(രചന: അംബിക ശിവശങ്കരൻ)
” അമ്മേ ഓണത്തിന് വാങ്ങിയ എന്റെ പുതിയ ഷർട്ട് എവിടെ? ”
ദ്രവിച്ചു തുടങ്ങിയ കട്ടിലിന്റെ താഴെ ഭദ്രമായി സൂക്ഷിച്ചു വെച്ച ഒരു തകരപ്പെട്ടിയിൽ തിരയുന്നതിനിടെ അവൻ വിളിച്ചു ചോദിച്ചു
“എന്തിനാ ഉണ്ണി ഇപ്പോൾ നിനക്ക് ആ ഷർട്ട്?
ആകെക്കൂടി ഒരെണ്ണം നല്ലതുള്ളതാ അത് എപ്പോഴും ഇട്ടു നശിപ്പിക്കേണ്ട… ഞാനത് മാറ്റിവെച്ചിട്ടുണ്ട് എവിടേലും വിരുന്ന് പോകുമ്പോൾ ഇട്ടാ മതി.”
അമ്മ അവന് താക്കീത് നൽകി.
” വിരുന്നു പോകാൻ തന്നെയാ… അമ്മ അത് എടുത്ത് തന്നെ… ഇന്ന് രാത്രി മുഴുവൻ അത് വിരിച്ചിട്ട് അതിനുമേൽ പുസ്തകങ്ങൾ ഒക്കെ വെച്ചാലേ രാവിലെത്തേക്ക് ചുളിവൊക്കെ മാറുകയുള്ളൂ…
അവനെ ആവേശമായി.
“വിരുന്നോ…? എങ്ങോട്ട്? ഞാൻ അറിയാതെ എങ്ങോട്ടാ ഉണ്ണി നീ പോകുന്നത്?”
“ഇങ്ങനെ വേവലാതി പിടിക്കേണ്ട കാര്യമില്ല എന്റെ അമ്മേ…എന്റെ കൂട്ടുകാരൻ ജിതിനെ അമ്മയ്ക്ക് അറിയില്ലേ?നാളെ സ്കൂൾ ഇല്ലല്ലോ…? ഞങ്ങളെ അവൻ അവന്റെ വീട്ടിലേക്ക് ക്ഷണിച്ചേക്കുവാ…
അവരൊക്കെ വലിയ വീട്ടിലെ കുട്ടികളല്ലേ അമ്മേ…എങ്ങനെയാ മോശം വേഷത്തിൽ ഒക്കെ പോണത്? സ്കൂളിൽ യൂണിഫോം നിർബന്ധമാക്കിയത് നന്നായി അല്ലേൽ ഈ ഷർട്ടും എല്ലാവരും കണ്ടിട്ടുണ്ടാവും.”
തന്റെ മകന്റെ വാക്കുകൾ അവരെ ആഴത്തിലാണ് മുറിവേൽപ്പിച്ചത് ഒരു നല്ല കുപ്പായത്തിനു വേണ്ടി ആ കുഞ്ഞു മനസ്സ് എത്ര കൊതിക്കുന്നുണ്ടെന്ന് അവർക്ക് മനസ്സിലായി.
“എന്റെ മോൻ വിഷമിക്കേണ്ട…
ഈ മാസം ശമ്പളം കൂടാതെ കുറച്ച് അധികം കാശ് ഞാൻ ചോദിച്ചിട്ടുണ്ട്. തരാമെന്ന് ലളിത ചേച്ചി പറഞ്ഞിട്ടുണ്ട്. അത് കിട്ടിയിട്ട് നമുക്ക് ഒരു ഷർട്ട് കൂടെ വാങ്ങാം.”
അതും പറഞ്ഞവർ ഏതോ തുണിക്കടയുടെ പേരുള്ള കവറിന്റെ ചുളിവുകൾ നിവർത്തി ഷർട്ട് പുറത്തെടുത്ത് അവന് നൽകി.
ഒരുവട്ടം മാത്രം ഇട്ട് മടക്കിവെച്ചതാണ്. അവൻ അത് തന്റെ മുഖത്തോട് അടുപ്പിച്ച് പുതിയ വസ്ത്രത്തിന്റെ ഗന്ധം മതിവരുവോളം ആസ്വദിച്ചു.
“ആഹ് പുതിയ വസ്തു വസ്ത്രത്തിന്റെ മണം ഇപ്പോഴുമുണ്ട്.”
കട്ടിലിൽ തന്റെ അമ്മ നെയ്തെടുത്ത തഴ പായ വിരിച്ച ശേഷം ഷർട്ട് നിവർത്തിയിട്ട് തന്റെ പുസ്തകങ്ങൾ അതിന്മേൽ ഭദ്രമായി വെച്ചു.
“അമ്മേ, ഇന്ന് അച്ഛനോട് താഴെ കിടക്കാൻ പറയണേ… ഷർട്ട് താഴെയിട്ടാൽ ചിലപ്പോൾ എന്തെങ്കിലുമൊക്കെ ആയാലോ”
അവൻ അമ്മയോട് പറഞ്ഞു സമ്മതിപ്പിച്ചു
രാത്രി അച്ഛൻ എത്തിയപ്പോഴേക്കും അവൻ ഉറങ്ങിയിരുന്നു.ഉണർന്നതും കട്ടിലിൽ ചെന്ന് നോക്കിയ അവന്റെ നെഞ്ചാണ് പിടഞ്ഞത്.
കട്ടിലിന്റെ കാലിനോരത്തായി പഴം തുണി പോലെ തന്റെ പുതിയ ഷർട്ട് കിടക്കുന്നു. ഓടിച്ചെന്ന് അതെടുത്തു പിടിച്ചതും അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി. താൻ നിധി പോലെ കാത്തുവെച്ച ഷർട്ടിന്റെ അവിടെ ഇവിടെയായി ചെളിയായിരിക്കുന്നു.
കരഞ്ഞുകൊണ്ടുതന്നെ അടുക്കളയിലേക്ക് ഓടിയത് അമ്മയോട് പരിഭവം പറയാനായിരുന്നു. എന്നാൽ അടുപ്പിന്റെ തിട്ടിൽ തലതാഴ്ത്തിയിരുന്ന് കരയുന്ന അമ്മയെയാണ് കണ്ടത്.
“ഞാൻ പറഞ്ഞതാ മോനെ നിന്റെ അച്ഛനോട്.. അങ്ങേരിന്നലെ മൂക്ക് മുട്ടേ കുടിച്ചിട്ട വന്നത്. നിലത്ത് കിടക്കാൻ പറഞ്ഞതിന്.
എന്നെ തല്ലി ചതച്ചത്. കണ്ടില്ലേ കൈ പൊക്കാൻ പോലും പറ്റുന്നില്ല. ഇങ്ങേരുടെ കൂടെ എന്നെ ഇങ്ങനെ നരകിപ്പിക്കുന്നതിലും ഭേദം നിനക്കെന്നെ അങ്ങ് വിളിച്ചു കൂടായിരുന്നോ എന്റെ ദൈവമേ?”
അമ്മയുടെ കണ്ണുനീരിനു മുന്നിൽ തന്റെ പരാതിക്ക് യാതൊരു പ്രസക്തിയും ഇല്ലെന്ന് അവന് തോന്നി.തന്റെ പ്രിയപ്പെട്ട ഷർട്ട് മാറ്റിവെച്ച് പഴയ ഒരു ഷർട്ട് എടുത്തിടുമ്പോൾ എന്തോ നഷ്ടപ്പെട്ട ഒരു വേദനയായിരുന്നു അവന്.
ഇട്ട് കൊതി പോലും മാറിയിട്ടില്ലാത്ത ഷർട്ടിൽ പുരണ്ട ചെളി പോലെ തന്നെ തന്റെ അച്ഛനോടും അവന്റെ മനസ്സിൽ വെറുപ്പ് ഉടലെടുത്തു.
അമ്മയോട് യാത്ര പറഞ്ഞു ഇറങ്ങിയപ്പോഴും നോട്ടം പാളിയത് കട്ടിലിൽ ചുരുണ്ട് കിടന്ന ഷർട്ടിലേക്കാണ്.
കൂട്ടുകാർക്കൊപ്പം ജിതിന്റെ വീട്ടിലേക്ക് യാത്രയാകുമ്പോൾ അവൻ തന്റെ എല്ലാ സുഹൃത്തുക്കളുടെ വസ്ത്രങ്ങളിലേക്കും ഒന്ന് നോക്കി.
എല്ലാവരും നല്ല വൃത്തിയുള്ള വസ്ത്രങ്ങൾ അണിഞ്ഞിരിക്കുന്നു. അവരുടെ അച്ഛന്മാർ ആരുംതന്നെ തന്റെ അച്ഛന്റെ അത്ര ക്രൂരന്മാർ ആയിരിക്കില്ല ഉറപ്പ്. ആ കുഞ്ഞുമനസ്സ് വല്ലാതെ വേദനിച്ചു.
പ്രതീക്ഷിച്ചതിലും വലുതായിരുന്നു ജിതിന്റെ വീട്.വീടിന് സുരക്ഷിത വലയം എന്നോണം ഒരു വലിയ മതിൽ ചുറ്റും കെട്ടിപ്പൊക്കിയിരിക്കുന്നു. ഗേറ്റിനരികെ യായി പണിതിരിക്കുന്ന പട്ടിക്കൂടിനു പോലും തന്റെ വീടിനേക്കാൾ പ്രൗഢിയുണ്ടെന്ന് അവനെ തോന്നി.
മനോഹരമായ ചുവന്ന കളർ സാരിയുടുത്ത ഒരു സ്ത്രീയാണ് അവരെ അകത്തേക്ക് ആനയിച്ചത്. സന്തോഷപൂർവ്വം ജിതിനോടൊപ്പം തങ്ങളെ അകത്തേക്ക് ക്ഷണിച്ച ആ സ്ത്രീയാണ് അവന്റെ അമ്മയെന്ന് മനസ്സിലായി.
എത്ര മനോഹരമായ പുഞ്ചിരി.ഓരോ വ്യക്തികളുടെയും ജീവിത സാഹചര്യങ്ങൾ എത്ര വ്യക്തമായാണ് അവരുടെ പുഞ്ചിരിയിലൂടെ മനസ്സിലാക്കാൻ സാധിക്കുന്നത്. തന്റെ അമ്മയുടെ മങ്ങിയ പുഞ്ചിരിക്ക് എന്നാണ് ഇനിയൊരു അന്ത്യം ഉണ്ടാകുക?
വീടിനകത്തെ വസ്തുക്കളിലേക്ക് അവൻ വേഗം ഒന്ന് കണ്ണോടിച്ചു. ചുമരിൽ മനോഹരമായി ഫ്രെയിം ചെയ്തു വച്ചേക്കുന്ന ഫാമിലി ഫോട്ടോയിൽ തന്നെ കുറച്ചു സമയം കണ്ണുകളുടക്കി.എല്ലാവരും സന്തോഷത്തിലാണ്.
“ഡാ അമലേ… അടുത്തയാഴ്ച ഞങ്ങൾ നിന്റെ വീട്ടിലേക്കാ വരാൻ പ്ലാൻ ഇട്ടിരിക്കുന്നത്.”
തൊട്ടടുത്തിരുന്ന സുഹൃത്ത് കിരൺ അതു പറഞ്ഞതും ഒരു ഇടിമിന്നൽ പാഞ്ഞത് പോലെ അവന് തോന്നി.
ഒരാൾ വന്നാൽ ഇട്ടുകൊടുക്കാൻ കാലൊടിയാത്ത ഒരു കസേര പോലും ഇല്ല തന്റെ വീട്ടിൽ. നിലത്തിരുന്നുണ്ണുന്ന തങ്ങൾക്ക് എന്തിനാണ് തീൻമേശ? അതുപോലെയാണോ പുറത്തുനിന്നുമുള്ളവർ? അതും നല്ല സാഹചര്യങ്ങളിൽ ജനിച്ചുവളർന്ന തന്റെ സുഹൃത്തുക്കൾ.
എല്ലാറ്റിനും ഉപരി തന്റെ അച്ഛന്റെ മദ്യപാനം. കുടിച്ചു ബോധമില്ലാതെ എങ്ങാനും വന്നു ബഹളം ഉണ്ടാക്കിയാൽ പിന്നെ എങ്ങനെയാണ് സുഹൃത്തുക്കളുടെ മുഖത്തുനോക്കാൻ കഴിയുക?
“എന്താടാ അമലേ ഒന്നും മിണ്ടാത്തത്?”
ഒഴിവു കഴിവുകൾ പറയാൻ കഴിയാതെ അവൻ ശരിയെന്ന് തലയാട്ടി.
മനോഹരമായ ചില്ല് പ്ലേറ്റിൽ കൂട്ടുകാർക്കൊപ്പം ആഹാരം കഴിക്കുമ്പോൾ തന്റെ വീട്ടിലെ വക്കുപൊട്ടിയ പാത്രങ്ങളെ കുറിച്ചാണ് മനസ്സിൽ ഓർത്തത്. പല വിഭവങ്ങളും ജീവിതത്തിൽ ആദ്യമായാണ് അവൻ കണ്ടത് തന്നെ.
ജിതിന്റെ മുറിയിലെ ഷെൽഫിൽ വൃത്തിയായി മടക്കി വെച്ചിരുന്ന അവന്റെ വസ്ത്രങ്ങളിലേക്ക് മിഴികൾ നട്ടു നിന്നപ്പോൾ ഇതിൽ മൂന്നെണ്ണം എങ്കിലും ഉണ്ടെങ്കിൽ താൻ എത്ര സന്തോഷവാനായിരുന്നേനെ എന്നവന് തോന്നിപ്പോയി.
എല്ലാം കഴിഞ്ഞ് സന്ധ്യയോട് കൂടിയാണ് വീട്ടിലെത്തിയത്.
“എങ്ങനെ ഉണ്ടായിരുന്നു മോനെ വിരുന്നൊക്കെ?”
വീട്ടിലെത്തിയതും പതിവുപോലെ അമ്മ വിശേഷം തിരക്കി.
“നന്നായിരുന്നു അമ്മേ.. എന്റെ ഷർട്ട് കഴുകിയിട്ടോ?”
“അതൊക്കെ കഴുകി ഉണക്കി ഞാൻ എടുത്തു വച്ചിട്ടുണ്ട്. എന്തൊക്കെയായിരുന്നു ഊണിന് കൂട്ടാൻ? ”
എവിടെയെങ്കിലും പോയി ഭക്ഷണം കഴിച്ചു വന്നാൽ അവിടുത്തെ ഭക്ഷണത്തിന്റെ ലിസ്റ്റ് അമ്മയെ പറഞ്ഞു കേൾപ്പിക്കുക എന്നത് പലപ്പോഴും അവന് ഒരു കടമ്പയാണ്.
“ആഹ് എന്തൊക്കെയോ ഉണ്ടായിരുന്നു ചിക്കനും മീനും ഒക്കെ… എനിക്കല്ലറ്റിന്റെയും പേരറിയില്ല.”
അവൻ അത്രയും പറഞ്ഞു തടിയൂരി.
“അച്ഛന് നല്ല വിഷമമായി എന്ന് തോന്നുന്നു നിന്റെ ഷർട്ടിൽ ചെളിയാക്കിയതിന്. അപ്പോഴത്തെ ദേഷ്യത്തിന് ചെയ്തു പോയതാവും. ഞാൻ കഴുകാൻ എടുത്തപ്പോൾ എന്റെന്ന് വാങ്ങി അങ്ങേര് തന്നെയാണ് കഴുകി ഇട്ടത് നിനക്കിനി ദേഷ്യം ഒന്നും വേണ്ട കേട്ടോ”
അവനത് മനപ്പൂർവ്വം കേട്ടില്ലെന്ന് നടിച്ചു എത്ര ഭംഗിയായാണ് അമ്മ സ്വന്തം ഭർത്താവിന്റെ തെറ്റുകൾ മറയ്ക്കുന്നത്.
“പ്രശ്നം അതൊന്നുമല്ല അടുത്തയാഴ്ച അവരെല്ലാവരും കൂടി ഇങ്ങോട്ട് വരാമെന്നാണ് പറഞ്ഞിരിക്കുന്നത്. ഈ വീട്ടിൽ നമുക്ക് തന്നെ നിന്ന് തിരിയാൻ സ്ഥലമില്ല പിന്നെ അവർ കൂടി വന്നാൽ…
ഇരിക്കാൻ ഒരു നല്ല കസേര കൂടിയില്ല പോരാത്തതിന് അച്ഛനും. നമ്മുടെ മുന്നിൽ കിടന്ന് കുടിച്ചു കാട്ടുന്ന പേക്കൂത്ത് അവരെങ്ങാൻ കണ്ടാൽ തീർന്നു,. പിന്നെ എനിക്ക് സ്കൂളിൽ പോകേണ്ടി വരില്ല.”
തലയിൽ കൈവെച്ച് ആവലാതി പറഞ്ഞുകൊണ്ടിരുന്ന മകനെ അവർ ആശ്വസിപ്പിച്ചു.
“മോൻ വിഷമിക്കാതെ കൂട്ടുകാരു വരണമെന്ന് ആഗ്രഹം പറയുമ്പോൾ അതിന് ഒഴിവ് കഴിവ് പറയാൻ പാടുണ്ടോ? അവര് വരട്ടെ നല്ല തൂശനിലയിൽ നമുക്ക് നല്ലൊരു ഊണ് കൊടുക്കാം.
അമ്മ കുറച്ച് കാശ് അധികം ചോദിച്ചിട്ടുണ്ടെന്ന് പറഞ്ഞില്ലേ അതുകൊണ്ട് കുറേശ്ശെ സാധനങ്ങളൊക്കെ വാങ്ങാം നിലത്തിരുന്ന് വാഴയിലയിൽ ഉണ്ണുന്ന സ്വാദ് മേശമേൽ ഇരുന്നാൽ കിട്ടില്ല മോനെ..”
ആ പറഞ്ഞത് സത്യമാണെന്ന് അവനും തോന്നി നിലത്തിരുന്ന് ഉണ്ട സുഖം ഇന്ന് ഉച്ചയ്ക്ക് കഴിച്ചപ്പോൾ കിട്ടിയില്ല.
“പിന്നെ അവര് വരുമ്പോൾ ഇരിക്കാൻ നാലോ അഞ്ചോ കസേര അപ്പുറത്തുനിന്ന് വാങ്ങാലോ ചോദിച്ചാൽ ഒക്കെ അവര് തരും.”
അമ്മയുടെ വാക്കുകൾ അവന് തെല്ലൊരു ആശ്വാസം പകർന്നു.
എങ്കിലും അച്ഛനോടു തോന്നിയ നീരസം അതുപോലെതന്നെ നിലനിന്നു. നേർക്കുനേരെ കാണുമ്പോഴൊക്കെയും അവൻ മുഖം തിരിച്ചു നടന്നത് അയാളിൽ ഒരു നോവ് പടർത്തി.
ഓരോ ദിവസം കഴിയുംതോറും അവന്റെ മനസ്സിൽ ആശങ്ക വർദ്ധിച്ചു ഞായറാഴ്ചയാവല്ലേ എന്ന് കൊതിക്കുമ്പോഴും സ്കൂളിലെ ഓരോ ദിവസത്തെയും അവസാന ബൽ അവനിൽ വേവലാതിയുണർത്തി.
നാളെയാണ് ആ ദിവസം കൂട്ടുകാർ വരുന്നത് പ്രമാണിച്ച് വീട് വൃത്തിയാക്കലും പൊടിതട്ടി അടിക്കലും കടയിൽ പോകുമെല്ലാമായി ഇന്നത്തെ ദിവസം പോയത് അറിഞ്ഞില്ല.
നാളത്തേക്ക് വേണ്ടി നാരങ്ങാ അച്ചാർ ഇടാനും ഇഞ്ചി കറി വെക്കാനും എല്ലാം അമ്മയെ സഹായിച്ചത് അവൻ തന്നെയാണ്.
വൈകുന്നേരം അച്ഛൻ വന്നപ്പോഴും പതിവുപോലെ അവൻ അങ്ങോട്ടേക്ക് ശ്രദ്ധ കൊടുത്തില്ല. കയ്യിൽ കരുതിയ കവറുകൾ അമ്മയ്ക്ക് നൽകി ഭക്ഷണം കഴിച്ച് നേരെ പോയി കിടക്കുവോളം അവൻ അങ്ങോട്ട് ശ്രദ്ധ കൊടുത്തില്ല.
“ദാ അച്ഛൻ ഇത് നിനക്ക് തരാൻ പറഞ്ഞു തന്നതാ”
തനിക്ക് നേരെ നീട്ടിയ പൊതി ആദ്യം വാങ്ങാൻ മടിച്ചെങ്കിലും അമ്മ നിർബന്ധിച്ചപ്പോൾ അത് വാങ്ങി അവൻ തുറന്നു നോക്കി
ഒരു നിമിഷം തന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിയാതെ അവൻ അവരെ നോക്കി. നിറഞ്ഞ പുഞ്ചിരിയോടെ അവരവനെയും
പൊതിയിൽ നിന്നും പുതിയ ഷർട്ട് എടുത്തവൻ തന്റെ ശരീരത്തോട് വച്ച് നോക്കി കണ്ണാടിയുടെ മുന്നിൽ ചെന്ന് നിന്നു
” മനോഹരം”
അവന്റെ കണ്ണുകൾ എന്തിനെന്നറിയാതെ നിറഞ്ഞു
കട്ടിലിൽ ഉറങ്ങുകയായിരുന്ന അച്ഛനരികെ ഉണർത്താതെ ചെന്നിരുന്നു.
കണ്ണുകളിൽ കൈത്തലം വെച്ചുറങ്ങുന്ന അച്ഛനോട് മനസ്സുകൊണ്ട് മാപ്പുപറഞ്ഞു. എഴുന്നേൽക്കാൻ നേരം അച്ഛന്റെ ശബ്ദം മുഴങ്ങി.
“ഷർട്ട് ഇഷ്ടായോടാ?”
അവൻ തലയാട്ടി
“നാളെ നിന്റെ കൂട്ടുകാർക്ക് കഴിക്കാനുള്ളതൊക്കെ വാങ്ങിച്ചിട്ടുണ്ട്. അവർ വന്നു പോകുവോളം അച്ഛൻ ഇങ്ങോട്ട് വരില്ല..പോരെ?”
അയാളുടെ ശബ്ദം നേർത്തു
“വേണ്ട നാളെ പണിയില്ലല്ലോ…അച്ഛനും വേണം ഇവിടെ..അച്ഛൻ എങ്ങോട്ടും പോകണ്ട സോറി അച്ഛാ..”
തന്റെ കാൽക്കലിരുന്ന് തേങ്ങുന്ന മകനെ അയാൾ വാത്സല്യപൂർവ്വം ആശ്വസിപ്പിച്ചു.
പിറ്റേന്ന് രാവിലെ തന്നെ കൂട്ടുകാർ എത്തി അവരെ കണ്ടതും തെല്ലൊരു അപകർഷതാബോധം അവന് തോന്നിയെങ്കിലും സ്വന്തം വീട്ടിൽ എന്നതുപോലെയുള്ള അവരുടെ പെരുമാറ്റം അവന് ആശ്വാസം നൽകി.
ഇരിക്കാൻ കസേര ഇട്ടു കൊടുത്തെങ്കിലും എല്ലാവരും അവിടെ ഇവിടെയായി നിലത്താണ് ഇരുന്നത്. അച്ഛനോടും അമ്മയോടും വളരെയധികം സ്നേഹത്തോടെയാണ് എല്ലാവരും പെരുമാറിയത്.
ഉച്ചയ്ക്ക് നിലത്തിരുന്ന് തൂശനിലയിൽ അച്ചാറും കറികളും കൂട്ടി ചോറുണ്ണുമ്പോൾ എന്തെന്നില്ലാത്ത ആത്മസംതൃപ്തി അവൻ തന്റെ സുഹൃത്തുക്കളിൽ കണ്ടു.
ഉച്ചയൂണ് കഴിഞ്ഞ് തൊടിയിൽ പോയി മാങ്ങ പറിച്ചു കൊടുത്തതും ചൂണ്ടയിടാൻ കൊണ്ടുപോയതും ഒക്കെ അച്ഛനായിരുന്നു.
“ഇത്രയും നല്ലൊരു സ്ഥലത്ത് വീടുണ്ടായിട്ടും ഞങ്ങളെ ഇങ്ങോട്ട് ഇത്രനാളും ഒന്ന് ക്ഷണിച്ചത് പോലുമില്ല അച്ഛാ അച്ഛന്റെ മകൻ. ഞങ്ങളുടെ അച്ഛൻമാർ ഇങ്ങനെയൊന്നും ഞങ്ങളെ കൊണ്ടുപോകാറില്ല ഏതായാലും അമലേ നീ ഭാഗ്യം ചെയ്തവൻ തന്നെ..”
ഇല്ലായ്മകളെ കുറവുകൾ ആയി കണ്ട തന്റെ മുന്നിൽ അത് ഭാഗ്യമായി കരുതുന്ന സുഹൃത്തുക്കൾക്ക് മുന്നിൽ അവൻ അഭിമാനത്തോടെ നിന്നു.
അതിനു കാരണക്കാരനായ അച്ഛനെ നോക്കി പുഞ്ചിരിക്കുമ്പോൾ അച്ഛനും അവനെ നോക്കി കണ്ണിറുക്കി അപ്പോഴേക്കും അമ്മ ഓരോ ഗ്ലാസ് പായസവുമായി അങ്ങോട്ടേക്ക് എത്തി.
എല്ലാവരും അത് സന്തോഷത്തോടെ കുടിക്കുമ്പോൾ കഴിഞ്ഞ ആഴ്ച ജിതിന്റെ വീട്ടിൽ ഒത്തുകൂടിയതിനെക്കാൾ സന്തോഷം സ്വന്തം വീട്ടിൽ ആണെന്ന് അവന് തോന്നി.