(രചന: അംബിക ശിവശങ്കരൻ)
“ഡാ വിഷ്ണു മതിയെടാ… ഇപ്പോൾ തന്നെ നീ നല്ല ഓവറാണ്. ഓരോ ദിവസം ചെല്ലുംതോറും നീ ഇങ്ങനെ മദ്യത്തിന് അടിമപ്പെട്ടു വരികയാണല്ലോ??ഇതെല്ലാം ഇവിടെ ഇട്ട് നീ വേഗം വീട്ടിലേക്ക് ചെല്ലാൻ നോക്കിക്കേ..”
കുപ്പിയിൽ അവശേഷിച്ചിരുന്ന അവസാനത്തെ തുള്ളി മദ്യവും ആർത്തിയോടെ അകത്താക്കുന്ന വിഷ്ണുവിനോട് സുഹൃത്തുക്കൾ മാറിമാറി പറഞ്ഞുകൊണ്ടിരുന്നു.
“ഇങ്ങനെ കുടിക്കാൻ മാത്രം ഇവന് ഇതെന്താ പറ്റിയത്?”
” അവന്റെ മറ്റേ പെണ്ണില്ലേടാ അമൃത അവൾ അവനെ തേച്ചു. അവനവളില്ലാതെ പറ്റില്ല എന്നാ പറയുന്നത്. ഞാൻ ചാകുമെന്നൊക്കെ ഇന്നലെ എന്നോട് പറഞ്ഞു.
ഞാൻ എന്തൊക്കെയോ പറഞ്ഞ അവനെ ആശ്വസിപ്പിച്ചു വിട്ടത്. ഇങ്ങനെ പോയാൽ ചെക്കൻ കുടിച്ചു ചാവും എന്നാ തോന്നുന്നത്. ”
കുഴയുന്ന കാലുകളോടെ ആടിയാടി നടന്ന അവനെ നോക്കി അവർ പരസ്പരം പിറുപിറുത്തു.
തപ്പിയും തടഞ്ഞും വീടിന്റെ മുറ്റത്തേക്ക് കയറുമ്പോൾ അമ്മയും അച്ഛനും അനിയത്തിയും വേവലാതിയോടെ അവനെ കാത്തിരിപ്പുണ്ടായിരുന്നു.
“കണ്ടോ കൃഷ്ണേട്ടാ… അവൻ ഇന്നും കുടിച്ചിട്ട വന്നിരിക്കുന്നത്. നമ്മുടെ മുന്നിൽ ഇങ്ങനെ വന്നു കയറാൻ അവന് ആരാ ധൈര്യം കൊടുത്തത്?”
മുഴു മദ്യപാനിയായി തന്റെ മകനെ കണ്ടതും അവർ നെഞ്ചത്തടിച്ചുകൊണ്ട് കരയാൻ തുടങ്ങി.
“നിൽക്കെടാ അവിടെ.”
അവരെ മാനിക്കാതെ വീടിനകത്തേക്ക് കയറാൻ ഒരുങ്ങിയ അവനെ അച്ഛൻ കൈ കൊണ്ട് തടഞ്ഞു.
ചുവന്ന കലങ്ങിയ കണ്ണുകളാൽ അവൻ അയാളെ ദേഷ്യത്തോടെ നോക്കി.
“നീ എന്ന് മുതലാ ഈ ശീലം തുടങ്ങിയത്??? എന്ന് മുതലാണെന്ന്??”
അയാളുടെ ശബ്ദം കനത്തപ്പോഴും അവൻ അനങ്ങിയില്ല.
“നീ കുടിച്ചു വന്ന് ഈ പടി കയറുന്നത് കണ്ടിട്ടും ഇത്രയും ദിവസം മിണ്ടാതിരുന്നത് ബഹളം വെച്ച് നാട്ടുകാരെ കൂടി അറിയിക്കേണ്ട എന്ന് കരുതിയാണ്. ഇങ്ങനെ കുടിച്ച് കൂത്താടി നടക്കുകയാണെങ്കിൽ നീ ഈ പടി കയറണം എന്നില്ല. ഇപ്പോൾ ഇറങ്ങിക്കോണം ഇവിടെനിന്ന്.
നിനക്ക് താഴെ ഒരു പെൺകുട്ടി കൂടി ഉള്ളതാണ് നീ കാരണം അവൾക്ക് ഒരു ജീവിതം ഇല്ലാതാകേണ്ട. നീ കുടിച്ചു നശിക്കുകയോ ചാവുകയോ ചെയ്യ്… അത് വീടിന് പഠിക്ക് പുറത്ത് കേട്ടല്ലോ….?”
പ്രണയ നഷ്ടത്തിന്റെ വേദനയ്ക്കൊപ്പം തന്റെ അച്ഛന്റെ കുത്തുവാക്കുകൾ കൂടിയായപ്പോൾ അവന് ദേഷ്യം നിയന്ത്രിക്കാൻ കഴിഞ്ഞില്ല.
” ഞാനെന്തിന് ഈ വീട് വിട്ട് പുറത്തു പോകണം? ഞാൻ നിങ്ങളുടെ മകനല്ലേ? ഈ വീട് എനിക്കും അവകാശപ്പെട്ടതല്ലേ? അതോ സുഖ പ്രാപ്തിക്കിടയിൽ പറ്റിപ്പോയ കൈയബദ്ധം ആണോ ഞാൻ? ”
മദ്യലഹരിയിൽ പറയുന്ന വാക്കുകൾ എന്താണെന്ന് പോലും ഓർക്കാതെ അവൻ പറഞ്ഞു നിർത്തിയതും അയാളുടെ കൈത്തരിച്ചു.
“ഛീ.. നിർത്തെടാ… ജനിപ്പിച്ച തന്തയുടെയും തള്ളയുടെയും മുഖത്ത് നോക്കി അനാവശ്യം പറയുന്നോ?”
അവന് നേരെ ഉയർന്ന അയാളുടെ കൈ അവൻ തട്ട് മാറ്റിയത് പെട്ടെന്നായിരുന്നു.
പിന്നീട് പരസ്പരം നടന്ന ഉന്തിനും തള്ളിനും ഇടയിൽ പരസ്പരം പിടിച്ചു മാറ്റാൻ പോലും കഴിയാതെ അമ്മയും അനിയത്തിയും കരഞ്ഞു.
കലി കയറിയ ഏതോ ഒരു നിമിഷത്തിൽ തന്റെ കൈ അച്ഛന്റെ കരണത്ത് പതിഞ്ഞതോടെയാണ് അവന് ഒരു നിമിഷം സ്വബോധം തിരിച്ചു കിട്ടിയത്.
” ദൈവമേ താൻ എന്താണ് ചെയ്തത്??? ”
കവിളിൽ കൈവച്ചുകൊണ്ട് നിറഞ്ഞ കണ്ണുകളുടെ തന്നെ നോക്കി നിൽക്കുന്ന അച്ഛനോട് ഒന്ന് മാപ്പ് പറയണം എന്നുണ്ട് പക്ഷേ കഴിയുന്നില്ല.
ഇല്ല അച്ഛൻ ഇത് സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചു കാണില്ല.
“മഹാപാപി…. തന്തയെ തന്നെ തല്ലിയല്ലോടാ ദ്രോഹി നീ.. ആ മനുഷ്യൻ എന്ത് തെറ്റാണ് നിന്നോടൊക്കെ ചെയ്തത്? ഒരു കുറവും അറിയിക്കാതെ നിന്നെയൊക്കെ വളർത്തി വലുതാക്കിയതിന് നീ പ്രതിഫലം കൊടുത്തല്ലോടാ ദ്രോഹി…
ഇറങ്ങടാ ഇവിടെ നിന്ന് ഇനി മേലാൽ നിന്നെ ഇവിടെ കണ്ടുപോകരുത്. ഞങ്ങളുടെ മകൻ മരിച്ചെന്ന് ഞങ്ങൾ കരുതി കൊള്ളാം.”
സ്വയം തലയിൽ തല്ലിക്കൊണ്ട് അമ്മ അവനെ പുറത്താക്കുമ്പോഴും അവന്റെ കണ്ണുകൾ പതിച്ചത് അച്ഛന്റെ മുഖത്ത് മാത്രമാണ്.
ആ ഞെട്ടലിൽ നിന്ന് അച്ഛൻ ഇപ്പോഴും മുക്തനായിട്ടില്ല എന്നതിന് തെളിവാണ് ധരിച്ചുകൊണ്ടുള്ള ആ നോട്ടം. അവന് തല പൊളിഞ്ഞു പോകുന്നതുപോലെ തോന്നി.
എങ്ങനെയൊക്കെയോ നടന്ന് ചെന്ന് കടവത്ത് എത്തുമ്പോൾ സുഹൃത്തുക്കൾ ആരും തന്നെ അവിടെ ഉണ്ടായിരുന്നില്ല. ആരോടെങ്കിലും ഇതൊന്ന് തുറന്നുപറഞ്ഞ് പൊട്ടിക്കരഞ്ഞില്ലെങ്കിൽ താൻ മരിച്ചുപോകും എന്ന് വരെ അവന് തോന്നി.
അച്ഛന്റെ ആ നോട്ടത്തിന് ഈ ഏകാന്തതയിൽ ശക്തി കൂടിയത് പോലെ….
മദ്യപിക്കാനായി വിരിച്ചിട്ട് പ്ലാസ്റ്റിക് ചാക്കുകളിൽ മലർന്നു കിടന്ന് ആകാശം നോക്കുമ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞു കൊണ്ടിരുന്നു.
“പാവം അച്ഛൻ താൻ വളർത്തി വലുതാക്കിയ മകൻ തന്നെ, തന്നെ അടിക്കുമെന്ന് എപ്പോഴെങ്കിലും കരുതിക്കാണുമോ?
അച്ഛൻ തിരിച്ചു തല്ലിയിരുന്നെങ്കിൽ ഒരുപക്ഷേ ഇത്ര വേദന തോന്നില്ലായിരുന്നു.അച്ഛന്റെ സൈക്കിളിൽ കയറിയല്ലേ താൻ ഈ ലോകം കാണാൻ പഠിച്ചത് തന്നെ…?”
അച്ഛൻ ഉണ്ടില്ലെങ്കിലും ഞങ്ങളെ ഊട്ടി വളർത്തിയത് മക്കൾ താങ്ങാകും എന്ന പ്രതീക്ഷയിൽ അല്ലേ? ആ മകൻ തന്നെ അച്ഛനെ അടിച്ചിരിക്കുന്നു. ”
അവന്റെ കണ്ണീർ ശക്തിയോടെ പുറന്തള്ളപ്പെട്ടുകൊണ്ടിരുന്നു.
മദ്യത്തിന്റെ ശക്തിയാൽ ഇടയ്ക്ക് എപ്പോഴോ കണ്ണടഞ്ഞു പോയാലും കണ്ണുനിറഞ്ഞു നിൽക്കുന്ന അച്ഛന്റെ രൂപം മനസ്സിൽ തെളിയുമ്പോഴൊക്കെയും അവൻ ഞെട്ടി എഴുന്നേറ്റു.
“അച്ഛാ….”
അവൻ തന്റെ മുഖം കൈകളിൽ അമർത്തിക്കൊണ്ട് പൊട്ടിക്കരഞ്ഞു.
“അച്ഛാ മാപ്പ്…”
മനസ്സിൽ ഒരായിരം വട്ടം മാപ്പ് പറയുമ്പോഴും കുറ്റബോധം അവനെ അലട്ടിക്കൊണ്ടിരുന്നു.
“എനിക്കിനി ജീവിക്കേണ്ട…. എനിക്കിനി ജീവിക്കേണ്ട…”
സ്വയം പിറുപിറുത്തു കൊണ്ട് എന്തോ തീരുമാനിച്ച മട്ടിൽ കടവിൽ കെട്ടിയിട്ടിരുന്ന വള്ളവും തുഴഞ്ഞവൻ കായലിന് നടുവിലേക്ക് നീങ്ങി.
കായലിന് നടുവിൽ എത്തിയതും ഒരു നിമിഷം അവനെന്തോ ആലോചിച്ചുനിന്നു. അടുത്ത നിമിഷം തന്നെ വെള്ളത്തിന്റെ അടിത്തട്ടിലേക്ക് കുതിച്ചുചാടി!.
“എന്റെ മോനേ… എന്നാലും നീ ഇത് ചെയ്തല്ലോ…”
അമ്മയുടെ നിലവിളികൾ അവിടമാകെ നിറഞ്ഞുനിന്നു.
“ആരാ വിഷ്ണുവിന്റെ ഫാദർ?”
തന്റെ ഭാര്യയെ ആശ്വസിപ്പിച്ചു കൊണ്ട് നിന്നിരുന്ന അയാൾ ആ നേഴ്സിന്റെ ചോദ്യത്തിന് താനാണെന്ന് കൈ ഉയർത്തി.
“വിഷ്ണു നിങ്ങളെ കാണണമെന്ന് വാശി പിടിക്കുന്നുണ്ട്. പോയി കണ്ടോളു പിന്നെ…. അധികം സംസാരിപ്പിക്കാതെ നോക്കണം.”
“സിസ്റ്റർ എന്റെ മകനെ എങ്ങനെയുണ്ട്?”
വേവലാതിയൊടെ അയാൾ ചോദിച്ചു.
” കൃത്യസമയത്ത് വലയിടാൻ വന്നവർ കണ്ട് രക്ഷിച്ചത് കൊണ്ട് ജീവൻ തിരിച്ചു കിട്ടി ഇനി പേടിക്കാൻ ഒന്നുമില്ല. ”
അവരുടെ വാക്കുകളിൽ സമാധാനം കൊണ്ട് അകത്തേക്ക് ചെല്ലുമ്പോൾ തന്റെ മകൻ തന്നെ ഉറ്റുനോക്കി കിടക്കുന്നയാൾ കണ്ടു.അവന്റെ കണ്ണുകൾ അപ്പോഴും നിറഞ്ഞു തുളുമ്പുന്നുണ്ടായിരുന്നു.
അയാൾ അവന്റെ അരികിൽ ചെന്ന് അവന്റെ കൈകോരിയെടുത്ത് മുറുകെപ്പിടിച്ച് ചുംബിച്ചു. തന്റെ മകന്റെ അവസ്ഥ കണ്ട് അയാളുടെ കണ്ണുകളും നിറഞ്ഞു.
” എന്നോട് പൊറുക്കില്ലേ അച്ഛാ…. ഇനി ഒരിക്കലും ഞാൻ ഇത് ആവർത്തിക്കില്ല,. മാപ്പ് ”
അവന്റെ കണ്ണീർ കണ്ടു നിൽക്കാൻ ആകാതെ അയാൾ അവനെ ചേർത്തുപിടിച്ചു.
“മക്കൾ എത്ര വലിയ തെറ്റ് ചെയ്താലും പൊറുക്കാനെ അച്ഛനും അമ്മയ്ക്കും കഴിയൂ മോനെ…. നീയല്ല മദ്യമാണ് നിന്നെക്കൊണ്ട് അങ്ങനെയൊക്കെ ചെയ്യിച്ചത്. ഇനി എന്റെ മോൻ ഒരിക്കലും മദ്യത്തിന് അടിമപ്പെടരുത് അച്ഛന് വാക്ക് തരണം.”
“വാക്ക് അച്ഛാ”
പറഞ്ഞു മുഴുപ്പിക്കാൻ കഴിയാതെ അവൻ വിങ്ങിപ്പൊട്ടി. കൊച്ചു കുഞ്ഞിനെ പോലെ തന്റെ മാറിൽ കിടന്നു കരയുന്ന മകനെ അയാൾ വാത്സല്യപൂർവ്വം ചുംബിച്ചു…