തിരിച്ചുപോക്ക്
(രചന: Muhammad Ali Mankadavu)
അടുക്കളയിൽ പാചകം ചെയ്തുകൊണ്ടിരിക്കുന്ന അവളോട് പത്ത് വയസ്സുകാരൻ മകൻ വന്നു പറഞ്ഞു..
“പുറത്തൊരാൾ വന്നിരിക്കുന്നു. ഉമ്മയെ കാണണമെന്ന് പറയുന്നു”.
“അയാളോട് ഇരിക്കാൻ പറ മോനെ, അയാൾ പേര് പറഞ്ഞിരുന്നോ?”
“ഇല്ല ഉമ്മയെ വിളിക്കണമെന്നേ പറഞ്ഞുള്ളൂ”
“ഈ അരി അടുപ്പത്തിട്ട് ഞാൻ ഇപ്പൊ വരാം, മോൻ അങ്ങോട്ട് പൊയ്ക്കോ”.
അതിഥിയായെത്തിയ യുവാവ് അവനോട് എന്തൊക്കെയോ വിശേഷങ്ങൾ ചോദിച്ചറിഞ്ഞു കൊണ്ടിരുന്നു.
അവൾ വാതിൽക്കൽ വന്നു നിന്നു. പുറത്ത് കോരിച്ചെറിയുന്ന മഴയാണ്.
ചോർച്ചയടക്കാൻ വെച്ചിരുന്ന ഓലച്ചീളുകൾ കനത്ത മഴവീഴ്ച്ചയിൽ സ്ഥാനം മാറിപ്പോയി ഓടുകളുടെയിടയിലൂടെ വെള്ളമിറ്റുന്നുണ്ട്.
ശരീരത്തിൽ ചോർച്ചവെള്ളം വീഴാതിരിക്കാൻ അയാൾ ഇരുന്നയിടത്ത് നിന്നും അൽപ്പം മാറിയിരുന്നു.
ആളെ കണ്ടയുടൻ അവളുടെ മുഖം മ്ലാനമായി.
“ഞാൻ.. മകനെ കാണാൻ.. അങ്ങനെ.. വെറുതെ”
“എനിക്ക് നിങ്ങളറിയാതെ പോലും നിങ്ങളെ കാണാൻ താല്പര്യമില്ല. എന്നിട്ടല്ലേ സംസാരിക്കാൻ”..
അവൾ തിരിഞ്ഞു നടക്കാൻ തുടങ്ങുമ്പോൾ അയാൾ സങ്കടത്തോടെ കേണു..
“നമ്മുടെ മകനെ കരുതിയെങ്കിലും നീ”..
“നമ്മുടെ മകനോ? എൻറെ മകനാണവൻ.. ഞാൻ പ്രസവിച്ചു പാലൂട്ടി വളർത്തിയ എന്റെ മാത്രം മകൻ, മേലിൽ ഞങ്ങളുടെ മകനെന്നും പറഞ്ഞു ഇങ്ങോട്ടിനി വന്നേക്കരുത്”..
ഞങ്ങളുടെ മകൻ പോലും.. അവൾ പല്ലിറുമ്മി.
“അവന്റെ പേരെന്താണെന്ന് പോലും ഓർമ്മയില്ലാത്തൊരാൾ.. ഇത്തിരിയെങ്കിലും ഉളുപ്പുണ്ടെങ്കിൽ ഇങ്ങനെ കേറി വരുമോ?”..
“ബാപ്പ നിർബ്ബന്ധിച്ചിട്ടാ ഞാനന്ന് നിന്നെ നികാഹ് കഴിച്ചത്. എനിക്കിനി നിന്റെ കൂടെ മാത്രം ജീവിച്ചാ മതി”
“ഓഹോ, അപ്പോ മറ്റവളെ മൊഴി ചൊല്ലിയോ, അവളെ മൊഴി ചൊല്ലാൻ ബാപ്പ നിർബ്ബന്ധിച്ചോ?
അല്ല, ഈ മകനെ ഉണ്ടാക്കിയതും ബാപ്പ നിർബ്ബന്ധിച്ചാവും അല്ലേ?,
ഇപ്പോ ഇങ്ങോട്ട് വന്നു കെഞ്ചാനും ബാപ്പ നിർഭബന്ധിച്ചോ?”
അവളുടെ പരിഹാസത്തിന് മറുപടി പറയാൻ അയാൾ തീരെ അശക്തനായിരുന്നു.
“ആട്ടിപ്പായിക്കുന്നില്ല, എനിക്കിപ്പോ ഇവനുണ്ട്. ഇവനെ പോറ്റാൻ ഞാൻ നന്നായി അദ്ധ്വാനിക്കുന്നുമുണ്ട്.
ഞാനിപ്പോ വളരെ സന്തോഷവതിയാണ്. ഇനിയൊരു പുരുഷൻ എന്റെ ജീവിതത്തിലുണ്ടാവില്ല.
കടലാസുകളിൽ ഒപ്പിട്ട് ഉടനെ തിരിച്ചേൽപ്പിച്ചാൽ വലിയ ഉപകാരം. എനിക്ക് അടുക്കളയിൽ പണിയുണ്ട്. മോനേ, നീ ഇങ്ങ് പോര്..”
കോലായിലെ മൂലയിൽ പൂട്ടിവെച്ചിരുന്ന കുടയെടുത്ത് അയാൾ പെരുമഴയത്തേക്കിറങ്ങി നടന്നു.
ഒന്നും മനസ്സിലാകാതെ മകൻ അടുക്കളയിലേക്ക് നടക്കുന്ന ഉമ്മയെയും, അകന്നു നീങ്ങിക്കൊണ്ടിരിക്കുന്ന കുടയുടെ പുറം ഭാഗവും നോക്കി നിന്നു.