(രചന: Aneesh Pt)
കുമാരനോട് ഞാൻ പറഞ്ഞിട്ടുള്ളതല്ലേ എന്റെ മോളെ ഞാനൊരു സർക്കാരുദ്യോഗസ്ഥനെ കൊടുക്കോളുന്നെ.
അല്ല മേനോൻ ചേട്ടാ, ചെക്കനു സ്വന്തമായിട്ടു ടൗണിൽ ഒരു കടയൊക്കെയുണ്ട് പിന്നെ കുറച്ചു സ്ഥലവും അവിടെയൊക്കെ കപ്പയും വാഴയും തോനെ കൃഷിയാന്നെ, പോരാത്തതിന് മൂന്നാലു പശുവും അഞ്ചേട്ടു ആടുകളും
എങ്ങനെയൊക്കെ കൂട്ടിക്കിഴിച്ചാലും ഒരു സർക്കാരു ഉദ്യോഗസ്ഥൻ മേടിക്കുന്നതിന്റെ ഡബ്ബിൾ
പൈസ ഒരു മാസം നമ്മടെ ചെക്കൻ ഉണ്ടാക്കുമെന്ന്.
കുമാരനറിയാലോ ഇവിടുത്തെ പെണ്ണിന് ബാങ്കിൽ ആണെന്ന് ജോലി. അതുകൊണ്ട് അവളെ കല്യാണം കഴിക്കുന്ന ചെറുക്കൻ ഒരു ഗവണ്മെന്റ് ജീവനക്കാരൻ ആവണമെന്ന് എനിക്കു നിർബന്ധമുണ്ട്.
പിന്നെ നല്ലൊരു മഴ പെയ്താൽ തീരാവുന്നുള്ളു ഇപ്പറഞ്ഞ കപ്പയും വാഴയും, ദീപ മോള് പിന്നെ പാലൊന്നും കുടിക്കത്തുമില്ല. കുമാരൻ പോയിട്ട് നല്ല ഉദ്യോഗമുള്ള പയ്യന്മാരെയും കൊണ്ടുവാ.
കുമാരൻ പിറുപിറുത്തുകൊണ്ടു മുറ്റത്തേക്കിറങ്ങി.
ഡാ മോനെ സന്ദീപേ കുറച്ചു അപ്പുറത് നീങ്ങി നല്ലൊരു പെണ്ണുണ്ട്, നമുക്കന്ന അങ്ങോട്ടൊന്നു പോയി നോക്കിയാലോ.
അതെന്താ കുമാരേട്ടാ ഇവിടുത്തെ പെണ്ണിനെ കാണാൻ അപ്പുറത്താണോ പോകുന്നത്.
അല്ല മോനെ നമുക്കിത് ശരിയാവില്ല. അതാണ് മോനെ ഇവിടെ നിർത്തിയിട്ടു ഞാനാദ്യം അകത്തോട്ടു പോയത്.
കാർന്നോരു ഗവണ്മെന്റ് ഉദ്യോഗം ഉള്ളവർക്കേ പെണ്ണിനെ കൊടുക്കോളുലെ കുമാരേട്ടാ.
അത് പിന്നെ മോൻ എല്ലാം കേട്ടെർന്നോ.
എന്റെ ചെവി പൊട്ടയൊന്നുമല്ല കുമാരേട്ട…
മോന് ഞാൻ നല്ല തങ്കം പോലൊരു പെണ്ണിനെ തന്നെ കണ്ടുപിടിച്ചു തരും.
കുമാരേട്ടൻ എന്നെ നോക്കി കറപിടിച്ച പല്ലുകാട്ടി ചിരിച്ചു.
ഏതായാലും ഇന്നിനി ഞാനെങ്ങുമില്ല കടയിലേക്ക് കുറച്ചു സാധനങ്ങൾ എടുക്കാനുണ്ട്.
മോനെ സന്ദീപേ ഇതിന്റെ അപ്പുറത്താണ് ആ കൊച്ചു ഒന്നു കേറിയെച്ചു പോവന്നെ.
ഒരു പെണ്ണിനെ കാണാൻ പോകുമ്പോൾ ഇതിന്റെ അപ്പുറതു ഒരു പെണ്ണുണ്ട് അതിന്റെ ഇപ്പുറത്തു വേറൊരു പെണ്ണുണ്ട് എന്നു പറയുന്ന ബ്രോക്കര്മാരുടെ സ്ഥിരം നമ്പർ എന്നോട് ഇറക്കല്ലേ കുമാരേട്ടാ.
പത്തോ നൂറോ വേണേ കടയിൽ ആ ബംഗാളി പയ്യനോട് ചോദിച്ചു വാങ്ങിച്ചോ.
ഇത്രയും പറഞ്ഞു കുമാരേട്ടനെ നോക്കിയൊന്നു ചിരിച്ചിട്ടു ഞാൻ ബൈക്കെടുത്തു വിട്ടു.
വൈകീട്ട് ഉണ്ണാൻ ഇരുന്നപ്പോ അമ്മ രാവിലെ കാണാൻ പോയ പെണ്ണിനെ കുറിച്ച് ചോദിച്ചു. എന്റമ്മേ നല്ല തൂവെള്ള നിറം, കണ്ണാണെങ്കിൽ കരിംകൂവള മിഴികൾ, പിന്നെ മൂക്കാണെങ്കിൽ പറയേ വേണ്ട..
എന്തെ മൂക്കില്ലേ,, അനിയത്തി മീനു പുറകിൽ നിന്നും ഇളിച്ചു കൊണ്ടു പറഞ്ഞു.
മൂക്കുണ്ട് പക്ഷേ നിന്നെ പോലത്തെ നത്തു മൂക്കല്ല..
ഒന്നു നിറുത്തുന്നുണ്ടോ രണ്ടുപേരും.. അമ്മ ദേഷ്യത്തോടെ സാമ്പാർ വിളമ്പിയ തവി ഒച്ചയോടെ പാത്രത്തിലേക്കിട്ടു.
എന്റമ്മേ ആ കാർന്നോരു പെണ്ണിനെ സർക്കാരുദ്യോഗം ഉള്ളവർക്കേ കെട്ടിച്ചു കൊടുക്കുയെന്നു.
എന്റെ കൃഷ്ണാ ഈ പെണ്പിള്ളേരുടെ തന്തമാര് ഇങ്ങനെ തുടങ്ങിയാൽ ഇന്നാട്ടിലെ ചെക്കന്മാരുടെ അവസ്ഥ എന്താകും.
ഏട്ടാ എനിക്കും ഒരു ഗവണ്മെന്റ് ജോലിക്കാരനെ മതിയിട്ടോ.. മീനു ചിരിച്ചു കൊണ്ടു പറഞ്ഞു.
നിന്നെ ആ തെക്കേലെ സുധി ബസ് കയറാൻ നിക്കുമ്പോൾ കയ്യും കാലും കാണിക്കുന്നത് ഞാൻ അറിയണില്ലാ എന്ന കരുതിയെ.
ഏതു സുധി എനിക്കൊന്നും അറിയില്ല.
അമ്മേ ഇതു കേട്ടോ ഇവൾക്കൊന്നും അറിയില്ലാന്നു. നീയും കണ്ണുകൊണ്ടു കഥകളി കാണിക്കാറുണ്ടല്ലോ.
എന്റെ വിളിക്കു അമ്മ അടുക്കളയിൽ നിന്നു കൊണ്ടു ചിരിച്ചു.
അമ്മേ ദേ ഈ ഏട്ടൻ.. ഇതു പറഞ്ഞു അവൾ മുറിയിലേക്കോടി.
പിറ്റേന്ന് രാവിലെ കടയിലെത്തിയപ്പോൾ കുമാരേട്ടൻ ഹാജർ ഉണ്ടായിരുന്നു. അമ്മ വിളിച്ചു ആധിയോടെ എന്തെങ്കിലും വിളിച്ചു പറഞ്ഞു കാണും അതാണ് മൂപ്പര് ഇത്ര രാവിലെ തന്നെ ഇവിടെയെത്തിത്.
എന്താ കുമാരേട്ടാ രാവിലെ തന്നെ.
മോനെ നല്ലൊരു കേസ് വന്നിട്ടുണ്ട്. ഒന്നു പോയാലോ.
എന്റെ പൊന്നു കുമാരേട്ടാ ഇനി കുറച്ചു ദിവസം കഴിഞ്ഞിട്ടേ ചായ കുടിക്കാൻ പോകുന്നുള്ളൂ.
മോനെ ഇത്..
തൽക്കാലം കുമാരേട്ടൻ പോയി ഒരു ചായ കുടിക്കെന്ന് പറഞ്ഞു പോക്കെറ്റിൽ നിന്നും ഒരു നൂറു രൂപയെടുത്തു കയ്യിൽ കൊടുത്തു.
ഞാൻ അടുത്ത ആഴ്ച വരാമെന്നു പറഞ്ഞു കുമാരേട്ടൻ ആൾക്കൂട്ടത്തിൽ മറഞ്ഞു.
സേട്ടാ ദേ മോൾക്ക് ഇന്ന് ഒരു വയസു തികഞ്ഞു എന്ന് പറഞ്ഞു ബംഗാളി സഹായി ചോട്ടു ഭായ് അവന്റെ മൊബൈലുമായി വന്നു. അവന്റെ കുഞ്ഞിനെ കാണാൻ അവന്റെ അതെ ചായയുണ്ടെന്നു ഞാൻ മുറി ഹിന്ദിയിൽ പറഞ്ഞൊപ്പിച്ചു.
അതു കേട്ടപ്പോൾ അവന്റെ മുഖം സന്തോഷം കൊണ്ടു വിടർന്നു. കട അവനെയേൽപ്പിച്ചു കുറച്ചു കീറിയ നോട്ടുകൾ മാറാനായി ഞാൻ ബാങ്കിലേക്ക് പോയി.
തിങ്കളാഴ്ച ആയതിനാൽ ബാങ്കിൽ നന്നേ തിരക്കുണ്ടായിരുന്നു. തിരക്കിൽ കൂടുതലും ഭായിമാരാണ്. കേരളത്തിൽ വന്നു അധ്വാനിച്ചു നാട്ടിലേക്കു പണമയ്ക്കാൻ ഓരോരുത്തരും തിരക്കു കൂട്ടുന്നു.
തിരക്കിനൊടുവിൽ ക്യാഷ് കൗണ്ടറിലെത്തി.
അല്ല സന്ദീപേട്ടനല്ലേ ‘”
ഇതെവിടുന്നപ്പ ഈ കിളിനാദം എന്നോർത്ത് പുറകിലേക്ക് നോക്കിയപ്പോൾ, അവിടെയല്ല ഇവിടെയെന്നു അറിയിച്ചുകൊണ്ട് ഒരു കറുത്ത ലെക്സി പേന ക്യാഷ് കൗണ്ടറിനുള്ളിൽ നിന്നും ചെറു ധ്വാരത്തിലൂടെ പുറത്തേക്കു വന്നു.
ഞാനൊന്നു കുനിഞ്ഞു ഉള്ളിലേക്ക് നോക്കിയപ്പോൾ കണ്ണട വച്ചു ഒരു സുന്ദരി പെണ്ണ് ചിരിച്ചു എന്നെ നോക്കിയിരിക്കുന്നു.
ആരോടാ ബാല എന്ന ഒരു ആംഗ്യത്തോടെ ഞാൻ കയ്യുയർത്തി എന്റെ നെഞ്ചിൽ കുത്തി.
സന്ദീപേട്ടനല്ലേ ‘”
അതെ,, എങ്ങനെ അറിയും എന്നെ മുൻപ് ഇവിടെ ക്യാഷ് കൗണ്ടറിലൊന്നും ഞാൻ ‘” ഞാൻ വിക്കി വിക്കി പറഞ്ഞൊപ്പിച്ചു.
സന്ദീപേട്ടൻ ഇന്നലെ പെണ്ണ് കാണാൻ വന്നത് എന്നെയാണ്. അവൾ സ്വരം താഴ്ത്തി പറഞ്ഞു.
ആണോ.. ഞാനൊന്നു ചമ്മി.
അവൾ നോട്ട് മെഷിനിൽ വച്ചു. ആയിരത്തി അമ്പതല്ലേ അല്ലെ മൊത്തം അവളൊന്നു ചിരിച്ചു ചോദിച്ചു.
ആയിരത്തി ഒരുന്നൂറ്റി അൻപതില്ലേ അത്.
ഒന്നുകൂടി ഒന്നു നോക്കട്ടെട്ടോ.
സത്യത്തിൽ ആയിരത്തി അൻപതേ ഉള്ളു പിന്നെ എണ്ണുമ്പോൾ എനിക്കും ഒന്നുകൂടിയൊന്നു നോക്കാലോ ഞാൻ മനസ്സിൽ പറഞ്ഞു.
അവൾ നോട്ട് മെഷിനിൽ നിന്നും നോട്ടെടുത്തു എന്നി തുടങ്ങി.
ഇതു ആയിരത്തി അൻപതു ഉള്ളൂട്ടോ.
ആയിക്കോട്ടെ. ഞാൻ ഒന്നു ചമ്മലോടെ പറഞ്ഞു. നോട്ട് മായി ഇറങ്ങവേ ഞങ്ങൾ ഇരുവരും പരസ്പരം ഒന്നുകൂടി നോക്കാൻ മറന്നില്ല.
ഉച്ചകഴിഞ്ഞു കടയിൽ ഇരിക്കുമ്പോഴും ബാങ്കിൽ പോയതിന്റെ ഓർമ എന്നെ വിട്ടുമാറിയിരിയിരുന്നില്ല. ഇന്നലെ വെറുതെ ആണെങ്കിൽകൂടിയും അമ്മയോട് അവളെകുറിച്ച് വിവരിച്ചതോർത്തു ഞാൻ വെറുതെയിരുന്ന് ചിരിച്ചു.
എന്താ മാഷേ വെറുതെയിരുന്ന് ചിരിക്കുന്നത് പെട്ടെന്നാണ് ഞാൻ ചിന്തകളിൽ നിന്നും ഉണർന്നത്. നോക്കുമ്പോൾ ദീപ മുന്നിൽ നിൽക്കുന്നു.
അല്ല താനെന്താ ഇവിടെ.
എന്താ കടയിൽ സാധനം വാങ്ങാൻ വന്നുകൂടെ.
അതല്ല, പെട്ടെന്ന് ഇവിടെ കണ്ടപ്പോൾ. ഞാനൊന്നു പരുങ്ങി.
ഞാൻ നേരിൽ കണ്ടു മാപ്പ് പറയാൻ വേണ്ടി വന്നതാണ്. ഇന്നലെ അച്ഛൻ വളരെ മോശമായി….
ഏയ്യ് അതൊന്നും സാരമില്ല,, എനിക്കൊരു വിഷമവും അതുകൊണ്ട് ഉണ്ടായില്ല. ദീപയുടെ അച്ഛന്റെ ആഗ്രഹമല്ലേ..
കടയിൽ ഒന്നു രണ്ടു പേര് വരുന്നത് കണ്ടപ്പോൾ ശരിയെന്നു പറഞ്ഞു ദീപ തിരികെ നടന്നു പോയി. ഒന്നു തിരിഞ്ഞു നോക്കുമെന്നു ചിന്തിച്ചെങ്കിലും അതുണ്ടായില്ല.
അന്ന് രാത്രി ഉറങ്ങാൻ കിടന്നപ്പോഴും വെറുതെ ദീപയെ ഓർത്തു.. പിറ്റേന്ന് കടയിലിരിക്കുമ്പോൾ രാവിലെ തന്നെ ദീപ വരുന്നത് കണ്ടു.
സന്ദീപേട്ട ഒരു പേന “‘
അതെന്നാ അത്രയും വലിയ ബാങ്കിൽ ഒരു പേന എടുക്കാനില്ലേ.
ഇവിടെ നിന്നും പേന തരില്ലെന്നുണ്ടോ.
അതിനു മറുപടി പറയാതെ ഞാൻ ഒരു പേനയെടുത്തു. അപ്പോഴേക്കും എവിടെനിന്നോ കുമാരേട്ടൻ കടയിൽ ഹാജരാറായി.
മോനെ സന്ദീപ് നല്ല പൂവമ്പഴം പോലെതൊരു കൊച്ചു അങ്ങ് തൊടുപുഴയിൽ. ഈ ഞായറാഴ്ച തന്നെ നമുക്കങ്ങു പോകാം മോനെ.
ഞാനില്ല കുമാരേട്ടാ ഇപ്പോഴത്തെ പെണ്ണുങ്ങൾക്ക് ഗവണ്മെന്റ് ജോലിക്കാരെ അല്ലെ വേണ്ടു, ഇത് പറഞ്ഞു ഞാൻ ദീപയെ ഒന്നു നോക്കി.
ദീപയുടെ മുഖം ഒന്നു ചുളുങ്ങി.
എന്റെ മോനെ ആ പരട്ട നായരോടും അയാളുടെ ആ പത്രാസുകാരി മോളോടും പോയി പണി നോക്കാൻ പറ.
ഈശ്വരാ കാലന്റെ കയ്യിന്നു പോയല്ലോ…
കൂടുതലായി കുമാരേട്ടന്റെ വായിൽനിന്നും വീഴുന്നതിനു മുൻപായി ഞാൻ ഇടയിൽ കയറി, എന്റെ കുമാരേട്ടാ ഒന്നു നിർത്തു ദേ ഈ കൊച്ചു തന്നെ ആണ് അത്.
കുമാരേട്ടൻ ഒന്നു പകച്ചു,, ദീപയുടെ ഒറ്റ നോട്ടത്തിൽ കുമാരേട്ടൻ അപ്രത്യക്ഷമായി. പിനീട് പലപ്പോഴായി ദീപ കടയിൽ വന്നു പോയിക്കൊണ്ടിരുന്നു. ഒരു ദിവസം കുറച്ചു പരുങ്ങി ഞാൻ ദീപയോട് ചോദിച്ചു.
ദീപക്ക് വേറെ ഗവണ്മെന്റ് ജോലിക്കാരുടെ ആലോചനയൊന്നും വന്നില്ലേ. അതിനു മറുപടി ക്രൂരമായ ഒരു നോട്ടം ആയിരുന്നു. പിന്നെ പതിയെ ചെവിയിൽ എനിക്കു ഈ പലചരക്കു കടക്കാരനെ മതിയെന്ന് പറഞ്ഞു ചിരിച്ചിട്ടു പോയി.
കുറച്ചു ഒച്ചപ്പാടും ബഹളവും അവളുടെ തന്തപ്പടി ഉണ്ടാക്കിയെങ്കിലും അവൾ എന്നെ മതിയെന്ന് വാശിപിടിച്ചിച്ചു.
ഒടുവിൽ എന്നെ കെട്ടിയില്ലേ തൂങ്ങി ചാവുമെന്നു വരെ ഭീഷണി മുഴങ്ങിയപ്പോൾ തന്തപ്പടി ഫ്ലാറ്റ്. അവസാനം ഗവണ്മെന്റ് ജോലിക്കാരനു വെച്ച ഞാവൽ പഴം ഈ പലചരക്കു കടക്കാരന് തന്നെ കിട്ടി…