കനൽചൂളകൾ
(രചന: Aneesh Anu)
“ന്താ മാഷെ ഒരാലോചന”
‘ഒന്നുല്ലെടോ ചുമ്മാ’
“ചുമ്മാതൊന്നും അല്ല ആരായിരുന്നു ഫോണിൽ” കൊച്ചിനെ തൊട്ടിലിൽ കിടത്തി കൊണ്ട് പത്മ ശിവന്റെ അടുത്തേക്ക് വന്നു.
‘അച്ഛൻ’
“അതെന്തേ അമ്മയ്ക്ക് എന്തേലും വയ്യായ്ക” അവൾക്ക് ജിജ്ഞാസയേറി.
‘ഏയ് അമ്മക്ക് ഒന്നും കുഴപ്പമില്ല, മോന്റെ ഒന്നാം പിറന്നാൾ ആയില്ലേ’
“അതേ എത്ര പെട്ടെന്നാ ഒരു വർഷം പോയെലെ.”
‘പെട്ടെന്നോ 10 വർഷത്തെ കാത്തിരിപ്പ് കുത്തുവാക്ക് പഴി എന്തൊക്കെ സഹിച്ചു നീ’ അയാൾ ദീർഘനിശ്വാസം എടുത്തു.
“ഞാൻ ഓർക്കാൻ ആഗ്രഹിക്കാത്ത കാലം, ആകെ ആശ്വാസം ഏട്ടനും അമ്മയും മാത്രാരാരുന്നു” അവൾ പതിയെ അവന്റെ തോളിലേക്ക് ചാഞ്ഞു.
‘മ്മ് അതിനും കൂടെ ഇപ്പോ ഒരുപാട് സന്തോഷിക്കുന്നുണ്ടല്ലോ നമ്മൾ’
“അച്ഛൻ ന്തിനാ വിളിച്ചേ പറ”
‘അത് കൊച്ചുമോന്റെ പിറന്നാൾ വീട്ടിൽ വെച്ച് നടത്താമോ ചോദിയ്ക്കാൻ’
“തറവാട്ടിൽ വെച്ചോ” ആശ്ചര്യത്തോടെ അവൾ ചോദിച്ചു.
‘ മ്മ് അവിടെ തന്നെ’
“ആഹാ കൊള്ളാലോ ഏട്ടൻ എന്ത് പറഞ്ഞു”
‘നിന്നോട് ചോദിച്ചിട്ട് പറയാം എന്ന് പറഞ്ഞു’
“ഹാ പഴയ പെൺകോന്തൻ വിളി ഒന്നുടെ കേട്ടു കാണുംലോ”
‘ഏയ് ഒന്നും പറഞ്ഞില്ല’
“എത്ര പെട്ടെന്നാ ആളുകൾ മാറുന്നത് ലെ”. അവൾ ആലോചനയിൽ മുഴുകി.
ആ ദിവസം ഓർമകളിലേക്ക് ഓടിയെത്തി തറവാട് വീടുമുഴുവൻ അലങ്കരിച്ചു മുറ്റത്ത് പന്തൽ, വീട് നിറയെ ആളുകൾ.
താൻ മാത്രം അധികം ആരുടെയും കണ്ണിൽ പെടാതെ അടുക്കളവശത്ത് പാത്തും പതുങ്ങിയും അങ്ങനെ നിന്നു. ശിവേട്ടന്റെ അനിയന്റെ മോന്റെ ആദ്യ പിറന്നാൾ ആണ്.
കെട്ട് കഴിഞ്ഞു 10 വർഷം ആയിട്ടും കൊച്ചുണ്ടാവാത്തവൾ എന്ന പരിഹാസം കേട്ട് തഴമ്പിച്ചുവെങ്കിലും ഇടയ്ക്കിടെ മറ്റുള്ളവരുടെ മുന്നിൽ വെച്ചുള്ള അമ്മായച്ഛന്റെ കളിയാക്കൽ കേൾക്കാൻ വയ്യാത്തോണ്ട് ആണ് ഈ അടുക്കളഭരണം ഏറ്റെടുത്തത്.
അനിയന്റെ കല്യാണം കഴിഞ്ഞു മൂന്നാം മാസം അവൾക്ക് വയറ്റിലുണ്ടെന്ന് അറിഞ്ഞ നാൾ മുതൽ തന്റെ നേർക്കുള്ള പോര് വിളി കൂടുതലാണ്.
പാവം അമ്മായി സ്വന്തം ആങ്ങളയുടെ മകളെ മകന് കെട്ടിച്ചു കൊടുത്തത് കൊണ്ട് ഒന്നും പറയാനും വയ്യാത്ത അവസ്ഥയായിരുന്നു അവർക്ക്.
ആഘോഷം തുടങ്ങി കേക്ക് മുറിക്കാൻ നേരം എല്ലാവരും എത്തി അനിയനും ഭാര്യയും കൂടി ആദ്യം കുഞ്ഞിനെകൊണ്ട് കേക്ക് മുറിച്ചു.
അവകാശത്തിന് അനുസരിച്ചു ഓരോരുത്തരും വന്നു കുഞ്ഞിന് മധുരം ഒടുവിൽ തന്റെ നേർക്കും വിളി വന്നപ്പോഴാണ് സന്തോഷത്തിൽ ഓടിയെത്തിയത്.
“ആ മ ച്ചിയോന്നും എന്റെ പേരക്കുട്ടിക്ക് മധുരം കൊടുക്കണ്ട” അലർച്ച പോലെ അമ്മായച്ഛന്റെ ശബ്ദം കേട്ടപ്പോൾ നിന്ന നിൽപ്പിൽ അങ്ങ് തീർന്നു പോയെങ്കിൽ എന്ന് തോന്നി.
“നിനക്കിവളെ ഉപേക്ഷിച്ചു വേറേ വല്ല പെണ്ണിനേം കെട്ടിക്കൂടെ ടാ പെൺകോന്താ”
അയാൾ നിർത്താൻ ഉദ്ദേശമില്ല കയ്യിൽ എടുത്ത കേക്ക് കഷ്ണം അങ്ങനെ അവിടെ വെച്ച് നിറഞ്ഞ കണ്ണുകളോടെ തിരികെ നടന്നു മുറിയിൽ കയറി പുറകെ ഏട്ടനും എത്തി.
പറയാൻ വാക്കുകളൊന്നും കിട്ടാതിരുന്ന ആ മനുഷ്യന്റെ നെഞ്ചിൽ കിടന്ന് കുറെയേറെ കരഞ്ഞു. പുറമെ ആഘോഷങ്ങൾ തുടരുന്നപ്പോൾ അകത്തു രണ്ടുപേരുടെ കാര്യം എല്ലരും മറന്നു.
“നമ്മൾ ഇന്ന് ഇവിടെ നിന്ന് ഇറങ്ങുവാണ് എങ്ങോട്ട് എന്ന് ചോദിക്കണ്ട.”
‘ഇല്ലാ ഏട്ടാ എങ്ങോട്ട് ആണേലും ഏട്ടൻ ഉണ്ടല്ലൊ കൂടെ’
“ഇനിയിവിടെ ഇവരുടെ കുത്തുവാക്ക് കേട്ട് നമ്മൾ നില്കുന്നില്ല. എല്ലാം പാക്ക് ചെയ്തു വെച്ചോ ഞാനൊരു വണ്ടി വിളിക്കാം” ഉറച്ചശബ്ദത്തോടെ ഏട്ടൻ പറഞ്ഞു.
പിറന്നാൾ ആഘോഷം കഴിഞ്ഞു ആളുകൾ മടങ്ങി തുടങ്ങിയ നേരം തന്റെ കയ്യും പിടിച്ചു ഏട്ടനും ഇറങ്ങി.
“മ്മ് ചെല്ല് പെൺകോന്താ മ ച്ചിയേം കൊണ്ട് നീ ഏത് വരെ പോവും എന്ന് ഞാൻ കാണട്ടെ”
കസേരയിൽ ഇരിക്കുന്ന അയാളെ ഒ റ്റ ച വിട്ടിനു കൊ ല്ലാ നുള്ള ദേഷ്യം ആണ് അത് കേട്ടപ്പോൾ തോന്നിയത്. അന്ന് കേറിയതാണ് ഈ വീടിന്റെ പടി കഴിഞ്ഞ പത്ത് വർഷം അനുഭവിച്ചതെല്ലാം മാറി മറന്ന് ജീവിച്ചകാലം.
അധികം വൈകാതെ തന്നെ ആ സന്തോഷവാർത്ത ഞങ്ങളിലേക്ക് എത്തിച്ചേർന്നു ഒരുപാട് നാളത്തെ പ്രാർത്ഥനയുടെയും ചികിത്സയുടെയും ഫലം കിട്ടി.
താനൊരു അമ്മയാകാൻ പോകുന്നു എന്ന് പറഞ്ഞപ്പോ ലോകം കീഴടക്കിയ ആവേശം ആയിരുന്നു. അപ്പോഴും ഒന്നും പുറത്ത് കാണിച്ചില്ല പലവട്ടം ഒന്നും രണ്ടും മാസം കഴിഞ്ഞു നഷ്ടമായ ഓർമ്മകൾ വേട്ടയാടി.
‘നീ പേടിക്കേണ്ടടി ഒരു കുഴപ്പം ഉണ്ടാവില്ല സമാധാനം ആയിട്ടിരിക്ക്, ടാ ഞാനിനി ഇവള്ടെ പ്രസവം കഴിഞ്ഞേ തിരികെ പോകുന്നുള്ളൂ’ വിവരം അറിഞ്ഞപ്പോ ബാഗും തൂക്കി വീട്ടിലേക്ക് കേറിവന്നത് ആണ് ഇച്ചേച്ചി.
അമ്മയുടെ സ്ഥാനത്ത് തന്നെ ശുശ്രൂക്ഷിച്ചതും പരിപാലിച്ചതും എല്ലാം അവരായിരുന്നു.
“നീ എന്താ പെണ്ണെ ആലോചിച്ചു കൂട്ടുന്നെ” പെട്ടെന്ന് ഉള്ള ഏട്ടന്റെ വിളി കേട്ടാണ് ഓർമകളിൽ നിന്ന് ഉണർന്നത്.
‘പഴയത് ഓരോന്നും ആലോചിച്ചതാ’
“എന്താ നിന്റെ അഭിപ്രായം”
‘തറവാട്ടിൽ വെച്ച് നടത്താം ഏട്ടാ ഒരിക്കൽ തലകുനിച്ചു ഇറങ്ങിപോയവരുടെ മുന്നിൽ എനിക്ക് തലയുയർത്തി നിക്കാം ലോ’
“അത് വേണം അതിനായുള്ള അവസരം ദൈവമായിട്ട് ഉണ്ടാക്കി തന്നതാ”
‘എന്നാ വിളിച്ചു പറഞ്ഞോ എട്ടൻ’
അവനോട് അങ്ങനെ പറഞ്ഞ ശേഷം അവൾ തന്റെ ഫോൺ എടുത്തു നേരെ ഇച്ചേച്ചിക്ക് വിളിച്ചു.
“ന്താ മോളെ ഈ നേരത്ത്”
‘ഒരു സന്തോഷ വാർത്തയുണ്ട് ഇച്ചേച്ചി, മ്മടെ മോനുന്റെ പിറന്നാൾ തറവാട്ടിൽ വെച്ച് നടത്താൻ പറ്റോന്ന് അച്ഛൻ വിളിച്ചു ചോദിച്ചിരിക്കണ്’
“ഹ ഹ ഇപ്പൊ കിളവന്റെ കൃമികടിയൊക്കെ മാറിയല്ലേ, എന്നിട്ട് നീ എന്ത് പറഞ്ഞു”
‘സമ്മതിച്ചു എനിക്കും ഒന്ന് ജയിച്ചു കാണിക്കണ്ടേ ഇച്ചേച്ചി’
“നീ അന്ന് ആ ഹോസ്പിറ്റലിൽ കുഞ്ഞിനെ കാണാൻ അങ്ങേര് വന്ന രംഗം ഓർക്കുന്നില്ലേ നിന്റെ മുഖത്ത് നോക്കാൻ പറ്റാതെ തലകുനിച്ചു നിന്ന അന്ന് ജയിച്ചു. അത് മതി പിറന്നാൾ നമുക്ക് അടിച്ചു പൊളിക്കണം മോളെ”
‘ശെരി ഇച്ചേച്ചി ബാക്കി നേരിൽ’
പറഞ്ഞു പറഞ്ഞു പിറന്നാൾ ദിവസം ഇങ്ങ് എത്തി തറവാട് മൊത്തം ആഘോഷത്തിൽ മുഴുകി.
കുടുംബക്കാരും നാട്ടുകാരും കൂട്ടുകാരും നിറഞ്ഞ സദസ്സിൽ മോനെയും കൊണ്ട് പത്മയും ശിവനും ഇരുന്നു.
“സമയം ആയില്ലേ എന്നാ കേക്ക് മുറിക്കാം ശിവാ” ഇച്ചേച്ചി വിളിച്ചു പറഞ്ഞു.
കുഞ്ഞിനെ കൊണ്ട് കേക്ക് മുറിച്ചു മധുരം രണ്ടുപേരും മധുരം നൽകി.
അത് കഴിഞ്ഞപ്പോ തന്നെ അച്ഛമ്മയും ഓടിയെത്തി അടുത്ത ഊഴം അച്ഛന്റെതാണ് വരാൻ കഴിയാതെ തലകുനിച്ചു നിൽക്കുന്ന അച്ഛന്റെ മുന്നിലേക്ക് പത്മ മോനെയും കൊണ്ട് നടന്നു.
“ദാ അച്ഛന്റെ കൊച്ചുമോന് മധുരം കൊടുക്കു.”അവൾ അയാൾക്ക് നേരെ ഒരു കഷ്ണം കേക്ക് നീട്ടി. നിറകണ്ണുകളോടെ അയാൾ അത് വാങ്ങി കുഞ്ഞിന് നൽകി.
‘മോളെ’
“ചിലപ്പോഴൊക്കെ അങ്ങനെ ആണ് നമ്മുടെ വാക്കുകൾ നമ്മുടെ വിലകളയും അല്ലെങ്കിൽ ഇന്ന് എന്റെ മുന്നിൽ അച്ഛന് തലകുനിച്ചു നിൽക്കേണ്ട അവസ്ഥ ഉണ്ടാവില്ലായിരുന്നു.”
അവൾ അതും പറഞ്ഞു തിരികെ നടന്നു, സ്വന്തം തെറ്റ് മനസിലായ അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.