എന്നെപ്പോലൊരു വിഡ്ഢിപ്പെണ്ണിങ്ങനെ നെഞ്ചുരുകി നിലവിളിക്കുന്നത് കാണാനോ? നീ മരിച്ചുവെന്നത് മറ്റുള്ളവർക്ക് മുന്നിലെ ഒരു കടംകഥ

ആമി
(രചന: അഭിരാമി അഭി)

“എന്തിനായിരുന്നു ഈ താലി മാത്രമായി എനിക്ക് വിട്ടുനൽകിയത്?

എന്നെപ്പോലൊരു വിഡ്ഢിപ്പെണ്ണിങ്ങനെ നെഞ്ചുരുകി നിലവിളിക്കുന്നത് കാണാനോ? നീ മരിച്ചുവെന്നത് മറ്റുള്ളവർക്ക് മുന്നിലെ ഒരു കടംകഥ മാത്രമാണ് ആമി….

നന്ദേട്ടന്റെ ഹൃദയത്തിലിന്നും നീ ജീവിക്കുന്നു….ആ മനുഷ്യന്റെ പ്രണയത്തിലലിഞ്ഞിരുന്ന ആ പഴയ ആമിയായി തന്നെ…. ”

അടച്ച് ഇട്ടിരുന്ന ആ മുറിക്കുള്ളിലേക്ക് കയറി മേശമേൽ ഇരുന്നിരുന്ന അഭിരാമിയുടെ ചിരിതൂകിയ ചിത്രത്തിലേക്ക് നോക്കി സ്വാതി പറഞ്ഞുകൊണ്ടേയിരുന്നു.

പെട്ടന്ന് ചുമലിലൊരു കരസ്പർശമറിഞ്ഞ് തിരിഞ്ഞു നോക്കുമ്പോൾ കവിളുകളിലെ നനവ് തുടച്ചുനീക്കാൻ അവൾ മറന്നില്ല

“അമ്മേ…. ഞാൻ…. പിന്നെ….. ഞാനിപ്പോ ചായ വെക്കാം…. ”

നിലത്ത് നിന്നും പിടഞ്ഞെണീറ്റ് പുറത്തേക്ക് നടക്കും മുൻപ് സുമിത്രയുടെ കൈകൾ അവളെ തടഞ്ഞിരുന്നു.

“മാപ്പ് തരില്ലേ എന്റെ കുട്ടിയീ അമ്മയ്ക്ക്?”

ചോദിക്കുമ്പോൾ അവരുടെ സ്വരം വല്ലാതെ നേർത്തിരുന്നു. അറിയാതെ അവളുടെ മിഴികളും തുളുമ്പിപ്പോയി. പക്ഷേ അത് നിലത്തേക്ക് വീണുചിതറും മുൻപ് അവരുടെ പിടി വിടുവിച്ച് അവൾ പുറത്തേക്ക് ഓടി.

അടുക്കളയിൽ പോയി ഒന്നും സംഭവിക്കാത്തത് പോലെ ചായ വയ്ക്കുകയും പാത്രങ്ങൾ കഴുകി മാറ്റുകയും ചെയ്തിരുന്നവളെ നോക്കി നിൽക്കുമ്പോൾ സുമിത്രയുടെ മിഴികളും എന്തിനോ നിറഞ്ഞിരുന്നു.

പഠിക്കുന്ന കാലം മുതലേ നന്ദന്റെ പ്രണയം അവളായിരുന്നു അഭിരാമിയെന്ന അവന്റെ മാത്രം ആമി…. അഞ്ചുവർഷം നീണ്ട തീവ്രമായ പ്രണയം.

പക്ഷേ ഒരുമിക്കാനുള്ള വിധി ഈശ്വരനവർക്ക് നൽകിയില്ല. ഒരു ഇലക്ട്രിക് ഷോക്കിന്റെ രൂപത്തിൽ ഈശ്വരനവളെ തിരികെ വിളിച്ചു. പിന്നെയുള്ള മൂന്നുവർഷങ്ങൾ നന്ദനെയാകെ മാറ്റിമറിച്ചു.

പഴയ നന്ദന്റെ നിഴൽ മാത്രമായി മാറുകയായിരുന്നു അവൻ.

ഒടുവിൽ എല്ലാവരുടെയും ഉപദേശം കേട്ട് ഒരു വിവാഹത്തിലൂടെ അവന്റെ മനസ്സിനെ തിരികെപ്പിടിക്കാമെന്നുള്ള മിഥ്യ ധാരണയിൽ അതും ചെയ്തു.

സ്വാതിയെന്ന പാവം പെണ്ണിനെ അവന്റെ ജീവിതത്തിലേക്കും വലിച്ചിട്ടു. പക്ഷേ അവനിൽ മാറ്റങ്ങളൊന്നും കണ്ടില്ല. അവന്റെയുള്ളിൽ അവൾ മാത്രമായിരുന്നു…. ആമി….

“അമ്മേ ചായ…. ”

സ്വാതിയുടെ സ്വരമാണ് ചിന്തകളിൽ നിന്നുമവരെ തിരികെ വിളിച്ചത്.

വരുത്തിക്കൂട്ടിയൊരു പുഞ്ചിരി അവൾക്കായ് സമ്മാനിച്ചുകൊണ്ട് ചായ കയ്യിൽ വാങ്ങുമ്പോൾ ആ പെണ്ണിനെയോർത്ത് വിങ്ങുകയായിരുന്നു ആ അമ്മയുടെ ഉള്ളം.

സുമിത്ര ഉമ്മറത്തേക്ക് പോയതും തനിക്കായെടുത്ത ചായ ഒരുതരം മടുപ്പോടെ സ്ലാബിലേക്ക് വച്ചിട്ട് അവൾ ജോലി തുടർന്നു.

ഒന്നുമില്ല എന്ന് സ്വയം വിശ്വസിക്കാനുള്ള പെടാപാടിനിടയിൽ തുളുമ്പിയൊഴുകിയ കണ്ണീരിന്റെ നനവ് പോലും അവളറിഞ്ഞില്ല.

നന്ദനിൽ നിന്നും രാവിലെ കേട്ടവാക്കുകളായിരുന്നു അവളുടെ ഉള്ള് നിറയെ അപ്പോൾ.

“നന്ദേട്ടാ ചായ…. ”

പതിവ് നേരം കഴിഞ്ഞിട്ടും അഭിരാമിയുടെ ഓർമകളുറങ്ങുന്ന ആ മുറിയിൽ നിന്നും ആളെ പുറത്തേക്ക് കാണാതിരുന്നപ്പോഴായിരുന്നു ചായയുമായി അകത്തേക്ക് ചെന്നത്.

പക്ഷെ കയറിയ അതേ വേഗത്തിൽ തന്നെയായിരുന്നു പുറത്തേക്ക് തള്ളിയെറിയപ്പെട്ടത്.

“അമ്മേ…. ” ഒരു നിലവിളിയോടെ പിന്നിലേക്ക് മലർന്ന് വീഴുമ്പോൾ തിളച്ച ചായയൊരു തുള്ളി പോലും പാഴാകാതെ മെത്തേക്ക് തന്നെ വീണു.

“പറഞ്ഞിട്ടുണ്ട് നിന്നോട് ഞാൻ അവൾക്കുമെനിക്കുമിടയിലേക്ക് ഒരപശകുനമായി മേലിൽ കടന്നുവരരുതെന്ന്…. ”

“നന്ദേട്ടാ ഞാൻ… ”

വാക്കുകൾ മുഴുമിപ്പിക്കാൻ പോലും സമ്മതിച്ചില്ല. അതിന് മുൻപ് മുന്നോട്ട് നടന്നിരുന്നു.

“എന്നോ മരിച്ചവളെ ഓർത്ത് എന്തിനാ എന്നോടിങ്ങനെ?”

വിലാപം ഈശ്വരനോട്‌ മാത്രമായിരുന്നു. പക്ഷെ അതവന്റെ കാതുകളെയും തുളച്ചുകയറിയിരുന്നു.

പോയ വേഗത്തിൽ തന്നെ തിരികെ വന്ന് കഴുത്തിൽ കുത്തിപ്പിടിച്ച് ചുവരിൽ ചേർത്തുയർത്തുമ്പോൾ അവൾ മിഴികൾ ഇറുക്കിയടച്ചിരുന്നു. എങ്കിലും കരിമഷി കലങ്ങിയൊഴുകിയ ഈർപ്പം കവിളുകളും കടന്ന് അവന്റെ കൈ വിരലുകളെയും നനച്ചു.

“ഈ നന്ദനിലവൾക്ക് മരണമില്ലെടി…. ആമി ജീവിക്കും ഈ എന്നിൽ…. ”

പറയുമ്പോൾ അവന്റെ മിഴികളും ഈറനായിരുന്നു.

“സത്യത്തിൽ നിങ്ങളോടെനിക്ക് സ്നേഹമാണ് നന്ദേട്ടാ തോന്നുന്നത്…. ഇനിയൊരു ജന്മമുണ്ടെങ്കിൽ അതുമെനിക്ക് പെണ്ണായ് ജനിക്കണം.

ഏതെങ്കിലുമൊരു പെണ്ണായല്ല നന്ദന്റെ ആമിയായ്….. മരണത്തിലും നശിക്കാത്ത നന്ദന്റെ പ്രണയമായൊരു ജന്മം…. ”

ചിന്തിച്ചുകൊണ്ട് പാത്രം മോറുന്നതിനിടയിലും അവളുടെ അധരങ്ങൾ മന്ത്രിച്ചു.

രാത്രി പതിവുപോലെ പോലെ കുളത്തിൽ മുങ്ങിയൊരു കുളിയൊക്കെ കഴിഞ്ഞ് മുറിയിലേക്ക് വരുമ്പോൾ മുറിയുടെ മൂലയിലെ വെറും പായയിൽ അവളുണ്ടായിരുന്നു.

പക്ഷെ ചുവരിൽ ചാരി മറ്റേതോ ലോകത്തായിരുന്നു. മിഴികൾ ചുവന്നുകലങ്ങിയിരുന്നു.

“ദാ….. ”

കിടക്കയിലേക്ക് ചായാനൊരുങ്ങവേയായിരുന്നു അടുത്തേക്ക് വന്നവൾ എന്തോ നീട്ടിയത്.

എന്താണെന്ന് ചോദിക്കുക കൂടി ചെയ്യാതെ അവൾക്ക് നേരെ കൈ നീട്ടുമ്പോൾ എന്തോ ഒരാകാംഷ ഉള്ളിനെ ചൂഴ്ന്ന് നിന്നിരുന്നു. പക്ഷെ നീട്ടിയ സാധനം കൈ വെള്ളയിലേക്ക് വീണപ്പോ ശരീരമൊന്ന് വിറച്ചുപോയി.

കുറച്ചുമുൻപ് വരെ അവളുടെ ഹൃദയത്തെ ചുംബിച്ചു കിടന്നിരുന്ന താലിമാല. അപ്പോഴും അവളുടെ ഹൃദയത്തിന്റെ ചൂടതിനെ ചുട്ടുപൊള്ളിക്കുന്നുണ്ടെന്ന് തോന്നി.

“ഇനിയും ഞാനിതണിയുന്നതിലർഥമില്ല നന്ദേട്ടാ… സ്വാതിക്കൊരിക്കലും അഭിരാമിയാവാൻ കഴിയില്ല…. അഭിരാമിക്ക്‌ തിരിച്ചും.

പക്ഷെ ഒന്ന് നന്ദേട്ടനറിയണം. ഞാനൊരിക്കലും നിങ്ങളുടെ ഇടയിലേക്ക് വലിഞ്ഞുകയറി വന്നവളല്ല.

അഭിരാമി ജീവിച്ചിരുന്നുവെങ്കിൽ ഒരിക്കൽ പോലും നിങ്ങളുടെ ഇടയിലേക്ക് ഞാൻ വരികയുമില്ലായിരുന്നു.

പക്ഷേ വിധി ഇങ്ങനെയൊക്കെ ആയിരുന്നു…. കൊതിച്ചത് കിട്ടിയുമില്ല…. കിട്ടിയതിനോടൊട്ട് കൊതിയുമില്ല… ”

പറഞ്ഞുകൊണ്ട് അവൾ പതിയെ ഒന്ന് ചിരിച്ചു.

“നന്ദേട്ടാ…. ഉപദേശിക്കുകയല്ല. പക്ഷേ…. മരണമൊരു സത്യമാണ്. അതിനെ അംഗീകരിക്കുക തന്നെ വേണം. എന്നേയോർക്കണ്ട പക്ഷേ അഭിരാമിയെ ഓർത്തെങ്കിലും ഈ കാത്തിരുപ്പവസാനിപ്പിക്കണം.

ഇപ്പോഴും അവളിൽ മാത്രം നിങ്ങൾ ജീവിക്കുമ്പോൾ ഈ ഭൂമി വിട്ടവൾക്ക് പോകാൻ കഴിയില്ല…. നിങ്ങളുടെ പ്രണയമൊരു ബന്ധനമായി ഈ മണ്ണിലവളെ തളച്ചിടും. അർഹമായൊരു മോക്ഷമവൾക്ക് വേണ്ടേ?”

“അവൾ പറഞ്ഞതൊരുപക്ഷേ ശരിയായിരിക്കാം പക്ഷേ ആമി…. അവളിനിയില്ലെന്ന് ഞാനെന്റെ മനസിനെയെങ്ങനെ പറഞ്ഞു ബോധ്യപ്പെടുത്തും?”

“ഞാൻ നാളെ കാലത്ത് പോകും. തല്ക്കാലം പാലക്കാട്ടേക്ക്‌ അവിടുന്ന് ബാംഗ്ലൂരേക്ക്…… അവിടൊരു ഹോസ്പിറ്റലിൽ ജോലി ശരിയായിട്ടുണ്ട്….”

പറഞ്ഞിട്ട് അവൾ പതിയെ പായയിലേക്ക് ചാഞ്ഞു.

രാവേറെ ചെന്നിട്ടും ഇരുവരുടെയും ദീർഘ നിശ്വാസങ്ങൾ ആ ചുവരുകളിൽ ചെന്നലച്ച് തകർന്നുകൊണ്ടിരുന്നു. ആ കിടപ്പിലും അവളൂരി നൽകിയ താലി മാല അവന്റെ കൈവെള്ളയെ പൊള്ളിച്ചുകൊണ്ടിരുന്നു.

കിഴക്ക് വെള്ളകീറും മുൻപ് അവളുണർന്നതും എന്തൊക്കെയോ പെട്ടിയിലടുക്കി വയ്ക്കുകയും പിന്നെ കുളിമുറിയിൽ കയറി കുളിച്ചവന്നതും ബെഡ്ലാമ്പിന്റെ നേർത്ത വെളിച്ചത്തിൽ

തന്നെയൊരു കോട്ടൺ സാരി ഞൊറിഞ്ഞുടുത്തതും പതിവുപോലെ നീണ്ട വിരലുകളെ സിന്ദൂരപ്പോണിയുടെ അരികിൽ നിന്നും പണിപ്പെട്ട് പിൻവലിക്കുന്നതുമെല്ലാം കണ്ടിട്ടും കാണാത്തത് പോലെ കിടന്നു.

പതിവുപോലെ കയ്യിലേക്ക് നീട്ടിയ ചായ വാങ്ങുമ്പോൾ എന്തുകൊണ്ടൊ കയ്യൊന്ന് വിറച്ചു.

നാളെയിങ്ങനെയൊന്നുണ്ടാവില്ലല്ലോ എന്ന് വെറുതെ പരിതപിച്ചു. ഒരു നിമിഷം ആമി തന്റെ ജീവിതത്തിൽ ഇല്ലായിരുന്നുവെങ്കിലെന്ന് പോലും ചിന്തിച്ചുപോയി.

അവൻ തന്നെയായിരുന്നു അവളെ റെയിൽവേ സ്റ്റേഷനിൽ കൊണ്ടുവിട്ടത്.

“പോട്ടേ….. ”

ബാഗുകളും മറ്റുമായി പ്ലാറ്റ്ഫോമിൽ നിൽക്കുമ്പോൾ പുഞ്ചിരിയോടെ അവൾ ചോദിച്ചു.

പുലർകാലത്തെ തണുത്ത കാറ്റിൽ പാറിക്കളിക്കുന്ന അവളുടെ മുടിയിഴകളെയും ഇലക്ട്രിക് ലൈറ്റിന്റെ പ്രകാശത്തിൽ തിളങ്ങുന്ന മിഴികളെയും നോക്കി നിന്നുകൊണ്ട് അവനും വെറുതെ ഒന്ന് മൂളി.

“പൊയ്ക്കോളൂ…. ഇനി ഞാൻ പൊക്കോളാം…. ”

വീണ്ടുമതേ പുഞ്ചിരിയോടെ പറഞ്ഞവളെയൊന്നു നോക്കി തിരികെ നടക്കുമ്പോൾ പ്രിയമാർന്നതെന്തോ ഉപേക്ഷിച്ചുപോകുന്ന നൊമ്പരമുള്ളിലറിഞ്ഞിട്ടും മുന്നോട്ട് തന്നെ നടന്നു.

പുറത്ത് പാർക്ക്‌ ചെയ്തിരുന്ന കാറിലേക്ക് കയറി അമർന്നിരുന്നു.

“എന്തേ നന്ദാ നീയിങ്ങനെ?”

ചോദ്യം കേട്ടവൻ ചുറ്റും പതറി നോക്കി. കറുപ്പ് കലർന്ന മഞ്ഞിനെ വകഞ്ഞു നീക്കി അവളാ സിമന്റ് ബെഞ്ചിന്റെ മറ്റേ കോണിലേക്ക് വന്നിരുന്നു.

അവിടെയൊന്നും മാറ്റാരുമേ ഉണ്ടായിരുന്നില്ല…. അവർ മാത്രമായിരുന്നു അപ്പോൾ അവിടെ…. നന്ദനും അവന്റെ മാത്രം ആമിയും….

“ആമീ…. ”

വിളിച്ചുകൊണ്ട് ഒരു കൊച്ചുകുഞ്ഞിനെപ്പോലെ അവനാമടിയിലേക്ക് ചാഞ്ഞു. അവളിൽ നിന്നുമൊഴുകിയിരുന്ന നേർത്ത സുഗന്ധമവനെ വലയം ചെയ്തു..

മരണത്തിന്റെ തണുപ്പായിരുന്ന അവളുടെ വിരലുകൾ അവന്റെ മുടിയിലൂടൊഴുകി നടന്നു.

“ഞാൻ നിന്റെ ഭൂതകാലം മാത്രമായിരുന്നുവെന്ന് നീ മനസ്സിലാക്കാത്തതെന്താ നന്ദാ? പൂർത്തിയാക്കപ്പെടാതെ പോയൊരു കവിത പോലെയല്ലേ നന്ദാ നിനക്ക് ഞാൻ…..

ഞാൻ…. ഞാനിന്ന് ദേഹമില്ലാത്ത വെറുമൊരു ദേഹിയാണ്. എന്നിലിനിയൊരു വസന്തവും വേരോടില്ല….. പ്രണയത്താൽ ഇനിയെന്റെ ഹൃദയം വിങ്ങില്ല നന്ദാ….

നിന്റെ പ്രണയം എന്റെ ആത്മാവിനെ ഈ മണ്ണിൽ തളച്ചിടും പക്ഷേ നിനക്കായ്‌ ഇനിയെന്നിലൊരു പ്രണയപുഷ്പവും വിടരില്ല…

എന്നോടുള്ള പ്രണയത്താൽ നീ പൊള്ളിപ്പിടയുമ്പോഴും നിനക്കായ്‌ ഇനിയൊരു വികാരവുമെന്നിൽ നാമ്പിടുകയില്ല…..

നിനക്കായ്‌ ഒരിറ്റ് മിഴിനീർ പോലും നൽകാനിനിയെനിക്ക് സാധ്യമല്ല….. ഇനിയുമെനിക്ക് നിന്റെ പ്രണയത്തിൽ കുരുങ്ങിയിങ്ങനെയലയാൻ വയ്യ….

സ്വതന്ത്രമാക്കിക്കൂടേ നന്ദാ നിനക്കെന്നേ? ഇനിയും നിന്റെ പ്രണയം മോഹിക്കാൻ അനുവാദമില്ലാത്ത എന്നേ സ്വതന്ത്രമാക്കി മടങ്ങിപൊക്കൂടെ നിനക്കവളിലേക്ക് ? ”

“ആമി…. ”

ഒരലറൽ പോലെ വിളിച്ചുകൊണ്ടവൻ കണ്ണുകൾ വലിച്ചുതുറക്കുമ്പോൾ കാറിലേ സീറ്റിൽ ചാഞ്ഞുകിടക്കുകയായിരുന്നു.

കണ്ണുകൾ നനഞ്ഞിരുന്നു. അതുവരെ അരികിലുണ്ടായിരുന്ന ആമിക്കായി അവനൊരു നിമിഷം ചുറ്റുപാടും പരതി.

പക്ഷേ….. അപ്പോഴാണ് സ്വാതിയുടെ മുഖം മനസ്സിലേക്കൊടിയെത്തിയത്.

പിന്നീടൊന്നുമില്ലായിരുന്നു ചിന്തിക്കാൻ. റെയിൽവേ സ്റ്റേഷനുള്ളിലേക്ക് പായുമ്പോൾ ആരെയൊക്കെയോ തട്ടി…. കാലുകൾ ഇടറി പക്ഷേ അവനതൊന്നുമറിഞ്ഞില്ല.

കാരണം നഷ്ടങ്ങളുടെ കണക്ക് പുസ്തകത്തിൽ അഭിരാമിക്കിപ്പുറം സ്വാതിയെക്കൂടിയെഴുതി ചേർക്കുവാനവന് സാധിക്കുമായിരുന്നില്ല….

“പോ…. പോകരുത്…… ആമി…. ആമി പോയി…. നീയും കൂടി….”

വാക്കുകൾ മുഴുമിപ്പിക്കാൻ കഴിയാതെ അവനോടിച്ചെന്നവളെ പുണർന്നു. ട്രെയിൻ വന്നുനിന്നത് കണ്ട് വെപ്രാളത്തോടെ ഓടിനീങ്ങിക്കൊണ്ടിരുന്ന ആളുകളേയോ തീവണ്ടിയുടെ ചൂളം വിളികളൊ ഒന്നും അവരിരുവരുമറിഞ്ഞില്ല.

പരസ്പരം നഷ്ടപ്പെടാതിരിക്കാനെന്ന പോലെ അവർ പരസ്പരം പുണർന്നുകൊണ്ടേയിരുന്നു.

അപ്പോഴും അതേ സ്ഥലത്ത് തന്നെ അവളുണ്ടായിരുന്നു. ആമി….. അവളുടെ മിഴികൾ എന്തിനോ വേണ്ടി നിറഞ്ഞൊഴുകി. പക്ഷേ അപ്പോഴും അധരങ്ങൾ പുഞ്ചിരി തൂകി….

ഇനിയൊരു ജന്മമുണ്ടെങ്കിൽ ഞാൻ പുനർജനിക്കാം നന്ദാ…. നിനക്കായ്‌ മാത്രം…. നിന്റെ പ്രണയത്തിനായ് മാത്രം…. ഈ ജന്മം നിന്റെ പൂർണത അവളിലാണ്….

ഇനിയൊരു ജന്മമുണ്ടെങ്കിൽ ഞാൻ പുനർജനിക്കും നീയാൽ മാത്രം പൂർണമാക്കപ്പെടുന്ന ഒരു കവിതപോലെ….

മഞ്ഞുകണങ്ങളെ വകഞ്ഞുമാറ്റി അവൾ നടന്നകന്നു.. എന്നന്നേക്കുമായി… ഇനിയൊരു പുനർജന്മമവൾ കാത്തിരിക്കുന്നുണ്ടാകാം നന്ദനിലെ പ്രണയമാകുവാൻ വേണ്ടിമാത്രം….

Leave a Reply

Your email address will not be published. Required fields are marked *