(രചന: ഐശ്വര്യ ലക്ഷ്മി)
“”എല്ലാവർക്കും അല്ലെങ്കിലും പെണ്ണിനെ മാത്രം കുറ്റം പറയാൻ ആണെല്ലോ മിടുക്ക്… ജാതകത്തിന്റെ പേരും പറഞ്ഞു ഉറപ്പിച്ച കല്യാണം.
എങ്കിലും ഞാൻ ആളെ മനസിലാക്കാൻ ശ്രമിച്ചു… സ്നേഹിക്കാൻ ശ്രമിച്ചു… എന്നിട്ടും അയാൾക്ക് എന്നെ സംശയരോഗം.
അങ്ങനെയുള്ള അയാളുടെ കൂടെ കല്യാണം നടന്നാൽ എന്റെ അവസ്ഥ നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ??? എനിക്ക് സമാധാനമായി ഒരു ദിവസമെങ്കിലും അവന്റെ കൂടെ ജീവിക്കാൻ കഴിയുമോ????
കാര്യം പറഞ്ഞപ്പോൾ എന്റെ അച്ഛനും അമ്മയ്ക്കും മനസിലായി. എനിക്ക് അത് മതി.. നാട്ടുകാരെ മുഴുവൻ ബോധിപ്പിക്കാൻ നടന്നാൽ ജീവിക്കാൻ പറ്റില്ല….””
“”ഞങ്ങൾ അതിന് നിന്റെ നാട്ടുകാർ ആണോ???.. പേരിന് എങ്കിലും നിന്റെ ഒരേ ഒരു അപ്പച്ചി അല്ലെ ഞാൻ…???””
“”അതെയോ.??? പേരിന് ഉള്ള അപ്പച്ചി എന്ന് സ്വയം പറഞ്ഞെല്ലോ.. പിന്നെ എന്തിനാ വീട്ടിൽ.
വന്നു ഈ ഷോ?? എന്തായാലും നിങ്ങളുടെ മോനെ കെട്ടിച്ചു തരാമോ എന്ന് ചോദിച്ചു എന്റെ വീട്ടിൽ നിന്ന് ആരും വരാൻ പോകുന്നില്ല… സ്വന്തം കാര്യം നോക്കി പോകാൻ നോക്ക് അപ്പച്ചി…..””
പൗർണമിയുടെ ശബ്ദം ഉയർന്നതും, അവളുടെ അച്ഛൻ മോഹനൻ ഇടയ്ക്ക് കയറി..
“”പൗമി… മതി മോളെ.. വെറുതെ ഒരു വഴക്ക് വേണ്ട… നിനക്കെന്താ സുജാതെ??? എന്റെ മോൾ അല്ലെ???
അവളുടെ കല്യാണം മുടങ്ങിയതിന് നീ ഇത്ര ടെൻഷൻ ആകേണ്ട കാര്യം എന്താണ്?? അവളുടെ അച്ഛനും അമ്മയുമായ ഞങ്ങൾക്ക് ഇല്ലെല്ലോ ഇത്ര ടെൻഷൻ????””
“”ഞാൻ എങ്ങനെ ടെൻഷൻ അടിക്കാതെ ഇരിക്കും??? വളർന്ന ഒരു പെണ്ണല്ലേ ഇവൾ???
എന്തോ ചെറിയ കാര്യത്തിന് പിണങ്ങിയതിനാണ് ഇവളുടെ വാശിയിൽ ഏട്ടൻ ഈ കല്യാണം തന്നെ വേണ്ടെന്ന് വെച്ചത്… എന്ത് നല്ല ജോലിയാരുന്നു ആ ചെക്കന്റെ…
ഒരു കല്യാണം മുടങ്ങിയ പെണ്ണിനെ ഇനി വേറെ ആരെങ്കിലും വന്നു കേട്ടുമെന്ന് തോന്നുന്നുണ്ടോ??? ഇളയത്തും ഒരു പെണ്ണ് തന്നെയല്ലേ.. അവളെ എങ്കിലും ഓർത്തു കൂടെ ഇവൾക്ക്????””
“”എന്റെ കാര്യത്തിന് ഞാൻ എന്തിനാ അപ്പച്ചി മറ്റുള്ളവർ പറയുന്നത് കേൾക്കേണ്ട കാര്യം???? എന്റെ ജീവിതമാണ്… ജീവിക്കേണ്ടത് ഞാനാണ്…
എനിക്ക് എന്റെ സന്തോഷമാണ് വലുത്… മറ്റൊരാൾക്ക് വേണ്ടി അത് സാക്രിഫൈസ് ചെയ്യാൻ കഴിയില്ല എനിക്ക്…. അത് ഇനി ആരൊക്കെ എന്തെല്ലാം പറഞ്ഞാലും….
ഞാൻ ഇവിടെ നിൽക്കുന്ന കാരണത്തിൽ എന്റെ അനിയത്തിക്ക് നല്ലൊരു ആലോചന വന്നില്ലെങ്കിൽ എനിക്കറിയാം ഹോസ്റ്റലിൽ പോയി നിൽക്കാൻ…
കുറച്ചു മുൻപ് അപ്പച്ചി പറഞ്ഞെല്ലോ ചെക്കന് നല്ലൊരു ജോലി ഉണ്ടെന്ന്… അത് പോലെ തന്നെ മാന്യമായ ഒരു ജോലി എനിക്കും ഉണ്ട് അപ്പച്ചി…
ആരുടെ മുന്നിലും കൈ നീട്ടാതെ ജീവിക്കാൻ ഉള്ളത് ആ ജോലിയിൽ നിന്ന് എനിക്ക് കിട്ടുന്നുണ്ട്… പക്ഷെ അതൊന്നും നിങ്ങളുടെ ആരുടേയും കണ്ണിൽ പിടിക്കില്ലല്ലോ….””
“”പൗമി… മതി മോളെ… നിന്നെ മനസിലാക്കാത്ത ഒരാളോട് വെറുതെ ഓരോന്ന് പറഞ്ഞിട്ട് ഒരു കാര്യവുമില്ല… നീ പോയി ഏതെങ്കിലും സിനിമ കാണാൻ നോക്ക്…””
മോഹനൻ പറഞ്ഞതും, അതൊന്നും ഇഷ്ടപ്പെടാതെ സുജാത വീട്ടിൽ നിന്ന് ഇറങ്ങി പോയി…
“”ലോകത്ത് എവിടെയും ഇല്ലാത്ത അച്ഛനും അമ്മയും… ഈ വാശികൾക്ക് എല്ലാം കൂട്ടു നിൽക്കുന്നവരെ പറഞ്ഞാൽ മതിയെല്ലോ..
ഇവിടെ മാത്രമേ ഉള്ളു പെൺകുട്ടികൾ… എനിക്കും ഉണ്ട് ഒരു മോൾ… അവൾക്ക് അഡ്ജസ്റ്റ് ചെയ്യാൻ അറിയാം…””
അകത്തേക്ക് കയറിയപ്പോൾ കണ്ടു സോഫയിൽ തലയും താഴ്ത്തി ഇരിക്കുന്ന പൗർണ്ണമിയെ….
“”പൗമിയെ….. എന്താ മോളെ?????””
“”അച്ഛന് തോന്നുന്നുണ്ടോ ഞാൻ ചെയ്തത് തെറ്റ് ആണെന്ന്???.. അച്ഛനും അമ്മയ്ക്കും കൂടി അങ്ങനെ ഒരു ചിന്ത ഉണ്ടെങ്കിൽ ഞാൻ ഈ കല്യാണത്തിന് സമ്മതിക്കാം…
അയാളുമായി ഞാൻ അഡ്ജസ്റ്റ്….. അഡ്ജസ്റ്റ് ചെയ്യാൻ ശ്രമിക്കാം അച്ഛാ… ഇനി അപ്പച്ചി പറഞ്ഞത് പോലെ ഞാൻ കാരണം അവൾക്ക് ആലോചന ഒന്നും…..””
ബാക്കി പറയാതെ താഴേക്ക് നോക്കി ഇരിക്കുന്നവളെ കണ്ട് അവൾക്ക് പാവം തോന്നി…
“”അങ്ങനെ കണ്ടവന്മാർക്ക് ഇട്ടു പന്ത് തട്ടുന്നത് പോലെ തട്ടി കളിക്കാനും, അവസാനം ഒരു തുണ്ട് തുണിയിൽ ജീവിതം കളയാനും വേണ്ടിയല്ല ഞാൻ എന്റെ മക്കളെ വളർത്തിയത്….
നീയും മഹേഷുമായിട്ടുള്ള കല്യാണം വേണ്ടെന്ന് അവരുടെ വീട്ടിൽ വിളിച്ചു പറഞ്ഞത് ഞാനാണ്… അതിന്റെ കാരണം എന്താണെന്ന് എന്റെ മോൾ ഒന്ന് അച്ഛനോട് പറഞ്ഞു താ…””
“”അത് പിന്നെ ആവിശ്യമില്ലാതെ… എന്റെ… കാര്യങ്ങളിൽ ഉള്ള ഇടപെടൽ…
ഞാൻ ഒന്ന് രാത്രി ഓൺലൈൻ ഇരുന്നാൽ അല്ലെങ്കിൽ അയാൾ അയക്കുന്ന മെസ്സേജിന് അല്പം ലേറ്റ് ആയി റിപ്ലൈ കൊടുത്താൽ പിന്നെ ഒരു ലോഡ് ചോദ്യങ്ങൾ…
ഒറ്റയ്ക്ക് നിൽക്കുന്ന ഒരു dp ഇട്ടാൽ, കൂട്ടുകാരുടെ കൂടെ പുറത്തൊക്കെ പോയാൽ അത് കുറ്റം…
ആൺകുട്ടികളുടെ കൂടെ ഫോട്ടോ എടുക്കരുത്… ജോലി കഴിഞ്ഞു തിരിച്ചു ഹോസ്റ്റലിൽ വന്നിട്ട് അയാളെ വീഡിയോ കാൾ ചെയ്യണം.
അത് എന്നോടുള്ള സ്നേഹമല്ല., ഞാൻ ഹോസ്റ്റലിൽ തന്നെ എത്തി എന്ന് അറിയാൻ… എനിക്ക് മടുത്തു അച്ഛാ… ഇത്രയധികം റെസ്ട്രിക്ഷൻസ്… ഇത്ര നാളും അച്ഛൻ പോലും ഇങ്ങനെ പറഞ്ഞിട്ടില്ലല്ലോ…
ഇതൊന്നും പോരാതെ കല്യാണത്തിന് സ്വർണം വാങ്ങിയിട്ടുണ്ടോ??.. അയാളെ ബന്ധുക്കളുടെ മുന്നിൽ നാണം കെടുത്തുമോ തുടങ്ങിയ ചോദ്യങ്ങൾ വേറെ….””
“”ഇതെല്ലാം കൊണ്ടാണ് അച്ഛനും പറഞ്ഞത് എന്റെ മോൾക്ക് ഈ കല്യാണം വേണ്ട എന്ന്…
കല്യാണം കഴിയുന്നതിനു മുൻപേ ഇങ്ങനെയെല്ലാം പറയുന്ന ചെക്കൻ, കല്യാണം കഴിഞ്ഞ ശേഷം നിന്നെ ജോലിക്ക് വിടുമെന്നത് പോയിട്ട് സ്വന്തം വീട്ടിലേക്ക് വിടും എന്ന് എന്താണ് ഉറപ്പ്????
ചെറുക്കന് വലിയ ജോലിയുണ്ട് എന്നൊക്കെ പറയുന്നതിന് ഒരു കാര്യവുമില്ല മോളെ…. കേട്ടുന്ന ചെറുക്കൻ നമ്മളെ മനസിലാക്കുന്ന ഒരാൾ ആയിരിക്കണം..
അല്ലാതെ സംശയരോഗിയുടെ കൂടെയൊക്കെ ജീവിക്കാൻ തുടങ്ങിയാൽ ആ ജീവിതം ഒരു അർത്ഥമില്ലാതെയായി പോകും…
നിനക്ക് അഡ്ജസ്റ്റ് ചെയ്യാൻ പറ്റില്ല എന്ന് കണ്ടപ്പോൾ നീ ഞങ്ങളോട് പറഞ്ഞു… ഇങ്ങനെ പറയാൻ പറ്റാത്ത എത്രയോ കുട്ടികൾ ഉണ്ട്…
അങ്ങനെയുള്ളതൊക്കെ അവസാനം ചെന്നെത്തുന്നത് പത്രത്തിലെ ഒരു കോളത്തിൽ ആണ്… ഭർത്തുവീട്ടിലെ പീഡനം കാരണം യുവതി ആത്മഹത്യ ചെയ്തു എന്നായിരിക്കും തലകെട്ടു…
ഞങ്ങളുടെ ഭാഗത്തും തെറ്റുണ്ട്. ജാതകത്തിൽ ഉടനെ കല്യാണം വേണം എന്ന് ജ്യോൽസ്യൻ പറഞ്ഞപ്പോൾ, നല്ലൊരു ആലോചന വന്നപ്പോൾ കൂടുതൽ തിരക്കാതെ യെസ് പറഞ്ഞു…
ചെറുക്കന്റെ ജോലിയും കുടുംബമഹിമയും മാത്രം നോക്കി… അവിടെ എന്റെ മോൾക്ക് സമാധാനം ഉണ്ടോ എന്ന് നോക്കിയില്ല…
എന്തായാലും കല്യാണം കഴിഞ്ഞില്ലല്ലോ.. ഇനി ഒരുപക്ഷെ നിന്റെ കല്യാണം കഴിഞ്ഞ ശേഷം, ആ ബന്ധത്തിൽ നിനക്ക് ഒട്ടും പറ്റില്ല എന്ന് തോന്നിയാൽ,
അത് വേണ്ട എന്ന് വെക്കാൻ അധികം ചിന്തിക്കരുത്… അച്ഛനും അമ്മയ്ക്കും ജീവനുള്ള കാലത്തോളം ഞങ്ങൾ ഉണ്ട് നിനക്ക്…
മാറ്റാരെല്ലാം എന്തൊക്കെ പറഞ്ഞാലും, അതൊന്നും വിലയ്ക്ക് എടുക്കേണ്ട കാര്യമില്ല… നീ എന്താണെന്ന് നിനക്കറിയാം.. അത് മതി… ഒരു ജീവിതമേ ഉള്ളു…””
മോഹനൻ പറഞ്ഞതും പൗമി ഒന്ന് കൂടി അയാളിലേക്ക് ഒതുങ്ങി കൂടി… ശെരിക്കും ഇങ്ങനെയുള്ള മാതാപിതാക്കളെ കിട്ടിയതല്ലേ തന്റെ ഭാഗ്യം…
ഒരുപക്ഷെ താൻ നിച്ഛയം കഴിഞ്ഞു എന്നാ പേരിൽ ഇതെല്ലാം അച്ഛനോടും അമ്മയോടും പറയാതെ ഇരുന്നെകിൽ,
അച്ഛൻ പറഞ്ഞത് പോലെ നാളെ ഒരു സമയത്തു തന്റെ പേരും പത്രത്തിലെ ഒരു ചെറിയ കോളത്തിൽ വന്നേനെ….
അതിന് തനിക്ക് തത്കാലം സൗകര്യമില്ല… ജീവിക്കണം… അതും സമാധാനത്തോടെ തന്നെ…..