(രചന: അഞ്ജു തങ്കച്ചൻ)
ജാനി ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് അവളുടെ അമ്മ വീണ്ടും ഗർഭിണിയായത്.
ഇരട്ട സഹോദരിമാരായ മൂത്ത ചേച്ചിമാർ ക്കൊപ്പം കിടന്നുറങ്ങുമ്പോഴും ജാനിയുടെ ചിന്ത അമ്മയുടെ വയറ്റിൽ വളരുന്ന കുഞ്ഞുവാവയെ കുറിച്ചായിരുന്നു.
അവൾക്ക് കുഞ്ഞാവയെ കാണുവാൻ കൊതി തോന്നി.
അമ്മയുടെ വയറിലേക്ക് നോക്കുമ്പോൾ അവൾക്ക് വല്ലാത്ത സന്തോഷം തോന്നും.
പക്ഷെ അച്ഛമ്മക്കും, അച്ഛനും വലിയ സന്തോഷം ഒന്നും ഉണ്ടായിരുന്നില്ല.
അമ്മയുടെ വീർത്തുന്തിയ ഉദരത്തിലേക്ക് നോക്കി അച്ഛമ്മ പറയും. കണ്ടില്ലേ എന്തു വലിയ വയറാ, ഇത്തവണയും പെൺകുട്ടി തന്നെ.
ഇനി നാലാമതും പെൺകുട്ടി തന്നെ ആയിരിക്കുമെന്ന് കുത്തുവാക്കുകൾ കേട്ട് അമ്മ ചിലപ്പോൾ കരയുന്നത് ആ ഏഴാം ക്ലാസുകാരിക്ക് സഹിക്കാൻ കഴിഞ്ഞില്ല.
വലിയവീട്ടിൽ സുഭദ്ര എന്ന തന്റെ അച്ഛമ്മയെ എതിർത്ത് സംസാരിക്കുവാൻ ആർക്കും ധൈര്യമില്ലായിരുന്നു. അച്ഛമ്മക്ക് പെൺകുട്ടികളെ തീരെ ഇഷ്ടമല്ല. അച്ഛമ്മ എപ്പോഴും പറയും കുടുംബം നിലനിർത്തുവാൻ ആൺമക്കളാണ് വേണ്ടതെന്ന്.
അങ്ങനെ മാസങ്ങൾക്ക് ശേഷം ആശുപത്രിയിൽ വച്ച് അമ്മ ഒരു കുഞ്ഞിന് ജന്മം നൽകി. വെളുത്തു ചുവന്ന സുന്ദരനായ ഒരു ആൺ കുഞ്ഞ്.
അതോടെ അച്ഛമ്മയുടെ സ്വഭാവത്തിൽ വലിയ മാറ്റമുണ്ടായി.അമ്മയോട് മുൻപില്ലാത്ത വിധം സ്നേഹം കാണിക്കും, നീ നല്ലോണം ഭക്ഷണം കഴിച്ചാലേ കുഞ്ഞിന് പാൽ കിട്ടൂ എന്ന് പറഞ്ഞു അമ്മയെ നിർബന്ധിച്ച് ഭക്ഷണം കഴിപ്പിക്കും.
താൻ കൊതിയോടെ കുഞ്ഞിനെ എടുക്കാൻ ചെല്ലുമ്പോൾ അച്ഛമ്മ വഴക്കുപറയും. എടി…. ജാനി.. നിന്റെ കയ്യിൽ നിന്നും കുഞ്ഞു താഴെ വീഴും എന്ന് പറഞ്ഞ് കുഞ്ഞിനെ വാങ്ങും.
തനിക്കോ തന്റെ ചേച്ചിമാർക്കോ അവനെ ഒന്ന് കൊഞ്ചിക്കാൻ പോലും കഴിയാറില്ല.
എല്ലാവരും അവനെ കണ്ണാ… എന്ന് വിളിച്ചുപോന്നു. അവൻ എപ്പോഴും അച്ഛമ്മയുടെ കൂടെ തന്നെയായിരുന്നു.
വീട്ടിൽ മുഴുവൻ സന്തോഷം വാരിവിതറി അവൻ അങ്ങനെ വളർന്നു വന്നു.അവന് അഞ്ചുവയസ്സ് ആയിട്ടും അവന്റെ മുലകുടി നിർത്താൻ അച്ഛമ്മ സമ്മതിച്ചില്ല. കുഞ്ഞ് നന്നായി മുലപ്പാൽ ഈ പ്രായത്തിലും കുടിക്കണമെന്നാണ് അച്ഛമ്മയുടെ വാദം.
ജാനിയുടെ മൂത്ത ഇരട്ട സഹോദരിമാരെ ഇതിനിടയിൽ കല്യാണം കഴിപ്പിച്ച് അയച്ചിരുന്നു.ചേച്ചിമാർ വല്ലപ്പോഴും മാത്രം വന്നുപോകുന്ന വിരുന്നുകാരായി മാറി.
അക്കൊല്ലം തന്നെ ജാനി പ്ലസ് ടു ഡിസ്റ്റിങ്ഷനോടെ പാസ് ആയി..
ജാനി അത്യധികം സന്തോഷത്തോടെ അച്ഛന്റെ അടുത്തു ചെന്ന് തനിക്ക് തുടർന്ന് പോകണമെന്ന ആഗ്രഹം അറിയിച്ചു.
ഓ… പെണ്ണിനെ പഠിപ്പിച്ചിട്ട് എന്തിനാ?
പെണ്ണ് പഠിച്ചിട്ട് വേണ്ടല്ലോ ജീവിക്കാൻ എന്ന് പറഞ്ഞു അച്ഛമ്മ അച്ഛനെ നിരുത്സാഹപ്പെടുത്തിയെങ്കിലും , അവളുടെ
കണ്ണുനീർ കണ്ട് അച്ഛൻ അവളെ ഡിഗ്രിക്ക് ചേർക്കാൻ സമ്മതിച്ചു.
അങ്ങനെ ഒരുപാട് സന്തോഷത്തോടെ അവൾ ക്ലാസ്സിൽ പോയിത്തുടങ്ങി. എല്ലായിപ്പോഴും നിയന്ത്രണങ്ങളുള്ള വീട്ടിൽ നിന്നും കോളേജിൽ എത്തുമ്പോൾ അവൾ വല്ലാതെ സന്തോഷവതിയായിരുന്നു.
സ്നേഹം മാത്രം പകർന്നു നൽകുന്ന ഒരുപാട് സുഹൃത്തുക്കൾക്കൊപ്പം അവൾ സന്തോഷത്തോടെയും ഉത്സാഹത്തോടെയും പഠിച്ചുപോന്നു അവളുടെ ലോകം അതായിരുന്നു.
അവൾ ഡിഗ്രി സെക്കൻഡ് ഇയർ എത്തിയപ്പോഴാണ് അവളെ കെട്ടിച്ചയക്കണമെന്ന് അച്ഛമ്മ പറഞ്ഞത്.
അന്നാദ്യമായി അവൾ അച്ഛമ്മയോട് എതിർത്ത് സംസാരിച്ചു.
എനിക്ക് പഠിക്കണം, ഞാൻ വിവാഹത്തിന് സമ്മതിക്കില്ല എന്നവൾ അലമുറയിട്ടു.
ഈ വീട്ടിൽ പെണ്ണുങ്ങളുടെ ശബ്ദം ഉയർന്നിട്ടില്ല എന്ന് അച്ഛമ്മ ദേഷ്യത്തോടെ പറഞ്ഞു.
അപ്പോൾ അച്ഛമ്മ പെണ്ണല്ലേ എന്ന്അവൾ വീറോടെ ചോദിച്ചു.
നീ അമ്മ പറയുന്നത് കേൾക്കു ജാനി എന്ന് അച്ഛനും കൂടി പറഞ്ഞതോടെ അവൾ ആകെ തകർന്നു.
എങ്കിലും അവൾ വിട്ടുകൊടുക്കാൻ തയ്യാറായില്ല. എന്റെ കാര്യം ഞാൻ നോക്കിക്കൊള്ളാം എന്ന് അവൾ വാശിയോടെ പറഞ്ഞുതീർന്നതും, അച്ഛന്റെ കൈകൾ പലവട്ടം അവളുടെ മുഖത്ത് ഉയർന്നുതാഴ്ന്നു.
പിറ്റേന്ന് അവളെ പെണ്ണുകാണാൻ ആയി ഒരു കൂട്ടർ എത്തി.
അവർക്കു മുന്നിലേക്ക് പോവില്ല എന്ന് വാശിപിടിച്ച അവൾ, അമ്മയുടെ കണ്ണുനീർ കണ്ട് സഹിക്കവയ്യാതെ അവർക്കു മുന്നിൽ എത്തി.
അവളുടെ കണ്ണുകൾ നിറഞ്ഞു തുടങ്ങുമ്പോൾ അവർ അവർക്ക് വില ഇടുകയായിരുന്നു.
ഇതെന്തു ലോകമാണ് എന്ന് അവൾക്കു തോന്നി. തന്റെ കൂട്ടുകാർക്ക് എത്ര സന്തോഷത്തോടെയാണ് കോളേജിൽ വരുന്നത്. എത്ര സ്നേഹത്തോടെയാണ് അവരുടെ അച്ഛനെയും അമ്മയെയും കുറിച്ച് സംസാരിക്കുന്നത്.
കാലം ഇത്രയേറെ പുരോഗമിച്ചിട്ടും തന്റെ വീട്ടുകാർക്കു മാത്രം എന്തുകൊണ്ടാണ് ഒരു മാറ്റവും ഇല്ലാത്തത്? എന്ത് കൊണ്ടായിരിക്കും പെൺകുട്ടികളെ ഇഷ്ടമല്ലാത്തത്?
കണ്ണൻ എത്ര ഭാഗ്യവാനാണ്. അവനെ എല്ലാവരും എത്ര സ്നേഹത്തോടെയാണ് ചേർത്തു പിടിക്കുന്നത്.
പെറ്റത് മൂന്നും പെണ്മക്കൾ ആയി പോയി എന്ന് പറഞ്ഞ് എത്ര വട്ടം തന്റെ അമ്മയെ അച്ഛമ്മ വഴക്ക് പറഞ്ഞിട്ടുണ്ട്
ഒന്നിനും പ്രതികരിക്കാൻ അറിയാത്ത തന്റെ പാവം അമ്മയുടെ കണ്ണുനീർ തന്നെ എത്രയോ വട്ടം പൊള്ളിച്ചിരിക്കുന്നു.
പതിനെട്ടു വയസു പൂർത്തിയായതോടെ തന്റെ ചേച്ചിമാരെ കെട്ടിച്ചയച്ചു ആ ബാധ്യത തീർന്നു എന്ന് പറഞ്ഞ് ദീർഘനിശ്വാസം വിടുന്ന അച്ഛനോട് തനിക്ക് വെറുപ്പ് തോന്നിയിരുന്നില്ലേ?
ഓരോന്നും ഓർത്തു അവൾ പതിയെ മയങ്ങി തുടങ്ങി.
ഉറക്കത്തിൽ അവൾ പുതിയൊരു സ്വപ്നം കണ്ടു.
തുമ്പികളും, പൂമ്പാറ്റകളും പാറി നടക്കുന്ന, പച്ചപ്പുൽമേടുകൾ നിറഞ്ഞ സുന്ദരമായൊരു ലോകം. പെണ്ണിന്റെ ലോകം. അവിടമാകെ പെൺകുട്ടികളുടെ ചിരികൾ നിറഞ്ഞു നിന്നിരുന്നു.
തനിക്ക് വിവാഹപ്രായമായിരിക്കുകയാണ് . വിവാഹ ആലോചനയുമായെത്തിയ ആൾ പറയുകയാണ്. ജാനി…. അവിടെ നല്ലൊരു പയ്യൻ ഉണ്ട് നീയൊന്നു പോയി കാണു. ഇഷ്ട്ടപ്പെട്ടാൽ നമുക്കിത് നടത്താം. നല്ല അടക്കവും ഒതുക്കവും ഉള്ള ചെറുക്കൻ ആണ്.
അങ്ങനെ അവൾ കുടുംബക്കാരുമായി അയാളെ കാണാൻ ചെല്ലുകയാണ്.
അവൾ ആകാംഷയോടെ അയാൾ വരുന്നതും നോക്കിയിരുന്നു.
അയാൾ നാണത്തോടെ ചായയുമായി കടന്നു വന്നു.
ചായ കുടി കഴിഞ്ഞതിനു ശേഷം അവർക്കെന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ ആവാം എന്ന് അയാളുടെ അച്ഛൻ പറഞ്ഞു.
അവൾ നേർത്തൊരു ചിരിയോടെ പതിയെ അകത്തേക്ക് നടന്നു,
അയാൾ ഭിത്തിയിൽ ചാരി നിൽക്കുകയാണ്.
അവൾ പതിയെ മുരടനക്കി.
അയാൾ നാണത്തോടെ തിരിഞ്ഞു നോക്കി.
എന്നെ തനിക്ക് ഇഷ്ട്ടമായോ? അവൾ ചോദിച്ചു.
ഉം…. അയാൾ മുഖമുയർത്താതെ തല കുലുക്കി.
അപ്പോൾ ഹാളിൽ നിന്നും അവർ അയാളെ വില പറഞ്ഞുറപ്പിക്കുന്നത് അവൾ ശ്രെദ്ധിച്ചു.
ഈ വീടും പുരയിടവും ഞങ്ങളുടെ കാലശേഷം അവനുള്ളതാണ്. പിന്നെ ടൗണിനടുത്തുള്ള രണ്ടേക്കർ സ്ഥലം അവന്റെ പേരിൽ ആണ്. ഇപ്പോളത്തെ വില വച്ചു നോക്കിയാൽ കോടികൾ വിലമതിക്കുന്ന സ്ഥലം ആണ് അറിയാലോ. പിന്നെ അവന്റെ പേരിൽ കുറച്ച് ബാങ്ക് ബാലൻസും ഉണ്ട്.
അല്ല ഞങ്ങൾ അതിനൊന്നും ചോദിച്ചില്ല, ഞങ്ങൾക്കറിയാം മേലേടത്ത് കുടുംബക്കാർ എല്ലാം കണ്ടറിഞ്ഞു ചെയ്യും എന്ന്. അവളുടെ അച്ഛൻ പറഞ്ഞു.
അങ്ങനെ രണ്ട് മാസങ്ങൾക്ക് ശേഷം അവളുടെ കൈപിടിച്ച് അയാൾ അവളുടെ വീട്ടിൽ വലതു കാൽ വച്ചു കയറി.
ഇന്നവരുടെ ആദ്യരാത്രിയാണ് .
അയാൾ നാണത്തോടെ കടന്നു വന്നു.
അവൾ അയാളെ കൈപിടിച്ച് തന്റെ അരികിൽ ഇരുത്തി.
നാണത്താൽ ചുവന്നു പോയ അയാളുടെ കവിളിൽ അവൾ പതിയെ തലോടി.
കട്ടി മീശക്ക് താഴെ അയാളുടെ ചുവന്ന ചുണ്ടിൽ അവൾ അമർത്തി ചുംബിച്ചപ്പോൾ അയാളുടെ മിഴിയിണകൾ കൂമ്പിയടഞ്ഞു.
പുറത്തപ്പോൾ രാവും നിലാവുമായി ഇണചേരുകയായിരുന്നു.
*****************
രണ്ട് ദിവസങ്ങൾക്ക് ശേഷം ഓഫീസിൽ എത്തിയ അവൾക്ക് ചുറ്റും കൂട്ടുകാർ തടിച്ചു കൂടി.
എടിയേ…. ആദ്യരാത്രി എങ്ങനെ ഉണ്ടാരുന്നു. വല്ലതും നടന്നോ?
പിന്നില്ലാതെ, അതൊക്കെ ഒരു തഞ്ചത്തിൽ നമ്മള് നടത്തിയെടുക്കില്ലേ. അവൾ ചിരിയോടെ പറഞ്ഞു.
ദിവസങ്ങൾ വളരെ വേഗത്തിൽ കടന്നു പോയി.
അന്ന് അവൾ ഓഫീസിൽ നിന്നും എത്തുമ്പോൾ അയാൾ അവശതയോടെ ശർദ്ധിക്കുകയായിരുന്നു.
അവൾ സന്തോഷം കൊണ്ട് തുള്ളിച്ചാടി.
അങ്ങനെ ഈ വീട്ടിൽ ഒരു കുഞ്ഞു പിറക്കാൻ പോകുന്നു.
അവൾ എല്ലാവർക്കും മധുരം നൽകി. സന്തോഷവാർത്ത അറിയിച്ചു.
മാസങ്ങൾ പിന്നിട്ടതോടെ അയാളുടെ ഉദരം വീർത്തു വന്നു. അയാളുടെ നെഞ്ചിലെ നിറഞ്ഞ രോമങ്ങൾക്കിടയിൽ ഒളിച്ചിരുന്ന ചെറിയ മുലക്കണ്ണുകൾ ഒരു കുഞ്ഞിനെ മുലയൂട്ടാൻ പാകത്തിന് വീർത്തു വന്നു.
*************
അയാൾക്കിത് ഒൻപതാം മാസമായി.
ഒരു ശനിയാഴ്ച പുലർച്ചെ ആണ് അയാൾക്ക് വേദന തുടങ്ങിയത്.. അവൾ അയാളെ പെട്ടന്ന് ആശുപത്രിയിൽ എത്തിച്ചു.
ലേബർ റൂമിന് പുറത്തു അവളെ കൂടാതെ ഒന്ന് രണ്ട് പെണ്ണുങ്ങൾ കൂടെ നഖം കടിച്ചു കൊണ്ട് അക്ഷമയോടെ ഉലാത്തുന്നുണ്ടായിരുന്നു.
വലിയ വയറുമായി ചില പുരുഷൻമാർ കരഞ്ഞു കൊണ്ട് ലേബർ റൂമിൽ കിടപ്പുണ്ട്.
മണിക്കൂർ നീണ്ട കാത്തിരിപ്പിന് ശേഷം അവളുടെ കൈകളിലേക്ക് നേഴ്സ് തുണിയിൽ പൊതിഞ്ഞ ഒരു കുഞ്ഞിനെ വച്ചു കൊടുത്തു
പെൺകുട്ടിയാണ് നഴ്സ് പറഞ്ഞു .
അവൾ സന്തോഷം കൊണ്ട് ഉറക്കെ ചിരിച്ചു.
അവളുടെ ഉറക്കെയുള്ള ചിരി കേട്ടുകൊണ്ടാണ് അവളുടെ അമ്മ സാവിത്രി മുറിയിലേക്ക് ചെന്നത്.
അവൾ അപ്പോഴും ഉറക്കെയുറക്കെ ചിരിക്കുകയായിരുന്നു.
എന്താ മോളെ ഇത് ? സാവിത്രി അവളെ പിടിച്ചു കുലുക്കി.
ഞാൻ ഒരു പെൺകുഞ്ഞിന്റെ അമ്മയായി അവൾ ചിരിയോടെ പറഞ്ഞു.
നീയെന്തൊക്കെയാ മോളെ ഈ പറയുന്നത്? സ്വപ്നം വല്ലതും കണ്ടോ?
അവൾ അമ്മയുടെ കൈകൾ തട്ടിമാറ്റി, ഉറക്കെയുറക്കെ ചിരിച്ചുകൊണ്ടിരുന്നു.
ജനൽ വഴി വന്ന ഒരു കള്ളക്കാറ്റ് ആ ചിരിയുടെ അലകളെ മോഷ്ടിച്ചു പറന്നു.
നാട് നീളെ ആളുകൾ പറഞ്ഞു, അറിഞ്ഞില്ലേ വലിയവീട്ടിലെ ജാനിക്ക് ഭ്രാന്താണ്.
അതെ, ജാനിക്കിപ്പോൾ ഭ്രാന്താണ്… മുഴുത്ത ഭ്രാന്ത്……