വൃത്തിക്കൊക്കെ ഒരുങ്ങി പൊക്കോണം ഇല്ലെങ്കിൽ നാണക്കേട് അവനു കൂടിയാണ്. പിന്നെ കഴിഞ്ഞപ്രാവശ്യം വീട്ടിൽ വന്നപ്പോൾ ഞാൻ വാങ്ങി തന്ന ക്രീമില്ലേ അത് നിറം വയ്ക്കാൻ നല്ലതാ…

(രചന: അംബിക ശിവശങ്കരൻ)

“മോളെ ശ്രുതി ഒന്നിങ്ങോട്ട് വന്നേ…”

ഉച്ചയൂണും കഴിഞ്ഞ് ഒരല്പനേരം വിശ്രമിക്കാൻ കിടന്ന നേരമാണ് ഭർത്താവിന്റെ അമ്മയായ ദേവയാനിയമ്മ അവളെ വിളിക്കുന്നത് കേട്ടത്.

“ആഹ്.. അമ്മ ഇത്ര നേരത്തെ ഇങ്ങ് പോന്നോ? ചേച്ചിയെ കാണാൻ പോയിട്ട് വൈകുന്നേരം അല്ലേ തിരികെ വരുമെന്ന് പറഞ്ഞിരുന്നത്. എന്നിട്ടിപ്പോ എന്തുപറ്റി?”

“ഒന്നും പറയേണ്ട മോളെ അവിടെ ഒരേ കല്യാണത്തിരക്ക്…അച്ഛനും അമ്മയും ഓരോ വീടുകളിലായി കല്യാണം ക്ഷണിക്കാൻ പോയിരിക്കുകയാണ് ഇനി കുറച്ചു ദിവസം കൂടിയല്ലേ കല്യാണത്തിനുള്ളൂ..

പിന്നെ വീട്ടിൽ പെയിന്റ് പണിക്കാരും ഉണ്ട്. ജ്യോതി ആ തിരക്കിലാണ്. ഭർത്താവിന്റെ അനിയന്റെ കല്യാണമല്ലേ.. ഇനി അത് കഴിയുന്നതുവരെ അവൾക്ക് നിന്ന് തിരിയാൻ സമയം കിട്ടില്ല. ദാ ഇത് തരാനാണ് അവൾ പ്രധാനമായും എന്നോട് ചെല്ലാൻ പറഞ്ഞത്.”

അവരുടെ കയ്യിലിരുന്ന കവറുകൾ അവൾക്ക് നേരെ നീട്ടി കൊണ്ട് അവർ പറഞ്ഞു.

“ഇതെന്താ അമ്മേ നിറയെ കവറുകൾ ഉണ്ടല്ലോ…”

അവൾ ആകാംക്ഷയോടെ ചോദിച്ചു.

“കല്യാണത്തിന് ഡ്രസ്സ് എടുക്കുന്ന കൂട്ടത്തിൽ അവർ നമുക്കും എടുത്തു. അവൾ എന്നോട് നേരത്തെ സൂചിപ്പിച്ചിരുന്നു. ഞാൻ വേണ്ടെന്ന് കുറെ വട്ടം പറഞ്ഞതാണ്.

അല്ലെങ്കിൽ തന്നെ ഒരു കല്യാണം ആയാൽ ചെലവ് എത്രയാണെന്ന് നമുക്ക് അറിയാവുന്നതല്ലേ.…? പിന്നെ സുനിലിന്റെ അച്ഛനും അമ്മയ്ക്കും ഒരേ നിർബന്ധം നമുക്കും കൂടി എടുക്കണം എന്ന്.അപ്പോൾ പിന്നെ ഞാൻ തടസ്സം പറയാൻ നിന്നില്ല.തിരക്ക് കാരണമാണ് അവർക്ക് ഇത് ഇവിടെ കൊണ്ട് തരാൻ പറ്റാതിരുന്നത്.

മോൾക്ക് വേണ്ടുന്ന പോലെയൊക്കെ ബ്ലൗസ് തയ്ച്ചു കിട്ടാൻ സമയം എടുത്താലോ എന്ന് കരുതിയാണ് നേരത്തെ വന്ന് കൊണ്ടുപോകാൻ ജ്യോതി എന്നെ വിളിച്ചു പറഞ്ഞത്.മോൾ ഇതൊക്കെ ഒന്ന് തുറന്നു നോക്കിയേ ഇഷ്ടമായോ എന്ന്..”

അവൾ അത് ആവേശത്തോടെ തുറന്നു നോക്കി.

തനിക്കായി വാങ്ങിയ സാരി എടുത്തു നോക്കുമ്പോൾ ആദ്യം മുഖത്ത് വിരിഞ്ഞ സന്തോഷം ആ നിമിഷം തന്നെ മങ്ങാൻ തുടങ്ങി.

“എന്താ മോളെ സാരി നിനക്ക് ഇഷ്ടമായില്ലേ? എന്താ മുഖം വാടിയത്?”

“സാരി എനിക്ക് നന്നായി ഇഷ്ടമായി അമ്മേ..പക്ഷേ ഈ കളർ…”

“ഈ കളറിന് എന്താ കുഴപ്പം? മോൾക്ക് ഇഷ്ടപ്പെട്ട കളർ അല്ലേ ഇത്? ഞാനാ പറഞ്ഞത് ചുവപ്പ് കളർ തന്നെ നോക്കി എടുക്കാൻ..”

“അതേ അമ്മേ…ഇത് എന്റെ പ്രിയപ്പെട്ട നിറം തന്നെയാണ്. കല്യാണത്തിന് മുൻപ് വരെ ഞാൻ ചുവപ്പ് ഡ്രസ്സ് എടുത്താൽ എന്റെ അമ്മ വഴക്ക് പറയുമായിരുന്നു. ചുവപ്പ് എനിക്ക് ചേരില്ലത്രേ… എന്റെ നിറത്തിന് തെളിഞ്ഞ കളർ തന്നെ എടുക്കണം എന്ന് അമ്മ നിർബന്ധം പിടിക്കുമായിരുന്നു.

സ്വന്തം അമ്മ തന്നെ അങ്ങനെ പറഞ്ഞപ്പോൾ ഏറെ പ്രിയപ്പെട്ടതാണെങ്കിലും ഈ കളർ എനിക്ക് ചേരില്ലെന്ന് തന്നെ ഞാൻ ഉറച്ചു വിശ്വസിച്ചിരുന്നു.”

അവൾ അത് പറഞ്ഞതും അവർ അവളുടെ മുടിയിഴകളിലൂടെ തലോടി.

“എന്റെ ശ്രുതി… നിന്റെ അമ്മയെപ്പോലെ ചിന്തിക്കുന്ന ഒരാൾ അല്ല ഞാൻ കേട്ടോ… ഒരല്പം നിറം കുറവാണെന്ന് കരുതി ഇഷ്ടപ്പെട്ടതൊക്കെ മാറ്റിവയ്ക്കുന്നത് ശരിയാണോ? അല്ലെങ്കിലും നിറത്തിലാണോ ഒരാളുടെ സൗന്ദര്യം? നീ ഏത് കളർ ധരിച്ചാലും ഞങ്ങളുടെ കണ്ണിൽ നീ സുന്ദരിയാണ്.

ധരിക്കുന്നവരുടെ ആത്മവിശ്വാസം തന്നെയാണ് അവരുടെ ഏറ്റവും വലിയ സൗന്ദര്യവും. അതാണ് നിനക്ക് ഇപ്പോൾ ഇല്ലാത്തത്. ആദ്യം ആ ആത്മവിശ്വാസം നീ ഉണ്ടാക്കിയെടുക്കണം. അതുകൊണ്ട് കല്യാണത്തിന് ഈ സാരി തന്നെ നീ ഉടുത്തു പോണം. എനിക്ക് ഉറപ്പാണ് മറ്റാരെക്കാളും സുന്ദരി എന്റെ മോള് തന്നെയായിരിക്കും.”

ആ വാക്കുകൾ അവളിൽ ഉണ്ടാക്കിയ ആത്മവിശ്വാസം ചെറുതായിരുന്നില്ല. ഇങ്ങനെ ഒരുവട്ടമെങ്കിലും തന്റെ അമ്മ തന്നെ ചേർത്തുനിർത്തി പറഞ്ഞിരുന്നെങ്കിൽ ഒരിക്കലും താൻ ഇത്രമേൽ അപകർഷതാബോധത്തിന്റെ കൈപ്പിടിയിൽ അകപ്പെടുമായിരുന്നില്ല. കറുത്തു പോയത് ഇത്രമേൽ കുറ്റമായിരുന്നെന്ന് പഠിപ്പിച്ചു തന്നത് സ്വന്തം അമ്മ തന്നെയാണ്.

” എന്നാലും ഈ കൊച്ചു മാത്രം ഇത് ആരുടെ കോലത്തിൽ പോയോ ആവോ? കല്യാണപ്രായം ആകുമ്പോഴേക്കും എന്തേലും ഒക്കെ വാരിതേച്ച് ഇത്തിരി നിറം വയ്ക്കാൻ നോക്കു കൊച്ചേ…ഇല്ലെങ്കിൽ വീട്ടിൽ തന്നെ ഇരിക്കേണ്ടിവരും” എന്ന വാക്കുകളാണ് ഫെയർനസ് ഫേസ് ക്രീമുകളെ വിശ്വസിക്കാൻ തന്നെ പ്രേരിപ്പിച്ചതും.

മറ്റുള്ളവർ പറയുന്നത് ചിലപ്പോൾ അവഗണിക്കാൻ കഴിഞ്ഞേക്കാം. പക്ഷേ സ്വന്തം അമ്മ പോലും നിറത്തിനെ ചൊല്ലി കുറ്റപ്പെടുത്തുമ്പോൾ ഏതൊരാൾക്കാണ് സഹിക്കാൻ കഴിയുന്നത്? വെളുത്തവർക്ക് മാത്രമുള്ളതാണ് ഈ ലോകം എന്ന് അങ്ങനെ ചെറുപ്പം മുതൽ താൻ വിശ്വസിച്ചതിന് കാരണം മറ്റാരുമല്ല അമ്മ തന്നെയാണ്.

ദേവേട്ടന്റെ വിവാഹാലോചന വന്നപ്പോൾ തന്നെ ഇത് നടക്കില്ലെന്ന് മനസിലുറപ്പിച്ചതാണ്.നിറം കുറഞ്ഞ ആൺ കുട്ടികൾ വെളുത്ത നിറമുള്ള പെൺകുട്ടികളെ വിവാഹം കഴിച്ചാൽ അത് ശരി വെച്ച് കൊടുക്കുന്ന സമൂഹം വെളുത്ത നിറമുള്ള ആൺ കുട്ടികൾ കറുത്ത നിറമുള്ള പെൺകുട്ടികളെ വിവാഹം കഴിക്കുന്നത് അത്ര പ്രോത്സാഹിപ്പിക്കാറില്ല എന്നതാണ് സത്യം.

അത് തിരിച്ചറിവുള്ളതുകൊണ്ട് തന്നെയായിരുന്നു ഈ വിവാഹാലോചന വന്നപ്പോൾ യാതൊരു പ്രതീക്ഷയും ഇല്ലാതെ നിന്നു കൊടുത്തത്. അന്നും ഭംഗിയായി ഒരുങ്ങാത്തതിൽ അമ്മ വഴക്ക് പറഞ്ഞതോർമ്മയുണ്ട്. അല്പം നേരം മാറിനിന്ന് സംസാരിച്ചപ്പോൾ തന്നെ ദേവേട്ടന്റെ മനസ്സ് കാണാൻ കഴിഞ്ഞിരുന്നു.

ഈ വിവാഹത്തിന് സമ്മതമാണെന്ന് ഇവിടെനിന്ന് അറിയിപ്പ് വന്നപ്പോൾ എല്ലാവരും ഞെട്ടിയിരുന്നു.താൻ ഉൾപ്പെടെ ആരും അത് പ്രതീക്ഷിച്ചിരുന്നില്ല. പിന്നീട് വിവാഹം കഴിഞ്ഞ് ഇവിടെ വന്നപ്പോഴാണ് ഈ അമ്മ വളർത്തിയ മകനായതുകൊണ്ടാവാം ദേവേട്ടന് ഇങ്ങനെയൊരു നല്ല മനസ്സ് കിട്ടിയത് എന്ന് മനസ്സിലായത്. ”

രാത്രി ദേവൻ വന്നപ്പോഴും അവൾ ഉത്സാഹത്തോടെ എല്ലാം ദേവനെ എടുത്തു കാണിച്ചു. അവനും അത് അത്രയേറെ ഇഷ്ടമായി എന്ന് ആ മുഖത്തെ പുഞ്ചിരിയിൽ നിന്നും അവൾക്ക് മനസ്സിലായിരുന്നു.

രാത്രി എല്ലാവരും ടിവി കണ്ടുകൊണ്ടിരുന്ന നേരമാണ് അവൾ തന്റെ അമ്മയെ വിളിച്ചത്. അവൾ എല്ലാ കാര്യങ്ങളും തന്നെ അമ്മയോട് പങ്കുവെച്ചു.

“ചുവപ്പ് കളർ അല്ലാതെ വേറെ ഒന്നും കിട്ടിയില്ലേ അവർക്ക്?അതുടുത്താൽ നീ ഒന്നുകൂടി ഇരുണ്ട് പോകും. നിനക്ക് നേരത്തെ പറയാമായിരുന്നില്ലേ ഏതെങ്കിലും ലൈറ്റ് കളർ എടുത്താൽ മതിയെന്ന്…”

സന്തോഷം എത്ര വേഗമാണ് നിരാശയായി മാറിയത് എന്ന് അവൾ ഓർത്തു.

“ഞാനറിഞ്ഞിരുന്നില്ല അവർ എനിക്ക് വേണ്ടി ഡ്രസ്സ് എടുക്കുന്നുണ്ടെന്ന്…” അവൾ സങ്കടത്തോടെ പറഞ്ഞു

“ആഹ്… ഇനി അവർ എടുത്തു തന്ന സാരി കല്യാണത്തിന് ഉടുക്കാതിരിക്കുന്നത് മോശമല്ലേ.. വൃത്തിക്കൊക്കെ ഒരുങ്ങി പൊക്കോണം ഇല്ലെങ്കിൽ നാണക്കേട് അവനു കൂടിയാണ്. പിന്നെ കഴിഞ്ഞപ്രാവശ്യം വീട്ടിൽ വന്നപ്പോൾ ഞാൻ വാങ്ങി തന്ന ക്രീമില്ലേ അത് നിറം വയ്ക്കാൻ നല്ലതാ…

കല്യാണത്തിന് ഇനിയും രണ്ടാഴ്ചയില്ലേ? നാളെ തന്നെ പുരട്ടി തുടങ്ങിക്കോ… നല്ല റിസൾട്ട്‌ ഉണ്ടാകും.. അതിനാദ്യം ആർക്കോ വേണ്ടി ചെയുന്ന പോലെയുള്ള നിന്റെ ഈ മനോഭാവം മാറ്റണം..”

ആ ഫോൺ സംഭാഷണം അവസാനിക്കുമ്പോൾ അവൾ കണ്ണാടിയിലേക്ക് ഒന്ന് നോക്കി.

“അത്ര മോശമാണോ താൻ?”

അവൾ മുറിയിൽ ചെന്ന് അമ്മ തന്നു വിട്ട ആ ക്രീം അലമാരയിൽ നിന്ന് പുറത്തേക്ക് എടുത്തു വച്ചു. അന്ന് വീട്ടിൽ നിന്ന് വന്ന ദിവസം ഇത് ഷെൽഫിൽ കയറ്റി വെച്ചതാണ് ഇപ്പോഴാണ് പുറത്തെടുക്കുന്നത്.

പിറ്റേന്ന് ദേവൻ ജോലിക്ക് പോയശേഷം തിരക്കെല്ലാം കഴിഞ്ഞ നേരമാണ് മുഖം കഴുകി വൃത്തിയാക്കി അവളത് തേച്ചത്. കുറച്ചു സമയം മുഖത്ത് തേച്ച് വിശ്രമിക്കാൻ ഇരുന്നതും അവൾക്കാകെ പുകച്ചിൽ പോലെ തോന്നി. അവളുടെ വെപ്രാളം കണ്ടാണ് ദേവയാനിയമ്മ അങ്ങോട്ട് ഓടി ചെന്നത്.

പുകച്ചിൽ സഹിക്കവയ്യാതെ കരയുന്ന അവളെ കണ്ടതും അവർ വേഗം പോയി കുറച്ച് ഐസ് കട്ടകൾ വെള്ളത്തിലിട്ട് കൊണ്ടുവന്ന് അവളോട് മുഖം അതിലേക്ക് മുക്കിപ്പിടിക്കാൻ ആവശ്യപ്പെട്ടു. കുറച്ച് അധികനേരം അങ്ങനെ ചെയ്തപ്പോൾ അവൾക്ക് പുകച്ചിലിന് ഒരാശ്വാസം തോന്നി.

എങ്കിലും മുഖത്ത് അവിടെ ഇവിടെയായി ചെറിയ തടിപ്പുകൾ ഉണ്ടായിരുന്നു. കാര്യം എന്താണെന്ന് അറിയാൻ അവളത് ഒന്നുകൂടെ പരിശോധിച്ചപ്പോഴാണ് അതിന്റെ എക്സ്പയറി ഡേറ്റ് കഴിഞ്ഞതാണെന്ന കാര്യം അറിഞ്ഞത്.

“എന്തിനാണ് മോളെ ഇങ്ങനെ കണ്ടതൊക്കെ വാരിത്തേച്ച് മുഖം നശിപ്പിക്കുന്നത്? ഇതൊക്കെ നല്ലതാണെന്നാണോ വിചാരം?. ഇപ്പോൾ തന്നെ മുഖത്ത് തടിപ്പുകൾ വന്നില്ലേ? മോൾക്ക് ഇതൊക്കെ ഉപയോഗിക്കണം എന്ന് അത്ര നിർബന്ധമാണെങ്കിൽ നമുക്ക് ഒരു ആയുർവേദ ഡോക്ടറെ കണ്ട് സൈഡ് എഫക്ട് ഒന്നുമില്ലാത്ത ഏതെങ്കിലും ഓയിലോ ക്രീമോ വാങ്ങി ഉപയോഗിക്കാം..”

“എനിക്ക് ഇതൊന്നും ഉപയോഗിക്കാൻ ആഗ്രഹമുണ്ടായിട്ടല്ല അമ്മേ..”

“പിന്നെ…?”

അവൾ നടന്നതെല്ലാം അവരോട് പറഞ്ഞു.

“എന്റെ മോളെ.. ദൈവം നിനക്ക് ആവശ്യത്തിന് സൗന്ദര്യം തന്നിട്ടുണ്ട്. നിന്റെ ഭർത്താവിനോ അവന്റെ വീട്ടുകാർക്കും ഇല്ലാത്ത എന്ത് പ്രശ്നമാണ് മറ്റുള്ളവർക്ക്? കാണുന്നവരുടെ കണ്ണിനെ ആശ്രയിച്ചിരിക്കും മറ്റുള്ളവരുടെ സൗന്ദര്യം.

വെളുപ്പിന് മാത്രമേ സൗന്ദര്യമുള്ളൂ എന്ന് ആരാണ് പറഞ്ഞത്? നിന്റെ അത്ര മനോഹരമായ ചിരി നമ്മുടെ കുടുംബത്തിൽ മറ്റാർക്കാണുള്ളത്? സത്യം പറഞ്ഞാൽ ആദ്യം കണ്ടപ്പോൾ തന്നെ നിന്റെ ചിരിയിൽ ഞാൻ വീണു പോയിരുന്നു. ഇനി എന്റെ മോള് ഓരോന്ന് വാരി തേച്ച് ദൈവം തന്ന ഈ സുന്ദരമായ രൂപം നശിപ്പിക്കാൻ നിൽക്കേണ്ട… കേട്ടല്ലോ?”

സ്നേഹത്തോടെ ശകാരിച്ച് അവർ അവിടെ നിന്നും പോകുമ്പോൾ സ്വന്തം അമ്മയ്ക്ക് മനസ്സിലാക്കാൻ കഴിയാതെ പോയ തന്നെ മറ്റൊരു അമ്മ എത്ര മനോഹരമാണ് ചേർത്തുനിർത്തുന്നത് എന്ന് അവൾക്ക് തോന്നി. സന്തോഷത്താൽ എന്തിനെന്നറിയാതെ അവളുടെ മിഴികൾ തുളുമ്പി.

Leave a Reply

Your email address will not be published. Required fields are marked *