(രചന: ആവണി)
” എടി കാര്യങ്ങളൊക്കെ അറിഞ്ഞോ..? ”
ഡെസ്കിൽ മുഖം അമർത്തി കിടക്കുമ്പോൾ സരയു ചോദിച്ചത് കേട്ട് വെറുതെ ഒന്ന് മൂളി.അവൾ ചോദിച്ചത് എന്തിനെക്കുറിച്ചാണെന്ന് വ്യക്തമായി തന്നെ തനിക്ക് അറിയാമായിരുന്നു.
“എന്നിട്ട് നീ ഇങ്ങനെ ഇരിക്കുകയാണോ.. അവനോട് നീ പോയി ചോദിക്കുന്നില്ലേ എന്തിനാ ഇങ്ങനെയൊക്കെ ചെയ്യുന്നതെന്ന്..?”
ഇത്തവണ സരയുവിന്റെ ചോദ്യത്തിനും ദേഷ്യം ആയിരുന്നു.
“ചോദിച്ചിട്ട് എന്തിനാ..? അവൻ ഒരു തീരുമാനമെടുത്ത് കഴിഞ്ഞതു കൊണ്ടാണല്ലോ കാര്യങ്ങൾ ഇതുവരെ എത്തിയത്. ഞാൻ പോയി ചോദിക്കുന്നത് കൊണ്ട് അവന്റെ തീരുമാനത്തിൽ മാറ്റം ഒന്നും ഉണ്ടാകാൻ പോകുന്നില്ല.”
നിർവികാരതയോടെ താൻ പറയുമ്പോൾ സരയൂ ആശ്ചര്യത്തോടെ നോക്കുന്നുണ്ടായിരുന്നു.
” ഇങ്ങനെയൊക്കെ പറയാനും ചിന്തിക്കാനും നിനക്ക് മാത്രമേ കഴിയൂ.”
അവൾ പറയുന്നുണ്ട്.
“ഞാൻ മദർ തെരേസ ആയതുകൊണ്ട് ഒന്നുമല്ല ഇങ്ങനെ ചിന്തിക്കുന്നത്. എന്നെ വേണ്ടാത്ത ഒരാളിനു വേണ്ടി ഒരിക്കലും ഞാൻ എന്റെ ജീവിതം പാഴാക്കി കളയില്ല എന്ന് പണ്ടേക്ക് പണ്ടേ ഞാൻ മനസ്സിൽ ഉറപ്പിച്ചതാണ്.”
തന്റെ മറുപടി സരയുവിൽ അമർഷം സൃഷ്ടിക്കുന്നത് താൻ അറിയുന്നുണ്ട്. പക്ഷെ.. ഇതല്ലാതെ മറ്റെന്ത് ചെയ്യാൻ കഴിയും..? തന്നെ വേണ്ടെന്ന് നിർദാഷിണ്യം പറഞ്ഞ ഒരുത്തനു വേണ്ടി താൻ എന്തിനു വേദനിക്കണം..?
മനസ്സ് അങ്ങനെ ചോദിക്കുമ്പോഴും ഉള്ളിന്റെ ഉള്ളിൽ എവിടെയൊക്കെയോ വല്ലാത്തൊരു വേദന തോന്നി തുടങ്ങിയിരുന്നു.
എത്ര പെട്ടെന്നാണല്ലേ ഓരോരുത്തരും മാറുന്നത്.. ഇന്നലെ വരെ പ്രിയപ്പെട്ടതാണ് എന്ന് പറഞ്ഞതൊക്കെ ഇന്ന് വെറുപ്പിന്റെ മേലങ്കി അണിഞ്ഞിരിക്കുന്നു..!
അവൻ നീരജ്. തന്റെ ആദ്യ പ്രണയം എന്ന് തന്നെ വേണം അവനെക്കുറിച്ച് വിശേഷിപ്പിക്കാൻ.
കോളേജിൽ എത്തുന്നത് വരെയും ഒരിക്കലും ഒരു പ്രണയത്തെക്കുറിച്ച് മനസ്സ് ചിന്തിച്ചിട്ടില്ല. പക്ഷേ കോളേജിൽ എത്തിയതിനു ശേഷം അവൻ എന്റെ ജീവിതത്തിലേക്ക് കടന്നു വന്നു.
ആദ്യം ഒന്നും ഒരിക്കലും അവനോട് എനിക്ക് പ്രണയം തോന്നിയിട്ടില്ല. ഞങ്ങൾ തമ്മിൽ ഉണ്ടായിരുന്നത് സൗഹൃദം മാത്രമായിരുന്നു.
വളരെ അപ്രതീക്ഷിതമായിട്ടാണ് അവൻ എന്റെ ജീവിതത്തിലേക്ക് കയറി വന്നത്.
ഒരിക്കൽ സെമസ്റ്റർ ഫീസ് അടച്ചു കഴിഞ്ഞിട്ട് ഞാനും എന്റെ കൂട്ടുകാരിയും കൂടി ഓഫീസിൽ നിന്ന് പുറത്തേക്ക് വരുമ്പോഴാണ് അവനെ കാണുന്നത്. എന്നോടൊപ്പം അന്ന് ഉണ്ടായിരുന്നത് സരയു തന്നെയായിരുന്നു.
അന്ന് സെമസ്റ്റർ ഫീസ് അടയ്ക്കാനുള്ള അവസാന ദിവസം ആയിരുന്നു. അവൻ അവിടെ നിൽക്കുന്നത് കണ്ടപ്പോൾ എനിക്ക് എന്തോ വല്ലായ്ക തോന്നി.
അവന്റെ മുഖം കണ്ടപ്പോൾ എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ട് എന്ന് എനിക്ക് മനസ്സിലായിരുന്നു.
ഞാനത് സരയുവിന് കാണിച്ചു കൊടുക്കുകയും ചെയ്തു.
” നിനക്കെന്തിന്റെ കേടാ.. ആരെങ്കിലും എവിടെയെങ്കിലും നിൽക്കുന്നത് കണ്ടിട്ട് നീ അവിടെയൊക്കെ നോക്കി നിൽക്കുന്നത് എന്തിനാണ്..
ആ ചെക്കന് വല്ല പ്രശ്നവും ഉണ്ടായിരിക്കും. അവന്റെ പ്രശ്നങ്ങൾ എല്ലാം പരിഹരിച്ചു കൊടുക്കാൻ നിന്നെക്കൊണ്ട് പറ്റില്ലല്ലോ. അപ്പൊ പിന്നെ നീ മര്യാദയ്ക്ക് നിന്റെ വഴി നോക്കി പോകാൻ നോക്ക്. ”
സരയു ദേഷ്യപ്പെട്ടു.
” എടീ അങ്ങനെയല്ല. ആ ചെക്കനെ കണ്ടാൽ തന്നെ അറിയാം ഏതോ പാവപ്പെട്ട വീട്ടിലെ ആണെന്ന്. ഇനി ഫീസ് കൊടുക്കാൻ പൈസ ഇല്ലാതെ എങ്ങാനും നിൽക്കുന്നതായിരിക്കും.”
ഞാൻ അനുകമ്പയോടെ പറഞ്ഞു.
” അത് എന്തെങ്കിലും ആയിക്കോട്ടെ. എല്ലാവരെയും സഹായിക്കാൻ നമ്മളെ കൊണ്ട് പറ്റില്ലല്ലോ. ”
എന്നെ എങ്ങനെയെങ്കിലും അവിടെ നിന്ന് കൊണ്ടു പോകാനാണ് സരയു ശ്രമിച്ചത്. പക്ഷേ ആ സമയത്ത് അതിനെക്കുറിച്ച് ഞാൻ ഓർത്തത് പോലുമില്ല.
ആൺകുട്ടികൾ പൊതുവേ കരയാറില്ല എന്നൊരു തത്വമാണ് നമ്മുടെ നാട്ടിൽ നിലവിലുള്ളത്. അങ്ങനെയുള്ളപ്പോൾ കണ്ണിൽ വെള്ളവും നിറച്ച് ഒരു ചെറുപ്പക്കാരൻ നിൽക്കുന്നത് കണ്ടപ്പോൾ ആകെ ഒരു വല്ലായ്ക.
എന്റെ ആ തോന്നൽ കൊണ്ടാണ് ഞാൻ അവന് നേരെ ചുവട് വച്ചത്.
എന്നെ കൺമുന്നിൽ കണ്ടപ്പോൾ അവനെ ആകെ ജാള്യത തോന്നിയിരിക്കണം. കാരണം എന്നെ കണ്ട ഉടനെ അവന്റെ കണ്ണുനീർ എന്നിൽ നിന്നും മറക്കാൻ അവൻ ശ്രമിക്കുന്നുണ്ടായിരുന്നു.
” തനിക്ക് എന്താ പറ്റിയത് ..? തന്റെ കണ്ണ് നിറഞ്ഞിരിക്കുന്നത് കണ്ടു. ”
ഒരു പരിചയവുമില്ലാത്ത ഒരു പെൺകുട്ടി മുന്നിൽ വന്നു നിന്ന് ഇങ്ങനെ ചോദിക്കുമ്പോൾ ഏതൊരു പുരുഷനും ഉണ്ടാകുന്ന ജാള്യത അവനും ഉണ്ടായിരുന്നു.
” അതൊന്നുമില്ല. ”
അവൻ പെട്ടെന്ന് അങ്ങനെയാണ് മറുപടി പറഞ്ഞത്.
” താൻ ഫീസ് അടച്ചിട്ടില്ല എന്നുള്ളതാണ് തന്റെ പ്രശ്നമെങ്കിൽ തന്നെ സഹായിക്കാൻ എനിക്ക് പറ്റും. ”
എന്തുകൊണ്ടോ അങ്ങനെ പറയാനാണ് ആ നിമിഷം എനിക്ക് തോന്നിയത്.ആദ്യം ഒന്നും അവൻ സമ്മതിച്ചില്ലെങ്കിലും, എന്റെ നിർബന്ധം കൊണ്ടായിരിക്കണം പിന്നീട് അവൻ മൗന സമ്മതം നൽകിയത്.
അതോടെ അവന്റെ ഫീസ് അടയ്ക്കാനുള്ള പണം ഞാൻ അവനു കൊടുത്തു. അതായിരുന്നു ഞങ്ങൾ തമ്മിലുള്ള പരിചയത്തിന്റെ തുടക്കം.
പിന്നീട് ഒരിക്കൽ ഞാൻ അടച്ച പണം അവൻ എനിക്ക് തിരികെ കൊണ്ടു വന്നു തന്നു. പിന്നീട് പലപ്പോഴായി കോളേജിന്റെ പല ഭാഗത്തും ഞങ്ങൾ കണ്ടുമുട്ടി.
പരസ്പരം എന്തും തുറന്നു പറയാൻ കഴിയുന്ന തരത്തിലുള്ള ഒരു സൗഹൃദം ഞങ്ങൾക്കിടയിൽ രൂപപ്പെട്ടു. അതുകൊണ്ടാണ് അവന്റെ വീട്ടിലെ അവസ്ഥകളൊക്കെ ഞാൻ അറിയുന്നത്.
അവന്റെ അച്ഛൻ അവൻ ചെറുതായിരിക്കുന്ന സമയത്ത് തന്നെ മരണപ്പെട്ടതാണ്. അവന്റെ അമ്മ കൂലിപ്പണിക്ക് പോയാണ് അവനെ പഠിപ്പിക്കുന്നത്.
അവൻ മാത്രമല്ല അവന് ഒരു പെങ്ങൾ കൂടിയുണ്ട് . അവൻ പത്താം ക്ലാസ് കഴിഞ്ഞപ്പോൾ മുതൽ തന്നെ ചെറിയ ചെറിയ ജോലികൾക്കൊക്കെ പോയി തുടങ്ങിയിരുന്നു.
അങ്ങനെ കുറച്ചു കുറച്ചായി സമ്പാദ്യം കൂട്ടി വച്ചാണ് അവൻ കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോയിരുന്നത്.
ഇപ്പോൾ കോളേജിലെ ക്ലാസും ജോലിയും എല്ലാം കൂടി മാനേജ് ചെയ്യാൻ അവനു പറ്റുന്നില്ല. അമ്മയ്ക്ക് സുഖമില്ലാതെ ആയതോടെ, വീട്ടിലെ ചെലവുകൾ കൂടി അവൻ അന്വേഷിക്കേണ്ട അവസ്ഥയാണ്.
ഇതൊക്കെ അറിഞ്ഞപ്പോൾ അവനോട് സഹതാപത്തിനേക്കാൾ കൂടുതൽ സ്നേഹമാണ് എനിക്ക് തോന്നിയത്.
അവന്റെ പ്രായത്തിലുള്ള കുട്ടികൾ ജീവിതം ആഘോഷമാക്കുമ്പോൾ അവൻ കുടുംബത്തിനുവേണ്ടി കഷ്ടപ്പെടുകയാണല്ലോ എന്നുള്ള ചിന്ത എന്നെ അവനോട് കൂടുതൽ അടുപ്പിച്ചു.
ഞാൻ എന്റെ പ്രണയം അവനോടു തുറന്നു പറയുമ്പോൾ അവൻ എതിർത്തെങ്കിലും അവന്റെ മനസ്സിലും ഞാനുണ്ട് എന്ന് അധികം വൈകാതെ തന്നെ എനിക്ക് മനസ്സിലായി.
അന്നുമുതൽ അങ്ങോട്ട് അവന്റെ ആവശ്യങ്ങളെല്ലാം എന്റേത് കൂടിയാണ് എന്നാണ് ഞാൻ ചിന്തിച്ചത്.
പലപ്പോഴും അവൻ പറയാതെ തന്നെ അവന്റെ മൊബൈൽ റീചാർജ് ചെയ്തു കൊടുക്കുന്നതും അവന്റെ സെമസ്റ്റർ ഫീസ് അടയ്ക്കുന്നതും ഒക്കെ ഞാനായിരുന്നു.പതിയെ പതിയെ അവനെ എന്നോട് പണം കടം ചോദിക്കാനുള്ള മടി ഒക്കെ ഇല്ലാതെയായി.
എന്റേത് അവന്റേത് എന്നുള്ള വേർതിരിവ് ഞങ്ങൾക്കിടയിൽ ഇല്ലാതായി.
എനിക്ക് ഒരു ജോലി കിട്ടിയപ്പോൾ പോലും അതിന്റെ ശമ്പളം അവൻ തന്നെയാണ് കൈകാര്യം ചെയ്തിരുന്നത്. അതിലൊന്നും എനിക്ക് ഒരു പരാതിയും തോന്നിയിട്ടുണ്ടായിരുന്നില്ല.
പക്ഷേ കഴിഞ്ഞ ദിവസം അവന്റെ എൻഗേജ്മെന്റ് കഴിഞ്ഞു എന്നൊരു വാർത്ത അറിഞ്ഞപ്പോൾ ഞാൻ ആകെ തകർന്നു പോയി. അതിനേക്കാൾ ഉപരി എന്നെ ഞെട്ടിച്ചത് അവന്റെ പ്രതികരണം ആയിരുന്നു.
ഞങ്ങളുടെ പ്രണയത്തെക്കുറിച്ച് അറിയുന്ന ഞങ്ങളുടെ ഒരു സുഹൃത്ത് അവനോട് ഈ കാര്യത്തിനെ കുറിച്ച് അന്വേഷിച്ചിരുന്നു. അതിന് അവൻ പറഞ്ഞ മറുപടി ആ സുഹൃത്ത് റെക്കോർഡ് ചെയ്താണ് എന്നെ കൊണ്ടു വന്നു കേൾപ്പിച്ചത്.
” കാര്യങ്ങൾ ഇത്രയൊക്കെ ആയ സ്ഥിതിക്ക് ഇനി തുറന്നു പറയാതിരിക്കുന്നത് കൊണ്ട് അർത്ഥമില്ലല്ലോ. സത്യം പറഞ്ഞാൽ അവളോട് എനിക്ക് പ്രണയം ഒന്നും തോന്നിയിട്ടില്ല.
എന്റെ വീട്ടിലെ അവസ്ഥയൊക്കെ നിങ്ങൾക്കൊക്കെ അറിയാവുന്നതാണല്ലോ. അങ്ങനെയുള്ള ഒരു സാഹചര്യത്തിൽ എനിക്ക് സാമ്പത്തികമായി സഹായിക്കാൻ ഒരു സുഹൃത്തിന്റെ ആവശ്യമുണ്ടായിരുന്നു.
അതായിരുന്നു അവൾ. ഞാൻ അവളോട് ആയിട്ട് ഒന്നും ആവശ്യപ്പെട്ടിട്ടില്ല. അവൾ തന്നെയാണ് ചോദിച്ചും അറിഞ്ഞും എന്റെ ആവശ്യത്തിന് പണം തന്നിരുന്നത്.
അവൾ എനിക്ക് പണം തരുമ്പോൾ അവൾക്ക് സ്നേഹം കൊടുക്കുന്നതുപോലെ ഞാൻ അഭിനയിച്ചു. അല്ലാതെ അവളോട് എനിക്ക് പ്രത്യേകിച്ച് ഫീലിംഗ്സ് ഒന്നുമില്ല. ”
അവന്റെ ആ വാക്കുകൾ എന്റെ ഹൃദയത്തെ തകർക്കാൻ പോന്നതായിരുന്നു. പണം കൊടുത്ത് അവന്റെ സ്നേഹം വിലയ്ക്ക് വാങ്ങിയ ഒരുവളായി ഞാൻ മാറി.
അത്രത്തോളം തരംതാഴ്ത്തിയാണ് അവൻ എന്നെക്കുറിച്ച് സംസാരിച്ചത് എന്ന് ഓർക്കുമ്പോൾ എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നുന്നുണ്ടായിരുന്നു.
അവനെ സ്നേഹിച്ച എന്നെ ഞാൻ വെറുക്കുന്നു..!