ടിയുടെ മുന്നിൽ കൊണ്ടുപോയി നിർത്തി. കത്തിച്ചു വെച്ച താലം ചേച്ചിയുടെ കൈയിൽ കൊടുത്തു.
“മക്കൾ ഇല്ലാത്തവർ ശകുനം പിഴച്ചവർ എന്ന് പറയുന്നവർ പറഞ്ഞോട്ടെ… ഇവൾക്ക് വേണ്ടി ഒരുപാട് കഷ്ടപെട്ടതാണ് ചേച്ചി…
സ്വന്തം മകളെ പോലെ നോക്കിയതാണ്… ഇതിനുള്ള യോഗ്യത ചേച്ചിക്ക് മാത്രമാണ് ”
എന്ന് പറഞ്ഞപ്പോൾ ചേച്ചിയുടെ മുഖത്തെ പുഞ്ചിരി കണ്ടു ശ്രീക്കുട്ടി എന്നെ നോക്കി. താലവും ആയി അമ്മുക്കുട്ടി ചേച്ചി മുന്നെ നടന്നു പിന്നാലെ ശ്രീകുട്ടിയും.
നമ്മുടെ മനസ്സിനെ നന്മ അതാണ് ഏറ്റവും ഐശ്വര്യം. പ്രവർത്തി അത് നല്ലതാവണം അവിടെയാണ് യോഗ്യത.