A T M കാര്‍ഡ്
(രചന: ANNA MARIYA)
കല്യാണം കഴിച്ചു മൂന്നാം മാസം അവന്‍ പോയതാണ്. അവന് ലീവില്ല. പോകുകയല്ലാതെ വേറെ നിവര്‍ത്തിയില്ല.
എല്ലാത്തിന്റെയും ഏറ്റവും വലിയ അടിസ്ഥാനം സാമ്പത്തികം ആണല്ലോ. അപ്പോപ്പിന്നെ മറ്റൊന്നും തല്‍ക്കാലം ചിന്തിക്കാന്‍ ഇല്ല. ജീവിതം പതിയെ തുടങ്ങാം.
സാമ്പത്തിക ഭദ്രദ ഉറപ്പ് വരുത്തുക. അതുകൊണ്ട് തന്നെ സ്വാഭാവികമായി വരുന്ന കരച്ചില്‍ സീനോന്നും ഉണ്ടായില്ല. അവന്‍ പോയിട്ട് വരട്ടെ. ആറു മാസം കൂടുമ്പോള്‍ ഒരാഴ്ച ലീവ് കിട്ടും. ഒരാഴ്ചയെങ്കില്‍ ഒരാഴ്ച. വന്നിട്ട് പോകാലോ.
അധികം ഫോഴ്സ് ഇല്ലാതെ കല്യാണം നടന്നു. അവന്റെ വീട്ടുകാര്‍ കുഴപ്പമില്ല. സഹകരണം ഉണ്ട്. സാധാരണ നാട്ടിന്‍ പുറങ്ങളിലെ വീടുകളില്‍ കേള്‍ക്കുന്ന ഒരു അങ്കലാപ്പും ഇവിടെ കേട്ടില്ല.
ഒരുവിധം സൌകര്യമുള്ള വീടാണ്. വാഷിംഗ് മെഷീന്‍ ഉള്‍പ്പെടെ സകല സാധനങ്ങളും അവിടെയുണ്ട്. അതുകൊണ്ട് ആ ടെന്‍ഷനും ഇല്ല. പിന്നെ ഒരു ജോലിക്ക് ശ്രമിക്കുന്നുണ്ട്.
അതുകൂടി സെറ്റ് ആയാല്‍ പിന്നെ സമാധാനം ഉണ്ട്. രാവിലെ പോയാല്‍ വൈകിട്ട് വന്നാല്‍ മതിയല്ലോ. അപ്പോപ്പിന്നെ അതിന്റെ ഇടയില്‍ നടക്കുന്ന കാര്യങ്ങള്‍ ഒന്നും ചിന്തിക്കേണ്ട.
കുറച്ചു നാളത്തെ അന്വേഷന്തിന്റെ ഇടയില്‍ ഒരു ലീവ് വേക്കന്‍സി കിട്ടി. സമാധാനം. താല്‍ക്കാലികം എങ്കില്‍ അങ്ങനെ. പോയി തുടങ്ങാം.
അവിടെ നിന്നുകൊണ്ട് വേറെ നോക്കാം. കിട്ടുന്ന വരെ ശ്രമിച്ചുകൊണ്ടേ ഇരിക്കാം. ഈ കാലഘട്ടത്തില്‍ അതേ നിവര്‍ത്തിയുള്ളൂ.
ദിവസങ്ങള്‍ കൊണ്ട് എല്ലാവരുടെയും ഉള്ളിലിരിപ്പ് മാറുന്നുണ്ട്. എത്ര വൈകി വന്നാലും വീട്ടിലെ കാര്യങ്ങള്‍ ചെയ്യണം. രാവിലെ നേരത്തെ എഴുന്നേല്‍ക്കണം.
കാലം ഇത്രയും പുരോഗമിച്ചിട്ടും ഇവിടെയൊന്നും മാറ്റം വരാത്തതിന്റെ കാരണം എന്താണെന്ന് ഒരു പിടിയുമില്ല. അവന്റെ അനിയന്‍ ഇപ്പൊ ചെറിയ പിണക്കത്തിലാണ്.
അത് മറ്റൊന്നും കൊണ്ടല്ല,, അവന്റെ A T M അനിയന്റെ കൈയ്യില്‍ ആയിരുന്നു. അത് കൈകാര്യം ചെയ്ത് കൊണ്ടിരുന്നത് അനിയന്‍ ആണ്.
ഇപ്പൊ പുതിയ ബാങ്ക് അക്കൌണ്ടും അതിന്റെ ATM കാര്‍ഡും എല്ലാം എന്റെ കൈയ്യില്‍ ആയി. അവന്‍ പേര്‍സണല്‍ ആയി അനിയന് പൈസ അയച്ചു കൊടുക്കുന്നുണ്ട്.
പക്ഷെ പവര്‍ പോയത് പുള്ളിക്ക് പിടിച്ചില്ല. അങ്ങനെ വിട്ടു കൊടുത്താല്‍ പറ്റില്ല. ഓരോന്നിനും കണക്കു വേണം. എന്നോട് നൂറു രൂപ മേടിച്ചാല്‍ ഞാന്‍ അത് തിരിച്ചു ചോദിക്കും. അത് ഉള്ളതാണ്.
അവന്റെ മുഖം തെളിയാറില്ല,,, ഞാന്‍ മൈന്റ് ചെയ്യാന്‍ പോകാറുമില്ല. അവന്‍ മിണ്ടിയില്ലെങ്കില്‍ എനിക്കെന്ത് തേങ്ങയാ. പക്ഷെ ഇടയ്ക്ക് വച്ച് അമ്മ അവന്റെ പക്ഷം കൂടിയത് എനിക്കൊരു വെല്ലുവിളിയായി.
“ മോളെ,, ആ A T M കാര്‍ഡ് അവനൊന്ന് കൊടുത്തെ” എന്ന് പറഞ്ഞപ്പോള്‍ മറുത്തൊന്നും പറയാന്‍ എനിക്ക് തോന്നിയില്ല.
കാര്യങ്ങള്‍ ഇങ്ങനെയാണ് എന്ന് ഞാന്‍ അവനോട് പറയുന്നുണ്ട്. മാറി താമസിക്കുന്ന വരെ ഒന്ന് അഡ്ജസ്റ്റ് ചെയ്യ് എന്ന് പറഞ്ഞ് അവന്‍ എന്നെ സമാധാനിപ്പിച്ചു.
ദിവസങ്ങള്‍ കഴിഞ്ഞിട്ടും A TM കാര്‍ഡ് തിരികെ കിട്ടിയില്ല. അവന്‍ പൈസ അയക്കാന്‍ ടൈം ആയപ്പോള്‍ ഞാന്‍ കാര്‍ഡ് തിരികെ ചോദിച്ചു.
അവന്‍ വച്ചോളം എന്ന് പറഞ്ഞപ്പോള്‍ വേണ്ട തിരിച്ചു തന്നേക്ക് എന്ന് ഞാന്‍ കടുപ്പത്തില്‍ തന്നെ പറഞ്ഞു. അതും അവന് തീരെ ബോധിച്ചു കാണില്ല. അവന്‍ കാര്‍ഡ് തിരികെ തന്നു.
അതിനു ശേഷം അമ്മയും അനിയനും ആകെ മാറി. തൊട്ടതിനും പിടിച്ചതിനും മുഴുവന്‍ കുറ്റം പറയാന്‍ തുടങ്ങി.
ജോലിക്ക് പോകണ്ട വീട്ടിലെ കാര്യങ്ങള്‍ നോക്കിയാ മതി എന്ന് പറഞ്ഞു. വീട്ടില്‍ നിന്നും ആരെങ്കിലും വന്നാല്‍ അവരോടോന്നു സംസാരിക്കുക പോലുമില്ല. ആകെ ഒരു ബഹളമയമായി.
പവര്‍ പോയാല്‍ മനുഷ്യന് പ്രാന്താകും എന്ന് അപ്പോള്‍ ഞാന്‍ മനസ്സിലാക്കി. ഞാന്‍ വരുന്ന വരെ ഒന്ന് പിടിച്ചു നിലക്ക് എന്ന് അവന്‍ പറഞ്ഞ് കൊണ്ടെ ഇരുന്നു.
ഒരു ദിവസം അവന്റെ കൂട്ടുകാരനെ വഴിയില്‍ വച്ച് കണ്ടപ്പോള്‍ കുറച്ചു നേരം സംസാരിച്ചു നിന്നു. അത് രണ്ടാം ദിവസവും തുടര്‍ന്നപ്പോള്‍ മുറുമുറുപ്പ് തുടങ്ങി. വഴിയേ പോണ ആരേം വിടില്ല. വഴിയിള്‍ തടഞ്ഞു നിര്‍ത്തും.
ഒരറ്റത്ത് തുടങ്ങി അങ്ങേയറ്റം വരെ ഇതിനു മുന്നേ വേശ്യാപ്പണി ആയിരുന്നോ എന്ന് പോലും മുഖത്ത് നോക്കി ചോദിച്ചു. ഉള്ളം കൈ തരിചെങ്കിലും പ്രായവും സ്ഥാനവും കരുതി ഒന്നും മിണ്ടാതെ നിന്നു.
പ്രശ്നങ്ങള്‍ അവിടെ കൊണ്ടും നിന്നില്ല. ഒരുവിധം സകല കളികളും കളിച്ചു അനിയന്‍ എന്റെ പണി കളയിച്ചു.
അന്ന് വീട്ടില്‍ അനിയനും അമ്മയ്ക്കും സന്തോഷത്തിന്റെ രാവായിരുന്നു. ഒരു ബോട്ടില്‍ പൊട്ടിച്ച് വീട്ടില്‍ വച്ച് തന്നെ അവന്‍ കഴിച്ചു.
അമ്മ ഒന്നും പറയാന്‍ പോയില്ല. എത്രയൊക്കെ പോയാലും മക്കളും മക്കളും വന്നു കയറിയത് അങ്ങനെയുമാണ് എന്ന് എനിക്ക് വളരെ വ്യക്തമായി മനസ്സിലായി. ഇന്നല്ലെങ്കില്‍ നാളെ അവരത് കാണിക്കും പ്രകടിപ്പിക്കും.
അനിയന്റെ മദ്യപാനം സ്ഥിരമായി. ആരും ചോദിക്കാനും പറയാനും ഇല്ലാത്ത അവസ്ഥ. അവന് ലീവ് കിട്ടിയതുമില്ല. ഞാന്‍ വീട്ടില്‍ വിളിച്ചു കാര്യങ്ങള്‍ പറഞ്ഞു.
അച്ഛന്‍ ഇവിടെ അമ്മയെയും അനിയനെയും വിളിച്ചു കാര്യങ്ങള്‍ സംസാരിച്ചു. അവര്‍ക്ക് പരമ പുച്ഛം. ഒരു മനുഷ്യനെ കളിയാക്കാവുന്നതിന്റെ അങ്ങേയറ്റം അവര് ചെയ്തു. ഒന്നില്‍ പിഴച്ചാല്‍ മൂന്ന് എന്നാണ്.
ഇനിയൊരു അവസരം കിട്ടിയാല്‍ ഞാന്‍ വിടില്ല. ക്ഷമയുടെ അങ്ങേയറ്റം കണ്ടു. ഇങ്ങനെയുണ്ടോ മനുഷ്യര്‍. ഇങ്ങനെ ആകാന്‍ പാടുണ്ടോ മനുഷ്യര്‍. പാടില്ല,, ഇങ്ങനെ ആകാനെ പാടില്ല.
ഒരു ദിവസം അനിയനും അവന്റെ കൂട്ടുകാരും വീട്ടില്‍ വന്നു. കൂട്ടം കൂടി കള്ളുകുടി എന്നും എവിടെയും നാശത്തിനാണ്.
കൂടി കൂടി കുറെയെണ്ണം അടിയും പിടിയുമായി ഇറങ്ങിപ്പോയി. അത് കണ്ടപ്പോള്‍ അമ്മയ്ക്ക് കൊണ്ടു. അമ്മ ഓരോരുത്തരോടായി പോകാന്‍ പറഞ്ഞു. അത് അനിയന് ഇഷ്ടമായില്ല.
അമ്മയും മകനും വഴക്കായി ഉന്തും തള്ളുമായി. ഞാന്‍ ആ ഭാഗത്തേയ്ക്ക് പോകാന്‍ നിന്നില്ല. എന്തോ ആകട്ടെ,, തല്ലി ചാകട്ടെ. അവസാനം വന്നപ്പോള്‍ അതും എന്റെ തലയില്‍.
“ ഒരുംബെട്ട ഒരുത്തി കയറി വന്നപ്പോള്‍ തുടങ്ങിയ നാശമാണ്” എന്ന് പറഞ്ഞ് തള്ള തുടങ്ങി. ഇനി മിണ്ടരുത് എന്ന് പറഞ്ഞ് ഞാനും ചെന്നു.
നീ ആരാടീ അമ്മയെ ഞെട്ടിക്കാന്‍ എന്ന് ചോദിച്ചു കൊണ്ട് അനിയന്‍ എന്റെ കൈയ്യില്‍ കയറി പിടിച്ചു. അവനെ വലിച്ചു മാറ്റി കരണത്ത് ഒരെണ്ണം പൊട്ടിച്ച ശേഷം നെഞ്ചും കൂട് നോക്കി ഒരിടി കൊടുത്തു. അവന്‍ തെറിച്ചു മുറ്റത്ത് വീണു.
“ ദേഹത്ത് തൊടരുത്”
എന്റെ ആ ഒറ്റ ഡയലോഗില്‍ അവിടെ മുഴുവന്‍ സൈലന്റ് ആയി. അനിയന്‍ ഒന്നും മിണ്ടാതെ എഴുന്നേറ്റു പോയി. അമ്മ ഒന്നും മിണ്ടാതെ അകത്ത് പോയി. ഇനിയുള്ള ദിവസങ്ങള്‍ സമാധാനവും സന്തോഷവും വരണം.. വന്നില്ലെങ്കില്‍ ഞാന്‍ വരുത്തും.