എന്താ മോനെ ഇങ്ങനെയൊക്കെ സംസാരിക്കുന്നത്? നാളെ ഞായറാഴ്ചയല്ലേ ഓഫീസ് അവധി ആണല്ലോ.. രാവിലെ നേരത്തെ എഴുന്നേറ്റ് കുളിച്ച് നമുക്ക് അമ്പലത്തിൽ പോകാം.

(രചന: അംബിക ശിവശങ്കരൻ)

“നാളെയാണ് ധനു മാസത്തിലെ കാർത്തിക നാൾ”

അവർ കലണ്ടറിൽ കുറിച്ചിട്ട ആ കറുത്ത വട്ടത്തിനുള്ളിലൂടെ വെറുതെ വിരൽ ഓടിച്ചു. താനൊരു അമ്മയായിട്ട് നാളത്തേക്ക് ഇരുപത്തി നാലു വർഷം തികയുന്നു. അപ്പു തന്റെ ഉദരത്തിൽ ജന്മം എടുത്തിട്ട് നാളേക്ക് ഇരുപത്തി നാലു വർഷം.

അവർ സാരിക്കടയിലൂടെ മടക്കു വീണ തന്റെ അടിവയറ്റിൽ വെറുതെ ഒന്ന് കൈവച്ചു.

” അപ്പു തന്റെ വയറ്റിൽ ഉണ്ട് എന്നറിഞ്ഞ നാൾ മുതൽ എന്നും കൈ വയറിൽ തന്നെയായിരുന്നു. കുഞ്ഞ് അനങ്ങുന്നുണ്ടോ അനങ്ങുന്നുണ്ടോ എന്നുള്ള ആകാംക്ഷയായിരുന്നു പിന്നീട്. അന്ന് ആദ്യമായി അവനെ നെഞ്ചോട് ചേർത്തുവച്ച് തന്നപ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞിരുന്നു.

പിന്നീട് അരുതാത്തത് എന്തൊക്കെയോ ജീവിതത്തിൽ സംഭവിച്ചപ്പോൾ എല്ലാം തകിടം മറിഞ്ഞു. ഹാ..വർഷങ്ങൾ എത്രവേഗമാണ് പോയത്.ഇന്നിപ്പോൾ അപ്പു വളർന്ന് തന്നെക്കാൾ വലുതായിരിക്കുന്നു. വളർച്ചയ്ക്കൊപ്പം തന്നെ ഒരു അകൽച്ചയും അവന്റെ ഉള്ളിൽ രൂപപ്പെട്ടു വന്നു. ”

അവർ ദീർഘമായി നിശ്വസിച്ചു.

” അപ്പു നാളെ എന്താ വിശേഷം എന്നറിയാമോ? “.
വൈകുന്നേരം ജോലികഴിഞ്ഞ് എത്തിയ തന്റെ മകനു ഭക്ഷണം വിളമ്പി കൊടുക്കുന്നതിനിടെ അവർ സന്തോഷത്തോടെ ചോദിച്ചു.

അവൻ ആ ചോദ്യം കേട്ട ഭാവം പോലും നടിച്ചില്ല.

“അപ്പു ഞാൻ പറയുന്നത് കേൾക്കുന്നുണ്ടോ? നാളെയാണ് നിന്റെ പിറന്നാൾ എന്റെ മോന് ഇരുപത്തിനാല് വയസ്സ് തികയുകയാണ്.”

” ഓ നാളെയായിരുന്നോ ആ നശിച്ച ദിവസം? ”
ഒട്ടും താല്പര്യമില്ലാതെ ചോറിൽ വിരലുകൾ ഓടിച്ചു കൊണ്ട് അവൻ ചോദിച്ചു.

“എന്താ മോനെ ഇങ്ങനെയൊക്കെ സംസാരിക്കുന്നത്? നാളെ ഞായറാഴ്ചയല്ലേ ഓഫീസ് അവധി ആണല്ലോ.. രാവിലെ നേരത്തെ എഴുന്നേറ്റ് കുളിച്ച് നമുക്ക് അമ്പലത്തിൽ പോകാം. നിന്റെ പേരിൽ കുറച്ചു വഴിപാടുകൾ ഒക്കെ നേർന്നിട്ടുണ്ട് അമ്മ. അത് കഴിഞ്ഞുവന്ന് ഒരു ചെറിയ സദ്യ ഉണ്ടാക്കാം.”

തന്റെ അമ്മയുടെ സംസാരം കേട്ട് അവന് വല്ലാതെ അസ്വസ്ഥത തോന്നി.

“ഞാൻ എങ്ങോട്ടും ഇല്ല. അമ്പലത്തിൽ പോകണമെങ്കിലും വഴിപാട് നടത്തണമെങ്കിലും തനിച്ച് അങ്ങ് പോയാൽ മതി. പിന്നെ എനിക്കൊരു ദൈവത്തിലും വിശ്വാസവുമില്ല ദൈവം ഉണ്ടോ എന്ന് തന്നെ എനിക്ക് സംശയമാണ്. ഉണ്ടായിരുന്നെങ്കിൽ എന്റെ ജീവിതം ഒരിക്കലും ഇങ്ങനെ ആകുമായിരുന്നില്ലല്ലോ..”
ഭക്ഷണം മതിയാക്കിക്കൊണ്ട് അവൻ അവിടെ നിന്നും എഴുന്നേറ്റ് പോയി.

അവർ ഒന്നും മിണ്ടിയില്ല. ഇത്തരത്തിൽ തന്റെ മകന്റെ പെരുമാറ്റ രീതികൾ കണ്ട് മനസ്സ് മരവിച്ചു പോയതാണ്. ഒന്ന് കരയാൻ പോലും കഴിയാത്ത വിധം മനസ്സ് എന്നോ മരിച്ചു കഴിഞ്ഞിരിക്കുന്നു. അവർ വ്യർത്ഥമായി പുഞ്ചിരിക്കാൻ ശ്രമിച്ചു.

പിറ്റേന്ന് രാവിലെ തന്നെ അവർ അമ്പലത്തിലേക്ക് പുറപ്പെട്ടു. ദൈവത്തിനു മുന്നിൽ തന്റെ മകനുവേണ്ടി മനമുരുകി പ്രാർത്ഥിക്കുമ്പോൾ വറ്റി പോയ കണ്ണുനീർ വീണ്ടും അവരുടെ മിഴികളെ ഈറനണിയിച്ചു. പ്രാർത്ഥനയും വഴിപാടും എല്ലാം കഴിഞ്ഞു വീട് എത്തുമ്പോൾ അവൻ എങ്ങോട്ടോ ഒരുങ്ങി പുറപ്പെടുന്നതാണ് കണ്ടത്.

“എങ്ങോട്ടാ മോനെ പോകുന്നത്?”

അവരുടെ ചോദ്യത്തിന് അവൻ മറുപടി പറയാതെ ഹെൽമറ്റ് തലയിൽ ഇട്ടു. പ്രസാദമായി കിട്ടിയ ഇല കീറിൽ നിന്നും ഒരല്പം ചന്ദനം അവന്റെ നെറുകയിൽ തൊടുവിക്കാൻ ഒരുങ്ങിയതും അവരുടെ കൈ തട്ടിമാറ്റി കൊണ്ട് അവൻ ബൈക്ക് സ്റ്റാർട്ട് ചെയ്തു പോയി.

“തന്നോട് അവനു ദേഷ്യം ഉണ്ടെന്നറിയാം പക്ഷേ ആ ദേഷ്യത്തോടെ ബൈക്ക് എടുത്ത് പോകുമ്പോൾ തിരികെ വീടെത്തുന്നത് വരെ നെഞ്ചിൽ തീയാണ്. തന്റെ മനസ്സ് അവന് ഒരിക്കലും മനസ്സിലാവുകയില്ല. അവനു എന്നല്ല ആർക്കും വായിച്ചെടുക്കാൻ ആവാത്ത വിധം താൻ അതിനെ ഭദ്രമായി അടക്കം ചെയ്തിരിക്കുകയാണ്.”

അവിടെ നിന്നും അവർ നേരെ അടുക്കളയിലേക്ക് പോയി. അവനു ഏറെ ഇഷ്ടമുള്ള വിഭവങ്ങൾ തന്നെയാണ് ഊണിന് തയ്യാറാക്കിയത്. കൂട്ടത്തിൽ അവനു ഏറ്റവും പ്രിയപ്പെട്ട പാലട പായസവും.

എല്ലാം ഒരുക്കി കാത്തിരുന്നെങ്കിലും ഉണ്ണാൻ സമയമായിട്ടും അവൻ എത്താതിരുന്നപ്പോൾ അവർക്ക് എന്തെന്നില്ലാത്ത നിരാശ തോന്നി.

രണ്ടുമൂന്നു വട്ടം ഫോണിൽ വിളിച്ചു നോക്കിയെങ്കിലും സ്വിച്ച് ഓഫ് എന്ന് തന്നെയായിരുന്നു മറുപടി.മകനായി ഒരുക്കിവെച്ച സദ്യ വട്ടങ്ങളോടൊപ്പം അവരും അവനായി കാത്തിരുന്നു.

വൈകുന്നേരം അഞ്ചുമണിയോടുകൂടിയാണ് പുറത്ത് ബൈക്കിന്റെ ശബ്ദം കേട്ടത്. അവർ വേഗം എഴുന്നേറ്റ് പുറത്തേക്ക് ചെന്നു. അവൻ അരികിലേക്ക് വന്നതും അവർക്ക് ഓക്കാനം വരുന്നതുപോലെ തോന്നി. തന്റെ ഭർത്താവിന്റെ സാമീപ്യം ഓർമിപ്പിക്കുന്ന തരത്തിലുള്ള അതേ ദുർഗന്ധം.

“നീ കുടിച്ചിട്ടുണ്ടോ?”
അത്രമേൽ വെറുപ്പോടെ അവർ ചോദിച്ചു.

അതിനവൻ മറുപടി പറഞ്ഞില്ല പകരം പുച്ഛഭാവത്തോടെ അവരെ നോക്കി.

“എടാ നിന്നോട് ആണ് ചോദിച്ചത് നീ കുടിച്ചിട്ടുണ്ടോ എന്ന്?”

“ആഹ് കുടിച്ചിട്ടുണ്ട്. ഈ നശിച്ച ദിവസത്തിന്റെ ഓർമ്മ മറക്കാനായി ഞാൻ ഇന്ന് ജീവിതത്തിൽ ആദ്യമായി കുടിച്ചു. ആളുകൾ വെറുതെയല്ല മദ്യത്തിന്റെ പുറകെ പോകുന്നത് എല്ലാം മറക്കാനുള്ള ശക്തി മദ്യത്തിനുണ്ട്. ഇനി ഇത് ഞാൻ അങ്ങ് സ്ഥിരം ആക്കാൻ പോകുകയാണ്..”

അതു പറഞ്ഞു തീർന്നതും ആഞ്ഞു ഒരു അടി അവന്റെ കവിളിൽ പതിച്ചു.

“ഇനി മേലിൽ ഇത് ആവർത്തിക്കരുത്.” അവരുടെ കണ്ണുകളിൽ അഗ്നി ജ്വലിച്ചു. അടികൊണ്ട് അവന്റെ കവിൾ പുകഞ്ഞെങ്കിലും അവൻ അത് ഭാവിച്ചില്ല.

” നിങ്ങളെന്നെ തല്ലിയല്ലേ? ”
അവന്റെ കണ്ണുകൾ കോപത്താൽ ജ്വലിച്ചു.

“ഞാനിന്ന് മദ്യപിച്ചിട്ടുണ്ടെങ്കിൽ അതിനുത്തരവാദി നിങ്ങൾ മാത്രമാണ് നിങ്ങളാണ് എന്റെ ജീവിതം ഇങ്ങനെ തകർത്തത്.”
ആ ഒരു വാക്കിൽ അവരുടെ കോപം ഒരു നിമിഷം ശമിച്ചു.

“എനിക്ക് എങ്ങനെയാണ് അച്ഛൻ ഇല്ലാതായത്? ആര് കാരണമാണ് അച്ഛൻ നമ്മളെ ഉപേക്ഷിച്ചു പോയത്?” അവന്റെ ചോദ്യങ്ങൾക്ക് മുന്നിൽ ഒരു നിമിഷം അവർ ഉത്തരം ഇല്ലാതെ പകച്ചുനിന്നു.

“നിങ്ങൾക്കറിയാമോ എന്റെ ഉള്ളിൽ നിങ്ങളോട് എത്രമാത്രം വെറുപ്പുണ്ടെന്ന്? ഈ ലോകത്ത് ഞാൻ ആരെയെങ്കിലും വെറുക്കുന്നുണ്ടെങ്കിൽ അത് നിങ്ങളെ മാത്രമാണ്.

അപ്പോൾ പിന്നെ നിങ്ങൾ എനിക്ക് ജന്മം നൽകിയ ഈ ദിവസത്തെ ഞാൻ എങ്ങനെയാണ് സ്നേഹിക്കേണ്ടത്? എന്റെ ജീവിതത്തിൽ ഞാൻ ഏറ്റവും വെറുക്കുന്ന ഒരു ദിവസമാണ് ഇന്ന്. ഒരു വേശ്യയുടെ മകനായി ജനിച്ചതിൽ ആർക്കാണ് സന്തോഷം ഉണ്ടാവുക?”

തന്റെ മകന്റെ നാവിൽ നിന്ന് വീണ വാക്കുകൾക്ക് തന്നെ ഇല്ലാതാക്കാനുള്ള ശക്തിയുണ്ടെന്ന് അവർക്ക് തോന്നി.കാലുകൾ കുഴഞ്ഞു പോയെങ്കിലും അവർ പിടിച്ചു നിന്നു.

” എന്താടാ നീ പറഞ്ഞത്? കള്ളുകുടിച്ച് എന്തും പറയാം എന്നാണോ? ” കരഞ്ഞുകൊണ്ട് അവർ അവനെ തങ്ങും വിലങ്ങും അടിച്ചു.

“നിർത്തുന്നുണ്ടോ നിങ്ങൾ…എനിക്ക് സ്വബോധം ഒന്നും നഷ്ടമായിട്ടില്ല തികഞ്ഞ ബോധ്യത്തോടെയാണ് ഞാൻ സംസാരിക്കുന്നത്. ഭർത്താവിരിക്കെ മറ്റു പുരുഷന്മാരുമായി കിടക്ക പങ്കിട്ട നിങ്ങളെ ഞാൻ പിന്നെ എന്ത് പേര് പറഞ്ഞാണ് വിളിക്കേണ്ടത്?.അമ്മയെന്നോ…?ഇല്ല ഒരിക്കലും നിങ്ങൾക്ക് ആ പേര് ചേരില്ല.

ഇക്കാര്യം പറഞ്ഞല്ലേ അച്ഛൻ നിങ്ങളെ ഉപേക്ഷിച്ചു പോയത്? പാവം അച്ഛൻ.. എന്നെ അന്ന് അച്ഛന്റെ ഒപ്പം വിട്ടു കൂടായിരുന്നോ? എങ്കിൽ ഞാൻ എത്രയോ സന്തോഷത്തോടെ ജീവിക്കുമായിരുന്നു. അമ്മ മരിച്ചുപോയെന്ന് പറഞ്ഞാലും ഈ നാണക്കേട് സഹിച്ചു ജീവിക്കേണ്ടി വരില്ലായിരുന്നല്ലോ.. എന്നോട് അല്പമെങ്കിലും സ്നേഹമുണ്ടെങ്കിൽ ഒന്ന് ചത്തു താ.. അത്രയെങ്കിലും ജന്മം നൽകിയ എനിക്ക് വേണ്ടി ചെയ്..”

അതും പറഞ്ഞ് അവിടെ നിന്നും അവൻ ഇറങ്ങിപ്പോകുമ്പോൾ അവർക്ക് തന്റെ ശരീരമാകെ തളർന്നു പോകുന്നതു പോലെ തോന്നി. നാല് ചുവരുകൾക്കുള്ളിൽ ഒരു നിമിഷം നിയന്ത്രണം വിട്ടുകൊണ്ട് അവർ അലറി വിളിച്ചു കരഞ്ഞു.

മദ്യത്തിന്റെ ലഹരിയെല്ലാം കെട്ടടങ്ങിയ ശേഷം രാത്രി ഏറെ വൈകിയാണ് അവൻ വീട്ടിലേക്ക് മടങ്ങിയെത്തിയത്. എന്നും തെളിഞ്ഞു കാണാറുള്ള ഉമ്മറത്തെ ലൈറ്റ് ഇല്ലാതിരുന്നപ്പോൾ തന്നെ അവന്റെ മനസ്സിനുള്ളിൽ എന്തോ അസ്വസ്ഥത തോന്നി.

അകത്ത് കടന്ന് എല്ലായിടത്തും ലൈറ്റ് ഇട്ടു നോക്കിയെങ്കിലും അവിടെയൊന്നും തന്റെ അമ്മയെ കാണാതായപ്പോൾ എന്തിനെന്നറിയാതെ അവന്റെ മനസ്സ് പിടഞ്ഞു.

“ദൈവമേ മദ്യത്തിന്റെ ലഹരിയിൽ ആയിരുന്നെങ്കിലും പറഞ്ഞതൊക്കെയും അവിവേകമായി പോയോ? എല്ലാം തന്റെ മനസ്സിൽ ഒതുക്കേണ്ടതായിരുന്നു.

അവൻ വേഗം ഫോണെടുത്ത് അവർ ചെല്ലാൻ സാധ്യതയുള്ള ബന്ധുക്കളുടെ വീട്ടിലേക്ക് എല്ലാം വിളിച്ചു ചോദിച്ചെങ്കിലും അവിടെയൊന്നും ചെന്നിട്ടില്ല എന്നായിരുന്നു മറുപടി. അവന് വല്ലാത്ത സങ്കടം തോന്നി. തീൻമേശയിൽ തനിക്കായി ഒരുക്കി വെച്ചിരുന്ന ഭക്ഷണങ്ങളെല്ലാം അതുപോലെ തന്നെ ഇരിക്കുന്നു. അപ്പോഴാണ് പാത്രങ്ങൾക്കിടയിൽ ഒരു കടലാസ് കഷ്ണം അവന്റെ ശ്രദ്ധയിൽപ്പെട്ടത്.

” മോനേ…അമ്മയ്ക്ക് മരിക്കാൻ പേടിയാണ്.മരിക്കാൻ ധൈര്യം ഉണ്ടായിരുന്നെങ്കിൽ എന്നേ അമ്മ അത് ചെയ്തേനെ.. പക്ഷേ ഇനി ഒരിക്കലും അമ്മ നിന്റെ കൺവെട്ടത്ത് വരില്ല..മറ്റാര് അമ്മയെ ആ വാക്ക് വിളിച്ചാലും ഞാനത് കേട്ട് നിന്നേനെ.. പക്ഷേ മോന്റെ വായിൽ നിന്ന് അത് കേട്ടപ്പോൾ അമ്മയ്ക്ക് അത് സഹിക്കാൻ കഴിഞ്ഞില്ല അത് കൊണ്ടാണ് ആദ്യമായി അമ്മ നിന്നെ അടിച്ചത് മാപ്പ്.

നിനക്കറിയാമോ? നീ വാനോളം പുകഴ്ത്തിയ അച്ഛൻ കാരണം തന്നെയാണ് എന്റെയും നിന്റെയും ജീവിതം തകർന്നതെന്ന്.. ഇനിയെങ്കിലും നീയത് അറിഞ്ഞിരിക്കണം എന്ന് തോന്നിയതുകൊണ്ട് മാത്രം ഞാൻ അത് പറയാം. നിനക്ക് രണ്ടു വയസ്സ് ആകുന്നത് വരെ യാതൊരു പ്രശ്നങ്ങളും ഇല്ലാതെയാണ് അയാൾ അമ്മയോട് പെരുമാറിയിരുന്നത്. അയാൾ അങ്ങനെ അഭിനയിച്ചു എന്നു പറയുന്നതാവും ശരി.

ആ ഒരു നശിച്ച രാത്രിയാണ് അയാളുടെ യഥാർത്ഥ മുഖം ഞാൻ അറിഞ്ഞത്. കുടിച്ച് ബോധമില്ലാതെ വന്ന അയാൾ എന്നെ അയാളുടെ സുഹൃത്തിന്റെ മുന്നിലേക്ക് വലിച്ചെറിഞ്ഞു കൊടുത്തു. അന്ന് നിലവിളിച്ചുകൊണ്ട് ഒച്ചവെച്ച എന്നെ നടുക്കിയത് മറ്റൊരു കാഴ്ചയായിരുന്നു. സ്വന്തം കുഞ്ഞാണെന്ന് പോലും നോക്കാതെ മോന്റെ വായ പൊത്തി കെട്ടി കിണറ്റിന്റെ കരയിൽ നിൽക്കുന്ന അയാളെ….

മറുത്ത് ഒന്ന് ചിന്തിക്കാതെ നിന്നെ കിണറ്റിലേക്ക് വലിച്ചെറിയും എന്ന് ഭീഷണിപ്പെടുത്തിയ അയാൾക്ക് മുന്നിൽ മോനെ നഷ്ടമാകാതിരിക്കാൻ അമ്മയ്ക്ക് അന്ന് മറ്റൊരു നിവർത്തിയുണ്ടായില്ല. പിന്നെയും അയാൾ ഈ ആവശ്യം പറഞ്ഞു അമ്മയുടെ മുന്നിൽ വന്നു.അന്ന് സർവ്വധൈര്യവും സംഭരിച്ച് നിന്നെയും എടുത്ത് അമ്മ അയാളുടെ മുന്നിൽ നിന്ന് രക്ഷപ്പെട്ടു പോന്നതാണ്.

എന്നിട്ടും അയാളുടെ പക തീർന്നില്ല. അയാളുടെ ആവശ്യങ്ങൾക്ക് വഴങ്ങി കൊടുക്കാതിരുന്നതിന്, അമ്മ തെറ്റായ വഴിയെ സഞ്ചരിക്കുന്നത് അയാൾ കണ്ടുപിടിച്ചതുകൊണ്ടാണ് ഞാൻ മോനെ കൊണ്ട് അവിടെ നിന്ന് ഇറങ്ങിയതെന്ന് അയാൾ വരുത്തി തീർത്തു.

അമ്മ ആരുടെ വിശ്വാസത്തെയും തിരുത്താൻ നിന്നില്ല എനിക്ക് മോൻ ഉണ്ടല്ലോ എന്ന് മാത്രമേ അമ്മ അന്ന് ചിന്തിച്ചുള്ളൂ..മോൻ വളർന്നു വലുതായാൽ അമ്മയെ മനസ്സിലാക്കുമെന്ന് ഞാൻ കരുതി.

പക്ഷേ അവിടെയും അമ്മ തോറ്റു പോയി.അമ്മയ്ക്ക് പരിഭവം ഒന്നുമില്ല എന്റെ ജീവിതം ഇങ്ങനെ തീരാൻ ആകും ദൈവം വിധിച്ചിട്ടുണ്ടാവുക. എവിടെയായാലും അമ്മയുടെ പ്രാർത്ഥന നിന്റെ കൂടെ ഉണ്ടാകും.. ”

അത് വായിച്ചു കഴിഞ്ഞതും കണ്ണുനീർ ആ അക്ഷരങ്ങളിൽ പടർന്നു പിടിച്ചു.

” ദൈവമേ കാര്യമറിയാതെ എന്തൊക്കെ പറഞ്ഞാണ് അമ്മയെ കുറ്റപ്പെടുത്തിയത്.ഈ പാപമൊക്കെ താൻ എവിടെ കൊണ്ടാണ് ഒഴുക്കേണ്ടത്. ഇത്രയും ദുഷ്ടനായ അയാളെ ആണല്ലോ ദൈവത്തെപ്പോലെ കണ്ടിരുന്നത്. ”

അന്ന് രാത്രി കുറ്റബോധം കൊണ്ട് അവൻ നീറി.

പിറ്റേന്ന് രാവിലെ തന്നെ അവൻ പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു. അതിനുപുറമേ അന്വേഷിക്കാൻ പറ്റാവുന്നിടത്തൊക്കെയും അവൻ അലഞ്ഞു നടന്നു. ക്ഷീണിച്ചവച്ചനായി തിരികെ വീട്ടിൽ എത്തുമ്പോൾ അമ്മ ഇല്ല എന്ന യാഥാർത്ഥ്യം അവനെ വീണ്ടും ദുഃഖിതൻ ആക്കി.

കുളികഴിഞ്ഞ് ബെഡിൽ വന്ന് മിണ്ടാതെ കിടക്കുമ്പോഴാണ് ഫോൺ റിംഗ് ചെയ്തത്.

“ഹലോ പോലീസ് സ്റ്റേഷനിൽ നിന്നാണ്. നിങ്ങളുടെ അമ്മ അഞ്ചു കിലോമീറ്റർ അകലെയുള്ള ഒരു ശരണാലയത്തിൽ ഉണ്ട്.പക്ഷേ ഞങ്ങൾ എത്ര നിർബന്ധിച്ചിട്ടും അവർ വരാൻ തയ്യാറായില്ല. നിങ്ങൾ രാവിലെ ഒന്ന് പോയി കണ്ട് സംസാരിച്ചു നോക്കൂ.. പക്ഷേ യാതൊരു കാരണവശാലും അവരുടെ സമ്മതമില്ലാതെ അവരെ അവിടെ നിന്ന് കൊണ്ടുവരരുത്.”

അത്രയും കേട്ടതും അവന്റെ മനസ്സിനു തെല്ലൊരാശ്വാസമായി. അമ്മ എവിടെ ആണെന്ന് എങ്കിലും അറിഞ്ഞല്ലോ.

പിറ്റേന്ന് രാവിലെ എഴുന്നേറ്റതും അവൻ അങ്ങോട്ടേക്ക് പുറപ്പെട്ടു. അധികാരികളുടെ സമ്മതം വാങ്ങി അമ്മയെ കണ്ടതും അവന്റെ ഉള്ളു വിങ്ങി.അവിടെയുള്ള മക്കൾ ഉപേക്ഷിച്ച അമ്മമാരുടെ കൂടെ അവരിൽ ഒരാളായി തന്റെ അമ്മയും. അവൻ തന്റെ അമ്മയെ ഓടിച്ചെന്ന് കെട്ടിപ്പിടിച്ചു.

“വാ നമുക്ക് പോകാം…” തന്റെ കയ്യിൽ മുറുകെപ്പിടിച്ച അവന്റെ കൈ അവർ വിടുവിച്ചു.

“ഞാനില്ല.ഞാൻ വന്നാൽ നിനക്ക് അത് അപമാനമാകും. എനിക്ക് ഇവിടെ ഒരു കുറവുമില്ല നീ പൊയ്ക്കോളൂ…’ അത് പറയുമ്പോൾ അവരുടെ കണ്ണ് നിറഞ്ഞിരുന്നു.

“എന്നോട് ക്ഷമിക്ക് അമ്മേ… കാര്യം അറിയാതെയാണ് ഞാൻ അങ്ങനെയൊക്കെ അമ്മയോട് പറഞ്ഞത്. ഇനി ഒരിക്കലും ഞാൻ അമ്മയെ കുറ്റപ്പെടുത്തി സംസാരിക്കില്ല. എന്റെ കൂടെ വാ അമ്മേ അമ്മയില്ലാതെ എനിക്ക് പറ്റില്ല.”

വർഷങ്ങൾക്കുശേഷം ‘അമ്മ ‘എന്ന് വിളിച്ചുകൊണ്ട് അവൻ ഒരു പിഞ്ചു കുഞ്ഞിനെ പോലെ തന്റെ മുന്നിൽ കേണപേക്ഷിക്കുന്നത് കണ്ടുനിൽക്കാൻ അവർക്കായില്ല. തന്റെ മകനെ വാത്സല്യപൂർവ്വം അവർ വാരിപ്പുണർന്ന് മുത്തം വച്ചു.

തങ്ങൾക്ക് ലഭിക്കാത്ത ആ സുന്ദര നിമിഷങ്ങളെ നിറകണ്ണുകളോടെ നോക്കിനിന്ന മറ്റു അമ്മമാർ ചുറ്റിനും നിന്ന് അവരെ മനസ്സുകൊണ്ട് ആശിർവദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *