(രചന: അംബിക ശിവശങ്കരൻ)
” എന്താ ഇന്ദു സുമേഷ് വന്നില്ലേ..?
“ആഹ്… കുറച്ചു കഴിഞ്ഞ് എത്തും.”
തന്റെ അനുജത്തിയുടെ കല്യാണത്തലേന്ന് തിരക്കുകൾക്കിടയിലും ഓടിനടന്ന് ഓരോ കാര്യങ്ങൾ ചെയ്യുന്നതിനിടയ്ക്ക് കേട്ട ബന്ധുക്കളുടെ ചോദ്യം അവളെ വീർപ്പുമുട്ടിച്ചു.
ഒരുപാട് നാളായി കാത്തിരുന്ന ഒരു മുഹൂർത്തമാണ് നാളെ നടക്കാൻ പോകുന്നത് തന്റെ സ്വന്തം കൂടെപ്പിറപ്പിന്റെ വിവാഹം.
വീട്ടിൽ ആദ്യമായി നടക്കാനിരിക്കുന്ന ഒരു മംഗള കർമ്മം.
രണ്ടു പെൺകുട്ടികൾ ആയതുകൊണ്ടാവാം മൂത്തവളായ തന്റെ വിവാഹമായിരുന്നു അച്ഛന്റെ ഏറ്റവും വലിയ സ്വപ്നം.
നാടോട്ടാകെ ക്ഷണിച്ച് ആഘോഷമാക്കി ഞാനെന്റെ മാളുവിന്റെ കല്യാണം നടത്തുമെന്ന് അച്ഛൻ പറയാറുള്ളപ്പോഴൊക്കെയും തന്റെ മനസ്സിൽ സുമേഷേട്ടൻ സ്ഥാനം പിടിച്ചിരുന്നു.
എങ്കിലും അച്ഛന്റെ ഇഷ്ടങ്ങൾക്കെല്ലാം മറുവാക്ക് പറയാതെ സമ്മതം എന്ന ഭാവത്തിൽ എപ്പോഴും മൗനമായിരുന്നു.
അച്ഛന്റെ വാക്കിനപ്പുറം പ്രിയപ്പെട്ട മകൾ തീരുമാനങ്ങളെടുക്കില്ല എന്ന പൂർണ ബോധ്യം ഉണ്ടായിരുന്നത് കൊണ്ടാവാം തന്റെ സമ്മതം ചോദിക്കുന്നതിനു മുൻപ് തന്നെ അച്ഛൻ ചെറുക്കന്റെ വീട്ടുകാർക്ക് വാക്ക് കൊടുത്തത്.
പിന്നീട് പലവട്ടം അച്ഛനോട് മനസ്സിലെ ഇഷ്ടം തുറന്നു പറയാൻ മുതിർന്നെങ്കിലും ഉള്ളിലെ ഭയം അതിൽ നിന്നും പിന്തിരിപ്പിച്ചു. പിന്നീട് വിവാഹനിശ്ചയം വരെയും അത് മനസ്സിലിട്ട് മൂടി നടന്നു.
നിശ്ചയത്തിന്റെ തലേന്ന് സുമേഷേട്ടന്റെ ആവശ്യപ്രകാരമാണ് വീട്ടിൽ നിന്നും ആരും കാണാതെ ഒളിച്ചോടിയത്. അന്ന് ഒരുവട്ടമെങ്കിലും തന്റെ മനസ്സ് അച്ഛനു മുന്നിൽ തുറന്നിരുന്നെങ്കിൽ…..
അന്ന് പടിയിറങ്ങിയതിനു ശേഷം ഒരു വർഷം കഴിഞ്ഞാണ് സ്വന്തം വീട്ടിൽ കാലു കുത്തുന്നത്. അതും ഒരു കുഞ്ഞായ ശേഷം.
അന്ന് മറ്റാരെയും ഓർക്കാതെ പടിയിറങ്ങിയ നിമിഷം അച്ഛനുമമ്മയും തന്നെ മനസ്സറിഞ്ഞ് ശപിച്ചു കാണും. മാതാപിതാക്കളുടെ ശാപം അതൊരിക്കലും വിട്ടു പോകില്ല.
നിറഞ്ഞു തുളുമ്പിയ കണ്ണുനീർ അവൾ ആരും കാണാതെ ഒപ്പിയെടുത്തു.
” എന്താ മോളെ എന്താ സുമേഷിനിയും വരാത്തത് നീയൊന്ന് വിളിച്ചു നോക്കിയേ ഇവിടെ എല്ലാവരും ചോദിക്കുന്നുണ്ട്.ഞാനെന്തു മറുപടി പറയണം? മൂത്ത മകന്റെ സ്ഥാനത്ത് നിൽക്കേണ്ട ആളാണ് ഇന്നേരമത്രയും എത്തിയിട്ടില്ല”
അമ്മ ഓടി അരികിലെത്തി ആവലാതി പൂണ്ടു.
” ഞാൻ വിളിച്ചിരുന്നു അമ്മേ..ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. ഇന്ന് വൈകിട്ട് എത്താം എന്നായിരുന്നു പറഞ്ഞിരുന്നത്”
അവളുടെ തൊണ്ടയിടറി. അവൻ എത്താൻ വൈകുംതോറും അവളുടെ മനസ്സിൽ ആശങ്ക വർധിച്ചു.
“സുമേഷേട്ടന്റെ മദ്യപാനത്തെ കുറിച്ച് വീട്ടിൽ പറയാതെ മറച്ചു വെച്ചിരുന്നതാണ്. കുടിക്കാതെ വരാം എന്ന് വാക്ക് പറഞ്ഞതാണ്. എട്ടുമാസം പ്രായമുള്ള സ്വന്തം കുഞ്ഞിന്റെ തലയിൽ തൊട്ട് വരെ സത്യം ചെയ്യിച്ചത് ഇക്കാര്യത്തിൽ സുമേഷേട്ടനിൽ ഉള്ള വിശ്വാസം നഷ്ടപ്പെട്ടതു കൊണ്ടായിരുന്നു.
” ദൈവമേ ഇന്നെങ്കിലും മദ്യപിക്കാതെ വരണേ…. സുമേഷേട്ടന്റെ കാര്യം അച്ഛനും അമ്മയും അറിഞ്ഞാൽ പിന്നെ താൻ എന്തിനു ജീവനോടെ ഇരിക്കണം.? ”
” ഞാൻ ഒന്നുകൂടെ വിളിച്ചു നോക്കട്ടെ അമ്മേ… അമ്മ അങ്ങോട്ട് ചെല്ല് ആളുകൾ ശ്രദ്ധിക്കുന്നു. ”
അതും പറഞ്ഞവൾ ഫോണും എടുത്ത് പുറത്തേക്ക് ഇറങ്ങിയ നേരമാണ് അവൻ കയറിവരുന്നത് കണ്ടത്
” ഹാവൂ ദൈവം കാത്തു.”
നടത്തത്തിലൊന്നും പന്തികേട് തോന്നിയില്ലെങ്കിലും തൊട്ടരികയിലെത്തി കണ്ണിലേക്ക് നോക്കിയതും അവൾക്ക് മനസ്സിലായി അവൻ കുടിച്ചിട്ടുണ്ടെന്ന്. എന്തെങ്കിലും പറയുന്നതിനു മുന്നേ തന്നെ അച്ഛനും അമ്മയും അരികിലെത്തി അവനെ അകത്തേക്ക് ക്ഷണിച്ചു.
കല്യാണത്തലേന്ന് വീട്ടിലേക്ക് എത്തിയ അതിഥികളെ ക്ഷണിച്ചിരുത്തുമ്പോഴും അവളുടെ കണ്ണുകൾ പരതി നടന്നത് അവനെയായിരുന്നു.
പന്തലിൽ നിന്ന് ആളുകൾക്ക് ഭക്ഷണം വിളമ്പി കൊടുക്കുന്നത് കണ്ടാണ് അവൾ ബന്ധുക്കൾക്ക് ആഭരണങ്ങൾ കാണിച്ചുകൊടുക്കാൻ പോയത്.
തിരക്കൊക്കെ ഒന്നൊഴിഞ്ഞ നേരമാണ് എല്ലാവരും ഒരുമിച്ച് ഉണ്ണാൻ ഇരുന്നത്.
” സുമേഷ് എവിടെ മോളെ അവനെ കൂടി വിളിക്ക്”
അച്ഛനും അമ്മയും അവനുവേണ്ടി കാത്തുനിന്നപ്പോഴാണ് നിലത്തുറയ്ക്കാത്ത കാലുകളുമായി അവൻ പന്തലിലേക്ക് കടന്നുവന്നത്. കണ്ണുകളൊക്കെയും ചുവന്നിരിക്കുന്നു.
അവന്റെ കോലം കണ്ടിട്ടായിരിക്കണം അവിടെ ഇവിടെയായി നിന്ന് ബന്ധുക്കൾ എന്തോ പരസ്പരം പിറുപിറുത്തു.ഭക്ഷണം കഴിച്ചു കഴിഞ്ഞു കുറെ പേർ പോയതിനാൽ വേണ്ടപ്പെട്ട കുറച്ചു പേർ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ. അത് വലിയൊരു ആശ്വാസമായി അവൾക്ക് തോന്നി.
അവന്റെ അവസ്ഥ കണ്ട് അച്ഛനുമമ്മയും അവളുടെ മുഖത്തേക്ക് നോക്കി.
നിന്ന നിൽപ്പിൽ ഉരുകിപ്പോകുന്നത് പോലെയാണ് അവൾക്ക് തോന്നിയത്. അവരുടെ ഒരു നോട്ടത്തിന് ഒരായിരം അർഥങ്ങൾ ഉണ്ടെന്ന് അവൾക്ക് മനസ്സിലായി.
ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോൾ നെഞ്ചിൽ എന്തോ ഭാരം തടഞ്ഞിരിക്കുന്നത് ആയി അവൾക്ക് അനുഭവപ്പെട്ടു.
തല ഒന്ന് നിവർത്തി മറ്റുള്ളവരെ നോക്കാൻ പോലുമുള്ള ശക്തി തനിക്കില്ലെന്ന് അവൾക്ക് അറിയാമായിരുന്നു. അച്ഛനോട് മാപ്പു പറഞ്ഞൊന്ന് പൊട്ടിക്കരയാൻ വല്ലാത്ത കൊതി തോന്നി.
ഭക്ഷണം കഴിച്ചു കഴിഞ്ഞിട്ടും അവൾ ആർക്കും മുഖം കൊടുക്കാതെയാണ് നടന്നത്. ബോധമില്ലാതെ എന്തൊക്കെയോ വിളിച്ചുപറഞ്ഞുകൊണ്ടിരുന്ന സുമേഷിനെ ആരൊക്കെയോ ചേർന്ന് പിടിച്ചുവലിച്ച് മുറിയിലേക്ക് കൊണ്ടുപോയി.
” എന്താ മോളെ ഇതൊക്കെ? അവന്റെ സ്വഭാവം ഇങ്ങനെയാണെന്ന് എന്തുകൊണ്ട് നീ പറയാതിരുന്നത്”
അമ്മ അരികിൽ എത്തി.
” ആദ്യം ഒന്നും ഇങ്ങനെ ആയിരുന്നില്ല അമ്മേ… ഇടയ്ക്ക് എപ്പോഴോ തുടങ്ങിയ ശീലം പിന്നീട് തുടർച്ചയായി. പാവമാണ് പക്ഷേ മദ്യപിച്ചാൽ… ”
അവൾ നിർത്തിയതും അവർ തേങ്ങി കരഞ്ഞു. അമ്മയുടെ കണ്ണീർ കാണേണ്ടി വന്നതിനേക്കാൾ ദുഃഖം തോന്നിയത് അച്ഛൻ തന്നോട് മൗനം പാലിച്ചപ്പോഴാണ്.
വിവാഹം എന്നത് ഒരു വലിയ കടമ്പയാണ് അത് ശരിയായ വഴി തിരഞ്ഞെടുക്കുന്നവർ വിജയിക്കും. തന്നെ സംബന്ധിച്ചിടത്തോളം അത് വെറുമൊരു എടുത്തുചാട്ടം മാത്രമായിരുന്നു എന്ന് ഈ നിമിഷം അവൾക്ക് തോന്നിപ്പോയി.
ഒരിക്കൽ താൻ കാരണമാണ് അച്ഛനും അമ്മയും എല്ലാവരുടെ മുന്നിലും നാണംകെട്ടത് ഇന്നും അവർക്ക് താൻമൂലം തന്നെ അപമാനം ഉണ്ടായിരിക്കുന്നു.
ആർക്കും മുഖം കൊടുക്കാതെ മുറിയിലേക്ക് ചെന്നവൾ തന്റെ കാൽമുട്ടിലേക്ക് മുഖമമർത്തിയിരുന്നു. രാത്രി ഏറെ വൈകിയാണ് അച്ഛൻ അവളുടെ അരികിലേക്ക് വന്നത് അച്ഛനെ കണ്ടതും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
“ഇവൻ എപ്പോഴും ഇങ്ങനെയാണോ?”
അച്ഛന്റെ ശബ്ദം കനത്തതായിരുന്നു.
“കുറച്ചുനാളായി ഇങ്ങനെയാണ്.”
അവളുടെ ശബ്ദം നനുത്തു.
” എന്നിട്ട് നീയെന്താ ഇതുവരെ എന്നോട് ഒന്നും പറയാതിരുന്നത്? ”
അവൾ മിണ്ടിയില്ല.
” ഈ അവസ്ഥയിൽ കാണാനല്ല ഞാൻ നിന്നെ വളർത്തി വലുതാക്കിയത്. ഒരിക്കൽ എന്റെ സ്വപ്നങ്ങൾ തട്ടിയെറിഞ്ഞു കൊണ്ട് നീ സ്വന്തം വഴി തിരഞ്ഞു എടുത്തപ്പോഴും മനസ്സുകൊണ്ടുപോലും ശപിക്കാതിരുന്നത് എവിടെയായാലും നീ സന്തോഷമായി ജീവിച്ചു കാണണമെന്ന് ആഗ്രഹമുള്ളതുകൊണ്ടാണ്.”
സങ്കടം സഹിക്കാൻ കഴിയാതെ അവൾ വിങ്ങിപ്പൊട്ടി.
” നീ ചെയ്തത് തെറ്റ് തന്നെയാണ് അത് ഒരിക്കലും ന്യായീകരിക്കാൻ കഴിയില്ല. പക്ഷേ മക്കൾ എത്ര വലിയ തെറ്റ് ചെയ്താലും അവരുടെ നന്മ മാത്രമേ ഏതൊരു അച്ഛനമ്മയും ആഗ്രഹിക്കുകയുള്ളൂ.
ഇന്ന് എല്ലാവരുടെ മുന്നിലും തലകുനിച്ചുള്ള നിന്റെ നിൽപ്പ് മാത്രം മതിയായിരുന്നു നിന്നോടുള്ള സകല ദേഷ്യവും ഇല്ലാതാകാൻ.. ”
അയാൾ ഒരു നിമിഷത്തേക്ക് നിശബ്ദനായി.
” നീ പോയി കിടന്നോ അമ്മു അവിടെ നിന്നെ കാത്തിരിപ്പുണ്ട്.അവളും ആകെ വിഷമത്തിലാണ്. മോള് പോയി അവളെ സമാധാനിപ്പിക് ഇവിടെ ഞാൻ ഉണ്ടല്ലോ.. ”
അച്ഛന്റെ നിർബന്ധപ്രകാരം അവൾ അപ്പുറത്തെ മുറിയിലേക്ക് നടന്നു
കട്ടിലിൽ ബോധമില്ലാതെ എല്ലാവരുടെയും മനസ്സമാധാനം കളഞ്ഞ് സുഖമായി ഉറങ്ങുന്ന സുമേഷിന്റെ മുഖം കണ്ടതും അയാൾക്കരിശം കയറി.
നേരം പുലരായപ്പോഴാണ് അവനു ബോധം വന്നത് ഉറക്കച്ചടവിൽ മെല്ലെ കണ്ണ് തുറന്നു നോക്കിയപ്പോഴാണ് തനിക്ക് അരികെ ഉറ്റുനോക്കി കൊണ്ടിരിക്കുന്ന ഭാര്യ പിതാവിനെ കണ്ടത്.
ബെഡിൽ നിന്നും ചാടി എഴുന്നേറ്റു നിവർന്നുനിന്ന അവന് അഭിമുഖമായി അയാൾ നിന്നു.
“ബോധം വന്നോ?”
അയാളുടെ ഗൗരവത്തോടെയുള്ള ചോദ്യത്തിന് അവൻ മറുപടി പറഞ്ഞില്ല.
” ഇനി മേലാൽ ഇത് ആവർത്തിച്ചാൽ എന്റെ തനി സ്വഭാവം നീ അറിയും കേട്ടല്ലോ… ”
അയാളുടെ സ്വരം കനത്തപ്പോൾ അല്പം ഭയം തോന്നിയെങ്കിലും അവൻ പിറുപിറുത്തു.
” ഞാൻ എനിക്ക് ഇഷ്ടമുള്ളത് ചെയ്യും നിങ്ങൾ ആരാ ചോദിക്കാൻ.? ”
സത്യത്തിൽ ചമ്മൽ മാറ്റാൻ ആണ് അവൻ അങ്ങനെ പറഞ്ഞത് ”
” ഠപ്പേ..”
പറഞ്ഞ് വായടച്ചതും കരണത്ത് കൈവീണതും ഒരുമിച്ചായിരുന്നു. ആ അടി തീരെ പ്രതീക്ഷിക്കാതിരുന്നത് കൊണ്ടാവാം അവന്റെ കണ്ണിലൂടെ പൊന്നീച്ച പാറി.
” ക്ഷമയുടെ നെല്ലിപ്പലക എന്നൊന്നുണ്ട് അതും കടന്നു നിൽക്കുകയാണ് ഞാൻ.
ഒരിക്കൽ നീ കാരണമാണ് ഞാനും എന്റെ കുടുംബവും എല്ലാവരുടെ മുന്നിലും തലകുനിച്ചു നിന്നത്. എന്റെ മകളെ പൊന്നുപോലെ നോക്കുന്നുണ്ടല്ലോ എന്ന് സമാധാനിച്ച് നിന്നെ ഞങ്ങൾ നിറഞ്ഞ മനസ്സോടെ സ്വീകരിച്ചു.
മരുമകൻ ആയല്ല മകനായല്ലേടാ ഞങ്ങൾ നിന്നെ കണ്ടത്… കുടിച്ചു കൂത്താടി നടക്കുമ്പോൾ നിന്നെ വിശ്വസിച്ചു വന്ന ഒരു പെൺകുട്ടിയെയും നീ ജനിപ്പിച്ച ഒരു കുഞ്ഞിനെയും എന്താടാ നീ ഓർക്കാത്തത്?
അയാളുടെ കണ്ണുകൾ അഗ്നിയായി മാറി
സ്വന്തം ചേട്ടന്റെ സ്ഥാനത്തുനിന്ന് നടത്തി കൊടുക്കേണ്ടതല്ലേടാ നീയീ വിവാഹം?. അതിനുപകരം മദ്യപിച്ച് ലക്കില്ലാതെ മറ്റുള്ളവരുടെ മുന്നിൽ കിടന്ന് വിലകളഞ്ഞിരിക്കുന്നു. എന്റെ മോളുടെ അവസ്ഥ കണ്ട് ഞങ്ങളുടെ ചങ്കാണ് തകർന്നത്.
ചോദിക്കാനും പറയാനും ആരുമില്ലെന്ന് കരുതിയാണ് നീയീ കാണിച്ചുകൂട്ടുന്നതെങ്കിൽ അത് ഇന്നത്തോടെ നിർത്തിയേക്കണം. അവളുടെ അച്ഛൻ ജീവനോടെയുണ്ട്.
സ്വന്തം മകളെ സംരക്ഷിക്കാൻ തക്കതായ ശക്തി ഏതൊരു അച്ഛനും ഉണ്ടെടാ… ഇനി നീ കാരണം എന്റെ കൊച്ചിന്റെ കണ്ണീരെങ്ങാന്‍ വീഴാൻ ഇടയായാൽ ഉണ്ടല്ലോ സുമേഷേ…. എനിക്കിനി മേലും കീഴും നോക്കാനില്ല ഓർത്തോ…”
അയാളുടെ കോപം ചെറുതായി ഒന്ന് ശമിച്ചു. അപ്പോഴും അവന് കിട്ടിയ അടിയുടെ ഹാങ്ങ് ഓവർ മാറിയിട്ടുണ്ടായില്ല.
“ലോകത്ത് ഒരച്ഛനും സഹിക്കില്ലടാ മക്കളുടെ കണ്ണുനീർ കാണുന്നത്.
നീ ചോദിച്ചില്ലേ ചോദിക്കാൻ ഞാൻ ആരാണെന്ന് ഞാൻ അവൾക്ക് ജന്മം നൽകിയ അച്ഛനാടാ… ജന്മം നൽകിയവർ കഴിഞ്ഞിട്ടേ ഈ ലോകത്ത് മറ്റാർക്കും സ്ഥാനമുള്ളൂ…
ഇപ്പോൾ കിട്ടിയ അടിയും നമുക്കുള്ളിൽ തന്നെ ഒതുങ്ങി നിന്നാൽ മതി.
മകൻ തെറ്റ് ചെയ്തപ്പോൾ അടിച്ചതായെ ഞാൻ കണക്കാക്കിയിട്ടുള്ളൂ നീയും അങ്ങനെ കരുതിയാൽ മതി.
ആ പിന്നെ നേരത്തെ പറഞ്ഞത് മറക്കണ്ട നീ കാരണം ഇനി എന്റെ മകൾ കരഞ്ഞാൽ…”
അവിടെവെച്ച് വാക്കുകൾ മുറിഞ്ഞെങ്കിലും അതൊരു താക്കീതാണെന്ന് അവന് മനസ്സിലായി അച്ഛൻ തന്റെ ഹീറോ ആണെന്ന് അവൾ ഇടയ്ക്കിടയ്ക്ക് പറയാറുണ്ടെങ്കിലും ഹീറോയ്ക്ക് ഇത്രയ്ക്ക് പവർ അവൻ തീരെ പ്രതീക്ഷിച്ചില്ല.
രാവിലെ എഴുന്നേറ്റ് മുറിയിൽ സുമേഷിനെ അന്വേഷിച്ച് ചെന്നെങ്കിലും കാണാതായപ്പോൾ അവൾക്ക് വീണ്ടും ടെൻഷനായി.
” എന്താ മോളെ നീ എന്താ ഇവിടെ നിൽക്കുന്നത്”
സങ്കടപ്പെട്ട് നിൽക്കുന്ന അവളോട് കാര്യം തിരക്കിയ ശേഷമാണ് അയാൾ അവൾക്ക് പന്തലിൽ ഓടി നടക്കുന്ന സുമേഷിനെ കാണിച്ചുകൊടുത്തത്.
രാവിലെ തന്നെ മണ്ഡപത്തിലെ കാര്യങ്ങൾ കുറവുകൾ ഇല്ലാതെ ചെയ്തതും. മറ്റു കാര്യങ്ങൾക്കെല്ലാം ഓടി നടന്നതും അവനാണ്.
ഇന്നലെ കണ്ടയാൾ തന്നെയാണോ ഇന്ന് ചുറുചുറുക്കൊടെ കാര്യങ്ങൾ ചെയ്യുന്നതെന്ന് അച്ഛൻ ഒഴികെ എല്ലാവരും അതിശയിച്ചു. വിവാഹം കഴിയുവോളം മദ്യപിക്കാതെ നിന്ന അവനെ കണ്ട് തന്റെ ഭർത്താവ് തന്നെയാണോ ഇതെന്ന് അവൾ ശരിക്കും അത്ഭുതപ്പെട്ടു.
വിവാഹമെല്ലാം മംഗളപരമായി നടന്നത് എല്ലാവർക്കും ആശ്വാസമായി.
രാത്രി കിടക്കാൻ നേരമാണ് സുമേഷിനെ കാണാൻ അച്ഛൻ വീണ്ടും വന്നത്. ഇന്നലെ കിട്ടിയതിന്റെ ബാക്കി തരാൻ ആണോ എന്ന സംശയത്തോടെ അവൻ അയാളെ അടിമുടി നോക്കി.
” മോൾ ഒന്ന് പുറത്തു നിൽക്ക് ഞങ്ങൾക്കൊന്നു സംസാരിക്കാനുണ്ട്. ”
“ആഹ്.. ഇത് അതുതന്നെ ഇങ്ങേർക്ക് ഇനിയും മതിയായില്ലേ?”
അവൻ മനസ്സിൽ പിറുപിറുത്തു. അന്നേരം അവൾ പുറത്തേക്ക് ഇറങ്ങി.
വാതിൽ കുറ്റിയിട്ട് അയാൾ അവന് നേരെ നിന്നു.
ഏത് കരണത്താണെന്ന സംശയത്തോടെ അവൻ അയാളെ തന്നെ നോക്കി.
” നീ ഇന്ന് എനിക്കൊരു മകൻ തന്നെയായിരുന്നു. എല്ലാ കാര്യങ്ങൾക്കും ഓടിനടന്ന് എന്റെ പകുതി ഭാരവും നീ കുറച്ചു തന്നു. എന്റെ മോളുടെ സഹോദരന്റെ സ്ഥാനത്തുനിന്ന് നീ എല്ലാ കടമയും ചെയ്തു. എനിക്ക് അത് മതി മോനെ ”
അയാളുടെ കണ്ണുകൾ നിറയുന്നത് കണ്ടപ്പോൾ അവന്റെയും മനസ്സലിഞ്ഞു
“അത്രയേറെ സങ്കടം വന്നതുകൊണ്ട് ഞാൻ ഇന്നലെ നിന്നെ അടിച്ചത് നീ അതങ്ങ് മറന്നേക്കു മക്കൾ തെറ്റ് ചെയ്താൽ അച്ഛൻ ചിലപ്പോൾ അടിച്ചെന്നു വരില്ലേ?
അരയിൽ തിരുകിയ ചെറിയൊരു കുപ്പി പുറത്തെടുത്ത് അയാൾ അവന് നേരെ നീട്ടി.അതിൽ കുറച്ച് മദ്യം ബാക്കിയുണ്ടായിരുന്നു.”
” നിന്നെ ഞാൻ പൂർണ്ണമായും വരുതിക്ക് നിർത്തുകയല്ല. ഒരിക്കലും മദ്യപിക്കരുതെന്നും ഞാൻ പറയുന്നില്ല. മദ്യം നമ്മളെ വിഴുങ്ങാതെ നോക്കണം.
നമ്മൾ മൂലം നമുക്ക് ചുറ്റുമുള്ളവർ വിഷമിക്കരുത്. പെട്ടെന്ന് ഒരു ദിവസം എല്ലാം നിർത്താൻ കഴിയില്ല എന്ന് എനിക്കറിയാം. ചെറിയതോതിൽ മാത്രം കഴിക്കുക. ഒരിക്കലും ബോധം മറയുന്ന തലത്തിലേക്ക് പോകേണ്ടി വരരുത്.
ഇതിൽ കുറച്ചുണ്ട്. അച്ഛൻ നിന്റെ ജീവിതത്തിൽ കൈകടത്തി എന്ന തോന്നൽ വേണ്ട. ”
അതും പറഞ്ഞ് അവന് നേരെ നീട്ടിയ കുപ്പി അവൻ തിരികെ അയാൾക്ക് തന്നെ നൽകി. അത്ഭുതപൂർവ്വം അവനെ നോക്കിയ അയാൾക്ക് അവൻ മറുപടി നൽകി.
” സംശയിക്കേണ്ട ഒറ്റ ദിവസം കൊണ്ട് പുണ്യാളൻ ആയതുകൊണ്ട് അല്ല അച്ഛാ… കുറെ നാളുകളായി ശീലിച്ചു പോയതാണ് ഇത് സിനിമ ഒന്നുമല്ലല്ലോ ഒരു പാട്ട് സീൻ കൊണ്ട് എല്ലാം മാറിമറിയാൻ…
അച്ഛൻ പറഞ്ഞത് ശരിയാണ് ഒരു ദിവസം കൊണ്ട് പൂർണ്ണമായും നിർത്താൻ സാധിക്കില്ലെന്നത്. അതുകൊണ്ട് എല്ലാവരും പോയിക്കഴിഞ്ഞ് ഇതിൽനിന്നും ആരും കാണാതെ ഞാൻ ഒരു പെഗ് അടിച്ചു.
പക്ഷേ അതിൽ കൂടിയിട്ടില്ല അത് സത്യമാണ് അച്ഛൻ എന്നോട് ക്ഷമിക്കണം. പക്ഷേ ഞാൻ പതിയെ മാറിക്കോളാം. മാളുവിനെ ഇനി ഒരിക്കലും ഞാൻ കരയിക്കില്ല.
അവന്റെ ഏറ്റുപറച്ചിൽ കേട്ടതും അയാൾക്ക് ചിരി വന്നു. അവന്റെ തോളിൽ തട്ടിക്കൊണ്ട് അയാൾ മുറിക്ക് പുറത്തിറങ്ങി
” എന്താ സുമേഷേട്ടാ അച്ഛൻ പറഞ്ഞത്?
മുറിയിലേക്ക് കയറിയതും അവൾ ചോദിച്ചു
“ഞങ്ങൾ തമ്മിൽ പലതും സംസാരിച്ചെന്നിരിക്കും. എല്ലാം നിന്നോട് പറയണോ? ഞങ്ങൾ ചില കൊടുക്കൽ വാങ്ങലുകളെ പറ്റി പറഞ്ഞതാ.”
“കൊടുക്കൽ വാങ്ങലുകളോ?”
“ആഹ് വാങ്ങിക്കൂട്ടിയത് മൊത്തം ഞാനാണെന്ന് മാത്രം.”
“എന്തു വാങ്ങിയെന്ന്? എന്താ സുമേഷേട്ടാ ഈ പറയുന്നത്?”
അവൾക്ക് ഒന്നും മനസ്സിലായില്ല
“അതല്ലേ പെണ്ണേ പറഞ്ഞത് ഞങ്ങൾക്കിടയിൽ പലതും കാണും. അത് മറ്റാർക്കും മനസ്സിലാകില്ലെന്ന്.”
പിന്നെയും വാ തുറക്കാൻ പോയ അവളുടെ വാ പൊത്തിപ്പിടിച്ചവൻ അമർത്തി കെട്ടിപ്പിടിച്ചു.
സ്വന്തം അച്ഛന്റെ കയ്യിൽ നിന്നും തല്ലു വാങ്ങിയെന്ന് എങ്ങനെയാ ഈ പെണ്ണിനോട് പറയുക അവൻ പതിയെ ഉറക്കം നടിച്ചു.