അത്രമേൽ
(രചന: Ammu Ammuzz)
മുഖമടച്ചു കിട്ടിയ അ ടിയുടെ ശക്തിയിൽ നിലത്തേക്ക് വീണു പോയിരുന്നു.. തലയാകെ ഒരു മരവിപ്പ് പടർന്നത് പോലെ..
“”മംഗലത്തെ ചെക്കനെ തന്നെ വേണം അല്ലേ നിനക്ക് “” ദേഷ്യം കൊണ്ട് വിറക്കുകയായിരുന്നു ജാനകി..
വൈദേഹി മുഖം പൊത്തി നിലത്ത് തന്നെ ഇരുന്നതേയുള്ളു.. രണ്ടു കണ്ണുകളും നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.. കവിളിന്റെ അ ടി കിട്ടിയ ഭാഗം വേ ദന കൊണ്ട് മ രവിച്ചു പോയെന്ന് തോന്നി..
“”പണിക്കരെ വിളിക്ക്… ഈ ആഴ്ച തന്നെ മുഹൂർത്തം കുറിച്ച് തരാൻ പറയൂ. ആനന്ദ് ന്റെ വീട്ടുകാരോട് നാളെ തന്നെ ഇവിടെ എത്താൻ പറയണം.
അവനുമായിട്ടുള്ള വിവാഹത്തിന് സമ്മതിക്കാതെ പച്ച വെള്ളം പോലും കൊടുക്കരുത് ജന്തുവിന്.. “”
തലയിലാരോ കൂടം കൊണ്ടടിച്ചത് പോലെ തോന്നി വൈദേഹിക്ക്.. ആ ആഭാസന്റെ താലിക്ക് മുൻപിൽ കഴുത്തു നീട്ടുന്നതിലും നല്ലത് മ രണമാണെന്ന് തോന്നി..
“നന്ദൻ തിരികെ എത്തും മുൻപ് വിവാഹം കഴിഞ്ഞു ഇവളീ വീട്ടിൽ നിന്നും പോയിരിക്കണം.”
അറുത്തുമുറിച്ചു പറഞ്ഞിട്ട് അവജ്ഞയോടെ ഒന്ന് നോക്കി കടന്നു പോകുന്ന മുത്തശ്ശിയെ നോക്കാൻ കഴിയാതെ കണ്ണുകൾ അടച്ചിരുന്നു..
മുൻപിൽ അപ്പോൾ ഒരേയൊരു പ്രതിരൂപം മാത്രമാണ് ഉണ്ടായിരുന്നത്… നന്ദേട്ടന്റെ… അർഹത ഇല്ലെന്നറിഞ്ഞിട്ടും ആഗ്രഹിച്ചു പോയി..
ഇരുട്ട് നിറഞ്ഞ മുറിയിൽ ജനലഴികളിൽ കൂടി പുറത്തേക്ക് നോക്കി ഇരിക്കുമ്പോൾ മനസ്സ് വീണ്ടും കഴിഞ്ഞ കാലത്തിലേക്ക് പോയി…
പതിവ് പോലെ സ്കൂളിലെ ജോലി കഴിഞ്ഞു വന്നപ്പോഴാണ് മുറ്റത്തൊരു കാർ കിടക്കുന്നത് കാണുന്നത്. പുതിയ അതിഥി ആരാണെന്ന സംശയത്തിൽ നെറ്റി ഒന്ന് ചുളിഞ്ഞു..
അകത്തേക്ക് കയറിയപ്പോൾ കണ്ടു മുത്തശ്ശിയുടെ മടിയിലേക്ക് ചാഞ്ഞു ഒരു ചെറുപ്പക്കാരൻ കിടക്കുന്നത്.
നുണക്കുഴി നിറഞ്ഞ ആ കവിളുകളാണ് ആദ്യം കണ്ടത്.. അയാൾ ചിരിക്കുമ്പോൾ താടിയുടെ ഇടയിൽ കൂടി പോലും അവ തെളിഞ്ഞു കാണുന്നുണ്ടെന്ന് തോന്നി..
എന്തോ പറഞ്ഞു തിരിഞ്ഞപ്പോഴാണ് എന്നേ കണ്ടത്.. ആ കണ്ണുകൾ ഒന്ന് കുറുകി ചെറുതായ പോലെ തോന്നി.. എന്നേ സൂക്ഷ്മമായി നോക്കുന്ന ആ കണ്ണുകളുടെ മുൻപിൽ നിൽക്കാൻ എനിക്കെന്തോ ജാള്യത തോന്നി.
നന്ദന്റെ നോട്ടം പിന്തുടർന്നാണ് ജാനകി വൈദേഹിയെ കാണുന്നത്. “”ഓഹ്.. ഇവളാണോ… മാധവന്റെ കൂട്ടുകാരന്റെ മോളാ.. ദുബായിൽ അവരൊന്നിച്ചായിരുന്നു …
പത്തു കൊല്ലം മുന്നേ ഇവളുടെ തന്തേം തള്ളേം അങ്ങ് പോയി എന്തോ ഒരപകടത്തിൽ..
പ്രേമ കല്യാണം ആയിരുന്നോണ്ട് വേറെ ആരും ഇല്ലായിരുന്നു. അങ്ങനെ അവനിങ്ങു കൂട്ടി.. ഇപ്പൊ ഇവിടെ ഒരു സഹായമാണ്..”
മുത്തശ്ശിയുടെ വാക്കുകൾ കേട്ടപ്പോൾ അറിയാതെ കണ്ണുകൾ നിറഞ്ഞു വരുന്നുണ്ടായിരുന്നു. അല്ലെങ്കിൽ തന്നെ പറഞ്ഞതിൽ എന്താണ് തെറ്റ്… ഒക്കെ ശെരിയാണ്..
താനിവിടെ അടുക്കളക്കാരിയാണ്.. മുത്തശ്ശി എന്ന് മനസ്സിൽ വിളിക്കുകയെ ഉള്ളു.. നേരിട്ടെങ്ങാനും വിളിച്ചാൽ അന്ന് പുളിവടിയുടെ നീറ്റൽ അറിയും…
“എന്ത് സ്വപ്നം കണ്ടോണ്ട് നിൽക്കുവാടി… പോയി ചായ എടുക്ക്.. നന്ദന് ഇത്തിരി ഏലക്ക കൂടി ചേർത്തേരെ.. ”
മുത്തശ്ശിയുടെ ശകാരം കേട്ടപ്പോൾ തല താഴ്ത്തി അടുക്കളയിലേക്ക് നടന്നു….
അപ്പോഴും ആ കണ്ണുകൾ എന്റെ ചലനങ്ങൾ അത്രയും ഒപ്പിയെടുക്കുന്നത് അറിയാൻ കഴിയുന്നുണ്ടായിരുന്നു..
വല്ലാത്ത ഒരു പരിഭ്രാമം വന്നു മൂടി.. ചായ കൊണ്ട് കൊടുക്കുമ്പോഴും കൈകൾ വിറച്ചിരുന്നു..
ആകെ പരിഭ്രമം നിറഞ്ഞ അവളെ കാണുംതോറും നന്ദന് വല്ലാത്ത കുസൃതി തോന്നി.
“ഞാൻ മുറിയിലേക്ക് ചെല്ലട്ടെ മുത്തശ്ശി. ഇനി എന്തായാലും പുതിയ പ്രൊജക്റ്റ് തീരും വരെ ഇവിടെ തന്നെ ഉണ്ടാകും…”
വൈദേഹിയെ ഒന്ന് നോക്കിക്കൊണ്ടായിരുന്നു അവനത് പറഞ്ഞത്..
അവളൊന്നും മിണ്ടാതെ വേഗം അടുക്കളയിലേക്ക് നടന്നു…
രാത്രി ആഹാരം വിളമ്പുമ്പോഴും അവളിൽ തന്നെയായിരുന്നു അവന്റെ മിഴികൾ. നോക്കുന്നത് അറിഞ്ഞിട്ടാകാം പലപ്പോഴും ശ്രദ്ധക്കുറവ് കൊണ്ട് കറികൾ തുളുമ്പി പോയിരുന്നു അവളുടേ കൈയിൽ നിന്നും.
മുത്തശ്ശി ശകാരിക്കുമ്പോൾ അവളവനെ ഒന്ന് കണ്ണ് കൂർപ്പിച്ചു നോക്കും… വീണ്ടും അവളുടെ ജോലിയിലേക്ക് കടക്കും..
പിന്നീടുള്ള ദിവസങ്ങളിലെല്ലാം ഇത് തന്നെയായിരുന്നു പതിവ്.
രാവിലെ ജോഗിങ് നു പോകാൻ ഇറങ്ങുമ്പോഴേക്കും അവൾ അടുക്കളയിലെ ജോലിയൊക്കെ തീർത്തു പുറത്തേക്ക് വരുന്നത് കാണാം. അവനെ കണ്ടു കഴിഞ്ഞാൽ വെപ്രാളത്തോടെ വേഗം മുറിയിലേക്ക് നടക്കും..
തിരിച്ചെത്തുമ്പോൾ അവൾ മുറ്റമടിക്കുകയാകും..
“”അസത്ത്… ഇന്നത്തെ ദിവസം കളയാനാണോ ചൂലും പിടിച്ചു ന്റെ കുട്ടീടെ മുൻപിൽ നിൽക്കുന്നതെന്ന്””
മുത്തശ്ശിയുടെ ശബ്ദം ഉയരുമ്പോൾ പേടിയോടെ ചൂല് പിന്നിലേക്കാക്കി അവൾ തല താഴ്ത്തി നിൽക്കും..
വിയർത്തൊലിച്ചു ചെറിയ പരിഭ്രമത്തോടെ മുഖം കുനിച്ചു നിൽക്കുന്ന അവൾക്ക് അപ്പോൾ വല്ലാത്തൊരു ചേലുണ്ട് എന്ന് തോന്നി അവന്.
ആ വീട്ടിലെ ദിവസം തുടങ്ങുന്നതും അവസാനിക്കുന്നതും അവളിലാണെന്ന് തോന്നി.. ഓഫീസിലേക്ക് പോകാൻ ഇറങ്ങുമ്പോൾ നേരം വൈകി എന്ന പോലെ സാരിതുമ്പ് അരയിൽ കൂടി ചുറ്റി അവളോടി പോകുന്നത് കാണാം.
കാറിലേക്ക് കേറാൻ വിളിച്ചാലും പേടിയോടെ അകത്തേക്ക് ഒന്ന് നോക്കും… പിന്നെ ഇല്ലെന്ന് തലയാട്ടി വീണ്ടും കാത്തുനിൽക്കാതെ വേഗത്തിൽ മുന്നോട്ട് നടക്കും.
ഇടക്കെപ്പോഴൊക്കെയോ അവളും ശ്രദ്ധിക്കുന്നുണ്ട് എന്നറിയാമായിരുന്നു.. തന്നെ കാണുമ്പോൾ പരിഭ്രമത്തോടെ മുഖം തിരിക്കുമെങ്കിലും ആ കവിലുകളിലെ നാണത്തിന്റെ ചുവപ്പ് രാശി അവൻ മാത്രം കണ്ടിരുന്നു..
വാതിലിൽ ശക്തിയായി ആരോ കൊട്ടിയപ്പോൾ അവളൊന്ന് ഓർമ്മയിൽ നിന്നുണർന്നു… നേരം പുലർന്നെന്ന് തോന്നി..
മുത്തശ്ശിയാണ്..
“”നാളെ രാവിലെയാണ് മോതിരം മാറ്റം. അതിന് മുൻപ് കരയാനുള്ളതെല്ലാം കരഞ്ഞു തീർത്തിട്ട് പുറത്തേക്ക് ഇറങ്ങിയാൽ മതി.. “”
“”ജാനകിയെ നിനക്കറിയാല്ലോ…” ഭീഷണി നിറഞ്ഞ വാക്കുകൾക്ക് മുൻപിൽ തല കുനിച്ചു നിന്നു..
നന്ദേട്ടൻ ഇന്നലെ അണിയിച്ച മോതിരത്തിൽ ചുണ്ടുകളമർത്തി ഇരുന്നു… ഇന്നും തെളിമയോടെ ആ നിമിഷം മനസ്സിൽ നിറഞ്ഞു നിൽക്കുന്നു..
വെറുതെ നാട്ടിലൂടെ ഒക്കെ ഒന്ന് നടക്കാൻ ഇറങ്ങിയതായിരുന്നു നന്ദൻ. വന്നിട്ട് കുറച്ചു ദിവസം കഴിഞ്ഞെങ്കിലും ഇതുവരെ ഈ നാട് കാണാൻ കഴിഞ്ഞില്ല..
കുറച്ചു ദൂരം മുന്നോട്ട് പോയപ്പോഴാണ് കരഞ്ഞുകൊണ്ട് റോഡിൽ കൂടി വരുന്ന വൈദേഹിയെ കാണുന്നത്. നന്ദനെ കണ്ടതും അവൾ കണ്ണുകൾ തുടച്ചു… തല താഴ്ത്തി ഒന്നും സംഭവിക്കാത്തത് പോലെ കടന്നു പോകാൻ ശ്രമിച്ചെങ്കിലും അവൻ തടഞ്ഞിരുന്നു..
“”എന്തിനാ നീ കരഞ്ഞത്…”” ഗൗരവം നിറഞ്ഞ ചോദ്യം
“”ഒന്നുമില്ല”” എന്ന് പറഞ്ഞൊഴിയാൻ ശ്രമിച്ചുവെങ്കിലും അവന്റെ വാശിക്ക് മുൻപിൽ കീഴടങ്ങേണ്ടി വന്നു…
കേട്ട ഉടനേ ആ കണ്ണുകൾ ചുവന്നു വരുന്നതും മുഷ്ടി ചുരുളുന്നതും കണ്ടു..
ഒരു വാക്ക് പോലും പറയാതെ അവളെയും പിടിച്ചു വലിച്ചു മുന്നോട്ട് നടന്നു…
എന്താ സംഭവിക്കുന്നെ എന്ന് മനസ്സിലായത്..
“”എന്റെ പെണ്ണിനെ തന്നെ വേണമല്ലേടാ നിനക്ക് കൂട്ട് കിടക്കാൻ “”
എന്നൊരലർച്ചയോടെ ആനന്ദിനെ ച വിട്ടി താഴേക്ക് വീഴ്ത്തിയപ്പോളായിരുന്നു..
കലി തീരും വരെ അയാളെ പൊ തിരെ ത ല്ലുന്ന നന്ദേട്ടനെ ശ്വാസമെടുക്കാതെ നിന്ന് നോക്കിപ്പോയി..
ഒടുവിൽ അയാൾ തളർന്നു വീണപ്പോൾ നന്ദൻ അവളുടേ അരികിലേക്ക് നടന്നു ചെന്നു. ഒരു നിമിഷം പോലും അമാന്തിക്കാതെ അവന്റെ കൈയിലെ മോതിരം അവളുടേ വിരലിലേക്ക് അണിയിച്ചു കൊടുത്തു..
പകച്ചു നിന്ന് പോയി വൈദേഹി..
“”അറിയാം നിന്നോടിത് വരെ പറഞ്ഞിട്ടില്ലെന്ന്… പക്ഷേ ആദ്യം കണ്ട ദിവസം മുതൽ ഈ നന്ദന്റെ നെഞ്ചിൽ കയറിയത ഈ മുഖം…. ഇന്ന് തന്നെ ഞാൻ വീട്ടിലേക്ക് പോയി അമ്മയെ കൂട്ടി വരാം കുറച്ചു ദിവസത്തിനകം… നിന്നെ മറ്റാർക്കും വിട്ട് കൊടുക്കാൻ വയ്യെടി…””
അതും പറഞ്ഞു അവനാ നെറുകയിൽ ചുണ്ട് ചേർക്കുമ്പോൾ കനലെരിയുന്ന കണ്ണുകളുമായി ആ കാഴ്ച നോക്കി നിന്ന ജാനകിയമ്മയെ ശ്രദ്ധിച്ചിരുന്നില്ല..
മരിച്ച മനസ്സുമായാണ് അടുത്ത ദിവസം തയ്യാറായത്…. നന്ദേട്ടന്റെ കൂടെ അല്ലാതെ ഒരു ജീവിതം കഴിയുമായിരുന്നില്ല…
മറ്റൊരാൾ അണിയിക്കുന്ന താലി ഏറ്റ് വാങ്ങാൻ ജീവനോടെ ഉ ണ്ടാകില്ല എന്നുറപ്പിച്ചാണ് ഒരുങ്ങാൻ ഇരുന്ന് കൊടുത്തത്…
മുത്തശ്ശി ആയിരുന്നു കൈ പിടിച്ചു ഉമ്മറത്തേക്ക് കൊണ്ട് പോയത്. വല്ലാത്ത ശക്തിയിൽ ഞെരിഞ്ഞമരുന്നുണ്ടായിരുന്നു വിരലുകൾ..
“”പറഞ്ഞത് ഓർമ്മയുണ്ടല്ലോ… ഇന്നിവിടെ എന്തെങ്കിലും പ്രശ്നം നടന്നാൽ ഈ ജാനകി ദേവിയുടെ മറ്റൊരു മുഖം നീ കാണും.. “”
തലകുനിച്ചു നിന്നതേ ഉള്ളു… ആരോ അടുത്തേക്ക് വന്നു നിൽക്കുന്നത് അറിഞ്ഞിരുന്നു..
കണ്ണുകൾ അടച്ചു പിടിച്ചു… ആരോ കൈയിൽ പിടിച്ചു മോതിരം അണിയിക്കുന്നത് അറിഞ്ഞിരുന്നു.. മോതിരത്തിന്റെ തണുപ്പ് വിരലിൽ കൂടി അരിച്ചിറങ്ങിയപ്പോൾ കണ്ണുകൾ രണ്ടും നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു..
“”ഇവനെന്താ ഇവിടെ…. ആനന്ദ് എവിടെ”” എന്ന മുത്തശ്ശിയുടെ അലർച്ച കേട്ടപ്പോളാണ് കണ്ണുകൾ തുറക്കുന്നത്.. ചിരിയോടെ നന്ദേട്ടൻ അരികിൽ നിൽക്കുന്നുണ്ടായിരുന്നു. വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല..
“”ഇത്രയെങ്കിലും ഞാനിവൾക്ക് വേണ്ടി ചെയ്തില്ലെങ്കിൽ എന്റെ ദേവന്റെ ആത്മാവ് എന്നോട് പൊറുക്കില്ല അമ്മേ… “”അതും പറഞ്ഞു മാധവമ്മാമ നന്ദേട്ടന്റെ കൈയിലേക്ക് എന്റെ കൈ നിറ കണ്ണുകളോടെ ചേർത്ത് വച്ചു..
“ഇപ്പോൾ തന്നെ ഒരു മുഹൂർത്തം ഉണ്ട്. നീ ഇവളെ താലി കെട്ടിക്കോ നന്ദ… അല്ലെങ്കിൽ എന്റെ അമ്മക്ക് വീണ്ടും എന്തെങ്കിലും ഒക്കെ തോന്നും.. “”
അതും പറഞ്ഞു മാധവമ്മാമ താലി എടുത്തു നീട്ടിയതും നന്ദേട്ടൻ അതെന്റെ കഴുത്തിൽ അണിയിച്ചിരുന്നു…
നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ ആ നെഞ്ചിലേക്ക് വീണ് പൊട്ടിക്കരയുമ്പോൾ
“”പറഞ്ഞതല്ലെടി… നിന്നെ ഞാൻ വിട്ട് കൊടുക്കില്ലെന്ന് “” പറഞ്ഞു നന്ദേട്ടന്റെ കൈകളും എന്നേ ചുറ്റി വരിഞ്ഞിരുന്നു..