(രചന: അഞ്ജു തങ്കച്ചൻ)
എനിക്ക് താനുമായി ലിവിങ് ടുഗെതർ ആയാൽ കൊള്ളാമെന്നുണ്ട്.
ജഗത്, ലക്ഷ്മികയോട് പറഞ്ഞതും
അവൾ ഞെട്ടലോടെ അയാളെ നോക്കി.
ഇയാൾക്ക് നാണമില്ലേ ഇങ്ങനെ പറയാൻ.
എന്തിന് നാണിക്കണം.
ഇഷ്ട്ടം തോന്നിയ ആളോടൊപ്പം ജീവിക്കുന്നത് മോശമാണോ?
ഇഷ്ട്ടം തോന്നിയ ആളെ വിവാഹം ചെയ്ത് അന്തസായി ജീവിക്കണം.
എനിക്ക് ഒരു തരത്തിലുള്ള ബന്ധനവും ഇല്ലാതെ, എന്റെ പങ്കാളിയിൽ ഒരു ബന്ധനവും ഏൽപ്പിക്കാതെയുള്ള ഒരു സ്നേഹബന്ധം മത്രേ ആവശ്യമുള്ളൂ…അയാൾ പറഞ്ഞു
ഓഹോ അതാകുമ്പോൾ തോന്നുമ്പോൾ തോന്നുമ്പോൾ ഇണയെ മാറ്റാമല്ലോ അല്ലേ അവൾ പുച്ഛത്തോടെ ചോദിച്ചു.
ഞാൻ പറഞ്ഞതിന് അങ്ങനെ ഒരർത്ഥമില്ല.എനിക്ക് ആദ്യം ഇഷ്ടം തോന്നിയ സ്ത്രീയാണ് താൻ. തനിക്ക് മുൻപോ, തനിക്ക് ശേഷമോ മറ്റൊരാളെ സ്നേഹിക്കാൻ എനിക്ക് കഴിയില്ല.
സ്നേഹത്തിനാണ് ഞാൻ മുൻതൂക്കം നൽകുന്നത്.
അതൊക്കെ സ്വയം ചിന്തിച്ചാൽ മതി. കുറച്ച് നാളായി ഇയാൾ എന്റെ പിന്നാലെ നടക്കുന്നത് ഞാൻ കാണാറുണ്ട്. ഇനി മേലിൽ അങ്ങനെ ഉണ്ടാകരുത്. ദേഷ്യത്തോടെ പറഞ്ഞിട്ട് അവൾ തിരികെ നടന്നു.
അതിവേഗം നടക്കുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞ് ഒഴുകുന്നുണ്ടായിരുന്നു
കുറേ നാളുകൾ ആയി ആ മുഖം തന്റെ ഉള്ളിൽ പതിഞ്ഞിട്ട്.
വിടർന്ന കണ്ണുകളിൽ കുസൃതിച്ചിരി ഒളിപ്പിച്ച, ഒത്ത ഉയരവും ഇരുനിറവുമുള്ള അയാൾ തന്നെ ശ്രെദ്ദിക്കുന്നുണ്ടെന്നു തോന്നിയ നിമിഷം ഒത്തിരി സന്തോഷം തോന്നി.
അയാൾ ഇഷ്ട്ടം പറയുമെന്നും,വിവാഹം ചെയ്യണമെന്നും ആഗ്രഹിച്ചിരുന്നു.
അപ്പോഴാണ്തന്റെ മനസിനെ ആകെ തകർത്തുകൊണ്ട് ലിവിങ് ടുഗെതർ ആകാം എന്ന് പറഞ്ഞത് . ഇങ്ങനെയുള്ള ഒരാളെ സ്നേഹിച്ചു പോയതിൽ അവൾക്ക് സ്വയം ദേഷ്യം തോന്നി.
വിവാഹത്തെക്കുറിച്ച് പറയുമ്പോൾ ഓരോരോ ഒഴിവുകൾ പറഞ്ഞു കൊണ്ടിരുന്ന അവൾ അന്ന് പതിവില്ലാതെ അമ്മയോട് തനിക്ക് വിവാഹത്തിന് സമ്മതമാണ് ആരെ വേണമെങ്കിലും ആലോചിച്ചോളാൻ അച്ഛനോട് പറഞ്ഞേക്കൂ എന്നുംപറഞ്ഞു.
എന്താ മോളെ ഇപ്പോൾ ഇങ്ങനെ തോന്നാൻ?
ഒന്നും ഇല്ല അമ്മേയെന്ന് പറഞ്ഞ് മുറിയിലേക്ക് പോകുമ്പോഴും അവളുടെ ഉള്ള് പിടയുകയായിരുന്നു.
ഹൃദയം കീഴടക്കിയ പുരുഷനെ
അത്രമേൽ വേദനയോടെ അല്ലാതെ ഏത് പെണ്ണിനാണ് മറക്കുവാൻ കഴിയുന്നത്. അല്ലെങ്കിലും മറക്കുക അല്ലല്ലോ, മറന്നതായ് ഭാവിച്ചു കൊണ്ട് ജീവിക്കാൻ അല്ലേ കഴിയൂ മനസിന്റെ ഒരു കോണിൽ അവരെന്നും ഉണ്ടാകും.തീർത്തും തനിച്ചാകുന്ന നേരങ്ങളിൽ ഒന്നോർത്ത് നോക്കിയാൽ ഏറ്റം തെളിമയോടെ അവരങ്ങനെ നിറഞ്ഞ് വരും.
മൂന്ന് മാസത്തിനുള്ളിൽ വിവാഹം കഴിയുന്നത് വരെ അയാളെ മിക്ക ദിവസവും കാണാറുണ്ടായിരുന്നു. ഏറ്റം തെളിമയോടെ അയാൾ ചിരിക്കുമ്പോൾ അവൾക്കു വല്ലാത്ത ദേഷ്യം തോന്നും.
അയാൾക്കൊപ്പം ജീവിതം കൊതിച്ച പെണ്ണിനോടാണ് ലിവിങ് ടുഗെതർ ആകാമെന്ന് ഒരുവൻ പറയുന്നത്.
വിവാഹിതയായി ഭർത്താവിനൊപ്പം കാറിൽ കയറുമ്പോൾ, കുറച്ച് മാറി
തന്നെ നോക്കി നിൽക്കുന്ന അയാളെ വീണ്ടും കണ്ടു.അയാളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പാൻ വെമ്പി നിൽക്കുന്നത് കണ്ടപ്പോൾ എന്തുകൊണ്ടോ അവൾക്ക് കരച്ചിൽ വന്നിരുന്നു.
****************
വർഷങ്ങൾ അതിവേഗം കടന്നു പോയി.
വിവാഹിത ആയി ഭർത്താവിനൊപ്പം താമസം തുടങ്ങിയതിൽ പിന്നെ ജീവിതം ആകെ മാറി.ദിവസേന ഓഫീസിലേക്കുള്ള ഓട്ടം, വീട്ടിലെ എല്ലാ കാര്യങ്ങളും ചെയ്ത്, കുഞ്ഞിനെ നോക്കി ഉത്തമ കുടുംബിനി ആയി ജീവിച്ച എട്ടു വർഷങ്ങൾ .
അമ്മക്ക് വയ്യാതായതോടെ തന്നോട് ജോലിക്ക് പോകേണ്ട എന്ന് ഭർത്താവ് പറഞ്ഞപ്പോൾ. പഠിച്ചു നേടിയ ജോലികളയാൻ തനിക്ക് കഴിയില്ല എന്ന് പറഞ്ഞതിന് ആദ്യമായി അയാൾ തന്റെ കരണത് അടിച്ചു.
എന്ത് കൊണ്ടോ അതൊന്നുംതനിക്ക് കഷമിക്കാൻ കഴിയുമായിരുന്നില്ല .ഒരു ഹോം നഴ്സ് നെ വെച്ചാൽ പരിഹരിക്കാവുന്ന കാര്യമാണ് പക്ഷെ ഞാൻ ചെയ്യണമെന്ന വാശി.
ഭർത്താവിന്റെ അമ്മയുടെ മരണത്തോടെ ഭർത്താവ് മിണ്ടുന്നതു പോലും ഇല്ല.
അങ്ങോട്ട് മിണ്ടിയാൽ നീ നന്നായി നോക്കിയിരുന്നെങ്കിൽ അമ്മ ഇന്നും കണ്ടേനെ എന്ന പഴിയും .
സഹികെട്ടപ്പോൾ നിങ്ങളുടെ അമ്മയേ നിങ്ങളാണ് നോക്കേണ്ടത്. പെറ്റു വളർത്തിയതും കഷ്ട്ടപ്പെട്ടു വളർത്തി വലുതാക്കിയതും നിങ്ങളെ അല്ലേ, എന്നെയല്ലല്ലോ എന്ന് ചോദിച്ചു പോയി.
അതോടെ പതിയെ പതിയെ പൂർണ്ണമായും എന്നിൽ നിന്നും അകന്നു തുടങ്ങി.
അച്ഛന്റെ പിറുപിറുക്കലും സഹിക്കാൻ പറ്റുന്നത് ആയിരുന്നില്ല.ഭക്ഷണം ഉണ്ടാക്കി കൊടുത്താൽ നീ ഇതിൽ വല്ലതും കലക്കി എന്നെ കൊല്ലുമോ എന്ന ചോദ്യം.
എത്ര പെട്ടന്നാണ് ഒരു പെണ്ണ് നിസ്സഹായ ആകുന്നത് .
അമ്മ തീർത്തും കിടപ്പിലായ രണ്ട് ആഴ്ചയും താനാണ് അമ്മയേ നോക്കിയത്. ജോലി കളയാൻ ഒക്കില്ല എന്ന് മാത്രമേ പറഞ്ഞോള്ളൂ അത് അത്ര വലിയ തെറ്റാണോ.
തലയ്ക്കു ആകെ ഭാരം തോന്നിയപ്പോൾ ഭർത്താവിനോട് സംസാരിച്ചു തെറ്റിദ്ധാരണകൾ മാറ്റണമെന്ന് അവൾക്ക് തോന്നി.
ഈ മടുപ്പിക്കുന്ന അന്തരീക്ഷത്തിൽ വളർന്നാൽ കുഞ്ഞിനേയും അത് ദോഷകരമായി ബാധിക്കുമെന്ന് അവൾ ഭയന്നിരുന്നു.
തന്നോട് സ്നേഹമൊന്നും ഉള്ളതായി ഇതുവരെയും തോന്നിയിട്ടില്ല പക്ഷെ മോനെ വലിയ ഇഷ്ട്ടമാണ്.
അവന്റെ സന്തോഷമാണ് ഇപ്പോൾ തന്റെയും സന്തോഷം.
അന്ന് ഭർത്താവിനരുകിൽ ഇരുന്ന്, അയാളുടെ കൈകൾ പിടിച്ചുകൊണ്ട്, കഴിഞ്ഞത് കഴിഞ്ഞു ഇനി ആ പേരിൽ നമ്മുടെ ജീവിതം നരകമാക്കരുത്. മോനെക്കുറിച്ച് കൂടെ നമ്മൾ ചിന്തിക്കണ്ടേ?
വേണം. പക്ഷെ ലക്ഷ്മികേനിന്നോട് പറയണം എന്ന് കഴിഞ്ഞകുറേ കാലങ്ങളായി കരുതിയ ഒരു കാര്യമുണ്ട്.
എന്താണ്?
എനിക്ക് മറ്റൊരു ബന്ധം ഉണ്ട് പത്തു വർഷങ്ങൾ ആയി ഞങ്ങൾ ലിവിങ് ടുഗെതർ ആണ്.
എന്താ പറഞ്ഞത്.. അവൾ അവിശ്വാസത്തോടെ ചോദിച്ചു.
സത്യമാണ്.
പിന്നെ എന്തിന് വിവാഹം ചെയ്തു.
വിവാഹം ആവശ്യമാണെന്ന് തോന്നി.
എങ്കിൽ പിന്നെ എന്തുകൊണ്ട് അവളെ വിവാഹം ചെയ്തില്ല? എന്തിനാണ് എന്നെ ഇതിലേക്ക് വലിച്ചിഴച്ചത്.
അവൾക്ക് വിവാഹത്തിന് താല്പര്യം ഉണ്ടായിരുന്നില്ല.
വിവാഹിതൻ ആയശേഷവുംഞങ്ങൾ കാണാറുണ്ട്.
നിങ്ങൾ എന്നെക്കുറിച്ച് ഓർത്തില്ലേ?
നീയെന്റെ ഭാര്യയാണ്, ഈ വീട് ഞാൻ വാങ്ങിയത് എന്റെയും നിന്റെയും പേരിലാണ്. വീട്ടിലെ എല്ലാ ചിലവുകളും ഞാൻ നോക്കാറുണ്ട്. നിനക്ക് ആവശ്യമുള്ളപ്പോൾ നിനക്കൊപ്പം ഞാൻ സമയം ചിലവഴിക്കുന്നുണ്ട് .നിന്നെ തൃപ്തിപ്പെടുത്തുന്ന ഒരു പുരുഷനാണ് ഞാൻ എന്നാണ് ഞാൻ കരുതുന്നത്. പിന്നെ നിനക്ക് എന്ത് കുറവാണ് ഇവിടുള്ളത്?. മോനെ ഏറ്റവും നല്ല സ്കൂളിൽ ചേർത്ത് പഠിപ്പിക്കുന്നു. അവനായി അവശ്യത്തിനുള്ള പണം ഡെപ്പോസിറ്റ് ഉണ്ട് . പിന്നെ എന്താ കുഴപ്പം.
ഞാൻ ബന്ധനം ഇല്ലാത്ത ഒരു ബന്ധം ഉണ്ടാക്കി എന്നത് തെറ്റായി എനിക്ക് തോന്നുന്നില്ല.
അവൾ തറഞ്ഞിരിക്കുകയായിരുന്നു. ഒന്നും മിണ്ടാൻ കഴിയുന്നില്ല. ലോകം മുഴുവൻ തനിക്ക് മുൻപിൽ കറങ്ങുകയാണ്
അയാൾ തുടർന്നു.
എന്റെ പണം അവൾക്കായി ഞാൻ ചിലവഴിക്കുന്നില്ല , ഒരുമിച്ച് ഭക്ഷണം കഴിക്കുമ്പോൾ ചിലപ്പോൾ ബില്ല് ഞാൻ പേ ചെയ്യും ചിലപ്പോൾ അവൾ.
പത്തു വർഷമായിട്ടും എനിക്ക് അവളെയോ അവൾക്കു എന്നെയോ മടുത്തിട്ടില്ല.മടുക്കുമ്പോൾ ചിലപ്പോൾ പിരിയുമായിരിക്കും.
എല്ലാം കേട്ട് നിൽക്കുമ്പോൾ, ഒരു വാക്ക് കൊണ്ട് പോലും നോവിക്കാത്ത പരസ്പര സ്നേഹത്തോടെ, ബഹുമാനത്തോടെ ഇപ്പോഴും കഴിയുന്ന അവളുടെ അച്ഛനെയും അമ്മയെയും അവൾ ഓർത്തു. അങ്ങനെ ഒരു കുടുംബം ആണ് താൻ മോഹിച്ചത്.
മകൻ ഞങ്ങളുടെ സ്നേഹം കണ്ട് പഠിക്കണം. എന്ന് ഏറെ മോഹിച്ചു.
സ്നേഹത്തിന്റെ കാര്യത്തിൽ കുടുംബജീവിതത്തിന്റെ കാര്യത്തിൽ ഞാൻ പഴഞ്ചനാണ്. എനിക്ക് അങ്ങനെയേ കഴിയൂ..
ഇങ്ങനെ ഒരാൾക്കൊപ്പം ജീവിക്കാൻ കഴിയില്ല എന്ന് തീർച്ചപ്പെടുത്തി അവിടെ നിന്ന് ഇറങ്ങുമ്പോൾ അയാളിൽ ഞെട്ടൽ ഒന്നുമുണ്ടായിരുന്നില്ല.
ഒന്ന് മാത്രം അയാളോട് പറഞ്ഞു എന്റെ മകനെ മാത്രം ഞാൻ തരില്ല.
വേണ്ടാ നീ കൊണ്ട് പൊയ്ക്കോ. പക്ഷെ അവന് വേണ്ടി ഞാൻ സമ്പാദിച്ചതെല്ലാം അവന് മാത്രം ഉളളതാണ് അയാൾ പറഞ്ഞു.
ഒന്നും വേണ്ട. എന്റെ മകനെ നോക്കാനുള്ളത് ഞാൻ അധ്വാനിച്ചാൽ ഉണ്ടാക്കാവുന്നതേ ഉളളൂ.
ആയിരിക്കും. പക്ഷെ അവനിൽ എനിക്ക് ഒരവകാശവും ഇല്ലെന്ന് മാത്രം പറയരുത്.
നിനക്കുള്ള അതേ അവകാശമാണ് അവനിൽ എനിക്കും ഉള്ളത്.
എനിക്കു തോന്നുമ്പോൾ അവനെ ഞാൻ ഇവിടെ കൊണ്ടുവരും.
അവൾ തിരിച്ചൊന്നും പറഞ്ഞില്ല.
എന്നെയെ അയാൾക്ക് വേണ്ടാതായിട്ടുള്ളൂ.
മകനൊപ്പം ജീവിക്കുമ്പോൾ അവൾ ഓർക്കുകയായിരുന്നു.
എന്ത് ചെറിയ മോഹങ്ങൾ ആയിരുന്നു തനിക്കുള്ളത്.
ഒരു കൊച്ചു വീട്… അതും ഏതെങ്കിലും താഴ് വരയിൽ അധികമാളുകൾ ഒന്നും ഇല്ലാത്ത ശാന്തസുന്ദരമായ ഒരു സ്ഥലം.
അവിടെ ഞാനും എന്റെ പ്രിയപ്പെട്ടവനും ഞങ്ങളുടെ കുഞ്ഞുങ്ങളും.
ഉറക്കെ ചിരിക്കാൻ കഴിയുന്ന, കരയാൻ കഴിയുന്ന, ഒറ്റക്കാവുന്ന നേരങ്ങളിൽ ഉള്ള് തുറന്ന് പാടാൻ കഴിയുന്ന. മണ്ണിന്റെ മണമുള്ള തന്റെ കുഞ്ഞിവീട്.
ഹൊ എന്റെ ദൈവമേ… എന്നിട്ട് ഞാൻ ഇപ്പോൾ എന്റെ കുഞ്ഞിനേയും കൊണ്ട് മാറ്റാരുമില്ലാതെ ഒരു വാടക വീട്ടിൽ.
വയസായ അച്ഛനും അമ്മയും ഇപ്പോൾ സഹോദരന്റെ സംരക്ഷണയിലാണ്. അല്ലെങ്കിൽ അവിടെ പോയി നോക്കാമായിരുന്നു. അല്ലെങ്കിലും ഒരുതരത്തിൽ പറഞ്ഞാൽ ആരെയും ബുദ്ധിമുട്ടിക്കാതെ തനിച്ച് ജീവിക്കുന്നതാണ് നല്ലത്.
ഭർത്താവിൽ നിന്നും വേർപെട്ട് ജീവിതം തുടങ്ങിയ രണ്ടാമത്തെ വർഷം അയാളെ ഞാൻ വീണ്ടും കണ്ടു. എന്റെ ആദ്യപ്രണയത്തെ….
അയാളുടെ കണ്ണുകളിൽ അന്നും ആ കുസൃതി ചിരി തിളങ്ങി നിന്നിരുന്നു.
അയാൾ തന്റെ തൊട്ടു മുന്നിൽ വന്ന് നിന്നുപറഞ്ഞു.
എനിക്ക് ഇപ്പോഴും തന്നോട് സ്നേഹമാണ്. നിന്നെയും മോനെയും ഞാൻ കഷണിച്ചാൽ വരുമോ ഇനിയുള്ള കാലം എനിക്കൊപ്പം?
അത്ര നാൾ അടക്കി വച്ച ദേഷ്യം…. സങ്കടം…ഒറ്റപ്പെടലിന്റെ വേദന…എല്ലാം കൂടെ ഭ്രാന്ത് പിടിപ്പിച്ചപോൽ തോന്നിയതും.വായിൽ തോന്നിയത്
എന്തൊക്കെയോ വിളിച്ചു പറഞ്ഞു, കരഞ്ഞു കൊണ്ട് അയാളെ ചീത്ത പറഞ്ഞു.
ഇനിയെന്റെ കണ്മുന്നിൽ കണ്ടാൽ തല്ലുമെന്ന് വരെ.
അയാൾ ഒരക്ഷരം മിണ്ടാതെ കൈകെട്ടി,എന്നെ നോക്കിനിന്നു.
കഴിഞ്ഞോ? ആ മനസിലെ സങ്കടം ഇറക്കി വച്ചപ്പോൾ ഒരാശ്വാസം തോന്നുന്നില്ലേ?
തനിക്ക് സങ്കടം വരുമ്പോൾ താൻ എന്നെ ഓർക്കണം. കേൾക്കാൻ ഞാൻ ഉണ്ടാകും.
പറഞ്ഞതും അയാൾ തിരികെ നടന്നു.
പുരുഷൻ ഇല്ലാതെ ഒറ്റയ്ക്ക് ജീവിക്കാം എന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ തനിക്ക് തിടുക്കമായിരുന്നു.
ഏറ്റം അഭിമാനത്തോടെ, തലയുയർത്തിപ്പിടിച്ചു തന്നെ ജീവിച്ചു.
അതുകൊണ്ട് തന്നെ അയാളെ കണ്ടാലും കാണാത്ത ഭാവത്തിൽ നടക്കും.
അതിനിടയിൽ ഭർത്താവ് ആ സ്ത്രീയുമായി ഒരുമിച്ചു ജീവിക്കുന്നത് അറിഞ്ഞു.
ഇടക്ക് മോനേ കാണാൻ വരും. ചിലപ്പോൾ എന്തെങ്കിലും ചോദിക്കും, ചിരിക്കും.
കാലങ്ങൾഅതിവേഗം കടന്നു പോയി.
മകൻ വിവാഹിതൻ ആയി. അവന്റെ കൂടെ പഠിച്ച പെൺകുട്ടിയാണ് വധു.
അവൾ ഇറ്റലിയിൽ നഴ്സാണ്. മോനും അവളോടൊപ്പം പോകുകയാണ്എന്നറിഞ്ഞപ്പോൾ മാത്രം ഉള്ളം പിടഞ്ഞു.
ജീവിച്ചതത്രയും അവന് വേണ്ടി മാത്രമായിരുന്നു.
ഞാൻ വരുന്നില്ല ഇവിടെ അമ്മയെ ഒറ്റക്കാക്കാൻ പറ്റില്ല എന്നവൻ പറയുമെന്ന് വെറുതെ ആഗ്രഹിച്ചു.
പക്ഷെ അതുണ്ടായില്ല.
നെറ്റിയിൽ ഒരുമ്മ നൽകി അവൻ അവന്റെ നന്ദി പ്രകടിപ്പിച്ച് അവൾക്കൊപ്പം ഇറ്റലിയിലേക്ക് പോയപ്പോൾ സഹിക്കാൻ കഴിഞ്ഞില്ല.
എന്നാലും അവനെ കുറ്റപ്പെടുത്താൻ നിന്നില്ല, അവന്റെ ജീവിതത്തിൽ ഒരു തടസമായി നിൽക്കുന്നതിലും നല്ലത് ഇത് തന്നെയാണ്.
എവിടെയായാലും സന്തോഷമായി ജീവിക്കട്ടെ.
അല്ലെങ്കിലും മക്കളിൽ നിന്നും ഒന്നും പ്രതീക്ഷിക്കാതിരിക്കുന്നതാണ് നല്ലത്.
അവനവന്റെ ജീവിതം ജീവിച്ച് തീർക്കുക. ജനിക്കുന്നതും ഒറ്റയ്ക്ക് മരിക്കുന്നതും ഒറ്റക്ക്.
അവളുടെ ചുണ്ടിൽ ഒരു നൊമ്പരച്ചിരി വിരിഞ്ഞു.
പിന്നെ എപ്പോഴോ പതിയെ പതിയെ അവൾ ചിരിക്കാൻ മറന്നു തുടങ്ങി, ചിരിക്കാൻ മാത്രമല്ല കരയാനും.
സംസാരിക്കാൻ ഒരാൾ പോലും ഒപ്പമില്ലാത്ത ആ വീട്ടിൽ നിറഞ്ഞ നിശബ്ദ കളിയാടി
മകൻ വല്ലപ്പോഴും വിളിക്കും. തിരക്കിൽ അമ്മയെ മറക്കുന്നതായിരിക്കും.
ജോലിയെടുത്തു സമ്പാദിച്ച പണം സ്വരുക്കൂട്ടി വച്ച് വാങ്ങിയ ആ വീട്ടിൽ അന്ന് വരെ തോന്നാത്ത ഒരു മുഷിച്ചിൽ നിറഞ്ഞു നിന്നിരുന്നു.
ആരും ഇല്ലെന്ന തോന്നൽ വന്ന് തുടങ്ങിയാൽ മനുഷ്യന് വയസാകും. മരണത്തെ കാത്തിരിക്കുന്നു പടുവൃദ്ധയാണ് താനെന്ന് അവൾക്കപ്പോൾ തോന്നും.
ജീവിതം വല്ലാതെ മടുത്തിരിക്കുന്നു.
അന്നവൾ മാർക്കറ്റിൽ പോയി മടങ്ങി വരുമ്പോഴാണ് പൊടുന്നനെ തല ചുറ്റിയതും വീണു പോയതും.
ആരോ വന്ന് തന്നെ ചുറ്റിപ്പിടിച്ചത് മാത്രം ഓർമ്മയിൽ ഉണ്ട്.
ബോധം വരുമ്പോൾ താൻ ആശുപത്രിയിൽ ആണ്.
തന്റെ ബെഡിനരികിൽ അയാൾ ഇരിക്കുന്നു.തിളങ്ങുന്ന കണ്ണുകൾ ഉളള തന്റെ ആദ്യപ്രണയം.
പേടിക്കണ്ട പ്രഷർ കൂടിയതാണ്. കുറച്ച് കഴിയുമ്പോൾ വീട്ടിൽ പോകാം.
ഉം അവൾ ഒന്ന് മൂളി…
അയാൾ പുറത്തേക്കു നോക്കി എന്തോ ചിന്തയിൽ മുഴുകിയങ്ങനെ ഇരുന്നപ്പോൾ
അവൾ അയാളുടെ മുഖത്തേക്ക് നോക്കി.
നോക്കിനോക്കിയിരിക്കെ പെട്ടന്ന് അവൾക്കു സങ്കടം തോന്നി.
അയാളുടെ മുടി പകുതിയും നരച്ചിരിക്കുന്നു .മീശയും, താടിയും മുഴുവനായും നരച്ചു.
കവിളുകൾ അല്പ്പം ചാടിയിട്ടുണ്ട്.
പഴയതുപോലെ മെലിഞ്ഞ ഉടൽ.
കണ്ണുകൾക്ക് അന്നത്തെ അതേ തിളക്കം.ഇപ്പോഴും ഒറ്റക്കു ജീവിക്കുന്ന അയാളോട് അവൾക്ക് പരിഭവം തോന്നി. നല്ലൊരു പെണ്ണിനെ കെട്ടി ജീവിച്ച് കൂടാരുന്നോ
അവളെ വീട്ടിൽ കൊണ്ടുചെന്നാക്കിയിട്ട് അയാൾ മടങ്ങി പോകും മുൻപ് ചോദിച്ചു.
ഇനിയെങ്കിലും എന്നെ കണ്ടില്ലെന്നു നടിക്കാതിരുന്നൂടെ??
ഒന്നും മിണ്ടാതെ തലകുനിച്ചവൾ അകത്തേക്ക് നടന്നു.
പെട്ടന്ന് എന്തോ ഓർത്തവൾ തിരികെ വന്നപ്പോഴേക്കും അയാൾ ദൂരെ മറഞ്ഞിരുന്നു.
ഇനിയീ ജീവിതത്തിൽ തന്നെ കാത്തിരിക്കാൻ ഈ ഒരാൾ മാത്രേ ഉള്ളൂവെന്ന് അവൾക്ക് തോന്നി.
പിന്നീട് എപ്പോഴോ അവൾക്ക് അയാളെ കാണണമെന്നും.ഇനി എപ്പോഴും കൂടെഉണ്ടാകുമെന്ന് പറയണമെന്നും തോന്നി.
നല്ല പ്രായത്തിൽ ആട്ടിപ്പായിച്ചിട്ട്, ഈ പ്രായത്തിൽ അയാൾക്കരികിലേക്ക് ചെല്ലുമ്പോൾ പരിഹസിക്കുമോ??
എന്തായാലും അയാളെ കണ്ടേ പറ്റൂ.
അതിനായി അയാൾ പതിവായി വരാറുള്ള കടൽത്തീരത്ത് എത്തിയെങ്കിലും അയാളെ കാണുവാൻ കഴിഞ്ഞില്ല..
പൊടുന്നനെ വല്ലാത്തൊരു ശൂന്യത തന്നെ പൊതിയുന്നതുപോലെ അവൾക്കു തോന്നി.
ഒന്നുരണ്ടു ദിവസങ്ങൾക്കു ശേഷം വീണ്ടും അയാളെ കാത്തവിടെ ചെന്നെങ്കിലും നിരാശപ്പെടേണ്ടി വന്നു.
ഇത്തവണ അവൾക്ക് അയാളെ കണ്ടേ തീരൂ എന്ന് തോന്നി.
ഇതുവരെയും പോയിട്ടില്ലെങ്കിലും അയാളുടെ വീട് അവൾക്കറിയാം. അവൾ അങ്ങോട്ട് നടന്നു.
കൊച്ചുവീടാണ്, മുൻ വശത്തെ തുളസിത്തറയിൽ തഴച്ചു വളർന്നു നിൽക്കുന്ന തുളസി……..മുറ്റത്ത് പൂത്തുലഞ്ഞു നിൽക്കുന്ന ധാരാളം ചെടികൾ, വീടിന് മുകളിലേക്ക് ചാഞ്ഞു നിൽക്കുന്ന ചെമ്പരത്തി നിറയെ ചുവന്നപൂക്കൾ കാറ്റിലങ്ങനെ താളത്തിൽ ഇളകിയാടുന്നുണ്ട്.
കാറ്റിനു പോലും നേർത്ത സുഗന്ധമാണ്.
അയാൾ പുറത്തേക്ക് ഇറങ്ങുന്നത് അവൾ കണ്ടു.
അവളെ കണ്ട് അയാൾ നിന്നു.
അയാളെ മുന്നിൽ കണ്ടതും അവൾക്ക് ഒന്നും പറയാൻ കഴിഞ്ഞില്ല. തൊണ്ടക്കുഴിയിൽ ഒരു പിടച്ചിൽ ഉരുണ്ടു കൂടുന്നു.ചുണ്ടുകൾ വല്ലാതെ വരണ്ട് ഉണങ്ങിയിരിക്കുന്നു.
അവളുടെ മൗനം കണ്ടപ്പോൾ അയാൾ പറഞ്ഞു തുടങ്ങി.
ഇനിയൊരു മടക്കം ഉണ്ടാകുമോ എന്നറിയാത്ത ഒരു യാത്ര പോകുകയാണ്.പണ്ടൊക്കെ ആളുകൾ കാശിക്കു പോയി എന്നൊക്കെ കേട്ടിട്ടില്ലേ.
ഇപ്പോൾ ഞാനും ആ പാതയിലാണ്..
കാശി,രാമേശ്വരം, അങ്ങനെ… അങ്ങനെ.
ഈ ദേഹത്തെ ഉപേക്ഷിച്ചു ദേഹി യാത്രയാകുന്നത് അവിടെ വച്ചാകട്ടെ…
അവൾ തറഞ്ഞു നിൽക്കുകയായിരുന്നു.
അവൾക്ക് തൊട്ടു മുൻപിലെത്തി അവളുടെ കണ്ണുകളിലേക്ക്, ആ മുഖത്തേക്ക് അയാൾ നോക്കി.
ഇനിയീ ജന്മത്തിൽ ഒരിക്കലും തമ്മിൽ കാണില്ല എന്നുറപ്പിച്ച, ആ മുഖം ഒരിക്കൽ കൂടെ മനസ്സിൽ പതിപ്പിച്ച പോലുള്ള നോട്ടം.
അവളെ മറികടന്ന് അയാൾ ദൂരേക്ക് നടന്ന് മറഞ്ഞു.
അവൾ ഒരേനിൽപ്പ് തുടർന്നു.
കാലുകൾ പറിച്ചു വച്ചാൽ ഒരുവേള താൻ താഴേക്ക് വീഴുമെന്ന് അവൾക്കു തോന്നി.
തീർത്തും അനാഥയായ ആരോ ഉപേക്ഷിച്ച പിഞ്ചുകുഞ്ഞാണ് താനെന്നും. കരയാൻ മത്രേ തനിക്ക് അറിയൂ എന്നും അവൾക്കു തോന്നി.
ഒരിക്കൽ അയാളെ താൻ തള്ളിപ്പറഞ്ഞതാണ്. ഒരു ബന്ധനവും ഇല്ലാതെ സ്നേഹത്തിനു വേണ്ടിയുള്ള അയാളുടെ നിഷ്കളങ്ക സ്നേഹത്തെ കണ്ടില്ലെന്ന് നടിച്ചവൾ. ഇന്നയാളുടെ സ്നേഹത്തിന് ആഗ്രഹിച്ചപ്പോൾ അയാൾ പോയിരിക്കുന്നു.
ഇന്ന് താൻ അനുഭവിക്കുന്ന അതേ വേദനയല്ലേ അയാൾ ഇത്രനാളും അനുഭവിച്ചത്
ഇത് വിധിയാണ്. അയാളെ തനിക്ക് വിധിച്ചിട്ടില്ല അതിനുള്ള ഭാഗ്യം തനിക്കില്ല.
അല്ലെങ്കിലും അയാൾക്ക് നൽകാൻ ഇനിയെന്താണ് തനിക്ക് ബാക്കിയുള്ളത്. നൊന്ത് നൊന്ത് തീരാറായ, ഇനിയൊരു വേദന പോലും താങ്ങാൻ കെൽപ്പില്ലാത്ത ഈ ഹൃദയമോ? അതോ സൗന്ദര്യം നശിച്ചു തുടങ്ങിയ ഈ ഉടലോ?
അയാൾ പലയിടങ്ങളിലും അലഞ്ഞു നടന്നു. ജീവിതത്തിൽ കെട്ടിയാടപ്പെട്ട പല വേഷങ്ങളും അഴിച്ച് വച്ച് മുക്തി തേടി അലയുന്ന കുറേ ജന്മങ്ങളെ കണ്ടുമുട്ടി,ഒരിടത്ത് ജീവിതം ആഘോഷമാക്കി മാറ്റാൻ ദൃതി പിടിക്കുന്ന മനുഷ്യർ.
മറ്റ് ചിലയിടങ്ങളിൽ മനുഷ്യരെ പറ്റിച്ച് കാശ് തട്ടുന്ന കള്ളക്കൂട്ടങ്ങൾ.
എവിടെയൊക്കെ തിരഞ്ഞിട്ടും സ്വസ്ഥത മാത്രം കിട്ടുന്നില്ല.അയാൾക്ക് മനഃസമാദാനത്തോടെ ഇരിക്കാൻ കഴിഞ്ഞില്ല.
ദൂരെ ഒരു പെണ്ണ് ഒറ്റക്കാണ്, അവൾക്ക് ആരുമില്ല.
എത്ര തട്ടിയകറ്റിയിട്ടും, എത്ര ഓടിയകന്നിട്ടും, വഴി അവസാനിക്കുന്നത് അവളിലാണ്.
അയാൾ എന്നും ഇരിക്കാറുള്ള കടൽത്തീരത്ത്, അയാൾ ഇരിക്കാറുള്ള ആ കല്ലിൽ അവൾ എന്നും വന്നിരിക്കും.
അവിടെ ഇരുന്ന്, ആർത്തലച്ചു വരുന്ന തിരമാലകളെ നോക്കുമ്പോൾ. യാതൊരു ചിന്തകളും ഇല്ലാതെ അല്പനേരം സ്വസ്ഥമായി ഇരിക്കാൻ കഴിയും.
അയാൾ നടന്നു തീർത്ത ഇടവഴികളിലൂടെ നടക്കുമ്പോൾ അയാൾ തന്റെ കൂടെയുണ്ടെന്ന് അവൾക്ക് തോന്നാറുണ്ട്. അടഞ്ഞു കിടക്കുന്ന അയാളുടെ വീടിനു മുന്നിൽ പോയി ഇത്തിരി നേരം നിൽക്കും. അകത്തയാൾ ഉണ്ടെന്ന് വെറുതെ സങ്കൽപ്പിക്കും അത് മതി. ഇനിയുള്ള കാലം ജീവിച്ച് തീർക്കാൻ.
അന്നും പതിവ് പോലെ അവൾ കടൽത്തീരത്തേക്ക് നടന്നു. ദൂരെ നിന്നേ കണ്ടു, ആരോ ആ കല്ലിൽ ഇരിപ്പുണ്ട്. തിരമാലകളെ നോക്കി അലസനായി ഇരിക്കുന്ന ആളെ ഒന്നേ നോക്കിയുള്ളൂ…
സ്വയമറിയാതെ അവൾ ഓടുകയായിരുന്നു.
ഓടി ചെന്ന് അയാൾക്ക് മുന്നിൽ അണച്ചുനിൽക്കുമ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് അവൾ അറിയുന്നുണ്ടായിരുന്നില്ല.
അയാൾ നീട്ടിയ കൈകളിലേക്ക് വീഴുമ്പോൾ അവൾ അയാളെ ഇറുക്കെ പിടിച്ചിട്ടുണ്ടായിരുന്നു. അയാളുടെ ഉടലിനെ നോവിക്കും തരത്തിൽ ഇറുക്കെ പുണർന്ന അവളുടെ കാതിൽ അയാൾ പതിയെ പറഞ്ഞു.
എനിക്ക് താനുമായി ലിവിങ് ടുഗെതർ ആയാൽ കൊള്ളാമെന്നുണ്ട്.
ഒരു കള്ളക്കാറ്റ് അതേറ്റു പറഞ്ഞത് കേട്ട് തിരമാലകൾ ആർത്ത് ചിരിച്ചു.കൂടെ അവളും…. അയാളും..