(രചന: അംബിക ശിവശങ്കരൻ)
“സന്ധ്യേ….ഡി സന്ധ്യേ… ഒരു ചായ കിട്ടാൻ ഇനി എത്ര വിളിച്ചു കൂവണം?”
തലേ നാളത്തെ കെട്ടിറങ്ങാൻ കുറച്ച് അധികം സമയം എടുത്തത് കൊണ്ട് തന്നെ വൈകിയാണ് സുധി ഉറക്കത്തിൽ നിന്നും ഉണർന്നത്.
“ഓഹ്.. ഇവന്മാരിത് എന്ത് കൂതറ സാധനമാണാവോ ഇന്നലെ ഒഴിച്ച് തന്നത്… തല പൊളിഞ്ഞിട്ട് വയ്യ. ഡി സന്ധ്യേ….”
മറുപടിയൊന്നും ലഭിക്കാതെ ആയപ്പോൾ അവൻ വീണ്ടും അലറി.
“രാവിലെ തന്നെ കിടന്ന് അലറാതെടാ നീ ഇനി വിളിക്കുമ്പോഴേക്കും ഓടി വരാൻ അവളും കൊച്ചും ഇവിടെയില്ല. ഇനി ഇങ്ങോട്ട് വിടില്ലെന്നും പറഞ്ഞ അവരവളെ കൂട്ടിക്കൊണ്ടു പോയത്.”
കയ്യിൽ ഒരു ഗ്ലാസ് കട്ടൻ ചായയുമായി അവർ ഉമ്മറത്തേക്ക് വന്നു. കുടിച്ച് ബോധം ഇല്ലാതെ വരുന്ന ദിവസങ്ങളിൽ ഒക്കെയും അവന്റെ ഉറക്കം ഉമ്മറത്തിണ്ണയിലാണ്.
“കൂട്ടിക്കൊണ്ടുപോവാനോ? ആര്? എവിടേക്ക്?”
അവൻ മുണ്ട് മുറുക്കി എടുത്തു കൊണ്ട് ചോദിച്ചു.
“അവളുടെ ആങ്ങള….അല്ലാതാര്? പൊന്നുമോൻ ഇന്നലെ കുടിച്ചു ബോധമില്ലാതെ എന്തൊക്കെയാ ഇവിടെ കാണിച്ചുകൂട്ടിയത്? നാണമുണ്ടോടാ ഉണ്ടാക്കിയ കൊച്ചിന്റെ മുന്നിലിട്ട് ഭാര്യയെ തല്ലാൻ… നീയൊക്കെ എന്റെ വയറ്റിൽ തന്നെ ഉണ്ടായതാണോടാ?”
അവർക്ക് കലിയടക്കാനായില്ല.
ബോധമില്ലാതെ എന്തൊക്കെയാ ചെയ്തുകൂട്ടിയത് എന്ന് പോലും അവന് ഓർമ്മ ഉണ്ടായിരുന്നില്ല. ഒന്നുമാത്രം അറിയാം അവൾക്ക് ഒരിക്കലും സമാധാനം കൊടുക്കാറുണ്ടായില്ലെന്നു മാത്രം. എത്ര വേണ്ടെന്ന് കരുതിയാലും എല്ലാം കൈവിട്ടു പോകുന്നതാണ് ഒന്നും മനപ്പൂർവമല്ല.
“ഞാനെന്റെ ഭാര്യയെ എന്ത് ചെയ്താലും അവർക്ക് എന്താ? എന്നോട് പറയാതെ അവളെ കൂട്ടിക്കൊണ്ടു പോകാൻ ആരാ അവർക്ക് അധികാരം കൊടുത്തത്?”
അവന് സങ്കടവും ദേഷ്യവും ഒരുപോലെ വന്നു.
“പിന്നെ?സ്വന്തം പെങ്ങളെ നോവിക്കുന്നത് ഏത് ആങ്ങളയാടാ കണ്ടുകൊണ്ട് നിൽക്കുന്നത്? ഒരു ഭണത്താവ് വന്നേക്കുന്നു തുഫ്… നിന്റെ ഭാര്യ ആവുന്നതിനു മുന്നേ അവൾ അവന്റെ പെങ്ങളായിരുന്നു അതു നീ മറക്കേണ്ട…
നിന്റെ കൂടെ ഇറങ്ങി വന്നു എന്ന് ഒരു തെറ്റ് മാത്രമേ സന്ധ്യ ചെയ്തിട്ടുള്ളൂ. അതിനിനി ആ പെണ്ണ് അനുഭവിക്കാൻ വല്ലതും ബാക്കിയുണ്ടോ? ആരും ചോദിക്കാൻ വരില്ലെന്ന ധൈര്യത്തിൽ അല്ലേടാ നീ അതിനെ ഇവിടെ ഇത്രനാൾ നരകപ്പിച്ചത്?
അങ്ങനെ തേച്ചാലും മായ്ച്ചാലും പോകുന്ന ഒരു ബന്ധമല്ല രക്തബന്ധം. ചോരയ്ക്ക് നൊന്താ ചോര തിരിച്ചറിയും. നിന്റെ ഈ നശിച്ച കൂടി എന്ന് നിർത്തുന്നുവോ അന്നേ നീ എനിക്ക് ഗുണം പിടിക്കത്തുള്ളൂ…”
തലയിൽ കൈവച്ചുകൊണ്ട് അവർ ശപിച്ചു.
” അവൾക്ക് അങ്ങനെ എന്നെ ഉപേക്ഷിച്ചു പോകാൻ ഒന്നും പറ്റില്ല. ദേഷ്യം വരുമ്പോൾ എന്തെങ്കിലും പറയും എന്ന് കരുതി എനിക്ക് അവളോട് സ്നേഹമില്ലെന്ന് അവൾ പറയട്ടെ…. അല്ലെങ്കിലും എന്തിനും ഏതിനും ഇങ്ങനെ കരയുന്നത അവളുടെ കുഴപ്പം. ”
അവൻ തല ചൊറിഞ്ഞു കൊണ്ട് പറഞ്ഞു.
” അവൾ പിന്നെ എന്തു ചെയ്യണം? സന്തോഷിക്കാൻ പാകത്തിൽ ഇന്നേവരെ എന്തെങ്കിലും നീ അവൾക്ക് വേണ്ടി ചെയ്തിട്ടുണ്ടോ? ഒന്നും ചെയ്യേണ്ട…
ഒരല്പം മനസ്സമാധാനം എങ്കിലും കൊടുക്കാലോ? കൊടുത്തിട്ടുണ്ടോ നീ?കുടിച്ചു ബോധമില്ലാതെ നീ ഇവിടെ കിടന്നുറങ്ങുമ്പോൾ ആ കൊച്ചിനെയും ചേർത്ത് പിടിച്ച് അവളിരുന്ന് കരയുന്നത് ഞാൻ എത്രയോ വട്ടം കണ്ടിട്ടുണ്ട്.…
എടാ ഒരു പെണ്ണ് കരയുമ്പോൾ അവൾക്കപ്പോളുണ്ടായ സങ്കടം മാത്രമല്ല അന്ന് വരെ അവൾ നേരിട്ട എല്ലാ സങ്കടങ്ങളും അവളുടെ മനസ്സിലേക്ക് വരും…
ഇന്നലെ അതിന്റെ കരച്ചിൽ കണ്ട് സഹിക്കാൻ പറ്റാഞ്ഞിട്ട വീട്ടിലേക്ക് വിളിച്ചു പറയാൻ ഞാൻ പറഞ്ഞത്. മകനാണെന്ന് കരുതി ഏതു തെണ്ടി തരത്തിനും കൂട്ടുനിന്ന് തരുമെന്ന് നീ കരുതേണ്ട ഞാൻ പറഞ്ഞേക്കാം.. ”
അമ്മയുടെ വാക്കുകൾ കുത്തിനോവിക്കാൻ തുടങ്ങിയപ്പോൾ അവൻ അവിടെ നിന്ന് എഴുന്നേറ്റ് കയ്യും മുഖവും കഴുകി വന്ന് കഴുകിയിട്ട ഒരു ഷർട്ടും മുണ്ടും എടുത്തിട്ടു.
” നീ ഇനി എങ്ങോട്ടാ? ”
“അവളുടെ വീട്ടിലേക്ക്….അവളെയും മോളെയും കൂട്ടിക്കൊണ്ടു വരാൻ…”
” നാണം ഉണ്ടോടാ സുധി നിനക്ക് ഇത്രയൊക്കെ ചെയ്തിട്ടും അവരുടെ മുഖത്ത് നോക്കാൻ… നിന്നെ കണ്ടാൽ അവർ മുഖത്ത് കാർപ്പിച്ച് തുപ്പും നോക്കിക്കോ… അവിടെയെങ്കിലും അവൾ സമാധാനത്തോടെ ജീവിച്ചോട്ടെ… ”
അവർ അവനെ തടഞ്ഞു.
” അവർ എന്തു വേണമെങ്കിലും ചെയ്തോട്ടെ വേണമെങ്കിൽ എന്നെ തല്ലിക്കൊട്ടെ പക്ഷേ അവളെയും മോളെയും കൊണ്ടേ ഞാൻ വരു…
അവർ തടുക്കാൻ ശ്രമിച്ചെങ്കിലും അവരുടെ എതിർപ്പിനെ മറികടന്നുകൊണ്ട് അവൻ പുറത്തേക്കിറങ്ങി.
അവളുടെ വീടിനു മുന്നിലെത്തിയപ്പോൾ ഉമ്മറത്ത് അവളുടെ അച്ഛനും ചേട്ടനും ഇരിപ്പുണ്ടായിരുന്നു. അവനെ കണ്ടതും ഒരു കുറ്റവാളിയെ നോക്കുമട്ടിൽ അവർ രൂക്ഷമായി നോക്കി.
“എന്ത് വേണം?”
അവനെ കണ്ട പാടെ അച്ഛൻ ചോദിച്ചു.
“ഞാൻ സന്ധ്യയെയും മോളെയും കൂട്ടിക്കൊണ്ടു പോകാൻ വന്നതാണ്”
അവൻ തലകുനിച്ചു കൊണ്ടാണ് അത് പറഞ്ഞത്.
“വിടാൻ ഞങ്ങൾക്ക് സൗകര്യമില്ലെങ്കിലോ? ഇപ്പോൾ ഞങ്ങൾക്ക് അവളെ ജീവനോടെയെങ്കിലും തിരിച്ചുകിട്ടി. ഇനിയും കൊണ്ടുപോയിട്ട് എന്താ അവിടെ ഇട്ട് തല്ലിക്കൊല്ലാനോ? നിനക്ക് തല്ലി ചതിക്കാൻ അല്ല ഞങ്ങൾ അവളെ വളർത്തി വലുതാക്കി എടുത്തത്.
നിന്റെ കൂടെ ഇറങ്ങി വന്നപ്പോൾ അവളെ കൊല്ലാനുള്ള ദേഷ്യം തോന്നിയത… പക്ഷേ ഇപ്പോ അവളുടെ അവസ്ഥ കണ്ട് സഹതാപമാണ് തോന്നുന്നത്. എന്റെ ജീവനുള്ളിടത്തോളം കാലം ഞാൻ അവളെ ഇനി ആ വീട്ടിലേക്ക് അയക്കില്ല. നിന്നെപ്പോലൊരു ക്രിമിനലിന് ഇട്ടു തരില്ല ഞാൻ എന്റെ പെങ്ങളെ.
നല്ലൊരു വക്കീലിനെ കണ്ടു ബന്ധം വേർപ്പെടുത്താനുള്ള തീരുമാനത്തിലാണ് ഞങ്ങൾ.അവൾ ചെറുപ്പമല്ലേ സന്തോഷത്തോടെ അവളെയും അവളെയും നോക്കാൻ പറ്റുന്ന ഒരാളെ ഞങ്ങൾ അവൾക്ക് കണ്ടുപിടിച്ചോളാം… പിന്നെ നിന്റെ രക്തത്തിൽ പിറന്ന മകൾ ആയതുകൊണ്ട് അവളുടെ കാര്യം ഇനി കോടതി തീരുമാനിക്കട്ടെ..”
അയാളത് പറഞ്ഞതും അവന് ഭ്രാന്ത് പിടിക്കുന്നതുപോലെ തോന്നി.
“ഇല്ല… ഞാൻ ഇല്ലാത്ത ഒരു ജീവിതം അവൾക്ക് സങ്കൽപ്പിക്കാൻ കഴിയില്ല. എവിടെ എന്റെ സന്ധ്യ? എനിക്ക് അവളെയും മോളെയും ഇപ്പോൾ കാണണം.”
മാനസിക നില തെറ്റിയ ഒരാളെപ്പോലെ സ്വയം പുലമ്പിക്കൊണ്ട് അകത്തേക്ക് കയറാൻ ശ്രമം നടത്തിയപ്പോൾ അവരവനെ തടഞ്ഞു. പരസ്പരം ഉന്തും പിടിയും ആയപ്പോൾ അവൾ പുറത്തേക്ക് വന്നു കൊണ്ട് ഒച്ചവെച്ചു.
” നിങ്ങൾക്ക് എന്താ വേണ്ടത്? ഇനിയും എന്നെ സമാധാനത്തോടെ വിടില്ല എന്നാണോ? ”
“വാ സന്ധ്യേ…നമുക്ക് വീട്ടിലേക്ക് പോകാം. നീയാണെ മോളാണെ സത്യം ഞാൻ ഇനി കുടിക്കില്ല.”
തന്റെ കയ്യിൽ പിടിച്ച അവന്റെ കൈ അവൾ തട്ടിമാറ്റി.
“എനിക്ക് കേൾക്കണ്ട നിങ്ങളുടെ കള്ളസത്യം. സ്വന്തം ഇഷ്ടം തെരഞ്ഞെടുത്തത് കൊണ്ടാണ് ആരോടും ഒന്നും പറയാതെ ഞാൻ ഇത്രനാൾ എല്ലാം സഹിച്ചത്.
ഇപ്പോൾ എനിക്ക് എന്റെ വീട്ടുകാരുണ്ട്. ഇനി എല്ലാം അവർ തീരുമാനിക്കട്ടെ… ബന്ധം പിരിയാനും പുതിയത് തിരഞ്ഞെടുക്കാനും അവർ പറഞ്ഞാൽ ഞാൻ അനുസരിക്കും. ഇനിമേലിൽ എന്നെ കാണാൻ ഇവിടെ വരരുത്.”
അവൾ കടുപ്പിച്ചു പറഞ്ഞു.
“സന്ധ്യേ പ്ലീസ്…. എല്ലാം അറിഞ്ഞിട്ടല്ലേ നീ എന്റെ കൂടെ വന്നത്? ഞാൻ മാറാം എല്ലാം എന്റെ തെറ്റാണ് മാപ്പ്… എത്ര വഴക്കിട്ടാലും നീയും മോളും ഇല്ലാതെ എനിക്ക് പറ്റില്ലെന്ന് നിനക്കറിയില്ലേ സന്ധ്യേ?”
അവൻ കെഞ്ചി.
“ശരിയാണ് എല്ലാം അറിഞ്ഞിട്ട് തന്നെയാണ് ഞാൻ നിങ്ങളുടെ കൂടെ വന്നത്. അന്ന് പക്ഷേ നിങ്ങൾ എന്നെങ്കിലും മാറുമെന്ന് എനിക്ക് ഒരു പ്രതീക്ഷയുണ്ടായിരുന്നു.
പക്ഷേ ഒരിക്കലെങ്കിലും നിങ്ങൾ അതിന് ശ്രമിച്ചിട്ടുണ്ടോ?എനിക്കറിയാം നിങ്ങൾ ഒരിക്കലും മാറാൻ പോകുന്നില്ലെന്ന്. മോള് വളർന്നുവരികയാണ് ഒരു കുടിയന്റെ മകളായി അവൾ അറിയപ്പെടാൻ ഞാൻ ആഗ്രഹിക്കുന്നില്ല നിങ്ങൾ ചെല്ല്…”
അവൻ എന്തെങ്കിലും പറയുന്നതിനു മുന്നേ തന്നെ അവൾ വാതിൽ കൊട്ടിയടച്ചു. ആ അടി തന്റെ മുഖത്താണെന്ന് അവന് അറിയാമായിരുന്നു. പിന്നെ ഒരു നിമിഷം അവിടെ നിൽക്കാതെ നേരെ ചെന്നത് ബാറിലേക്കാണ്. ഉള്ളിലെ സങ്കടം അത്രയും കുടിച്ചു തീർക്കണം കുടിച്ചു കുടിച്ച് എനിക്കിനി മരിക്കണം.
ടേബിളിനു മുന്നിലെ മദ്യ ഗ്ലാസ് കയ്യിലെടുത്തതും തന്റെ മകളുടെ മുഖമാണ് ഓർമ്മ വന്നത്.ചങ്കിനുള്ളിൽ തീ ചൂള എറിയുന്നത് പോലെ അവന് തോന്നി. കയ്യിലിരുന്ന മദ്യ ഗ്ലാസ് എറിഞ്ഞുടക്കാനാണ് ആ നിമിഷം തോന്നിയത്.
നിറഞ്ഞിരുന്ന ക്ലാസ്സ് അവിടെ ഉപേക്ഷിച്ച് അവൻ നേരെ വീട്ടിലേക്ക് പോയി. അവളുടെയും മകളുടെയും സാന്നിധ്യമില്ലാത്ത വീട് എത്രമാത്രം ഏകാന്തതയാണ് സമ്മാനിക്കുന്നതെന്ന് അവന് മനസ്സിലായി.
അവൻ മിണ്ടാതെ വന്ന് മേലേക്കും നോക്കിക്കിടന്നു. രാത്രി ചോറ് വിളമ്പി വച്ചത് അതേപടി ഇരിക്കുന്നത് കണ്ടാണ് അവർ മുറിക്കുള്ളിലേക്ക് എത്തിനോക്കിയത്. ഉറങ്ങാതെ എന്തോ ആലോചിച്ചിരിക്കുന്ന മകനെ കണ്ട് അവർ മുറിക്കുള്ളിലേക്ക് കടന്നു.
” എന്താടാ ഭക്ഷണം കഴിച്ചില്ലേ? ”
” അമ്മേ.. അവർ ബന്ധം വേർപ്പെടുത്തുമെന്ന പറയുന്നത്. എനിക്ക് അവരില്ലാതെ പറ്റില്ലമ്മേ ഞാനിനി കുടിക്കില്ല അവരോട് വരാൻ പറയമ്മേ… ”
മകന്റെ സങ്കടം കണ്ട് അവരുടെയും നെഞ്ചലിഞ്ഞു.
” മോനെ… തിരുത്താൻ ദൈവം നിനക്ക് ഒരുപാട് അവസരം തന്നിരുന്നു. പക്ഷേ അപ്പോഴൊന്നും നിനക്ക് അതിന് തോന്നിയില്ല.നീ മദ്യത്തിന് അടിമപ്പെട്ട് ജീവിച്ചു. ഇപ്പോൾ തിരുത്തണമെന്ന് തോന്നിയപ്പോഴോ സമയം ഒരുപാട് വൈകിയും പോയി.ഇനിയെങ്കിലും നീ മര്യാദയ്ക്ക് ജീവിക്ക്…”
അതും പറഞ്ഞ് അവർ മുറിവിട്ട് ഇറങ്ങുമ്പോൾ അവന് ഒന്ന് പൊട്ടി കരയണമെന്ന് തോന്നി.
മോളുടെ കളിപ്പാട്ടങ്ങൾ എന്നും നെഞ്ചോട് ചേർത്ത് പിടിച്ചാണ് അവൻ ഉറങ്ങാറ്. തന്റെ കുടുംബം ഇല്ലാതാക്കിയ മദ്യം കാണുമ്പോൾ അവന് വെറുപ്പ് തോന്നിത്തുടങ്ങി. അതിനിടയിൽ രണ്ടുമൂന്നുവട്ടം സന്ധ്യയെയും മകളെയും കാണാൻ ശ്രമിച്ചെങ്കിലും അവളുടെ വീട്ടുകാർ അവനെ തടഞ്ഞു.
എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ടെങ്കിലും മദ്യപാനത്തെ മാത്രം അവൻ വീണ്ടും കൂട്ടുപിടിച്ചില്ല. പണികഴിഞ്ഞ് വന്ന് മുറിയിൽ മിണ്ടാതെ കിടക്കും എന്നല്ലാതെ അമ്മയോട് പോലും അവൻ സംസാരിച്ചിരുന്നില്ല.
അന്നും പതിവുപോലെ പണികഴിഞ്ഞ് മുറിയിലേക്ക് കയറിയ നേരം അവൻ ഒരു നിമിഷം അന്തം വിട്ടുനിന്നു.
കാണുന്നത് സത്യമാണോ സ്വപ്നം ആണോ എന്നറിയാതെ പകച്ചുനിന്ന നേരമാണ് മോള് അച്ഛാ എന്ന് വിളിച്ച് കെട്ടിപ്പിടിച്ചത്. മോളെയും കോരിയെടുത്ത് സന്ധ്യയെ തുരുതുരാ മുത്തം വയ്ക്കുമ്പോൾ രണ്ടുപേരുടെയും കണ്ണ് നിറഞ്ഞിരുന്നു.
“അളിയാ… അളിയൻ നന്നായെന്ന് അമ്മ വിളിച്ചു പറഞ്ഞിട്ടാട്ടോ ഞാനിവളെ ഇവിടെ കൊണ്ടാക്കുന്നത്…
പിന്നെ എന്റെ പെങ്ങളും കെട്ടിയോനെ കാണണമെന്ന് പറഞ്ഞ് കയർ പൊട്ടിച്ചു കൊണ്ടിരിക്കുകയായിരുന്നു. എല്ലാം ഞങ്ങൾ എല്ലാവരും കൂടെ ചേർന്ന് നടത്തിയ നാടകം ആണളിയാ… അളിയനെ നല്ലൊരു കുട്ടിയാക്കാൻ…
കഥ തിരക്കഥ സംഭാഷണം സംവിധാനം എല്ലാം അളിയന്റെ അമ്മയാണ് ട്ടോ… ഞങ്ങളൊക്കെ അഭിനേതാക്കൾ മാത്രം. പിന്നെ… ഇനി പഴയപോലെ എങ്ങാനും ആയാൽ അഭിനയം മാറ്റി ഞാൻ വന്നു ശരിക്കും ഇവളെ വിളിച്ചോണ്ട് പോകും കേട്ടോ…”
അയാളെ നോക്കി അവൻ ഒന്ന് ചിരിച്ചു. ആ ചിരിയിൽ തന്നെ എല്ലാം ഉണ്ടായിരുന്നു.അവൻ തന്റെ അമ്മയെ നോക്കുമ്പോൾ അവരുടെയും കണ്ണ് നിറഞ്ഞിരുന്നു.