“എന്തിനാ മോനെ ഇത്ര ദൂരെയൊക്കെ പോയി ജോലി ചെയ്യുന്നത്? ഇവിടെ അടുത്തെങ്ങും കിട്ടില്ലേ? നീ ജോലിക്ക് പോയാൽ പിന്നെ ഇവിടെ ആരാ..? അച്ഛനും ഞാനും മാത്രം…

(രചന: അംബിക ശിവശങ്കരൻ)

ബാംഗ്ലൂരിലെ ഐടി കമ്പനിയിലേക്ക് ജോയിൻ ചെയ്യാൻ പറഞ്ഞുകൊണ്ടുള്ള ഇമെയിൽ കണ്ടപ്പോൾ തന്നെ കണ്ണൻ സന്തോഷം കൊണ്ട് തുള്ളിച്ചാടി. ഒരുപാട് ആഗ്രഹിച്ചു കിട്ടിയ ജോലിയാണ്. ഇന്റർവ്യൂ കഴിഞ്ഞ നാൾ മുതൽ പ്രതീക്ഷയോടെ കാത്തിരുന്നതാണ്.

അവൻ ഫോണും കൊണ്ട് നേരെ അമ്മയുടെ അടുത്തേക്കാണ് ഓടിയത്. ജോലി കിട്ടി എന്ന് കേട്ടപ്പോൾ ആദ്യം അവർ സന്തോഷിച്ചെങ്കിലും ദൂരെയാണെന്ന യാഥാർത്ഥ്യം അവരെ തെല്ലൊന്നു നിരാശപ്പെടുത്തി.

“എന്തിനാ മോനെ ഇത്ര ദൂരെയൊക്കെ പോയി ജോലി ചെയ്യുന്നത്? ഇവിടെ അടുത്തെങ്ങും കിട്ടില്ലേ? നീ ജോലിക്ക് പോയാൽ പിന്നെ ഇവിടെ ആരാ..? അച്ഛനും ഞാനും മാത്രം… നിന്റെ ചേച്ചി കെട്ടി കൊണ്ടുപോയിടത്തു നിന്ന് രണ്ട് ദിവസം വന്ന് നിന്നാൽ ആയി.”

അവർ തന്റെ വേവലാതി പ്രകടിപ്പിച്ചു.

“അമ്മ ദയവായി എതിർപ്പൊന്നും പറയരുത്. ബാംഗ്ലൂർ എന്നുപറഞ്ഞാൽ അമേരിക്കയ്ക്ക് പോകേണ്ട ദൂരം ഒന്നും ഇല്ലല്ലോ… അമ്മ സമാധാനമായി ഇരിക്ക്. ആ പിന്നെ….അച്ഛൻ വരുമ്പോൾ അമ്മ തന്നെയങ്ങ് പറഞ്ഞ സമ്മതിപ്പിച്ചേക്കണേ”

“അതെന്താ നിനക്ക് തന്നെയങ്ങ് നേരിട്ട് പറഞ്ഞാൽ?”

” അമ്മയൊന്നു തുടങ്ങി വെച്ചാൽ മതി പിന്നെ ഞാൻ പറഞ്ഞോളാം പ്ലീസ്… എന്റെ ചക്കര അമ്മയല്ലേ”

“പോടാ ചെക്കാ അവിടുന്ന് അവന്റെയൊരു സോപ്പിടൽ. പറയണോ വേണ്ടയോ എന്ന് ഞാൻ ആലോചിച്ചോളാം.”

കവിളിൽ നുള്ളിയ അവന്റെ കൈ തട്ടി മാറ്റിക്കൊണ്ട് അവർ പറഞ്ഞു.

വൈകുന്നേരം അച്ഛൻ പണികഴിഞ്ഞ് എത്തുന്ന നേരം അവൻ അടുക്കളയുടെ വാതിൽക്കൽ തന്നെ ഹാജരായിരുന്നു. പതിവ് ചായ കൊടുക്കുന്ന നേരം ജോലി കിട്ടിയ കാര്യം സൂചിപ്പിക്കാൻ അവൻ കണ്ണുകൊണ്ട് അമ്മയോട് ആംഗ്യം കാണിച്ചു.

“കഴിഞ്ഞയാഴ്ച കണ്ണൻ ഒരു ഇന്റർവ്യൂന് പോയിരുന്നില്ലേ?അത് ശരിയായെന്ന് പറഞ്ഞ് ഫോണിൽ മെസ്സേജ് വന്നിട്ടുണ്ടത്രെ..മറ്റന്നാൾ ജോയിൻ ചെയ്യണമെന്നാണ് പറഞ്ഞത്. അവൻ പോകണം എന്ന് തന്നെയാണ് പറയുന്നത് ദൂരെ ആയതുകൊണ്ടാണ് എനിക്ക് ഒരു വിഷമം.”

“ഓഹ് ഈ അമ്മ പറഞ്ഞു പറഞ്ഞു എല്ലാം ചളമാക്കും.ജോലി കിട്ടിയ കാര്യം മാത്രമാണ് പറയാൻ ഏൽപ്പിച്ചത് ഇതിപ്പോ അച്ഛനും കൂടി സമ്മതിക്കാത്ത മട്ടാകും.”

അവൻ വാതിലിന്റെ മറവിൽ നിന്നുകൊണ്ട് തലയിൽ കൈവച്ചു.

“നീ എന്തിനാണ് വിഷമിക്കുന്നത്? അവനു ഇഷ്ടമാണെങ്കിൽ പൊയ്ക്കോട്ടെ… കുട്ടികൾ വലുതായാൽ അവരുടെ ഭാവിയെ പറ്റി അവരാണ് തീരുമാനിക്കേണ്ടത്. അവൻ കഷ്ടപ്പെട്ട് പഠിച്ച് നേടിയെടുത്ത ജോലിയല്ലേ…നമ്മൾ നിർബന്ധം പിടിച്ച് അവനെ പോകാൻ സമ്മതിക്കാതിരുന്നാൽ ജീവിതകാലം മുഴുവൻ അത് അവന്റെ മനസ്സിൽ കിടക്കും.നീ ഇനി ഓരോ സങ്കടം പറഞ്ഞു നിർത്തി ഇനി അവന്റെ ഭാവി കളയേണ്ട.”

അച്ഛൻ പറഞ്ഞത് കേട്ടതും അച്ഛൻ തന്റെ മനസ്സ് എത്രമാത്രം അറിയുന്നുണ്ടെന്ന് അവന് മനസ്സിലായി.

“ഞാനാരെയും പറഞ്ഞു നിർത്തുന്നൊന്നുമില്ല… അവന്റെ ഇഷ്ടം അതാണെങ്കിൽ അവൻ പൊയ്ക്കോട്ടെ.. അല്ലെങ്കിലും അമ്മമാരുടെ മനസ് എപ്പോഴും മക്കൾ അടുത്തുണ്ടാകാനാണ് ആഗ്രഹിക്കുക.”

അച്ഛൻ ഒന്നും മിണ്ടിയില്ല അല്ലെങ്കിലും അമ്മയുടെ വാക്കുകളെക്കാൾ അച്ഛന്റെ മൗനത്തിനാണ് അർത്ഥം ഏറെയും.

പിറ്റേന്ന് ആകെ മൊത്തം ഒരു തിരക്കായിരുന്നു. ബാഗ് പാക്ക് ചെയ്യലും ഓടി നടത്തവും ഒക്കെയായി അന്നത്തെ ദിവസം കടന്നുപോയി. രാവിലെ 7 30ന് ഉള്ള ട്രെയിൻ ആണ് ബുക്ക് ചെയ്തിരുന്നത്.

കൊണ്ടുപോകാനായി വറുക്കലും പൊരിക്കലും ആയി അമ്മ ബിസിയായിരുന്നുവെങ്കിലും അച്ഛൻ പതിവുപോലെ പണിക്കു പോയിരുന്നു.

“ഇതെല്ലാം കൂടി ബാഗിൽ വയ്ക്കാൻ സ്ഥലമില്ല അമ്മേ… ഞാൻ എന്താ വല്ല ഗൾഫിലോട്ടും പോകുകയാണോ? ”

“ആ അതൊക്കെ നീ ഇപ്പം പറയും.ഏത് നേരവും പശു അയവിറക്കുന്ന പോലെ എന്തെങ്കിലും ചവച്ചുകൊണ്ടിരിക്കുന്ന നിന്റെ വിശപ്പിന്റെ കാര്യം എനിക്കല്ലേ അറിയൂ… ഇത് അവിടെ ഇരുന്നോട്ടെ ജോലി കഴിഞ്ഞു വന്നാൽ എങ്കിലും കഴിക്കാമല്ലോ.”

അതും പറഞ്ഞവർ ബാഗിൽ അവസാന പൊതികളും കൂടി കുത്തിത്തിരുകി.

ടെറസിൽ നിന്ന് ഫോൺ ചെയ്തുകൊണ്ടിരിക്കുന്ന നേരത്താണ് അച്ഛൻ വന്നത്. ഫോൺ ചെയ്തു കഴിഞ്ഞു താഴെ വന്നപ്പോൾ അച്ഛൻ കുളിക്കാൻ പോയെന്ന് അമ്മ പറഞ്ഞതുകൊണ്ട് അവൻ മുറിയിൽ പോയി വെറുതെ മിണ്ടാതെ കിടന്നു.

“കണ്ണാ….”

മുറിയിലേക്ക് അപ്രതീക്ഷിതമായി അച്ഛൻ വന്ന നേരം എന്തോ ചിന്തിച്ചു കിടന്നിരുന്ന അവൻ ഞെട്ടി എഴുന്നേറ്റു. അയാൾ കട്ടിലിന്റെ ഒരരികത്തായി വന്നിരുന്നു.

“നിന്നെ ദൂരെ ജോലിക്ക് അയക്കാൻ മോഹം ഉണ്ടായിട്ട് ഒന്നുമല്ല. നിന്റെ ആഗ്രഹത്തിന് തടസ്സം പറയേണ്ടെന്ന് കരുതിയാണ്..നമ്മുടെ നാട് അല്ല, ഞങ്ങളാരും അടുത്തുമില്ല,ചീത്ത ശീലങ്ങൾ തുടങ്ങാൻ ഒരുപാട് അവസരങ്ങൾ മുന്നിൽ വന്നെന്നിരിക്കും… അപ്പോഴൊക്കെ എന്നെ ഓർക്കണ്ട അമ്മയുടെ മുഖം മാത്രം ഒന്നോർത്താൽ മതി…
ഇത് കയ്യിൽ വച്ചോ…”

അതും പറഞ്ഞ് കയ്യിൽ കരുതിയ കുറച്ച് നോട്ടുകൾ അവന്റെ പോക്കറ്റിൽ തിരുകി കൊണ്ട് അയാൾ തിരിഞ്ഞു നടന്നു.

അച്ഛന് നല്ല വിഷമം ഉണ്ടെന്ന് അവന് മനസ്സിലായി. ഒന്നും പുറമേ പ്രകടിപ്പിക്കാത്തതാണ്. അത്താഴവും കഴിഞ്ഞ് ബെഡിൽ വന്ന് കിടന്ന് കുറച്ചു കഴിഞ്ഞതും അവൻ ഉറങ്ങിപ്പോയി. പിറ്റേന്ന് രാവിലെ അലാറം മുഴങ്ങിയപ്പോഴാണ് ഞെട്ടി എഴുന്നേറ്റത്.

വേഗം ചെന്ന് പല്ലുതേപ്പും കുളിയും കഴിഞ്ഞ് എത്തിയപ്പോഴേക്കും അമ്മ അതിരാവിലെ അമ്പലത്തിൽ പോയി വഴിപാട് കഴിച്ച പ്രസാദം നെറ്റിയിൽ തൊടുവിച്ചു.

” എന്തിനാ അമ്മേ ഇതൊക്കെ കയ്യിൽ കെട്ടുന്നത് അവിടെ ഇതൊന്നും ചിലപ്പോൾ അനുവദിക്കില്ല. ”

കയ്യിൽ ജപിച്ച ചരട് കെട്ടുമ്പോൾ അവൻ നീരസം പ്രകടിപ്പിച്ചു.

“നീ മിണ്ടാതിരിക്ക് കണ്ണാ,… എല്ലാ തടസ്സങ്ങളും നീങ്ങാൻ തിരുമേനി ജപിച്ചു തന്ന ചരട ഇത്. വന്നുവന്ന് നിനക്കിപ്പോൾ ദൈവത്തിലും ഒരു വിശ്വാസമില്ലാതായി.”

പിന്നെ അവൻ ഒന്നും മിണ്ടിയില്ല. രാവിലെ അവനു ഏറെ പ്രിയപ്പെട്ട ഇഡലിയും സാമ്പാറും ഉണ്ടാക്കി വെച്ചിരുന്നെങ്കിലും പോകേണ്ട തിരക്കിൽ വളരെ കുറച്ചു മാത്രമേ കഴിച്ചുള്ളൂ… അപ്പോഴേക്കും റെയിൽവേ സ്റ്റേഷനിൽ കൊണ്ടാക്കാൻ സുഹൃത്ത് വിനീത് എത്തിയിരുന്നു.

യാത്ര പറയാൻ നേരം അമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് കണ്ട് അവൻ അവരെ ചേർത്തുപിടിച്ചു നെറുകയിൽ ചുംബിച്ച നേരമാണ് പുറകിൽ സങ്കടം കടിച്ചമർത്തി നിൽക്കുന്ന അച്ഛനെ കണ്ടത്. അച്ഛനെയും ഒന്ന് കെട്ടിപ്പിടിക്കാൻ മനസ്സ് കൊതിക്കുന്നുണ്ട്… ഒന്ന് ചുംബിക്കാൻ വല്ലാത്ത ആഗ്രഹമുണ്ട്… ഒന്ന് കെട്ടിപ്പിടിച്ചാലോ എന്ന് രണ്ട് വട്ടം ചിന്തിച്ചപ്പോഴും മനസ്സ് തടഞ്ഞു.

“വേണ്ട അച്ഛനു അതൊന്നും ഇഷ്ടമാവില്ല.”

ആഗ്രഹം മനസ്സിൽ തന്നെ കുഴിച്ചുമൂടി അച്ഛന്റെ മുഖത്ത് നോക്കി തലയാട്ടുക മാത്രം ചെയ്തു. പിന്നീട് വിനീതിന്റെ വണ്ടിയിൽ കയറി റെയിൽവേ സ്റ്റേഷനിലേക്ക് പുറപ്പെട്ടു.

വൈകുന്നേരത്തോടെയാണ് മുറിയിൽ എത്തിയത്. മുറിയിൽ അവനെ കൂടാതെ മറ്റു രണ്ടു പേർ കൂടിയുണ്ടായിരുന്നു. അതിൽ ഒരാൾ മലയാളി ആണെന്നത് ആശ്വാസമായി. അത്യാവശ്യ വലിപ്പവും സൗകര്യവും ഉള്ള മുറി ആയതുകൊണ്ട് തന്നെ വലിയ ഞെരുക്കങ്ങൾ ഒന്നും ഫീൽ ചെയ്തില്ല.

വരുന്ന വഴി തന്നെ പുറത്തുനിന്ന് കഴിച്ചതുകൊണ്ട് അവർ കഴിക്കാൻ വിളിച്ചപ്പോൾ അവൻ ഒഴിഞ്ഞുമാറി. യാത്ര ക്ഷീണം ഉള്ളതിനാലും രാവിലെ ജോയിൻ ജോയിൻ ചെയ്യേണ്ടതിനാലും അവൻ കുളി കഴിഞ്ഞ് വന്ന പാടെ തന്നെ കിടന്നു.

വീട് മാറി കിടക്കുന്നതുകൊണ്ടാണോ എന്നറിയില്ല തിരഞ്ഞും മറിഞ്ഞും കിടന്നിട്ടും അവന് ഉറക്കം വന്നില്ല. അപ്പോഴും അച്ഛന്റെ മുഖം എന്തോ മനസ്സിനെ അലട്ടിക്കൊണ്ടിരുന്നു.

അമ്മയെ ചേർത്തുനിർത്തി ആശ്വസിപ്പിച്ചതുപോലെ അച്ഛനെ ചേർത്തു നിർത്താൻ തനിക്ക് കഴിയാതിരുന്നത് എന്തുകൊണ്ടാണ്???

തന്റെ തെറ്റുകൾക്ക് അച്ഛൻ ശിക്ഷ തന്ന തുടങ്ങിയതു മുതലാകാം… കള്ളത്തരങ്ങൾ അച്ഛൻ കണ്ടുപിടിക്കാൻ തുടങ്ങിയത് മുതൽ ആകാം… പഠിക്കാൻ പറഞ്ഞു നിരന്തരം വഴക്ക് പറഞ്ഞത് മുതലാകാം… തന്റെ നന്മയ്ക്ക് വേണ്ടി ചെയ്ത കാര്യങ്ങൾ ഒക്കെയും തന്റെ മുന്നിൽ പലപ്പോഴും അച്ഛനെയൊരു ശത്രുവാക്കി മാറ്റി. ആ ശാസന ഇല്ലാതിരുന്നെങ്കിൽ ഒരുപക്ഷേ താനീ നിലയിൽ എത്തില്ലായിരുന്നു.

പ്രായം കൂടുന്തോറും ഞങ്ങൾക്കിടയിൽ ഒരു ഗ്യാപ്പ് വന്നപോലെ… മിണ്ടുന്നതിന്…. സന്തോഷം പങ്കുവയ്ക്കുന്നതിന്… കളിചിരികൾ പറയുന്നതിന്…. എല്ലാത്തിനും ഒരു അകൽച്ച കൂടി കൂടി വന്നു. അമ്മയുടെ കൂടെ കിടന്നുറങ്ങുമ്പോഴൊക്കെ അച്ഛന്റെ നെഞ്ചിന്റെ ചൂട് അറിയാനും ഒരുപാട് കൊതിച്ചിട്ടുണ്ട്. ഒന്ന് കെട്ടിപ്പിടിക്കാൻ ഏറെ ആഗ്രഹിച്ചിട്ടുണ്ട് പക്ഷേ അച്ഛനു ഇഷ്ടമായില്ലെങ്കിലോ…

വഴക്ക് പറഞ്ഞാലോ…? തന്റെ ഉള്ളിലെ അനാവശ്യ ചിന്തകൾ അതിൽ നിന്നും ഉൾവലിയിച്ചു. പക്ഷേ ഇന്ന് അച്ഛന്റെ മുഖം വല്ലാതെ മനസ്സിനെ സ്പർശിച്ചു.

ജോലിയും തിരക്കുകളുമായി ഒരു മാസം പോയത് അറിഞ്ഞില്ല. പലകാര്യങ്ങളും നാട്ടിലേതു തന്നെയാണ് നല്ലതെന്ന് അവന് തോന്നാറുണ്ട്.അമ്മയുടെ ചേച്ചിയുടെ മകളുടെ കല്യാണത്തിന് നേരത്തെ പറഞ്ഞ ലീവ് റെഡിയാക്കി നാട്ടിലേക്ക് തിരിച്ചെത്തുമ്പോൾ അവനു എന്തോ വലിയ ആശ്വാസം തോന്നി.

തലേന്ന് രാത്രി പുറപ്പെട്ടത് കൊണ്ട് പിറ്റേന്ന് രാവിലെ ആയപ്പോഴേക്കും വീട് എത്തിയിരുന്നു. ഇഷ്ടപ്പെട്ട ആഹാരങ്ങൾ ഒക്കെയും നിരത്തി അമ്മ കാത്തിരുന്നപ്പോഴും അച്ഛൻ പണിക്കു പോയിട്ടുണ്ടായിരുന്നു.

” നീ വല്ലാതെ അങ്ങ് മെലിഞ്ഞു പോയല്ലോ മോനെ അവിടെ ഒന്നും തിന്നാൻ കിട്ടുന്നില്ലേ? ”

ഭക്ഷണം വിളമ്പി വയ്ക്കുമ്പോൾ എല്ലാ അമ്മമാരുടെയും സ്ഥിരം ഡയലോഗ് വന്നെത്തി. അവനത് കാര്യമാക്കാതെ ഭക്ഷണം ആസ്വദിച്ചു കഴിച്ചു.സ്നേഹം ചേർത്ത് വിളമ്പുന്നത് കൊണ്ടാവാം അമ്മയുടെ ഭക്ഷണത്തിന് ഇത്ര രുചി!.

ഭക്ഷണമൊക്കെ കഴിച്ച് മുറിയിൽ വിശ്രമിക്കുന്ന നേരമാണ് പുറത്താരോ വിളിക്കുന്നത് കേട്ടത്.

“കണ്ണാ ഒന്ന് ഇവിടെ വന്നേ..”

മീൻ നന്നാക്കി കൊണ്ടിരുന്ന അമ്മ വിളിച്ചു കൂവിയതും അവൻ നേരെ അടുക്കളയിലേക്ക് ചെന്നു.

“കണ്ണാ അത് ഫ്രിഡ്ജ് വാങ്ങിയതിന്റെ അടവുകാരനാ അച്ഛൻ പൈസ ഡയറിയിൽ വെച്ചിട്ടുണ്ടെന്ന പറഞ്ഞത് കാർഡും അതിൽ ഉണ്ടാകും മോൻ ചെന്ന് ഒന്ന് എടുത്തു കൊടുത്തേ എന്റെ കൈ ആകെ മീൻ നാറുന്നുണ്ട്.”

അമ്മ പറഞ്ഞതനുസരിച്ച് ചെന്ന് ഡയറി തുറക്കുമ്പോൾ പൈസ വെച്ച ഡയറിയുടെ താളിൽ പെട്ടെന്ന് അവന്റെ കണ്ണുകളുടക്കി.ഒരു നിമിഷം അതവിടെ മാറ്റിവെച്ച് അടവുകാരന് പൈസയും കൊടുത്ത് തിരികെ വന്ന് അതിൽ എഴുതിയ ഓരോ വരികളിലൂടെയും പതിയെ കണ്ണോടിച്ചു.

“ഇന്ന് കണ്ണൻ ബാംഗ്ലൂരിലേക്ക് പോയി. എന്റെ നെഞ്ചിൽ കിടന്നു വളർന്ന കുട്ടിയാണ് അവൻ.അവൻ പോയതോടെ വീട് ഉറങ്ങിയത് പോലെയായി. ഞാനും ദേവകിയും ഇനി ഒറ്റയ്ക്ക്… പോകാൻ നേരം അവൻ അവന്റെ അമ്മയെ ചേർത്തുനിർത്തി ആശ്വസിപ്പിച്ചു.മുത്തം നൽകി. അതുപോലൊരു ചേർത്തുനിർത്തൽ ഞാനും കൊതിച്ചതാണ്. പക്ഷേ എന്നെ ഒന്ന് നോക്കുക മാത്രം ചെയ്തവൻ പോയി.”

വായിച്ചു തീർന്നതും ആ വാക്കുകൾ അവന്റെ മനസ്സിൽ ഒരു നൊമ്പരമായി.

“അച്ഛൻ ഇതെല്ലാം ആഗ്രഹിച്ചിരുന്നുവോ? അച്ഛന് ഇഷ്ടമാകില്ല എന്ന് കരുതിയാണ് താൻ ഇത്രയും നാൾ…..”

അവൻ വീണ്ടും മുറിയിൽ ചെന്ന് കിടന്നു. രാത്രി പതിവിലും വൈകിയാണ് അച്ഛൻ വന്നത്. അവനു ഇഷ്ടമുള്ളതെല്ലാം കയ്യിൽ കരുതിയിരുന്നു. അവനെ കണ്ടതും അച്ഛന്റെ കണ്ണിൽ നക്ഷത്രത്തിളക്ക ശോഭയായിരുന്നു.

“ജോലിയൊക്കെ സുഖമല്ലേടാ..”

“ഉം”

അതും പറഞ്ഞ് അയാൾ കുളിക്കാൻ പോയി. കുളിയൊക്കെ കഴിഞ്ഞ് അച്ഛൻ തനിച്ചായ നേരം നോക്കിയാണ് അവൻ മുറിയിലേക്ക് ചെന്നത്. ആദ്യത്തെ ശമ്പളത്തിൽ നിന്ന് ഒരു തുക അച്ഛന്റെ കയ്യിൽ വച്ചു കൊടുക്കുമ്പോൾ എന്തുകൊണ്ടോ ആ കണ്ണ് നിറഞ്ഞു.

“എനിക്കെന്തിനാടാ പൈസ… ഇത് നീ തന്നെ വച്ചോ.. നിനക്കല്ലേ അവിടെ ചെലവുകൾ ഉള്ളത്?”

“ഇത് അച്ഛന് ഉള്ളതാണ്.. എന്റെ സമ്പാദ്യത്തിന്റെ ഒരു ചെറിയ അംശം. എന്റെ സന്തോഷത്തിനു വേണ്ടി.”

അതും പറഞ്ഞവൻ തന്റെ അച്ഛനെ മുറുകെ കെട്ടിപ്പിടിച്ചു.

“സോറി അച്ഛാ..”

പ്രതീക്ഷിക്കാതെയുള്ള ആ ഒരു ചേർത്ത് പിടിക്കൽ അയാളുടെ കണ്ണുകളെ ഈറൻ അണിയിച്ചു. അയാളും കുറെ വർഷങ്ങൾക്കുശേഷം തന്റെ മകനെ മതിവരുവോളം വാരിപ്പുണർന്നു.

നാളുകൾ ആയി കൊതിക്കുന്ന മുഹൂർത്തമാണ് മനസ്സുകൊണ്ട് അയാൾ ദൈവത്തോട് നന്ദി പറഞ്ഞു. ഈ സുന്ദര മുഹൂർത്തത്തിന് സാക്ഷിയായി വാതിൽക്കൽ നിന്ന അമ്മയുടെയും കണ്ണുകൾ നിറഞ്ഞൊഴുകി.

” സ്നേഹം പ്രകടമാക്കേണ്ട ഒന്നാണ്.”

Leave a Reply

Your email address will not be published. Required fields are marked *