(രചന: അംബിക ശിവശങ്കരൻ)
“ദാസ് നമുക്ക് നാളെ ഒന്ന് ഷോപ്പിങ്ങിന് പോയാലോ?”
തിരക്ക് പിടിച്ച് എന്തൊക്കെയോ കുത്തിക്കുറിക്കുന്നതിന് ഇടയ്ക്കാണ് അവന്റെ അരികിലേക്ക് ഭാര്യ ചന്ദ്രലേഖ വന്നത്.
“നാളെ കുറച്ച് തിരക്കുള്ള ദിവസമാണ് എന്താ ഇപ്പോൾ പെട്ടെന്ന് ഒരു ഷോപ്പിംഗ്? എന്തെങ്കിലും അത്യാവശ്യം സാധനങ്ങൾ വാങ്ങിക്കാൻ ഉണ്ടോ? എങ്കിൽ ലിസ്റ്റ് തന്നാൽ മതി ഞാൻ വാങ്ങിക്കൊണ്ടു വന്നോളാം.”
എഴുത്തിൽ നിന്ന് കണ്ണെടുക്കാതെ തന്നെയാണ് അവൻ അത് പറഞ്ഞത്.
“അതല്ല ദാസ് മറ്റന്നാൾ അമ്മയുടെ പിറന്നാൾ ആണ് നമുക്ക് അമ്മയ്ക്ക് ഒരു സർപ്രൈസ് കൊടുത്താലോ?”
“ഓഹ് അമ്മയുടെ പിറന്നാൾ ആയല്ലേ? ഞാനത് മറന്നു.”
പേനയുടെ ടോപ്പ് ഇട്ട് കണ്ണട ഊരി ടേബിളിന്റെ ഒരു അരികത്തേക്ക് വച്ചുകൊണ്ട് അയാൾ സ്വയം പറഞ്ഞു.
“സ്വന്തം അമ്മയുടെ പിറന്നാൾ മറക്കുന്നത് അത്ര നല്ല കാര്യമല്ലാട്ടോ ദാസ്”
“തിരക്കല്ലേടോ എനിക്ക് എന്റെ പിറന്നാൾ തന്നെ ഓർത്തിരിക്കാൻ സമയമില്ല. പിന്നെയല്ലേ ഇത്…അമ്മയ്ക്ക് ഈ സർപ്രൈസിൽ ഒന്നും വലിയ താല്പര്യം കാണില്ല ലേഖ താൻ വെറുതെ അതിനൊന്നും മെനക്കെടേണ്ട.”
അയാൾ നിസ്സാരമാട്ടിൽ പറഞ്ഞു.
” അതിന് ദാസ് ഇന്നേവരെ അമ്മയ്ക്ക് സർപ്രൈസ് കൊടുത്തിട്ടുണ്ടോ ഇഷ്ടമാകുമോ ഇല്ലയോ എന്ന് മനസ്സിലാക്കാൻ? ”
അതിന് അയാൾക്ക് ഉത്തരം ഉണ്ടായിരുന്നില്ല.
“ശരി ഞാൻ തർക്കിക്കാനില്ല.എന്താ തന്റെ പ്ലാൻ?”
“അമ്മയറിയാതെ എല്ലാം സെറ്റാക്കി വയ്ക്കണം. കൃത്യം 12:00 മണിയാകുമ്പോൾ അമ്മയെ കൊണ്ടുവന്ന് എല്ലാവരും ചേർന്ന് വിഷ് ചെയ്യണം കേക്ക് മുറിക്കണം അമ്മയ്ക്ക് ഒരുപാട് സന്തോഷമാകും.”
“ഹ്മ്മ്…ഒടുക്കം ഉറക്കം കളഞ്ഞതിന് അമ്മയുടെ വായിന്ന് വഴക്ക് കേൾക്കാതെ നോക്കിക്കോ…”
അയാൾ അവളെ കളിയാക്കി.
“ആ പിന്നെ… ഒരു സാരി കൂടി എടുക്കണം അമ്മയ്ക്ക് പിറന്നാൾ സമ്മാനം കൊടുക്കാൻ.”
” ആ അത് എനിക്ക് വിട്ടേക്ക് ഞാൻ നാളെ ഓഫീസിൽ നിന്ന് വരുമ്പോൾ വാങ്ങിയിട്ട് വരാം. ”
“അതിന് ദാസിനു സാരിയൊക്കെ സെലക്ട് ചെയ്യാൻ അറിയാമോ?”
അവൾ അതിശയത്തോടെ ചോദിച്ചു.
” അത് സെലക്ട് ചെയ്യാൻ എന്തിരിക്കുന്നു.അച്ഛൻ മരിച്ചതിൽ പിന്നെ അമ്മ വെളുത്ത നിറത്തിലുള്ള വസ്ത്രമേ ഉടുക്കാറുള്ളൂ…. അതുകൊണ്ട് അമ്മയ്ക്ക് ഡ്രസ്സ് എടുക്കാൻ അധികം കൺഫ്യൂഷൻ ഉണ്ടാകാറില്ല.. സോ ആ കാര്യം താൻ എനിക്ക് വിട്ടേക്ക്. ”
അവൾ ഒരു നിമിഷത്തേക്ക് മൗനം പാലിച്ചുകൊണ്ട് തുടർന്നു.
“അതുവേണ്ട ഇപ്രാവശ്യത്തേയ്ക്ക് ഒരു ചെയിഞ്ച് ആയിക്കോട്ടെ… ഇത്തവണ അമ്മയ്ക്ക് വേണ്ടി ഡ്രസ്സ് ഞാൻ എടുത്തോളാം. നമുക്ക് നോക്കാലോ ആരുടെ സെലക്ഷൻ ആണ് അമ്മയ്ക്ക് കൂടുതൽ ഇഷ്ടം ആവുക എന്ന്?”
അവളുടെ നിർബന്ധത്തിനു വഴങ്ങുകയല്ലാതെ അവന് മറ്റു വഴിയുണ്ടായിരുന്നില്ല.
പിറ്റേന്ന് ദാസ് ഓഫീസിൽ നിന്ന് എത്താറായപ്പോഴേക്കും അവൾ ഷോപ്പിങ്ങിന് പോകാൻ തയ്യാറായിരുന്നു.
” എവിടേക്കാണെന്ന അമ്മയുടെ ചോദ്യത്തിന് ഡോക്ടറുടെ അടുത്തേക്ക് ആണെന്ന് അവൾ കള്ളം പറഞ്ഞു. ”
തുണിക്കടയുടെ മുന്നിൽ ചെന്നെത്തി വണ്ടി പാർക്ക് ചെയ്ത് ദാസ് എത്തുമ്പോഴേക്കും അവൾ ഓരോ സാരികളായി നോക്കി തുടങ്ങിയിരുന്നു.
“ലേഖ… കളർ പറഞ്ഞാൽ എല്ലാം ഇങ്ങനെ വലിച്ചുവാരി ഇടേണ്ട കാര്യമുണ്ടോ..?”
” കുറച്ചു വൈറ്റ് കളർ കോട്ടൻ പ്രിന്റഡ് സാരീസ് വേണം”
സെയിൽസ് ഗേൾസിനോട് തന്റെ ആവശ്യം ഉന്നയിച്ച ദാസിനെ ലേഖ തടഞ്ഞു
“ദാസ് ഞാൻ പറഞ്ഞിട്ട് തന്നെയാണ് അവർ ഇതൊക്കെ എടുത്തിട്ടത് അമ്മയുടെ ഫേവറേറ്റ് കളർ ബ്ലൂ ആണെന്ന് കാര്യവും ദാസ് മറന്നോ?”
ഓരോ സാരിയും സെലക്ട് ചെയ്യുന്നതിനിടയ്ക്ക് കൂസൽ ഇല്ലാതെ അവൾ ചോദിച്ചു.
” ലേഖ..?? അമ്മ ഇതൊന്നും ഉടുക്കാറില്ല അമ്മയ്ക്ക് നിറമുള്ള സാരി ഒന്നും ഇഷ്ടമാകില്ല. ”
“എന്ന് അമ്മ എപ്പോഴെങ്കിലും ദാസിനോട് പറഞ്ഞിട്ടുണ്ടോ?എല്ലാവരും കൂടി ചാർത്തിയ വിധവട്ടം അമ്മ ഏറ്റെടുത്തതല്ലേ? എന്റെ അമ്മയ്ക്കും ഭർത്താവിനെ നഷ്ടമായിട്ട് 20 വർഷം കഴിഞ്ഞു.പക്ഷേ അമ്മ അമ്മയുടെ ഇഷ്ടങ്ങൾ ഒന്നും ത്യജിച്ചു ജീവിക്കാൻ ഞങ്ങൾ മക്കൾ അനുവദിച്ചിട്ടില്ല.”
ആരും കേൾക്കാതെ പതിഞ്ഞ സ്വരത്തിൽ അവൾ അത് പറയുമ്പോൾ അവൻ ഉത്തരം ഉണ്ടായിരുന്നില്ല.
“ശരിയാണ് അതൊരിക്കലും മക്കളായ ഞങ്ങൾ തിരക്കിയിരുന്നില്ല.”
തിരച്ചിലിനൊടുവിൽ ഏറ്റവും മനോഹരം എന്ന് തോന്നിയ ഒരു നീല കളർ കോട്ടൻസാരി തന്നെ അവൾ അവർക്കായി തെരഞ്ഞെടുത്തു.
വീട്ടിലെത്തുമ്പോൾ നേരം ഇരുട്ടിയിരുന്നു ക്ലിനിക്കിൽ തിരക്കുണ്ടായിരുന്നു എന്ന് പിന്നെയും അമ്മയോട് കള്ളം പറഞ്ഞു.
രാത്രി ഭക്ഷണവും കഴിഞ്ഞ് അമ്മ ഉറങ്ങിയെന്ന് ഉറപ്പുവരുത്തിയതിനുശേഷം ആണ് ആഘോഷ പരിപാടികൾ ഒക്കെ തുടങ്ങിയത്. ലേഖയും ദാസും മകളായ സീതയും ഭർത്താവും രതീഷും മക്കളും എല്ലാം ആ ദൗത്യത്തിൽ പങ്കുചേർന്നു.
സമയം 12:00 മണിയോട് അടുത്തതും ലേഖ തന്നെ ഒരു സ്റ്റീൽ പാത്രം എടുത്തു കൊണ്ടുവന്ന ശക്തമായി ഒച്ച കേൾക്കും പാകത്തിൽ നിലത്തിട്ടു.
എത്ര ഉറക്കത്തിൽ ആണെങ്കിലും പാത്രം തട്ടുന്നതും മുട്ടുന്നതുമായ ശബ്ദം കേട്ടാൽ അമ്മ ഉണരുമെന്ന് അവൾക്ക് ഉറപ്പായിരുന്നു.
വിചാരിച്ചത് പോലെ തന്നെ ഉറക്കത്തിൽ നിന്ന് ഞെട്ടിപ്പിടിഞ്ഞ് എഴുന്നേറ്റ് ഓടിവന്ന അവരെ കാത്തിരുന്നത് അതിശയിപ്പിക്കുന്ന കാഴ്ചയും പിറന്നാൾ ആശംസകളും ആണ്.
മെഴുകുതിരി വെട്ടത്തിൽ മാത്രം ദൃശ്യമായിരുന്ന തന്റെ അമ്മയുടെ മുഖത്തിന് എന്നേക്കാളും പ്രസന്നത ഏറിയതുപോലെ ദാസിന് തോന്നി.
“ഹാപ്പി ബർത്ത് ഡേ അമ്മ…”
ലേഖ ചെന്ന് കെട്ടിപ്പിടിച്ചുകൊണ്ട് ആശംസകൾ അറിയിക്കുമ്പോൾ തന്റെ കണ്ണുകളെ വിശ്വസിക്കാനാകാതെ അവർ നിന്നു. കേക്കു മുറിക്കുമ്പോഴും സന്തോഷം കൊണ്ട് അവരുടെ കണ്ണുകൾ നിറയുന്നത് ദാസ് കണ്ടു.
” ഇതാ അമ്മയ്ക്ക് ഞങ്ങളുടെ പിറന്നാൾ സമ്മാനം തുറന്നു നോക്ക്. ”
മനോഹരമായി പൊതിഞ്ഞിരുന്ന ഒരു സമ്മാനപ്പൊതി അവൾ അവർക്ക് നേരെ നീട്ടുമ്പോൾ കൗതുകത്തോടെ അവരത് തുറന്നു നോക്കി.
പൊതിക്കുള്ളിൽ നീലസാരികണ്ട് കണ്ണുകളിൽ നിറഞ്ഞുനിന്ന തിളക്കത്തിന് ഒരു നിമിഷം കൊണ്ട് മങ്ങൽ ഏറ്റു.. ആ നീല സാരി നെഞ്ചോട് ചേർത്തുപിടിച്ചുകൊണ്ട് അവർ തന്റെ മക്കളെ മാറിമാറി നോക്കി.
“അമ്മ അവരെ ആരെയും ഇനി നോക്കേണ്ട.. അമ്മയെപ്പോലെ തന്നെ ഒരമ്മ എനിക്കുമുണ്ട്.പക്ഷേ ഒരു വ്യത്യാസമേ ഉള്ളൂ… ആ അമ്മ സ്വന്തം ഇഷ്ടങ്ങൾ ത്യജിച്ചു ജീവിക്കുന്നില്ല.
അമ്മയുടെ മനസ്സ് എന്താണെന്ന് ഏറെക്കുറെ എനിക്ക് മനസ്സിലാകും. നാട്ടുകാരെയും ബന്ധുക്കളെയും പേടിക്കേണ്ടതില്ലായിരുന്നുവെങ്കിൽ അമ്മ ഒരിക്കലും സ്വന്തം ഇഷ്ടങ്ങൾ ത്യജിക്കില്ലായിരുന്നു അല്ലേ?”
“ഭർത്താവ് മരിക്കുന്നതോടെ ഇല്ലാതാകേണ്ട ഒന്നല്ല സ്ത്രീയുടെ ഇഷ്ടങ്ങളും സ്വപ്നങ്ങളും.അമ്മ ഇങ്ങനെ ജീവിക്കുന്നത് അച്ഛന് ഇഷ്ടമാകും എന്നാണോ അമ്മ കരുതിയിരിക്കുന്നത്?
ഇല്ലമ്മേ അച്ഛന് ഇതൊന്നും ഒരിക്കലും ഇഷ്ടമാവില്ല. അമ്മ അമ്മയായി ജീവിക്കുന്നതായിരിക്കും അച്ഛന് എപ്പോഴും ഇഷ്ടം… ഇഷ്ടം ഉള്ള വസ്ത്രങ്ങൾ ധരിക്കാനോ ഇഷ്ടമുള്ള നിറമണിയാനോ ഇനി അമ്മ ആരുടെയും സമ്മതം ചോദിക്കേണ്ട.”
അവൾ അത് പറഞ്ഞു നിർത്തിയതും അവരുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.
“എന്റെ മനസ്സ് നിന്നോളം മറ്റാരും മനസ്സിലാക്കിയിട്ടില്ല മോളെ..സത്യമാണ്.. അച്ഛന് ഇതൊന്നും ഇഷ്ടമാകില്ല.ഞാൻ എപ്പോഴും ഉടുത്ത് ഒരുങ്ങി നിൽക്കുന്നതായിരുന്നു അച്ഛനിഷ്ടം.ഈ വേഷത്തിൽ എന്നെ കാണാൻ പോലും അച്ഛൻ ആഗ്രഹിക്കുന്നുണ്ടാകില്ല.
നാട്ടുകാരെ മാത്രമല്ല എന്റെ മക്കളെപ്പോലും ഞാൻ ഭയന്നിരുന്നു എന്നതാണ് സത്യം. അവർ തന്നെ വാങ്ങി തന്നിരുന്ന വെള്ള നിറമുള്ള വസ്ത്രങ്ങളിൽ നിന്ന് ഞാൻ മനസ്സിലാക്കിയിരുന്നു അവർക്കുംഇനി എന്നെ അങ്ങനെ കാണാനാണ് ഇഷ്ടമെന്ന്.”
“മോൾ ഇപ്പോൾ എനിക്ക് തന്ന ധൈര്യം ഒരിക്കലെങ്കിലും ഇവർ എനിക്ക് തന്നിരുന്നെങ്കിൽ ഞാൻ ഈ ബന്ധനത്തിൽ നിന്ന് എന്നോ മുക്തയായേനെ…
ഈ വെള്ള വസ്ത്രം കാണുമ്പോഴാണ് മാധവേട്ടൻ എന്നോടൊപ്പം ഇല്ലെന്ന സത്യം വീണ്ടും വീണ്ടും എന്നെ കുത്തി നോവിപ്പിക്കുന്നത്.. നിന്നെപ്പോലൊരു കുട്ടിയെ മരുമകളായി ലഭിച്ചത് എന്റെ പുണ്യമാണ്.”
അവരത് പറഞ്ഞുകൊണ്ട് അവളെ ചുംബിക്കുമ്പോൾ ദാസിന്റെയും സീതയുടെയും കണ്ണുകൾ കൂടി നിറഞ്ഞിരുന്നു.
അന്ന് കിടന്നുറങ്ങുമ്പോഴും ഉറക്കം വരാതെ അവൻ തിരിഞ്ഞും മറിഞ്ഞും കിടന്നു തന്റെ ഭാര്യയിൽ അവന് അത്രയേറെ അഭിമാനം തോന്നി.
പിറ്റേന്ന് അവൾ സമ്മാനമായി നൽകിയ സാരിയിൽ അമ്പലത്തിലേക്ക് പുറപ്പെട്ടിറങ്ങിയ അമ്മയെ കുറച്ചുസമയം അവൻ ഇമ വെട്ടാതെ നോക്കി നിന്നു.
ഇപ്പോഴെങ്കിലും ഈ തെറ്റ് തിരുത്തിയില്ലായിരുന്നുവെങ്കിൽ എന്നും ഒരു ശാപമായി അത് തലയ്ക്കു മുകളിൽ നിന്നേനെ.. അമ്മ അമ്മയായി ജീവിക്കട്ടെ…..ആ തെറ്റ് തിരുത്തി കാണിച്ച തന്റെ ഭാര്യയെ അവൻ ചേർത്തുപിടിച്ച് നെറുകയിൽ ചുംബിച്ചു.