നിന്റെ അച്ഛനാണ് ഒരു മാസമായി ഇവിടെ ഒരേ കിടപ്പ് കിടക്കുന്നത്…എന്നെ ഓർക്കേണ്ട ആ മനുഷ്യനെ എങ്കിലും നിനക്ക് ഓർക്കാമല്ലോ? ആ മനുഷ്യൻ ഇങ്ങനെ കിടക്കുമ്പോൾ

(രചന: അംബിക ശിവശങ്കരൻ)

അമലിനോടൊപ്പം ബീച്ചിലെ സായാഹ്ന കാഴ്ചകൾ ആസ്വദിച്ചുകൊണ്ടിരുന്നപ്പോഴാണ് ചിത്രയുടെ ഫോണിലേക്ക് അമ്മയുടെ കോൾ വന്നത്.

സ്ക്രീനിലേക്ക് നോക്കിയതും അവൾ പെട്ടെന്ന് തന്നെ ഫോൺ മ്യൂട്ടാക്കി മടിയിലേക്ക് വെച്ചു. ശേഷം അവന്റെ തോളിലേക്ക് തലചരിച്ചു വെച്ചു കൊണ്ട് കടൽത്തിരകളിലേക്ക് വെറുതെ കണ്ണും നട്ടിരുന്നു. അമൽ എന്തൊക്കെയോ പറയുന്നുണ്ട് അതിനെല്ലാം അലക്ഷ്യമായി വെറുതെ മൂളി.

ബാംഗ്ലൂർ വന്ന് ജോലിക്ക് ജോയിൻ ചെയ്യുമ്പോൾ ആകെ ഒരു ആശങ്കയായിരുന്നു.
അറിയാത്ത സ്ഥലം, അറിയാത്ത ആളുകൾ,വീട്ടിൽ നിന്നും ഏറെ അകലെയാണെന്നത് മാത്രമായിരുന്നു ഏക ആശ്വാസം.

തന്റെ മുഖത്തെ ഭയവും ആശങ്കയും എല്ലാം കണ്ടിട്ടാകണം അമൽ ഇങ്ങോട്ട് വന്ന് സംസാരിച്ചത്. അന്നുമുതൽ ഈ നിമിഷം വരെ അമൽ തന്നെ തനിച്ചാക്കിയിട്ടില്ല. എല്ലാം താനവനോട് തുറന്നു സംസാരിച്ചിട്ടുണ്ട്. പിന്നീട് ആ സൗഹൃദം പ്രണയത്തിലേക്ക് തെന്നി മാറിയത് എത്ര വേഗമാണ്….?

അമലിനെ പോലൊരു വ്യക്തിയെ ജീവിതത്തിൽ നിന്നും ഒരിക്കലും പറിച്ചുമാറ്റാൻ തനിക്ക് കഴിയുമായിരുന്നില്ല. എത്ര മാന്യമായാണ് അവൻ ഓരോ സ്ത്രീയോടും പെരുമാറുന്നത്. തന്നെ ഒറ്റയ്ക്ക് കിട്ടിയ പല സാഹചര്യങ്ങളിൽ പോലും തെറ്റെന്നു തോന്നുന്ന ഒരു നോട്ടം പോലും അവനിൽ നിന്നും ഉണ്ടായിട്ടില്ല.

അവനോടൊപ്പം ഇരിക്കുമ്പോൾ ഒരിക്കൽപോലും തനിക്ക് ഇൻ സെക്യൂരിറ്റി തോന്നിയിട്ടില്ല. ഇപ്പോൾ അവന്റെ കൂടിയിരിക്കുമ്പോൾ മാത്രമാണ് തെല്ലൊരാശ്വാസം മനസ്സിന് തോന്നാറുള്ളത്.

അവളുടെ ചിന്തകൾ തിരമാലകൾക്കൊപ്പം സഞ്ചരിച്ചുകൊണ്ടിരുന്നു.

മടിയിലിരുന്ന ഫോൺ പിന്നെയും പിന്നെയും റിംഗ് ചെയ്തപ്പോൾ അവൾ അവനെ നോക്കി.

“ഫോൺ അറ്റൻഡ് ചെയ്യടോ അത്യാവശ്യക്കാരായതുകൊണ്ടല്ലേ വീണ്ടും വീണ്ടും വിളിക്കുന്നത്?”

“അ… അമ്മയാണ്.”
അവൾ പറഞ്ഞു.

” അത് ശരി… എന്നിട്ടാണോ എടുക്കാത്തത്? എന്തെങ്കിലും അത്യാവശ്യം കാണും താൻ തിരിച്ചു വിളിക്ക്.ചിലപ്പോൾ അച്ഛന്റെ കാര്യം വല്ലതും പറയാനാകും.. ”

” ഇല്ല അമൽ…അമ്മ വെറുതെ വിശേഷം തിരക്കാൻ വിളിക്കുന്നതാണ്. ഞാൻ കുറച്ചു മുന്നേ വിളിച്ചു വെച്ചതേയുള്ളൂ.. ഈ അമ്മ ഇങ്ങനെയാണ് ഞാൻ ലീവ് ആണെന്ന് അറിഞ്ഞാൽ പിന്നെ ഇരുപത്തിനാലു മണിക്കൂറും എന്നോട് സംസാരിച്ചുകൊണ്ടിരിക്കണം. ”

അവൾ മുഖത്ത് ഒരു ചിരി വിടർത്താൻ ശ്രമിച്ചു.

“അങ്ങനെയാണ് സ്നേഹമുള്ള അച്ഛനമ്മമാർ.”

അമ്മ എന്തിനാണ് വിളിക്കുന്നത് എന്ന് അറിയാവുന്നതുകൊണ്ട് തന്നെ അവൾ ആ സംസാരം മനപ്പൂർവ്വം അവിടെ വച്ച് അവസാനിപ്പിച്ചു.

വൈകുന്നേരം തിരികെ മുറിയിലെത്തി കുളി കഴിഞ്ഞ് ഇറങ്ങുമ്പോഴാണ് അമ്മ വീണ്ടും വിളിച്ചത്.

“ഹലോ”

തലയിൽ കെട്ടിയ ടവ്വൽ അഴിച്ചു മാറ്റുന്നതിനിടയിൽ അവൾ ഫോൺ എടുത്തു.

” നീ എവിടെയായിരുന്നു ചിത്തു?എത്ര നേരമായി ഞാൻ വിളിക്കുന്നു? ”

“ഞാനൊന്നു പുറത്തു പോയതാണ് ഫോൺ മുറിയിൽ വച്ച് മറന്നു.”

അവൾ നിമിഷനേരം കൊണ്ട് ഒരു കള്ളം മെനഞ്ഞെടുത്തു.

“അല്ലെങ്കിലും നിനക്ക് നിന്റെ സന്തോഷങ്ങൾ മാത്രമല്ലേ വലുത്.. ഞങ്ങളെക്കുറിച്ച് നിനക്ക് എന്തെങ്കിലും ചിന്ത ഉണ്ടോ?”

“അമ്മ എന്തൊക്കെയാ ഈ പറയുന്നത്? അതിനുമാത്രം ഞാൻ എന്ത് ചെയ്തെന്നാണ്?”
അവൾക്ക് ദേഷ്യവും വിഷമവും വന്നു.

” ഒന്നും ഇല്ലല്ലോ ചിത്തൂ..?
നിന്റെ അച്ഛനാണ് ഒരു മാസമായി ഇവിടെ ഒരേ കിടപ്പ് കിടക്കുന്നത്…എന്നെ ഓർക്കേണ്ട ആ മനുഷ്യനെ എങ്കിലും നിനക്ക് ഓർക്കാമല്ലോ?

ആ മനുഷ്യൻ ഇങ്ങനെ കിടക്കുമ്പോൾ ഇവിടെ വരെ വന്ന് ഒന്ന് എത്തിനോക്കാൻ എങ്കിലും നിനക്ക് തോന്നിയോ? അത് പോട്ടെ ഒന്ന് വിളിച്ചു അന്വേഷിക്കാൻ എങ്കിലും നീ മുതിരാറുണ്ടോ?മുഴുവൻ തളർന്ന ആ ശരീരത്തിൽ ഇപ്പോൾ നാവു മാത്രമേ ശരിക്ക് ചലിക്കുന്നുള്ളൂ… അതിപ്പോൾ അനക്കുന്നത് തന്നെ നീ എപ്പോൾ വരുമെന്ന് ചോദിക്കാനാണ്…

എപ്പോഴും സന്തോഷമുള്ള കാര്യങ്ങൾ ചെയ്തുകൊടുക്കാനാ ഡോക്ടർ പറഞ്ഞത് മനസ്സ് പൂർണമായും കൈവിട്ടു പോയെന്ന്… നീ അടുത്തുണ്ടെങ്കിൽ മാത്രമേ ആ മനുഷ്യനിനി ഇത്തിരിയെങ്കിലും സന്തോഷം ഉണ്ടാവുകയുള്ളൂ… നിന്നെ എത്രമാത്രം സ്നേഹിച്ചത നിന്റെ അച്ഛൻ? ആ മനുഷ്യനോട് നീ ഇങ്ങനെ തന്നെ ചെയ്യണം.. അതിനുമാത്രം എന്ത് തെറ്റാടി അങ്ങേര് നിന്നോട് ചെയ്തത്? ”

അവരുടെ വാക്കുകൾ തേങ്ങലായി മാറി.

അവൾ മിണ്ടിയില്ല. അമ്മയെ ആശ്വസിപ്പിച്ചില്ല. അവരുടെ തേങ്ങൽ കേൾക്കുക മാത്രം ചെയ്തു. അതിൽ അവൾക്ക് കുറ്റബോധവും തോന്നിയില്ല.

“നീ എന്നാ വരിക മോളെ? നീ എന്തിന് ഞങ്ങളോട് ഇങ്ങനെ പെരുമാറുന്നു?”

അവരുടെ തേങ്ങൽ അപേക്ഷയുടെ സ്വരമായി മാറി.

“ഞാൻ നാളെ വരാം.”

അവളുടെ ശബ്ദം ദൃഢമായിരുന്നു എങ്ങനെ?എപ്പോൾ? എന്നിങ്ങനെയുള്ള മറു ചോദ്യങ്ങൾക്ക് ഇട നൽകാതെ അവൾ കോൾ കട്ടാക്കി.

ഫോൺ ഒരു അരികത്തേക്ക് വലിച്ചെറിഞ്ഞ് അവൾ കട്ടിലിലേക്ക് വീണു.

മനസ്സിൽ എന്തൊക്കെയോ ഭാരം തിങ്ങി നിറയുന്നത് പോലെ തോന്നി. കുഞ്ഞായിരുന്നപ്പോഴും, അച്ഛന്റെ അരികിലേക്ക് പോകാൻ മടിച്ചു നിന്നപ്പോഴൊക്കെയും അമ്മയുടെ ഈ നിർബന്ധത്തിനു മുന്നിലാണ് തനിക്ക് തോറ്റു കൊടുക്കേണ്ടി വന്നിട്ടുള്ളത്.

അവൾ കണ്ണുകൾ ഇറക്കി അടച്ചു.

കുറച്ചു മണിക്കൂറുകൾക്കു മുൻപ് താനെല്ലാം അമലിനോട് തുറന്നു പറഞ്ഞിട്ടുണ്ടെന്ന മനസിലെ തോന്നൽ യാഥാർത്ഥത്തിൽ ഒരു കളവല്ലേ? സത്യത്തിൽ എല്ലാം അമലിനോട് തുറന്നു പറഞ്ഞിട്ടുണ്ടോ? ഇല്ല എന്ന് തന്നെയാണ് അതിനുത്തരം.

എല്ലാം അമ്മയോട് പറഞ്ഞിട്ടുണ്ടോ അതിനും ഇല്ലെന്ന് തന്നെയാണ് ഉത്തരം. സത്യത്തിൽ തന്റെ ഉള്ളിൽ മറച്ചു വെക്കാൻ ഒന്നും തന്നെയില്ലെന്ന് താൻ തന്നെ തന്നെ പറഞ്ഞു പറ്റിക്കുകയായിരുന്നില്ലേ???
അതെ അതാണ് ശരി.

അവളുടെ മിഴികൾ നിറഞ്ഞിരുന്നു.

പിറ്റേന്ന് ഫ്ലൈറ്റ് എടുത്താണ് നാട്ടിലേക്ക് മടങ്ങിയത്. അതിനു മുന്നേ അമലിനെ കണ്ട് കാര്യങ്ങൾ പറഞ്ഞു ധരിപ്പിച്ചിരുന്നു. സമാധാനമായി പോയി തിരിച്ചു വരാൻ അവൻ അവളോട് പറഞ്ഞു.

ഫ്ലൈറ്റ് ഇറങ്ങി പിന്നെയും കുറെ ദൂരം യാത്ര ചെയ്തിട്ടാണ് വീട്ടിലെത്തിയത്. അവളെ കണ്ടതും അമ്മ കരഞ്ഞുകൊണ്ട് ഓടിവന്നു. കുറെ നാളുകൾക്കു ശേഷം ആ വീടിന്റെ പടികയറുമ്പോൾ എന്തോ ഒരു വീർപ്പുമുട്ടൽ ആയിരുന്നു മനസ്സ് മുഴുവനും.

അമ്മയോട് ഒന്നും പറഞ്ഞില്ല.എന്തു പറയാൻ?? ഒന്നും ഉണ്ടായിരുന്നില്ല.

ബാഗുകൾ എല്ലാം വാങ്ങി ഒരു മൂലക്കയിലേക്ക് വെച്ച് അവർ നേരെ അവളെ അയാൾ കിടക്കുന്ന മുറിയിലേക്ക് ആനയിച്ചു. ജനിച്ചു വളർന്ന വീട് അപരിചിതമായത് പോലെ അവൾക്ക് തോന്നി.

വെറുമൊരു ജഡം എന്നപോലെ കിടക്കുന്ന അയാളുടെ അരികിലേക്ക് ചെല്ലാൻ മടിച്ചു നിന്ന അവളെ ഇക്കുറിയും നിർബന്ധിച്ചത് അവരാണ്.

” അച്ഛന്റെ അടുത്ത് ചെന്ന് ഇരിക്കു മോളെ.. ”

ശബ്ദം കേട്ടാണ് അയാൾ കണ്ണുതുറന്നത്. തിളക്കം നഷ്ടപ്പെട്ട കണ്ണുകളാൽ അയാൾ അവളെ നോക്കി. തന്റെ മേൽ പതിച്ച അയാളുടെ മിഴികളിലേക്ക് അല്പനേരം അവൾ ഉറ്റുനോക്കി.

“ഹോ ഭാഗ്യം!ഈ നോട്ടം കാമത്തിന്റേതല്ല! ആദ്യമായി തന്റെ അച്ഛന്റെ കണ്ണുകളിൽ മകളോടുള്ള വാത്സല്യം പ്രകടമായിരിക്കുന്നു! ഇക്കുറി നോട്ടം തന്റെ മുഖത്തേക്ക് മാത്രമാണ് അല്ലാതെ തന്റെ മാറിടത്തിലേക്ക് അല്ല ഭാഗ്യം!”

അവൾക്ക് ആദ്യമായി അയാളുടെ നോട്ടത്തിനു മുന്നിൽ അറപ്പ് തോന്നാതിരുന്നു.

മനസ്സിലാ മനസ്സോടെ അവൾ അയാളുടെ ചാരേ ചെന്നിരുന്നു. അയാളുടെ മിഴികൾ നിറഞ്ഞിരുന്നു വളരെയേറെ പ്രയാസപ്പെട്ടുകൊണ്ട് അയാൾ അവളുടെ കൈകളിൽ തൊട്ടു. പറഞ്ഞറിയിക്കാൻ ആകാത്ത വിധം ഒരു അസ്വസ്ഥത അവൾക്കപ്പോൾ അനുഭവപ്പെട്ടു.

ബുദ്ധിയുറച്ച നാൾ മുതൽ ഈ കൈകൾ ദേഹത്ത് ആകമാനം അമരുമ്പോൾ തോന്നിയിരുന്ന അതേ അസ്വസ്ഥത… അച്ഛന്റെ സാമീപ്യം പേടിപ്പെടുത്തുന്ന വിധം തന്റെ ശരീരത്തെ ഞെക്കിപ്പിടിച്ചപ്പോൾ തോന്നിയ അതേ അസ്വസ്ഥത…

“ഏഹ്… ഈ സ്പർശത്തിന് ആ അനുഭൂതി അല്ലല്ലോ? എവിടെയോ ഒരു പിതാവിന്റെ വാത്സല്യം തനിക്ക് ഇപ്പോൾ അനുഭവിക്കാൻ കഴിയുന്നുണ്ടോ?”

അയാൾക്ക് മുന്നിൽ അവൾ ഒന്നും മിണ്ടിയില്ല. അന്നും അവൾ ഒന്നും മിണ്ടിയിരുന്നില്ല. പുറത്ത് പറയാനുള്ള ഭയമായിരുന്നോ?അമ്മ വിശ്വസിക്കില്ലെന്ന തോന്നലായിരുന്നോ?അച്ഛൻ എന്ന ഈ മനുഷ്യനെ മോശമായി ചിത്രീകരിക്കുന്നതിനുള്ള മടിയായിരുന്നോ?അറിയില്ല… ആരോടും ഒന്നും പറഞ്ഞില്ല. പകരം തന്റെ അച്ഛനിൽ നിന്ന് എപ്പോഴും ഓടി ഒളിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു ഈ നിമിഷം വരെ… ”

അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.അത് പശ്ചാത്താപത്തിന്റെ കണ്ണുനീരാണെന്ന് അവൾക്കറിയാമായിരുന്നു.അവളുടെ മനസ്സലിഞ്ഞില്ല. അല്ലെങ്കിൽ മനസ്സിനെ അവൾ കല്ലാക്കി നിർത്തി എന്നതാണ് സത്യം.

ആ കണ്ണീർ ഒന്ന് തുടച്ചു കൊടുക്കാൻ പോലും നിൽക്കാതെ അവൾ മുറിയിലേക്ക് പോയി. ഭക്ഷണം കഴിച്ച് എപ്പോഴോ ഒരല്പം മയങ്ങിയ നേരമാണ് അമ്മയുടെ നിലവിളി കേട്ടത്. ഓടിച്ചെന്ന് നോക്കുമ്പോൾ അയാളുടെ ജീവനറ്റ ശരീരത്തെ മുറുകെ പിടിച്ച് അമ്മ അലറി വിളിച്ചു കരയുന്നതാണ് കണ്ടത്.

“അപ്പോൾ തന്നോട് ക്ഷമ ചോദിക്കാൻ കാത്തു നിന്നതാകും… അതിന് താൻ ക്ഷമ നൽകിയിരുന്നുവോ? ”

അവൾ നിന്നെടുത്ത് നിന്ന് അനങ്ങാതെ പ്രതിമ കണക്കെ നിശ്ചലമായി തന്നെ നിന്നു.

മരണവീട്ടിൽ എത്ര വേഗമാണ് ആളുകൾ തിങ്ങി കൂടിയത്. തനിക്ക് ജന്മം നൽകിയ ആളാണ് ജീവനറ്റ ശരീരമായി അവിടെ കിടക്കുന്നത്. ജന്മം നൽകിയത് കൊണ്ട് മാത്രം ഒരാൾ അച്ഛനാകുമോ? അവളുടെ സിരകളിൽ ഒരായിരം തേനീച്ചകൾ വട്ടമിട്ട് പാറി.

ചിതയിലേക്കെടുക്കുവോളം അവൾ ശില പോലെ തന്നെ നിന്നു. അച്ഛന്റെ മരണത്തിൽ ദുഃഖിക്കാത്തവൾ എന്ന് ഈ ലോകം തന്നെ വിധിയെഴുതട്ടെ…

ചിത കത്തിപ്പടർന്ന നേരം എന്തിനോ അവളുടെ മനസ്സ് വിങ്ങി കൊണ്ടിരുന്നു. എത്ര നിയന്ത്രിക്കാൻ ശ്രമിച്ചിട്ടും ഒരു തുള്ളി കണ്ണീർ മണ്ണിലേക്ക് അടർന്നുവീണു.അതു മതിയാകും അച്ഛന്റെ ആത്മാവിന് ശാന്തി കിട്ടാൻ. അറിയാതെ അവളുടെ മനസ്സിൽ വീണ്ടും വീണ്ടും ആ വാക്ക് ഉച്ചരിക്കപ്പെട്ടു കൊണ്ടിരുന്നു

‘ അച്ഛൻ’.

Leave a Reply

Your email address will not be published. Required fields are marked *