അനിയത്തിക്ക്  കണ്ണ് കിട്ടാതിരിക്കാൻ  ആണോ ചേച്ചി കൂടെ പോകുന്നത് എന്ന് കവലയിൽ വെച്ച് ഒരുത്തൻ ചോദിച്ചതോടെ  അവളുടെ കൂടെയുള്ള  പോക്കും  ഞാൻ നിർത്തി…

സുന്ദരി
(രചന: അച്ചു വിപിൻ)

പാത്രത്തിൽ അരച്ചു വെച്ച മഞ്ഞൾ മെല്ലെ കയ്യിൽ എടുത്തു മുഖത്തും ശരീരത്തും വളരെ ശ്രദ്ധയോടെ തേച്ചു പിടിപ്പിച്ചു ഞാൻ…അൽപ സമയത്തിനു ശേഷം മെല്ലെ കുളത്തിലിറങ്ങി ഒന്ന് മുങ്ങി നിവർന്നു…

വെള്ളത്തിൽ കൈ കൊണ്ട് ഓളങ്ങൾ വരുത്തി കുളും കുളും എന്ന ഒരു ശബ്ദവുമുണ്ടാക്കി പുതിയതായി മേടിച്ച ലക്സിന്റെ സോപ്പ് പടവിൽ നിന്നുമെടുത്തു കയ്യിലിട്ടു പതച്ചു ശരിക്കും ഒന്ന് തേച്ചു കുളിച്ചു…

നീരാട്ട് കഴിഞ്ഞു തോർത്തെടുത്തു ദേഹം തുടച്ച ശേഷം തുണിക്കിടയിൽ വെച്ച കണ്ണാടിയെടുത്തു ഞാൻ പ്രതീക്ഷയോടെ മുഖം നോക്കി…. ഛെ….. ദേഷ്യം സഹിക്ക വയ്യാതെ അതെടുത്തു ഒരേറു കൊടുത്തു ചാടി തുള്ളി കരഞ്ഞു കൊണ്ട് ഞാൻ വീട്ടിലേക്കോടി…..

ഒക്കെ പറ്റിപ്പ…അമ്മെ ഒന്നിങ്ങട് വന്നേ ഈ സോപ്പും ക്രീമും എല്ലാം പറ്റിപ്പ…ഇതൊക്കെ തേച്ചാ വെളുക്കുo എന്ന് പറയണതൊക്കെ നുണയാമ്മേ ….ഒരെട്ടാം ക്ലാസ്കാരിക്കു താങ്ങാൻ പറ്റാവുന്നതിലും അപ്പുറമായിരുന്നു അത്…

താടക്കു കയ്യും കൊടുത്ത് നിക്കണ അമ്മയോട് കൂടുതലൊന്നും പറയാൻ നിന്നില്ല ഞാൻ…

എന്റെ അച്ഛനും അമ്മയ്ക്കും വളരെ വൈകി ഇണ്ടായ മോളാണ് ഞാൻ…എന്റെ അമ്മയ്ക്കും അച്ഛനും നല്ല നിറം ഉണ്ട് എന്നിട്ടു ഞാൻ മാത്രം എന്തേ കറുത്ത് പോയി…അത് പോട്ടെ കറുത്ത് മാക്കാച്ചികാട പോലെ ഇരിക്കണ എനിക്ക് അവർ സുന്ദരി എന്ന് പേരിട്ടത് എന്തർഥത്തില എന്ന് ഇപ്പഴും എനിക്ക് അറിഞ്ഞൂടാ …

കാക്ക പെറ്റിട്ടതാണോ,ടാർ കമിഴ്ന്നു വീണതാണോ എന്ന് വരെ ചോദിച്ച ആളുകൾ ഉണ്ട്..ആരും എന്റെ മനസ്സ് കണ്ടില്ല എല്ലാരും എന്റെ കറുത്ത നിറത്തെ പരിഹസിച്ചു….കളിയാക്കുന്നവർ ഒരു മനുഷ്യജീവി ആണെന്ന പരിഗണന കൂടി തന്നില്ല…അപ്പഴും അച്ഛനും അമ്മയും എന്നെ കൈവിട്ടില്ല…

ഞാൻ ഉണ്ടായി രണ്ടു വർഷത്തിന് ശേഷം എനിക്ക് ഒരനിയത്തി കൂടി ഉണ്ടായി….അത് എന്റെ ഐശ്വര്യം കൊണ്ടാണ് എന്ന് അവരെപ്പഴും പറയുമായിരുന്നു…

അനിയത്തി നല്ല വെളുത്തു തുടുത്തു സുന്ദരിയായിരുന്നു…ആ ഒരൊറ്റ കാരണത്താൽ ആയിരുന്നു എനിക്കവളോട് അസൂയ…എന്റെ പേര് ശരിക്കും അവൾക്ക് ആണ് ചേരുന്നതെന്ന് പലപ്പഴും എനിക്ക് തോന്നിട്ടുണ്ട് …

പരിഹാസം സഹിക്ക വയ്യാതെ പലപ്പഴും ഞാൻ ആത്മഹത്യയെ പറ്റി ചിന്തിച്ചിട്ടുണ്ട് …..ഒരിക്കൽ കയർ എടുത്തു ഫാനിൽ കെട്ടിത്തൂങ്ങാൻ നോക്കി പക്ഷെ ഫാൻ പൊട്ടി തലയിൽ വീണാലോ എന്നോർത്തു ആ ശ്രമം പാതി വഴിയിൽ ഉപേക്ഷിച്ചു ..

രാത്രി മുറ്റത്തിറങ്ങാൻ പേടിയായ കൊണ്ടാണ് കിണറ്റിൽ ചാടി മരിക്കാഞ്ഞത്..കുരുടാൻ തിന്നാൽ ശ്വാസം മുട്ടുമെന്നും,മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയാൽ പൊള്ളുമെന്നും ഒക്കെയുള്ള ഭയം ആ പ്രവൃത്തികളിൽ നിന്നും എന്നെ പിന്തിരിപ്പിച്ചു…

ഉറക്കത്തിൽ അറിയാതെ മരിച്ചു പോകണേ എന്നായിരുന്നു അടുത്ത പ്രാർത്ഥന പിറ്റേ ദിവസം ഉറങ്ങി എണീറ്റ് കണ്ണ് തുറക്കുന്നതോടെ അതും നടന്നില്ലല്ലോ ദൈവമേ എന്നോർത്തു സങ്കടപ്പെടും…

എന്നേക്കാൾ കഴിവുണ്ടായിരുന്നു അനിയത്തിക്ക്.. എന്നെ കളിയാക്കുന്നവരെ അവൾ നാക്കു കൊണ്ട് നേരിട്ടു…സ്കൂളിൽ പഠിക്കുന്ന സമയം ഞാൻ നന്നായി ഡാൻസ് കളിക്കുമായിരുന്നു..

ഒരിക്കൽ സ്കൂൾ ആനിവേഴ്സറിക്കു കുട്ടിക്ക് നിറമില്ല അതോണ്ട് മേക് അപ്പ് ഇട്ടാൽ കാണില്ല എന്ന് പറഞ്ഞു ഗ്രൂപ്പ് ഡാൻസിൽ നിന്നും ടീച്ചർ മാറ്റിയപ്പോൾ എന്റെ കണ്ണിൽ നിന്നും പൊടിഞ്ഞത് ചോരയായിരുന്നു….

ചേച്ചിയെ കളിപ്പിക്കാത്ത ഡാൻസിൽ ഞാനും ഇല്ല ടീച്ചറെ എന്ന് പറഞ്ഞു അവിടെ നിന്നും എന്റെ കൂടെ ഇറങ്ങി പോന്ന എന്റെ പൊന്നനിയത്തിയുടെ മുഖം ഇന്നും കണ്മുന്നിൽ ഉണ്ട്…

ഞാൻ വളർന്നു എന്റെ കറുപ്പ് കൂടിയതല്ലാതെ ഒട്ടും കുറഞ്ഞില്ല..നാട്ടിലെ ചെക്കന്മാർ അനിയത്തിയെ നോക്കി വെള്ളമിറക്കുമ്പോൾ പുറകെ വരുന്ന എന്നെ നോക്കി അയ്യേ കാക്കതമ്പ്രാട്ടി എന്ന് വിളിച്ചു കളിയാക്കാറാണ് പതിവ്…

അനിയത്തിക്ക് കണ്ണ് കിട്ടാതിരിക്കാൻ ആണോ ചേച്ചി കൂടെ പോകുന്നത് എന്ന് കവലയിൽ വെച്ച് ഒരുത്തൻ ചോദിച്ചതോടെ അവളുടെ കൂടെയുള്ള പോക്കും ഞാൻ നിർത്തി…

അപകർഷതാ ബോധം എന്നെ മാനസികമായി അലട്ടിയിരുന്നു… എപോഴും എനിക്ക് ആത്മവിശ്വാസം തന്നത് അനിയത്തിയാണ്…

എന്താമ്മേ ഞാൻ കറുത്തുപോയത് എന്ന് അമ്മേടെ മടിയിൽ തല വെച്ചുകിടക്കുമ്പോൾ ഞാൻ ചോദിക്കുമായിരുന്നു..നെറ്റിയിൽ അമർത്തി യൊരുമ്മയാണ് അതിനുള്ള മറുപടി…

‘പെണ്ണ് കറുത്തതാ’ എന്ന കാരണം പറഞ്ഞു എനിക്ക് വന്ന എത്രയോ ആലോചനകൾ മുടങ്ങിയിരുന്നു..നിങ്ങള് പെണ്ണിനെ ഈ വീട്ടിൽ തന്നെ വെച്ചോണ്ടിരിക്കാൻ ആണോ തീരുമാനിച്ചേക്കണത്..

എന്തേലും കുറവുള്ള ആരെയെങ്കിലും കൊണ്ട് മോളെ കെട്ടിക്കു ഭാനുവേടത്തി എന്ന് അമ്മായി അമ്മയോട് പറയുന്ന കേട്ട് ഓപ്പോൾക്കു ഇച്ചിരി നിറം കുറവാ ശരി തന്നെ പക്ഷെ കാണാനും മിണ്ടാനും നടക്കാനും പറ്റും…

ഈ നിറം കറുത്തതു ഒരു കുറവായി ഞങ്ങൾ കരുതണില്ല … നിങ്ങടെ ഒക്കെ മനസ്സിൽ ഉള്ള കറുപ്പിന്റെ അത്രം വരില്ല അമ്മായി എന്റെ ഓപ്പോളുടെ പുറമെ ഉള്ള കറുപ്പ്…..ഇത്രേം പറഞ്ഞനിയത്തി എന്റടുത്തു വന്നു പറഞ്ഞു കണ്ടോളു ഓപ്പോളേ കെട്ടാൻ ‘രാജകുമാരൻ’ വരും….

അങ്ങനെ ഒരു രാജകുമാരൻ എന്നെ കാണാൻ പിന്നെ വന്നില്ല എന്നുള്ളതാണ് സത്യം ….ഇപ്പോൾ എന്റെ കറുപ്പിന്റെ കാര്യം ഞാൻ ഓർക്കാറില്ല.. ദൈവം നിറം ഒഴിച്ച് ബാക്കി എല്ലാം എനിക്ക് തന്നു… കൂടാതെ എന്തിനും ഏതിനും ഒപ്പം നിക്കുന്ന അച്ഛനും അമ്മയും അനിയത്തിയും ഉണ്ട്..

ഇതൊക്കെ തന്നെ ധാരാളം..കാഴ്ചയില്ലാത്ത, ചെവി കേൾക്കാത്ത ,കണ്ണുകാണാത്ത ഒത്തിരി ആളുകൾ ഉണ്ടിവിടെ… ഞാൻ ഇച്ചിരി നിറത്തിന്റെ പേരിൽ സങ്കടപെട്ടാൽ അവരൊക്കെ എന്തുമാത്രം സങ്കടപെടണം..അവരെ ഒക്കെ താരതമ്യം ചെയ്യുമ്പോൾ എന്റെ നിറം ഒരു കുറവേയല്ല…

പഠനം കഴിഞ്ഞു അടുത്തുള്ള സഹകരണബാങ്കിൽ എനിക്ക് ജോലി കിട്ടി…അവിടെയും കളിയാക്കലിന് കുറവൊന്നുമില്ല എന്നതാണ് വാസ്തവം … ഞാൻ ഇപ്പൊ അതൊന്നും ശ്രദ്ധിക്കാറില്ല …

എന്റെ മാനേജർ നീരജ് നായർ ഒരു യുവ കോമളൻ ആണ് കൂടെയുള്ള പെണ്ണുങ്ങളായ സഹപ്രവർത്തകരുടെ ഇടയിൽ താരമാണ് കക്ഷി…ഞാൻ പിന്നെ പുള്ളിയുടെ മുന്നിൽ ഒന്നും ചെന്ന് പെടാറില്ല എന്നെ കണ്ടു പുള്ളിയുടെ ഒരു ദിവസം പോകരുതല്ലോ…

ഒരിക്കൽ എന്റെ പിറന്നാൾ ദിവസം ഒരു മഞ്ഞസാരി ഉടുത്താണ് ഞാൻ ബാങ്കിൽ പോയത് അതും അനിയത്തിയുടെ നിർബന്ധം സഹിക്കാൻ വയ്യാതെ ചെയ്തത..അവിടെ ചെന്ന് കയറിയതും കൂടെ ജോലി ചെയ്യുന്ന പെണ്ണുങ്ങൾ കളിയാക്കൽ തുടങ്ങി അയ്യേ ഇതെന്ത് ഇടിവെട്ട് നിറമാ സുന്ദരി…

സാരി മാത്രേ കാണുന്നുള്ളല്ലോ ആളെ കാണാനില്ലല്ലോ?അവർ എല്ലാരും ചിരി തുടങ്ങി .. അവരുടെ ചിരിയുടെ മുഴക്കം എന്റെ കാതുകളെ അലോസരപ്പെടുത്തി…എന്റെ മുഖത്ത് വന്ന ദൈന്യത ആരുടേം കണ്ണിൽ പെടാതിരിക്കാൻ വല്ലാതെ പാടു പെട്ടു ഞാൻ..

ഒപ്പിടാൻ വേണ്ടി മാനേജരുടെ മുറിയിൽ കയറി..ഒപ്പിട്ട ശേഷം മേശപ്പുറത്തു വെച്ച ഫയൽ എടുക്കുന്നതിനിടെ ആണ് ഞാൻ അത് കേട്ടത്…ഹാപ്പി ബർത്ഡേയ് ടു യു…

തന്റെ പേര് ശരിക്കും ഇന്നാടോ തനിക്കു ചേർന്നത്…തന്നോട് പറയാമോ എന്നെനിക്കറിയില്ല എന്നാലും പറയാതെ വയ്യ ഈ മഞ്ഞ സാരിയിൽ താൻ കൂടുതൽ സുന്ദരിയായിരിക്കുന്നു….

ഞാൻ മെല്ലെ മുഖമുയർത്തി നോക്കി…

‘സുന്ദരി’……… ഒരാണിന്റെ വായിൽ നിന്നും കിട്ടുന്ന ആദ്യത്തെ അംഗീകാരം…

ആ വാക്കുകൾ എനിക്ക് വിലപ്പെട്ടതായിരുന്നു..ഒരു സ്ത്രീ അണിഞ്ഞൊരുങ്ങന്നതു ശരിക്കും അവൾക്കു വേണ്ടിയല്ല എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത് മറിച്ചു ഒരു പുരുഷൻ( അത് ഭർത്താവോ കാമുകനോ കൂട്ടുകാരനോ ആവാം )അവൾ സുന്ദരിയായിരിക്കുന്നു എന്ന് പറയുന്നത് കേൾക്കാനാണ്…

ഞാനും ജീവിതത്തിൽ ആദ്യമായി ഒരു പുരുഷന്റെ വായിൽ നിന്നും അത് കേട്ടിരിക്കുന്നു…. മറക്കാനാകാത്ത ദിനം….

എവിടെയോ മറന്നു വെച്ച പൊടി പിടിച്ച കണ്ണാടി എടുത്തു ഞാൻ മുഖം നോക്കി… ചന്ദനം മാത്രം മുഖത്ത് അലങ്കാരമായി കൊണ്ടു നടന്ന ഞാൻ വർഷങ്ങൾക്കു ശേഷം കണ്ണെഴുതി പൊട്ടു തൊട്ടു…എന്റെ അനിയത്തി സന്തോഷം സഹിക്ക വയ്യാതെ എന്നെ കെട്ടിപ്പിടിച്ചു…

അവൾ എന്നെ കാണാൻ ഇടയ്ക്കിടെ ബാങ്കിൽ വരും..അവളുടെ കൂടെ പഠിക്കുന്ന കുട്ടിയുടെ ഏട്ടനാണ് നീരജ് സാർ എന്ന് അവൾ പറഞ്ഞാണ് ഞാൻ അറിഞ്ഞത്… അവർ തമ്മിൽ വലിയ കൂട്ടായിരുന്നു…

ഓരോ ദിവസവും അമ്മയുടെ സാരി ഉടുത്തു ഞാൻ ബാങ്കിൽ പോയി..കളിയാക്കുന്ന മുഖങ്ങളെ പുഞ്ചിരി കൊണ്ട് നേരിട്ടു….

അന്ന് ഒരു ഞായറാഴ്ചയായിരുന്നു..ഉമ്മറത്ത് പത്രം വായിക്കുന്നതിനിടയിൽ ആണ് വീടിനു നേരെ നടന്നു വരുന്ന ആളിനെ ഞാൻ ശ്രദ്ധിച്ചത്…

നീരജ് സർ….

സർ എന്താ ഇവിടെ… ഞാൻ ചോദിക്കുന്നതിനിടെ
അനിയത്തി ഉമ്മറത്തേക്ക് ഓടിവന്നു..

വരൂ ഏട്ടാ… ഞാൻ പറഞ്ഞിട്ട ഓപ്പോളേ ഏട്ടൻ വന്നത്..വഴിയൊക്കെ മനസ്സിലാക്കാൻ ബുദ്ധിമുട്ടിയില്ലല്ലോ അല്ലെ?

ഏയ് ഇല്ല ഒക്കെ കൃത്യമായിരുന്നു…

എനിക്കൊന്നും മനസ്സിലാകുന്നുണ്ടായിരുന്നില്ല… സാർ എന്തിനാകും ഇപ്പൊ ഇങ്ങട് വന്നത് എന്ന് ഞാൻ മനസ്സിൽ ചിന്തിച്ചു ..

അനിയത്തി പോയി അച്ഛനേം അമ്മേം വിളിച്ചുകൊണ്ടു വന്നു…

അൽപസമയത്തെ മൗനത്തിനു ശേഷം സർ പറഞ്ഞു തുടങ്ങി..എനിക്ക് നിങ്ങടെ മകളെ വിവാഹം ചെയ്താൽ കൊള്ളാം എന്നുണ്ട്..നിങ്ങൾക്ക് സമ്മതം ആണോന്നു അറിഞ്ഞിട്ടു വേണം എന്റെ വീട്ടിൽ അറിയിക്കാൻ…

അനിയത്തിയുടെ മുഖം സന്തോഷം കൊണ്ട് വിടർന്നു…ഞാൻ ഒന്നും മിണ്ടാതെ അമ്മയുടെ പുറകിലേക്ക് നീങ്ങി നിന്നു…’ഭാഗ്യവതി’ ഞാൻ മനസ്സിൽ ചിന്തിച്ചു…

അച്ഛനും അമ്മയും വല്ലാതായി …ആരും കുറച്ചു നേരം ഒന്നും മിണ്ടിയില്ല.. അതിപ്പോ ചേച്ചി നിക്കുമ്പോ എങ്ങനാ മോനെ അനിയത്തിയെ…… അച്ഛൻ വിക്കി വിക്കി പറഞ്ഞു…

അനിയത്തിയോ? ഞാൻ സുന്ദരിയെ എനിക്ക് കല്യാണം കഴിച്ചു തരുമോ എന്നാണ് ചോദിച്ചത്…

ഒരു നിമിഷം ഞാൻ ഞെട്ടി..സന്തോഷം കൊണ്ട് അമ്മയുടെ കണ്ണുകൾ നിറഞ്ഞു..എന്റെ കൈകൾ അമ്മ ഇറുക്കി പിടിച്ചു…

നിങ്ങൾക്ക് ആർക്കും വിരോധമില്ലല്ലോ അല്ലെ?

എന്ത് വിരോധം മോനെ സന്തോഷമേയുള്ളൂ ഞങ്ങളുടെ വലിയ ഒരു ആധിയാണ് മോൻ ഇറക്കി വെച്ചത്..എനിക്ക് വളരെ സന്തോഷമുണ്ട് അച്ഛൻ പറഞ്ഞു …

എന്നാ ഞാൻ ഇറങ്ങാ… വഴി വരെ സുന്ദരി എന്റെ കൂടെ ഒന്ന് വരാമോ ഒരു കാര്യം സംസാരിക്കണം.. ഞാൻ അച്ഛന്റെ നേരെ നോക്കി … പൊക്കോ എന്നച്ഛൻ തലയാട്ടി …

സുന്ദരിയെ എനിക്ക് വിവാഹം കഴിച്ചു തരാൻ വീട്ടുകാർക്ക് സമ്മതാ…പക്ഷെ തനിക്കു എന്നെ ഇഷ്ടായോ എന്ന് എനിക്കറിയണം…

എന്നെ ഇഷ്ടാണോ?

എന്നോടുള്ള സഹതാപം ഓർത്താണെൽ വേണ്ട സർ..ഞാനും സാറും ചേരില്ല….നമ്മൾ തമ്മിൽ രാവും പകലും പോലെ വ്യത്യാസം ഉണ്ട്..കറുമ്പിയെ കെട്ടിയാ ആളുകൾ സാറിനെ കളിയാക്കും…

നാട്ടുകാരുടെ ചിലവിൽ അല്ല ഞാൻ ജീവിക്കുന്നത്… താൻ കറുത്ത് പോയത് തന്റെ കുറ്റമല്ല…പിന്നെ ആ കറുപ്പിന്റെ കാഠിന്യം അല്ല തന്റെ മനസ്സിന്റെ നന്മ മാത്രേ ഞാൻ നോക്കിയുള്ളൂ..

നിറത്തിൽ അല്ല മറിച്ചു ഒരു മനുഷ്യന്റെ സ്വഭാവത്തിൽ ആണ് കാര്യം…എന്റെ ഭാര്യ ആയിരിക്കാൻ ഉള്ള എല്ലാ ഗുണഗണങ്ങളും തനിക്കുണ്ട് അതിൽ ഞാൻ തൃപ്തനാണ്… തന്റെ നിറം ഒരു കുറവായി ഞാൻ കാണുന്നില്ല …

എന്റെ അമ്മയും കറുത്തിട്ടാണ് ആ അമ്മയുടെ വയറ്റിൽ ആണ് ഞാൻ ജനിച്ചത് അമ്മയും തന്നെ പോലെ പരിഹാസം കേട്ടിട്ടുണ്ട് അപ്പൊ എന്റെ അച്ഛൻ അമ്മയെ കൂടുതൽ ചേർത്തുപിടിക്കുവാണ് ചെയ്തത്…

ഞാൻ എന്റെ അച്ഛന്റെ മകൻ ആണ് അച്ഛൻ അമ്മയെ ചേർത്തുപിടിച്ച പോലെ എനിക്കും തന്നെ ചേർത്ത് പിടിക്കണം എന്നുണ്ട്.. ഇഷ്ടാണ് എനിക്ക് ഒരുപാട് … തിരിച്ചും അങ്ങനെ ആയാൽ എനിക്ക് സന്തൊഷമേയുള്ളൂ…വീട്ടുകാരെ കൂട്ടി വരട്ടെ ഞാൻ…

എന്റെ കണ്ണുകൾ നിറഞ്ഞു..ഇത്തവണ എനിക്കെന്നെ നിയന്ത്രിക്കാൻ ആയില്ല…ഞാൻ മുഖം പൊത്തി കരഞ്ഞു…

സാരമില്ല പോട്ടെ എന്ന് പറഞ്ഞാ മനുഷ്യൻ എന്നെ അരികിലേക്ക് ചേർത്ത് നിർത്തുമ്പോൾ ഈ ലോകത്തിലെ സൗന്ദര്യം മുഴുവൻ എന്നിലേക്ക്‌ പ്രവഹിക്കുന്ന പോലെ തോന്നി എനിക്ക്…..

NB:തൊലി വെളുപ്പല്ല ഒരാളുടെ സൗന്ദര്യം…മനസ്സിന്റെ നന്മ,സ്നേഹം എന്നിവയാണ് യഥാർഥത്തിൽ ഒരുവളെ, ഒരുവനെ കൂടുതൽ സുന്ദരൻ, സുന്ദരി ആക്കുന്നത്…

Leave a Reply

Your email address will not be published. Required fields are marked *