ഇനിയെന്നാണ് ദൈവം നമുക്ക് ഒരു കുഞ്ഞിനെ തരിക? അതിനുമാത്രം നമ്മൾ എന്ത് പാപമാണ് ചെയ്തത്? ഇന്നുവരെ അറിഞ്ഞുകൊണ്ട് ആർക്കും ഒരു തെറ്റും നമ്മൾ ചെയ്തിട്ടില്ലല്ലോ.. എന്നിട്ടും ദൈവം നമ്മളോട് എന്തിനാണ്

(രചന: അംബിക ശിവശങ്കരൻ)

“സീമേ..നാളെ രാവിലെ അമ്പലത്തിൽ പോണം കേട്ടോ..നമ്മുടെ വിവാഹം കഴിഞ്ഞിട്ട് ആറുവർഷം തികയുകയല്ലേ?” രാത്രി ഭക്ഷണം കഴിച്ചു കിടക്കാൻ നേരം സേതു അവളെ ഓർമിപ്പിച്ചു.

“ഉം.” അവൾ ഒന്നു മൂളുകയല്ലാതെ വേറെ ഒന്നും മറുപടി പറഞ്ഞില്ല.

“എന്താ സീമേ നീ ഒന്നും മിണ്ടാത്തത്? സുഖമില്ലേ നിനക്ക്?” അതും പറഞ്ഞ് അവളുടെ കണ്ണുകൾ തപ്പി നോക്കിയപ്പോഴാണ് അവൾ നിശബ്ദമായി കരയുകയാണെന്ന സത്യം അവന് മനസ്സിലായത്.

“എന്തുപറ്റി സീമേ? എന്തിനാണ് നീ ഇങ്ങനെ കരയുന്നത്? അതിനുമാത്രം എന്താണ് ഇവിടെ ഉണ്ടായത്?” അവന് വേവലാതിയായി.

അടക്കി നിർത്താൻ കഴിയാതെ തേങ്ങലോട് തന്നെ അവൾ മറുപടി പറഞ്ഞു.

” നാളേക്ക് നമ്മുടെ വിവാഹം കഴിഞ്ഞിട്ട് ആറുവർഷം തികയുകയല്ലേ സേതുവേട്ടാ… ഇനിയെന്നാണ് ദൈവം നമുക്ക് ഒരു കുഞ്ഞിനെ തരിക? അതിനുമാത്രം നമ്മൾ എന്ത് പാപമാണ് ചെയ്തത്? ഇന്നുവരെ അറിഞ്ഞുകൊണ്ട് ആർക്കും ഒരു തെറ്റും നമ്മൾ ചെയ്തിട്ടില്ലല്ലോ.. എന്നിട്ടും ദൈവം നമ്മളോട് എന്തിനാണ് ഈ ക്രൂരത കാണിക്കുന്നത്?

എത്രയോ പേര് കുഞ്ഞുങ്ങളെ വേണ്ടെന്ന് പറഞ്ഞു ഗർഭാവസ്ഥയിൽ തന്നെ കൊന്നു തള്ളുന്നു. അവർക്ക് കൊടുക്കാതെ നമുക്ക് തരായിരുന്നില്ലേ പൊന്നുപോലെ നോക്കുമായിരുന്നില്ലേ നമ്മൾ..ഞാനും ഒരു പെണ്ണല്ലേ സേതുവേട്ടാ ഒരു കുഞ്ഞിനെ താലോലിക്കാനും പാലൂട്ടാനും ഒക്കെ എന്റെയും മനസ്സ് കൊതിക്കുന്നുണ്ടാകില്ലേ? ”

കരച്ചിൽ വന്ന് അവളുടെ വാക്കുകൾ ഇടറുമ്പോൾ ഒന്ന് സമാധാനിപ്പിക്കാൻ പോലും ആകാതെ അവൻ കുഴങ്ങി. അല്ലെങ്കിലും എന്തു പറഞ്ഞാണ് ഇനി ഈ പാവത്തിനെ സമാധാനിപ്പിക്കേണ്ടത്?

“സീമേ നീ ഇങ്ങനെ കരയാതെ മോളെ.. നാളെ നമ്മൾ ഉണ്ണിക്കണ്ണന്റെ അടുത്തേക്ക് അല്ലേ പോകുന്നത്. പൂന്താനം എഴുതിയതുപോലെ ‘ഉണ്ണിക്കണ്ണൻ മനസ്സിൽ കളിക്കുമ്പോൾ ഉണ്ണികൾ മറ്റു വേണമോ മക്കളായി…’ കുഞ്ഞുങ്ങൾ ഇല്ലാത്ത നമുക്ക് ആ കണ്ണൻ തന്നെയാണ് ഉണ്ണിയെന്ന് കരുതുക. അപ്പോൾ മനസ്സിലെ എല്ലാ വിഷമവും മാറും.”

അത്രയും പറഞ്ഞതും അവളുടെ സങ്കടത്തിന് നേരിയൊരു ശമനം സംഭവിച്ചത് പോലെ അവന് തോന്നി. പിറ്റേന്ന് രാവിലെ തന്നെ ഇരുവരും കുളിച്ച് റെഡിയായി അമ്പലത്തിലേക്ക് പുറപ്പെട്ടു. ഞായറാഴ്ച ആയതുകൊണ്ട് തന്നെ അമ്പലത്തിൽ അത്യാവശ്യം തിരക്കുണ്ടായിരുന്നു. കണ്ണന്റെ മുന്നിൽ അവൾ എല്ലാ സങ്കടങ്ങളും ഇറക്കിവച്ചുകൊണ്ട് കരഞ്ഞു പ്രാർത്ഥിക്കുന്നത് അവൻ കണ്ടു.

അമ്പലം വലം വെച്ച് ഇറങ്ങാൻ നേരമാണ് പുറകിൽ നിന്ന് ഒരു വിളി കേട്ടത്.

“സേതു…”

തിരിഞ്ഞു നോക്കിയതും കയ്യിൽ ഒരു കുഞ്ഞുമായി നിൽക്കുന്ന സ്ത്രീ. സേതുവിന്റെ അച്ഛന്റെ ബന്ധത്തിൽ ഉള്ള ഒരു സഹോദരിയാണ്. കയ്യിലുള്ളത് അവരുടെ മകളുടെ കുഞ്ഞാണ്. അവൾ ആ കുഞ്ഞിന്റെ മുഖത്തേക്ക് തന്നെ വാത്സല്യപൂർവ്വം നോക്കിക്കൊണ്ടിരുന്നു.

“നിങ്ങൾ തൊഴുതു ഇറങ്ങിയതല്ലേ.. കുഞ്ഞിനെ ഒരു പത്ത് മിനിറ്റ് നേരത്തേക്ക് ഒന്ന് നോക്കുമോ? തിരക്കിനിടയിൽ നിൽക്കാൻ കുഞ്ഞു സമ്മതിക്കുന്നില്ല ഞങ്ങൾ വേഗം തൊഴുത് ഇറങ്ങാം..”

അത് പറഞ്ഞതും അവൾക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി. മറുത്തൊന്ന് ചിന്തിക്കാതെ വേഗം തന്നെ അവൾ കുഞ്ഞിനെ അവരുടെ കയ്യിൽ നിന്ന് വാങ്ങി. അവർ തൊഴാൻ പോയതും അവൾ ആ കുഞ്ഞിനെ പരിസരം മറന്നു കൊഞ്ചിച്ചു. അത് കണ്ടപ്പോൾ സേതുവിന് ഒരുപോലെ സന്തോഷവും സങ്കടവും തോന്നി.

കൃത്യം പത്ത് മിനിറ്റിനു ശേഷം അവർ തൊഴുതിറങ്ങി. കുഞ്ഞിനെ തിരികെ വാങ്ങുമ്പോൾ അവളുടെ മുഖം വാടിയത് അവൻ ശ്രദ്ധിച്ചു.

“സീമയ്ക്ക് വിശേഷം വല്ലതും ആയോ മോനേ?. “വിശേഷങ്ങൾ തിരക്കുന്നതിനിടയിൽ അവർ ആ പ്രധാന ചോദ്യം എടുത്തിട്ടു.

” ഇല്ല അമ്മായി.. ട്രീറ്റ്മെന്റ് ഒക്കെ ഒരുപാട് നടത്തുന്നുണ്ട് ഇനി ഉണ്ണിക്കണ്ണൻ തന്നെ കനിയണം. ” സേതുവാണ് മറുപടി പറഞ്ഞത് അന്നേരവും അവളുടെ കണ്ണുകൾ ആ കുഞ്ഞിലായിരുന്നു.

“നന്നായി പ്രാർത്ഥിക്കു മക്കളെ.. മനസ്സുരുകി പ്രാർത്ഥിക്കുന്നവരെ കണ്ണൻ ഒരിക്കലും കൈവിടില്ല.” അതും പറഞ്ഞ് അവർ അവിടെ നിന്ന് പോകുമ്പോൾ അവൾക്ക് എന്തെന്നില്ലാത്ത സങ്കടം തോന്നി.

” എന്തിനാ സേതുവേട്ടാ കുഞ്ഞിനെ അവർ തട്ടിപ്പറിച്ച് എടുത്തു കൊണ്ടുപോയത്? എനിക്ക് അവളെ ഒന്ന് കൊഞ്ചിച്ച് മതിയായത് പോലുമില്ല. ” അവൾ നിരാശയോടെ പറഞ്ഞു.

“പിന്നെ അവരുടെ കുഞ്ഞിനെ അവർക്ക് കൊണ്ടുപോകാതിരിക്കാൻ പറ്റുമോ മോളെ… കുറച്ചുനേരത്തേക്ക് കുഞ്ഞിനെ നോക്കാൻ ഏൽപ്പിച്ചതല്ലേ അവർ.”

അവൾ പിന്നെ ഒന്നും പറഞ്ഞില്ല. തിരികെ വീട്ടിലെത്തുമ്പോൾ അമ്മ പാചക പരിപാടികളൊക്കെയും തുടങ്ങിയിരുന്നു. അവർക്ക് പ്രസാദം നൽകി വേഗം പോയി ഡ്രസ്സ് മാറി വന്നു അവളും അവർക്കൊപ്പം ചേർന്നു.

അങ്ങനെ യാതൊരുവിധ പ്രത്യേകതകളും ഇല്ലാതെ ആ ദിവസം കടന്നുപോയി.

അന്നായിരുന്നു അകന്ന ബന്ധത്തിൽ ഒരു അമ്മാവന്റെ മകളുടെ കല്യാണം. കല്യാണത്തിന് വരാം എന്ന് പറഞ്ഞിട്ട് ബെഡിൽ തന്നെ ചടഞ്ഞു കൂടി കിടക്കുന്ന അവളെ അവൻ കൂടെ വരാൻ നിർബന്ധിച്ചു.

“ഞാനില്ല സേതുവേട്ടാ.. എനിക്ക് നല്ല സുഖം തോന്നുന്നില്ല. സേതുവേട്ടനും അമ്മയും കൂടി പോയിട്ട് വാ..മാത്രവുമല്ല മറ്റുള്ളവരുടെ ചോദ്യങ്ങൾക്ക് മുന്നിൽ പിടിച്ചുനിൽക്കാനുള്ള ത്രാണി എനിക്കില്ല. ഞാൻ ആകെ തകർന്നു പോകും.”

അവൾ രണ്ടാമത് പറഞ്ഞ കാരണം തികച്ചും ന്യായമാണെന്ന് അവന് തോന്നി. വിശേഷം വല്ലതുമുണ്ടോ എന്ന ഒരൊറ്റ ചോദ്യം മതി അവളുടെ ഒരു ദിവസം തന്നെ ഇല്ലാതാക്കാൻ.അവൾ പോകുന്നില്ലെന്ന് പറഞ്ഞതുകൊണ്ട് അമ്മയും ചടങ്ങിന് പോകാതെ അവൾക്ക് കൂട്ടിനിരുന്നു.

രാത്രി ഏറെ വൈകിയും സേതുവിനെ കാണാതായപ്പോൾ അവളുടെ മനസ്സിൽ എന്തെന്നില്ലാത്ത വ്യാധി കടന്നുകയറി. ഉച്ചയ്ക്ക് മുതൽ വിളിക്കാൻ ശ്രമിക്കുന്നതാണ് പക്ഷേ ഫോൺ സ്വിച്ച് ഓഫ് ആണ്. പലവിധ ചിന്തകളും അവരുടെ മനസ്സിനെ അസ്വസ്ഥപ്പെടുത്തി.

” നീ ഇങ്ങനെ വിഷമിക്കാതെ മോളെ.. അവൻ രാത്രിയിലെ പാർട്ടിയൊക്കെ കഴിഞ്ഞു വരാൻ ആകും. ഫോണിൽ ചാർജ് ഉണ്ടാകില്ല. അവൻ വന്നോളും നീ വന്ന് എന്തെങ്കിലും കഴിക്ക്. ഭക്ഷണം കഴിക്കാതെ ഇനി ആരോഗ്യം കേടു വരുത്തേണ്ട.. ” അവർ അവളെ ശകാരിച്ചു.

“പാർട്ടി കഴിയാൻ നിൽക്കുകയാണെങ്കിൽ സേതുവേട്ടന് ഒന്ന് വിളിച്ചു പറഞ്ഞു കൂടെ അമ്മേ.. ചാർജ് ഇല്ലെങ്കിൽ ആരുടെയെങ്കിലും ഫോണിൽ നിന്നും ഒന്ന് വിളിക്കാമല്ലോ. വെറുതെ വീട്ടിലിരിക്കുന്നവരെ എന്തിനാ വിഷമിപ്പിക്കുന്നത്?”

അത് പറഞ്ഞു തീർന്നതും പുറത്ത് സേതുവിന്റെ ബൈക്കിന്റെ ശബ്ദം കേട്ടു. അപ്പോഴാണ് സത്യത്തിൽ അവളുടെ ശ്വാസം നേരെ വീണത്.

“എന്താ സേതുവേട്ടാ വൈകുമെങ്കിൽ ഒന്ന് വിളിച്ചു പറഞ്ഞുകൂടെ?”
അവൾ അവന്റെ അരികിലേക്ക് ഓടിച്ചെന്നതും ദുസഹമായ മദ്യത്തിന്റെ ഗന്ധം അവളുടെ മൂക്കിലേക്ക് തുളച്ചുകയറി. ആ ഗന്ധം അടിച്ചതും അവൾക്ക് ഓക്കാനം വന്നു. അവന്റെ പെരുമാറ്റ രീതികളിൽ നിന്നും അവൻ നല്ലതുപോലെ മദ്യപിച്ചിട്ടുണ്ടെന്ന് അമ്മയ്ക്കും വ്യക്തമായി.

” നീ കുടിച്ചിട്ടുണ്ടോ? “അവളെ മറികടന്ന് അവർ ചോദിച്ചു. അതിന് തികഞ്ഞ മൗനം ആയിരുന്നു മറുപടി എങ്കിലും അവർ ചോദ്യം ആവർത്തിച്ചു.

“എടാ നീ കുടിച്ചിട്ടുണ്ടോന്ന്?” അവരുടെ ശബ്ദം കനത്തു.

” ആഹ് കുടിച്ചിട്ടുണ്ട്. മറ്റുള്ളവരുടെ ചോദ്യങ്ങൾക്കു മുൻപിൽ ഉത്തരമില്ലാതായപ്പോൾ ഞാൻ കുടിച്ചു. അമ്മേ ഞാനും ഒരു മനുഷ്യനാണ് എത്രയെന്ന് കരുതിയാണ് എല്ലാം കേട്ടു നിൽക്കേണ്ടത? എന്റെ മനസ്സും നോവും. ഒരു കുഞ്ഞു ഉണ്ടാകാത്തത് ഞങ്ങളുടെ തെറ്റാണോ?ദൈവം ഞങ്ങളോട് ഇങ്ങനെ പെരുമാറുന്നതിന് ഞങ്ങൾ എന്തു പിഴച്ചു? ”

അവന്റെ ശബ്ദം ഇടറിയതും കരഞ്ഞുകൊണ്ട് അവൾ അകത്തേക്ക് ഓടി. അവന്റെ ചോദ്യത്തിന് ഒന്നും അവരുടെ പക്കൽ മറുപടി ഉണ്ടായിരുന്നില്ല.

“സീമേ നീ എന്നോട് ക്ഷമിക്ക്.. വേണമെന്ന് വെച്ചല്ല പറ്റിപ്പോയി. ഇനി ഒരിക്കലും ഞാൻ ആവർത്തിക്കില്ല നീയാണേ സത്യം.”

അവളുടെ തലയിൽ തൊട്ട് സത്യം ചെയ്യാൻ ഒരുങ്ങിയ അവന്റെ കൈപിടിച്ച് അവൾ തന്റെ വയറിലേക്ക് വച്ചു.

“ഇനി ആരുടെ മുന്നിലും തലകുനിച്ചു നിൽക്കേണ്ട സേതുവേട്ടാ.. നമ്മുടെ കാത്തിരിപ്പിന് ഫലം ഉണ്ടായി ഉണ്ണിക്കണ്ണൻ നമ്മളെ അനുഗ്രഹിച്ചു. ഇനി ആര് ചോദിച്ചാലും പറഞ്ഞേക്ക് ഞാനൊരു അച്ഛനാകാൻ പോവുകയാണെന്ന്.”
അത് കേട്ടതും മദ്യത്തിന്റെ ലഹരിയെല്ലാം ഒരു നിമിഷം കൊണ്ട് മാഞ്ഞു പോയത് പോലെ അവന് തോന്നി.. തന്റെ കാതുകളെ വിശ്വസിക്കാനാകാതെ അവൻ അവളെ തന്നെ മിഴിച്ചു നോക്കി.

“അതേ സേതുവേട്ടാ…ഞാൻ പറഞ്ഞില്ലേ ഒരു ക്ഷീണം പോലെയെന്ന് രണ്ട് ദിവസമായി അത് തുടങ്ങിയിട്ട്. എന്താണെന്ന് അറിയാൻ അമ്മയെയും കൂട്ടി ആശുപത്രിയിൽ പോയപ്പോഴാ വിവരം അറിഞ്ഞത്. അപ്പോൾ തന്നെ ഞാൻ സേതുവേട്ടനെ വിളിച്ചു. പക്ഷേ കിട്ടിയില്ല. ദൈവം നമ്മുടെ പ്രാർത്ഥന കേട്ടു ഒടുക്കം നമുക്കും ഒരു കുഞ്ഞു ജനിക്കാൻ പോകുന്നു…”

കണ്ണ് നിറഞ്ഞുകൊണ്ട് അവൾ അത് പറയുമ്പോൾ സന്തോഷം കൊണ്ട് അവൻ സ്ഥലകാലബോധം മറന്നുപോയി. അവളെ പൊക്കിയെടുത്ത് തുള്ളിച്ചാടുമ്പോൾ അമ്മ വഴക്ക് പറഞ്ഞാണ് താഴെ നിറുത്തിയത്.

“കള്ളുകുടിച്ച് വന്ന് കാലുറക്കാതെ ഇനി ആ കുട്ടിയെ പൊക്കി താഴെ ഇടേണ്ട ആറ്റുനോറ്റു ഭഗവാൻ തന്ന കുഞ്ഞ… പൊന്നുപോലെ നോക്കണം.”

അതും പറഞ്ഞ് അവർ അവിടെ നിന്ന് പോകുമ്പോൾ അവൾ തന്റെ കുഞ്ഞിനെ അമർത്തി ചുംബിച്ചു ശേഷം അവളുടെ നെറുകയിലും സ്നേഹപൂർവ്വം മുത്തം വച്ചു. സന്തോഷം കൊണ്ട് രണ്ടുപേരുടെ മിഴികളും ഒരുപോലെ തുളുമ്പിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *