തുലാമഴ
(രചന: അഭിരാമി അഭി)
കൗൺസിലിങ്ങിന് ശേഷം കോടതിമുറിയിൽ നിന്നും വെളിയിലേക്ക് ഇറങ്ങുമ്പോൾ അവളുടെ മുഖത്ത് പ്രത്യേകിച്ച് ഭാവവ്യത്യാസം ഒന്നും ഉണ്ടായിരുന്നില്ല.
പുറത്തു തൂണിൽ ചാരിനിന്നിരുന്ന അനൂപിനെ കടന്ന് അവൾ പുറത്തേക് നടന്നു.
പോകാം മോളേ?
കാറിനരികിൽ നിന്നിരുന്ന മേനോന്റെ ചോദ്യത്തിന് അവളൊരു തളർന്ന പുഞ്ചിരി സമ്മാനിച്ചു.
കാറിലേക്ക് കയറും മുന്നേയുള്ള അവളുടെ നോട്ടത്തെ അവഗണിച്ച് അവൻ വെറുതെ പുറത്തേക് നോക്കി നിന്നു.
അഭിരാമി കാറിലേക്ക് കയറി സീറ്റിലേക്ക് ചാരി മിഴികളടച്ചു .
മൂന്നുവർഷങ്ങൾക്കു മുന്നേയുള്ള ഒരു വിവാഹമണ്ഡപം ആയിരുന്നു അവളുടെ മനസ്സുനിറയെ.
നാദസ്വരത്തിന്റെ അകമ്പടിയിൽ അനൂപേട്ടൻ തന്റെ കഴുത്തിൽ താലി ചാർത്തുമ്പോൾ നിറഞ്ഞ സന്തോഷമായിരുന്നു ഉള്ളൂ നിറയെ.
ജീവിതം സന്തോഷകരമായിരുന്നു. അനൂപേട്ടന് താൻ എല്ലാമായിരുന്നു.
വിവാഹം കഴിഞ്ഞ് മൂന്നുവർഷങ്ങൾക്ക് ശേഷമായിരുന്നു പ്രശ്നങ്ങൾ തുടങ്ങിയത്.
ഉടനെ ഒരു കുഞ്ഞ് വേണ്ട എന്നത് അനൂപേട്ടന്റെ നിർബന്ധം ആയിരുന്നു. ഒന്നരവർഷത്തോളം കഴിഞ്ഞപ്പോൾ അനൂപേട്ടനും ഒരു കുഞ്ഞിനെ ആഗ്രഹിച്ചു തുടങ്ങി.
എല്ലാവരുടെയും കുത്തുവാക്കുകൾ എന്റെ നേരെ ആയിരുന്നു.
ഒരു കുഞ്ഞിനു ജന്മം നൽകാൻ കഴിയാത്ത ഒരുത്തിയെ ആണല്ലോ ദൈവമേ എന്റെ മോന് കിട്ടിയത്…
അനൂപേട്ടന്റെ അമ്മയുടെ വാക്കുകൾ ഒരു ഇടിതീ ആയിട്ടായിരുന്നു എന്റെ നെഞ്ചിനുമേൽ പതിച്ചത്.
എല്ലാത്തിനും പുറമെ അനൂപേട്ടന്റെ മൗനവും എന്നെ വല്ലാതെ തളർത്തിയിരുന്നു. പതിയെ പതിയെ അനൂപേട്ടനും എന്നിൽ നിന്നും അകന്നുതുടങ്ങിയത് ഞാനറിഞ്ഞു.
ഞാനേറെ സന്തോഷിച്ച ആ വീട് പിന്നീടെന്നെ വല്ലാതെ ശ്വാസം മുട്ടിച്ചു. അനൂപേട്ടന്റെ എന്നോടുള്ള പെരുമാറ്റം ദിവസം തോറും മോശമായിക്കൊണ്ടിരുന്നു.
അവഗണനയും കുത്തുവാക്കുകളും പിന്നീട് ശരീരികമായ ഉപദ്രവത്തിനു വഴിമാറി.
ഒടുവിൽ എല്ലാം ഉപേക്ഷിച്ചു ആ വീടിന്റെ പടിയിറങ്ങുമ്പോൾ ഒരിക്കൽ പോലും തിരിഞ്ഞു നോക്കിയിരുന്നില്ല.
മോളേ…
മേനോന്റെ ശബ്ദം അവളുടെ ചിന്തകളെ മുറിച്ചു.
നിറഞ്ഞുതുടങ്ങിയ കണ്ണുകൾ തുടച്ചുകൊണ്ട് അവൾ പതിയെ അകത്തേക്ക് കയറിപോയി.
അമ്പലത്തിൽ നിന്നും പുറത്തേക്ക് ഇറങ്ങുകയായിരുന്നു അനൂപിനെതിരായി പെട്ടന്നായിരുന്നു അവൾ വന്നത്.
ആറുമാസങ്ങൾ അവളെ വല്ലാതെ മാറ്റിയിരുന്നു. അല്പം നിറം കൂടിയതുപോലെ. കണ്മഷി എഴുതിയ ആ ഉരുണ്ട മിഴികളിലെ ഭാവം എന്തെന്ന് അവനു വേർതിരിച്ചറിയാൻ കഴിഞ്ഞില്ല.
സെറ്റ്സാരിക്കുള്ളിൽ അല്പം വീർത്തുന്തിയ അവളുടെ വയർ അപ്പോഴായിരുന്നു അവന്റെ ശ്രദ്ധയിൽ പെട്ടത്.
അഭിരാമി , അവൾ ഗർഭിണിയാണ്.
ഒന്നും മനസ്സിലാവാതെ അന്തം വിട്ടു നിന്റെ നിൽക്കുന്ന അവന്റെ മുന്നിലൂടെ അവൾ അവനെ ഒന്ന് നോക്കുകകൂടി ചെയ്യാതെ അകത്തേക്കു കയറിപോയി.
“നോക്കണ്ട അനൂപ് നിന്റെ കുഞ്ഞ് തന്നെയാ അവളുടെ വയറ്റിൽ വളരുന്നത്. ”
നിന്റെ ഉപദ്രവം സഹിക്കാൻ വയ്യാതെ നിന്റെ വീടിന്റെ പടിയിറങ്ങുമ്പോൾ അവൾ ഒരമ്മയാവാനുള്ള തയ്യാറെടുപ്പിൽ ആയിരുന്നു.
അവളുടെ പിന്നാലെ വന്ന മേനോൻ ഒരുതരം അവജ്ഞയോടെ പറഞ്ഞു.
ഒരു സ്വപ്നത്തിൽ എന്നതുപോലെ മേനോന്റെ മുഖത്തേക്ക് നോക്കി അവൻ നിന്നു.
അഭീ…
കാത്തുനിന്ന അവനു മുന്നിലൂടെ വീർത്തുന്തിയ വയറിൽ പതിയെ തടവി കടന്നുപോയ അവളുടെ കയ്യിൽ പിടിച്ചുകൊണ്ട് അവൻ ദയനീയമായി വിളിച്ചു.
എല്ലാമറിഞ്ഞു അല്ലേ?
കത്തുന്ന അവളുടെ മിഴികളെ നേരിടാനവാതെ അവൻ തറയിൽ മിഴികളൂന്നി.
അഭീ എനിക്ക് തെറ്റ്പറ്റി. എനിക്കൊരു അവസരം കൂടി… . അവൻ വിക്കി.
വേണ്ട അനൂപേട്ടാ …
അവനെ മുഴുമിപ്പിക്കാൻ അനുവദിക്കാതെ അവൾ പറഞ്ഞു.
അന്ന് നിങ്ങളുടെ വീടിന്റെ പടിയിറങ്ങുമ്പോൾ തീർന്നതാണ് നമ്മുടെ ബന്ധം.
ഒരിക്കലും ഒരമ്മയാവില്ലെന്ന് നിങ്ങളടക്കം വിധിയെഴുതിയ ഞാൻ ഇന്ന് നിങ്ങളുടെ കുഞ്ഞിന്റെ അമ്മയാണ്.
പക്ഷേ ഞാൻ ഒരിക്കലും ഇനി നിങ്ങളുടെ ജീവിതത്തിലേക്ക് വരില്ല.
പെണ്ണിന്റെ കുറവുകളിൽ അവളെ വലിച്ചെറിഞ്ഞു കളയുന്ന നിങ്ങളെ പോലൊരാളുടെ കൂടെ ഒരു ജീവിതം ഇനിയെനിക്ക് ആവശ്യമില്ല.
ജീവിതത്തിൽ എല്ലാ പ്രതീക്ഷകളും തകർന്ന എനിക്ക് ജീവിക്കാൻ ഇപ്പോൾ ഒരു കാരണമുണ്ട് എന്റകുഞ്ഞ്. അതുമതി ഇനിയെനിക്ക് ജീവിക്കാൻ.
ഇനിയൊരിക്കലും അവളെ തിരിച്ചുകിട്ടില്ല എന്ന തിരിച്ചറിവിൽ നിറഞ്ഞ കണ്ണുകൾ അമർത്തിതുടച്ച് അവൻ അവളെ നോക്കി ചിരിക്കാൻ ശ്രമിച്ചു.
അവന്റെ കയ്യിൽ നിന്നും പതിയെ തന്റെ കൈകൾ വിടുവിച്ച് സാരിക്കുള്ളിൽ മറച്ചിരുന്ന താലിയിൽ മുറുകെ പിടിച്ച് നടന്നു നീങ്ങുമ്പോൾ അവളുടെ കണ്ണുകളും പെയ്തുകൊണ്ടിരുന്നു.